Sunday, January 3, 2010

അമേരിക്കയുടെ ഇരട്ട ഏജന്റുമാര്‍

ഭീകരവാദത്തെ നേരിടാന്‍ ഭീകരരെ ഉപയോഗിക്കുക. ഭീകരത തുടച്ചുനീക്കുമെന്ന് പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍ത്തന്നെ കൊടുംഭീകരര്‍ക്ക് സ്വന്തം മണ്ണില്‍ താവളമൊരുക്കുക. അമേരിക്കന്‍ ചാരസംഘടന സിഐഎയാണ് തലതിരിഞ്ഞ ഈ തന്ത്രം പയറ്റുന്നത്. യുഎസ് വിദേശവകുപ്പ് ഈയിടെ പുറത്തുവിട്ട രേഖകളാണ് സിഐഎ നടത്തിവരുന്ന തീക്കളിയുടെ സാക്ഷ്യപത്രമായി മാറിയിരിക്കുന്നത്. ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയും ഇതേ പാതയിലാണ് നീങ്ങുന്നതെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരികയാണ്.

ഒമര്‍ അബ്‌ദേല്‍ റഹ്‌മാന്‍ എന്ന അന്ധപുരോഹിതനാണ് അല്‍ ഖായ്‌ദയുടെ അമേരിക്കന്‍ഘടകത്തെ നയിച്ചിരുന്നത്. ഈജിപ്‌തുകാരനായ റഹ്‌മാന്‍ 2001 സെപ്തംബര്‍ 11ന്റെ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പ്രസിഡന്റ് അന്‍വര്‍ സാദത്തിനെ വധിക്കാന്‍ ഫത്വ പുറപ്പെടുവിച്ചതിന് 1986 വരെ ഈജിപ്‌തില്‍ ജയിലിലായിരുന്ന റഹ്‌മാന് 1990ലാണ് അമേരിക്കന്‍വിസ ലഭിച്ചത്. റഹ്‌മാന് വിസ നല്‍കിയത് വിവാദമായപ്പോള്‍ സിഐഎയ്ക്ക് സംഭവിച്ച നോട്ടപ്പിശകെന്നാണ് ഔദ്യോഗികവിശദീകരണത്തില്‍ പറഞ്ഞത്. എന്നാല്‍, റഹ്‌മാന്‍ നല്‍കിയ ഏഴ് വിസ അപേക്ഷയില്‍ ആറിലും സിഐഎ അനുകൂല അഭിപ്രായമാണ് രേഖപ്പെടുത്തിയതെന്ന് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ടിം വേണര്‍ എഴുതിയ 'ലെഗസി ഓഫ് ആഷസ്' എന്ന പുസ്തകത്തില്‍ വ്യക്തമാക്കുന്നു.

സിഐഎ ബോധപൂര്‍വം റഹ്‌മാന് അമേരിക്കയില്‍ താവളം ഒരുക്കുകയായിരുന്നു. അല്‍ ഖായ്‌ദയുടെ രഹസ്യപദ്ധതികള്‍ ചോര്‍ത്തിയെടുക്കാന്‍ കഴിയുന്ന വ്യക്തി എന്ന നിലയിലാണ് റഹ്‌മാനെ സിഐഎ കൈകാര്യംചെയ്തത്. ഈജിപ്‌തില്‍നിന്ന് ജയില്‍മോചിതനായശേഷം റഹ്‌മാന്‍ സൌദി അറേബ്യയുടെ സാമ്പത്തികസഹായത്തോടെ പലതവണ അമേരിക്ക സന്ദര്‍ശിച്ചിരുന്നു. അപ്പോഴെല്ലാം രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്ന ഒരാള്‍ക്ക് വിസ അനുമതി നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമ്പോള്‍ അബദ്ധം സംഭവിക്കുമെന്ന് കരുതാനാവില്ല.

