Thursday, January 21, 2010

പെണ്‍കരുത്തിന്റെ സാക്ഷ്യപത്രങ്ങള്‍

തൊഴിലുറപ്പില്‍ പൂക്കുന്ന പെണ്‍ജീവിതങ്ങള്‍

ഇല്ലായ്മകളും വല്ലായ്മകളും മറന്ന് കൂട്ടായ്മയുടെ കളിചിരികളുമായി ഒത്തുചേര്‍ന്ന് സ്ത്രീകള്‍ അധ്വാനത്തിന്റെ ആവേശം പങ്കുവയ്ക്കുന്നത് ഇന്നു നമ്മുടെ നാട്ടിലെ പതിവുകാഴ്ചയാണ്. ദേശീയ ഗ്രാമീണതൊഴിലുറപ്പുപദ്ധതി നമ്മുടെ നാട്ടിടങ്ങളിലെ സ്ത്രീകളിലുണ്ടാക്കിയ മാറ്റം വളരെ വലുതാണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പുനിയമത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയിലൂടെയാണ് കേരളത്തില്‍ വമ്പിച്ച തോതിലുള്ള സ്ത്രീപങ്കാളിത്തം ദൃശ്യമാവുന്നത്. ഒരു കുടുംബത്തിന് വര്‍ഷത്തില്‍ 100 ദിവസം തൊഴില്‍ നല്‍കുകയെന്നത് ഗവമെന്റ് ബാധ്യതയായി ഏറ്റെടുക്കുകയാണ് തൊഴിലുറപ്പുനിയമത്തിലൂടെ. തൊഴിലുറപ്പുപദ്ധതി ആരംഭിച്ചതുമുതല്‍ ഈ പദ്ധതിയിലേക്ക് സ്ത്രീകള്‍ ആവേശപൂര്‍വം വന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലാകെ രജിസ്റ്റര്‍ചെയ്ത മൂന്നുകോടി അമ്പത്തിമൂന്നുലക്ഷം തൊഴിലാളികകളില്‍ അമ്പതുശതമാനവും സ്ത്രീകളാണ്.

ഇന്ത്യക്കാകെ മാതൃകയായിതൊഴിലുറപ്പുപദ്ധതിയുടെ സംഘാടനവും നിര്‍വഹണവും നടത്തുന്ന സംസ്ഥാനമാണ് കേരളം. 14 ജില്ലയിലായി 4,99,548 പേര്‍ തൊഴിലിനുവേണ്ടി രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. അതില്‍ 84ശതമാനവും സ്ത്രീകളാണ്. തൊഴിലുറപ്പുപദ്ധതിക്ക് സ്ത്രീകളുമായി അത്രയും ഇഴയടുപ്പമുണ്ടെന്നാണ് ഈകണക്കുകള്‍ സൂചിപ്പിക്കുന്നത്.

കേരളത്തില്‍ തൊഴിലുറപ്പുപദ്ധതിയുടെ മുഖ്യസംഘാടകര്‍ കുടുംബശ്രീയാണ്. പദ്ധതികളുടെ സംഘാടനവും നടത്തിപ്പും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ഏറ്റെടുത്തതോടെ പദ്ധതിക്ക് വന്‍ വിജയമാണുണ്ടായത്. ദാരിദ്ര്യനിര്‍മാര്‍ജനമാണ് തൊഴിലുറപ്പുപദ്ധതിയുടെ മുഖ്യലക്ഷ്യം. ഭൂരിപക്ഷംവരുന്ന സാധാരണ സ്ത്രീകള്‍ക്കിടയില്‍ സമ്പാദ്യശീലം, കൂട്ടായ്മ, നേതൃപാടവശേഷി എന്നിവ വളര്‍ത്തിയെടുക്കാന്‍ തൊഴിലുറപ്പു പദ്ധതിയിലൂടെ കേരളത്തിനു സാധിച്ചിരിക്കുന്നു. ഒരിക്കല്‍പോലും കേട്ടിട്ടില്ലാത്ത, തികച്ചും അന്യമായ, എസ്റ്റിമേറ്റ്, അളവെടുപ്പ്, പ്രവൃത്തിനടത്തിപ്പ്, തുടങ്ങിയ സാങ്കേതികകാര്യങ്ങള്‍ പഠിച്ച് ഓരോ പ്രവൃത്തിക്കും മേല്‍നോട്ടം വഹിക്കുന്നത് കുടുംബശ്രീയുടെ മേറ്റുകള്‍ ആണ്. ഓരോ പ്രവൃത്തികള്‍ക്കും നേതൃത്വം നല്‍കുന്നത് മേറ്റുകളാണ്. പ്രവൃത്തികള്‍ക്കുവേണ്ടി തൊഴിലാളികളെ സംഘടിപ്പിക്കല്‍, പഞ്ചായത്തില്‍നിന്നും പ്രവൃത്തി കണ്ടെത്തി കൊണ്ടുവരല്‍, പ്രോജക്ട് മീറ്റിങ് സംഘടിപ്പിക്കല്‍, പ്രവൃത്തിയുടെ മേല്‍നോട്ടം നടത്തല്‍, തൊഴിലാളികളുടെ ഹാജര്‍പട്ടിക(മസ്സര്‍റോളുകള്‍) എഴുതി സൂക്ഷിക്കല്‍, തൊഴിലിടങ്ങളില്‍ തൊഴിലാളികള്‍ക്കാവശ്യമായ പ്രാഥമിക ശശ്രൂഷ, കുടിവെള്ളം, വിശ്രമസൌകര്യം എന്നിവ ഒരുക്കല്‍, പ്രവൃത്തി പൂര്‍ത്തിയായാല്‍ അതിന്റെ അളവെടുപ്പ് നടത്തല്‍ തുടങ്ങി വളരെ വിപുലമായ ഉത്തരവാദിത്തങ്ങളാണ് ഒരു മേറ്റിനു നിര്‍വഹിക്കാനുള്ളത്.

