Tuesday, January 26, 2010

ജനുവരിയുടെ മാനത്ത് ശാസ്ത്രവും വിശ്വാസവും

ജനുവരി പതിനാലിന് മകരവിളക്ക് ആയിരുന്നു. പതിനഞ്ചിന് വലയ സൂര്യഗ്രഹണവും. ജനുവരിയുടെ മാനത്തെ രണ്ട് അത്ഭുതങ്ങളായിരുന്നു ഇവ. മകരജ്യോതി ദര്‍ശിക്കുവാന്‍ ഭക്തലക്ഷങ്ങള്‍ എത്തിയെന്ന് പത്രവാര്‍ത്തകള്‍. വിവിധ രാജ്യങ്ങളിലായി കോടിക്കണക്കിന് ശാസ്ത്രകുതുകികള്‍ സൂര്യഗ്രഹണം വീക്ഷിച്ചു എന്നും വാര്‍ത്തകള്‍ സൂചിപ്പിച്ചു. ഗ്രഹണം മാനത്തെ ഒരു അത്ഭുതമല്ല. ഒരു യാഥാര്‍ത്ഥ്യമാണ്. ഭൂമിയില്‍നിന്ന് നോക്കുമ്പോള്‍ ഒരു അതിശയ കാഴ്ച തന്നെയാണത്. ഗ്രഹണം എപ്പോള്‍, എങ്ങനെ, എന്തുകൊണ്ട് സംഭവിക്കുന്നു എന്ന കാര്യം ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മകരജ്യോതിയുടെ കാര്യം അങ്ങനെയല്ല. അത് ഒരു യാഥാര്‍ത്ഥ്യമല്ലെന്നും ഭൂമിയില്‍നിന്നുതന്നെ കത്തിച്ച് കാണിക്കുന്ന ഒരു ദീപം മാത്രമാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. യുക്തിവാദി സംഘടനകള്‍ തുടങ്ങിവച്ച ഈ ആക്ഷേപം നല്ലൊരുഭാഗം ഭക്തരും വിശ്വഹിന്ദുപരിഷത്ത് പോലെയുള്ള സംഘടനകളും വരെ ഇപ്പോള്‍ ഏറെക്കുറെ അംഗീകരിച്ചിട്ടുണ്ട്. ഭക്തരെ സംബന്ധിച്ച് മകരജ്യോതി മാനത്ത് തെളിയുന്ന ദിവ്യജ്യോതിസ്സാണോ ഭൂമിയില്‍നിന്ന് കത്തിച്ചു കാണിക്കുന്ന കര്‍പ്പൂര പ്രഭയാണോ എന്ന തര്‍ക്കത്തിന് വലിയ പ്രസക്തിയില്ലായിരിക്കാം. രണ്ടായാലും അവരെ സംബന്ധിച്ച് അത് ദൈവീകമാണ്.

ഇതല്ല ഇവിടെ വിശദീകരിക്കാന്‍പോകുന്ന കാര്യം. സൂര്യഗ്രഹണത്തെക്കുറിച്ച് ഒരു വിഭാഗം ജ്യോതിഷികള്‍ ഇക്കൊല്ലവും എടുത്ത നിലപാട് ശാസ്ത്രവിദ്യാര്‍ത്ഥികളെ സംബന്ധിച്ചെങ്കിലും നിരാശാജനകമായിരുന്നു. ജനുവരി 14ന് രാത്രി കൈരളി ടി വി സംഘടിപ്പിച്ച ഒരു പ്രക്ഷേപണത്തില്‍ പങ്കെടുത്തുകൊണ്ട് കേരളത്തിലെ ജ്യോത്സ്യന്മാരില്‍ മുമ്പനായ ആറ്റുകാല്‍ രാധാകൃഷ്ണന്‍ പറഞ്ഞത് സൂര്യഗ്രഹണത്തിന്റെ മൂര്‍ദ്ധന്യ സമയമായ പകല്‍ 1.05നും 1.18നും ഇടയ്ക്കുള്ള സമയത്ത് ആളുകള്‍ ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലത് എന്നായിരുന്നു. ഈ വാദത്തെ ഖണ്ഡിച്ചുകൊണ്ട് കേരള സംസ്ഥാന സര്‍വ്വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. കെ പാപ്പുട്ടി ഗ്രഹണസമയത്ത് സൂര്യനില്‍നിന്ന് വിശേഷാല്‍ വിഷരശ്മികളൊന്നും പുറപ്പെടുന്നില്ലെന്ന് വാദിച്ചു. ഇതിന് ജ്യോത്സ്യന്റെ മറുപടി തന്റേത് അയ്യായിരത്തോളം കൊല്ലം പഴക്കമുള്ള വിശ്വാസമാണെന്നായിരുന്നു.

