Thursday, January 14, 2010

തെറ്റുതിരുത്തല്‍ പ്രക്രിയയും മതവും

സിപിഐ എമ്മിന്റെ, കേരളത്തില്‍നിന്നുള്ള മുന്‍ എംപിയായ ഡോ. കെ എസ് മനോജ് ഈയിടെ പാര്‍ടി വിടുകയാണെന്ന് പ്രഖ്യാപിച്ചു. അംഗങ്ങള്‍ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന് പാര്‍ടിയുടെ തെറ്റുതിരുത്തല്‍ രേഖയില്‍ നിര്‍ദേശം നല്‍കിയെന്നാണ് ഇതിന് അദ്ദേഹം പറഞ്ഞ കാരണം. ഉറച്ച വിശ്വാസിയായതിനാല്‍ ഇത് തന്റെ വിശ്വാസത്തിന് എതിരാണ്. അതുകൊണ്ട് താന്‍ പാര്‍ടി അംഗത്വം രാജിവയ്ക്കുന്നു.

മനോജിന്റെ ഈ നടപടിയെ ഉയര്‍ത്തിക്കാട്ടി ഒരുവിഭാഗം മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് സിപിഐ എമ്മില്‍ അംഗമാകുന്നത് ഒരു വ്യക്തിയുടെ മതവിശ്വാസങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നാണ്. വിശ്വാസികളെ പാര്‍ടിയില്‍നിന്ന് പുറത്താക്കാന്‍ സിപിഐ എം തീരുമാനിച്ചിട്ടുണ്ടോ എന്ന് ദൌര്‍ഭാഗ്യവശാല്‍ ചില മതനേതാക്കളും ചോദിക്കുന്നു.

മതത്തെക്കുറിച്ചുള്ള സിപിഐ എമ്മിന്റെ അടിസ്ഥാനനിലപാട് ആദ്യംതന്നെ വ്യക്തമാക്കട്ടെ.

മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടില്‍ അധിഷ്ഠിതമായ പാര്‍ടിയാണ് സിപിഐ എം. മാര്‍ക്സിസം ഭൌതികവാദപരമായ തത്വചിന്തയാണ്, മതത്തെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റ് വീക്ഷണം 18-ാം നൂറ്റാണ്ടിലെ പ്രബുദ്ധരായ ചിന്തകരുടെ കാഴ്ചപ്പാടില്‍ വേരൂന്നിയതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മതത്തെ സ്വകാര്യകാര്യമായി ഭരണകൂടം പരിഗണിക്കണമെന്ന് മാര്‍ക്സിസ്റ്റുകള്‍ ആവശ്യപ്പെടുന്നു. ഭരണകൂടവും മതവും തമ്മില്‍ അതിര്‍വരമ്പ് ഉണ്ടാകണം.

മാര്‍ക്സിസ്റുകാര്‍ നിരീശ്വരവാദികളാണ്. അവര്‍ ഒരുമതത്തിലും വിശ്വസിക്കുന്നില്ല. പക്ഷേ, മാര്‍ക്സിസ്റ്റുകാര്‍ മതത്തിന്റെ ഉത്ഭവവും സമൂഹത്തില്‍ അത് വഹിക്കുന്ന പങ്കും മനസ്സിലാക്കുന്നു. മാര്‍ക്സ് പറഞ്ഞതുപോലെ, "മതം മര്‍ദിതജീവിയുടെ നിശ്വാസമാണ്. ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണത്.ആത്മാവില്ലാത്ത അവസ്ഥയുടെ ആത്മാവ് എന്നതുപോലെ''. അതുകൊണ്ട് മാര്‍ക്സിസം സ്വാഭാവികമായിത്തന്നെ മതത്തിന് എതിരല്ല. മതത്തെ അടിച്ചമര്‍ത്തപ്പെടുന്നവരുടെ നെടുവീര്‍പ്പ് ആക്കിമാറ്റുന്ന സാമൂഹ്യസാഹചര്യമാണ് അതിന്റെ ശത്രു.

