Sunday, January 31, 2010

ഗാന്ധിജി ഗോഡ്സെ ചരിത്രത്തിലെ ദൂരം

ഗാന്ധിജി ഗോഡ്സെ ചരിത്രത്തിലെ ദൂരം - ഭാഗം ഒന്ന്

"ഇമ്മട്ടില്‍ മജ്ജയും മാംസവുമാര്‍ന്ന ഒരു മനഷ്യന്‍ ഈ ഭൂമുഖത്ത് നടന്നുപോയതായി വരുംതലമുറ വിശ്വസിക്കില്ലതന്നെ"

ഗാന്ധിജിയെക്കുറിച്ച് അദ്ദേഹത്തിന്റെ മരണവേളയില്‍ വിശ്രുത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍ നടത്തിയ പ്രതികരണം ആ ജീവിതത്തെക്കുറിച്ചുള്ള ഏറ്റവും ഉജ്വലമായ വിശദീകരണമാണ്. ജീവിതംപോലെ പരിശുദ്ധമായ മഹാത്മാവിന്റെ പുഞ്ചിരി കവര്‍ന്ന ഘട്ടത്തിലെ വിയോഗത്തിന്റെ വേദനയ്ക്കപ്പുറം മനുഷ്യ നന്മയുടെ കുറേ സൂചനകളും ഐന്‍സ്റ്റീന്റെ വാക്കുകളില്‍ തുളുമ്പുന്നുണ്ട്. പകര്‍ത്തിവയ്ക്കാന്‍ അത്ര എളുപ്പമല്ലാത്ത മാതൃകകള്‍ അവശേഷിപ്പിച്ചുപോയ ഗാന്ധിജിയുടെ 'സത്യാന്വേഷണ പരീക്ഷകള്‍' ദരിദ്രരോടുള്ള ആഭിമുഖ്യത്താല്‍ നിബിഡമാണ്. സാധാരണ ഹിന്ദുസ്ഥാനിയുടെ പ്രയോഗം, ലളിതമായ വസ്ത്രധാരണം, തീവണ്ടികളില്‍ താഴ്ന്ന ക്ളാസിലെ യാത്ര- തുടങ്ങിയവയിലൂടെ അദ്ദേഹം അടിസ്ഥാനവര്‍ഗങ്ങളുടെ ഭാഷയിലേക്ക് സ്വയം പരിവര്‍ത്തിക്കുകയായിരുന്നു.

സത്യം, ധാര്‍മികത, നീതി, വിശ്വാസം തുടങ്ങിയ മണ്ഡലങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത സ്വയംസമര്‍പ്പണംതന്നെ നടത്തുകയുംചെയ്തു ഗാന്ധിജി. അത്തരം സംഭാവനകള്‍ മുന്‍നിര്‍ത്തിയും അദ്ദേഹത്തിന്റെ നിലപാടുകള്‍ വിമര്‍ശവിധേയമാക്കിയും ഒട്ടേറെ കൃതികളും പഠനങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. ഗാന്ധിസാഹിത്യത്തിന്റെ വിപുലമായ സഞ്ചികയിലേക്ക് മലയാളത്തിന്റെയും കുറേ കൂട്ടിച്ചേര്‍ക്കലുകളുണ്ടായി. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കെ എം റോയിയുടെ 'ഗാന്ധി അബ്ദുള്ള ഗാന്ധി ഗോഡ്സെ' എന്ന പുസ്തകം അതില്‍ ശ്രദ്ധേയമായ ഒന്നാണ്.

ഗാന്ധിജിയെ അതിവൈകാരികമായി സമീപിച്ച് ഒരുതരം ദൈവികപരിവേഷം നല്‍കുന്ന പുസ്തകങ്ങള്‍ പല ഭാഷകളിലുമുണ്ടായിട്ടുണ്ട്. അതുപോലെ അദ്ദേഹത്തിന്റെ ലോകവീക്ഷണങ്ങളിലെയും സമരരൂപങ്ങളിലെയും പരിമിതികള്‍ പറയാന്‍ മടിക്കാത്ത പഠനങ്ങളും ലഭ്യമാണ്. ടോള്‍സ്റ്റോയ്, ഹെന്റി തോറോ, എഡ്വേര്‍ഡ് കാര്‍പെന്റര്‍ തുടങ്ങിയവരുടെ സ്വാധീനങ്ങളും ഹിന്ദു-ബുദ്ധ മതങ്ങളുടെ പ്രേരണകളും രൂപപ്പെടുത്തിയ വ്യക്തിത്വം വായിച്ചെടുത്ത നിരീക്ഷണങ്ങളും അവയില്‍ക്കാണാം. ആധുനിക ശാസ്ത്ര-സാങ്കേതിക കുതിപ്പുകളോട് അനുകമ്പയില്ലാത്തവിധം അകലംപുലര്‍ത്തുന്നതിലൂടെ മുതലാളിത്ത വികസനത്തെപ്പോലും തടഞ്ഞതായി അഭിപ്രായപ്പെട്ടവരുമുണ്ട്. ഗാന്ധിജിയുടെ സ്വദേശി, മതസൌഹാര്‍ദാഹ്വാനം, സ്വാശ്രയത്വം തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ ആഗ്രഹചിന്തകള്‍ക്കപ്പുറം വളര്‍ന്നില്ലെന്ന് ചിലര്‍ പരിതപിച്ചതും കാണാതിരുന്നുകൂടാ.

ആദര്‍ശാത്മകമായ ജീവിതസമസ്യയായി വിലയിരുത്തുന്ന ഒരു രീതിശാസ്ത്രത്തിന്റെ വെളിച്ചത്തിലാണ് റോയ് മഹാത്മാവിനെ പുനരാനയിക്കുന്നത്. അതിനദ്ദേഹം ഒരേ മുഖമുള്ള പുസ്തകങ്ങളെയും പഠനങ്ങളെയുമാണ് അവലംബിച്ചിട്ടുള്ളതും. ഗ്രന്ഥസൂചിക പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവുകയുംചെയ്യും. പുതിയ കാലത്തിന്റെ നിരവധി ഭീഷണികള്‍ക്കുള്ള രാഷ്ട്രീയ സാന്ത്വനങ്ങളിലൊന്നായി ഗാന്ധിസത്തെ പുനഃസ്ഥാപിക്കുന്നതിലാണ് റോയിക്കു താല്‍പ്പര്യം. അതില്‍ അവ്യക്തതയില്ല. എന്നാല്‍, ഗാന്ധിജിയെ മനഃശാസ്ത്രപരമായി അടയാളപ്പെടുത്തുന്നതിലൂടെ ചരിത്രവസ്തുതകളെ അനാഥമാക്കുകയാണ് ഇവിടെ. "... മഹാത്മാഗാന്ധിയെ ഒട്ടും മനസ്സിലാക്കാന്‍ കഴിയാതെപോയ രണ്ടു മനുഷ്യര്‍ ചരിത്രത്തിന്റെ വഴിയിലൂടെ കടന്നുപോയി. ഗാന്ധിജിയുടെ പുത്രനായ ഹരിലാല്‍ ഗാന്ധിയും ഗാന്ധിജിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയും. ഹരിലാല്‍ കണ്ടത് ബാരിസ്റ്റര്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന പിതാവിനെമാത്രമാണ്. ഗോഡ്സെ കണ്ടതാവട്ടെ ഗുജറാത്തിലെ കത്യഹാറില്‍ ജനിച്ച ഒരു വൈശ്യഹിന്ദുവായ ഗാന്ധിയെയും. അവരുടെ കണ്ണിലുണ്ടായിരുന്നത് ഏറെ ബലഹീനതകളും പിഴവുകളുമുണ്ടായിരുന്ന ഗാന്ധി എന്ന പച്ചമനുഷ്യനാണ്...'' എന്ന വാദം ഭാഗികമായേ ശരിയാവുന്നുള്ളു. വ്യക്തികളുടെ കാഴ്ചകള്‍ നിശ്ചയിച്ചുറപ്പിക്കുന്ന രാഷ്ട്രീയ സമ്പദ്വ്യവസ്ഥയുടെ പ്രേരണകള്‍ക്കുനേരെ ഗ്രന്ഥകാരന്‍ മൌനംനടിക്കുന്നത് ഒരു സമീപനത്തിന്റെ ബലഹീനതയായിട്ടുകൂടിയാണ് വിലയിരുത്തേണ്ടത്. ഗോഡ്സെയുടെ ഗാന്ധിനിരാകരണം വ്യക്തിമനസ്സിലെ വികര്‍ഷണഭാവമല്ല.

ഹരിലാല്‍ എന്ന ചോദ്യചിഹ്നം, അബ്ദുള്ള ഗാന്ധിയുടെ ജീവിതം, ഒരു പിതാവിന്റെ മനോവ്യഥകള്‍, മരണത്തിനുമുമ്പുള്ള ഗാന്ധിസംഭാഷണം, ഗോഡ്സെ കടന്നുവന്ന വഴികള്‍. പ്രതിക്കൂട്ടിലെ നാഥുറാം ഗോഡ്സെ, വധത്തിനുപിന്നില്‍ എന്തെല്ലാമായിരുന്നു? ഗാന്ധിജിയോടുള്ള അടങ്ങാത്ത പക, എല്ലാം നഷ്ടപ്പെട്ടുവെന്നറിഞ്ഞിട്ടും, വധശിക്ഷയുടെ ദിവസം, വധവും ആര്‍എസ്എസും തമ്മിലുള്ള ബന്ധം, ഗാന്ധി കുടുംബവും ഘാതകനും, ഗാന്ധിവധത്തിനു പിന്നില്‍ എന്തായിരുന്നു, മതവും വിശ്വാസവും, എന്റെ ദൈവം എന്നിങ്ങനെയുള്ള അധ്യായ വിഭജനത്തിലൂടെയാണ് റോയ് തന്റെ പഠനം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇതില്‍ പതിനൊന്നാം അധ്യായമായ 'വധവും ആര്‍എസ്എസും തമ്മിലുള്ള ബന്ധം' ഹിന്ദുത്വത്തിന് കുറ്റവിമുക്തി നല്‍കുന്ന അലസവിചാരങ്ങള്‍കൊണ്ട് നിറച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ പരിശോധന നിര്‍ബന്ധമാക്കുന്നു.

ഗാന്ധിജിയും ഗോഡ്സെയും ഹിന്ദുമതവിശ്വാസികളായിരുന്നു. ഇരുവരും ഗീത വായിച്ചിരുന്നു. എന്നാല്‍, അതിന്റെ സന്ദേശമുള്‍ക്കൊണ്ടത് വ്യത്യസ്തമായിട്ടായിരുന്നെന്നുമാത്രം. പരമ്പരാഗതമായ അര്‍ഥം തൃപ്തമാക്കിയ വിശ്വാസിതന്നെയായിരുന്നു ഗാന്ധിജി. കസ്തൂര്‍ബ ഗാന്ധിക്ക് അസുഖം പിടിപെട്ടപ്പോള്‍ മൃഗക്കൊഴുപ്പടങ്ങിയ പാനീയം നിര്‍ദേശിച്ച ഡോക്ടറോട് അദ്ദേഹം യോജിക്കുകപോലുമുണ്ടായില്ല. വൈക്കം സത്യഗ്രഹ കാലയളവില്‍ ശ്രീനാരായണഗുരുവുമായി ഗാന്ധിജി നടത്തിയ ചര്‍ച്ചയും ഇതോട് ചേര്‍ത്തുവയ്ക്കാം. ഇരുവരുടെയും കൂടിക്കാഴ്ച നടന്ന മനയ്ക്കലെ ആല്‍മരം ചൂണ്ടി ഗാന്ധി ചോദിച്ചത്, അവയിലെ ഇലകളെല്ലാം ഒരുപോലെയാണോ എന്നായിരുന്നു. അതിന് ഗുരു നല്‍കിയ മറുപടി ഇങ്ങനെ: ഇലകള്‍ വ്യത്യസ്തമാണെങ്കിലും അവയെല്ലാം അരച്ച് നീരാക്കി രുചിച്ചാല്‍ ഒരേ രസമായിരിക്കും എന്നാണ്. ഇത്രയും 'ശുദ്ധി' പുലര്‍ത്തിയ മഹാത്മാവ് നാഥുറാം വിനായക് ഗോഡ്സെയുടെ മനസ്സില്‍ അനഭിമതനായതെന്തുകൊണ്ട്? ഇവിടെയാണ് ഗാന്ധിജിയുടെ ഹിന്ദുചര്യയും ഗോഡ്സെയുടെ മതവും പരസ്പരം ഏറ്റുമുട്ടിയതിന്റെ പൊരുള്‍ ആഴത്തില്‍ തിരയേണ്ടത്. ഹിംസാത്മകമായ ഹിന്ദുത്വത്തിന് ഒരിക്കലും സ്വീകാര്യമാവുമായിരുന്നില്ല ഗാന്ധിജിയുടെ വിശാല ജനാധിപത്യ മതബോധം. ഈ വൈരുധ്യമാവണം ഗോഡ്സെയുടെ തോക്കില്‍ വെടിയുണ്ടയായി കയറിക്കൂടി ഗാന്ധിജിയുടെ നെഞ്ചകം പിളര്‍ത്തത്. രാമരാജ്യം എന്നതുകൊണ്ട് മഹാത്മാവ് അര്‍ഥമാക്കിയിരുന്നത് സാധാരണമനുഷ്യരുടെ ലോകയാഥാര്‍ഥ്യമാണ്. അടുക്കളക്കാരന്‍പോലും ഇടപെടുന്ന വ്യവസ്ഥയായി ജനാധിപത്യത്തെ കണ്ട ലെനിനെപ്പോലെ അദ്ദേഹം അവസാന പൌരനും ഇടമുള്ള ഭരണസംവിധാനമാണ് വിഭാവനംചെയ്തത്. എന്നാല്‍, ഹിന്ദു വര്‍ഗീയതയുടെ രാമരാജ്യം മനുഷ്യര്‍ക്ക് വാസയോഗ്യമല്ലാത്ത ദൈവിക ഇരിപ്പിടവും. ഇത്തരം കുറേ വസ്തുതകള്‍ക്കുനേരെ കണ്ണടയ്ക്കുന്ന റോയ് തുടര്‍ന്ന് എഴുതുന്നു: "...നാഥുറാം വിനായക് ഗോഡ്സെ ഒരു രാഷ്ട്രീയ സ്വയംസേവകനായിരുന്നോ? അല്ലെങ്കില്‍ ആര്‍എസ്എസിന് ഗാന്ധിജിയുടെ വധത്തില്‍ പങ്കുണ്ടായിരുന്നോ... അറുപതു വര്‍ഷത്തിനുശേഷവും ഇന്നത് വിവാദപ്രശ്നമായി തുടരുകയാണ്. ഇന്നും പ്രസംഗവേദികളില്‍നിന്ന് ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസുകാരാണെന്ന പ്രസ്താവന ഉയര്‍ന്നു കേള്‍ക്കാറുണ്ട്...'' ഇങ്ങനെയൊരു ആമുഖം വരാനിരിക്കുന്ന പെരും അപകടങ്ങളുടെ വാതില്‍ തള്ളിത്തുറന്നുകൊണ്ടാണ് വികസിക്കുന്നത്: "...നാഥുറാം ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നത് ഗാന്ധിവധത്തില്‍ ആ'പ്രസ്ഥാനത്തിനുള്ള പങ്കിനു തെളിവായി ഭരണകൂടവും മറ്റു നേതാക്കളും ഉയര്‍ത്തിക്കാട്ടി. ഒരുകാലത്ത് ആര്‍എസ്എസില്‍ ചേര്‍ന്ന നാഥുറാം 1934ല്‍ അതിന് തീവ്രവാദസ്വഭാവമില്ലെന്ന കാരണത്താല്‍ ആ പ്രസ്ഥാനത്തോടു വിടപറഞ്ഞ് ഹിന്ദുമഹാസഭയില്‍ ചേര്‍ന്നുവെന്ന് നാഥുറാംതന്നെ തന്റെ പ്രസ്താവനയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആര്‍എസ്എസിന് അംഗത്വപ്പട്ടികപോലുമില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ നാഥുറാമിന്റെ അംഗത്വക്കാര്യം തെളിയിക്കാനാവാത്ത ഒരു കാര്യം. എന്നു മാത്രമല്ല, ആര്‍എസ്എസുമായുള്ള നാഥുറാമിന്റെ ബന്ധം പതിന്നാലുവര്‍ഷംമുമ്പായിരുന്നു എന്നതുകൊണ്ടുതന്നെ ആര്‍എസ്എസിന്റെ പ്രേരണയായിരുന്നു അയാള്‍ക്കുണ്ടായിരുന്നതെന്ന വാദത്തെ ആര്‍എസ്എസിന്റെ നേതൃത്വം നിഷേധിച്ചുകൊണ്ടുമിരുന്നു...'' (പേജ് 81, 82) എന്ന ഭാഗം സാമാന്യബോധത്തിന്റെ മാനദണ്ഡംമാത്രംവച്ചുനോക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ ശരിയെന്നു തോന്നിയേക്കാം. എന്നാല്‍, റോയ് സ്വീകരിച്ചതിനേക്കാള്‍ ഗൌരവമുള്ള സമീപനത്തിലൂടെയേ ഇക്കാര്യം വിലയിരുത്താനാവൂ.

സാങ്കേതികമായ അംഗത്വക്കാര്യംമാത്രം മാനദണ്ഡമാക്കിയാല്‍ പല ചരിത്രവസ്തുതകളും തെളിയാതെപോകും. ഓസ്ട്രേലിയന്‍ മിഷണറി ഗ്രഹാംസ്റ്റൈന്‍സിനെയും രണ്ടു മക്കളെയും തീയിലവസാനിപ്പിച്ച ദാരാസിങ്. ശ്രീരാമസേന രൂപീകരിച്ച് സദാചാര പൊലീസുകാരനായ പ്രമോദ് മുത്തലിക്ക് തുടങ്ങിയവരും നാഥുറാം വിനായക് ഗോഡ്സെയെപ്പോലെ സംഘടനകളില്ലാത്തവരാകും. ഇത്തരം അസഹിഷ്ണുതയുടെ എല്ലാ പ്രവൃത്തികള്‍ക്കും പിന്നില്‍ കാവിപ്പടയുടെ തത്ത്വശാസ്ത്രമാണ് ഇന്ധനമായിട്ടുള്ളത്. വ്യക്തികള്‍ എന്നതിലുപരി അവരെല്ലാം ചില പ്രവണതകളാണ്.

1948 ജനുവരി 30നാണ് ഗാന്ധിജി വധിക്കപ്പെടുന്നതെങ്കിലും ആ രാഷ്ട്രദുരന്തത്തിന് എത്രയോ മുമ്പ് അരങ്ങൊരുക്കപ്പെട്ടുകഴിഞ്ഞിരുന്നു. ജനുവരി 20ന് മദന്‍ലാല്‍ പഹ്വയെന്ന ഇരുപത്തഞ്ചുകാരന്‍ മഹാത്മാഗാന്ധിയെ ലക്ഷ്യമാക്കി പ്രാകൃതമായ ഒരു ബോംബെറിഞ്ഞിരുന്നുവെന്നതും പ്രധാനം. ബിര്‍ള മന്ദിരത്തിലെ പ്രാര്‍ഥനാവേളയിലായിരുന്നു പഹ്വയുടെ മിന്നലാക്രമണം. ഗാന്ധിജി ഇരുന്നിടത്തുനിന്ന് 75 അടി അകലെ ബോംബ് പൊട്ടി. ഒരു കിറുക്കന്‍ യുവാവിന്റെ അലക്ഷ്യപ്രവൃത്തിയായേ അന്ന് ഇന്ത്യ അതിനെ കണ്ടിരുന്നുള്ളു. ആ സമയത്ത് നാഥുറാം സംഭവസ്ഥലത്തുണ്ടായിരുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഗൂഢാലോചന സ്ഥിരീകരിക്കുന്ന മറ്റുചില റിപ്പോര്‍ട്ടുകളുമുണ്ടായി. ജനുവരി 30ന് നാഥുറാം ഗാന്ധിജിക്കുനേരെ വെടിയുതിര്‍ക്കുന്നതിന് രണ്ടുമണിക്കൂര്‍മുമ്പ് ഗാന്ധിജി വധിക്കപ്പെട്ടതായി വിവരിക്കുന്ന ലഘുലേഖകള്‍ വിതരണംചെയ്യുകപോലുമുണ്ടായി എന്നത് നിസ്സാരമല്ല. ഗാന്ധിവധത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് ആര്‍എസ്എസ് പുണെ, ജയ്പുര്‍, ഗ്വാളിയോര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ മധുരപലഹാരങ്ങള്‍ വിതരണംചെയ്തത് ക്രൂരവുമായിരുന്നു. (ഐ കെ ശുക്ള എഴുതിയ 'ആര്‍എസ്എസ് ആന്‍ഡ് ഗാന്ധീസ് അസാസിനേഷന്‍' കാണുക) ഗാന്ധിവധത്തിനുശേഷം ഏതോ വിജയഗാഥ കേള്‍ക്കാനെന്നവണ്ണം ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ റേഡിയേകള്‍ തുറന്നുവയ്ക്കുകപോലുമുണ്ടായി.

ഹിന്ദു-മുസ്ളിം സൌഹാര്‍ദം, ഹരിജനോദ്ധാരണം, അഹിംസ, അയിത്തേച്ചാടനം, സാമ്രാജ്യത്വവിരുദ്ധ മനോഭാവം തുടങ്ങിയ ഗാന്ധിജിയുടെ ജീവിതവീക്ഷണങ്ങള്‍ക്കെതിരായ ആര്‍എസ്എസിന്റെ അസഹിഷ്ണുത 1948 ജനുവരി 30ന് അതിരുവിടുകയായിരുന്നു. ഗാന്ധിജിയെ വധിക്കാന്‍ പ്രേരണയായതെന്താണെന്ന് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പ്യാരേലാല്‍ രേഖപ്പെടുത്തിയിട്ടുണ്ട്: "അര്‍ധസൈനിക വര്‍ഗീയ പ്രസ്ഥാനമാണ് ആര്‍എസ്എസ്. ഈ ഫാസിസ്റ്റ് സംഘടന മഹാരാഷ്ട്രയില്‍നിന്നാണ് നിയന്ത്രിക്കപ്പെടുന്നത്. അതിന്റെ പ്രധാന സ്ഥാനങ്ങളെല്ലാം വഹിക്കുന്നത് മഹാരാഷ്ട്രക്കാരാണ്. ഹിന്ദുരാജ്യം സ്ഥാപിക്കുകയാണവരുടെ ലക്ഷ്യം. മുസ്ളിങ്ങളെ ഇന്ത്യയില്‍നിന്ന് തുടച്ചുനീക്കുകയെന്ന മുദ്രാവാക്യമാണ് അവര്‍ സ്വീകരിച്ചത്. സ്വാതന്ത്രലബ്ധിയുടെ കാലത്ത് പാകിസ്ഥാനില്‍നിന്ന് സിഖുകാരും ഹിന്ദുക്കളും ഒഴിപ്പിക്കപ്പെടുന്നതുവരെ അവര്‍ കാത്തിരുന്നു. പാകിസ്ഥാനില്‍ നടക്കുന്നതിനെല്ലാം ഇവിടത്തെ മുസ്ളിങ്ങളെ ആക്രമിച്ച് പകരംവീട്ടുമെന്നായിരുന്നു അവര്‍ ഭീഷണിപ്പെടുത്തിയത്. അത്തരമൊരു ദുരന്തത്തിനു സാക്ഷിയായി ജീവനോടെയിരിക്കില്ലെന്ന് ഗാന്ധിജി ദൃഢനിശ്ചയംചെയ്തിരുന്നു. ഇന്ത്യന്‍ യൂണിയനില്‍ മുസ്ളിങ്ങള്‍ ഒരു ന്യൂനപക്ഷമാണ്. അവര്‍ സുരക്ഷിതരല്ലെന്ന തോന്നലുണ്ടായാല്‍ ഭാവിയില്‍ അവര്‍ക്കെങ്ങനെയാണ് തുല്യപൌരന്മാരായി ജീവിക്കാനാവുക? അവരോട് മറക്കാനും പൊറുക്കാനും തെറ്റുതിരുത്താനും ആവശ്യപ്പെടണമെങ്കില്‍ ഭൂരിപക്ഷസമുദായം ക്ഷമിക്കാനും മറക്കാനും അവരെ സംരക്ഷിക്കാനും തയ്യാറാവണം എന്നതായിരുന്നു ഗാന്ധിജിയുടെ സമീപനം.

മുസ്ളിങ്ങള്‍ക്കുമേല്‍ അനാവശ്യ നിബന്ധനകളും അതിക്രമത്തിന്റെ ഭാഷയും അടിച്ചേല്‍പ്പിക്കുന്ന രീതികളോട് ഗാന്ധിജിക്ക് തെല്ലും യോജിക്കാനായില്ല. അന്യമതങ്ങളെ സ്നേഹിക്കുകകൂടിയാണ് ഹിന്ദുധര്‍മമെന്നു വിശ്വസിച്ചു. അതിന്റെ ഉജ്വല ജീവിതമാതൃകകളും അദ്ദേഹത്തില്‍നിന്നുണ്ടായി. "മുസ്ളിങ്ങളുടെ സുഹൃത്തെന്ന മട്ടില്‍ പെരുമാറിക്കൊണ്ട് ഞാന്‍ ഹിന്ദുക്കളുടെ താല്‍പ്പര്യം അവഗണിക്കുകയാണെന്നു കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഒട്ടേറെ കത്തുകള്‍ കിട്ടിക്കൊണ്ടിരിക്കുകയാണ്. മുസ്ളിങ്ങളുടെ സൌഹൃദം നേടുന്നതിനു ശ്രമിച്ചതുകൊണ്ട് ഞാന്‍ കുറച്ചുകൂടി നല്ലഹിന്ദുവായിത്തീര്‍ന്നിട്ടുണ്ടെന്നും ഹിന്ദുക്കളുടെയും ഹിന്ദുമതത്തിന്റെയും താല്‍പ്പര്യത്തിനുവേണ്ടി ജീവിക്കുന്നുവെന്നും ശരിക്കും വ്യക്തമാക്കുന്നതിന് എന്റെ അറുപതുകൊല്ലത്തെ പൊതുജീവിതത്തിനു കഴിഞ്ഞിട്ടില്ലെങ്കില്‍ ഞാന്‍ എങ്ങനെ വെറുംവാക്കുകൊണ്ട് അക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തും''(ഹരിജന്‍, 1947 മെയ് 11) എന്ന ഗാന്ധിജിയുടെ ചോദ്യം പ്രധാനമാണ്.

താന്‍ ഉയര്‍ത്തിപ്പിടിച്ച സൌഹൃദത്തിന്റെയും കാരുണ്യത്തിന്റെയും ആദര്‍ശങ്ങള്‍ ചേരികളിലൂം നഗരപ്രാന്തങ്ങളിലും ഗാന്ധിജി ഭയലേശമെന്യേ എത്തിച്ചു. കറകളഞ്ഞ ഈ സ്നേഹമന്ത്രങ്ങള്‍ ഒരുവേള മുസ്ളിങ്ങള്‍പോലും തെറ്റിദ്ധരിച്ചു. 1947 ജനുവരിയില്‍ മുസ്ളിങ്ങളില്‍ ചിലര്‍ ആ സത്യാന്വേഷിക്കുനേരെ ചീഞ്ഞവസ്തുക്കള്‍ വലിച്ചെറിഞ്ഞത് അത്രവേഗം മറന്നുകൂടാത്തതാണ്. "നിങ്ങളുടെ വിളികേള്‍ക്കാന്‍, അതു ശ്രദ്ധിക്കാന്‍, ആരുമില്ലെങ്കിലും ഏകനായി മുന്നോട്ടുപോകൂ'' എന്ന രവീന്ദ്രനാഥ ടാഗോറിന്റെ വരികള്‍ ചുണ്ടില്‍ നിറച്ച് ഗാന്ധിജി പന്‍വലിയാതെനിന്നു. വിഭജനത്തിന്റെ ആരവമടങ്ങുംമുമ്പ് പഞ്ചാബില്‍ കലാപം കുരുതിക്കളം തീര്‍ത്തു. "എനിക്ക് ഇത് എന്റെ ജീവിതംകൊണ്ടു നേരിടണം. മുസ്ളിങ്ങള്‍ ഇന്ത്യന്‍തെരുവുകളില്‍ വലിച്ചിഴയ്ക്കപ്പെടാന്‍ ഞാന്‍ അനുവദിക്കില്ല'' എന്ന ദൃഢനിശ്ചയത്തോടെ അതിക്രമത്തിനെതിരെ നിലയുറപ്പിച്ചവരില്‍ ഏറ്റവും മുന്നില്‍ ഗാന്ധിജി തന്നെയായിരുന്നു. ആയിരം അമ്പലങ്ങള്‍ തവിടുപൊടിയായാലും ഒരൊറ്റ പള്ളിപോലും ഞാന്‍ തൊടില്ല. അത്തരം ഭ്രാന്തന്‍വിശ്വാസങ്ങളുടെമേല്‍ അങ്ങനെ എന്റെ വിശ്വാസത്തിന്റെ മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ ഞാന്‍ ഒരുക്കമല്ല'' (യങ് ഇന്ത്യ, 1924 ആഗസ്ത് 28) എന്ന ഗാന്ധിജിയുടെ സമീപനവും "മുസ്ളിംസ്ത്രീകളെ ബലാല്‍സംഗംചെയ്തുകൊല്ലാന്‍ ശിവജി കല്‍പ്പിക്കാതിരുന്നതു തെറ്റായി. മുസ്ളിംശത്രുജനസംഖ്യ കുറയ്ക്കാന്‍ അത് സഹായകവുമായിരുന്നു'' (വി ഡി സവര്‍കര്‍) എന്ന സഘപരിവാര കാഴ്ചപ്പാടും ഒത്തുപോകുന്നതെങ്ങനെ?.
(തുടരും)

എന്തിനീ കുറ്റവിമുക്തി - ഗാന്ധിജി ഗോഡ്സെ ചരിത്രത്തിലെ ദൂരം ഭാഗം 2
*
അനില്‍കുമാര്‍ എ വി കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

തണുത്തു വിറച്ച് ആലംബമില്ലാതെ...