അയല്‍ക്കൂട്ടങ്ങളില്‍നിന്നാണ് ഓരോപ്രവൃത്തിക്കും വേണ്ട മേറ്റുകളെ തെരഞ്ഞെടുക്കുന്നത്. 'മേറ്റുകള്‍' തൊഴിലുറപ്പുപദ്ധതിയുടെ ജീവനാഡികളാണ്. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിച്ചും തൊഴിലാളികള്‍ക്ക് പ്രവൃത്തി ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയും തൊഴിലാളികളുടെ സംഘത്തലവനായി പണിയിടങ്ങളില്‍ സദാസമയവും ഇവരുണ്ടാകും. തൊഴിലുറപ്പു പദ്ധതി ആരംഭിക്കുന്ന ഘട്ടങ്ങളില്‍ അതിന്റെ സംഘാടകരെ അലട്ടിയിരുന്ന പ്രധാന ഭയം പദ്ധതിക്ക് ആളെ കിട്ടുമോ എന്നതായിരുന്നു. 125രൂപക്ക് തൊഴിലാളികളെ ലഭ്യമാവില്ല എന്ന ധാരണകൊണ്ടായിരുന്നു അത്. എന്നാല്‍, എല്ലാ ധാരണകളെയും മാറ്റിമറിച്ചുകൊണ്ട് തൊഴിലന്വേഷകരുടെ പ്രവാഹമായിരുന്നു പഞ്ചായത്തുകളിലേക്ക്. പദ്ധതി മികച്ചരീതിയില്‍ സംഘടിപ്പിക്കുന്ന എല്ലാ പഞ്ചായത്തുകളിലും വന്‍ തോതിലുള്ള സ്ത്രീപങ്കാളിത്തമാണ് ദൃശ്യമാവുന്നത്. ജീവിതപ്രശ്നങ്ങള്‍ക്കിടയില്‍നിന്ന് കരുവാളിച്ച മുഖത്തോടെ പ്രതീക്ഷകളെ തേടിക്കൊണ്ടിരിക്കുന്ന പതിനായിരക്കണക്കിന് സ്ത്രീകള്‍ക്കാണ് തൊഴിലുറപ്പുപദ്ധതി ആശാകേന്ദ്രമായി മാറിയിരിക്കുന്നത്.