മതത്തെയും നിരീശ്വരവാദകാഴ്ചപ്പാടിനെയും സംബന്ധിച്ചുള്ള മാര്‍ക്സിസ്റ്റ് വീക്ഷണം അവതരിപ്പിക്കവെ ലെനിന്‍ സ്വയം ഇത്തരം ചോദ്യങ്ങള്‍ ഉന്നയിച്ചു:

"'ഇങ്ങനെയാണെങ്കില്‍, എന്തുകൊണ്ട് നമ്മുടെ പരിപാടിയില്‍ നാം നിരീശ്വരവാദികളാണെന്നു പ്രഖ്യാപിക്കുന്നില്ല? ക്രൈസ്തവരും ദൈവത്തില്‍ വിശ്വസിക്കുന്ന മറ്റുള്ളവരും പാര്‍ടിയില്‍ ചേരുന്നത് എന്തുകൊണ്ട് വിലക്കുന്നില്ല?''

ലെനിന്‍ ഇതിനുള്ള വിശദീകരണം നല്‍കിയത് ഇപ്രകാരമാണ്,

"മാര്‍ക്സിസ്റുകാര്‍ മതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് രൂപപ്പെടുത്തുന്നത് വര്‍ഗസമരത്തിലെ മൂര്‍ത്തമായ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. തൊഴിലാളിവര്‍ഗപാര്‍ടി മുന്‍ഗണന നല്‍കേണ്ടത് മതവിശ്വാസികളാണോ അല്ലാത്തവരാണോ എന്നു നോക്കാതെ എല്ലാ തൊഴിലാളികളെയും മുതലാളിത്തക്രമത്തിനെതിരായ വര്‍ഗസമരത്തില്‍ അണിനിര്‍ത്താന്‍ സംഘടിപ്പിക്കുന്നതിലാണ്.“

ലെനിന്‍ ചൂണ്ടിക്കാട്ടുന്നു:

"ഭൂമിയില്‍ സ്വര്‍ഗം സൃഷ്ടിക്കാന്‍ മര്‍ദിതജനവിഭാഗങ്ങള്‍ നടത്തുന്ന വിപ്ളവകരമായ പോരാട്ടത്തിലുള്ള ഐക്യമാണ് സ്വര്‍ഗത്തെക്കുറിച്ച് തൊഴിലാളിവര്‍ഗത്തിനുള്ള അഭിപ്രായ ഐക്യത്തിനേക്കാള്‍ നമുക്ക് പ്രധാനം''.

അതുകൊണ്ട് സിപിഐ എം ഭൌതികവാദ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ത്തന്നെ മതവിശ്വാസികള്‍ പാര്‍ടിയില്‍ ചേരുന്നതിനെ തടയുന്നില്ല. പാര്‍ടി പരിപാടിയും ഭരണഘടനയും അംഗീകരിച്ച് പാര്‍ടിസംഘടനാ ഘടകത്തില്‍ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയാണ് പാര്‍ടി അംഗത്വത്തിനുള്ള നിബന്ധന.

ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ സിപിഐ എം എതിര്‍ക്കുന്നത് മതത്തെയല്ല, മതപരമായ സ്വത്വത്തിന്റെ അടിസ്ഥാനത്തിലുള്ള വര്‍ഗീയതയെയാണ്. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി നിരന്തരം വാദിക്കുന്ന പാര്‍ടിയാണ് സിപിഐ എം.

സിപിഐ എം അംഗങ്ങള്‍ക്കിടയില്‍ മതവിശ്വാസികളായ ചിലരുണ്ട്. അവര്‍ തൊഴിലാളിവര്‍ഗത്തിലും കര്‍ഷകരിലും അധ്വാനിക്കുന്ന മറ്റു ജനവിഭാഗങ്ങളിലും ഉള്‍പ്പെടുന്നവരാണ്. അവരില്‍ ചിലര്‍ ക്ഷേത്രത്തിലും മോസ്കിലും പള്ളിയിലും ആരാധനയ്ക്കു പോകുന്നു. അവര്‍, ഡോ. മനോജ് പറഞ്ഞതുപോലെത്തന്നെ, സ്വന്തം മതവിശ്വാസത്തെ ദരിദ്രര്‍ക്കും അധഃസ്ഥിതര്‍ക്കുമൊപ്പമുള്ള പ്രവര്‍ത്തനവുമായി കൂട്ടിയോജിപ്പിക്കുന്നു.