തണുത്തു വിറച്ച് ആലംബമില്ലാതെ...ഭാഗം 1

മരംകോച്ചുന്ന തണുപ്പില്‍ വിറങ്ങലിച്ച് ഡല്‍ഹി ഒരു രാത്രികൂടി പിന്നിടുകയാണ്. രണ്ട് സ്വെറ്ററിനും അകത്തെ വസ്ത്രത്തിനും തൊപ്പിക്കും മഫ്ളറിനും പ്രതിരോധിക്കാനാകാതെ തണുപ്പ് തുളച്ചെത്തുന്നു. കഴുത്തിലൂടെ അരിച്ചിറങ്ങി കൈകാലുകളിലൂടെ അത് ഇരച്ചുകയറുകയാണ്. പാര്‍ലമെന്റ് ഹൌസില്‍നിന്ന് ഒന്നുകിലോമീറ്റര്‍മാത്രം അകലെ ഗോള്‍ ഡാക്ഖാനയ്ക്കുസമീപം റോഡരികിലെ മണ്ണില്‍ നിരനിരയായി കിടക്കുന്നത് ജീവനുള്ള മനുഷ്യരാണ്. ഒരു വശത്ത് റോഡുപണിക്ക് കൂട്ടിയിട്ട കരിങ്കല്‍ക്കഷണങ്ങള്‍. മറുഭാഗത്ത് പട്ടികളുടെ നിര. ഇരുപതിലധികം പേരാണ് ഇതിനിടയില്‍ രാത്രി വെളുപ്പിക്കുന്നത്. ചിലര്‍ക്ക് പുതപ്പുണ്ട്. പുതപ്പെന്ന് പറയാനുള്ള കട്ടിയൊന്നുമില്ലാത്ത, അവിടവിടെ കീറിയ തുണിക്കഷണം. അതിനകത്ത് അവര്‍ തണുപ്പിനോട് മല്ലിടുന്നു.

ഒന്നരലക്ഷത്തിലധികംപേരാണ് തലസ്ഥാനത്ത് തണുപ്പിനോട് പൊരുതി വഴിയരികില്‍ ജീവിതം തള്ളിനീക്കുന്നത്. രക്തം ഉറയുന്ന മഞ്ഞില്‍ പലരും മരിച്ചുവീഴുന്നു. ജീവന്‍വെടിഞ്ഞ പലരും സര്‍ക്കാരിന്റെ കണക്കില്‍പ്പോലുമില്ല. കാര്‍ഡുള്ളവര്‍ മരിച്ചാലേ സര്‍ക്കാര്‍പട്ടികയില്‍ വരൂ. അല്ലാത്തവര്‍ പൊതുശ്മശാനങ്ങളില്‍ തള്ളപ്പെടും. കഴിഞ്ഞയാഴ്ചമാത്രം ഡല്‍ഹിയില്‍ ഇരുപതിലധികം പേര്‍ മരിച്ചെന്നാണ് ഔദ്യോഗികകണക്ക്.

ഹീരയ്ക്ക് നഷ്ടപ്പെട്ടത് രണ്ടു മക്കളെയാണ്. അവരായിരുന്നു ആകെയുള്ള സമ്പാദ്യം. മൂത്തമകള്‍ പൂജയ്ക്ക് നാല് വയസ്സായിരുന്നു. റോഡിനെ രണ്ടായി തിരിക്കുന്ന മീഡിയനിലായിരുന്നു കുടുംബത്തിന്റെ കിടപ്പ്. രാത്രിയിലെ കൊടുംതണുപ്പില്‍ പനിപിടിച്ച് മകള്‍ പോയി. ആറുമാസംമാത്രം പ്രായമുളള പിങ്കിയുമായി ഹീര അഭയം തേടി അലഞ്ഞു. അവിടവിടെ പേരിനുമാത്രമുള്ള സര്‍ക്കാരിന്റെ ഷെല്‍ട്ടറില്‍ ആറുരൂപ നല്‍കി അന്തിയുറങ്ങി. എന്നാല്‍, മുനിസിപ്പല്‍ അധികൃതര്‍ രാത്രിയില്‍ ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റി. അനധികൃതമായിരുന്നത്രേ നിര്‍മാണം. വരാനിരിക്കുന്ന കോമവെല്‍ത്ത് ഗെയിംസ് മോടിപിടിപ്പിക്കാനായിരുന്നു പൊളിക്കല്‍. കുഞ്ഞിനെയുമായി വീണ്ടും തെരുവിലെത്തി. കൊടുംതണുപ്പില്‍ പിങ്കിയെയും പനി പിടികൂടി. ഹീരയുടെ കൂട്ടിത്തിരുമ്മിയ കൈകളില്‍ ഒരിറ്റ് ചൂടും കിട്ടിയില്ല. ഒടുവില്‍ ആ കുഞ്ഞിനെയും തണുപ്പ് കൊണ്ടുപോയി. ഇനി ജീവിക്കുന്നത് എന്തിനെന്ന് ചോദിക്കുന്ന ഹീരയുടെ ചിത്രവും വാര്‍ത്തയും ചില പത്രങ്ങളിലെ പ്രാദേശിക പേജില്‍ കണ്ടു.

ഈ വാര്‍ത്ത വായിച്ചാണ് നഗരരാത്രിയിലേക്ക് ഇറങ്ങിയത്. കൂട്ടിന് പാര്‍ലമെന്റ് അംഗമായ എം ബി രാജേഷും ദേശാഭിമാനി ബ്യൂറോ ചീഫ് വി ജയിനും ഡിവൈഎഫ്ഐ കേന്ദ്ര ഓഫീസ് സെക്രട്ടറി ഭര്‍തൃഹരിയും. പാര്‍ലമെന്റിന് വിളിപ്പാടകലെ റിസര്‍വ് ബാങ്കിനുമുന്നിലുള്ള വഴിയില്‍ കിടക്കുന്നത് പത്തിലധികംപേര്‍. പലരും ഉറങ്ങിയിട്ടില്ല. കീറത്തുണിയുടെ പ്രതിരോധം ഉറക്കത്തിലേക്ക് വഴിതെളിക്കുന്നില്ല. ബിഹാറില്‍നിന്ന് നാലുവര്‍ഷംമുമ്പ് ഡല്‍ഹിയിലേക്ക് വന്ന സദുവിന് അന്നുമുതല്‍ ഫുട്പാത്താണ് വീട്. പൈപ്പിടുന്നതിന് മണ്ണുകോരലാണ് ജോലി. കൂലി നൂറു രൂപപോലും തികയില്ല. പണി കഴിഞ്ഞാല്‍ പലയിടത്തും ചുറ്റിക്കറങ്ങി രാത്രി ഫുട്പാത്തില്‍ ചേക്കേറും. കൂടെ കിടക്കുന്നവര്‍ ആരാണെന്ന് സദുവിന് അറിയില്ല. നേരത്തെ അധികംപേരുണ്ടായിരുന്നു. തണുപ്പ് സഹിക്കാനാകാതെ പലരും എവിടേക്കോ പോയി. വര്‍ത്തമാനം കേട്ട് എഴുന്നേറ്റ യുപിക്കാരന് പത്തുവര്‍ഷമായി റോഡരികാണ് വീട്. പണി കല്യാണസ്ഥലത്ത് പാത്രം കഴുകല്‍. രാവിലെ ഗുരുദ്വാരയിലേക്ക് പോകും. പ്രഭാതകൃത്യങ്ങള്‍ അവിടെയാണ്. പലയിടത്തുനിന്നും വരുന്നവര്‍ അവിടെ എത്തും. മഴക്കാലത്ത് ബസ് ഷെല്‍ട്ടറിലാണ് അന്തിയുറക്കം. പഴയ ഡല്‍ഹിയിലെ ദരിയാഗഞ്ചുമുതല്‍ ജുമാ മസ്ജിദുവരെ ഒരുകിലോമീറ്ററോളം വരുന്ന റോഡില്‍ കിടന്നുറങ്ങുന്നത് ആയിരത്തോളംപേര്‍. നിരനിരയായി മനുഷ്യര്‍ കൊടുംതണുപ്പില്‍ കിടക്കുന്നത് കരളലിയിക്കും കാഴ്ചയാണ്.

ഇവിടെ തെരുവുറക്കത്തില്‍ കച്ചവടസാധ്യത കണ്ടവരുണ്ട്. ഷീറ്റും രജായിയും വാടകയ്ക്ക് നല്‍കുന്ന സംഘം. 20 രൂപയാണ് വാടക. ഉറങ്ങുന്ന സ്ഥലത്തിന് ദിവസം പത്തുരൂപ നല്‍കേണ്ടവരുമുണ്ട്. ദരിയാഗഞ്ചില്‍ സൈക്കിള്‍ റിക്ഷ ഓടിക്കുന്നവരാണ് ഭൂരിപക്ഷവും. റിക്ഷ വാടകയ്ക്കാണ്. അതിന് 50 രൂപ കൊടുക്കണം. ശയ്യോപകരണത്തിന്റെ വാടകകൂടി ചേര്‍ന്നാല്‍ 70 രൂപയാകും. പരമാവധി വരുമാനം 200 രൂപ. അതില്‍നിന്ന് വേണം ഭക്ഷണമുള്‍പ്പെടെ എല്ലാ ചെലവും കണ്ടെത്താന്‍. യുപിയിലെ ബദായൂന്‍ സ്വദേശിയായ സയ്യദലിക്ക് 20 വര്‍ഷമായി ഇവിടമാണ് വീട്. ബദായൂന്‍ സ്വദേശികളാണ് ഇവിടെ അധികവും. ഇവിടെനിന്ന് അധികം ദൂരമൊന്നുമില്ല ഭരണകേന്ദ്രങ്ങളിലേക്ക്. പ്രധാനമന്ത്രിയുടെ വീടിരിക്കുന്ന സ്ഥലം എത്ര ഏക്കറുണ്ടായിരിക്കും. അവരെല്ലാം ഉറക്കത്തിലാണ്.(തുടരും)

*
പി.രാജീവ്, എം.പി, ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍
കടപ്പാട്: ദേശാഭിമാനി 31 ജനുവരി 2010

Saturday, January 30, 2010

നഷ്ടപ്പെടു(ത്തു)ന്ന പരമാധികാരം

സാമ്രാജ്യത്വവും അതിന്റെ പദ്ധതിയായ ആഗോളവല്‍ക്കരണവും രാഷ്ട്രങ്ങളുടെ പരമാധികാരം കവര്‍ന്നെടുക്കുന്നതിനെയും അവയ്ക്ക് വിധേയമായി രാഷ്ട്രങ്ങള്‍ പരമാധികാരം നഷ്ടപ്പെടുത്തുന്നതിനെയുമാണ് നാം ഇവിടെ പരിഗണിക്കുന്നത്.

ഇന്ത്യയുടെ നഷ്ടപ്പെടു(ത്തു)ന്ന പരമാധികാരം കുറേ വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഇന്ത്യന്‍ ഭരണഘടന തുടങ്ങുന്നതു തന്നെ ജനങ്ങളുടെ പരമാധികാരം വിളംബരം ചെയ്തുകൊണ്ടാണ്. ആമുഖം തുടങ്ങുന്നത് ഇങ്ങനെയാണ്: "ഇന്ത്യയെ പരമാധികാരമുള്ള ഒരു ജനാധിപത്യ റിപ്പബ്ളിക്കായി സംഘടിപ്പിക്കുവാന്‍ ഇന്ത്യയിലെ ജനങ്ങളായ ഞങ്ങള്‍ അവധാനപൂര്‍വ്വം തീരുമാനിച്ചിരിക്കുന്നു''. ഇതേ ആശയം ഭരണഘടനയില്‍ പലയിടത്തും ആവര്‍ത്തിക്കുന്നു - വിശേഷിച്ചും തെരഞ്ഞെടുപ്പുകളെപ്പറ്റി പ്രതിപാദിക്കുന്ന അദ്ധ്യായങ്ങളില്‍. ആമുഖത്തില്‍ റിപ്പബ്ളിക്കിന്റെ സവിശേഷതകളില്‍ ആദ്യം പറയുന്നത് 'പരമാധികാര'മാണ്.

അഫ്ഗാനിസ്ഥാന്‍, ഇറാഖ് തുടങ്ങിയ രാഷ്ട്രങ്ങളുടെ പരമാധികാരം സാമ്രാജ്യത്വം പൂര്‍ണ്ണമായി കവര്‍ന്നെടുത്തെങ്കില്‍ നിശ്ശബ്ദമായ അധിനിവേശത്തിന് അനുവദിച്ചുകൊണ്ട് ഇന്ത്യയുടെ ഭരണവര്‍ഗ്ഗം പരമാധികാരത്തിന്റെ ഒരു നല്ല ഭാഗം നഷ്ടപ്പെടുത്തുകയായിരുന്നു.

സാമ്രാജ്യത്വം ഇറാഖിന്റെ പരമാധികാരത്തെ എങ്ങനെ കൈകാര്യം ചെയ്തുവെന്നത് പല കാരണങ്ങളാല്‍ പ്രാധാന്യം അര്‍ഹിക്കുന്നു. പരമാധികാരം എന്ന സങ്കല്‍പത്തെ തന്നെ അമേരിക്ക പുനര്‍ നിര്‍വചനം ചെയ്തു.

2004 ജൂണ്‍ 28-ാം തീയതി ഇറാഖില്‍ ഇടക്കാല ഗവണ്‍മെന്റ് അധികാരത്തില്‍ വന്നപ്പോള്‍, ഔദ്യോഗിക പ്രഖ്യാപനത്തില്‍ പറഞ്ഞത് "രണ്ടുദിവസം നേരത്തെ തന്നെ അമേരിക്ക പരമാധികാരം കൈമാറി'' എന്നാണ്. ചില റിപ്പോര്‍ട്ടുകളില്‍ പറഞ്ഞത്, "പരമാധികാരം തിരികെ നല്‍കി'' എന്നാണ്. ജൂണ്‍ 4-ാം തീയതി യുഎന്‍ രക്ഷാസമിതി പാസ്സാക്കിയ പ്രമേയമായിരുന്നു "പരമാധികാര കൈമാറ്റ''ത്തിന്റെ അടിസ്ഥാനം.

വാഷിംഗ്ടണ്‍ എഴുതിയ പുതിയ നിഘണ്ടുവില്‍ പരമാധികാരത്തെ നിര്‍വചനം ചെയ്തതിന്റെ ഫലമാണ് പരമാധികാര കൈമാറ്റം എന്ന ആശയം. ഈ നിഘണ്ടു നേരത്തെ തന്നെ യുദ്ധം, സമാധാനം, ജനാധിപത്യം, സ്വാതന്ത്ര്യം എന്നിവയെയെല്ലാം സാമ്രാജ്യത്വ പദ്ധതിക്ക് അനുസരിച്ച് പുനര്‍നിര്‍വചനം ചെയ്തിരുന്നു. യുഎന്‍ രക്ഷാസമിതിയും ഉപയോഗിക്കുന്നത് ഈ നിഘണ്ടു തന്നെയെന്ന് തോന്നിപ്പിക്കുന്നതാണ് പരാമര്‍ശിക്കപ്പെട്ട പ്രമേയം.

രക്ഷാസമിതി പ്രമേയത്തില്‍ പറഞ്ഞത്, 2004 ജൂണ്‍ 30നകം "ഇറാഖില്‍ അധിനിവേശം അവസാനിക്കുമെന്നും പൂര്‍ണ്ണമായും പരമാധികാരമുള്ള സ്വതന്ത്ര ഗവണ്‍മെന്റ് അധികാരത്തില്‍ വരുമെന്നുമാണ്''. ബഹുരാഷ്ട്ര സേനകളെന്ന് യുഎന്‍ ഓമനപ്പേരിട്ട അമേരിക്കന്‍ അധിനിവേശസേനയുടെ ഒന്നര ലക്ഷത്തില്‍പരം ഭടന്മാര്‍ തുടരുന്ന അവസ്ഥയെയാണ് "പൂര്‍ണ്ണമായും പരമാധികാരമുള്ള സ്വതന്ത്ര ഗവണ്‍മെന്റ്'' എന്ന് രക്ഷാസമിതി വിശേഷിപ്പിച്ചത്.

അരിസ്റ്റോട്ടില്‍ മുതല്‍ ഹോബ്സ് വരെയുള്ള രാഷ്ട്രീയ ചിന്തകര്‍, വിദേശ നിയന്ത്രണത്തില്‍നിന്ന് സ്വതന്ത്രമായ ഒരു പ്രദേശത്ത് പരമോന്നത അധികാരം ഉള്ളതിനെയാണ് പരമാധികാരം എന്ന് നിര്‍വചിച്ചിട്ടുള്ളത്. പഴയകാലത്ത് രാജാക്കന്മാരോടും ഭരണാധികാരികളോടും ബന്ധപ്പെടുത്തിയായിരുന്നു ഈ ആശയമെങ്കില്‍, ജനാധിപത്യ യുഗത്തില്‍ ഒരു രാജ്യത്ത് താമസിക്കുന്ന സ്വതന്ത്രരും തുല്യരുമായ പൌരന്മാരുടെ സമ്മതവുമായി ബന്ധപ്പെട്ടതാണ് പരമാധികാരം. അന്താരാഷ്ട്ര നിയമത്തില്‍ - 1648ലെ വെസ്റ്റ് ഫാലിയ സമാധാന ഉടമ്പടികള്‍ മുതല്‍ - പരമാധികാരം എന്നതിന് രാഷ്ട്രങ്ങളുടെ ഔപചാരിക തുല്യതയും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുകയെന്നതും അര്‍ത്ഥമായി.

അധിനിവേശത്തില്‍ തന്നെ തുടരുന്ന ഇറാഖി ഗവണ്‍മെന്റിനെ "പൂര്‍ണ്ണ പരമാധികാര'' മുള്ളതെന്ന് വിശേഷിപ്പിക്കേണ്ടിവന്നത് പരമാധികാരത്തിന് പുതിയ നിര്‍വചനം നല്‍കുന്നതുകൊണ്ടാണ്. പരമാധികാരമെന്നു പറഞ്ഞാല്‍ പൂര്‍ണ്ണമെന്നര്‍ത്ഥം. അപ്പോള്‍ ഏതോ പുതിയ തരം പരമാധികാരത്തെപ്പറ്റിയാണ് യുഎന്‍ പ്രമേയത്തിലുള്ളത്. ഇതോടനുബന്ധിച്ച് മാധ്യമങ്ങളില്‍ 'ഭാഗിക പരമാധികാരം', 'പരിമിത പരമാധികാരം', 'ആപേക്ഷിക പരമാധികാരം' തുടങ്ങിയ പദപ്രയോഗങ്ങള്‍ കണ്ടു തുടങ്ങി. മറ്റെങ്ങനെയാണ് സാമ്രാജ്യത്തിലെ ഒരു കോളനിയിലെ പാവ സര്‍ക്കാരിനെ വിശേഷിപ്പിക്കുക?

പരമാധികാരം "കൈമാറിയപ്പോള്‍'' അതിനാധാരമായ "നിയമപരരേഖകള്‍'' ഇറാഖി സര്‍ക്കാരിന് അമേരിക്ക നല്‍കിയതായും പ്രസ്താവിക്കപ്പെട്ടു. ഇതും വിചിത്രമാണ്. എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും, യുഎന്നിനെയും ധിക്കരിച്ച് യുദ്ധത്തിലൂടെ ഒരു ഗവണ്‍മെന്റിനെ പുറത്താക്കി അധിനിവേശം നടത്തിയശേഷം, എന്തു 'നിയമപര രേഖകളാ'ണ് ഉള്ളത്? എവിടെയായിരുന്നു 2004 ജൂണ്‍ 28 വരെ ഇറാഖിന്റെ പരമാധികാരം? ഒരു രാഷ്ട്രത്തിന്റെ പരമാധികാരം അവിടത്തെ ജനങ്ങളിലാണ്. പതിന്നാലു മാസങ്ങള്‍ ഇറാഖിന് പരമാധികാരം ഇല്ലായിരുന്നെങ്കില്‍, ആ രാജ്യം എങ്ങനെയാണ് യുഎന്‍ അംഗമായി തുടര്‍ന്നത്? രാഷ്ട്രങ്ങളുടെ 'പരമാധികാര തുല്യത'യാണല്ലോ യുഎന്‍ ചാര്‍ട്ടറിന്റെ ആധാരം.

ഇന്ത്യയില്‍ നടന്നത് - നടക്കുന്നത് - അമേരിക്കയുടെ നിശ്ശബ്ദ അധിനിവേശമാണ്. സാമ്രാജ്യത്വ പദ്ധതികള്‍ക്കു പിന്തുണ നല്‍കിയും സാമ്രാജ്യത്വത്തിന്റെ മുമ്പില്‍ അടിയറ വെച്ച് വിദേശനയ സ്വാതന്ത്ര്യം ബലി കഴിച്ചുമാണ് ഇന്ത്യ പരമാധികാരം നഷ്ടപ്പെടുത്തിയത്.

എന്നാണ് ഈ പ്രക്രിയ തുടങ്ങിയത്? 2001 മെയ് മാസത്തില്‍ അമേരിക്കയുടെ ദേശീയ മിസൈല്‍ പ്രതിരോധ (National Missile Defense)ത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഇതിന്റെ പ്രത്യക്ഷമായ ആരംഭം. മിസൈല്‍ പ്രതിരോധത്തിന് നിര്‍ലോഭമായ പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട്, ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം 2001 മെയ് 2ന് പുറപ്പെടുവിച്ച പ്രസ്താവന നയതന്ത്ര ചരിത്രത്തില്‍ അഭൂതപൂര്‍വമായിരുന്നു. "ഒരു പുതിയ തന്ത്രപര ചട്ടക്കൂടി''നെപ്പറ്റി പ്രസിഡന്റ് ബുഷ് ചെയ്ത പ്രസംഗത്തെ - ഇതായിരുന്നു മിസൈല്‍ പദ്ധതിയെപ്പറ്റിയുള്ള പ്രഖ്യാപനം -ഇന്ത്യ സ്വാഗതം ചെയ്തു. ശീതസമര സുരക്ഷാ ശില്‍പത്തിന്റെ തന്ത്രപര ചട്ടക്കൂടിനെ പരിവര്‍ത്തനം ചെയ്യുന്ന സുപ്രധാനമായ പ്രഖ്യാപനമാണ് യുഎസ് പ്രസിഡന്റിന്റേതെന്ന് ഇന്ത്യ പ്രസ്താവിച്ചു. "ഒരു പുതിയ തന്ത്രപര ചട്ടക്കൂട്'' ഒരു പുതിയ സാമ്രാജ്യത്വ പദ്ധതിയുമായി ബന്ധപ്പെട്ടതാണെന്ന് മനസ്സിലാക്കുവാന്‍ വലിയ ഗവേഷണമൊന്നും ആവശ്യമായിരുന്നില്ല.

വാജ്പേയി സര്‍ക്കാര്‍ അമേരിക്കയുടെ മിസൈല്‍ പദ്ധതിക്ക് പിന്തുണ നല്‍കിയതിനെ പ്രതിപക്ഷ കക്ഷികള്‍ നിശിതമായി വിമര്‍ശിച്ചു. പദ്ധതിയെപ്പറ്റി അമേരിക്കയില്‍ തന്നെ ഗുരുതരമായ അഭിപ്രായ ഭിന്നതകള്‍ നിലവിലിരുന്നപ്പോള്‍, അമേരിക്കയുടെ സഖ്യകക്ഷികള്‍ സംശയങ്ങളുടെ പല തട്ടുകളില്‍ ആയിരുന്നപ്പോള്‍, റഷ്യയും ചൈനയും എതിര്‍പ്പു പ്രകടിപ്പിച്ചപ്പോഴായിരുന്നു പദ്ധതിക്ക് ഇന്ത്യയുടെ നിര്‍ലോഭമായ പിന്തുണ. കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താക്കളും പ്രമുഖ നയതന്ത്ര വിദഗ്ദ്ധരും സര്‍ക്കാരിന്റെ നിലപാടിനെ വിമര്‍ശിച്ചു.

തന്ത്രപരമായ സ്വയംഭരണത്തെയും സ്വതന്ത്രമായ വിദേശനയത്തെയും വാജ്പേയി സര്‍ക്കാര്‍ പണയപ്പെടുത്തുകയാണെന്ന് സിപിഐ എം കുറ്റപ്പെടുത്തി. നിലവിലുള്ള ആയുധ നിയന്ത്രണ നടപടികളെ തകരാറിലാക്കുന്ന വിധം, ആണവ, മിസൈല്‍ ആയുധങ്ങളില്‍ സര്‍വാധിപത്യം പുലര്‍ത്താനുള്ള യുഎസ് ശ്രമത്തിന്റെ ഭാഗമാണ് മിസൈല്‍ പദ്ധതിയെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചു.

ഇന്ത്യയുടെ ആണവായുധ പരീക്ഷണത്തെ തുടര്‍ന്ന് ഇന്ത്യയും അമേരിക്കയുമായി (ഇന്ത്യ മുന്‍കൈയെടുത്ത്) നടത്തിയ കൂടിയാലോചനകളുടെ സുപ്രധാന ഘട്ടത്തിലായിരുന്നു ഇതുണ്ടായത്. അമേരിക്കയുടെ ആണവതന്ത്രത്തിലോ സിദ്ധാന്തത്തിലോ ഉണ്ടായ വ്യതിയാനമല്ല, പ്രത്യൂത ഇന്ത്യ അതിന്റെ തന്ത്രപര സ്വാതന്ത്ര്യം ഉപേക്ഷിച്ചുവെന്നതാണ് ഇന്ത്യയുടെ നയത്തിലെ അടിസ്ഥാനപരമായ മാറ്റം. അമേരിക്കയുടെ മിസൈല്‍ പ്രതിരോധത്തിന്റെ പിന്നില്‍ സ്ഥാനം പിടിച്ച് ആണവ ഇടപാടുണ്ടാക്കി, അമേരിക്കയുമായി തന്ത്രപര സഖ്യത്തിലേര്‍പ്പെട്ട ഇന്ത്യ നയം മാറ്റത്തിന് ഒരു വലിയ വില നല്‍കേണ്ടിവന്നു.

ഇന്ത്യയുടെ മേലുള്ള ഉപരോധം പിന്‍വലിക്കാനുള്ള നടപടികള്‍ ആരംഭിച്ചു തുടങ്ങിയപ്പോഴാണ് സെപ്തംബര്‍ 11ലെ ഭീകരാക്രമണങ്ങള്‍ നടന്നത്. ഭീകരവാദവിരുദ്ധ യുദ്ധത്തിന് എല്ലാ പിന്തുണയും - സൈനിക സൌകര്യങ്ങളും സൈനികരംഗത്ത് സഹകരണവും ഉള്‍പ്പെടെ - പ്രഖ്യാപിച്ച് അമേരിക്കയുടെ രാഷ്ട്രീയവും സൈനികവുമായ ലക്ഷ്യങ്ങള്‍ക്കു കൂട്ടു നില്‍ക്കാന്‍ സന്നദ്ധമായ ആദ്യത്തെ രാജ്യങ്ങളിലൊന്ന് ഇന്ത്യയായിരുന്നു. "സ്വാഭാവിക സഖ്യകക്ഷികള്‍'' എന്ന് വാജ്പേയി വിശേഷിപ്പിച്ച അമേരിക്കയും ഇന്ത്യയും തമ്മിലുള്ള 'തന്ത്രപര പങ്കാളിത്ത'ത്തെ ഭീകരവാദവിരുദ്ധ യുദ്ധം ഒരു സൈനിക സഖ്യത്തിലേക്ക് ആനയിച്ചു.

പിന്നെയങ്ങോട്ട് കീഴടങ്ങലിന്റെ ചരിത്രമാണ്; അമേരിക്കയോടുള്ള വിധേയത്വം ഇന്ത്യയുടെ ഭരണാധികാരികള്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതിന്റെയും.

വിദേശനയത്തില്‍ ഇന്ത്യ മൌലികമായി വ്യതിയാനമുണ്ടാക്കിയതിന്റെ പരസ്യവും നാടകീയവുമായ ഒരു പ്രഖ്യാപനമായിരുന്നു അമേരിക്കയ്ക്ക് നല്‍കിയ പിന്തുണാ വാഗ്ദാനം. അമേരിക്കയുടെ ഭീകരവാദ വിരുദ്ധ യുദ്ധത്തിന് ഇന്ത്യ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ഈ പിന്തുണയും, ബുഷ് ഭരണകൂടത്തിന്റെ മിസൈല്‍ പദ്ധതിക്ക് ഇന്ത്യ പ്രഖ്യാപിച്ച പിന്തുണയും തമ്മിലുള്ള സാധര്‍മ്മ്യം ശ്രദ്ധിക്കപ്പെട്ടു. വീണ്ടും തന്ത്രപര സ്വാതന്ത്ര്യം ഉപേക്ഷിക്കാന്‍ തയ്യാറായെന്ന് വ്യക്തമാകുകയും ചെയ്തു.