പ്രതീക്ഷകള്‍ നഷ്ടമായെന്നുകരുതി ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് പിന്‍വലിഞ്ഞവര്‍, ദുരിതസമാനമായ ജീവിതങ്ങളില്‍ ഉലഞ്ഞുനില്‍ക്കുന്നവര്‍, വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നവര്‍.... ഇവരുടെയൊക്കെ കൂട്ടായ്മകളും പങ്കാളിത്തവുമാണ് തൊഴിലുറപ്പുപദ്ധതിയെ ഇത്രമേല്‍ മനോഹരമാക്കുന്നത്. സാധാരണ കൂലിപ്പണിക്കു പോകുമ്പോള്‍ ലഭിക്കുന്നതിനെക്കാള്‍ കുറഞ്ഞ കൂലിയാണ് ലഭിക്കുന്നതെങ്കിലും തൊഴിലുറപ്പില്‍നിന്ന് ലഭിക്കുന്ന പൈസക്ക് ഒരന്തസ്സുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു. പണി കഴിഞ്ഞാല്‍ കൂലിക്കുവേണ്ടി ആരെയും കാത്തുനില്‍ക്കേണ്ടതില്ല. ആരുടേയും മുന്നില്‍ കൈനീട്ടുകയും വേണ്ട. ആണായാലും പെണ്ണായാലും എല്ലാവര്‍ക്കും ഒരേ കൂലിയാണ്. ഓരോ പ്രവൃത്തി പൂര്‍ത്തിയാകുമ്പോഴും അതിന്റെ അളവെടുത്ത് എന്‍ജിനിയര്‍ ബില്ലെഴുതും. ആ ബില്ല് പഞ്ചായത്ത് പാസാക്കുകയും ഓരോ തൊഴിലാളിക്കും ഉള്ള കൂലി അവരുടെ സീറോ ബാലന്‍സ് അക്കൌണ്ടിലേക്ക് മാറ്റുകയും ചെയ്യും. പ്രവൃത്തി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഏതുസമയത്തും സ്വന്തം കൂലി, തങ്ങളുടെ ബാങ്ക് അക്കൌണ്ടില്‍നിന്ന് തൊഴിലാളികള്‍ക്ക് പിന്‍വലിക്കാം. ഇപ്പോള്‍ കേരളത്തിലെ പല പഞ്ചായത്തുകളിലും തൊഴിലാളികള്‍ക്ക് എടിഎം കാര്‍ഡുകള്‍തന്നെ നിലവിലുണ്ട്. ഇന്ത്യയില്‍ തൊഴിലുറപ്പുപദ്ധതി ഇത്രയും സുതാര്യമായി, അഴിമതിക്കിടം നല്‍കാതെ, കൂലിവിതരണം ചിട്ടപ്പെടുത്തി നല്‍കുന്ന സംസ്ഥാനം കേരളം മാത്രമാണ്. സമ്പാദ്യശീലം വളര്‍ത്തുന്നതിനോടൊപ്പം കുടുംബത്തില്‍ സ്ത്രീക്ക് മാന്യമായ പദവികൂടി ലഭിക്കുന്ന അവസ്ഥ ഇതുമൂലം ഉണ്ടായിട്ടുണ്ട്. ഭര്‍ത്താവിന്റെ വരുമാനത്തില്‍ മാത്രം ജീവിക്കുന്ന വീട്ടമ്മയായ സാധാരണ സ്ത്രീയെ സംബന്ധിച്ചിടത്തോളം വലിയ അനുഗ്രഹമായി പദ്ധതി മാറിയിട്ടുണ്ട്. സമൂഹത്തിന്റെ പൊതുവികസനപ്രവര്‍ത്തനങ്ങളില്‍ കണ്ണികളാവുന്നതിനൊപ്പംതന്നെ സ്വന്തം ജീവിതത്തിന്റെ രക്ഷയും ഇതോടൊപ്പം സ്ത്രീത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നുണ്ട്.

വേനല്‍ക്കാലത്ത് പണിയെടുക്കുന്ന കൂലിത്തുക മുഴുവനായി പലരും പിന്‍വലിക്കാറില്ല. സ്കൂള്‍ തുറക്കുന്ന സമയത്തേക്കായി, കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നുവര്‍... ഓണം, പെരുന്നാള്‍, ക്രിസ്മസ് തുടങ്ങിയ വിശേഷദിവസങ്ങള്‍ക്കുവേണ്ടി പണം മാറ്റിവയ്ക്കുന്നവര്‍... പുതിയ ശീലങ്ങളിലേക്കുള്ള വാതില്‍കൂടിയാവുന്നു ഈ പദ്ധതി. കര്‍ഷക ആത്മഹത്യയുടെ വിളനിലമായ വയനാട്ടില്‍ പലര്‍ക്കും പദ്ധതി ആശ്വാസമായി മാറി. പല സ്ഥലങ്ങളിലും പലരും അഭിമുഖീകരിക്കുന്ന കഷ്ടപ്പാടുകള്‍ മറികടക്കാന്‍ പദ്ധതി ഏറെ സഹായിച്ചു. അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ കേരളത്തില്‍ സ്ത്രീകള്‍തന്നെയാണ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് ആശ്വാസത്തിന്റെ തുരുത്തായി മാറാന്‍ പദ്ധതിക്ക് സാധിച്ചു. ചെറിയ കൂട്ടായ്മകള്‍, ആ കൂട്ടായ്മയിലൂടെ വളരുന്ന സംഘബോധം, തൊഴില്‍ ചെയ്ത് സ്വന്തമായി വരുമാനമുണ്ടാക്കുമ്പോഴുള്ള സന്തോഷം, വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിന്റെ അഭിമാനം, പുതിയ അറിവുകള്‍ നേടാനുള്ള ആവേശം...... അങ്ങനെയങ്ങനെ ഒരുപാടു നല്ല അനുഭവങ്ങളാണ് ഓരോരുത്തര്‍ക്കും തൊഴിലുറപ്പുപദ്ധതി സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. സ്ത്രീകൂട്ടായ്മയുടെ കരുത്തും മനോഹാരിതയും തെളിഞ്ഞുനില്‍ക്കുന്നയിടങ്ങളായി തൊഴിലുറപ്പുപദ്ധതിയുടെ പ്രവൃത്തിമേഖലകള്‍ മാറിയിട്ടുണ്ട്. തൊഴിലുറപ്പില്‍ പൂത്തുനില്‍ക്കുന്നത് പാവപ്പെട്ട ലക്ഷക്കണത്തിന് സ്ത്രീകളുടെ ആശ്വാസത്തിന്റെ പൂമരങ്ങളാണ്.
(ബൈജു സിപി)