ഈ സംവാദത്തിന് ഏതാനും മണിക്കൂര്‍ മുമ്പായിരുന്നു ലക്ഷക്കണക്കിന് ഭക്തര്‍ മകരജ്യോതിസ്സ് കണ്ടതെന്ന വസ്തുത രാധാകൃഷ്ണന്‍ മറന്നുപോയി. ആകാശത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രകാശധാരയോ പ്രകാശ തടസ്സമോ ഉണ്ടായാല്‍ അതിലൂടെ വിഷരശ്മികള്‍ വരുമെങ്കില്‍ മകരജ്യോതിയില്‍ ഇങ്ങനെയൊന്നും ഇല്ലെന്ന് എങ്ങനെയാണ് രാധാകൃഷ്ണന്‍ ഉറപ്പിച്ചത്?

ഇത് എതിര്‍വാദത്തിനുവേണ്ടിയുള്ള ഒരു ചോദ്യം മാത്രമായി കരുതാം. ഇതും തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ് എന്ന് രാധാകൃഷ്ണന്‍ മറുപടി പറഞ്ഞേക്കാം. എന്നാല്‍ യഥാര്‍ത്ഥപ്രശ്നം മറ്റൊന്നാണ്. സൂര്യഗ്രഹണ സമയത്ത് ക്ഷേത്രങ്ങള്‍ മുഴുവന്‍ അടച്ചിട്ടു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ക്ഷേത്രങ്ങള്‍ രാവിലെ 10ന് നട അടച്ചു. വൈകിട്ട് അഞ്ചിനാണ് തുറന്നത്. ഗുരുവായൂരില്‍ 10.30ന് അടച്ച നട 3.30ന് തുറന്നു. ഓരോ ക്ഷേത്രത്തിലും ഇത്തരത്തില്‍ അറിയിപ്പുകള്‍ മുന്‍കൂട്ടിത്തന്നെ നല്‍കിയിരുന്നു. ഹൈന്ദവ ആരാധനാലയങ്ങളില്‍ മാത്രമാണ് ഈ അങ്കലാപ്പ് ഉണ്ടായതെന്ന് കരുതേണ്ട. സൂര്യഗ്രഹണം കണക്കിലെടുത്ത് മുസ്ളിം പള്ളികളില്‍ പ്രത്യേക ഗ്രഹണ നമസ്കാരം നടത്തണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ഉലമ പ്രസിഡന്റ് കാളാമ്പാടി മുഹമ്മദ് മുസല്യാര്‍ തുടങ്ങിയ പ്രമുഖര്‍ അഭ്യര്‍ത്ഥിക്കുകയുണ്ടായി. ഇക്കാര്യത്തില്‍ ശ്രദ്ധപതിപ്പിക്കാന്‍ മഹല്ല് ഖത്തിബുമാരും ഖാസിമാരും അടക്കമുള്ളവരോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