അമേരിക്കയുമായി 2000ല്‍ തന്നെ ഇന്ത്യ ഉണ്ടാക്കിയത് ഒരു സൈനിക സഖ്യത്തിന്റെ ആരംഭമായിരുന്നു. ഇന്ത്യയുമായുള്ള ബന്ധങ്ങളില്‍ അമേരിക്ക ഏറ്റവും പ്രാധാന്യം നല്‍കുന്നത് സൈനിക ബന്ധത്തിനാണെന്ന് അമേരിക്കന്‍ നേതാക്കള്‍ അന്നുമുതല്‍ പ്രസ്താവിക്കുകയും ചെയ്തു.

ഭീകരവാദവിരുദ്ധ യുദ്ധം പ്രഖ്യാപിച്ച് അധികം താമസിയാതെയാണ്, ഇന്ത്യയും അമേരിക്കയും നാലു ദശകങ്ങള്‍ക്കുശേഷം സംയുക്ത സൈനികാഭ്യാസങ്ങള്‍ നടത്തിയത്. 2002 മെയ് മാസത്തില്‍ സംയുക്താഭ്യാസത്തിന്റെ സമയത്ത് ന്യൂഡല്‍ഹിയിലുണ്ടായിരുന്ന യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ക്രിസ്തീനാ റോക്ക 'പ്രസിഡന്റ് ബുഷ്' അധികാരമേറ്റപ്പോള്‍ മുതല്‍, സാര്‍വദേശീയ സമൂഹത്തെ അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യയെ ഒരു പങ്കാളിയായി പരിഗണിക്കുന്നു''വെന്ന് പ്രസ്താവിച്ചു. റോക്ക തുടര്‍ന്നു: "ഈ പങ്കാളിത്തത്തില്‍ ഏറ്റവും പ്രധാന മേഖല സൈനിക ബന്ധങ്ങളാണ്. ഒരുമിച്ചു ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിനുള്ള കഴിവുകള്‍ ഇന്ത്യയുടെയും അമേരിക്കയുടെയും സേനാവിഭാഗങ്ങള്‍ സജീവമായി വികസിപ്പിക്കുകയാണ്''. അതേ, രണ്ട് സേനാവിഭാഗങ്ങളും "ഒരുമിച്ചു ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിനുള്ള കഴിവുകള്‍''.

ഇന്ത്യയിലെ അംബാസഡര്‍ സ്ഥാനത്തുനിന്ന് പിരിയുന്നതിന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് 'ദി ഹിന്ദു' (13 May,2003) വില്‍ റോബര്‍ട്ട് ബ്ളാക്വില്‍ ഇതു കുറേക്കൂടി വ്യക്തമാക്കി.

"നമ്മുടെ പ്രതിരോധ സഹകരണവും സൈനിക വ്യാപാരങ്ങളും ഒരുമിച്ചു ചേരുമ്പോള്‍ രണ്ട് രാജ്യങ്ങളുടെയും സേനാവിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആഴമുള്ളതാകുന്നു. അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കായി, സംയുക്ത സൈനിക പ്രവര്‍ത്തനത്തിനുള്ള പരസ്പര സഹകരണം വികസിപ്പിക്കുകയും ഇന്ത്യയുടെ സൈനികശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുകയാണ്''. അദ്ദേഹം തുടര്‍ന്നു, "അമേരിക്കന്‍ സേനയോടൊത്ത്'' ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ള ഒരു ഇന്ത്യന്‍ സേന നമ്മുടെ ഉഭയകക്ഷി പ്രതിരോധ ബന്ധത്തിന്റെ ഒരു പ്രധാന ലക്ഷ്യമാണ്.

യുഎസ് - ഇന്ത്യ പ്രതിരോധ ബന്ധത്തിന്റെ സ്വഭാവം ബ്ളാക്വില്‍ വളരെ വ്യക്തമാക്കുന്നു. "അമേരിക്കന്‍ സേനയോടൊത്ത്'' ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ള ഒരു ഇന്ത്യന്‍ സേനയാണ് തന്ത്രപര ലക്ഷ്യം. "ഭാവി സംയുക്ത പ്രവര്‍ത്തനങ്ങള്‍''ക്കാണ് ഈ സഹകരണം. ഇതെല്ലാം ബ്ളാക്വില്‍ തുറന്നു സമ്മതിക്കുന്നു, "അമേരിക്കയുടെ താല്‍പര്യങ്ങള്‍''ക്കാണ്.

എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തു തുടങ്ങിയ പ്രതിരോധ ബന്ധം ഒരു സൈനിക സഖ്യത്തിലേക്കു നീങ്ങിയത് യുപിഎ സര്‍ക്കാരിന്റെ കാലത്താണ്. "ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഒരു വന്‍ ലോകശക്തിയാകുവാന്‍ ഇന്ത്യയെ സഹായിക്കുകയെന്നത് അമേരിക്കന്‍ നയമാണ്, ഇന്ത്യയിലെ യുഎസ് അംബാസഡര്‍ ഡേവിഡ് മില്‍ഫോര്‍ഡ് ഒരു പ്രമുഖ ഇംഗ്ളീഷ് ദിനപത്രത്തിലെ ലേഖനത്തിലൂടെ 2005 മാര്‍ച്ച് 31-ാം തീയതി ഇന്ത്യക്കാരെ അറിയിച്ചു. "സൈനിക സഹകരണമാണ് ഇന്ത്യ - യുഎസ് ബന്ധങ്ങള്‍ക്കു ശക്തി പകരുന്നതെന്നതില്‍ ഒരു സംശയവുമില്ല'' അംബാസഡര്‍ വ്യക്തമാക്കി. "ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഒരു വന്‍ ശക്തിയാകുവാന്‍ ഇന്ത്യയെ സഹായിക്കുകയെന്നത് അമേരിക്കയുടെ നയമാണെ''ന്ന് യുപിഎ സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചത് വിദേശകാര്യ സെക്രട്ടറി കോണ്ടലീസാ റൈസായിരുന്നു - 2005 മാര്‍ച്ചില്‍ ന്യൂഡല്‍ഹി സന്ദര്‍ശിച്ചപ്പോള്‍.

സാര്‍വദേശീയ കാര്യങ്ങളില്‍ കൂടുതല്‍ വലിയ ഒരു പങ്കിനുള്ള ഇന്ത്യയുടെ അഭിലാഷം സാധിക്കാവുന്നത് ഐക്യരാഷ്ട്ര സംഘടനയുടെ പരിഷ്കരണവും രക്ഷാസമിതിയിലെ സ്ഥിരാംഗത്വവുംമൂലമായിരിക്കയില്ലെന്ന വ്യക്തമായ സൂചന കോണ്ടലീസാ റൈസ് നല്‍കി. ബുഷില്‍നിന്ന് കൊണ്ടു വന്ന സന്ദേശം അര്‍ത്ഥശങ്ക ഇല്ലാത്തതായിരുന്നു. അമേരിക്കയ്ക്കു എതിരായുള്ള രാജ്യങ്ങളുമായി ഇന്ത്യക്കുള്ള ബന്ധങ്ങള്‍ വാഷിംഗ്ടണിന്റെ അംഗീകാരത്തിനു വിധേയമായിരിക്കും. ലോകത്തില്‍ ഇന്ത്യക്കുള്ള സ്ഥാനം നിര്‍ണയിക്കുന്നത് ഐക്യരാഷ്ട്ര സംഘടനയുടെ ചട്ടക്കൂടിലായിരിക്കുകയില്ല; അമേരിക്കന്‍ സാമ്രാജ്യത്തിന്റെ ചട്ടക്കൂടിലായിരിക്കും; അതും അമേരിക്ക ഉണ്ടാക്കുന്ന വ്യവസ്ഥകളില്‍. ഇന്ത്യയുടെ ഭരണാധികാരികള്‍ക്ക് ഇതെല്ലാം സ്വീകാര്യമായിരുന്നു.

മാര്‍ച്ച് 17-ാം തീയതി "അമേരിക്കയുടെ ദേശീയ പ്രതിരോധതന്ത്രം'' പെന്റഗണ്‍ പ്രസിദ്ധീകരിച്ചു. അമേരിക്കയുടെ പരമ്പരാഗത സഖ്യങ്ങളുടെയും ബഹുപക്ഷീയ സംഘടനകളുടെയും, അന്താരാഷ്ട്ര നിയമത്തിന്റെ തന്നെയും കാര്യത്തില്‍ താല്‍പര്യമില്ലായ്മയോ, അവയുടെ തിരസ്കരണമോ വ്യക്തമായി സൂചിപ്പിക്കുന്നതായിരുന്നു അമേരിക്കയുടെ പുതിയ ദേശീയ പ്രതിരോധതന്ത്രം. വാഷിംഗ്ടണിന്റെ പ്രവര്‍ത്തനത്തെ - സൈനികമെന്ന് വായിക്കുക - പരിമിതപ്പെടുത്തുന്ന സാര്‍വദേശീയ നിയമങ്ങളെ അവഗണിക്കുകയോ അവയെ മാറ്റാന്‍ ആവശ്യപ്പെടുകയോ ചെയ്യുമെന്ന് രേഖ വ്യക്തമാക്കി.

ഇത് പ്രതിരോധതന്ത്രമല്ല; യുദ്ധതന്ത്രമാണ്. ഇതാണ് ഇന്ത്യയുടെ പ്രതിരോധ മന്ത്രി പ്രണബ് മുഖര്‍ജിയും അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫീല്‍ഡും ചേര്‍ന്ന്, 2005 ജൂണ്‍ 28-ാം തീയതി വാഷിംഗ്ടണിലുണ്ടാക്കിയ "യുഎസ് - ഇന്ത്യ പ്രതിരോധ ചട്ടക്കൂടു കരാര്‍''. ഇന്ത്യയും അമേരിക്കയും തമ്മിലുണ്ടാക്കിയ കരാറുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇതാണ്. ഈ കരാര്‍ ഇന്ത്യയുടെ ദേശീയ, സുരക്ഷാ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണ്. സാമ്രാജ്യ നിര്‍മ്മിതിക്കുള്ള അമേരിക്കന്‍ പദ്ധതികള്‍ക്കു ഇന്ത്യ പിന്തുണ നല്‍കുന്നുവെന്നതിന്റെ തെളിവു കൂടെയാണിത്. സാമ്രാജ്യത്തിന്റെ കീഴിലാണ് ഇന്ത്യയെന്നതാണ് കരാറിന്റെ അര്‍ത്ഥം.

രണ്ടു രാജ്യങ്ങളും ഒരു പുതിയ യുഗത്തില്‍ പ്രവേശിക്കുന്നതും ബന്ധങ്ങളില്‍ പരിവര്‍ത്തനമുണ്ടാക്കുന്നതും "പൊതുവായ താല്‍പര്യങ്ങളും'', 'പങ്കുവയ്ക്കുന്ന ദേശീയ താല്‍പര്യങ്ങളും'' പ്രതിഫലിക്കാനാണെന്ന് കരാറില്‍ പറയുന്നു. "പ്രതിരോധബന്ധം കൂടുതല്‍ വിശാലമായ തന്ത്ര പങ്കാളിത്തത്തിന്റെ ഭാഗവും അതിനെ പിന്താങ്ങുന്നതുമാണ്''.

ഈ കരാര്‍ പ്രതിരോധ കാര്യങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്നില്ല. ചില വ്യവസ്ഥകള്‍ വ്യക്തമായും ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയപ്രമാണങ്ങള്‍ക്കു വിരുദ്ധമാണ്. "ബഹുരാഷ്ട്ര സൈനിക പ്രവര്‍ത്തനങ്ങളിലെ സഹകരണം'', "മിസൈല്‍ പ്രതിരോധ കാര്യത്തില്‍ സഹകരണത്തിന്റെ വികാസം, സമാധാന സംരക്ഷണ ശ്രമങ്ങള്‍ വിജയകരമായി നടത്താന്‍ ലോകവ്യാപകമായി കഴിവു വര്‍ദ്ധിപ്പിക്കുക'' തുടങ്ങിയവ ചൂണ്ടിക്കാണിക്കാം.

"ഇന്ത്യയും അമേരിക്കയും സുരക്ഷാ താല്‍പര്യങ്ങള്‍ പങ്കുവയ്ക്കുന്നു''; കരാറില്‍ പറയുന്നു. പങ്കുവയ്ക്കുന്ന സുരക്ഷാ താല്‍പര്യങ്ങള്‍, രാജ്യങ്ങളുടെ പൊതുവായ സുരക്ഷയോ, യുഎന്‍ വിവക്ഷിക്കുന്ന കൂട്ടായ സുരക്ഷയോ അല്ല. അമേരിക്കയുടെ സുരക്ഷാ താല്‍പര്യമാണ്. ഇത് ഇന്ത്യ പങ്കുവയ്ക്കുന്നുവെന്നു പറഞ്ഞാല്‍ നമ്മുടെ ദേശീയ താല്‍പര്യങ്ങളെ അമേരിക്കയുടെ സാമ്രാജ്യത്വ പദ്ധതികള്‍ക്കു വിധേയമാക്കാന്‍ തയ്യാറാണെന്നതത്രേ.

ബഹുരാഷ്ട്ര (സൈനിക) പ്രവര്‍ത്തനത്തിനുള്ള സഹകരണത്തിന് കരാറില്‍ പ്രമുഖ സ്ഥാനം നല്‍കുന്നുണ്ട്. വാഷിംഗ്ടണിന്റെ തന്ത്ര പദാവലിയില്‍, "ബഹുരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍'' എന്നതിന്റെ അര്‍ത്ഥം, ഐക്യരാഷ്ട്ര സംഘടനയുടെ അനുമതിയോ, അംഗീകാരമോ ഇല്ലാതെ അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തുന്ന സൈനിക പ്രവര്‍ത്തനങ്ങളെന്നാണ്. "സമ്മതമുള്ളവരുടെ സഖ്യ''മാണ് അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്; സഖ്യമല്ല അജണ്ട നിശ്ചയിക്കുന്നത്, പ്രത്യുത അജണ്ടയാണ് സഖ്യം നിശ്ചയിക്കുന്നതെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. സഖ്യത്തില്‍ പങ്കെടുക്കുന്ന രാഷ്ട്രങ്ങള്‍, യുഎസ് സൈനിക കമാന്‍ഡിന്റെ കീഴിലായിരിക്കുമെന്നു മാത്രമല്ല, യുഎസ് ലക്ഷ്യങ്ങള്‍ നേടാനുള്ള സൈനിക പ്രവര്‍ത്തനങ്ങളായിരിക്കും നടത്തുന്നതെന്നുമാണ് ഇതിന്റെ അര്‍ത്ഥം. ഇത്തരം സഖ്യത്തിനാണ് ഇന്ത്യ കരാറുണ്ടാക്കിയത്; തന്ത്രപര സ്വാതന്ത്ര്യം ഉപേക്ഷിച്ച് സാമ്രാജ്യത്തിന്റെ കീഴില്‍നിന്നുകൊണ്ട്.

'ദി ഹിന്ദു'വില്‍ എസ് നിഹാല്‍ സിങ് എഴുതിയ ഒരു ലേഖനത്തില്‍, "എത്ര ദൂരം ഇന്ത്യക്ക് അമേരിക്കയുടെ കൂടെ യാത്ര ചെയ്യാം'' എന്ന പ്രശ്നം ഉന്നയിച്ചു.

"അമേരിക്കയുടെ തന്ത്രപരലക്ഷ്യങ്ങള്‍ എന്താണെന്നും എന്താണ് അമേരിക്കയുടെ താല്‍പര്യങ്ങളെന്നും വിശദമായി വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. പരമോന്നത ശക്തിയായി നിലകൊള്ളണമെന്നാണ് അമേരിക്കയുടെ ആവശ്യം. അതിനെ ഏതെങ്കിലും രാജ്യമോ രാജ്യങ്ങളുടെ സഖ്യമോ എതിര്‍ത്താല്‍ അമേരിക്ക തിരിച്ചടിക്കും. ഏകപക്ഷീയമായോ സമ്മതമുള്ളവരുടെ സഖ്യവുമായോ ഏതു രാഷ്ട്രത്തെയും ആക്രമിക്കാന്‍ അമേരിക്കയ്ക്ക് അവകാശമുണ്ടെന്നാണ് യുഎസ് നിലപാട്''.

"അമേരിക്കയുടെ ആശ്രിതന്‍ ആവുകയാണെങ്കില്‍, ഇന്ത്യക്ക് അതിന്റെ ആത്മാവ് നഷ്ടപ്പെടും'', നിഹാല്‍ സിംഗ് വ്യക്തമാക്കി. 'പരമോന്നത ശക്തി'യുടെ കീഴില്‍ ആശ്രിത രാജ്യത്തിന് എന്തു പരമാധികാരം?

ഇന്ത്യ അമേരിക്കയുമായുണ്ടാക്കിയ പ്രതിരോധ സഹകരണ കരാറാണ് ഇന്ത്യ - യുഎസ് ആണവക്കരാറിന്റെ അടിസ്ഥാനവും തുടര്‍ച്ചയും. ആണവക്കരാറിന് യുഎസ് കോണ്‍ഗ്രസ് ഉണ്ടാക്കിയ വ്യവസ്ഥകള്‍ അടങ്ങിയതാണ് 2006 അവസാനം പാസ്സാക്കിയ ഹൈഡ് നിയമം. ഈ നിയമം ഇന്ത്യക്കു ബാധകമല്ലെന്ന് നമ്മുടെ ഭരണാധികാരികള്‍ അവകാശപ്പെട്ടുവെങ്കിലും, ഈ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചു മാത്രമേ ആണവക്കരാര്‍ നടപ്പാക്കുകയുള്ളൂവെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

ഹൈഡ് നിയമത്തിന്റേയോ ആണവ കരാറിന്റെയോ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല. അവ ഇന്ത്യയുടെ തന്ത്രപര സ്വാതന്ത്ര്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നതാണ് പരിഗണന.

ഇന്ത്യയുടെ വിദേശനയത്തെപ്പറ്റിയുള്ള അമേരിക്കന്‍ ലക്ഷ്യങ്ങള്‍ ഹൈഡ് നിയമം വ്യക്തമാക്കുന്നു.

ഇന്ത്യയുടെ വിദേശനയത്തെ അമേരിക്കയുടേതിന് അനുസൃതമാക്കുക. അമേരിക്കയ്ക്ക് കൂടുതല്‍ രാഷ്ട്രീയവും തന്ത്രപരവും സൈനികവുമായ പിന്തുണ നല്‍കാന്‍ ഈ കരാര്‍ ഇന്ത്യയെ പ്രേരിപ്പിക്കും. ലോകത്തില്‍ ഇന്ത്യക്കുള്ള വര്‍ദ്ധമാനമായ സാമ്പത്തികവും രാഷ്ട്രീയവുമായ പങ്ക് അമേരിക്കന്‍ ലക്ഷ്യങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള ഒരു തന്ത്രപര അവസരമായി യുഎസ് പരിഗണിക്കുന്നു.

ഇറാനെപ്പറ്റി ഹൈഡ് നിയമത്തില്‍ പ്രത്യേക പരാമര്‍ശമുണ്ട്. ഇറാനെ (ആണവ പരിപാടിയില്‍നിന്ന്) പിന്തിരിപ്പിക്കാനും ഒറ്റപ്പെടുത്താനും ഒതുക്കുവാനും ഇന്ത്യയുടെ പൂര്‍ണവും സജീവവുമായ സഹകരണം അമേരിക്ക പ്രതീക്ഷിക്കുന്നതായി നിയമം വ്യക്തമാക്കുന്നുണ്ട്; നിര്‍ബന്ധമായ വ്യവസ്ഥകളിലൊന്നായും ഒരു നയതന്ത്ര പ്രസ്താവനയായും കോണ്‍ഗ്രസിന് പ്രസിഡന്റു നല്‍കേണ്ട വാര്‍ഷിക റിപ്പോര്‍ട്ടിന്റെ ഭാഗമായും ഇറാനെതിരെയുള്ള അമേരിക്കയുടെ നടപടികളിലും സാര്‍വദേശീയ ശ്രമങ്ങളിലും ഇന്ത്യ പങ്കെടുക്കുന്നുവോയെന്ന് വാര്‍ഷിക വിലയിരുത്തല്‍ നടത്തണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.

ഈ വ്യവസ്ഥ അംഗീകരിച്ചതിന്റെ ഫലമായാണ് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയില്‍ മൂന്നുതവണ ഇറാനെതിരെ വോട്ടു ചെയ്തത്; സ്വതന്ത്ര വിദേശനയം ഉപേക്ഷിച്ചുകൊണ്ട്.

ഇനിയും ഇന്ത്യ ആണവസ്ഫോടനം നടത്തുകയാണെങ്കില്‍ തുടര്‍ന്നുള്ള സഹകരണം അവസാനിപ്പിക്കുവാന്‍ അമേരിക്കയ്ക്ക് അവകാശമുണ്ടെന്ന് ഹൈഡുനിയമത്തിലും ആണവക്കരാറിലും വ്യവസ്ഥ ചെയ്തിരിക്കുന്നു. ആണവായുധ പരിപാടിക്ക് പുതിയ പരീക്ഷണം നടത്തണമോയെന്ന് തീരുമാനിക്കാന്‍ ഇന്ത്യയ്ക്ക് അവകാശമില്ല. ഇനിയും ഇന്ത്യ ആണവപരീക്ഷണം നടത്താതിരിക്കുന്നതാണ് നല്ലതെന്ന് പറയാം. അതല്ല പ്രശ്നം. ഇനിയും ആണവപരീക്ഷണം നടത്തുന്നതിനേപ്പറ്റിയുള്ള തീരുമാനം എടുക്കാന്‍ ഇന്ത്യയ്ക്ക് അധികാരമില്ലെന്നതാണ് പ്രശ്നം. ഈ കാര്യത്തില്‍ ഇന്ത്യക്കുള്ള പരമാധികാരാവകാശത്തെ ഉപേക്ഷിക്കുകയെന്നത്, അമേരിക്കയുമായുള്ള ആണവസഹകരണത്തിന്റെ അടിസ്ഥാന വ്യവസ്ഥയായിരിക്കുന്നുവെന്നതാണ് പ്രശ്നം.

ആണവക്കരാറിന്റെ തുടര്‍ച്ചയായി ഒബാമയുടെ ഭരണകാലത്ത് ആദ്യം ചെയ്തത് "അന്ത്യോപയോഗ കരാറി'' (End User Agreement)ല്‍ ഇന്ത്യയെക്കൊണ്ട് ഒപ്പിടീക്കുകയായിരുന്നു. അമേരിക്കയില്‍നിന്ന് ഇന്ത്യ വാങ്ങുന്ന ആയുധങ്ങളുടെ ഉപയോഗം അമേരിക്കയുണ്ടാക്കുന്ന വ്യവസ്ഥകളനുസരിച്ചായിരിക്കും. പ്രതിരോധനയം സ്വതന്ത്രമായി തീരുമാനിക്കാനുള്ള ഇന്ത്യയുടെ പരമാധികാരമാണ് ഇവിടെ നഷ്ടപ്പെടുത്തുന്നത്. (Nuclear Liability Bill)

"ആണവബാദ്ധ്യതാ ബില്ലി''ന് ഇന്ത്യാ ഗവണ്‍മെന്റ് രൂപം നല്‍കിക്കഴിഞ്ഞു. ഇതും അമേരിക്കന്‍ സമ്മര്‍ദ്ദത്തിലാണ്. അമേരിക്കന്‍ ആണവ വ്യവസായികള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന ആണവ നിലയങ്ങളില്‍ അപകടമുണ്ടായാല്‍ - എത്ര ഗുരുതരമാണെങ്കിലും - അമേരിക്കന്‍ വ്യവസായികളുടെ ബാദ്ധ്യത തുലോം പരിമിതപ്പെടുത്തുന്നതാണ് ബില്‍. ഇതും പരമാധികാരത്തെ ബാധിക്കുന്ന പ്രശ്നമാണ്.

ആഗോളവല്‍ക്കരണം രാഷ്ട്രങ്ങളുടെ പരമാധികാരത്തെ നഷ്ടപ്പെടുത്തുന്നു. ആഗോളവല്‍ക്കരണം ഏറ്റവും അധികം സ്വാധീനിക്കുകയും വ്യതിയാനപ്പെടുത്തുകയും ചെയ്യുന്ന സ്ഥാപനം രാഷ്ട്രമാണ്. അയ്ജാസ് അഹമ്മദ് വര്‍ഷങ്ങള്‍ക്കുമുമ്പു ചൂണ്ടിക്കാട്ടിയതുപോലെ, "രാഷ്ട്രത്തിന്റെ നിയോഗം തന്നെ മാറ്റപ്പെട്ടിരിക്കുന്നു'', "മുന്‍കാലത്ത് രാജ്യത്തിന്റെ താല്‍പര്യങ്ങളെ വിദേശത്തു പ്രതിനിധാനം ചെയ്ത സ്റ്റേറ്റ് ഇപ്പോള്‍ വിദേശ ശക്തികളെ രാജ്യത്തിനുള്ളില്‍ പ്രതിനിധാനം ചെയ്യുകയാണ്''.

ആഗോളവല്‍ക്കരണം പ്രധാനമായും പരമാധികാരം കവര്‍ന്നെടുക്കുന്നത് ലോകവ്യാപാര സംഘടന (ഡബ്ള്യുടിഒ) യിലൂടെയാണ്. അത് ഒരു പുതിയ അന്താരാഷ്ട്ര ഭരണഘടനാസംവിധാനം ഉണ്ടാക്കിയിരിക്കുന്നു. ഡബ്ള്യുടിഒയുടെ ആദ്യ ഡയറക്ടര്‍ ജനറല്‍ റെണാറ്റോ റെഗേറിയോ 1999 ഏപ്രില്‍ 12-ാം തീയതി ജനീവയില്‍ പ്രസ്താവിച്ചു: "വിഭിന്ന ദേശീയ സമ്പദ്ക്രമങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളെപ്പറ്റിയുള്ള ചട്ടങ്ങള്‍ ഉണ്ടാക്കുകയല്ല ഞങ്ങള്‍. ഒരു ഏകലോക സമ്പദ്ക്രമത്തിന്റെ ഭരണഘടന നിര്‍മ്മിക്കുകയാണ് ഞങ്ങള്‍''. ഈ പ്രസ്താവനയില്‍ രാഷ്ട്രങ്ങളോ ദേശങ്ങളോ ജനങ്ങളോ പരാമര്‍ശിക്കപ്പെടുന്നില്ല.

ആഗോളവല്‍ക്കരണം സമ്പദ്ക്രമങ്ങളെ മാത്രമല്ല, സാര്‍വദേശീയ ബന്ധങ്ങളെയും മാറ്റുന്നു. 1995ല്‍ ലോകവ്യാപാരസംഘടനയെ സൃഷ്ടിച്ചത് ആഗോള ഭരണക്രമത്തിനുള്ള ഏറ്റവും ശക്തമായ സ്ഥാപനമായാണ്. ഐഎംഎഫിനോടും ലോകബാങ്കിനോടുമൊപ്പമാണ് ഭരണം.

ഒരു പുതിയ ആഗോള ഭരണഘടനാ വ്യവസ്ഥിതിയാണ് ഡബ്ള്യുടിഒയും മറ്റ് വ്യാപാരസംഘടനകളും കൂടെ ഉണ്ടാക്കിയിരിക്കുന്നത്. ഇവയുമായി രാഷ്ട്രങ്ങള്‍ ഉണ്ടാക്കുന്ന ഉടമ്പടികളെല്ലാം ചില പ്രത്യേക സ്ഥാപനപര രൂപങ്ങളെയും നയങ്ങളെയും എന്നും പരിപാലിക്കാമെന്ന് ഉറപ്പു നല്‍കുന്നവയാണ്.

രാഷ്ട്രങ്ങളുടെ ഭരണഘടനകള്‍ ഉള്‍പ്പെടെയുള്ള ദേശീയ നിയമങ്ങളെ എങ്ങനെയാണ് ഇത് ബാധിക്കുക? ഉടമ്പടികളനുസരിച്ച് ആവശ്യമായാല്‍ അവയെ മാറ്റും; അവയ്ക്കും അവ പ്രതിനിധീകരിക്കുന്ന ജനങ്ങളുടെ പരമാധികാരത്തിനും ഉപരിയാണ് ഡബ്ള്യുടിഒ എന്നു കാട്ടിക്കൊണ്ട്. മെക്സിക്കോയില്‍ വിദേശ നിക്ഷേപകര്‍ക്ക് സ്വത്തവകാശം നല്‍കിക്കൊണ്ട് ഭരണഘടന ഭേദഗതി ചെയ്തു. ഫിലിപൈന്‍സില്‍, ഡബ്ള്യുടിഒയില്‍ അംഗമാകുന്നത് ഭരണഘടനാവിരുദ്ധമെന്ന് ആദ്യം തീരുമാനിച്ച സുപ്രീംകോടതി, അങ്ങനെയുമാകാമെന്ന് വിധിന്യായം തിരുത്തി എഴുതി.