പെണ്‍കരുത്തിനുമുന്നില്‍ മണ്ണും വഴങ്ങി

ആഞ്ഞുവീഴുന്ന തൂമ്പയ്ക്കൊപ്പം വളകിലുക്കത്തിന്റെ താളം. ആദ്യം മണ്ണൊന്ന് ഇളകാന്‍ മടിച്ചു.പിന്നെ പതിയെപതിയെ വഴങ്ങിക്കൊടുത്തു. അല്ലെങ്കില്‍ പെണ്‍കരുത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും മുന്നില്‍ മണ്ണും അഭിമാനത്തോടെ തലകുനിച്ചു. തൊഴിലിടങ്ങളിലെ പുതിയ കാഴ്ചകള്‍ കണ്ട് മൂക്കത്ത് വിരല്‍ വെയ്ക്കുന്ന വീരന്മാരോട് തലയുയര്‍ത്തിതന്നെയാണ് പെണ്ണുങ്ങള്‍ പറയുന്നത് 'ഈ പണിയും ഞങ്ങള്‍ക്കാവും'. തെങ്ങിന് തടം തുറക്കാനും, തോട് വൃത്തിയാക്കി മാടാനും, പുഴയുടെ വശം മാടികെട്ടാനും കേരളത്തിലെങ്ങും കൂട്ടമായി പെണ്ണുങ്ങളെത്തുന്നു. കാലങ്ങളായുള്ള പുരുഷന്‍മാരുടെ തൊഴില്‍കുത്തകയിലേക്കാണ് ഇപ്പോള്‍ സ്ത്രീകള്‍ കടന്നു വന്നിരിക്കുന്നത്. ശരീരത്തിന്റെ കരുത്തിനോടൊപ്പം ആത്മബലം കൂടി തിരിച്ചറിയുകയാണ് കേരളത്തിലെ സ്ത്രീകള്‍.

മഹാത്മാഗാന്ധിദേശീയതൊഴിലുറപ്പുപദ്ധതി സമഗ്രമായി നടപ്പാക്കിയതിലൂടെ കേരളം പെണ്‍കരുത്തിന്റെ പുതിയ കേന്ദ്രീകരണത്തിനും വഴി തുറക്കുകയാണ്. തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ പഞ്ചായത്തില്‍ 800 സ്ത്രീകളാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരില്‍ ഭൂരിപക്ഷവും മറ്റുതൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരാണെങ്കിലും ഇപ്പോള്‍ തൊഴില്‍ ഒരു പുതിയ അനുഭവമാണ് പലര്‍ക്കും. അതുകൊണ്ടുതന്നെ പുതിയ വെല്ലുവിളികളെ ഏറ്റെടുക്കാന്‍ അവര്‍ സന്നദ്ധരായിക്കഴിഞ്ഞു. പുരുഷന്‍മാരെപോലും വലയ്ക്കുന്ന തോടുമാട്ടം ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയതും പരിചിതരെപോലെ മണ്ണ് കിളച്ചുമറിയ്ക്കുമ്പോള്‍ പുരുഷന്‍മാര്‍പോലും അഭിനന്ദിയ്ക്കുന്നതും ഇവര്‍ക്ക് ആവേശമായി. ഇപ്പോള്‍ കനോലികനാലിന്റെ തീരം മാടികെട്ടി സംരക്ഷിക്കാനുള്ള വലിയ ദൌത്യം ഏറ്റെടുക്കകയാണിവര്‍. ആദ്യമെല്ലാം വലിയ ബുദ്ധിമുട്ടുതന്നെയായിരുന്നുവെങ്കിലും പിന്നെയത് ഒരുതരം ആഹ്ളാദമായി മാറിയെന്ന് ഇവര്‍ പറയുന്നു. അതിനേക്കാളുപരി കൈക്കോട്ടും മവെട്ടിയും കയ്യിലെടുത്ത് മണ്ണ് മറിക്കാന്‍ തുടങ്ങിയതോടെ വല്ലാത്തൊരു ആത്മധൈര്യം കൈവന്നുവെന്ന് സമ്മതിക്കുന്നു ചക്കുംകേരന്‍ ദമയന്തിയും, ഒളാട്ട് സതിയും, ജയ ഷാജിയും, ചേന്നങ്കര ശാന്ത കൃഷ്ണനും, ഉണ്ണിക്കോച്ചന്‍ നളിനിയും, മാളിയേക്കല്‍ ലതാ രാമദാസും, മരച്ചോട്ടില്‍ വള്ളി രതീഷും, നസീറ അബ്ദുല്ലയുമെല്ലാം . ഏതധ്വാനവും ഏറ്റെടുത്ത് വിജയിപ്പിക്കാനുള്ള നെഞ്ചൂക്ക് ഇപ്പോഴുണ്ടെന്ന് പറയുമ്പോള്‍ ഇവര്‍ക്ക് പ്രായവ്യത്യാസമില്ല. അറുപതുകാരിയും ഇരുപതുകാരിയും ആത്മവിശ്വാസത്തില്‍ ഒരുപോലെയാണ്. അല്‍പം തളരുന്നവര്‍ക്ക് മറ്റുള്ളവര്‍ താങ്ങായികൊണ്ട് തൊഴില്‍സംഘത്തിനപ്പുറം ഈ ഗ്രൂപ്പുകള്‍ ആത്മബന്ധത്തിന്റെ പുതിയ കൂട്ടായ്മയായി മാറിയിരിക്കുകയാണ്. ആഴ്ചതോറും അക്കൌണ്ടിലെത്തുന്ന വേതനം ആശ്വാസവും അഭിമാനവുമാണെന്ന് തന്നെ ഇവര്‍ സമ്മതിക്കുന്നു.