എന്നാല്‍ ഇതിന്റെ മറുവശം എന്താണ്? ആരാധനാലയങ്ങള്‍ അടഞ്ഞപ്പോള്‍ വിദ്യാലയങ്ങള്‍ വര്‍ദ്ധിച്ച ആവേശത്തോടെ ഉണര്‍ന്നു കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ സൂര്യഗ്രഹണം കാണുന്നതിന് കാലേക്കൂട്ടിത്തന്നെ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. ഗ്രഹണം കാണുന്നതിന് മൈലാര്‍ഫിലിം ഉപയോഗിച്ചുള്ള വിശേഷാല്‍ സോളാര്‍ ഫില്‍ട്ടറുകള്‍, സൂര്യദര്‍ശിനികള്‍, പിന്‍ഹോള്‍ ക്യാമറകള്‍ എന്നിവയുണ്ടാക്കി വിദ്യാര്‍ത്ഥികള്‍ ഇത് അറിവിന്റെ ഉത്സവമാക്കിമാറ്റി. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും കൂട്ടമായി പുറത്തിറങ്ങി ഗ്രഹണം വീക്ഷിച്ചു. രാവിലെ 11.30ന് തുടങ്ങിയ ഈ നിരീക്ഷണം ഉച്ചയ്ക്കുശേഷം 3.30 വരെ തുടര്‍ന്നു. ഉച്ചയ്ക്ക് ഒരു മണിയായപ്പോള്‍ വെയില്‍ മങ്ങിയതും സൂര്യതാപത്തിന്റെ അളവ് കുറഞ്ഞതും അവര്‍ ശ്രദ്ധിച്ചു. ചില സ്കൂളുകളിലെങ്കിലും കമ്പ്യൂട്ടറുകളില്‍ വിശേഷാല്‍ സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ച് മറ്റ് സ്ഥലങ്ങളില്‍ സൂര്യഗ്രഹണം എങ്ങനെ അനുഭവപ്പെടുന്നു എന്നതും കാണുകയുണ്ടായി. വിശേഷിച്ചും തമിഴ്നാട്ടിലെ ധനുഷ്കോടിയില്‍ കാണപ്പെട്ട പൂര്‍ണ വലയഗ്രഹണം മിക്കവരും കണ്ടു. തങ്ങളുടെ ആകാശത്തും മറ്റുള്ളിടത്തും ഒരേ പ്രതിഭാസം ഒരേസമയത്ത് എങ്ങനെയാണ് വ്യത്യസ്തമാകുന്നതെന്ന് അവര്‍ മനസ്സിലാക്കി. സൂര്യഗ്രഹണം ഭയന്ന് കേരളത്തിലെ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. നമുക്ക് അവിടെ നിന്നാണ് ഈ മാറ്റം ഉണ്ടായതെന്നത് വളരെ ആവേശകരമാണ്.

രണ്ടാമത്തെ കാര്യം ജ്യോത്സ്യന്മാരുടെ ഭീഷണികള്‍ വളരെപ്പേരൊന്നും കാര്യമായി എടുത്തില്ല എന്നതാണ്. ഉച്ചയ്ക്ക് ഒരുമണിക്ക് ഭക്ഷണം ഒഴിവാക്കണം എന്നതായിരുന്നു പ്രധാന ഭീഷണി. എന്നാല്‍ വിദ്യാലയങ്ങളില്‍ സാധാരണപോലെ ഈ സമയത്തുതന്നെയാണ് വിദ്യാര്‍ത്ഥികള്‍ ഉച്ചഭക്ഷണം കഴിച്ചത്. വിദ്യാലയങ്ങളില്‍ മാത്രമല്ല തൊഴിലിടങ്ങളിലും പണിശാലകളിലുമുള്ള സാധാരണ തൊഴിലാളികള്‍പോലും കൃത്യസമയത്തുതന്നെ ഉച്ചഭക്ഷണം കഴിക്കുകയും ചിലരെങ്കിലും സൂര്യഗ്രഹണം നിരീക്ഷിക്കുകയും ചെയ്തു. ചുരുക്കം വിദ്യാലയങ്ങളില്‍ മറിച്ച് അനുഭവം ഉണ്ടായതായി കേള്‍ക്കുന്നുണ്ട്. വിശേഷിച്ചും ചില ഹിന്ദു മാനേജ്മെന്റുകളുടെ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങളില്‍. ഇത് കേരളത്തെ സംബന്ധിച്ച് ഒട്ടും അഭിമാനകരമല്ല.

ജനുവരിയിലെ രണ്ട് സംഭവങ്ങളാണ് നാമിവിടെ വിശകലനം ചെയ്തത്. ഇത് തരുന്ന ചില സൂചനകള്‍ ഉണ്ട്.ഒന്നാമത്തേത് ശാസ്ത്രസാങ്കേതിക വിദ്യകള്‍ ഇത്രയേറെ വികസിക്കുകയും ബഹിരാകാശ വിജ്ഞാനം സാധാരണക്കാരില്‍പോലും എത്തുകയും ചെയ്ത ഇക്കാലത്തുപോലും സൂര്യഗ്രഹണം സംബന്ധിച്ച അന്ധവിശ്വാസങ്ങള്‍ ടെലിവിഷനിലൂടെ പ്രഖ്യാപിക്കാന്‍ ജ്യോത്സ്യന്മാര്‍ക്ക് ധൈര്യമുണ്ടായി എന്നതാണ്. നൂറ്റാണ്ടുകളായി മനുഷ്യമനസ്സില്‍ അടിഞ്ഞുകൂടിയ ധാരണകള്‍ വിദ്യാഭ്യാസത്തിന്റെ വ്യാപനംകൊണ്ടുമാത്രം മാറ്റാന്‍ കഴിയില്ല എന്ന് ഇത് തെളിയിക്കുന്നു.