പാവപ്പെട്ടവരുടെ ഉന്നമനത്തിനായി, പ്രത്യേകിച്ച് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി വിശ്വാസികളുമായും മതനേതാക്കളുമായും കൈകോര്‍ക്കാന്‍ സിപിഐ എമ്മിനു മടിയില്ല. കേരളത്തില്‍ത്തന്നെ ഇത്തരം സഹകരണത്തിന്റെ ദീര്‍ഘമായ ചരിത്രമുണ്ട്. മാര്‍ക്സിസ്റ്റ്-ക്രൈസ്തവ സഹകരണത്തെക്കുറിച്ച് ഇ എം എസ് എഴുതിയിട്ടുണ്ട്, സഭയുടെ ചില നേതാക്കളുമായി അദ്ദേഹം സംവാദം നടത്തിയിട്ടുമുണ്ട്. ഇത്രയും പറഞ്ഞതില്‍നിന്ന് ഇപ്പോഴത്തെ പ്രശ്നം മതത്തെക്കുറിച്ചുള്ള സിപിഐ എം നിലപാടും വിശ്വാസികള്‍ പാര്‍ടിയില്‍ ചേരുന്നതുമല്ലെന്ന് വ്യക്തം. പാര്‍ടി ഏറ്റെടുത്തിരിക്കുന്ന തെറ്റുതിരുത്തല്‍ പ്രക്രിയയാണ് കാര്യം.

വൈരുധ്യാധിഷ്ഠിത ഭൌതികവാദത്തിന്റെ അടിസ്ഥാനത്തിലുള്ള മാര്‍ക്സിസ്റ്റ് ലോകവീക്ഷണം നേതൃനിരയിലുള്ള കേഡര്‍മാര്‍ ഉള്‍ക്കൊള്ളണമെന്ന് പാര്‍ടി പ്രതീക്ഷിക്കുന്നു. മാര്‍ക്സിസ്റ്റായി മാറുന്ന പ്രക്രിയയില്‍ പാര്‍ടി അംഗങ്ങള്‍ ശാസ്ത്രീയമായ ലോകവീക്ഷണം സ്വീകരിക്കുകയും മതവിശ്വാസം വെടിയുകയുമാണ് വേണ്ടത്.

കേന്ദ്രകമ്മിറ്റി അംഗീകരിച്ച തെറ്റുതിരുത്തല്‍ രേഖയില്‍ മതപരമായ പ്രവര്‍ത്തനത്തിന്റെ രണ്ടു വശം പരാമര്‍ശിക്കുന്നു.

കമ്യൂണിസ്റ്റ് ആദര്‍ശങ്ങള്‍ക്കു നിരക്കാത്ത സാമൂഹ്യവും ജാതീയവും മതപരവുമായ ആചാരങ്ങള്‍ വെടിയുന്നതിലേക്ക് പാര്‍ടി അംഗങ്ങളെ വിദ്യാഭ്യാസം ചെയ്യിക്കുക എന്നതാണ് രേഖയിലെ മാര്‍ഗനിര്‍ദേശങ്ങളിലൊന്ന്. മതവിശ്വാസമോ ആചാരമോ ഉപേക്ഷിക്കാന്‍ പാര്‍ടി അംഗങ്ങളോട് ആവശ്യപ്പെടുന്നില്ല. എന്നാല്‍, കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്ക് നിരക്കാത്ത, അയിത്തമോ വിധവാവിവാഹം തടയല്‍പോലുള്ള സ്ത്രീവിവേചനപരമായ നടപടികളോ മതാചാരങ്ങളുടെ പേരില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അവയ്ക്കെതിരായ നിലപാട് എടുക്കാന്‍ പാര്‍ടി അംഗങ്ങള്‍ ബാധ്യസ്ഥരാണ്. ജാതി, ലിംഗം, സാമൂഹ്യപദവി എന്നിവയുടെ പേരിലുള്ള സാമൂഹ്യ വിവേചനത്തിലേക്ക് നയിക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും വച്ചുപുലര്‍ത്താന്‍ പാടില്ല എന്നാണ് പാര്‍ടി അംഗങ്ങള്‍ക്ക് തെറ്റുതിരുത്തല്‍രേഖയില്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