കൈക്കോട്ടും മണ്‍വെട്ടിയുമായി ഇറങ്ങുമ്പോള്‍ ആദ്യമൊക്കെ നാട്ടുകാര്‍ക്കുണ്ടായിരുന്ന പുരികംചുളിക്കല്‍ ഇപ്പോള്‍ മാറി. ആദ്യമൊക്കെ വീട്ടില്‍നിന്നും ചില മുറുമുറുപ്പുണ്ടായിരുന്നു. കരളുറപ്പുകൊണ്ടുതന്നെയാണ് ഇതിനെയെല്ലാം നേരിട്ടത്. ഈ കരളുറപ്പിലേക്ക് സ്ത്രീകളെ നയിച്ചതുതന്നെയാണ് പദ്ധതിയുടെ നേട്ടം. ദിവസം 125 രൂപയാണ് വേതനം. ഇതല്‍പം ഭേദപ്പെടുത്തണമെന്നാണ് എല്ലാവരുടേയും ആവശ്യം. കൂട്ടത്തില്‍ മുഴുവന്‍ ദിവസവും തൊഴില്‍ ലഭ്യമാക്കാനുള്ള ആലോചനയും വേണം. പുതിയ തൊഴില്‍ മേഖലകളെ അന്വേഷിക്കുകയാണിവര്‍. ഇഎംഎസ് ഭവനപദ്ധതി നടപ്പിലാക്കാന്‍ തുടങ്ങുന്നതോടെ നിര്‍മാണതൊഴിലാളികളായും രംഗത്തുവരാന്‍ ഈ പെണ്‍കൂട്ടായ്മ തയ്യാറെടുത്തുകഴിഞ്ഞു. ഇനി സര്‍വതൊഴില്‍മേഖലയിലും പെണ്‍നിറവുണ്ടാകും. കേരളം സ്ത്രീശാക്തീകരണത്തിന്റെ പുതിയ കനവുകള്‍ കാണുകയാണ്.
(കെ ഗിരീഷ്)

പാടങ്ങളില്‍ ഇനി പെണ്‍പട

വലിയ ചക്രങ്ങളുള്ള വണ്ടി കണ്ടപ്പോള്‍ കാളിക്കുട്ടിയുടെ ഉള്ളൊന്നു കാളി. എങ്കിലും കയറി ഡ്രൈവറുടെ സീറ്റില്‍ ഇരുന്നു. വളയത്തില്‍ പിടുത്തമുറപ്പിച്ച് താക്കോലെടുത്ത് സ്റ്റാര്‍ട്ട് ചെയ്തു. കട കട ശബ്ദത്തില്‍ വണ്ടി വിറച്ചുനിന്നു. അറുപതോടടുക്കുന്ന കാളിക്കുട്ടിയുടെ ശരീരവും ഒന്നു വിറച്ചു. എന്നാല്‍ മനസ് പതറാതെ ആദ്യ ഗിയര്‍മാറ്റി. പിന്നെ മറ്റു ഗിയറുകളും. പാടത്തെ മണ്ണിനെ ഉഴുതുമറിച്ച് വണ്ടി ഇരമ്പിനീങ്ങി. കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കു കീഴിലുള്ള മണ്ണുത്തി കാര്‍ഷിക ഗവേഷണകേന്ദ്രത്തോട് ചേര്‍ന്നുള്ള പാടശേഖരമാണ് വേദി. ഇന്ത്യന്‍ പട്ടാളക്കാരെപ്പോലെ പച്ച യൂണിഫോം ധരിച്ച 15 അംഗ പെണ്‍പട ഇവിടെ ട്രാക്ടര്‍ ഓടിച്ച് പഠിക്കുകയാണ്. പരിശീലകരെപോലും ഞെട്ടിച്ച് മൂന്നുദിവസത്തിനകം ഇവര്‍ ഡ്രൈവിങ്ങില്‍ സ്വയം പര്യാപ്തരായി. 'ജയ് ജവാന്‍ ജയ് കിസാന്‍' എന്നതാണ് പരിശീലനത്തിന്റെ മുദ്രാവാക്യം.