രണ്ടാമത്തേത് ഏതുതരത്തിലുമുള്ള വിശ്വാസവും എത്രമാത്രം മുന്‍വിധിയില്‍ അധിഷ്ഠിതമാണ് എന്നും ഇത് തെളിയിക്കുന്നു. ഗ്രഹണത്തെക്കുറിച്ച് ധാരാളം കാര്യങ്ങളറിയാം. എന്നാലും അതിനെക്കുറിച്ചുള്ള അപകട ഭീതിയില്‍നിന്ന് മുക്തരാകാന്‍ വിശ്വാസികള്‍ക്ക് കഴിയുന്നില്ല. മകരജ്യോതിയെക്കുറിച്ച് ഒരു പഠനവും നടന്നിട്ടില്ല. പക്ഷേ അത് ഐശ്വര്യദായകമാണെന്ന് വിശ്വസിക്കാന്‍ ഒരു മടിയുമില്ല. ശാസ്ത്രവും വിശ്വാസവും തമ്മിലുള്ള വൈരുദ്ധ്യമാണ് ഇത് വെളിവാക്കുന്നത്. അടുത്തടുത്ത ദിവസങ്ങളില്‍ രണ്ട് ആകാശക്കാഴ്ചകള്‍ തുടര്‍ച്ചയായി വന്നതിന് ചരിത്രത്തില്‍ വേറെ അനുഭവങ്ങള്‍ ഉണ്ടായിരിക്കുകയില്ല. ഒന്നിനെ നിരവധി പഠനങ്ങള്‍ക്കുള്ള അവസരമാക്കി മാറ്റുന്നു. ഈ സമയത്ത് അന്തരീക്ഷ താപനിലയില്‍ പൊടുന്നനവേ വരുന്ന മാറ്റങ്ങള്‍ പഠിക്കാന്‍ ഐഎസ്ആര്‍ഒ അഞ്ച് റോക്കറ്റുകള്‍ അയച്ചത് പ്രധാനമായും ഓര്‍ത്തിരിക്കേണ്ടതാണ്. മറ്റ് ഗവേഷണകേന്ദ്രങ്ങളും ഇത്തരം പഠനങ്ങള്‍ നടത്തിയിരുന്നു. എന്തായാലും സൂര്യഗ്രഹണം എല്ലാത്തരം നിഷ്കൃഷ്ടമായ വിശകലനങ്ങള്‍ക്കും വിധേയമാകുന്നു. മകരജ്യോതിയോ, വിശ്വാസികള്‍ ദര്‍ശിച്ച് സായൂജ്യമടയുന്നു. കാലത്തേയും ചരിത്രത്തേയും മുന്നോട്ടുനയിക്കുന്നത് ആദ്യം പറഞ്ഞതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

ഏറ്റവും ഒടുവിലായി പറയട്ടെ. ജ്യോതിശാസ്ത്രം തെരുവുകളില്‍ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു കാലം വരുമെന്നത് ടെലസ്കോപ്പ് ഉപയോഗിച്ച് ആദ്യം ആകാശം നോക്കിയ ഗലീലിയോയുടെ ഒരു സ്വപ്നമായിരുന്നു. ആ സ്വപ്നം യാഥാര്‍ത്ഥ്യമാകുകയാണെന്നാണ് കേരളത്തില്‍ ഗ്രാമനഗര വ്യത്യാസമില്ലാതെ നിരവധി നാല്‍ക്കവലകളിലും കടല്‍ തീരങ്ങളിലും തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരത്തിലും തടിച്ചുകൂടിയ വന്‍ ജനാവലികള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഏത് തരത്തിലുള്ള പ്രതിസന്ധികള്‍ക്കിടയിലും കേരളത്തിലെ ശാസ്ത്രബോധത്തെ സംബന്ധിച്ച് ഇതൊരു ശുഭസൂചകം തന്നെയാണ്.

*
ജോജി കൂട്ടുമ്മേല്‍ ചിന്ത വാരിക 2009 ജനുവരി 29

5 comments:

വര്‍ക്കേഴ്സ് ഫോറം said...