റഹ്‌മാന്റെ പ്രവര്‍ത്തനങ്ങളോട് അമേരിക്കന്‍ അധികൃതരുടെ ഉദാരസമീപനം വ്യക്തമാക്കുന്ന കൂടുതല്‍ ഉദാഹരണങ്ങളുണ്ട്. നികൃഷ്ടമായ ഭാഷയിലാണ് റഹ്‌മാന്‍ പ്രഭാഷണങ്ങള്‍ നടത്തിയിരുന്നത്. ഈജിപ്‌ത് പ്രസിഡന്റായിരുന്ന അന്‍വര്‍ സാദത്തിനെ റഹ്‌മാന്‍ ഇസ്ളാംവിശ്വാസിയായി കണ്ടിരുന്നില്ല. 'വിശ്വാസത്തെ വ്രണപ്പെടുത്തുന്ന' സാദത്ത് മരണശിക്ഷയ്ക്ക് അര്‍ഹനാണെന്ന് റഹ്‌മാന്‍ വിധിച്ചു. പാശ്ചാത്യരാജ്യങ്ങളിലെ അനുയായികളോട് പരസ്യമായി കലാപത്തിന് ആഹ്വാനംചെയ്‌തു:"നിങ്ങളുടെ രാജ്യങ്ങളിലെ ഗതാഗതസൌകര്യങ്ങള്‍ തകര്‍ക്കുക. അവിടത്തെ സമ്പദ്ഘടന നശിപ്പിക്കുക. കമ്പനികളെയും വിമാനങ്ങളെയും കപ്പലുകളെയും ആക്രമിക്കുക. കരയിലും കടലിലും ആകാശത്തും അവരെ കൊല്ലുക''-ഇത്രയും പരസ്യമായി ഭീകരപ്രവര്‍ത്തനത്തിന് ആഹ്വാനംചെയ്‌ത ഭീകരന്‍ അമേരിക്കയുടെ ചിറകിനടിയിലായിരുന്നു. കാരണം, തന്റെ വിശ്വാസങ്ങളെയും അനുയായികളെയും റഹ്‌മാന്‍ വഞ്ചിക്കുമെന്ന് സിഐഎ അന്ധമായി വിശ്വസിച്ചു. ഭീകരാക്രമണ പദ്ധതികള്‍ ചോര്‍ത്തിക്കൊടുക്കുമെന്ന് കരുതി. എന്നാല്‍, റഹ്‌മാന്‍ വഞ്ചിച്ചത് സിഐഎയുടെ വിശ്വാസത്തെയാണ്. 1989 മുതല്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ റഹ്‌മാന്റെ അനുയായികളുമായി ആശയവിനിമയം നടത്തിയിരുന്നു. ഈ ചര്‍ച്ചകള്‍ തുടര്‍ന്നുകൊണ്ടുപോകാനാണ് റഹ്‌മാനെത്തന്നെ അമേരിക്കയിലേക്ക് ആനയിച്ചത്. എന്നിട്ടും ഭീകരാക്രമണം സംബന്ധിച്ച സൂചനകളൊന്നും റഹ്‌മാന്‍ നല്‍കിയില്ല.

1993 ഫെബ്രുവരി 26ന് ന്യൂയോര്‍ക്കില്‍ ലോകവ്യാപാരകേന്ദ്രത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ 1500 കിലോഗ്രാം സ്‌ഫോടകവസ്തുകള്‍ കണ്ടെത്തിയതോടെയാണ് റഹ്‌മാന്‍ അറസ്റിലായത്. അന്ന് സ്‌ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞു. 1993 ജൂലൈ രണ്ടിന് അറസ്റിലായ ഇയാള്‍ ഇപ്പോള്‍ നോര്‍ത്ത് കരോലിനയിലെ ബട്നര്‍ ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. എന്നാല്‍, റഹ്‌മാന്‍ അമേരിക്കയില്‍ വിതച്ച വിത്തുകള്‍ എട്ടു വര്‍ഷത്തിനുശേഷം ലോകവ്യാപാരകേന്ദ്രം തകര്‍ത്തു.