'ഇവിടെ നിങ്ങള്‍ കര്‍ഷകതൊഴിലാളികളല്ല , ഭക്ഷ്യ സുരക്ഷാ സേനയിലെ അംഗങ്ങളാണ് ; സേവനമാണ് പ്രധാനമെന്ന് പരിശീലനത്തിനു തുടക്കമിട്ട് ഗവേഷണകേന്ദ്രം മേധാവി യു ജയകുമാര്‍സാര്‍ പറഞ്ഞ വാക്കുകള്‍ ഞങ്ങളുടെ മനസ്സില്‍ അസ്ത്രംപോലെ തുളച്ചുകയറി'

പറപ്പൂര്‍ പതിയാര്‍ക്കുളങ്ങരയില്‍ നിന്നെത്തിയ കറുത്തേടത്ത് ബിന്ദു രാജന്‍ പറഞ്ഞു.

"സൂര്യന്‍ ഉദിച്ചുയരുമ്പോള്‍തന്നെ ഞങ്ങള്‍ പാടവരമ്പില്‍ ഒത്തുകുടും. പിന്നെ ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ്. ഒന്നിച്ച് പഠനം. ഭക്ഷണംകഴിയ്ക്കല്‍. 'ഞാന്‍ മുമ്പേ' എന്നല്ല 'ഞങ്ങള്‍ മുമ്പേ' എന്നാണ്. ആര്‍ക്കെങ്കിലും തെറ്റിയാല്‍ പരസ്പരം സഹായിക്കും.'' കൊടകര പഞ്ചായത്തില്‍ നിന്നെത്തിയ കുന്നത്തറ വേങ്ങാശ്ശേരി ഇന്ദിരാ ലോറന്‍സ് പരിശീലനക്കാലത്തെ ഒത്തൊരുമയുടെ ലഹരിയിലണിപ്പോഴും.

"ആദ്യൊക്കെ പേടീണ്ടാര്‍ന്നൂ...ന്നാലും കൃഷിക്കുള്ള മറ്റു യന്ത്രങ്ങളേക്കാള്‍ എളുപ്പാണ്ട്ടാ... ട്രാട്ട്റ്.... ചെറുപ്പക്കാര് കുട്ട്യോളെ ആകര്‍ഷിക്കാനാ വയസ്സാംകാലത്തും ഇതോടിക്കാന്‍ ഞാനെറങ്ങീത്...ഇപ്പൊ എനിക്കിത് രസായീട്ടാ തോന്നണേ...''മുന്‍ മുല്ലശ്ശേരി ബ്ളോക്ക് പഞ്ചായത്തംഗം കൂടിയായ കെ എസ് കാളിക്കുട്ടി ഒരു പുതിയ വിദ്യ പഠിക്കാന്‍ കഴിഞ്ഞതില്‍ അതീവസന്തോഷത്തിലാണ്.

ജീവിതത്തില്‍ ഒരു വണ്ടി ഓടിക്കാന്‍ കഴിയുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയതല്ല. ആദ്യം നടീല്‍യന്ത്രത്തിലാണ് പരിശീലനം ലഭിച്ചത്. ഇതുപയോഗിച്ച് പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതുവഴി വഴി ദിനംപ്രതി 1000 രൂപവരെ ലഭിച്ചു. ട്രാക്ടര്‍ക്കൂടി പഠിക്കുന്നതോടെ കൂടുതല്‍ മെച്ചമുണ്ടാകുമെന്നാണ് പ്രതീക്ഷയിലാണ് വടക്കാഞ്ചേരി മുണ്ടത്തിക്കോടില്‍ നിന്നെത്തിയ വെട്ടത്ത് ഉമാദേവി. തൃശൂര്‍ ജില്ലയിലെ കൊടകര, മുല്ലശ്ശേരി, വടക്കാഞ്ചേരി എന്നീ ബ്ളോക്കുകളില്‍ നിന്നായി എത്തിയ എസ് എസ് ലത, അമ്മു ഭാസ്കരന്‍, ബിന്ദു സദാനന്ദന്‍, എല്‍സി മത്തായി, മല്ലിക ശശി, എം എം മീനാക്ഷി, രേണുക ചന്ദ്രന്‍, റോസി ഫ്രാന്‍സിസ്, കെ കെ ശാരദ, ഷീന്‍ കുമാര്‍, വനജ ഗോപി എന്നിവര്‍ക്കും കാര്‍ഷിക വിജയഗാഥയെക്കുറിച്ച് നൂറുവാക്കുകള്‍.