സൂര്യഗ്രഹണത്തെക്കുറിച്ച് ഒരു വിഭാഗം ജ്യോതിഷികള്‍ ഇക്കൊല്ലവും എടുത്ത നിലപാട് ശാസ്ത്രവിദ്യാര്‍ത്ഥികളെ സംബന്ധിച്ചെങ്കിലും നിരാശാജനകമായിരുന്നു. ജനുവരി 14ന് രാത്രി കൈരളി ടി വി സംഘടിപ്പിച്ച ഒരു പ്രക്ഷേപണത്തില്‍ പങ്കെടുത്തുകൊണ്ട് കേരളത്തിലെ ജ്യോത്സ്യന്മാരില്‍ മുമ്പനായ ആറ്റുകാല്‍ രാധാകൃഷ്ണന്‍ പറഞ്ഞത് സൂര്യഗ്രഹണത്തിന്റെ മൂര്‍ദ്ധന്യ സമയമായ പകല്‍ 1.05നും 1.18നും ഇടയ്ക്കുള്ള സമയത്ത് ആളുകള്‍ ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലത് എന്നായിരുന്നു. ഈ വാദത്തെ ഖണ്ഡിച്ചുകൊണ്ട് കേരള സംസ്ഥാന സര്‍വ്വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. കെ പാപ്പുട്ടി ഗ്രഹണസമയത്ത് സൂര്യനില്‍നിന്ന് വിശേഷാല്‍ വിഷരശ്മികളൊന്നും പുറപ്പെടുന്നില്ലെന്ന് വാദിച്ചു. ഇതിന് ജ്യോത്സ്യന്റെ മറുപടി തന്റേത് അയ്യായിരത്തോളം കൊല്ലം പഴക്കമുള്ള വിശ്വാസമാണെന്നായിരുന്നു.

നന്ദന said...

പണ്ടൊന്നും ജനങ്ങൽക്ക് മനസ്സിലാക്കികൊടുക്കാൻ ശസ്ത്രത്തിന് കഴിഞ്ഞിരുന്നില്ല
ഇന്ന് സ്ഥിതി മാറി, ജനങ്ങളും മാറി

*free* views said...

Is it so difficult to clear the doubt about makarajyothi in this technologic age? Or is it avoided not to hurt religious sentiment and belief? Even if it is proven beyond doubt people will still want to believe in the divinity, what else can you expect from people who believe in Ganesha idol drinking milk and mother mary's photo producing tear.

Maybe the belief of not doing anything during eclipse originated after people lost eye sight staring at an eclipse in old times. But I will not associate this with a religion, but with our culture.

കുണാപ്പന്‍ said...

മകരജ്യോതി തട്ടിപ്പ് തടയാന്‍ മാറിമാറി വന്ന ഇടതു സര്‍ക്കാരുകള്‍ എന്തു ചെയ്തു? കൈരളി ചാനലുകാര്‍ മകരജ്യോതി തത്സമയം സംപ്രേഷണം ചെയ്യുകയല്ലായിരുന്നോ ?അതുകൂടി ചര്‍ച്ചചെയ്യുന്നോതു നന്നാവും.

Unknown said...

ഈ പ്രാവശ്യം നമ്മുടെ ഭുരിഭാഗം സ്കൂളുകള്‍ ഗ്രഹണം ഒരു ഉത്സവമാക്കാന്‍ നടത്തിയ പ്രവര്‍ത്തനം അഭിനന്ദനീയം ആണ്. മുന്‍പ് ഡി വൈ എഫ് ഐ ആവേശത്തോടെ വിളിച്ചിരുന്ന ഒരു മുദ്രാവാക്യമുണ്ടായിരുന്നു
"പള്ളി വേണ്ട പണിയുവിന്‍ പള്ളികൂടമായിരം , പുത്തനംബലങ്ങള്‍ വേണ്ട പണിയിടങ്ങള്‍ പണിയുവിന്‍" എന്നായിരുന്നു അത്. മതങ്ങളുടെ വൃണം ഉള്ള മനസുകള്‍ നടത്തുന്ന പള്ളികൂടങ്ങള്‍ അല്ല വേണ്ടത് .ഇതേപോലെ ഉള്ള
അന്ധവിശ്വാസങ്ങള്‍ തകര്‍ത്തെറിഞ്ഞു പുത്തന്‍ തലമുറയെ വാര്‍ത്തെടുക്കുന്ന പള്ളികൂടങ്ങള്‍
ഉണ്ടാകട്ടെ.

ഷാജി ഖത്തര്‍.