രണ്ടാമത്തേത്, പ്രമുഖരായ പാര്‍ടി പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും ബാധകമായതാണ്. അവരുടെ കുടുംബാംഗങ്ങളുടെ വിവാഹം ആര്‍ഭാടത്തോടെ നടത്തരുതെന്നും സ്ത്രീധനസമ്പ്രദായം ഉപേക്ഷിക്കണമെന്നും നിര്‍ദേശിക്കുന്നു. മതപരമായ ചടങ്ങുകള്‍ സംഘടിപ്പിക്കരുതെന്നും വ്യക്തിപരമായി മതാചാരങ്ങള്‍ നടത്തരുതെന്നും അവരോട് നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാന- ജില്ലാ കമ്മിറ്റി അഗങ്ങള്‍, സോണല്‍- ഏരിയ കമ്മിറ്റി അംഗങ്ങള്‍ എന്നിവരെപ്പോലുള്ള പ്രമുഖരായ പ്രവര്‍ത്തകര്‍ വ്യക്തി-സാമൂഹ്യ ജീവിതത്തില്‍ പുരോഗമനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നു പ്രതീക്ഷിക്കുന്നു. അവര്‍ മതചടങ്ങുകള്‍ സംഘടിപ്പിക്കുകയോ വ്യക്തിപരമായി അവ നടത്തുകയോ ചെയ്യരുത്. അവര്‍ക്ക് മറ്റുള്ളവര്‍ സംഘടിപ്പിക്കുന്ന മതപരമായ ചടങ്ങുകളുള്ള സാമൂഹ്യ പരിപാടികളില്‍ പങ്കെടുക്കാമെന്നതു വേറെ കാര്യം; പ്രത്യേകിച്ച് എംഎല്‍എ, പഞ്ചായത്ത് അംഗം എന്നിവരെപ്പോലുള്ളവര്‍ക്ക്. കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കള്‍ക്ക് പരസ്യമായി ഒന്നു പറയാനും വ്യക്തിപരമായി മറിച്ച് പ്രവര്‍ത്തിക്കാനും കഴിയില്ല.

ചുരുക്കത്തില്‍, മതവിശ്വാസികള്‍ പാര്‍ടിയില്‍ ചേരുന്നത് കമ്യൂണിസ്റ്റ് പാര്‍ടി തടയുന്നില്ല. അവര്‍ സ്വന്തം വിശ്വാസത്തില്‍ തുടരുമ്പോള്‍ത്തന്നെ മതനിരപേക്ഷമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ഭരണകൂടത്തിന്റെ കാര്യങ്ങളില്‍ മതം നുഴഞ്ഞുകയറുന്നത് തടയുകയും ചെയ്യണം.
കമ്യൂണിസ്റ്റ് പാര്‍ടി അംഗങ്ങളെ കമ്യൂണിസ്റ്റ് മൂല്യങ്ങളുടെയും ആദര്‍ശങ്ങളുടെയും അടിസ്ഥാനത്തില്‍ ജീവിക്കാന്‍ സഹായിക്കുന്നതിനാണ് തെറ്റുതിരുത്തല്‍ രേഖ തയ്യാറാക്കിയത്. പ്രമുഖരായ പ്രവര്‍ത്തകരുടെ കാര്യത്തില്‍ അവര്‍ പൊതുജീവിതത്തിലും സ്വകാര്യജീവിതത്തിലും മാര്‍ക്സിസ്റുകളായി ജീവിക്കണമെന്ന് പാര്‍ടി പ്രതീക്ഷിക്കുന്നു.

പ്രമുഖരായ നേതാക്കളുടെ കാര്യത്തില്‍ സിപിഐ എം മാര്‍ഗനിര്‍ദേശം ഭരണഘടനാവിരുദ്ധമാണെന്ന് ഡോ. മനോജ് പ്രസ്താവിച്ചത് തീര്‍ത്തും തെറ്റാണ്. ഓരോ പൌരനും തന്റെ മതവിശ്വാസം കാത്തുസൂക്ഷിക്കാന്‍ ഉതകുന്ന മതനിരപേക്ഷരാജ്യമാണ് ഭരണഘടനയില്‍ വിഭാവന ചെയ്തിട്ടുള്ളത്. മതമില്ലാതെ ജീവിക്കാനുള്ള അവകാശവും ഭരണഘടന ഉറപ്പുനല്‍കുന്നു. പാര്‍ടിയുടെ തത്വങ്ങളോട് യോജിപ്പുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് സ്വന്തം തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ചേരാന്‍ കഴിയുന്ന സംഘടനയാണ് സിപിഐ എം.

ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പുതിയതല്ല. ആദ്യത്തെ തെറ്റുതിരുത്തല്‍ പ്രക്രിയക്ക് തുടക്കംകുറിച്ചപ്പോള്‍ 1996ല്‍ രൂപംനല്‍കിയതാണ്. ഏതായാലും ഈ വിഷയം വീണ്ടും ഉയര്‍ന്നുവന്നതിനാല്‍ മതത്തെയും കമ്യൂണിസ്റ്റ് കാഴ്ചപ്പാടിനെയും കുറിച്ചുള്ള പാര്‍ടി നിലപാട് വിശദീകരിക്കേണ്ടത് അനിവാര്യമായി.

*
പ്രകാശ് കാരാട്ട് കടപ്പാട്: ദേശാഭിമാനി ദിനപ്പത്രം 2010 ജനുവരി 14

5 comments:

വര്‍ക്കേഴ്സ് ഫോറം said...

സിപിഐ എമ്മിന്റെ, കേരളത്തില്‍നിന്നുള്ള മുന്‍ എംപിയായ ഡോ. കെ എസ് മനോജ് ഈയിടെ പാര്‍ടി വിടുകയാണെന്ന് പ്രഖ്യാപിച്ചു. അംഗങ്ങള്‍ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന് പാര്‍ടിയുടെ തെറ്റുതിരുത്തല്‍ രേഖയില്‍ നിര്‍ദേശം നല്‍കിയെന്നാണ് ഇതിന് അദ്ദേഹം പറഞ്ഞ കാരണം. ഉറച്ച വിശ്വാസിയായതിനാല്‍ ഇത് തന്റെ വിശ്വാസത്തിന് എതിരാണ്. അതുകൊണ്ട് താന്‍ പാര്‍ടി അംഗത്വം രാജിവയ്ക്കുന്നു.

മനോജിന്റെ ഈ നടപടിയെ ഉയര്‍ത്തിക്കാട്ടി ഒരുവിഭാഗം മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് സിപിഐ എമ്മില്‍ അംഗമാകുന്നത് ഒരു വ്യക്തിയുടെ മതവിശ്വാസങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നാണ്. വിശ്വാസികളെ പാര്‍ടിയില്‍നിന്ന് പുറത്താക്കാന്‍ സിപിഐ എം തീരുമാനിച്ചിട്ടുണ്ടോ എന്ന് ദൌര്‍ഭാഗ്യവശാല്‍ ചില മതനേതാക്കളും ചോദിക്കുന്നു.

മതത്തെക്കുറിച്ചുള്ള സിപിഐ എമ്മിന്റെ അടിസ്ഥാനനിലപാട് ആദ്യംതന്നെ വ്യക്തമാക്കട്ടെ.

പ്രകാശ് കാരാട്ടിന്റെ ലേഖനം.

Anonymous said...

അബ്ദുള്ള ക്കുട്ടിയും കേ എസ്‌ മനോജും ഒന്നും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഒരു പുല്‍ക്കൊടി പോലുമല്ല

അവര്‍ അവസരവാദികളായിരുന്നു അവസരം നോക്കി അവര്‍ പാര്‍ട്ടിയില്‍ വന്നു അവസരം നോക്കി പുറത്തു പോയി അതിനു ഒരു എക്സ്പ്ളനേഷന്‍ ആയി മതം ഒക്കെ

എഴുപതുകളില്‍ നിരീശ്വരവാദം ആയിരുന്നു മോഡേണ്‍ പക്ഷെ തൊണ്ണൂറുകള്‍ മുതല്‍ അതു ഭക്തി ഭ്രാന്തായി മാറി അതു തിരിച്ചറിഞ്ഞാണൂ ആര്‍ എസ്‌ എസിണ്റ്റെ വളര്‍ച്ച തടയാനും കൂടി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു അമ്പല പള്ളിക്കമ്മറ്റികളില്‍ പ്രവര്‍ത്തിക്കാനുള്ള വിലക്ക്‌ നീക്കിയത്‌