ഇന്ത്യയ്ക്ക് നല്ല ഒരു പേറ്റന്റ് നിയമം ഉണ്ടായിരുന്നു. പുതിയ ആഗോള ഭരണഘടനാ വ്യവസ്ഥിതിയില്‍ അതില്‍ ഭേദഗതികള്‍ വരുത്തണമെന്ന് ഡബ്ള്യുടിഒ ആവശ്യപ്പെട്ടു. ഡബ്ള്യുടിഒ നിര്‍ദ്ദേശിച്ച തീയതിക്കു മുന്‍പുതന്നെ ഉദ്ദേശിച്ചതിലധികം ഭേദഗതികള്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കി. (ആവശ്യത്തില്‍ കൂടുതല്‍ ഭേദഗതികളുണ്ടാക്കിയെന്ന നിരീക്ഷണം ലോ കമ്മീഷന്റേതാണ്). ഇന്ത്യയില്‍ ആരും തന്നെ, ഒരു രാഷ്ട്രീയ പാര്‍ടിയും, ഒരു സംഘടനയും, ഒരു പാര്‍ലമെന്റംഗവും പേറ്റന്റ് നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ടിരുന്നില്ല. നമ്മുടെ പരമാധികാര പാര്‍ലമെന്റ് എന്തു നിയമങ്ങള്‍ എപ്പോള്‍ പാസ്സാക്കണമെന്ന് തീരുമാനിക്കുന്നതാണ് ഡബ്ള്യുടിഒയുടെ ഭരണഘടനാ വ്യവസ്ഥിതി. എത്രയോ ബില്ലുകള്‍ (ഉദാ: വനിതാ സംവരണ ബില്‍) പാര്‍ലമെന്റിന്റെ തറയില്‍ പൊടിപിടിച്ചു കിടക്കുന്നു.

2000ല്‍ സിയാറ്റിലില്‍ നടന്ന ഡബ്ള്യുടിഒ സമ്മേളനം സമ്പൂര്‍ണ പരാജയമായിരുന്നു. അടുത്ത സമ്മേളനം ദോഹയില്‍ നടത്താന്‍ ആലോചനകള്‍ തുടങ്ങി. എന്നാല്‍ ലോകവ്യാപാര സംഘടന തീരുമാനങ്ങളെടുക്കുന്ന രീതിയെപ്പറ്റിയും അതിന്റെ പ്രവര്‍ത്തനശൈലിയെപ്പറ്റിയും ശക്തമായ വിമര്‍ശനം ദോഹയില്‍ ഉയര്‍ത്താന്‍ പ്രമുഖ വികസ്വര രാഷ്ട്രങ്ങള്‍ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു. ഇവര്‍ക്കു കനത്ത തിരിച്ചടി നല്‍കി അവരെ നിശ്ശബ്ദരാക്കാന്‍ ഭീകരവാദവിരുദ്ധ യുദ്ധത്തെ അമേരിക്ക ഉപയോഗിച്ചു.

പുതിയ വ്യാപാര കൂടിയാലോചനകളും സുരക്ഷാ പ്രശ്നങ്ങളും - ഇവ തമ്മില്‍ നേരത്തെ ബന്ധപ്പെടുത്തിയിരുന്നില്ല - ഒന്നായി തീര്‍ന്നു. പുതിയ വട്ടത്തെ നേരത്തെ എതിര്‍ത്തിരുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് ദോഹയില്‍ അതിനു പിന്തുണ നല്‍കേണ്ടിവന്നു. ദോഹയില്‍ പുതിയ വട്ടത്തിനെതിരെ ഇന്ത്യയുടെ വാണിജ്യമന്ത്രി മുരശൊലി മാരന്‍ അവസാനം വരെ ധീരമായി പൊരുതി നോക്കി. പക്ഷേ എന്തു ചെയ്യാം, ഇന്ത്യയുടെ പ്രധാനമന്ത്രി വാജ്പേയി സെപ്തംബര്‍ 11നെ തുടര്‍ന്ന് വാഷിംഗ്ടണ്‍ സന്ദര്‍ശിച്ചപ്പോള്‍ ഈ കാര്യത്തില്‍ പ്രസിഡന്റു ബുഷിന് ഉറപ്പു നല്‍കിയിരുന്നു.

ഭീകരവാദവിരുദ്ധ യുദ്ധം ഡബ്ള്യുടിഒയുടെ ഒരു പ്രധാന പ്രശ്നം - പുതിയ വട്ടത്തോടുള്ള എതിര്‍പ്പ് - പരിഹരിച്ചു. അങ്ങനെ ഭീകരവാദവിരുദ്ധ യുദ്ധത്തിലെ ആദ്യ വിജയികളിലൊന്ന് ഡബ്ള്യുടിഒയായിരുന്നു. സാമ്രാജ്യത്വത്തിനുവേണ്ടി ആഗോളീകരണത്തിന് സുരക്ഷ നല്‍കുകയാണ് ഭീകരവാദവിരുദ്ധ യുദ്ധത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് എന്ന് വ്യക്തമായി.

ദോഹയില്‍ തോക്കു ചൂണ്ടി നേടിയ വിജയം ലോക വ്യാപാര സംഘടനയെ എങ്ങും എത്തിച്ചില്ല. ദോഹ സമ്മേളനം കഴിഞ്ഞിട്ട് എട്ടുവര്‍ഷങ്ങളിലധികമായി. ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും നയങ്ങള്‍ക്കെതിരെ - കാര്‍ഷിക സബ്സിഡിയെപ്പറ്റിയും മറ്റും -യെടുത്ത നിലപാടാണ് ദോഹാവട്ടത്തെ പ്രതിസന്ധിയിലാക്കിയത്.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ ഏതാണ്ട് അവസാനം വരെ ഇന്ത്യയുടെ എതിര്‍പ്പ് നിലനിന്നു. പക്ഷേ രണ്ടാം യുപിഎ സര്‍ക്കാര്‍ ചുവടുമാറ്റം നടത്തിയെന്നു മാത്രമല്ല, കൂടിയാലോചനകള്‍ സുഗമമാക്കാന്‍ മുന്‍കൈയെടുക്കുകയും ചെയ്തു. ന്യൂഡല്‍ഹിയില്‍ മന്ത്രിതല സമ്മേളനം വിളിച്ചുകൂട്ടി. തുടര്‍ന്ന് ജനീവയില്‍ നടന്ന കൂടിയാലോചനകളിലും സജീവമായി പങ്കെടുത്തു. അമേരിക്കയുമായുള്ള ആണവക്കരാറില്‍ ഇന്ത്യ ഒപ്പുവെച്ചപ്പോള്‍, അമേരിക്കയുണ്ടാക്കിയ ഒരു വ്യവസ്ഥ, ദോഹവട്ടത്തോടുള്ള എതിര്‍പ്പ് അവസാനിപ്പിച്ച് കൂടിയാലോചനകള്‍ക്ക് സഹായകമായ നിലപാടെടുക്കണമെന്നായിരുന്നു. പരമാധികാരം നഷ്ടപ്പെടുത്തുന്ന ഒരു വഴി കൂടെയായി.

*
പ്രൊഫ. നൈനാന്‍ കോശി ചിന്ത വാരിക

Friday, January 29, 2010

അറുപത് വര്‍ഷം പിന്നിട്ട റിപ്പബ്ളിക്കില്‍ ജനാധിപത്യത്തിന്റെ അവസ്ഥ

ഓരോ പൌരനും ഏറ്റവും ചുരുങ്ങിയ പൌരാവകാശങ്ങളും വ്യക്തി സ്വാതന്ത്ര്യങ്ങളുമെങ്കിലും ഉറപ്പാക്കിക്കൊണ്ട് ബഹുകക്ഷി പാര്‍ലമെന്ററി ജനാധിപത്യം നിലനിര്‍ത്താന്‍ ഇന്ത്യയ്ക്കു കഴിഞ്ഞുവെന്നത്, അതിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഇത്തരം സ്വാതന്ത്ര്യങ്ങളില്‍ ഇടപെട്ട അടിയന്തിരാവസ്ഥയുടെ ചുരുങ്ങിയ കാലഘട്ടം, അത് ഏര്‍പ്പെടുത്തിയവരെ ഒരു പാഠം പഠിപ്പിക്കുകയുണ്ടായി - അതിനുശേഷം അത് ആവര്‍ത്തിക്കാന്‍ അവര്‍ക്ക് ധൈര്യമുണ്ടായിട്ടില്ല. ഭരണഘടന പരിഷ്കരിക്കാന്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് ശ്രമിച്ചുവെങ്കിലും (അത് നടന്നിരുന്നുവെങ്കില്‍ നിലവിലുള്ള ജനാധിപത്യ സംവിധാനങ്ങള്‍ക്ക് മാറ്റം വരുമായിരുന്നു) അതിനുള്ള നടപടി കൈക്കൊള്ളും മുമ്പുതന്നെ അത് ഉപേക്ഷിക്കേണ്ടിവന്നു. അതായത് മൌലിക ജനാധിപത്യസംവിധാനം ഒട്ടൊക്കെ നിലവില്‍ വന്നു കഴിഞ്ഞിട്ടുണ്ട്; മാത്രമല്ല ജനങ്ങള്‍ അത് ആവേശത്തോടെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിനെ അട്ടിമറിക്കാന്‍ ആരെങ്കിലും ശ്രമിക്കുകയാണെങ്കില്‍, അത് വിഷമകരമായിത്തീരുകയും ചെയ്യും.

ഇത്തരം സ്വാതന്ത്ര്യങ്ങള്‍ കടലാസില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്ന പ്രദേശങ്ങള്‍ രാജ്യത്തുണ്ട് എന്നത് ശരി തന്നെ. ഈ ജനാധിപത്യ സ്ഥാപനങ്ങള്‍ ഉണ്ടായിട്ടും ഗിരിവര്‍ഗജനങ്ങളെപ്പോലെയുള്ള ചില വിഭാഗങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നുണ്ട്; മാത്രമല്ല പലപ്പോഴും ഇത്തരം അടിച്ചമര്‍ത്തല്‍ നടക്കുന്നത് ഈ സംവിധാനങ്ങളിലൂടെത്തന്നെയാണുതാനും. ഇന്ത്യന്‍ സമൂഹത്തിന്റെ സവിശേഷ സ്വഭാവമായിത്തീര്‍ന്നിട്ടുള്ള വന്‍തോതിലുള്ള സാമൂഹ്യ - സാമ്പത്തിക അസമത്വങ്ങള്‍ നിലനില്‍ക്കുന്നുവെന്നു മാത്രമല്ല, ഭീകരമായ വേഗത്തില്‍ അത് വിപുലമായിത്തീരുകയും ചെയ്യുന്നു. അതെന്തായാലും, ഇപ്പോഴും നിലനില്‍ക്കുന്ന ജനാധിപത്യഘടന ഏറെ പ്രശംസനീയം തന്നെയാണ്. കാരണം ജാതികളും ഉപജാതികളുമായി വേര്‍പിരിഞ്ഞുകിടക്കുന്ന ഒരു സമൂഹത്തില്‍ നിയമപരമായിട്ടെങ്കിലുമുള്ള സമത്വത്തിന്റെ സ്ഥാപനവല്‍ക്കരണം, വിപ്ളവകരമായ നേട്ടത്തില്‍ കുറഞ്ഞതൊന്നുമല്ല. അടിച്ചമര്‍ത്തപ്പെട്ടവരും ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുന്നതില്‍ വ്യഗ്രത കാണിക്കുന്നുവെന്ന വസ്തുത (നഗരങ്ങളിലെ സാമാന്യം ഭേദപ്പെട്ട ഇടത്തരക്കാര്‍ കാണിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആവേശം അവര്‍ ഇക്കാര്യത്തില്‍ കാണിക്കുന്നുണ്ട്)തെളിയിക്കുന്നത്, ഇത്തരം ജനാധിപത്യപരമായ സംവിധാനങ്ങളാണ് തങ്ങളുടെ ശാക്തീകരണത്തിന് കാരണം എന്ന ബോധം അവരില്‍ ഉണ്ടായിട്ടുണ്ട് എന്നാണ്.

എങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, രാജ്യത്ത് ഒരര്‍ഥത്തില്‍ ജനാധിപത്യം ക്ഷീണിച്ചുവരികയാണ് എന്നു കാണാം. അര്‍ത്ഥപൂര്‍ണമായ ജനാധിപത്യത്തിന് അനിവാര്യഘടകമായ കൂട്ടായ പ്രവര്‍ത്തനം ഫലത്തില്‍ ഇല്ലാതായിത്തീര്‍ന്നതുമായി ബന്ധപ്പെട്ടതാണിത്. ജനങ്ങള്‍ക്ക് ഇപ്പോഴും വോട്ടവകാശം ലഭിക്കുന്നുണ്ട്; അവരത് വിനിയോഗിക്കുന്നുമുണ്ട്. എന്നാല്‍ തങ്ങളുടെ ഭൌതിക ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ അവര്‍ കൂട്ടായി പ്രവര്‍ത്തിക്കുന്നത് ഇല്ലാതായിത്തീര്‍ന്നിരിക്കുന്നു. പ്രകടനം നടത്തുന്നതുതൊട്ട്, പണിമുടക്കുകളും കര്‍ഷകസമരങ്ങളും വരെയുള്ള കൂട്ടായ ഇടപെടല്‍ വളരെ ദുര്‍ലഭമായിത്തീര്‍ന്നിരിക്കുന്നു. "സ്വത്വ രാഷ്ട്രീയ''ത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങളില്‍ ജനങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ശരി തന്നെ. അത്തരം സ്വത്വ രാഷ്ട്രീയം വര്‍ഗീയ ഫാസിസത്തിന്റെ തീവ്രവും അപകടകരവുമായ രൂപം കൈക്കൊള്ളുമ്പോള്‍പോലും അവര്‍ കൂട്ടായി പ്രവര്‍ത്തിക്കുന്നു. ഉദാഹരണത്തിന് ഒരു പള്ളി തകര്‍ക്കുന്നതിനുവേണ്ടിയും ഒരു പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യത്തിനുവേണ്ടിയും സംവരണത്തിനുവേണ്ടിയും അഥവാ സംവരണത്തെ എതിര്‍ക്കുന്നതിനുവേണ്ടിയും അവര്‍ കൂട്ടായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ വംശീയമോ ജാതിപരമോ മതപരമോ പ്രാദേശികമോ വര്‍ഗീയമോ ആയ അതിര്‍ത്തികളെ മുറിച്ചുകടന്ന് ഒരു കൂട്ടായ്മയായി അവര്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നില്ല.

അത്തരം കൂട്ടായ പ്രവര്‍ത്തനം അഥവാ പ്രക്ഷോഭം ഏറെക്കാലം നമ്മുടെ രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമായിരുന്നു എന്നതുകൊണ്ട് ഇത് പ്രത്യേകം ശ്രദ്ധേയമാണ്. ഈ രാജ്യത്തിന്റെ കോളണി വിരുദ്ധ സമരം (ഇന്ന് നാം അനുഭവിക്കുന്ന ജനാധിപത്യഘടന അതിന്റെ പൈതൃകമാണ്) കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിസ്ഫോടനംകൊണ്ട് ശ്രദ്ധേയമായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല - രാജ്യത്തിന്റെ വിഭജനം എന്ന അതിന്റെ ദുരന്ത പര്യവസാനം ആ കൂട്ടായ്മയുടെ നിഷേധമായിരുന്നുവെങ്കില്‍ത്തന്നെയും. സ്വാതന്ത്ര്യത്തെ തുടര്‍ന്നുള്ള പതിറ്റാണ്ടുകളിലും കൂട്ടായ പ്രക്ഷോഭം നടന്നുകൊണ്ടിരുന്നു; അത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഊര്‍ജ്ജസ്വലത നല്‍കുകയും ചെയ്തു. എന്നാല്‍, ഖേദകരമെന്നു പറയട്ടെ, പിന്നീടത് നഷ്ടപ്പെടുകയാണുണ്ടായത്.

ഇത് വിശദമാക്കുന്നതിന് ചില ഉദാഹരണങ്ങള്‍ എടുത്തു കാണിക്കാം. 1950കളുടെ ആദ്യത്തില്‍ കല്‍ക്കത്തയില്‍ ട്രാം ചാര്‍ജ് ഒരു പൈസ കണ്ട് വര്‍ദ്ധിപ്പിച്ചപ്പോള്‍, അന്നത്തെ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ അതിനെതിരായി ശക്തമായ ജനകീയസമരം നടന്നു. ചാര്‍ജ് വര്‍ധന പിന്‍വലിപ്പിക്കുന്നതിന് ആ സമരംകൊണ്ട് കഴിഞ്ഞു. അതുപോലെത്തന്നെ അമ്പതുകളുടെ അവസാനം പ്രസിദ്ധമായ വമ്പിച്ച ഭക്ഷ്യപ്രക്ഷോഭത്തിന് കല്‍ക്കത്ത സാക്ഷ്യംവഹിക്കുകയുണ്ടായി. സത്യജിത് റേയെപോലുള്ള പ്രമുഖ വ്യക്തികള്‍ അതിന് പരസ്യമായി പിന്തുണ നല്‍കി. 1960കളുടെ ഒടുവില്‍ മുംബൈയില്‍ വമ്പിച്ച വിലക്കയറ്റം ഉണ്ടായപ്പോള്‍ (ഇന്നിപ്പോള്‍ അനുഭവപ്പെടുന്ന വിലക്കയറ്റത്തേക്കാള്‍ രൂക്ഷമാകണമെന്നില്ല അന്നത്തെ വിലക്കയറ്റം) അഹല്യാ രംഗനേക്കര്‍, മൃണാള്‍ഗോറെ തുടങ്ങിയ വനിതാ നേതാക്കളുടെ നേതൃത്വത്തില്‍ വീട്ടമ്മമാര്‍ കൂട്ടത്തോടെ തെരുവിലിറങ്ങി കിണ്ണം കൊട്ടിയും ചപ്പാത്തി കോലുയര്‍ത്തിയും നാടകീയമായി അവര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. എഴുപതുകളുടെ തുടക്കത്തില്‍, വിലക്കയറ്റവും പണപ്പെരുപ്പവും തൊഴിലാളികളുടെ ജീവിതനിലവാരത്തെ രൂക്ഷമായി ബാധിച്ചപ്പോള്‍, എഞ്ചിന്‍ ഡ്രൈവര്‍മാരുടെ പണിമുടക്ക് അടക്കം വമ്പിച്ച പണിമുടക്കുകള്‍ നടന്നു. (പ്രസിദ്ധമായ റെയില്‍വെ പണിമുടക്കിലാണ് അത് ചെന്നവസാനിച്ചത്). 1970കളുടെ തുടക്കത്തിലെ രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് കൈക്കൊണ്ട നിരവധി നടപടികളുടെ കൂട്ടത്തില്‍, കര്‍ഷകദ്രോഹപരമായ വ്യാപാര നടപടികളും ഉണ്ടായിരുന്നു. ഡെല്‍ഹിയിലെ ബോട്ട് ക്ളബ് മൈതാനത്ത് കൂറ്റന്‍ കര്‍ഷക റാലികള്‍ നടക്കുന്നതിന് അതിടയാക്കി. ചുരുക്കത്തില്‍ കൂട്ടായ പ്രക്ഷോഭം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാഗമായിരുന്നു; അതിന്റെ ജീവരക്തം തന്നെയായിരുന്നു.

എന്നാല്‍ 1990കളുടെ തുടക്കംതൊട്ട് അത്തരം കൂട്ടായ പ്രക്ഷോഭങ്ങള്‍ ശ്രദ്ധേയമായിത്തീര്‍ന്നത് അവയുടെ അഭാവം കൊണ്ടാണ്. ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ കൈക്കൊണ്ട പുത്തന്‍ ഉദാരവല്‍ക്കരണ നയങ്ങളുടെ ഫലമായി സംജാതമായ കാര്‍ഷിക പ്രതിസന്ധി കാരണം, 1,84,000 ഓളം കൃഷിക്കാര്‍ ആത്മഹത്യ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. എന്നിട്ടും അത്തരം നയങ്ങള്‍ക്കെതിരായി എടുത്തു പറയത്തക്കതായ കര്‍ഷക സമരങ്ങളോ റാലികള്‍ പോലുമോ ഉണ്ടായില്ല. തെലങ്കാനാ സമരവും തേഭാഗാ കര്‍ഷക സമരവും അവിടെ നില്‍ക്കട്ടെ. മഹേന്ദ്രസിങ് ടിക്കായത്തിന്റെ സമരങ്ങളെ ഓര്‍മിപ്പിക്കുന്ന സമരങ്ങളും പ്രകടനങ്ങളുംപോലും ഉണ്ടായില്ല. സ്വാതന്ത്ര്യത്തിനുമുമ്പ് സ്വാമി സഹജാനന്ദ സരസ്വതിയുടെയും മൌലാനാ ഭാഷനിയുടെയും നേതൃത്വത്തില്‍ നടന്ന സമരങ്ങളെപോലെയുള്ള സമരങ്ങളുടെ കാര്യം പിന്നെ പറയാനുമില്ലല്ലോ. കഴിഞ്ഞ കുറെ കാലത്തിനുള്ളില്‍ ഉണ്ടായിട്ടുള്ളതില്‍വെച്ച് ഏറ്റവും രൂക്ഷമായ വിലക്കയറ്റമാണ് ഇപ്പോള്‍ രാജ്യത്തെ ഗ്രസിച്ചിരിക്കുന്നത് - പ്രത്യേകിച്ചും ഭക്ഷ്യസാധനങ്ങളുടെ കാര്യത്തില്‍. എന്നിട്ടും ജനങ്ങള്‍ തികഞ്ഞ ശാന്തത കാണിക്കുന്നുവെന്നതാണ് ഈ കാലത്തിന്റെ എടുത്തു പറയത്തക്കതായ പ്രത്യേകത. കൂട്ടായ പ്രക്ഷോഭത്തിന്റെ അഭാവത്തെ, ഈ ശാന്തത കാണിക്കുന്നിടത്തോളം വ്യക്തമായി, മറ്റൊന്നും തന്നെ എടുത്തു കാണിക്കുന്നില്ല.

കൂട്ടായ നടപടിയുടെ "പിന്‍വാങ്ങല്‍'' ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ സവിശേഷ സ്വഭാവമാണ്. "വ്യക്തികളു''ടെ അവകാശങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുമ്പോള്‍ത്തന്നെ, എല്ലാവിധ കൂട്ടായ്മകളെയും ബൂര്‍ഷ്വാ ജനാധിപത്യം വ്യക്ത്യധിഷ്ഠിതമാക്കിത്തീര്‍ക്കുന്നു; അതുവഴി ജനങ്ങളെ നിര്‍വീര്യരാക്കിത്തീര്‍ക്കുന്നു; സര്‍വശക്തരായ "സ്വതന്ത്ര'' ഏജന്റുമാരാണെന്ന് വാഴ്ത്തപ്പെടുന്ന വ്യക്തികളെപ്പോലും അങ്ങനെ നിര്‍വീര്യരാക്കിത്തീര്‍ക്കുന്നു. ബൂര്‍ഷ്വാ വ്യവസ്ഥ ജനാധിപത്യത്തെ ഔപചാരികമായി ഉയര്‍ത്തിപ്പിടിക്കുന്ന അവസരത്തില്‍ത്തന്നെ, അതിനെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അണുവല്‍ക്കരിക്കപ്പെട്ട വ്യക്തികളടങ്ങുന്ന പതിവ് കാര്യമായി ചുരുക്കിക്കൊണ്ടു വന്നിരിക്കുകയാണ്. അണുവല്‍ക്കരിക്കപ്പെട്ട ഈ വ്യക്തികള്‍ക്കാകട്ടെ, പരിപാടികളുടെ കാര്യത്തില്‍ തമ്മില്‍ത്തമ്മില്‍ ഏറെയൊന്നും വ്യത്യാസമില്ലാത്ത പാര്‍ടികളില്‍ ഏതെങ്കിലും ഒന്നിനെ തിരഞ്ഞെടുക്കാനുള്ള രാഷ്ട്രീയമായ അവസരമേ ഉള്ളൂതാനും. അതുകൊണ്ട് പുത്തന്‍ ഉദാരവല്‍ക്കരണ കാലഘട്ടത്തില്‍ രാജ്യത്തിലെ ബൂര്‍ഷ്വാ ജനാധിപത്യം കൂടുതല്‍ ദൃഢമായിത്തീരുന്ന കാഴ്ചയാണ് നാം കാണുന്നത്. അതേ അവസരത്തില്‍ത്തന്നെ മുന്‍കാലങ്ങളിലെ കൂട്ടായ പ്രവര്‍ത്തനത്തോടുകൂടിയ ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തില്‍നിന്ന് അത് പിന്‍വാങ്ങുകയും ചെയ്യുന്നു. ചുരുക്കത്തില്‍ ജനാധിപത്യത്തിന്റെ ജനാധിപത്യപരമായ ഉള്ളടക്കം കളഞ്ഞു കുളിച്ചുകൊണ്ടുള്ള ബൂര്‍ഷ്വാ ജനാധിപത്യത്തിലേക്ക് നാം മുന്നേറിയിരിക്കുകയാണ്.

വിവിധ രാഷ്ട്രീയ പാര്‍ടികളുടെ പരിപാടികള്‍ തമ്മില്‍ നിലവിലുള്ള അവശേഷിച്ച വ്യത്യാസങ്ങള്‍ കൂടി ഇല്ലായ്മ ചെയ്യുന്നത്, പുത്തന്‍ ഉദാരവല്‍ക്കരണ കാലഘട്ടത്തിന്റെ ആദര്‍ശമായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. ഉദാഹരണത്തിന്, "വികസനത്തെ രാഷ്ട്രീയത്തിന് അതീതമായി കാണണം'' എന്ന വാദം പ്രധാനമന്ത്രി മുതല്‍ താഴോട്ടുള്ളവരെല്ലാം ന്യായമായ ഒരു സംഘഗാനംപോലെ ആലപിച്ചുകൊണ്ടിരിക്കുന്നു. "വികസനം'' എന്നാല്‍ എന്ത് എന്നതിന്റെ നിര്‍വചനം തന്നെ തര്‍ക്ക വിഷയമാണ്; രാഷ്ട്രീയ വിവാദം ഉള്‍ക്കൊള്ളുന്നതാണത്. അതുകൊണ്ട് "വികസനത്തെ'' രാഷ്ട്രീയത്തിനതീതമായി കാണണം എന്നുപറയുന്നത്, ഒരു പ്രത്യേക വികസന സങ്കല്‍പനത്തിന് (അതായത് പുത്തന്‍ ഉദാരവല്‍ക്കരണ സങ്കല്‍പനത്തിന്) മേല്‍ സമവായം ഉണ്ടാക്കിയെടുക്കുന്നതിനു തുല്യമാണ്. പുത്തന്‍ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് സാര്‍വത്രികമായ അംഗീകാരം നേടിയെടുക്കുന്നതിനും വിവിധ പാര്‍ടികളുടെ പരിപാടികള്‍ തമ്മില്‍ത്തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇല്ലാതാക്കുന്നതിനും അതുവഴി രാഷ്ട്രീയത്തെ വിരസമായ തിരഞ്ഞെടുപ്പായി ചുരുക്കുന്നതിനും ഉള്ള നീക്കമാണത്. രണ്ടു പേരുകളിലുള്ള സോപ്പുപൊടികളില്‍ ഒന്ന് തിരഞ്ഞെടുക്കുന്നതുമായി, ഇതിന് വലിയ വ്യത്യാസമൊന്നുമില്ല. തങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ബദല്‍ അജണ്ടകളില്‍നിന്ന് ഒന്നു തിരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കുന്നതിനുപകരം, ഒരു പ്രത്യേക അജണ്ട അവരുടെ തലയില്‍ കെട്ടിയേല്‍പ്പിക്കുകയും ആ അജണ്ടയെക്കുറിച്ച് എല്ലാ രാഷ്ട്രീയ പാര്‍ടികള്‍ക്കിടയിലും സമവായം നിര്‍മിച്ചെടുക്കുകയും ആണതിന്റെ ഉദ്ദേശം. ചുരുക്കത്തില്‍ ജനാധിപത്യത്തെ ശോഷിപ്പിച്ച് ദുര്‍ബലമാക്കുകയാണതിന്റെ ഫലം.

അത്തരം ഒരു അജണ്ട എല്ലാവര്‍ക്കും ഗുണമുണ്ടാക്കുകയാണെങ്കില്‍, ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവസരം ഇല്ലാതാക്കുന്നതിനെ ഒരുപക്ഷേ അവഗണിക്കാം എന്ന് കരുതുക. എന്നാല്‍ അങ്ങനെ സംഭവിക്കുന്നില്ല എന്നതാണ് വസ്തുത. ഗവണ്‍മെന്റ് അടക്കം എല്ലാവരും അത് അംഗീകരിച്ചതാണ്. അതുകൊണ്ട്, കൃഷിക്കാര്‍ക്കും ചെറുകിട ഉല്‍പാദകര്‍ക്കും തൊഴിലാളികള്‍ക്കും പ്രകടമായ വിധത്തില്‍ ദുരിതം വരുത്തിവെയ്ക്കുന്ന പുത്തന്‍ ഉദാരവല്‍ക്കരണ മുതലാളിത്തത്തിന് അംഗീകാരം നേടാനുള്ള നീക്കമാണ്, "വികസന''ത്തിന്റെ മേല്‍ സമവായം ഉണ്ടാക്കാനുള്ള ശ്രമം.