മറ്റു കാര്‍ഷിക യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലനം നേടിയ 300പേരില്‍ നിന്നും തെരഞ്ഞെടുത്തവര്‍ക്കാണ് മഹേന്ദ്ര കമ്പനിയുമായി സഹകരിച്ച് സര്‍വകലാശാലയില്‍ ട്രാക്ടര്‍ പരിശീലനം നല്‍കിയത്. അടുത്ത ഘട്ടത്തില്‍ 45 ദിവസത്തെ പരിശീലനം നല്‍കി ലൈസന്‍സും സര്‍വകലാശാല സര്‍ട്ടിഫിക്കറ്റും നല്‍കും. മഹീന്ദ്രയുടെ ഫാക്ടറിയില്‍ ഒരാഴ്ച പരിശീലനവും നല്‍കും. നേരത്തെ പരിശീലനം ലഭിച്ചവര്‍ വിവിധ കേന്ദ്രങ്ങളിലായി 11 കാര്‍ഷിക യന്ത്ര സേവന കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. ഈ യൂണിറ്റുകള്‍ കുറഞ്ഞനിരക്കില്‍ കാര്‍ഷിക പ്രവൃത്തി ഏറ്റെടുക്കുന്നുണ്ട്. മെച്ചപ്പെട്ട വരുമാനവും ലഭിക്കുന്നുണ്ട്. തൊഴിലാളിയെ കിട്ടാതെ വലയുന്ന കര്‍ഷകര്‍ക്ക് കുറഞ്ഞതോതില്‍ കൃഷിയിറക്കാനും കഴിയുന്നു. സേനാംഗങ്ങളോടൊപ്പം പലയിടങ്ങളിലും വിദ്യാര്‍ഥികളും കൃഷിചെയ്യാന്‍ രംഗത്തുണ്ട്. അതെ , നമ്മുടെ പാടശേഖരങ്ങളില്‍ കുട്ടായ്മയുടെ കാഹളമുയരുകയാണ്... വീണ്ടും കൊയ്ത്തുപാട്ടുകളുയരുകയാണ്.....
(സി എ പ്രേമചന്ദ്രന്‍)

*
കടപ്പാട്: ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

4 comments:

വര്‍ക്കേഴ്സ് ഫോറം said...

ആഞ്ഞുവീഴുന്ന തൂമ്പയ്ക്കൊപ്പം വളകിലുക്കത്തിന്റെ താളം. ആദ്യം മണ്ണൊന്ന് ഇളകാന്‍ മടിച്ചു.പിന്നെ പതിയെപതിയെ വഴങ്ങിക്കൊടുത്തു. അല്ലെങ്കില്‍ പെണ്‍കരുത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും മുന്നില്‍ മണ്ണും അഭിമാനത്തോടെ തലകുനിച്ചു. തൊഴിലിടങ്ങളിലെ പുതിയ കാഴ്ചകള്‍ കണ്ട് മൂക്കത്ത് വിരല്‍ വെയ്ക്കുന്ന വീരന്മാരോട് തലയുയര്‍ത്തിതന്നെയാണ് പെണ്ണുങ്ങള്‍ പറയുന്നത് 'ഈ പണിയും ഞങ്ങള്‍ക്കാവും'. തെങ്ങിന് തടം തുറക്കാനും, തോട് വൃത്തിയാക്കി മാടാനും, പുഴയുടെ വശം മാടികെട്ടാനും കേരളത്തിലെങ്ങും കൂട്ടമായി പെണ്ണുങ്ങളെത്തുന്നു. കാലങ്ങളായുള്ള പുരുഷന്‍മാരുടെ തൊഴില്‍കുത്തകയിലേക്കാണ് ഇപ്പോള്‍ സ്ത്രീകള്‍ കടന്നു വന്നിരിക്കുന്നത്. ശരീരത്തിന്റെ കരുത്തിനോടൊപ്പം ആത്മബലം കൂടി തിരിച്ചറിയുകയാണ് കേരളത്തിലെ സ്ത്രീകള്‍.

chithrakaran:ചിത്രകാരന്‍ said...