അല്‍ ഖായ്‌ദയുടെ യൂറോപ്പിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഒമര്‍ മഹമ്മൂദ് ഒത്‌മാന്‍ ബ്രിട്ടന്റെ രഹസ്യാന്വേഷണ ഏജന്‍സി എം15ന്റെ ഏജന്റാണെന്ന ആരോപണവും ഇതോടൊപ്പം പരിശോധിക്കേണ്ടതാണ്. 2004ലെ മാഡ്രിഡ് ട്രെയിന്‍ സ്ഫോടനക്കേസിലും പാരീസ്-മിയാമി വിമാനം ബോംബ്വച്ച് തകര്‍ക്കാന്‍ ശ്രമിച്ച കേസിലും ഒത്‌മാന്റെ അനുയായികളാണ് പിടിയിലായത്. ഒത്‌മാനെ അറസ്റ്ചെയ്യണമെന്ന് മാഡ്രിഡ് സ്ഫോടനം നടക്കുന്നതിനു നാലുവര്‍ഷം മുമ്പേ യൂറോപ്പിലെ മറ്റു രാഷ്‌ട്രങ്ങള്‍ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 'രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കാന്‍' ഒത്‌മാന് കഴിയുമെന്ന് അവകാശപ്പെട്ട് എം15 ഈ ഭീകരനെ സംരക്ഷിച്ചു.

ഇപ്പോള്‍ ലഷ്‌ക്കര്‍ ഇ തോയ്‌ബ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ കാര്യത്തിലും സമാനമായ അബദ്ധമാണ് സിഐഎയ്ക്ക് സംഭവിച്ചത്. സിഐഎയുടെ ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന ഹെഡ്‌ലി മറുപക്ഷത്ത് ചേര്‍ന്നത് 2009 ജൂലൈയില്‍ മാത്രമാണ് അമേരിക്ക തിരിച്ചറിഞ്ഞത്. ഹെഡ്‌ലിയെ ഇന്ത്യക്ക് കൈമാറാന്‍ അമേരിക്ക തയ്യാറാകാത്തത് ഇതൊക്കെ പുറത്താകുമെന്നതുകൊണ്ടാണ്.

ജയ്‌ഷെ മുഹമ്മദ് 1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടിക്കൊണ്ടുപോയി വിലപേശല്‍ നടത്തിയതിനെത്തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ ജയിലില്‍നിന്ന് മോചിപ്പിച്ച അഹമ്മദ് സയിദ് ഒമര്‍ ഷേക് എന്ന ഭീകരനും ബ്രിട്ടീഷ് ഏജന്‍സിയുമായി സഹകരിച്ചിരുന്നു. ഭീകരസംഘടനകളില്‍ നുഴഞ്ഞുകയറാന്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സി റിക്രൂട്ട് ചെയ്ത ഏജന്റാണ് ഷേക് എന്ന് സാക്ഷ്യപ്പെടുത്തുന്നത് പാകിസ്ഥാന്‍ മുന്‍പ്രസിഡന്റ് പര്‍വേസ് മുഷറഫ് തന്നെയാണ്. മുഷറഫിന്റെ 'ലൈന്‍ ഫയര്‍' എന്ന ആത്മകഥയിലാണ് ഈ വെളിപ്പെടുത്തലുള്ളത്.