"രാഷ്ട്രീയത്തിന് അതീതമായ വികസന''ത്തെ സംബന്ധിച്ച പ്രസംഗങ്ങളൊക്കെയുണ്ടെങ്കിലും ഗവണ്‍മെന്റിന് ജനങ്ങളില്‍നിന്ന് സ്വയം രക്ഷപ്പെടാനുള്ള പോംവഴി ഇപ്പോഴും ഉണ്ടായിട്ടില്ല. കാലാകാലങ്ങളില്‍ ഗവണ്‍മെന്റിന് തിരഞ്ഞെടുപ്പിനെ നേരിടേണ്ടതുണ്ടല്ലോ. അതിനാല്‍ കൂട്ടായ പ്രവര്‍ത്തനത്തില്‍നിന്നുള്ള പിന്‍വാങ്ങലില്‍, രാഷ്ട്രത്തിലെ നിയമനിര്‍മ്മാണ സംവിധാനം എടുത്തു പറയത്തക്ക വിധത്തില്‍ ഇനിയും ഉള്‍പ്പെട്ടു കഴിഞ്ഞിട്ടില്ല. ഇത്തരം പിന്‍വാങ്ങലില്‍, രാഷ്ട്രത്തിന്റെ മറ്റ് സംവിധാനങ്ങളാണ് മുന്നില്‍ നില്‍ക്കുന്നത്. എക്സിക്യൂട്ടീവ് അത്തരം നേതൃത്വപരമായ പങ്ക് ഏറ്റെടുത്ത ഒരു ഘട്ടമാണ് അടിയന്തിരാവസ്ഥ. എന്നാല്‍, ആ അധ്യായത്തില്‍നിന്ന് എക്സിക്യൂട്ടീവ് പഠിച്ച ആരോഗ്യകരമായ പാഠം, തുടര്‍ന്ന് എക്സിക്യൂട്ടീവിനെ ചങ്ങലയ്ക്കിടുന്നതിലേയ്ക്കാണ് നയിച്ചത്. പില്‍ക്കാലത്ത്, ജുഡീഷ്യറിയാണ്, ബന്ദിനും പണിമുടക്കുകള്‍ക്കും പ്രകടനങ്ങള്‍ക്കും മറ്റും എതിരായി വിധി പ്രഖ്യാപിച്ചുകൊണ്ട്, കൂട്ടായ പ്രവര്‍ത്തനത്തില്‍നിന്ന് പിന്‍വാങ്ങുന്നതിന് നേതൃത്വം നല്‍കിയത്. കൂട്ടായ പ്രക്ഷോഭങ്ങള്‍ക്കുള്ള വഴി കൊട്ടിയടച്ചുകൊണ്ടും കൂട്ടായ്മയെ വ്യക്ത്യധിഷ്ഠിതമാക്കിക്കൊണ്ടും ജനങ്ങളുടെ ഒരേയൊരു വക്താവായി ദീനാനുകമ്പയാല്‍ പ്രചോദിതമായ ഗവണ്‍മെന്റിതര സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അല്‍പം ഇടം നല്‍കിക്കൊണ്ടും, ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുക എന്ന ബൂര്‍ഷ്വാ വ്യവസ്ഥയുടെ അജണ്ട നടപ്പാക്കാന്‍ തുടര്‍ച്ചയായി ശ്രമിക്കുകയാണ് ജുഡീഷ്യറി ചെയ്തത്. നഗരങ്ങളിലെ ഇടത്തരക്കാരില്‍ ഒരു നല്ല വിഭാഗത്തിന്റെ ആവേശകരമായ പിന്തുണ ഈ അജണ്ടയ്ക്കു ലഭിക്കുകയും ചെയ്തു. പുത്തന്‍ ഉദാരവല്‍ക്കരണ നയങ്ങളുടെ ഗുണഭോക്താക്കള്‍ അവരായിരുന്നുവല്ലോ. അതുകൊണ്ടുതന്നെ അവര്‍ ജുഡീഷ്യറിയെ തങ്ങളുടെ "രക്ഷകനായി'' കാണുകയും ചെയ്തു.

അതുകൊണ്ട് കൂട്ടായ പ്രക്ഷോഭത്തിന്റെ തളര്‍ച്ചയോടൊപ്പം നിയമനിര്‍മാണ സഭയോട് താരതമ്യപ്പെടുത്തുമ്പോള്‍ ജുഡീഷ്യറിയുടെ പ്രാധാന്യം താരതമ്യേന വര്‍ദ്ധിക്കുന്നതിനും ഇടയായി. എല്ലാ തരത്തിലുള്ള "രാഷ്ട്രീയ''ക്കാരേയും ചെകുത്താന്മാരായി ചിത്രീകരിച്ചുകൊണ്ട് ഇതിന് മാധ്യമങ്ങളും അവരുടേതായ സംഭാവന നല്‍കി.

അത്തരം "ജുഡീഷ്യല്‍ ആക്ടിവിസ''ത്തിന്റെ അടിയില്‍ക്കിടക്കുന്ന അവിതര്‍ക്കിതമായ സൂചന എന്തെന്ന് ഇന്ത്യയിലെ മുന്‍ ചീഫ് ജസ്റ്റീസ് ആയ ജസ്റ്റീസ് ലഹോട്ടി വ്യക്തമാക്കുകയുണ്ടായി: സ്റ്റേറ്റിന്റെ മറ്റ് രണ്ട് തൂണുകള്‍ക്കും ഉപരിയായിട്ടാണ് ജുഡീഷ്യറി നിലകൊള്ളുന്നത് എന്ന് അദ്ദേഹം അവകാശപ്പെട്ടു. "ചോദ്യം ചോദിക്കുന്നതിന് കോഴ'' വാങ്ങിയ അഴിമതിയില്‍ ചില പാര്‍ലമെന്റ് അംഗങ്ങളെ പുറത്താക്കിയ സംഭവത്തില്‍ ഇടപെടാനുള്ള സുപ്രീംകോടതിയുടെ നിയമപരമായ അധികാരത്തെ മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ചോദ്യം ചെയ്തതോടെ, ജുഡീഷ്യറിയുടെ ഈ കടന്നുകയറ്റത്തിന് ഒരു തിരിച്ചടി ലഭിച്ചു. അത്തരം ജുഡീഷ്യല്‍ കടന്നുകയറ്റത്തിന്റെ ഭാവി എന്തു തന്നെയായാലും, കൂട്ടായ പ്രക്ഷോഭത്തിന്റെ പിന്‍വാങ്ങല്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്നു.

അത്തരം പിന്‍വാങ്ങലിനെ ജനങ്ങള്‍ എന്തുകൊണ്ടാണ് അനുവദിക്കുന്നത് എന്നത് ഒരു തര്‍ക്ക വിഷയം തന്നെയാണ്. ആഗോളവല്‍ക്കരണത്തിന്റെ ഇന്നത്തെ കാലഘട്ടത്തില്‍ മൂലധനം, പ്രത്യേകിച്ചും ധനമൂലധനം, രാജ്യാതിര്‍ത്തികളെയും കടന്ന് മറ്റ് രാജ്യങ്ങളിലേക്ക് നീങ്ങുന്നതിനാല്‍, തൊഴിലാളിവര്‍ഗത്തിന്റെ ചെറുത്തുനില്‍പ്പ് ദുര്‍ബലമായിത്തീരുന്നു. അവരുടെ ചെറുത്തുനില്‍പ്പിന് ഓരോരോ പ്രത്യേക രാജ്യങ്ങളിലായി ഒതുങ്ങി നില്‍ക്കാതെ വഴിയില്ലല്ലോ. അങ്ങനെ തൊഴിലാളികളുടെ ചെറുത്തുനില്‍പ്പുണ്ടാവുകയാണെങ്കില്‍ അത് മൂലധനത്തെ ആ രാജ്യത്തില്‍നിന്ന് പുറത്തേക്ക് ഓടിക്കും; അതുമൂലം ഹ്രസ്വകാലാടിസ്ഥാനത്തില്‍ ധനപ്രതിസന്ധിയും ദീര്‍ഘ കാലാടിസ്ഥാനത്തില്‍ നിക്ഷേപക്കുറവും സംഭവിക്കും. അതുരണ്ടും തൊഴിലാളികളുടെ സ്ഥിതി കൂടുതല്‍ വഷളാക്കുകയും ചെയ്യും. അതുപോലെത്തന്നെ, ജമീന്ദാരേയും ജോത്തേദാരെയും പോലെ പ്രത്യക്ഷത്തില്‍ ഭൌതികമായി കാണപ്പെടുന്ന ഒരു മര്‍ദ്ദക സംവിധാനത്തിന്റെ പ്രവര്‍ത്തന ഫലമായിട്ടല്ല, മറിച്ച് വിദൂരസ്ഥവും അമൂര്‍ത്തവുമായ വിപണിയുടെ പ്രവര്‍ത്തന ഫലമായിട്ടാണ് കാര്‍ഷികത്തകര്‍ച്ച സംഭവിക്കുന്നത്. അതിനാല്‍ കര്‍ഷകരുടെ കൂട്ടായ അണിചേര്‍ക്കല്‍ എളുപ്പമല്ല. കാരണം ദുരിതത്തിന്റെ മൂലകാരണംതന്നെ, മിക്കപ്പോഴും ദുര്‍ഗ്രഹമായിട്ടാണ് നിലനില്‍ക്കുന്നത്. ചുരുക്കത്തില്‍, കൂട്ടായ പ്രവര്‍ത്തനത്തിന്റെ പിന്‍വാങ്ങാനുള്ള പ്രവണത, പുത്തന്‍ ഉദാരവല്‍ക്കരണ കാലഘട്ടത്തില്‍ അന്തര്‍ലീനമായി കിടക്കുന്നുണ്ട്. രാഷ്ട്രീയ പാര്‍ടികളുടെ ശരിയായ ഇടപെടലിലൂടെ അത്തരം കൂട്ടായ പ്രവര്‍ത്തനം വീണ്ടെടുക്കാന്‍ കഴിയുമെന്നത് ശരിതന്നെ. എന്നാല്‍ ആ കടമ വളരെ വിഷമകരമാണ്.

കൂട്ടായ പ്രക്ഷോഭത്തിന് വന്ന ഈ പതനത്തില്‍ പലരും കണ്ണീര്‍ വീഴ്ത്തുമെന്നും തോന്നുന്നില്ല. കാരണം അതിനെ ജുഡീഷ്യറി വീക്ഷിക്കുന്നതുപോലെ, "അരാജകത്വ''മായും "ജനങ്ങളെയാകെ ബന്ദികളാക്കി നിര്‍ത്തലാ''യും "നമ്മുടെ ഉയര്‍ന്ന വളര്‍ച്ചാനിരക്കിന് തടസ്സ''മായും മറ്റുമാണ് അവരും വീക്ഷിക്കുന്നത്. പണിമുടക്കുകളും ബന്ദുകളും മറ്റുള്ളവര്‍ക്ക് അസൌകര്യം ഉണ്ടാക്കും എന്ന കാര്യം നിഷേധിക്കുന്നില്ല. അസൌകര്യം ഉണ്ടാകും എന്ന് ഉദ്ദേശിച്ചുകൊണ്ടുതന്നെയാണ് അവ നടത്തപ്പെടുന്നത്. അതിനാണ് അവയെ അവലംബിക്കുന്നത്. അത്തരം പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ ദുരിതം അല്ലെങ്കില്‍ മറ്റുള്ളവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിയില്ലല്ലോ. അവയ്ക്ക് യാതൊരു ന്യായീകരണവും ഇല്ലാത്ത സന്ദര്‍ഭങ്ങളിലും അവ പലപ്പോഴും അവലംബിക്കപ്പെടാറുണ്ട് എന്നതും നിഷേധിക്കുന്നില്ല. എന്നാല്‍ ജനാധിപത്യത്തിനുവേണ്ടി, ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമായ കൂട്ടായ പ്രവര്‍ത്തനത്തിനുവേണ്ടി, നാം കൊടുക്കേണ്ടി വരുന്ന വിലയാണത്. ഈ വില ഏറ്റവും കുറച്ചുകൊണ്ട് വരേണ്ടതുണ്ട്. എന്നാല്‍ അതുതന്നെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ സംഭവിക്കുകയുള്ളൂ. അന്തസ്സാരമില്ലാത്ത, വിഘടനപരമായ, ഒട്ടും ന്യായീകരിക്കാനാവാത്ത പ്രതിഷേധങ്ങളെ ഒഴിവാക്കാന്‍ സമൂഹം പഠിച്ചുകൊള്ളും. ജുഡീഷ്യറിയുടെ വിധിയിലൂടെയോ അല്ലെങ്കില്‍ എക്സിക്യൂട്ടീവിന്റെ ഉത്തരവിലൂടെയോ അല്ല അത് സാധിക്കേണ്ടത്. അങ്ങനെ ചെയ്താല്‍, അത്, ക്രമസമാധാനം പാലിക്കുന്നതിനിടയില്‍, ജനാധിപത്യത്തെത്തന്നെ ദുര്‍ബലപ്പെടുത്തുന്നതിലാണ് ചെന്നവസാനിക്കുക.

എന്നാല്‍ കൂട്ടായ പ്രക്ഷോഭത്തിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട്, ഇതിനേക്കാളൊക്കെ വലിയ മറ്റൊരു അപകടം കൂടിയുണ്ട്. വിഘടനപരവും വളരെയേറെ അപകടകരവും ആയേക്കാവുന്ന, സവിശേഷ സ്വത്വങ്ങള്‍ക്കു ചുറ്റും കറങ്ങുന്ന, വ്യത്യസ്തമായ രീതിയിലുള്ള പ്രക്ഷോഭം അവയ്ക്കുപകരം സ്ഥാനം പിടിക്കുന്നു. വംശീയവും മതപരവും ഭാഷാപരവും വര്‍ഗീയവുമായ ചേരിതിരിവുകളെയെല്ലാം മറികടന്ന്, ഉണ്ടാകുന്ന വര്‍ഗപരമായ അണിചേരലും അതിന്റെ അടിസ്ഥാനത്തിലുണ്ടാകുന്ന കൂട്ടായ പ്രക്ഷോഭവും, വംശീയവും വര്‍ഗീയവും മതപരവും ഭാഷാപരവുമായ സംഘട്ടനങ്ങളെ അടക്കിനിര്‍ത്തുന്നു. അത്തരം കൂട്ടായ പ്രക്ഷോഭത്തില്‍നിന്നുള്ള പിന്‍മാറ്റം, നേരെ വിപരീതമായ, അത്തരം സംഘട്ടനങ്ങളെ വീണ്ടും ജനമധ്യത്തിലേക്കു കൊണ്ടുവരിക എന്ന ഫലമാണുണ്ടാക്കുക.

ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഇസ്ളാമിക ഭീകരപ്രവര്‍ത്തനം എന്ന പ്രശ്നം, യഥാര്‍ത്ഥത്തില്‍, മൌലികമായ, വര്‍ഗാടിസ്ഥാനത്തിലുള്ള, കൂട്ടായ ജനമുന്നേറ്റത്തിന്റെ തകര്‍ച്ചമൂലം ഉണ്ടായിത്തീര്‍ന്നതാണ്. അത്തരം ഇസ്ളാമിക ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രജനന കേന്ദ്രങ്ങളായ രാജ്യങ്ങള്‍, മുമ്പ് വര്‍ഗാടിസ്ഥാനത്തിലുള്ള ഉശിരന്‍ ജനമുന്നേറ്റങ്ങളാല്‍ സവിശേഷ ശ്രദ്ധയാകര്‍ഷിച്ചിരുന്ന രാജ്യങ്ങളായിരുന്നു. അത്തരം ജനമുന്നേറ്റങ്ങളുടെ തകര്‍ച്ചയാണ്, ഇസ്ളാമിക ഭീകര പ്രവര്‍ത്തനത്തെ മുന്നണിയിലേക്ക് കൊണ്ടുവന്നത്.

വിരോധാഭാസമെന്നു പറയട്ടെ, മിക്ക സന്ദര്‍ഭങ്ങളിലും ഈ തകര്‍ച്ച ബോധപൂര്‍വ്വം ഉണ്ടാക്കിയെടുത്തത് സാമ്രാജ്യത്വത്തിന്റെ, പ്രത്യേകിച്ചും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഇടപെടല്‍ മൂലമാണ്. അതുകൊണ്ട് അമേരിക്കയാണ് ഈ ഫ്രാങ്കെന്‍സ്റ്റീന്‍ എന്ന ചെകുത്താനെ നിര്‍മിച്ചത്. ഇന്നത് അവരെത്തന്നെ നേര്‍ക്കുനേരെ നേരിടുന്നു. ഇറാക്കിലായാലും, ഇറാനിലായാലും സുഡാനിലായാലും, ഇന്തോനേഷ്യയിലായാലും അഫ്ഗാനിസ്ഥാനിലായാലും ഈ രാജ്യങ്ങളിലൊക്കെ പുരോഗമനപരമായ ദേശീയതയെ ഉയര്‍ത്തിപ്പിടിക്കുന്ന ഊര്‍ജ്ജസ്വലമായ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഉണ്ടായിരുന്നു: ആ ദേശീയതയുടെ അടിസ്ഥാനത്തില്‍ അവര്‍ വിപുലമായ ബഹുജനങ്ങളെ അണിനിരത്തി. എന്നാല്‍ ഇവയിലോരോന്നിലും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ നടത്തപ്പെട്ട അട്ടിമറി, ഈ രാജ്യങ്ങളില്‍ ഓരോന്നിലും ഉണ്ടായിരുന്ന പുരോഗമന ശക്തികളെ തകര്‍ത്തു. ഇന്നവ മതഭീകരതയുടെ വളര്‍ച്ചയ്ക്കു പറ്റിയ വളക്കൂറുള്ള മണ്ണാണ്.

ഇന്ത്യയിലെ കൂട്ടായ പ്രക്ഷോഭത്തിന്റെ തകര്‍ച്ചയുണ്ടായത് സാമ്രാജ്യത്വ ഇടപെടല്‍ കൊണ്ടല്ല. സമകാലീന പുത്തന്‍ ഉദാരവല്‍ക്കരണ മുതലാളിത്തത്തിന്റെ സഹജമായ പ്രവണതയുടെ പ്രകടനം എന്ന നിലയിലാണ് അത് ഇന്ത്യയില്‍ ഉയര്‍ന്നുവന്നത്. ഭരണകൂടത്തിന്റെയും അതിന്റെ വിവിധ ഉപകരണങ്ങളുടെയും സഹായവും പ്രോല്‍സാഹനവും അതിന് ഉണ്ടായിരുന്നുതാനും; പുതിയ ബൂര്‍ഷ്വാ വ്യവസ്ഥിതി ദൃഢമായിത്തീരുന്നതിന്റെ ഗുണഭോക്താക്കളായ വര്‍ഗങ്ങളുടെയും ഗ്രൂപ്പുകളുടെയും പിന്തുണയും അതിനുണ്ടായിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഊര്‍ജ്ജസ്വലതയെ അത് കവര്‍ന്നെടുക്കുകയായിരുന്നു. അതേ അവസരത്തില്‍ത്തന്നെ, ജനങ്ങളെ നിര്‍വീര്യരാക്കുന്ന ഈ പ്രക്രിയയെക്കുറിച്ചുള്ള വിജയബോധവും അത് ഈ വര്‍ഗങ്ങളിലും ഗ്രൂപ്പുകളിലും വളര്‍ത്തിയെടുക്കുകയും ചെയ്തു. പക്ഷേ, ഈ വിജയബോധം തെറ്റിദ്ധാരണാജനകമാണ്; കാരണം ഇവിടത്തെ കൂട്ടായ പ്രക്ഷോഭത്തിന്റെ നാശം, നമ്മുടേതായ ഫ്രാങ്കെന്‍സ്റ്റിന്‍ ചെകുത്താന്മാരെ ഉണ്ടാക്കുകയും ചെയ്യും. ഇസ്ളാമിക ഭീകരതയുടെ മാത്രം രൂപത്തിലായിരിക്കുകയില്ല, മറിച്ച് മറ്റു പല രൂപങ്ങളിലും അത് വളര്‍ന്നുവരും. ഇതിന് ശക്തമായ മറ്റൊരു കാരണം കൂടിയുണ്ട്. ധനമൂലധനവുമായി ബന്ധപ്പെടുത്തിക്കൊണ്ട്, "വന്‍ശക്തി''യാവാനുള്ള മോഹവും എല്ലായ്പ്പോഴും കാണാം. മൂലധനത്തിന്റെ നേതൃഘടകം ധനമൂലധനമായിട്ടുള്ള പശ്ചാത്തലത്തില്‍, പുത്തന്‍ ഉദാരവല്‍കൃത മൂലധനം ഇന്ത്യയിലേക്ക് വിജയകരമായി പറിച്ചു നടപ്പെട്ടതിനോടൊപ്പം നമ്മുടെ സ്വന്തം ബൂര്‍ഷ്വാസിക്കിടയില്‍ "വന്‍ശക്തി''യാവാനുള്ള "അധികാരമോഹ''വും ഉണ്ടാകുന്നതായികാണാം. "ചൈനയുമായുള്ള മല്‍സരത്തെക്കുറിച്ചും (അത് സുപ്രീംകോടതിപോലും ഇപ്പോള്‍ ഉള്‍ക്കൊണ്ടിട്ടുള്ളതായി തോന്നുന്നു) "ആഗോളശക്തിയായി ഉയര്‍ന്നുവരുന്ന'' ഇന്ത്യയുടെ പങ്കിനെക്കുറിച്ചും ഇടയ്ക്കിടെ ഉണ്ടാകുന്ന പരാമര്‍ശങ്ങള്‍ അതിന്റെ ലാക്ഷണിക സൂചനകളാണ്. അമേരിക്കന്‍ ഐക്യനാടുകളുമായും മറ്റ് പ്രമുഖ മുതലാളിത്ത രാജ്യങ്ങളുമായും ചില "നീക്കുപോക്കു''കളൊക്കെ വരുത്തിക്കൊണ്ടു മാത്രമേ ഈ "വന്‍ശക്തി'' അധികാരമോഹം സാധിത പ്രായമാക്കാന്‍ കഴിയൂ. എന്നാല്‍ ആ രാഷ്ട്രങ്ങളുടെ സമരങ്ങളില്‍ അവരുടെ കൂടെനില്‍ക്കണമെന്നും അതുവഴി അവരുടെ ശത്രുക്കളെ നമ്മുടെ ശത്രുക്കളാക്കണമെന്നും കൂടി അതിനര്‍ഥമുണ്ട്.

ഇതിനൊക്കെപുറമെ, വന്‍ശക്തിയാവാനുള്ള അധികാരമോഹം ജനാധിപത്യവിരുദ്ധമാണ്. കാള്‍മാര്‍ക്സ് പറഞ്ഞപോലെ, "മറ്റൊരു രാഷ്ട്രത്തെ അടിച്ചമര്‍ത്തുന്ന ഒരു രാഷ്ട്രത്തിന് സ്വയം സ്വതന്ത്രമാവാന്‍ കഴിയില്ല''. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അന്വേഷണമാണ് എല്ലാ ജനാധിപത്യ പ്രവര്‍ത്തനങ്ങളുടെയും അന്തഃസത്ത എന്നതിനാല്‍ അത്തരമൊരു രാഷ്ട്രം പരമാര്‍ത്ഥത്തില്‍ ജനാധിപത്യത്തെയും വെട്ടിച്ചുരുക്കും. ഇറാക്കില്‍ യുദ്ധത്തിലേര്‍പ്പെട്ട പ്രമുഖ മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങളില്‍ ഭൂരിപക്ഷവും അധികപക്ഷവും ആ യുദ്ധത്തിന് എതിരായിരുന്നിട്ടും അവരെങ്ങനെ യുദ്ധം ചെയ്തു എന്നത് യാദൃച്ഛികമല്ല. ഇന്ത്യയും, ഇന്നത്തെ അതിന്റെ രാഷ്ട്രീയ - സാമ്പത്തിക സഞ്ചാരപഥത്തില്‍, അതേ ദിശയില്‍ത്തന്നെയാണ് മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നത്; ഒരു "പ്രമുഖ മുതലാളിത്ത ശക്തിയായി'' ഉയര്‍ന്നുവരുന്നതിന്റെയും "പ്രമുഖ മുതലാളിത്ത ശക്തി''കളുടെ സംഘത്തില്‍ അംഗമായിത്തീരുന്നതിന്റെയും ദിശയില്‍ത്തന്നെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ മറ്റ് രാജ്യങ്ങളുടെമേല്‍ മേധാവിത്വം സ്ഥാപിച്ചുകൊണ്ട് ഒരു "പ്രമുഖ മുതലാളിത്ത ശക്തി''യായി ഉയര്‍ന്നുവരുന്നതിന്, നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ വീക്ഷണത്തെ മാത്രമല്ല, സ്വാതന്ത്ര്യസമരത്തില്‍നിന്ന് നമുക്ക് ഒസ്യത്തായി ലഭിച്ച ജനാധിപത്യത്തിന്റെ ഊര്‍ജ്ജസ്വലതയേയും തലകീഴാക്കി തിരിക്കേണ്ടതുണ്ട്.

*
പ്രഭാത് പട്നായിക്

Thursday, January 28, 2010

അധിനിവേശ സംസ്കാരം നാടകകലയുടെ പിടഞ്ഞുമാറ്റം

കേരളത്തില്‍ ഉത്സവങ്ങളുടെ കാലമാണ് ഡിസംബര്‍ . പാരമ്പര്യ ഉത്സവങ്ങളുടെ നിയന്ത്രിത ലോകത്തുനിന്ന് കുടഞ്ഞുമാറി, ജാതിഭേദ വരമ്പുകളില്ലാതെ സിനിമയുടെയും നാടകത്തിന്റെയും പുസ്തകത്തിന്റെയും ലോകത്തേക്ക് നമ്മെ വലിച്ചടുപ്പിക്കുന്ന ഒട്ടേറെ ഉത്സവങ്ങള്‍. ഇവയെല്ലാം 'സര്‍ക്കാര്‍ ഉത്സവങ്ങള്‍’ എന്നു പറഞ്ഞു നമുക്ക് തള്ളിക്കളയാനാവില്ല. ജനപങ്കാളിത്തം മാത്രമല്ല, തെരഞ്ഞെടുക്കപ്പെടുന്ന വിഷയങ്ങളിലെ ശ്രദ്ധയും അവയിലൂടെ വികസിക്കുന്ന ഒരു മാധ്യമചിന്തയും ഇത്തരം ഉത്സവങ്ങളുളടെ പ്രധാന്യം വര്‍ധിപ്പിക്കുന്നു.

ഏഷ്യന്‍-ആഫ്രിക്കന്‍ നാടകസംസ്കാരത്തെക്കുറിച്ചുള്ള ഒട്ടേറെ പുതിയ അറിവുകളും മലയാളനാടകവേദി പുതിയ വഴിത്തിരിവുകളിലേക്ക് എത്തിയിരിക്കുന്നു എന്ന തിരിച്ചറിവും നല്‍കിക്കൊണ്ടാണ് കേരള സംഗീതനാടക അക്കാദമിയുടെ ITFoK 09 എന്ന, ഡിസംബര്‍ 20 മുതല്‍ 29 വരെ നീണ്ടുനിന്ന, ഇന്റര്‍നാഷണല്‍ തിയേറ്റര്‍ ഫെസ്റ്റിവലിന് തിരശ്ശീലവീണത്. ഈ ഡിസംബറില്‍ അവസാനിച്ചത് രണ്ടാമത്തെ ഇന്റര്‍നാഷണല്‍ നാടകോത്സവമാണ്. കേരള സംഗീതനാടക അക്കാദമി ചെയര്‍മാനായിരുന്ന ഭരത് മുരളിയുടെ നേതൃത്വത്തിലായിരുന്നു ഈ ഫെസ്റ്റിവല്‍ ആരംഭിച്ചത്. മലയാള നാടകവേദിക്കും അതിന്റെ പ്രേക്ഷകര്‍ക്കും വിലമതിക്കാനാവാത്ത ഈ സമ്മാനം സമര്‍പ്പിച്ച് അദ്ദേഹം തന്റെ ജീവിതത്തിന് തിരശ്ശീലയിട്ടു.