ഈ കമ്മറ്റികളില്‍ എല്ലം പണം പെരുമാറുന്നതാണു ആകര്‍ഷണെയത അല്ലാതെ യേശൂവും അയ്യപ്പനും ഒന്നുമല്ല എം വീ രാഘവന്‍ കേ ആറ്‍ ഗൌരി എന്നിവറ്‍ പോയിട്ട്‌ പാറ്‍ടിക്കു ഒരു ചുക്കും പറ്റിയില്ല പിന്നെ എന്തിനാണൂ കാരാട്ട്‌ സഖാവ്‌ ഈ പുല്‍ക്കൊടികളുടെ കലാപം കണ്ടു ബേജാറാവുന്നത്‌

രാഘവനും ഗൌരി അമ്മയക്കും ത്യാഗോജ്വലമായ ഭൂതകാലം ഉണ്ടായിരുന്നു പ്റവറ്‍ത്തന പാരമ്പര്യം ഉണ്ടായിരുന്നു

അബ്ദുള്ള കുട്ടിക്കും മനോജിനും എന്താണു ഉള്ളത്‌ തല്‍ക്കാല വിജയത്തിനായി പാറ്‍ട്ടി അവരെ ഉപയോഗപ്പെടുത്തി ചില സീറ്റു കിട്ടാന്‍ വറ്‍ ഗീയ കാറ്‍ഡ്‌ കളിച്ചു

ആല പ്പുഴ ഇലക്ഷനില്‍ മനോജ്‌ എന്നല്ല ചുവരെഴുതിയത്‌ ഡോ കുരിശിങ്കല്‍ എന്നായിരുന്നു എന്തിനു കുറെ ക്റിസ്ത്യന്‍ വോട്ടും കൂടി പിടിച്ച്‌ സുധീരനെ അട്ടിമറിക്കാന്‍

എന്നിട്ടും സുധീരണ്റ്റെ അപര്‍മാരാണു സുധീരനെ തോല്‍പ്പിച്ചത്‌ അല്ലാതെ കുരിശിങ്കല്‍ അല്ല

പാറ്‍ട്ടിക്കുവേണ്ടി മരിക്കാന്‍ തയ്യാറായ എത്റയോ പ്റവറ്‍ത്തകറ്‍ ഉല്ലപ്പോള്‍ അവരുറ്റെ മുകളീല്‍ തല്‍ക്കാല ലാഭത്തിനായി പിടിച്ചു കൊണ്ടു വന്നു നിറ്‍ത്തുന്ന ഈ മാനേജുമണ്റ്റ്‌ ക്വാട്ട കാന്‍ഡിഡേറ്റ്സിനു പാറ്‍ട്ടിയോട്‌ കൂറൊന്നും ഇല്ല

ഇവരെ ജനം തിരിച്ചറിയുകയും ചെയ്യും കാരാട്ട്‌ സഖാവ്‌ ഇവരെ കൂടുതല്‍ പ്റസക്തരാക്കുകയാണൂ ഈ എക്സ്പ്ളനേഷന്‍ വഴി ചെയ്തിരിക്കുന്നത്‌ , ഈ എം എസ്‌ ഒന്നും ഇങ്ങിനെ ചെയ്യില്ല

പഠിപ്പു തികയാത്ത കുറ്റം

ധാറ്‍ഷ്ട്യം വെടിഞ്ഞു നല്ല ഭരണം കാഴ്ച വെച്ചാല്‍ ഇടതു പക്ഷം രക്ഷപെടും

അല്ലാതെ മദനിയുടെയും പട്ടക്കാരണ്റ്റെയും പിറകേ പോയാല്‍ ഹിന്ദു വോട്ട്‌ മറിയും പാറ്‍ട്ടിയില്‍ ഉറച്ചു നില്‍ക്കുന്ന ഭൂരി ഭാഗം ഹിന്ദുക്കള്‍ ആണു

അതു മറക്കരുത്‌

simy nazareth said...

പാര്‍ട്ടി അടുത്ത തിരഞ്ഞെടുപ്പില്‍ "മതപരമായ ചടങ്ങുകള്‍ സംഘടിപ്പിക്കില്ല എന്നും വ്യക്തിപരമായി മതാചാരങ്ങള്‍ നടത്തില്ല എന്നും" ഉറപ്പുള്ളവരെ മാത്രം ജനപ്രതിനിധികളാവാന്‍ സ്ഥാനാര്‍ത്ഥികളായി നിര്‍ത്തട്ടെ. താല്‍ക്കാലിക ലാഭത്തിനായി അബ്ദുള്ളക്കുട്ടിയെയും മനോജിനെയും ടി.കെ. ഹംസയെയും മറ്റും കൂട്ടുപിടിക്കുന്നത് നിര്‍ത്തട്ടെ എന്നും ആശംസിക്കുന്നു.