2001 സെപ്തംബര്‍ 11ന് അമേരിക്കയിലുണ്ടായ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഖാലിദ് ഷേക് മുഹമ്മദ് 1996ല്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നതായും നമ്മുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇക്കാര്യത്തില്‍ ഇരുട്ടില്‍ തപ്പുകയാണെന്നും കഴിഞ്ഞദിവസം 'ദ ഹിന്ദു' പത്രത്തില്‍ പ്രവീൺ സ്വാമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുഹമ്മദ് എപ്പോഴാണ് വന്നത്, ഏതെല്ലാം യാത്രാരേഖകളാണ് ഉപയോഗിച്ചത്, ഇന്ത്യയില്‍ ആരെയെല്ലാം കണ്ടു, എവിടെയൊക്കെ തങ്ങി-ഈ വിവരങ്ങളൊന്നും കണ്ടെത്താന്‍ ഇന്ത്യയുടെ രഹസ്യാന്വേഷണ അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, അസര്‍ബൈജാന്‍ എന്നിവിടങ്ങളിലെ ഇസ്രയേല്‍ എംബസികള്‍ തകര്‍ക്കാന്‍ നടത്തിയ ഗൂഢാലോചനയില്‍ ഇയാള്‍ പങ്കാളിയായിരുന്നു. 2003ല്‍ റാവല്‍പിണ്ടിയില്‍ അറസ്റിലായ മുഹമ്മദ് ഇപ്പോള്‍ അമേരിക്കയില്‍ വിചാരണ നേരിടുകയാണ്. പക്ഷേ, ഇയാളുടെ ഇന്ത്യാസന്ദര്‍ശനത്തിന്റെ വിശദാംശം ലഭ്യമാക്കാന്‍ കേന്ദ്രഏജന്‍സികള്‍ ശ്രമിക്കുന്നില്ല. ഇതൊക്കെ അന്വേഷിച്ചാല്‍ അമേരിക്കയുടെ ഭീകരവിരുദ്ധ പോരാട്ടത്തിന്റെ പൊള്ളത്തരം കൂടുതല്‍ വെളിച്ചത്തുവരും.

****

സാജന്‍ എവുജിന്‍

5 comments:

വര്‍ക്കേഴ്സ് ഫോറം said...

ഭീകരവാദത്തെ നേരിടാന്‍ ഭീകരരെ ഉപയോഗിക്കുക. ഭീകരത തുടച്ചുനീക്കുമെന്ന് പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍ത്തന്നെ കൊടുംഭീകരര്‍ക്ക് സ്വന്തം മണ്ണില്‍ താവളമൊരുക്കുക. അമേരിക്കന്‍ ചാരസംഘടന സിഐഎയാണ് തലതിരിഞ്ഞ ഈ തന്ത്രം പയറ്റുന്നത്. യുഎസ് വിദേശവകുപ്പ് ഈയിടെ പുറത്തുവിട്ട രേഖകളാണ് സിഐഎ നടത്തിവരുന്ന തീക്കളിയുടെ സാക്ഷ്യപത്രമായി മാറിയിരിക്കുന്നത്. ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയും ഇതേ പാതയിലാണ് നീങ്ങുന്നതെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരികയാണ്.

നന്ദന said...

good

Anonymous said...

ഇടതു പക്ഷത്തിനു തീവ്രവാദത്തെ പറ്റി പൊള്ളത്തരം ഒന്നുമില സുനിശ്ചിതമായ നിലപാടാണു എന്തു വില കൊടുത്തും മദനിയെയും ഭാര്യയെയും സംരക്ഷിക്കുക സൂഫിയ മദനി കസ്റ്റഡിയില്‍ ആകെ ഒരു ദിവസം അവിടെ നിന്നും ഹോസ്പിറ്റല്‍ അവിടെ നിന്നും കോടതി ജാമ്യം ഒക്കെ സ്പെഷല്‍ കാറില്‍ സര്‍ക്കാര്‍ ചെലവില്‍ അവരുടെ മുഖം പോലും പടം എടുക്കാന്‍ പാടില്ല പഞ്ചായത്ത്‌ ഇലക്ഷന്‍ പീ ഡീപി സഹായത്താല്‍ ജയിക്കുമെന്നാണു പിന്നെ സ്റ്റാന്‍ഡ്‌ ക്ളീയര്‍ ആണു ആ റാണയെ പിടിക്കേണ്ടതില്ലായിരുന്നു അവന്‍ ഡബിള്‍ ഏജണ്റ്റ്‌ ആയ്തുകൊണ്ടല്ലെ തടിയണ്റ്റവിട നസീറിനെ പൊക്കാന്‍ പറ്റിയത്‌ അതു കൊണ്ടല്ലേ മദനി ആപ്പിലായത്‌ സാരമില്ല മദനി ചേട്ടാ കൊടിയേരി ഭരിക്കുമ്പോള്‍ താങ്കള്‍ സുരക്ഷിതനാണു ബസ്‌ കത്തിക്കുകയോ കോഴിക്കോട്‌ സ്റ്റാന്‍ഡില്‍ ബോംബു വെക്കുകയോ എന്തോ ചെയ്തുകൊള്ളുക അടിയന്‍ ലച്ചിപ്പോം

Unknown said...