ITFoK 09, അതിന്റെ സംഘാടനംകൊണ്ടും, നാടക തെരഞ്ഞെടുപ്പുകൊണ്ടും ഏറെ ശ്രദ്ധേയമായി. ഈ വര്‍ഷം ആഫ്രിക്കന്‍ നാടകങ്ങളായിരുന്നു പ്രധാന ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ അമ്പതുവര്‍ഷത്തിലധികമായി ഇന്ത്യയില്‍ നടക്കുന്ന ദേശീയ നാടകവേദിക്കായുള്ള അന്വേഷണവുമായി വേണം ഇതിനെ ചേര്‍ത്തുവെയ്ക്കാന്‍. ആഫ്രിക്കന്‍-ഇന്ത്യന്‍ നാടകചരിത്രങ്ങള്‍ തമ്മില്‍ ഏറെ സമാനതകളുണ്ട്. കൊളോണിയല്‍ ചരിത്രപാരമ്പര്യം ഏറ്റുവാങ്ങിയ ഏതൊരു ഇടത്തെയുമെന്നപോലെ തങ്ങളുടേത് പ്രാകൃതമായ സംസ്കാരമാണെന്നും ആധുനികമായത് വൈദേശികമാണെന്നും കരുതി അവയെ അവര്‍ എത്തിപ്പിടിച്ചു. പ്രൊസീനിയം നാടകവേദിയും ഷേക്സ്പിയറും അവര്‍ക്ക് പരിചിതമാകുമ്പോള്‍ 'നടോമി, ഗ്രിയോട്ട് തുടങ്ങിയ സ്വന്തം കഥപറച്ചിലിന്റെ, നാടകസങ്കേതങ്ങള്‍ അവര്‍ മറന്നു. നാടകം’ എന്നതിന് സ്വാഹിലി ‘ഭാഷയില്‍ സമാന പദങ്ങളില്ല. പുതിയ രീതിയിലുള്ള നാടകങ്ങള്‍ ഇംഗ്ളീഷ് ഭാഷയിലായിരുന്നു. അതിനാല്‍തന്നെ നാടകമെന്ന മാധ്യമം തദ്ദേശീയരെ സംബന്ധിച്ചിടത്തോളം അന്യമായിരുന്നു. സ്വാഹിലി എന്ന അവരുടെ ദേശീയ‘ഭാഷയില്‍ (സ്വാഹിലിയ്ക്ക് സ്വന്തമായ ലിപിയില്ല) നാടകങ്ങള്‍ എഴുതപ്പെടുന്നതും അവതരിപ്പിക്കുന്നതും അടുത്തകാലത്തു മാത്രമാണ്. ആയിരത്തിതൊള്ളായിരത്തി അമ്പതുകളുടെ സാമൂഹ്യസാഹചര്യത്തില്‍ രാഷ്ട്രീയ തെരുവു നാടകങ്ങളായിരുന്നു അധികവും നാടകവേദിയില്‍ അരങ്ങേറിയിരുന്നത്. 1960-കളില്‍ ജനപ്രിയ, സംഗീത നാടകങ്ങളിലേക്ക് ആഫ്രിക്കന്‍ നാടകവേദി മാറുന്ന കാഴ്ചയാണ് കാണാനാവുക. എഴുപതുകളോടെയാണ് ആഫ്രിക്കന്‍ നാടകവേദി കൂടുതല്‍ പാകപ്പെട്ട രീതിയില്‍ മുന്നോട്ടുവരുന്നത്. ജനപ്രിയ നാടകവേദിയിലെ നടന്മാരും രാഷ്ട്രീയകൂട്ടായ്മയും വെളുത്തവരും കറുത്തവരുമടങ്ങുന്ന നാടകപ്രവര്‍ത്തകരും ഒക്കെ ചേരുന്ന നാടകവേദി രൂപപ്പെടുന്നത് ഇക്കാലത്താണ്. ഇവിടെ നാടോടികലാരൂപങ്ങളുടെ അവതരണരീതിയും, സംഗീതത്തിനും നൃത്തത്തിനുമൊപ്പം, തങ്ങളുടെ ആധുനിക ജീവിതപരിസരങ്ങളും അവര്‍ ഇഴചേര്‍ത്ത് തങ്ങളുടെ സ്വന്തം ‘ഭാഷയില്‍ അവര്‍ നാടകത്തിലൂടെ സംവദിക്കാന്‍ ആരംഭിച്ചു. അങ്ങനെ സ്വന്തം മണ്ണിലേക്ക് വേരിറക്കി ആ നാടകവേദി വളര്‍ച്ച പ്രാപിച്ചു. ഈ ചരിത്രസാഹചര്യത്തില്‍നിന്നുവേണം ആഫ്രിക്കന്‍ നാടകങ്ങളെ നോക്കിക്കാണുവാന്‍. നാല് ആഫ്രിക്കന്‍ നാടകങ്ങളാണ് ITFoK 09 ല്‍ അവതരിപ്പിച്ചത്. ഇവയിലൂടെ കടന്നുപോകുമ്പോള്‍ ഒരുകാര്യം വ്യക്തമാണ്. ആഫ്രിക്കന്‍ സമൂഹത്തിന്റെ സംഘര്‍ഷങ്ങള്‍ അതില്‍ നമുക്കു കാണാം. കലാമൂല്യത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങളെ അവ ചോദ്യം ചെയ്തേക്കാം. പക്ഷെ അവതരിപ്പിച്ച നാലു നാടകങ്ങളിലും അവരുടെ ജീവിതമുണ്ടായിരുന്നു.

ദക്ഷിണാഫ്രിക്കയിലെ അറിയപ്പെടുന്ന നാടകസംഘമാണ് മാഗ്നെറ്റ് തിയേറ്റര്‍. അതിന്റെ സ്ഥാപകരിലൊരാളായ മാര്‍ക്ക് ഫ്ളൈഷ്മാന്‍ നാടകാധ്യാപകനും, ഫിസിക്കല്‍ തിയേറ്ററിനെക്കുറിച്ച് ഏറെ പഠനം നടത്തിയ ആഫ്രിക്കന്‍ നാടകാചാര്യനുമാണ്. അഭയാര്‍ഥികളുടെ ജീവിതം പ്രധാന കേന്ദ്രമായി നാടകമെടുക്കുവാന്‍ കാരണമാകുന്നത്, 2006-ല്‍ അഭയാര്‍ഥികള്‍ക്കുനേരെ കേപ്ടൌണില്‍ ഉണ്ടായ കൂട്ടക്കൊലയായിരുന്നു. ഇരുപത്തി ഒമ്പത് സൊമാലി കടയുടമകളാണ് അന്ന് കൊലചെയ്യപ്പെട്ടത്. സമാനസംഭവങ്ങള്‍ 2008-ലും ആവര്‍ത്തിച്ചു. എവരി ഇയര്‍ എവരിഡേ ഐ ആം വാക്കിങ്' രൂപപ്പെടുന്നത് ഈ സാഹചര്യത്തിലാണ്. ഫെനിസയും, ജനിറെസ്നയും ഇരുപതില്‍പ്പരം വര്‍ഷമായി ആഫ്രിക്കന്‍ നാടകവേദിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കലാകാരികളാണ്. അഭയാര്‍ഥിയുടെ പ്രശ്നം കറുത്തവന്റെമാത്രം പ്രശ്നമല്ലെന്ന തിരിച്ചറിവാണ്, വെളുപ്പും കറുപ്പും വംശജരെ കഥാപാത്രങ്ങള്‍ക്കായി തെരഞ്ഞെടുത്തതെന്ന് സംവിധായകന്‍ പറഞ്ഞു. വീട് നിങ്ങള്‍ക്കെന്തെല്ലാമാണ്? വീട് നഷ്ടപ്പെടുന്നതിലൂടെ നഷ്ടപ്പെടുന്നത് കിടക്കാനുള്ള ഇടം മാത്രമാണോ? അഭയാര്‍ഥികളുടെ കഥകളില്‍നിന്നാണ് നാടകത്തിനാവശ്യമായ കഥ തിരഞ്ഞെടുത്തത്. നാടകം മുഴുവന്‍ യാത്രയാണ്. ഈ യാത്ര മുഴുവന്‍ നടന്നുതീര്‍ക്കുന്നത് നാടകവേദിയ്ക്കകത്തുവെച്ച് നമുക്കനുഭവിക്കാന്‍ കഴിയും. മൂന്നു ഘട്ടങ്ങളായി നാടകത്തെ തിരിച്ചിട്ടുണ്ട്. അമ്മയുടെയും മകളുടെയും ഈ യാത്ര, കലാപത്തില്‍ അഗ്നിക്കിരയാവുന്ന വസ്തുവകകളും വീടും യാത്രചെയ്യുന്ന ഭൂമിയുടെ ഉയര്‍ച്ചയും താഴ്ചയും, സഹോദരിയെക്കുറിച്ചുള്ള മറക്കാനാവാത്ത ഓര്‍മകളും എല്ലാം ഒട്ടും സങ്കീര്‍ണമല്ലാത്ത രംഗവസ്തുക്കളെക്കൊണ്ട്, നടിയുടെ ശരീരഭാഷയുടെ ഊര്‍ജ്ജംകൊണ്ട് നമ്മോട് സംവേദിക്കുന്നു. നാടകം പറയുന്ന കാര്യങ്ങള്‍ എത്ര ഗൌരവപ്പെട്ടതും, സങ്കീര്‍ണവുമാണെങ്കിലും അവതരണം രംഗ‘ഭാഷയുടെ സൌന്ദര്യത്തെക്കൂടി ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. ഈ നാടകം ഫെസ്റിവലില്‍ കണ്ട ആഫ്രിക്കന്‍ നാടകത്തില്‍ മികച്ചതു തന്നെയായിരുന്നു. നാടകവിഷയവും, രംഗഭാഷയും ഇവിടെ പരസ്പരം ചേര്‍ന്നുനിന്നു. ആഫ്രിക്കയില്‍നിന്നുള്ള പ്രശസ്ത സംഗീത സംവിധായകനായ നിയോ മൂവാങ്കിയാണ് ഈ നാടകത്തിന് സംഗീതം നല്‍കിയിരുന്നത്. നിയോ ഗിത്താറില്‍ കാണിക്കുന്ന വിസ്മയങ്ങളും ഫോക് സംഗീതവും ഈ നാടകത്തിന്റെ നിശ്ശബ്ദതയ്ക്ക് പുതിയ മാനം നല്‍കി.

കേപ്ടൌണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുവന്ന മാക്ബെത്തി എന്ന നാടകം, അവിടുത്തെ അക്കാദമിക് തലത്തില്‍ നടത്തുന്ന പരീക്ഷണങ്ങളുടെ ഒരു നേര്‍ചിത്രമായി. നാടകം പഠിക്കുന്ന കുട്ടികള്‍ അഭിനയിക്കുന്ന നാടകമെന്ന പരിമിതി അതിനുണ്ടായിരുന്നെങ്കിലും, ആക്ഷേപഹാസ്യത്തിലൂടെ, തങ്ങളുടെ ജീവിതാവസ്ഥയെ പറഞ്ഞുവെക്കാന്‍, കൊളോണിയല്‍ സംസ്കാരത്തിലൂടെ അവര്‍ക്കു പരിചിതമായ ഷേക്സ്പിയറുടെ പ്രസിദ്ധ കൃതിയെത്തന്നെ അവര്‍ ആശ്രയിക്കുന്നു. ഒരു അക്കാദമിക് നാടകാവതരണത്തിന്റെ അയഞ്ഞ സ്വഭാവവും, പരീക്ഷണത്തിന്റെ സ്വാതന്ത്യ്രവും ഈ നാടകത്തിനുണ്ടായിരുന്നു. ഷേക്സ്പിയറുടെ മാക്ബത്ത്’ എന്ന കൃതി മാക്ബെത്തി’ ആയി മാറുമ്പോള്‍ ട്രാജഡിക്കുപകരം കോമഡിയ്ക്ക് പ്രാധാന്യംവരുന്നു. ആനുകാലിക സമൂഹത്തിലെ പത്രപ്രവര്‍ത്തകര്‍ മന്ത്രവാദിനികളായി മാറുന്നു. അങ്ങനെ നാടകകൃതിയിലും, രംഗഭാഷയിലും പരീക്ഷണങ്ങളുടെ കുസൃതി നമുക്കു കാണാനാവും. ആഫ്രിക്കന്‍ യുവതലമുറ നാടകമെന്ന മാധ്യമം കൈകാര്യം ചെയ്യുന്നതെങ്ങിനെയെന്നതിനുള്ള തെളിവായി വേണം ഈ നാടകത്തിനെ കാണുവാന്‍.

കെനിയയില്‍നിന്ന് രണ്ടു നാടകങ്ങളാണ് ആഫ്രിക്കന്‍ പനോരമയിലെത്തിയത്. കീത്ത് പിയേഴ്സണ്‍ സംവിധാനംചെയ്ത സൌതികിമ്യയും, ഗിഥായും. ഗിഥായിലും സൌതികിമ്യയിലും ഒരു സംവിധായകന്റെ സ്ഥിരം സാന്നിധ്യം കാണാന്‍ പ്രയാസമാണ്. നാടകം രൂപപ്പെടുന്നത് നടീനടന്മാരുടെ സര്‍ഗാത്മകമായ ഇടപെടലിലൂടെയാണ്. സംവിധായകന്‍ അതിനു കാരണമായി നില്‍ക്കുന്നുവെന്നു മാത്രം. അതിനാല്‍തന്നെ സംവിധായകന്റെ നിയന്ത്രണത്തില്‍ രൂപപ്പെടുത്തിയെടുത്ത നാടകങ്ങളുടെ 'ചിട്ടയെ പൊളിച്ചുകൊണ്ട് തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു ചിട്ടയാണ് ഈ നാടകങ്ങളില്‍ കാണാനാവുക. ഗിഥാ, കഥപറച്ചിലിന്റെ ആഫ്രിക്കന്‍ രീതികള്‍ ഉള്‍ക്കൊള്ളുന്നതാണ്. ആഫ്രിക്കന്‍ തെരുവിലെ ജീവിതമാണ് ഈ നാടകത്തിലൂടെ ദൃശ്യമാകുന്നത്. അതിജീവനത്തിനായി അവര്‍ പല വേഷങ്ങള്‍കെട്ടുന്നു. അവര്‍ തങ്ങളുടെ അവസ്ഥയില്‍ സ്വയം ഊറിച്ചിരിക്കുകയും, അതില്‍നിന്ന് കഥകളുണ്ടാക്കുകയും ചെയ്യുന്നു. നാടകം മുഴുവന്‍ നാടകം രൂപപ്പെടുത്തലായി മാറുകയും, ഒടുവില്‍ സ്വന്തം കഥതന്നെ പറയുവാന്‍ സമയമായി എന്നവര്‍ തിരിച്ചറിയുന്നിടത്ത് നാടകം അവസാനിക്കുകയും ചെയ്യുന്നു. ആഫ്രിക്കന്‍ ജീവിതത്തിന് ഉപേക്ഷിക്കാനാവാത്തതാണ് നൃത്തവും, താളവും, സംഗീതവും. അതവരില്‍ ശ്വാസംപോലെ ചേര്‍ന്നിരിക്കുന്നു. ഗിഥായില്‍ നമുക്കത് അനുഭവിക്കാനാവും. നമ്മുടെ നാടകസങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്തുകൊണ്ട്, മനസ്സില്‍ വേദനയുടെ മുറിപ്പാടുകള്‍ നല്‍കിക്കൊണ്ട് അവര്‍ പറഞ്ഞു, ഇതാ ഞങ്ങളുടെ കഥപറയുവാനുള്ള നിമിഷം വന്നുചേര്‍ന്നിരിക്കുന്നുവെന്ന്. ടായിടാ ആദിവാസി സമൂഹം സമരത്തില്‍നിന്ന്, യുദ്ധത്തില്‍നിന്ന് മാറിനിന്ന് സ്വയം ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഒരിടം എന്ന വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് സൌതികിമ്യ എന്ന നാടകം രൂപപ്പെടുത്തിയിരിക്കുന്നത്. തങ്ങള്‍ക്ക് അന്യമായ ഇംഗ്ളീഷ് ഭാഷയെ, അതുല്‍പ്പാദിപ്പിച്ച നാടകസംസ്കാരത്തെ സ്വഹേലി, ലിയേ, ഷെങ്ങ്, കികുയു തുടങ്ങിയ ഭാഷയിലൂടെ നാടകം അവതരിപ്പിച്ച് അവര്‍ നേരിടുന്നു. സംഗീതജ്ഞയും, സംഗീത സംവിധായകയുമായ നീന ഒഗോട്ടും, കീത്ത് പിയേഴ്സണും ചേര്‍ന്നാണ് ഈ നാടകം ഒരുക്കിയത്.

ആഫ്രിക്കന്‍ നാടകം കറുത്തവന്റെ നാടകം മാത്രമല്ല, അവിടെയുള്ള വെളുത്തവന്റെ ജീവിതവുമായി ഇഴചേര്‍ന്ന് രൂപപ്പെട്ടതാണ്. ആഫ്രിക്കയിലേക്ക് ജോലിക്കായി എത്തിയ കീത്ത് തന്റെ നാടകപഠന അനുഭവങ്ങളെ നീന ഒഗോട്ട് എന്ന ലിയോ ആദിവാസി പെണ്‍കുട്ടിയോട് ചേര്‍ത്തുവെക്കുന്നു. നീന, നൈറോബിയിലുള്ള തന്റെ വിദ്യാസമ്പന്നരായ അച്ഛനമ്മമാരോടൊപ്പം ജീവിച്ച്, ഫ്രാന്‍സിലെ വിദ്യാഭ്യാസം കഴിഞ്ഞ് തിരിച്ചെത്തിയവളാണ്. വടക്കേ കെനിയയിലെ തന്റെ ആദിവാസി കുടുംബവീട്ടില്‍ അപൂര്‍വമായി മാത്രമെ അവള്‍ സന്ദര്‍ശിച്ചിട്ടുള്ളൂ. വിക്ടോറിയ തടാകത്തില്‍ മീന്‍പിടിച്ചു ജീവിക്കുന്ന അവളുടെ മുന്‍തലമുറയുമായുള്ള ഏക കണ്ണി തന്റെ സംഗീതത്തിന്റെ ഭാഷയായ ലുവോ മാത്രമായിരിക്കുമെന്നവള്‍ ആശ്വസിക്കുന്നു.

എഴുനൂറു വര്‍ഷംമുമ്പ് ഇന്ത്യയിലെത്തി നര്‍മദ നദിയുടെ അരികുകളില്‍ താമസമുറപ്പിച്ച ഈസ്റ് ആഫ്രിക്കയിലെ സൂഫി ആദിവാസി സമൂഹം, 'സിദ്ധിഗോമ’ വംശജര്‍, തങ്ങള്‍ നൂറ്റാണ്ടുകളായി സൂക്ഷിച്ചുവെച്ച സംഗീതവും നൃത്തവും അവതരിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്ത ഈ നാടകോത്സവം നസറുദ്ദീന്‍ ഷാ സംവിധാനം ചെയ്ത 'ദി കെയ്ന്‍ മ്യൂട്ടിനി കോര്‍ട്ട് മാര്‍ഷല്‍’ എന്ന നാടകത്തിലാരംഭിച്ച്, പ്രസിദ്ധ ഇന്ത്യന്‍ സംവിധായകനായ രത്തന്‍ തിയാമിന്റെ ഇബ്സന്‍ നാടകത്തെ ആസ്പദമാക്കി ചെയ്ത വെന്‍ വി ഡെഡ് എവേക്കന്‍’ എന്ന നാടകത്തോടെയാണ് തിരശ്ശീലവീണത്.

പാകിസ്ഥാനില്‍നിന്നു വന്ന 'ബുര്ക്കാവാഗന്‍സ, 'ഹോട്ടല്‍ മോഹന്‍ജെദാരോ’ എന്നീ നാടകങ്ങള്‍, വീഡിയോ ദൃശ്യങ്ങളും പാകിസ്ഥാനി സംഗീതവും നൃത്തവും ഹിന്ദി സിനിമാ പാട്ടുകളും ഒക്കെ ഇഴചേര്‍ത്ത ദൃശ്യവിരുന്നായിരുന്നു. അജോക തിയേറ്ററിന്റെ ബാനറില്‍ ഷാഹിദ് നദീം സംവിധാനം ചെയ്ത നാടകങ്ങള്‍ ഹിംസാത്മകമായി മാറുന്ന മുസ്ളിം സമുദായത്തെയും ആ സമൂഹത്തിന്റെ ഇടുങ്ങിയ ചിന്താഗതിയും കപടസദാചാരവും, യാഥാസ്ഥിതിക മൂല്യസങ്കല്‍പ്പങ്ങളും വെളിവാക്കുന്നവയായിരുന്നു. പാകിസ്ഥാനില്‍നിന്ന് ഇത്തരമൊരു നാടകം രൂപപ്പെടുത്തിയെടുക്കുക ഒട്ടേറെ വിഷമംപിടിച്ച കാര്യമാണെങ്കിലും, മുസ്ളിം സമുദായത്തെ പൂര്‍ണമായും പരിഹാസ്യമാക്കി കാണിക്കുന്ന ഈ നാടകങ്ങള്‍ ഇന്ത്യയുടെ മണ്ണില്‍ അവര്‍ പ്രതീക്ഷിക്കുന്ന ഫലം തന്നെയാവുമോ ഉണ്ടാക്കുക? അറിയില്ല. നാടകരൂപത്തിലും, രംഗപ്രയോഗത്തിലും കാര്യമായ പുതുമയൊന്നും ഈ നാടകത്തിന് കാഴ്ചവെക്കാനായതുമില്ല.

ഈ ഫെസ്റ്റിവലിലെ ഏറ്റവും സന്തോഷകരമായ അനുഭവം എന്തെന്നു ചോദിച്ചാല്‍ അത് മലയാളി യുവസംവിധായകരുടെ അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന നാടകങ്ങളായിരുന്നു. ശങ്കര്‍ വെങ്കിടേശ്വരത്തിന്റെ 'സഹ്യന്റെ മകനും, സുവീരന്റെ 'ആയുസ്സിന്റെ പുസ്തകവും, സി എസ് ദീപന്റെ 'സ്പൈനല്‍കോഡും ഇന്ത്യയില്‍ത്തന്നെ മികച്ചതെന്ന് ചൂണ്ടിക്കാണിക്കാവുന്ന നാടകങ്ങളായിരുന്നു. കേരളത്തിലുടനീളമുള്ള ചെറു നാടകസംഘങ്ങള്‍ക്ക് നാടകാവതരണത്തിനുള്ള അവസരവും ഈ ഫെസ്റിവലില്‍ ഉണ്ടായിരുന്നു. രാജു നരിപ്പറ്റയുടെ ബസ്തുകര, സത്യജിത്തിന്റെ 'അതെന്താ, പ്രബലന്റെ 'കാരണവരുടെ അധികാരം, വിനോദ് കുമാറിന്റെ 'അതിര്‍ത്തികള്‍, ശശിധരന്‍ നടുവിലിന്റെ 'ബാബുരാജ് പാടുക പാട്ടുകാരാ, മിനിയുടെ പന്തമേറിയ പെണ്ണുങ്ങള്‍, സുര്‍ജിത്തിന്റെ പച്ച’ തുടങ്ങി പതിനഞ്ചോളം ചെറുനാടകങ്ങളും നാടകോത്സവത്തെ സജീവമാക്കി.

പാരമ്പര്യ നാടോടി, ക്ളാസിക്കല്‍ കലാരൂപങ്ങളും, നാടകസംബന്ധമായ ഡോക്യുമെന്ററികളും, എക്സിബിഷനും എല്ലാം ചേര്‍ന്ന് സജീവമായ പത്തുദിവസമായിരുന്നു ഈ ഉത്സവകാലം. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകനും പ്രശസ്ത നാടക സംവിധായകനുമായ അഭിലാഷ് പിള്ള ഫെസ്റിവല്‍ ഡയറക്ടറായുള്ള ഈ നാടകോത്സവം ക്യൂറേഷന്റെ പ്രാധാന്യം ഓര്‍മിപ്പിക്കുന്നതായിരുന്നു. ഈ അന്തര്‍ദേശീയ നാടകോത്സവം അതിന്റെ രൂപപ്പെടലിന്റെ ആദ്യ ദിശയിലാണ്. നാടകത്തിന്റെ തെരഞ്ഞെടുപ്പ്, അവയെ അടിസ്ഥാനമാക്കുന്ന ചിന്തകള്‍, അവയുടെ വൈവിധ്യം തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ ഇനിയും രൂപപ്പെടേണ്ടതായിട്ടാണിരിക്കുന്നത്. ഈ നാടകോത്സവത്തെ മുന്നോട്ടു കൊണ്ടുപോകേണ്ടത്, മലയാള നാടകവേദിയുടെ ആവശ്യംകൂടിയാണ്. നാടകവേദിയെ നെഞ്ചിലേറ്റുന്ന പ്രേക്ഷകരുടെ ആഗ്രഹംകൂടിയാണ്.

*
സജിത മഠത്തില്‍ ദേശാഭിമാനി വാരിക

ഫാസിസം, മതഭീകരത, മതേതരത്വം

രണ്ട് മൂന്ന് കൊല്ലംമുമ്പ് ഒരു അമേരിക്കന്‍ പണ്ഡിത മാര്‍ത്ത നുസ്ഗോം ഒരു പുസ്തകം എഴുതുകയുണ്ടായി. The Clash Within. ഇന്ത്യയെക്കുറിച്ചുള്ള പുസ്തകം. ആ പുസ്തകത്തില്‍, ഇന്ത്യ മതഭീകരതയിലേക്ക് വഴുതിവീഴുകയും ഭാഗ്യവശാല്‍ അതില്‍ നിന്ന് വഴുതി മാറുകയും ചെയ്തു എന്ന് അവര്‍ എഴുതുകയുണ്ടായി. മതഭീകരതയെന്നാല്‍ ഫാസിസം എന്നാണ് അര്‍ഥമാക്കുന്നത.് ഇത് രസകരമായ ഒരു നിരീക്ഷണമാണ്. സ്വാഭാവികമായും എന്തുകൊണ്ട് ഈ മതഭീകരതയിലേക്ക് ഇന്ത്യന്‍ സമൂഹം ഇറങ്ങിച്ചെന്നു എന്നും അതിലും പ്രധാനമായി എന്തുകൊണ്ട് അതില്‍നിന്ന് രക്ഷപ്പെട്ടു എന്നും അന്വേഷിക്കേണ്ടതാണ്.

ഇന്ത്യന്‍ മതഭീകരതയെ വര്‍ഗീയതയെ ഫാസിസം എന്നു വിളിക്കാമോ, ഫാസിസമെന്ന് വിളിക്കാന്‍ പറ്റില്ല എന്ന അഭിപ്രായമുള്ളവരുണ്ട്. 1980കളില്‍തന്നെ ഈ ചര്‍ച്ച തുടങ്ങിയതാണ്. പ്രശസ്ത മാര്‍ക്സിസ്റ്റ് ചിന്തകനായ ഐജാസ് അഹമ്മദ് അന്ന് പറഞ്ഞത്, ഫാസിസം നമ്മുടെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നുവെന്നാണ്. അതിനോട് യോജിക്കാതെ, ഫാസിസം നമ്മുടെ പടിവാതില്‍ക്കലല്ല, നടുമുറ്റത്തുതന്നെയാണ് എന്ന് ഞാന്‍ പറയുകയുണ്ടായി. 1980കളിലും 1990കളിലും ഫാസിസം ഇന്ത്യന്‍ സമൂഹത്തില്‍ കാലുകുത്തിക്കഴിഞ്ഞിരുന്നു. ഞാന്‍തന്നെ ഒരു പുസ്തകം എഴുതിയത് 'ഇരുള്‍ വീഴും മുമ്പ്' എന്ന പേരിലാണ്. ഒരു ഫാസിസ്റ്റ് അന്തരീക്ഷം, ഫാസിസം ഇന്ത്യന്‍ സമൂഹത്തെ കീഴടക്കാന്‍ തുടങ്ങിയ ഒരു അന്തരീക്ഷം, വളര്‍ന്നുവന്നുകൊണ്ടിരുന്ന ഒരു കാലഘട്ടമാണ് അത്. ഫാസിസം എന്നു പറയുമ്പോള്‍ ഇറ്റലിയിലോ ജര്‍മ്മനിയിലോ ഉണ്ടായ ഫാസിസത്തിന്റെ പകര്‍പ്പാണ് ഇത് എന്ന് ഞാന്‍ അര്‍ത്ഥമാക്കുന്നില്ല. ആ അനുഭവം ഇവിടെ ഉണ്ടായില്ല. പക്ഷേ അതിന്റെ വിത്തുകള്‍ ഇവിടെ പാകപ്പെടുകയാണുണ്ടായത്. ആ വിത്തില്‍നിന്ന് ഫാസിസം മുളച്ചുവരാനുള്ള സാഹചര്യമാണ് നമ്മുടെ സമൂഹത്തിലുണ്ടായത്.

ഫാസിസ്റ്റ് പ്രവണതകള്‍ മിക്കവാറും എല്ലാ രാജ്യങ്ങളിലും ദര്‍ശിക്കാന്‍ കഴിയും. അതില്‍ ചില രാജ്യങ്ങളില്‍ ഫാസിസ്റ്റ് പ്രവണതയ്ക്ക് വിജയിക്കാന്‍ കഴിഞ്ഞു. ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍ എന്നിവിടങ്ങളിലെപ്പോലെ വിജയിച്ച സ്ഥലങ്ങളുണ്ട്. മറ്റു ചില സ്ഥലങ്ങളില്‍ ആ പ്രവണത വിജയിച്ചില്ല. എന്നാല്‍ ആ പ്രവണത നിലനിന്നിരുന്നു.

ആ പ്രവണതകള്‍ എന്തുകൊണ്ട് വിജയിച്ചില്ല എന്ന് അറിയണമെങ്കില്‍ ആ പ്രവണതകളെ ചരിത്രവല്‍ക്കരിക്കുകയാണ് വേണ്ടത്. ഏത് യാഥാര്‍ത്ഥ്യത്തെയും മനസ്സിലാക്കണമെങ്കില്‍ ആ യാഥാര്‍ത്ഥ്യത്തെ ചരിത്രവല്‍ക്കരിക്കണം. ഒന്നാം ലോക യുദ്ധത്തിനുശേഷം അവിടെയുണ്ടായ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സ്ഥിതിഗതികളാണ് യൂറോപ്പില്‍ ഫാസിസത്തിന് വഴിയൊരുക്കിയത്. അത്തരം ഒരു സ്ഥിതിവിശേഷം ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല എന്നത് നമുക്ക് ഫാസിസത്തില്‍നിന്ന് രക്ഷപ്പെടാന്‍ അവസരമുണ്ടാക്കി എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് ഫാസിസ്റ്റ് സ്വഭാവം വളര്‍ന്നുവരികയും എന്നാല്‍ ആ ഫാസിസ്റ്റ് സ്വഭാവത്തിന് വിജയിക്കാന്‍ കഴിയാതെ പോവുകയും ചെയ്ത ഒരു രാജ്യമാണ് ഇന്ത്യ. പക്ഷേ അതേസമയത്തുതന്നെ ഇന്ത്യയില്‍ ഫാസിസം മടങ്ങിവരാനുള്ള, വര്‍ഗ്ഗീയത മടങ്ങിവരാനുള്ള സാധ്യത ഇനിയും നിലനില്‍ക്കുന്നുണ്ട്. മതേതരത്വത്തെ തോല്‍പിക്കാനുള്ള, വര്‍ഗീയത വിജയിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

2004ലും 2009നുശേഷവും ഫാസിസ്റ്റ് ശക്തികള്‍ പരാജയപ്പെടുത്തപ്പെട്ടു എന്ന് വിശ്വസിക്കുന്ന പലരുമുണ്ട്. വാസ്തവത്തില്‍ അത് ശരിയല്ല. 2004ലും 2009ലും സംഭവിച്ചത് ഇന്ത്യന്‍ വര്‍ഗീയതയുടെ രാഷ്ട്രീയ പരാജയമാണ്. പക്ഷേ ഇന്ത്യന്‍ വര്‍ഗീയതയുടെ സാംസ്കാരിക പരാജയമോ സാമൂഹ്യ പരാജയമോ പ്രത്യയശാസ്ത്ര പരാജയമോ സംഭവിച്ചിട്ടില്ല. ഇന്ത്യന്‍ ഫാസിസത്തിന്റെ ശക്തി വാസ്തവത്തില്‍ സംസ്കാരത്തെ, പ്രത്യയശാസ്ത്രത്തെ, മതപ്രത്യയശാസ്ത്രത്തെ, കൈയടക്കിയതിലാണ്. അതിന് സാധിച്ചതിനുപിന്നില്‍ വളരെ വലിയ ഒരു സംഘാടന ശക്തിയുണ്ട്.