Unknown said...

" പാറ്‍ട്ടിക്കുവേണ്ടി മരിക്കാന്‍ തയ്യാറായ എത്റയോ പ്റവറ്‍ത്തകറ്‍ ഉല്ലപ്പോള്‍ അവരുറ്റെ മുകളീല്‍ തല്‍ക്കാല ലാഭത്തിനായി പിടിച്ചു കൊണ്ടു വന്നു നിറ്‍ത്തുന്ന ഈ മാനേജുമണ്റ്റ്‌ ക്വാട്ട കാന്‍ഡിഡേറ്റ്സിനു പാറ്‍ട്ടിയോട്‌ കൂറൊന്നും ഇല്ല ..."

പാറ്‍ട്ടിക്കുവേണ്ടി മരിക്കാന്‍ തയ്യാറായ എത്റയോ പ്റവറ്‍ത്തകറ്‍ ഉല്ലപ്പോള്‍ തന്നെ ആണ് അമ്പത്തേഴില്‍ അവര്‍ക്ക് മുകളിലൂടെ വീ ആര്‍ കൃഷ്നയ്യരെയും (ഇപ്പോഴും പ്രേതരൂപത്തില്‍ വരുന്ന ഭാര്യയുമായി സംസാരിക്കാരുന്ടെന്നു കൃഷ്ണയ്യര് !!) എ.ആര്‍ മേനോനെയും മുണ്ടശ്ശെരിയെയും ഒക്കെ സ്ഥാനാര്‍ത്തി ആക്കി ജയിപ്പിച്ചത്.
കമ്യൂനിസ്ട്ടുകാരുടെ തലയില്‍ മോസ്കോ റോഡു വെട്ടാന്‍ ആഹ്വാനം ചെയ്ത , അന്നത്തെ കംമ്യൂനിസ്ട്ടു വിരുദ്ധത ഏറ്റവും കൂടുതല്‍ പ്രകടിപ്പിച്ച കെ.കേളപ്പന്‌മായി ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ കംമ്യൂനിസ്ട്ടു പാര്‍ടി സഖ്യമുണ്ടാക്കി മത്സരിച്ചു. ഇതൊക്കെ "ജനം തിരിച്ചറിയുകയും ചെയ്തു" പക്ഷെ അത് ആ സാഹചര്യത്തില്‍ ആവശ്യമാണ്‌ എന്നും "ജനം തിരിച്ചറിഞ്ഞു".

" ഈ എം എസ്‌ ഒന്നും ഇങ്ങിനെ ചെയ്യില്ല ...."
ഏയ്‌, ഏയ്‌ ഒന്ന് പോടെ, ഈ എമ്മെസിന്റെ ഒരു മൈന്‍ഡ് റീഡര് വന്നിരിക്കുന്നു. ഈ എമ്മെസ് ഇത് നന്നായി ചെയ്യുന്നത് കൊണ്ടാണ് മതം മൌലികമായി ഉപയോഗിക്കുന്ന കാര്യത്തില്‍ മദനിയും ഗാന്ധിയും ഒരുപോലെ എന്ന് പറഞ്ഞതും, തന്റെ വലതു രാഷ്ട്രീയക്കാര്‍ EMS ഗാണ്ടിയെ മടനിയോടു ഉപമിച്ചു കരഞ്ഞു വിളിച്ചത്.

*free* views said...

I do not agree that communism is against religion, communism is only against religions (and blind faith) being used to oppress people. In most cases even religions that are created to free the people from oppressors are turned against them to fool them in agreeing to their fate. (Christianity is a big example
) Hypocrisy was mixed with hinduism(faith) to sell casteism to masses for centuries.

It is sorry that party has to be afraid of the religious leaders because of the situation in our country where most parties are ready to bow down to every one to get some votes. I can understand that party does a bit of political game to be accepted by these religious leaders, but I believe party will get much more suport if it stands against them, if there is a set back it will just be temporary.

PS: sorry for late comment, got time to read the posts only now.