എന്തിനാ ഇങ്ങനെ വളച്ചു മൂക്കേല്‍ പിടിക്കുന്നേ..ഉസാമാ ബിന്‍ ലാദന്‍ പണ്ട് അമേരിക്കയുടെ ആരായിട്ട് വരും..അല്ല ഒന്നു പോ കൂവേ....ഒരു ഒതളങ്ങ ചരിത്രം..ഫൂ...

Unknown said...

ആരുഷിയുടെ ഉണ്ടയില്ലാ വെടി വീണ്ടും. മദനിയെയും ഭാര്യയേയും സംരക്ഷിക്കുന്നു പോലും.രണ്ടു കാലിലും മന്ത് ചീഞ്ഞു ഒലിക്കുന്നോന്‍ നാട്ടുകാരെ മന്തന്‍ എന്ന് വിളിക്കുന്നു .മദനിയെയും ഭാര്യയേയും "സംരക്ഷിക്കാന്‍" അല്ലെ 2001ലെ ഇളക്ഷിനില്‍ കുന്നംകുലവും കുഴല്‍മന്ദവും PDPക്ക് കൊടുത്തത് ? അതും മദനിയെ വിട്ടയക്കും മുമ്പ്. അങ്ങനെ 'സംരക്ഷിക്കാന്‍' അല്ലെ ബസ്സ് കത്തിക്കല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പറമ്പായി മജീദിനെ കൊണ്ഗ്രെസ്സില്‍ ചേര്‍ത്തു സുധാകരന്‍ വക എല്‍.ഡി എഫിനെതിരെ സ്ഥാനര്‍ത്തിയാക്കിയത്.അങ്ങനെ സംരക്ഷിക്കാന്‍ അല്ലെ നായനാര്‍ വധശ്രമ കേസ് ചാണ്ടി withdrawal of case:Reg (status of case എന്നല്ല)ഫയല്‍ തുറന്നു പിന്‍വലിക്കാന്‍ ശ്രമിച്ചത് , പ്രതിയായിരുന്ന അമീരളി ഇബ്രാഹിം കുട്ടിയോടൊപ്പം ചാണ്ടിയെ കണ്ടു കേസില്‍ നിന്നൊഴിവാക്കാന്‍ ആവശ്യപ്പെട്ടു ചര്‍ച്ച നടത്തിയതും.
എല്ലാം പോട്ടെ അങ്ങനെ ഇപ്പോഴും സംരക്ഷിക്കുന്നത് കൊണ്ടല്ലേ, കോയമ്പത്തൂര്‍ ഭീകര പ്രവര്‍ത്തന കേസില്‍ ഇപ്പോഴും കേസ് നടപടി നേരിടുന്ന ഷബീര്‍ കൊണ്ഗ്രെസ്സ് സംസ്ഥാന നേതാക്കളോടൊപ്പം "വിലക്കയറ്റ വിരുദ്ധ സമരം" മുന്നില്‍ നിന്ന് നയിച്ചത്. അങ്ങനെ പലരെയും സംരക്ഷിക്കാന്‍ അല്ലെ ഒന്നര മാസം മുമ്പ് നടന്ന കാസര്‍കോട് , പോലീസിനെ ആക്രമിച്ചു രണ്ടു പേര് കൊല്ലപ്പെട്ട, എത്രയോ ബസും കടകളും കത്തിയമര്‍ന്ന കലാപത്തില്‍ പലരെയും രക്ഷിക്കാന്‍ ഉമ്മനും ചെന്നിയും വീരേന്ദ്രകുമാറും ഓടി എത്തിയത്. മൂന്നാല് വര്ഷം കഴിഞ്ഞു അത് "ലക്ഷര്‍" കലാപമായിരുന്നു എന്ന് മാതൃഭൂമിക്കും മനോരമക്കും വഷളന്‍ ആരുഷികും എഴുതണ്ടേ ?എന്ത് ചെയ്യാം മലയാളികളുടെ ഓരോ ഗതികേട്