ഉദ്ദേശശുദ്ധിയെല്ലാം നല്ലതുതന്നെ.
എന്നാല്‍,ഈ ആണുങ്ങളെയെല്ലാം വിദേശമദ്യത്തിനായി ബീവറേജസിന്റെ ക്യൂവിലേക്കും ബ്രോക്കര്‍ പണിയിലേക്കും ആട്ടിയോടിച്ചാണല്ലോ നമ്മള്‍ സുരക്ഷിതവും ചെറിയ കൂലിയില്‍ ലഭിക്കുന്നതുമായ
പെണ്‍ കരുത്ത് തിരിച്ചറിയുന്നത് എന്നത്
അത്ര ശോഭനമായ മാര്‍ഗ്ഗമൊന്നുമല്ല.
ആഴ്ച്ചയില്‍ രണ്ടു ദിവസം ജോലി ചെയ്ത്... ബാക്കി അഞ്ചു ദിവസം ആ പണം കൊണ്ട് അടിച്ചുപൊളിക്കുന്ന
നമ്മുടെ ആണുങ്ങള്‍ക്ക് നല്ല മനശ്ശാസ്ത്ര കൌണ്‍സലിങ്ങ് നല്‍കി അവരുടെ നെഗറ്റിവിറ്റി ഇല്ലാതാക്കി, ആത്മാര്‍ത്ഥമായി ജോലിചെയ്യാന്‍ ശീലിപ്പിച്ചാല്‍ തന്നെ നമ്മുടെ ദാരിദ്ര്യം മാറുമെന്നിരിക്കെ, പാവം സ്ത്രീകളെ ഇങ്ങനെ ചൂഷണം ചെയ്യേണ്ട കാര്യമൊന്നുമില്ല.
ഒരു ആണിന് ദിവസം 400 രൂപ കൂലി ലഭിച്ചിട്ടും മര്യാദക്ക് ജോലി ചെയ്യാനോ,അഭിവൃദ്ധിക്കായി
ആ പണം ഉപയോഗപ്പെടുത്താനോ ശ്രമിക്കാതെ,
ധൂര്‍ത്തടിച്ച് ജീവിതം നശിപ്പിക്കുന്ന സമൂഹത്തിലേക്ക്
സാമ്രാജ്യത്വവും,കംബോളവും,അടിമത്വത്തിന്റെ രാഷ്ട്രീയവും ഇരച്ചു കയറുന്നത്
ആണത്തമില്ലാത്ത കുടുംബങ്ങളിലൂടെയാണെന്ന് തിരിച്ചറിയാന്‍ നമ്മുടെ സമൂഹത്തിനു ബുദ്ധി വികസിക്കുന്നില്ലല്ലോ എന്നു വ്യസനിക്കുക !

പഞ്ചായത്തുതോറും പുരുഷന്മാര്‍ക്ക് ലക്ഷ്യബോധവും,
തൊഴില്‍ അഭിമാനവും,ജോലിയിലെ പ്രഫഷണലിസം വര്‍ദ്ധിപ്പിക്കാനുള്ള പരിശീലനങ്ങളും,മക്കളുടെ പഠന-ജോലി സാധ്യതകളെക്കുറിച്ചുള്ള അറിവുകളും കൌണ്‍സലിങ്ങിലൂടെ നല്‍കാനാണ് ശ്രദ്ധവെക്കേണ്ടത്.

Unknown said...

വര്‍ഷത്തില്‍ നൂറു ദിവസം ജോലി സര്‍ക്കാരിനു കൊടുക്കാന്‍ കഴിയുന്നത്‌
ഇപ്പോഴത്തെ വിലകയടതിന്റെയും ജീവിത പ്രയാസങ്ങള്‍കിടയിലും
വളരെ ആശ്വാസമാണ്. ഇങ്ങിനെ സ്ത്രീകള്‍ക്കും കൂടി പങ്കാളിത്തമുള്ള
ഒരു തൊഴില്‍ സംസ്കാരം ഉണ്ടാക്കിയെടുക്കുന്നത്‌ വളരെ നല്ല കാര്യം
തന്നെ യാണ്. പക്ഷെ ഇതിന്റെ ഒരു മറു വശം കൂടി നമ്മള്‍ കാണണം.
എന്താണെന്നു വെച്ചാല്‍ തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീകളും അതേപോലെ യുള്ള
സ്തീശക്തി കൂട്ടായ്മകളും അരാഷ്ട്രീയ വാദം വളര്‍ത്തി
പ്രതികരിക്കാന്‍ മടിക്കുന്ന നിശ്ചലമായ ഒരു സമൂഹ മായി മാറില്ലേ
എന്നുള്ളത് കൂടി.

ഷാജി ഖത്തര്‍.

simy nazareth said...

great! good to see this happening in our land.