പലപ്പോഴും പത്രങ്ങളില്‍ എഴുതിക്കാണുന്നത് വിശ്വഹിന്ദു പരിഷത്തിനെയും ആര്‍എസ്എസിനെയും ഒക്കെക്കുറിച്ചാണ്. ഇന്ത്യന്‍ ഫാസിസത്തെക്കുറിച്ച് പറയുന്ന പലരും വിശ്വഹിന്ദു പരിഷത്തിന്റെയും ആര്‍എസ്എസിന്റെയും ശക്തി ക്ഷയിച്ചുപോയി എന്നു പറയുന്നവരാണ്. അതുകൊണ്ട് ഹിന്ദുവര്‍ഗീയത, വര്‍ഗീയഫാസിസം ഇന്ത്യയില്‍ അവസാനിച്ചിരിക്കുന്നു എന്നാണ് അവര്‍ വിലയിരുത്തുന്നത്. വാസ്തവത്തില്‍ അത് ഒരു വലിയ തെറ്റാണ്. ഈ കഴിഞ്ഞ പത്തുകൊല്ലങ്ങളില്‍ വര്‍ഗ്ഗീയതക്കെതിരായ പ്രവര്‍ത്തനത്തിന്, മതേതരത്വത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനത്തിന്, വളരെയധികം ശക്തി നഷ്ടപ്പെട്ടിരിക്കുന്നതായി കാണാന്‍ കഴിയും. 1995നും 99നും മുമ്പുണ്ടായിരുന്നതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ന് കാണാനാവുന്നില്ല. മതേതരപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞുപോയിരിക്കുകയാണ്.

മതേതര പ്രവര്‍ത്തനങ്ങള്‍ പുതിയ ഒരു മേഖലയിലേക്കും കടന്നുചെല്ലാത്ത ഒരവസ്ഥയും നമുക്ക് കാണാന്‍ കഴിയും. വര്‍ഗീയശക്തികള്‍ പരാജയപ്പെട്ടിരിക്കുന്നു എന്ന വിലയിരുത്തലിന്റെ ഫലമാണിത്. പക്ഷേ വാസ്തവത്തില്‍ ഈ കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ സാംസ്കാരികമായും സാമൂഹികമായും ഹിന്ദുവര്‍ഗീയതയുടെ ശക്തി വര്‍ദ്ധിച്ചിരിക്കുകയാണ്. നൂറുകണക്കിന് സംഘടനകളിലൂടെ, വര്‍ഗീയസംഘടനകളിലൂടെയാണ് അത് പ്രവര്‍ത്തിക്കുന്നത്. നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ഈ വര്‍ഗീയ സംഘടനകള്‍ സ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. അവയുടെ പേരുകളിലൂടെ ഇത് വര്‍ഗീയ സംഘടനയാണെന്ന് നമുക്ക് തിരിച്ചറിയാനാവില്ല. കേരളത്തില്‍തന്നെ എടുത്തുനോക്കുക-വിചാരകേന്ദ്രം എന്നുപറഞ്ഞാല്‍ അത് ഒരു വര്‍ഗീയ സംഘടനയാണെന്ന് ആരെങ്കിലും വിശ്വസിക്കുമോ? അതുകൊണ്ടാണ് വിചാരകേന്ദ്രം വിദ്യാഭ്യാസപദ്ധതികള്‍ നടത്തുന്നത്. ഇത്തരം വിചാരകേന്ദ്രങ്ങള്‍ പല പേരുകളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. അവ ഒരര്‍ത്ഥത്തില്‍ നമ്മുടെ സാമൂഹ്യമനസ്സിനെ കീഴടക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് നാം മതേതര ചിന്തയാണ്, മതേതര ഭാഷയാണ് പ്രചരിപ്പിക്കുന്നത് എന്നു പറയുമ്പോള്‍ ആ ഭാഷ പലപ്പോഴും വര്‍ഗീയതയുടെ ഭാഷയായി മാറുന്നത്.

ഈ വര്‍ഗീയതയുടെ ഭാഷ നമ്മില്‍ എത്തിച്ചേരുന്നത് വളരെ സ്വാഭാവികമായ രീതിയിലാണ്. നാം കരുതിക്കൂട്ടി ചെയ്യുന്നതല്ല. അത് നമ്മിലേക്ക് ഇറങ്ങിവരുകയാണ് ചെയ്യുന്നത്. അത്തരത്തിലുള്ള ഒരു മാറ്റം വന്നു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് ഇന്ത്യയില്‍ ഫാസിസത്തിന്റെ ശക്തി കുറഞ്ഞു പോയിരിക്കുന്നുവെന്ന് പറയുമ്പോള്‍ ഈ ആശയസ്വാധീനത്തെക്കുറിച്ച് നാം കണക്കിലെടുക്കേണ്ടതാണ്.

ഇത് ഇന്ത്യയുടെ രാഷ്ട്രീയ വിശകലനം കൈകാര്യം ചെയ്യുന്നതിലെ അടിസ്ഥാനപരമായ പ്രശ്നമാണ് എന്ന് ഞാന്‍ കരുതുന്നു. പക്ഷേ ദൌര്‍ഭാഗ്യവശാല്‍ മതേതരശക്തികള്‍, മതേതര സംഘടനകള്‍ ഈ പ്രവണതകളെ നേരിടുന്നതില്‍ ഒരതിര്‍ത്തിവരെ വിജയിക്കാതിരിക്കുകയാണ്. രാഷ്ട്രീയമായ വിജയം ഉണ്ടാകുമ്പോള്‍ അതേ സമയംതന്നെ ഈ സമവാക്യവുമായി പ്രവര്‍ത്തനത്തിന്റെ പല മണ്ഡലങ്ങളിലേക്കും കടന്നുചെല്ലാന്‍ നമുക്ക് കഴിയുന്നില്ല.

അതുകൊണ്ട് മതേതരത്വം തൊടാത്ത വലിയൊരു മണ്ഡലം, ഫാസിസ്റ്റ് ആശയങ്ങള്‍ കീഴടക്കിയ വലിയ ഒരു മണ്ഡലം നമ്മുടെ സമൂഹത്തിലുണ്ട്. ആ മണ്ഡലത്തിലേക്ക് എങ്ങനെയാണ് നാം കടന്നുചെല്ലുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നംതന്നെയാണ്. അവിടെ മതേതര ആശയം കൊണ്ടു ചെല്ലുമ്പോള്‍, യുക്തിവാദംകൊണ്ടു ചെല്ലുമ്പോള്‍ അത് കേള്‍ക്കാന്‍ ആരും തയ്യാറല്ല. ഉത്തരപ്രദേശിന്റെയോ ബിഹാറിന്റെയോ രാജസ്ഥാനിന്റെയോ ചരിത്രം നോക്കുകയാണെങ്കില്‍ ഇത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. കേരളത്തിനെയും ബംഗാളിനെയും ഒരു പരിധിവരെ തമിഴ്നാട്ടിനെയും ഒഴിച്ചുനിര്‍ത്തിയാല്‍ അത്തരം പുരോഗമന ആശയങ്ങള്‍, യുക്തിചിന്ത, കടന്നുചെല്ലാത്ത വലിയ ഒരു മണ്ഡലമാണ് ഇന്ത്യയിലുള്ളത്. ഇതില്‍നിന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

അതുകൊണ്ട് മതേതരത്വത്തിന്, ഫാസിസത്തിനെതിരായ സമരത്തിന്, ഒരു പുതിയ രീതി നാം വികസിപ്പിക്കേണ്ടിയിരിക്കുന്നു. പുതിയ രീതി എന്താണ്, പുതിയ ഉപകരണങ്ങള്‍ എന്താണ,് പുതിയ ഭാഷ എന്താണ് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അതില്ലാതെ മതേതരത്വത്തിന് ഫാസിസത്തെ തോല്‍പിക്കാന്‍ കഴിയുകയില്ല.

1947ല്‍ മതേതരത്വത്തെപ്പറ്റി പറയുന്നതുപോലെ ഇന്ന് പറഞ്ഞാല്‍ പോര. അന്ന് മതേതരത്വത്തെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. ഇന്ന് നാം മതേതരത്വത്തെക്കുറിച്ച് പറയുന്നത് ഒരു സമരമുഖമായാണ്; ഫാസിസത്തിനെതിരായ ഒരു പ്രത്യയശാസ്ത്രമായാണ്; വര്‍ഗീയതയ്ക്കെതിരായ ഒരു പ്രത്യയശാസ്ത്രമായാണ്. അതുകൊണ്ട് മതേതരത്വത്തെ ഒറ്റപ്പെടുത്തി നമുക്ക് കാണാനാവില്ല. അതുകൊണ്ട് മതേതരത്വത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനത്തിന് എന്തു സംഭവിക്കണം എന്ന ചോദ്യം ചോദിച്ചുകൊണ്ടുമാത്രമേ നമുക്ക് ഇതിനെ അഭിമുഖീകരിക്കാന്‍ കഴിയൂ.

ഈ വിഷയത്തിന് ഉത്തരം നല്‍കുന്നതിനുമുമ്പ് ഭീകരതയെക്കുറിച്ച് ചിലത് പറയാം. ഞാന്‍ ഏതാനും മാസങ്ങള്‍ക്കുമുമ്പ് പാകിസ്ഥാനില്‍ പോയിരുന്നു. രണ്ട് മൂന്ന് വര്‍ഷത്തിനുമുമ്പ് ഞാന്‍ അവിടെ പോയപ്പോള്‍ ഉണ്ടായിരുന്ന സമാധാനത്തിന്റെ അന്തരീക്ഷം അല്ല ഇന്ന് അവിടെയുള്ളത്. സംഘര്‍ഷത്തിന്റെ, ഭയത്തിന്റെ ഒരന്തരീക്ഷമാണ് ഇന്നവിടെ നിലനില്‍ക്കുന്നത്. താലിബാന്‍ ഇസ്ളാമാബാദിലേക്ക് വരുന്നു എന്ന ഭീതിയാണ് ഇന്നവിടെയുള്ളത്. എങ്കിലും ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷം ഉണ്ടാകില്ല എന്ന ഒരു പ്രതീക്ഷയാണ് അവിടെ ആളുകള്‍ക്കുള്ളത്. അതുകൊണ്ടാണ് ഇന്ത്യക്കാരായ ഞങ്ങളും പാകിസ്ഥാന്‍കാരായ ചിലരും ഒത്തുചേര്‍ന്നുള്ള ഒരു പൊതുചര്‍ച്ച സംഘടിപ്പിക്കപ്പെട്ടത്. ആ ചര്‍ച്ചയുടെ വിഷയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം എങ്ങനെ മെച്ചപ്പെടുത്താം എന്നതായിരുന്നു.

ഞാന്‍ അവിടെ പറഞ്ഞത,് ഇന്ത്യയും പാകിസ്ഥാനും ചരിത്രം വിസ്മരിക്കുക എന്നാണ്. കാരണം, പാകിസ്ഥാനില്‍ പഠിപ്പിക്കുന്നത് പൂര്‍ണമായും വര്‍ഗീയമായ പാഠപുസ്തകങ്ങളാണ്. പ്രത്യേകിച്ചും 1946-47 കാലത്തെ ചരിത്രത്തെ സംബന്ധിച്ച പാഠങ്ങള്‍. അതുകൊണ്ട് ഞാന്‍ പാകിസ്ഥാനിലെ സുഹൃത്തുക്കളോട് പറഞ്ഞത്, ഇന്ത്യയുടെയും പാകിസ്ഥാന്റെയും ചരിത്രം വിസ്മരിച്ച് നാം ദക്ഷിണേഷ്യയുടെ ചരിത്രം എഴുതുക എന്നാണ്. പാകിസ്ഥാനിലെയും ബംഗ്ളാദേശിലെയും ഇന്ത്യയിലെയും ചരിത്രകാരന്മാര്‍ ഇരുന്ന് ഒരുമിച്ച് ദക്ഷിണേഷ്യയുടെ ചരിത്രം എഴുതുക, അത് നമ്മുടെയെല്ലാം കുട്ടികള്‍ പഠിക്കുകയും ചെയ്യുകയെന്നാണ് ഞാന്‍ പറഞ്ഞത്.

ഇന്ന് ചരിത്രംകൊണ്ട് ഭീകരതയുടെ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയാണ്. കാരണം പാകിസ്ഥാനിലും ഇന്ത്യയിലും വലിയൊരു വിഭാഗത്തിനെതിരെ ഭീകരതയുടേതായ വെറുപ്പ് സൃഷ്ടിക്കുന്നതിനാണ് ഇന്ന് ചരിത്രത്തെ ഉപയോഗിക്കുന്നത്. ഭീകരത വെറുപ്പിന്റെ ഭാഗമാണ്. വെറുപ്പ് അതിന്റെ അടിസ്ഥാനപരമായ സ്വഭാവമാണ്. അതുകൊണ്ട് ഈ വെറുപ്പിനെ മാറ്റണമെങ്കില്‍ ഈ ചരിത്രത്തെ തിരിച്ചറിയേണ്ടത്, പുനര്‍ നിര്‍മ്മിക്കേണ്ടത് ആവശ്യമാണ്. അതാണ് ഒന്നാമത്തെ കാര്യം.

രണ്ടാമതായി എന്തുകൊണ്ട് ഭീകരതയ്ക്ക് ഇത്രയധികം അനുയായികളെ ഉണ്ടാക്കാന്‍ സാധിച്ചു? ഭീകരത എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് മുസ്ളിം ഭീകരത എന്നല്ല. മുസ്ളിം ഭീകരത എന്ന് കേരളത്തിലെ മാധ്യമങ്ങള്‍ പ്രയോഗിക്കുന്നത് വളരെ വളരെ അപലപനീയമാണ്. ഭീകരതയ്ക്ക് മതമില്ല എന്നതാണ് വാസ്തവം. ഹിന്ദു ഭീകരതയ്ക്കും ഒട്ടേറെ ഉദാഹരണങ്ങള്‍ ഉണ്ട്. വര്‍ഗീയത ഭീകരത തന്നെയാണ്. ഭീകരത എന്നതുകൊണ്ട് അര്‍ത്ഥമാകുന്നത് മനുഷ്യത്വമില്ലാത്ത, മനുഷ്യനോട് സഹാനുഭൂതിയില്ലാത്ത പ്രവര്‍ത്തനമെന്നാണ്.

കഴിഞ്ഞ 10 കൊല്ലം ഇന്ത്യയുടെ സമൂഹത്തില്‍ ഭീകരത വളര്‍ന്നുവന്ന കാലമാണ്. ഇത്രയധികം ക്രൂരത മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. 19-ാം നൂറ്റാണ്ടിലും മറ്റും ഉണ്ടായിട്ടുള്ള വര്‍ഗീയ കലാപങ്ങളില്‍ ഇത്രയധികം ക്രൂരത ഉണ്ടായിട്ടില്ല. 2002-ല്‍ ഗുജറാത്തിലുണ്ടായ ക്രൂരത വാസ്തവത്തില്‍ ചരിത്രത്തില്‍ ആദ്യമായിട്ടുള്ളതാണ്. ഖണ്ഡമാല്ലില്‍ ഉണ്ടായ ക്രൂരത അതിനുമുമ്പ് ഉണ്ടാവാത്തതാണ്. ഈ വര്‍ദ്ധിച്ച ക്രൂരത - അതാണ് ഇവിടെ നമ്മുടെ സമൂഹത്തില്‍ സംഭവിച്ച മാറ്റം. നമുക്ക് അതിനെക്കുറിച്ച് ഒരു വേവലാതിയും ഇല്ലാത്ത അവസ്ഥ ഉണ്ടായി. ടീരശല്യ വമ യലലി യൃൌമേഹശലെറ. സമൂഹം ക്രൂരതയില്‍ അകപ്പെട്ട ഒരു അവസ്ഥയിലേക്ക് നാം കടന്നുവന്നിരിക്കുകയാണ്.

അതുകൊണ്ട് ഭീകരതയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ബോംബെയെക്കുറിച്ചോ ഇസ്ളാമാബാദിനെക്കുറിച്ചോ ചിന്തിക്കുന്നതിനെക്കാള്‍ നാം നമ്മുടെ സമൂഹത്തെക്കുറിച്ച് ചിന്തിക്കുകയാണ് വേണ്ടത്. നമ്മുടെ സമൂഹത്തെക്കുറിച്ച് ചിന്തിക്കാതെ, അതിന് മാറ്റമുണ്ടാകാതെ ഈ ക്രൂരത, ഈ ഭീകരത അവസാനിക്കാന്‍ പോകുന്നില്ല.

രണ്ടാമതായി നാം ഭീകരതയെക്കുറിച്ച് പറയുമ്പോള്‍, ഇന്ത്യന്‍ ഭരണാധികാരികള്‍ പാകിസ്ഥാനെയോ അഫ്ഗാനിസ്ഥാനെയോ കുറ്റപ്പെടുത്തുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നാം ഉള്ളിലേക്ക് നോക്കുകയാണ് വേണ്ടത്. ലോകത്തില്‍ ഭീകരാക്രമണം ഉണ്ടായിട്ടില്ലാത്ത ചുരുക്കം ചില രാജ്യങ്ങള്‍ മാത്രമേ ഉള്ളൂ. എന്നാല്‍ അവയില്‍ പലതിലും രണ്ടാമതൊരു ആക്രമണം ഉണ്ടായിട്ടില്ല. ഈ രണ്ടാമത് ആക്രമണം ഉണ്ടായ രാജ്യങ്ങള്‍ ഇന്ത്യയും പാകിസ്ഥാനുമാണ്. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു? ഇതില്‍ നമ്മുടെ ഭരണകൂടത്തിന്റെ, നമ്മുടെ ഇന്റലിജെന്‍സ് സംവിധാനത്തിന്റെ കുറ്റവും കുറവുകളുമുണ്ട്. അതുകൊണ്ട് ഭീകരതയെ ഭരണകൂടം ആക്രമിച്ചതുകൊണ്ട്, വാക്കുകള്‍കൊണ്ട് ആക്രമിച്ചതുകൊണ്ട് മാത്രമായില്ല. സാമൂഹ്യമായും രാഷ്ട്രീയമായും ആക്രമിക്കാന്‍ നമുക്ക് സാധിക്കണം.

പ്രധാനമായി മതേതര അവബോധം സമൂഹത്തില്‍ സൃഷ്ടിക്കാന്‍ എന്തുചെയ്യാന്‍ കഴിയും എന്നതാണ് പ്രശ്നം. അതാണ് നാം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. എന്തെങ്കിലും ചെയ്യാന്‍ നമുക്ക് കഴിയുമോ?

രണ്ടുതരത്തില്‍ ഇതിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയും. ഒന്ന് വര്‍ഗീയതയെ ഇല്ലാതാക്കാന്‍, മതേതരത്വത്തെ സൃഷ്ടിക്കാന്‍ ഭരണകൂടത്തിന് എന്തുചെയ്യാന്‍ കഴിയും? അല്ലെങ്കില്‍ ഭരണകൂടം എന്തുചെയ്യണം? ഫെബ്രുവരി 3, 4 തീയതികളില്‍ ഒരു അഖിലേന്ത്യാ കണ്‍വെന്‍ഷന്‍ ചേരുന്നുണ്ട്. വര്‍ഗീയതയെ നേരിടുന്നതിനുള്ള നിയമം എന്തായിരിക്കണം എന്ന് ചിന്തിക്കുന്നതിനാണ് കണ്‍വെന്‍ഷന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം അത്തരം ഒരു ബില്ല് ഉണ്ടാക്കാനുള്ള ശ്രമം നടന്നിരുന്നു; പക്ഷേ ആ ബില്ല് വര്‍ഗീയതയെ കൂടുതല്‍ സഹായിക്കുന്നതായതുകൊണ്ട് സിവില്‍ സമൂഹത്തിലെ വലിയൊരു വിഭാഗം ആ ബില്ലിനെ എതിര്‍ക്കുകയും അതുകൊണ്ട് ആ നിയമം പാസാകാതെ പോവുകയും ചെയ്തു. ഇന്ന് വീണ്ടും അതിന് ശ്രമിക്കുന്നു. അപ്പോള്‍ അതിന്റെ സ്വഭാവം എന്തായിരിക്കണം എന്നതിനെക്കുറിച്ച് ഇന്ത്യന്‍ സമൂഹം ചര്‍ച്ചചെയ്തേ തീരു.

അതിന്റെ സ്വഭാവം വര്‍ഗീയതയുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ പറ്റുന്ന തരത്തിലുള്ളതാണ് എങ്കില്‍ അത്തരം ഒരു നിയമത്തിന്റെ ആവശ്യമില്ല. ഈ നിയമം ആവശ്യമായി വരുന്നത് നമ്മുടെ സമൂഹത്തില്‍ പരിവര്‍ത്തനം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. അതുണ്ടാകുമോ എന്ന പ്രശ്നം നിലനില്‍ക്കുന്നു. കാരണം കഴിഞ്ഞ തവണ നിയമമുണ്ടായപ്പോള്‍ ഇന്നത്തെ വൈസ്പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പ്രശസ്തരായ 70 ആളുകള്‍, എങ്ങനെയായിരിക്കണം നിയമം എന്ന് പറയുകയുണ്ടായി. അവര്‍ ചില നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചിരുന്നു. പക്ഷേ ആഭ്യന്തരമന്ത്രി അതില്‍ ഒന്നുപോലും സ്വീകരിക്കുകയുണ്ടായില്ല. ഇന്ന് ആഭ്യന്തരമന്ത്രി മറ്റൊരാളാണ്. അതുകൊണ്ട് എന്തെങ്കിലും വ്യത്യാസം വരാന്‍ സാധ്യതയുണ്ടോ എന്ന് നമുക്ക് തീര്‍ച്ചയായും ചിന്തിക്കാം.

രണ്ട് കാര്യങ്ങള്‍ നാം മനസ്സില്‍ സൂക്ഷിക്കുന്നത് നല്ലതാണ്. ഒന്ന് ഇന്ത്യന്‍ ഭരണകൂടത്തിന്റെ, ഭരണവര്‍ഗത്തിന്റെ പ്രത്യയശാസ്ത്രം വര്‍ഗീയതയാണ്. വര്‍ഗീയമായ ഭരണകൂടമല്ല, എന്നാല്‍ വര്‍ഗീയതയെ ഉപയോഗിക്കുന്ന ഭരണകൂടമാണ്. രണ്ടാമതായി ഇന്ത്യയുടെ ആധുനിക ചരിത്രം പരിശോധിച്ചാല്‍തന്നെ വര്‍ഗീയതയുടേതായ ഒരു അടിയൊഴുക്ക്, ഹിന്ദുത്വത്തിന്റേതായ ഒരു അടിയൊഴുക്ക് നമുക്ക് മിക്കവാറും എല്ലാ കാര്യങ്ങളിലും കാണാനാവും. ഈ രണ്ട് കാര്യങ്ങളും നിലനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ വാസ്തവത്തില്‍ ഒരു മതേതരമാറ്റം സംഭവിക്കാന്‍ ഇടയില്ല.

ഭരണകൂടം മതേതരമാകേണ്ടത് അനിവാര്യമാണ്. ഭരണകൂടം മതേതരമല്ലെങ്കില്‍ നമ്മുടെ പൊതു സമൂഹത്തില്‍ മതേതരത്വം സാധ്യമല്ല. ഇത് വളരെ വ്യക്തമായി മനസ്സിലാക്കിയ വ്യക്തിയായിരുന്നു ജവഹര്‍ലാല്‍ നെഹ്റു. പക്ഷേ, പിന്നീട് നമ്മുടെ ഭരണകൂടം പല സന്ധികളും ചെയ്തതുകൊണ്ട് മതേതരത്വത്തിന് പല പാളിച്ചകളും പറ്റി.

നമ്മെ സംബന്ധിച്ചിടത്തോളം, ജനങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടത് നമുക്ക് എന്തുചെയ്യാന്‍ കഴിയും എന്നതാണ്. നമ്മുടെ പൊതുമണ്ഡലത്തില്‍ മതേതരത്വം സൃഷ്ടിക്കുന്നതിന് ചില സാമൂഹ്യ ഇടപെടലുകള്‍ ആവശ്യമായിരിക്കുന്നു. ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്ന ആയിരക്കണക്കിന് സംഘടനകളെ ഉപയോഗിച്ചുകൊണ്ട്, നിലവിലുള്ളവയെ ഉപയോഗിച്ചുകൊണ്ട്, അല്ലാത്തിടത്ത് അത് സൃഷ്ടിച്ചുകൊണ്ടാണ് ആ സാമൂഹ്യ ഇടപെടല്‍ നടത്തേണ്ടത്, സാമൂഹ്യ അവബോധം സൃഷ്ടിക്കേണ്ടത്. ആ പൊതുമണ്ഡലത്തിലാണ് വര്‍ഗീയത നിലനില്‍ക്കുന്നത്. അതിനെ ഇല്ലാതാക്കണമെങ്കില്‍ ഒരു വലിയ പ്രസ്ഥാനം, ചെറിയ ചെറിയ സംഘടനകളുടെ ഒരു വലിയ പ്രസ്ഥാനംതന്നെ, ഉണ്ടാകേണ്ടതാണ്. അത് എനിക്കും നിങ്ങള്‍ക്കും ചെയ്യാന്‍ കഴിയുന്നതാണ്; നമ്മുടെ അയല്‍പക്കത്ത് ചെയ്യാന്‍ കഴിയുന്നതാണ്. അത്തരത്തിലുള്ള പ്രവര്‍ത്തനം, വാസ്തവത്തില്‍ വളരെ വലിയ രാഷ്ട്രീയ പ്രവര്‍ത്തനമാണ്.

സംസ്കാരമെന്നത് രാഷ്ട്രീയത്തില്‍നിന്ന് വ്യത്യസ്തമല്ല. അതുകൊണ്ട് സംസ്കാരവും രാഷ്ട്രീയവും തമ്മില്‍ ഒത്തുചേര്‍ന്നുള്ള ഒരു പുതിയ രാഷ്ട്രീയ സംസ്കാരത്തിന്, പുരോഗമന രാഷ്ട്രീയത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനത്തിന് നാം തയ്യാറാകേണ്ടതാണ്. അങ്ങനെ ചെയ്താല്‍ മാത്രമേ മതേതരത്വം സൃഷ്ടിക്കാനും വര്‍ഗീയതയെ തോല്‍പിക്കാനും ഭീകരതയെ അടിച്ചമര്‍ത്താനും നമുക്ക് സാധിക്കുകയുള്ളു.

*
ഡോ. കെ എന്‍ പണിക്കര്‍ ചിന്ത വാരിക

Wednesday, January 27, 2010

സിമണ്‍ ദെ ബൊവെ - ഫ്രഞ്ച് ഫെമിനിസത്തിന്റെ വഴികാട്ടി

കറ തീര്‍ന്ന എക്സിസ്റ്റെന്‍ഷ്യലിസ്റ്റ്, (അസ്തിത്വവാദി), തലപ്പൊക്കമുള്ള നോവലിസ്റ്റ്, വീറുള്ള സാംസ്കാരിക വിമര്‍ശക, ഫ്രഞ്ച് ഫെമിനിസത്തിന്റെ പ്രാമാണിക ശബ്ദം: സിമണ്‍ ദെ ബോവെക്ക് (ബൊവേര്‍ എന്ന് ഫ്രഞ്ച് ഉച്ചാരണം) ഗുണവിശേഷണങ്ങളേറെ. അവരുടെ ആഗോളവും അതിസങ്കീര്‍ണവുമായ പുകഴിന് എപ്പോഴുമുണ്ടായിരുന്നു വിവാദങ്ങളുടെ അകമ്പടി. പോയ നൂറ്റാണ്ടിലെ ഫ്രഞ്ച് ബുദ്ധിജീവിതത്തിന്റെ ധീരമായ മുഖങ്ങളിലൊന്ന് ഈ സിംഹികയുടേതായിരുന്നു. സ്ത്രീപക്ഷ ചിന്തയുടെ രണ്ടാം വരവില്‍ ഏറെ മുഴങ്ങിക്കേട്ടതും അവരുടെ സ്വരംതന്നെ.

1949- ല്‍ സിമണ്‍ ദെ ബൊവെ എഴുതിയ 'ദി സെക്കന്‍ഡ് സെക്സ്' (The Second Sex - Le Dluxiem Sexe ) യുദ്ധാനന്തര പടിഞ്ഞാറന്‍ ഫെമിനിസത്തിന്റെ അടിസ്ഥാനപാഠങ്ങളില്‍ പ്രമുഖമായ ഒരു പീഠം നേടുന്നു. (ഇംഗ്ളീഷ് വിവര്‍ത്തനം വന്നത് 1953 -ല്‍). സ്ത്രീ എന്താണ് എന്ന അന്വേഷണവും അപഗ്രഥനവുമാണ് അവര്‍ ഈ പുസ്തകത്തില്‍ നടത്തുന്നത്. ഏറെ വായിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്ത ഒരു പാഠം. അതിനിശിതവും പലപ്പോഴും വിഷലിപ്തവുമായ വിമര്‍ശനത്തിന് ഈ പുസ്തകം വിധേയമായി. 'ദി സെക്കന്‍ഡ് സെക്സി'നെ ആക്രമിച്ചത് പുരുഷസൂകരങ്ങള്‍ മാത്രമല്ല. പല പെണ്‍പുലികളും അതിനെ കടിച്ചുകീറാന്‍ വന്നു. പോസ്റ്റ് സ്ട്രക്ചറല്‍ ഫെമിനിസ്റ്റുകള്‍ -ഘടനോത്തര സ്ത്രീപക്ഷവാദികള്‍-ആണ് മുഖ്യമായും പട നടത്തിയത്. സിമണ്‍ ദെ ബൊവെയുമായി അവര്‍ രാഷ്ട്രീയമായും ആശയശാസ്ത്രപരമായും വിയോജിക്കുകയും ആ വിയോജനക്കുറിപ്പുകള്‍ ആഘോഷപൂര്‍വം അവതരിപ്പിക്കുകയുമുണ്ടായി. 1970 കളിലാണ് ബൊവെ വിരോധം ഏതാണ്ടൊരു പരിഷ്കാരമായത്.

സിമണ്‍ ദെ ബൊവെയുടെ പ്രശസ്തിക്ക് ഒരു പ്രഭാവലയമുണ്ട്; ഒരു തമോവലയവും. രണ്ടും നമുക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. അവരുടെ ദര്‍ശനം, അവരുടെ സമീപനം, അവരുടെ രചന ഇതെല്ലാംതന്നെ ബൊവെയുടെ സ്വകാര്യജീവിതവുമായി കുരുക്കഴിക്കാനാവില്ലാത്തവിധം കെട്ടുപിണഞ്ഞുകിടക്കുന്നു. നോവലെഴുത്തിലും സിദ്ധാന്തവിചാരത്തിലുമൊക്കെ സ്വകാര്യാനുഭവം സാന്നിധ്യമറിയിക്കുന്നു. ആത്മകഥയെ അകറ്റിനിര്‍ത്തിക്കൊണ്ടുള്ള സര്‍ഗവ്യാപാരമോ, ബുദ്ധിപ്രവര്‍ത്തനമോ ഈ എഴുത്തുകാരിക്കില്ല. കത്തുകള്‍, അഭിമുഖങ്ങള്‍, ആത്മകഥാപരമായ ആഖ്യാനങ്ങള്‍, ഇങ്ങനെ ബൊവെയുടെ സ്വകാര്യസാഹിത്യം വളരെ വലുതാണ്. അവയും അവരുടെ ഗൌരവമായ സിദ്ധാന്തപാഠങ്ങളും പല ഘട്ടങ്ങളിലും കണ്ണികോര്‍ക്കുന്നുണ്ട്. അവരുടെ എല്ലാ എഴുത്തുകള്‍ക്കും പാഠാന്തര്‍ബന്ധവുമുണ്ട്. അവരുടെ ബുദ്ധിപരവും വികാരപരവും ലിംഗപരവുമായ ജീവിതവൃത്താന്തവുമായി ബൊവെസാഹിത്യം അഭേദ്യമാംവിധം ഒട്ടിച്ചേര്‍ന്നിരിക്കുന്നു എന്ന് ചുരുക്കം.

അവരുടെ അച്ഛന്‍ ഒരഭിഭാഷകനും അമേച്ചര്‍ നടനുമായിരുന്നു. അദ്ദേഹത്തിന്റെ സാഹിത്യരുചിയാണ് മകള്‍ക്കും പകര്‍ന്നുകിട്ടിയത്. ആദ്യകാല വിദ്യാഭ്യാസം ഒരു കത്തോലിക്കാ പള്ളിക്കൂടത്തില്‍. എങ്ങനെ നല്ല കുടുംബിനികളാകാമെന്ന് പെണ്‍കിടാങ്ങളെ പഠിപ്പിക്കുക: അതാണ് പ്രധാനമായും ആ കോണ്‍വന്റ്സ്കൂള്‍ ചെയ്തുകൊണ്ടിരുന്നത്. സിമണ്‍ നല്ലൊരു ഭാര്യയായില്ല; നല്ലൊരു അമ്മയുമായില്ല Ecole Normale എന്ന സ്ഥാപനത്തില്‍ തുടര്‍ വിദ്യാഭ്യാസത്തിന് ചേര്‍ന്നപ്പോഴാണ് സതീര്‍ഥ്യനായ ഴാങ്പോള്‍ സാര്‍ത്രുമായി പരിചയപ്പെട്ടത്. അത് ജീവിതകാലം മുഴുവന്‍ നിലനിന്ന അത്യൂഷ്മള ബന്ധമായി വളര്‍ന്നു. ഈ അടുപ്പത്തിന് എല്ലാ അര്‍ഥങ്ങളുമുണ്ടായിരുന്നു: ബുദ്ധിപരം, ശാരീരികം, വൈകാരികം. സിമണിന് അന്ന് വയസ്സ് ഇരുപത്തൊന്ന്, സാര്‍ത്രിന് ഇരുപത്തിനാലും. ഫൈനല്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടിയത് കാമുകന്; രണ്ടാം സ്ഥാനം കാമുകിക്കും. വിവാഹം എന്ന ഔപചാരികതക്ക്, സമൂഹസമ്മതിക്ക്, കീഴ്പെടാതെ സാര്‍ത്രിന്റെ കൂട്ടുകാരിയായി, കിടപ്പറ പങ്കാളിയായി കഴിയാനാണ് ബൊവെ തീരുമാനിച്ചത്. അത് അവരുടെ പെണ്‍ബോധത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു. പോളും സിമണും ബുദ്ധിജീവിതവും രാഷ്ട്രീയവീക്ഷണവും ശരീരത്തോടൊപ്പം പൂര്‍ണമായും പങ്കുവച്ചു. അവര്‍ എഴുതുന്നതെല്ലാം പരസ്പരം കൈമാറുകയും വിമര്‍ശനാത്മകമാമായി വായിക്കുകയും ചെയ്യുമായിരുന്നു. അതിനുശേഷമേ അവരെന്തും പ്രസിദ്ധീകരണത്തിന് കൊടുത്തിരുന്നുള്ളൂ. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ ഫ്രാന്‍സിലെ സ്ത്രീമോചന മുന്നേറ്റങ്ങളില്‍ മുഖ്യ പങ്കുവഹിച്ച സിമണ്‍ 1971 ലെ വിഖ്യാതമായ 'മാനിഫെസ്റ്റോ'വില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. ഈ മാനിഫെസ്റ്റോ, ഗര്‍ഭഛിദ്രം നിയമവിധേയമാക്കണമെന്നാണ് പ്രധാനമായും ആവശ്യപ്പെട്ടത്. അത് നടന്നു. 1974 മുതല്‍ ഫ്രാന്‍സില്‍ അത് നിയമമനുവദിക്കുന്ന ഒരു നടപടിയായിത്തീര്‍ന്നു. സാര്‍ത്രിന്റെ മരണശേഷവും സിമണ്‍ തന്റെ സ്ഥാപനവിരുദ്ധ പോരാട്ടങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു, എഴുപത്തെട്ടാം വയസ്സില്‍ ന്യൂമോണിയ ബാധിച്ച് കാലംചെയ്യുംവരെ.

തന്റെ ആത്മകഥയുടെ മൂന്നാം വാള്യത്തില്‍ 'ദി സെക്കന്‍ഡ് സെക്സ്'രചിക്കുവാനുണ്ടായ പ്രേരണകളെക്കുറിച്ച് ബൊവെ സംസാരിക്കുന്നുണ്ട്. സാര്‍ത്രുമായുണ്ടായ ഒരു സംഭാഷണമാണത്രെ മൂലകാരണം. ആ സംഭാഷണത്തിനിടക്ക് ഒരാണായി പിറക്കുന്നതും പെണ്ണായി പിറക്കുന്നതും തമ്മിലുള്ള വ്യത്യാസം അവര്‍ക്ക് മനസ്സിലായി. ആരാണ് പെണ്ണ് എന്ന ചോദ്യത്തെ 'ദി സെക്കന്‍ഡ് സെക്സി'ല്‍ അവര്‍ നേരിടുന്നുണ്ട്. സ്ത്രീയുടെ സ്വത്വത്തെ നിര്‍മിച്ചത് പുരുഷനാണ്. പുരുഷ പ്രതിമാനത്തിന് അനുയോജ്യമാംവിധമാണ് അവനത് നിര്‍വഹിച്ചത്. ചരിത്രപരമായിത്തന്നെ 'Humanity'-മനുഷ്യരാശി-എന്നാല്‍ പുല്ലിംഗമാകുന്നു എന്ന ധാരണ ആണ്‍പക്ഷം ഉല്പാദിപ്പിക്കുകയും പ്രചരിപ്പിക്കുകയുംചെയ്തു. അവന്റെ സ്ത്രീഭാഷ്യം അവന്റേതുമാത്രമാണ്. എന്നുവച്ചാല്‍, അവന്റെ താല്പര്യാനുസാരമാണ് അവന്റെ വ്യാഖ്യാനങ്ങളെല്ലാംതന്നെ. സ്വയം നിര്‍ണയാവകാശമുള്ള സ്വതന്ത്രജീവിയായി പുരുഷന്‍ സ്ത്രീയെ പരിഗണിക്കുന്നില്ല. ആണിനെ സംബന്ധിച്ചിടത്തോളം പെണ്ണ് എന്നത് 'സെക്സ്' ആണ്- ' Sex, Absolute Sex' അതില്‍ കുറഞ്ഞോ കൂടുതലായോ ഒന്നുമില്ല. 'Female' -പെണ്ണ്- നിര്‍വചിക്കപ്പെടുന്നത്, വ്യവഹരിക്കപ്പെടുന്നത് 'Male' -ആണ് -എന്നതിനോട് ചേര്‍ത്തുവച്ചുകൊണ്ടാണ്. പെണ്ണ് എന്നതിനോട് ചേര്‍ത്തുപിടിച്ച് ആണ് എന്നത് വ്യാഖ്യാനിക്കപ്പെടുന്നതുമില്ല. അവള്‍ 'incidental' -ആനുഷംഗികം -ആകുന്നു അത്യാന്താപേക്ഷികമല്ലാതാകുന്നു(inessential). എന്നാല്‍ അവനോ? അവന്‍ ഒഴിച്ചുകൂടാത്തത്, പരമപ്രധാനം. അവന്‍ കര്‍ത്താവ്, മുഖ്യ വിഷയം, പരമം. (absolute). അവളോ? the other - മറ്റത്, അമുഖ്യം.

സിമണ്‍ ദെ ബൊവെയുടെ മറ്റൊരു പേരുകേട്ട പ്രസ്താവം 'ദി സെക്കന്‍ഡ് സെക്സി'ല്‍ വായിക്കാം:'One is not born, but rather become a woman'' (ആരും പെണ്ണായി പിറക്കുന്നില്ല; പെണ്ണായിത്തീരുകയാണ് ചെയ്യുന്നത്). സിമണ്‍ ദെ ബൊവെയുടെ വാദം അസ്തിത്വവേദാന്തത്തില്‍നിന്ന് മുളപൊട്ടിയതാണ്. അസ്തിത്വവാദം സാമാന്യമായി പറയുന്നത് ഇച്ഛാനുസാരം പ്രവര്‍ത്തിക്കാന്‍ മനുഷ്യന് സ്വാതന്ത്ര്യമുണ്ടെന്നാണ്.മറ്റുള്ളവരെക്കുറിച്ചുള്ള അത്യാവശ്യമായ അറിവ് ഈ വാദത്തെ അല്‍പ്പം കുഴപ്പിക്കുന്നു. മറ്റുള്ളവരെ സ്വന്തമാക്കാന്‍, നിയന്ത്രിക്കാന്‍ ശക്തമായൊരു പ്രേരണ ആണിനും പെണ്ണിനുമുണ്ട്. ലൈംഗിക വേഴ്ചകളുടെ, ശാരീരിക ബന്ധങ്ങളുടെ, വൈകാരിക സമീപനങ്ങളുടെ പിന്നില്‍ ഈ പ്രേരണ കാണാമെന്ന് സിമണ്‍ ദെ ബൊവെ സമര്‍ഥിക്കുന്നു. എക്സിസ്റ്റന്‍ഷ്യലിസത്തിന്റെ -അസ്തിത്വവാദത്തിന്റെ -ഒരു സ്ത്രീപക്ഷ വ്യാഖ്യാനമാണ് ഈ എഴുത്തുകാരി പ്രഗത്ഭമായി അവതരിപ്പിച്ചത്. അതില്‍ പുനര്‍വിചാരം കൂടി പ്രവര്‍ത്തിക്കുന്നു. 'സ്ത്രൈണം' എന്ന് സമൂഹം പൊതുവെ വിവരിക്കുന്ന സ്വഭാവങ്ങളെ സിമണ്‍ ദെ ബോവെ വിശദമായി പരിശോധിക്കുന്നു. സഹനം (passivity), പുരുഷാശ്രയം, താന്‍ ആണിന് താഴെയാണെന്ന ധാരണ എന്നിവ; പെണ്ണിന്റെ സാമൂഹ്യവിഭജനം സംബന്ധിച്ച ചരിത്ര വിവരണങ്ങള്‍, ചരിത്രാതീതകാലം മുതല്‍ക്കുള്ള ആണിന്റെ വേഷം, സാഹിത്യത്തിലും പുരാണത്തിലുമൊക്കെ സ്ത്രീ എങ്ങനെ ചിത്രീകരിക്കപ്പെടുന്നു എന്നത്: ഇതൊക്കെ സിമണ്‍ ദെ ബൊവെ ചര്‍ച്ചക്കെടുക്കുന്നുണ്ട്. സ്ത്രീവിരുദ്ധ മിത്തുകളെക്കുറിച്ചും അവര്‍ വാചാലയാവുന്നു.ആധുനിക സ്ത്രീയുടെ സ്ഥാനം, അവള്‍ സ്വീകരിക്കുന്ന ഭാവങ്ങള്‍, അവളുടെ സാമൂഹ്യാവസ്ഥ, അവളുടെ ലൈംഗിക പ്രശ്നങ്ങള്‍- ഇവയെല്ലാം വിസ്തരിക്കപ്പെടുന്നു. സിമണ്‍ സ്വീകരിച്ച എക്സിസ്റ്റെന്‍ഷ്യലിസ്റ്റ് സമീപനത്തിന്റെ അവഗണിക്കാനാവാത്ത സ്വാധീനം പല സ്ത്രീപക്ഷ സൈദ്ധാന്തികരുടെയും പില്‍ക്കാല രചനകളില്‍ സ്പഷ്ടമാണ്. ഒരുദാഹരണമത്രെ കേറ്റ് മില്ലറ്റ് 1970 ല്‍ എഴുതിയ ക്ളാസിക് പാഠം: 'Sexual Politics' (ലൈംഗിക രാഷ്ട്രീയം).

സിമണ്‍ ദെ ബൊവെയുടെ കഥകളില്‍ മിക്കതിലും സ്വന്തം ജീവിതത്തില്‍നിന്നുരുത്തിരിഞ്ഞുവന്ന ചോദ്യങ്ങള്‍ക്കാണ് അവര്‍ ഉത്തരമന്വേഷിക്കുന്നത്. പല വിഭവങ്ങളും സ്വാനുഭവങ്ങളില്‍നിന്ന് ശേഖരിച്ചവതന്നെ. അവരുടെ കന്നി നോവല്‍ 'She came to stay' (L' invitee) ഒരു പുരുഷനുവേണ്ടിയുള്ള രണ്ടു പെണ്ണുങ്ങളുടെ മത്സരമാണ് വിഷയമാക്കുന്നത്. 'സെക്ഷ്വല്‍ ജലെസി'യുടെ- ലൈംഗികാഭ്യസൂയയുടെ - കാരണശാസ്ത്രം നോവലിസ്റ്റ് ആനുഷംഗികമായി ആലോചനക്കെടുക്കുന്നു; ഭോഗപരതയും. 1948ല്‍ എഴുതിയ 'The Blood of Others' വ്യക്തിസ്വാതന്ത്ര്യം, നിര്‍ണയാധികാരം, മറ്റുള്ളവരോടുള്ള ഒരു വ്യക്തിയുടെ ചുമതല തുടങ്ങിയ കാര്യങ്ങളാണ് സ്പര്‍ശിച്ചുപോകുന്നത്. നാസികള്‍ ഫ്രാന്‍സ് കീഴടക്കിയ കാലത്ത് ഒളിവില്‍ പ്രവര്‍ത്തിച്ചുപോന്ന ഒളിപ്പോരാളികളുടെ കഥ പറയുമ്പോഴത്രെ മുന്‍ചൊന്ന പ്രശ്നങ്ങള്‍ പ്രസക്തമാവുന്നത്.

സിമണ്‍ ദെ ബോവെയുടെ ഏറ്റവും അറിയപ്പെടുന്ന നോവല്‍ 'The Mandarins' ആണെന്ന് നിസ്സംശയം പറയാം. 1954-ലാണ് ഇത് വെളിച്ചം കണ്ടത്. കേന്ദ്ര കഥാപാത്രമായ ഒരു സ്ത്രീയും ഒരു അമേരിക്കന്‍ എഴുത്തുകാരനും തമ്മിലുള്ള വേഴ്ചയാണ് പ്രമേയം. ലൈംഗികമായ സ്വീകരണ സ്വാതന്ത്യ്രവും യുദ്ധാനന്തര ഫ്രാന്‍സിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയവും നോവലിസ്റ്റിന്റെ പരിഗണനയില്‍ വരുന്നുണ്ട്. സിമണ്‍ ദെ ബൊവെയുടെ നാലു വാള്യങ്ങള്‍ വരുന്ന ആത്മകഥയിലും നോവലുകളില്‍ വിചാരണക്കെടുത്ത വിഷയങ്ങള്‍ തന്നെയാണ് പ്രത്യക്ഷപ്പെടുന്നത്.

'Memoirs of a dutiful daughter' എന്ന ശീര്‍ഷകത്തില്‍ പുറത്തിറങ്ങിയ ആത്മകഥയുടെ ആദ്യ വാള്യത്തില്‍ എഴുത്തുകാരി തന്റെ ബാല്യ-കൌമാര -താരുണ്യ കാലങ്ങള്‍ അനാവരണം ചെയ്യുന്നു. ഇതൊരു തുറന്നെഴുത്താകുന്നു. പ്രഥമ ലൈംഗിക വേഴ്ചയെക്കുറിച്ച് പറയാന്‍ അവര്‍ മടിക്കുന്നില്ല. ഴാങ് പോള്‍ സാര്‍ത്രിനെ ആദ്യമായി കണ്ടതിനെക്കുറിച്ചും സിമണ്‍ പ്രതിപാദിക്കുന്നുണ്ട്. താന്‍ പില്‍ക്കാലത്ത് സ്വീകരിച്ച ദാര്‍ശനിക നിലപാടുകളുടെ ആരൂഢത്തെപ്പറ്റിയും അവര്‍ സംസാരിക്കുന്നു. 'The Prime of Life' എന്ന് പേരിട്ടിരിക്കുന രണ്ടാം വാള്യത്തില്‍ (1960) പറയുന്നത്, സാര്‍ത്രുമായി തനിക്കുള്ള ബന്ധത്തിന്റെ വൈകാരികവും ധൈഷണികവുമായ കാലാവസ്ഥയെക്കുറിച്ചാണ്. മൂന്നാം വാള്യമായ 'Force of Circumstance' 1963- ല്‍ വായനക്കാര്‍ക്ക് കിട്ടി. ഇതില്‍ ചിത്രീകരിക്കുന്നത് സോഷ്യലിസ്റ്റ് രാഷ്ട്രീയവുമായി എഴുത്തുകാരി നടത്തിയ ഇടപാടുകളുടെ കാലമാണ്. ആള്‍ ഗ്രൈന്‍, ലാന്‍സ്മ്യാന്‍ എന്നിവരുമായി തനിക്കുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചും സിമണ്‍ വിസ്തരിച്ചെഴുതുന്നു. ആത്മകഥാസഞ്ചികയിലെ അവസാനത്തെ പുസ്തകമാണ് 1972 -ല്‍ പ്രസിദ്ധീകരിച്ച 'All Said and Done'. ക്യാന്‍സര്‍ രോഗിയായ അമ്മയുടെ മരണം ഹൃദയസ്പൃക്കായ ഒരു സൃഷ്ടിക്ക് കാരണമായി: ' മി ലമ്യ റലമവേ' 1981ല്‍ തന്റെ കൂട്ടുകാരന്റെ - ഴാങ് പോള്‍ സാര്‍ത്രിന്റെ - ദേഹവിയോഗത്തെത്തുടര്‍ന്ന് സിമണ്‍ വികാരോഷ്മളമായ ഓരോര്‍മപ്പുസ്തകമെഴുതി: 'Adieu: A Farewell to Satre.' ഏറെക്കാലം ഈ എഴുത്തുകാരിയെ ആവേശിച്ചത് മൃത്യുചിന്തകളായിരുന്നു.

ആത്യന്തികവിശകലനത്തില്‍, 'The Second Sex' എന്ന ക്ളാസിക്കിന്റെ കര്‍ത്രി എന്ന നിലക്കാവും സിമണ്‍ ദെ ബൊവെ എക്കാലത്തും വാഴ്ത്തപ്പെടുക. അസാമാന്യമായ ഒരാഘാതമാണ് ഈ പുസ്തകം പടിഞ്ഞാറന്‍ സ്ത്രീ സമൂഹത്തിന് സമ്മാനിച്ചത്. ആയിരത്തിത്തൊളളായിരത്തി അമ്പതുകളിലും അറുപതുകളിലെ ആദ്യ പതിറ്റാണ്ടിലും ചെങ്കോല്‍ നടത്തിയിരുന്ന പുരുഷാധീശ പ്രത്യയശാസ്ത്രത്തിന്റെ തടവറയില്‍ ഒറ്റപ്പെട്ടുകിടന്നിരുന്ന സ്ത്രീക്ക് ഒരു പുതിയ ഊര്‍ജവും ഒരു പുതിയ വെളിച്ചവും പകര്‍ന്നുനല്‍കിയത് സിമണ്‍ ദെ ബോവെയുടെ ഈ മാസ്റ്റര്‍ പീസ് ആണെന്നതില്‍ ഒരു തര്‍ക്കവുമില്ല. സമ്പ്രദായങ്ങളില്‍നിന്ന് സ്വയം മോചിപ്പിച്ച് സാര്‍ഥകമായ മറ്റൊരു ജീവിതം നയിക്കാനുള്ള ഉള്‍ക്കരുത്തും വിഭവശേഷിയും പെണ്ണിനുണ്ടെന്ന് യൂറോപ്യന്‍ മിഡില്‍ക്ളാസ് സ്ത്രീ സമൂഹം മനസ്സിലാക്കിയത് 'The Second Sex' വായിച്ചിട്ടാണ്. സ്വന്തം ജീവിതങ്ങളെ ഈപുസ്തകം എവ്വിധം സ്വാധീനിച്ചു എന്ന് വിവരിക്കുന്ന കത്തുകള്‍ ഈഎഴുത്തുകാരിക്കു വന്നുകൊണ്ടേയിരുന്നു. എഴുപതുകളുടെ ആദ്യം'The Second Sex' പെണ്‍പക്ഷ ഗ്രൂപ്പുകളുടെ അടിസ്ഥാന പാഠപുസ്തകമായി (Basic Text) മാറി.

നിരവധി വിഷലിപ്തമായ വിമര്‍ശനശരങ്ങളും അതിന്മേല്‍ പതിച്ചു. പെണ്ണിന്റെ പീഡനത്തിനും അടിച്ചമര്‍ത്തലിനും മറുപടി സോഷ്യലിസ്റ്റ് വ്യവസ്ഥ മാത്രമാണെന്ന് സിമണ്‍ ദെ ബൊവെ സമര്‍ഥിച്ചുവെങ്കിലും, സ്ത്രീ ചൂഷണത്തെ, മറ്റു ചൂഷണ രൂപങ്ങളില്‍ നിന്ന് വകതിരിച്ചുകാണാനുള്ള അവരുടെ ഉദ്യമത്തെ ഇടതുപക്ഷ വിമര്‍ശകന്മാര്‍ കലശലായ സംശയത്തോടുകൂടിയാണ് പൊതുവെ വീക്ഷിച്ചത്. പുരുഷാധികാരഘടനകളോട് സിമണ്‍ ദെ ബൊവെ പരോക്ഷമായി സന്ധിചെയ്യുകയാണെന്ന ഗൌരവമായ ആരോപണവും ഉയര്‍ന്നുകേള്‍ക്കായി. 'The Second Sex'ലും മറ്റു ചില രചനകളിലും masculinity യെ -പുരുഷതയെ -അവര്‍ അബോധമായി ആദര്‍ശവത്കരിക്കുന്നില്ലേ എന്ന സന്ദേഹം ചില സ്ത്രീപക്ഷ ആക്ടിവിസ്റ്റുകള്‍തന്നെ പരസ്യമായി പ്രകടിപ്പിച്ചു. masculinity യെ -പുരുഷതയെ- ഒരു norm (പ്രതിമാനം)ആയി ബൊവെ അംഗീകരിക്കുന്നു എന്ന കുറ്റപ്പെടുത്തലും യൂറോപ്പിലെ ചില സ്ത്രീ സദസ്സുകളില്‍നിന്നുണ്ടായി. 'സൈക്കോ അനാലിസിസു'-മനഃശാസ്ത്ര അപഗ്രഥനരീതി-യുമായി കൈകോര്‍ത്ത ഘടനോത്തര സ്ത്രീപക്ഷവാദികള്‍ (post structural feminists) അവരെ 'Phallic Woman' (ധ്വജസ്ത്രീ) എന്ന് കളിയാക്കാന്‍പോലും ശങ്കിച്ചില്ല. സിമണ്‍ ദെ ബൊവെയുടെ ഹ്യൂമനിസ്റ്റ് വിശ്വാസങ്ങള്‍ക്ക് പെണ്‍പോരാട്ടങ്ങളിലേക്ക് വിശേഷിച്ചൊന്നും സംഭാവന ചെയ്യാനായിട്ടില്ലെന്ന് ഇക്കൂട്ടര്‍ വാദിച്ചു. 1980 കളിലെ ഫ്രഞ്ച് ഫെമിനിസ്റ്റുകളില്‍ മോണിക്വിറ്റിങ് മാത്രമാണ് സിമണ്‍ ദെ ബോവെയുടെ സ്വാധീനവും സംഭാവനയും പൂര്‍ണമായും വരവുവയ്ക്കാന്‍ തയാറായത്.

ഇരുപതാം നൂറ്റാണ്ടിലെ ഉത്കൃഷ്ടനായ അസ്തിത്വദാര്‍ശനികനായി ഴാങ് പോള്‍ സാര്‍ത്രിനെ പൊക്കിക്കാട്ടാന്‍ സിമണ്‍ പാടുപെട്ടതും വലിയ കോലാഹലങ്ങള്‍ക്ക് വഴിതുറന്നു. 'എക്സിസ്റ്റന്‍ഷ്യലി'സത്തിന് താന്‍തന്നെ നല്‍കിയ കനപ്പെട്ട സംഭാവനകളെ മറച്ചുപിടിച്ചുകൊണ്ടാണ് കാമുകനും സഹശായിയുമായ സാര്‍ത്രിനുവേണ്ടി അവര്‍ വാദിച്ചതെന്ന് Kate and Edward Fullbroke അവരുടെ ഗവേഷണ പ്രബന്ധങ്ങളില്‍ വെളിപ്പെടുത്തി.

സിമണ്‍ ദെ ബൊവെയെക്കുറിച്ച്, അവരുടെ സ്ത്രീപക്ഷ നിലപാടിനെക്കുറിച്ച് സത്യസന്ധമായൊരു വിലയിരുത്തല്‍ നടത്തിയത് Toril Moi എന്ന സൈദ്ധാന്തികയാണ്. 'Simon De Beauvoir - the making of an intellectual woman' എന്ന മോയുടെ പഠനം സൂക്ഷ്മങ്ങളിലേക്കിറങ്ങുന്ന നിരൂപണ പാഠമാണ്.

ആരെന്തൊക്കെപ്പറഞ്ഞാലും സ്ത്രീപക്ഷ മുന്നേറ്റത്തിന് സിമണ്‍ ദെ ബൊവെ നല്‍കിയ സിദ്ധാന്തപരമായ കാഴ്ചപ്പാട് ചരിത്രവും സമൂഹവും കണക്കിലെടുക്കുകതന്നെ ചെയ്യും-തീര്‍ച്ച.

*
വി സുകുമാരന്‍ ദേശാഭിമാനി വാരിക