Thursday, January 14, 2010

സിക്സര്‍.....സിക്സര്‍....

ഇടുങ്ങിയ തെരുവിന്റെ ഇടനാഴിയില്‍ ആരവം! ഇന്ത്യ ബാറ്റുചെയ്യുകയാണ്. എന്റെ വാടകവീടിന്റെ കൊച്ചു വരാന്തയിലിരുന്നാല്‍ മതിലിന്നപ്പുറത്തെ സേട്ടുവിന്റെ ടി.വി. മാമാങ്കം ഭാഗികമായി കാണാം. ഞാനിന്നും പുറത്തേക്കിറങ്ങിയില്ല. ഫാക്ടറി ലോക്കൌട്ടിലാണ്. കടം തരുന്നവര്‍ക്ക് അസ്വാസ്ഥ്യങ്ങളുണ്ടാകാതിരിക്കാന്‍ ഭാര്യ സുന്ദരമായ നുണകള്‍ നെയ്യുന്നു.

'കളീടെ ഭ്രാന്തല്ലേ... മൂപ്പര് ഇന്നും ലീവെടുത്തു.' കള്ളം പറയാനറിയാത്ത കൊച്ചുമകന്‍ മാത്രം വാവിട്ടു കരയുന്നു. വിശപ്പ് കുപ്പിച്ചില്ലുകളായി അവനെ നോവിക്കുന്നു. കൊച്ചു കവിളില്‍ കണ്ണീരിന്റെ പുളിപ്പ്...

വീണ്ടും ഒരാര്‍പ്പുവിളി. 'സച്ചിന്‍ സിക്സറടിച്ചു' എനിക്ക് അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ മുറ്റേത്തക്കിറങ്ങി മതിലിന്നടുത്തെ ഒതുക്കുകല്ലില്‍ കയറി നിന്നു.

ഒരിക്കല്‍ക്കൂടി ആരവങ്ങളുടെ ഒരു തിര. കപിലിന്റെ ഫോര്‍... എന്റെ ആവേശം അതിരുകള്‍ തകര്‍ത്തു. മുറ്റത്തേക്കു വന്ന ഭാര്യയെയും തലചായ്ച്ചു കിടക്കുന്ന മകനേയും അണച്ചുപിടിച്ചു ഞാന്‍ കിതച്ചു. ഒരാര്‍പ്പുവിളി ഉള്ളിലൊതുക്കി ഞാന്‍ പറഞ്ഞു:

'ഇന്ത്യ ജയിച്ചെടി... ഇന്ത്യ ജയിച്ചു...

സെഞ്ച്വറിയുടെ വിലയറിയാത്ത അവളുടെ ഇടിഞ്ഞ തോളില്‍ ഒരു ഉണങ്ങിയ താളുപോലെ മോന്‍ അപ്പോഴും ഒടിഞ്ഞുതൂങ്ങി കിടന്നു.

*****

പി. ഹേമപാലന്‍, കടപ്പാട് : ബീം രജത ജൂബിലി സ്‌മരണിക

( ബീം സാഹിത്യ മത്സരത്തില്‍ (പോസ്റ്കാര്‍ഡ്) സമ്മാനം നേടിയ 'മിനി കഥ'

5 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇടുങ്ങിയ തെരുവിന്റെ ഇടനാഴിയില്‍ ആരവം! ഇന്ത്യ ബാറ്റുചെയ്യുകയാണ്. എന്റെ വാടകവീടിന്റെ കൊച്ചു വരാന്തയിലിരുന്നാല്‍ മതിലിന്നപ്പുറത്തെ സേട്ടുവിന്റെ ടി.വി. മാമാങ്കം ഭാഗികമായി കാണാം. ഞാനിന്നും പുറത്തേക്കിറങ്ങിയില്ല. ഫാക്ടറി ലോക്കൌട്ടിലാണ്. കടം തരുന്നവര്‍ക്ക് അസ്വാസ്ഥ്യങ്ങളുണ്ടാകാതിരിക്കാന്‍ ഭാര്യ സുന്ദരമായ നുണകള്‍ നെയ്യുന്നു.

'കളീടെ ഭ്രാന്തല്ലേ... മൂപ്പര് ഇന്നും ലീവെടുത്തു.' കള്ളം പറയാനറിയാത്ത കൊച്ചുമകന്‍ മാത്രം വാവിട്ടു കരയുന്നു. വിശപ്പ് കുപ്പിച്ചില്ലുകളായി അവനെ നോവിക്കുന്നു. കൊച്ചു കവിളില്‍ കണ്ണീരിന്റെ പുളിപ്പ്...

ഹന്‍ല്ലലത്ത് Hanllalath said...

ഇതു എപ്പോള്‍ അവാര്‍ഡ് കിട്ടിയതാണ്?
മാതൃഭൂമീടെ ഞായറാഴ്ച്ചപ്പതിപ്പില്‍ ആറോ ഏഴോ വര്‍ഷങ്ങള്‍ക്കു മുമ്പേ
ഞാനീ കഥയുടെ ഒറിജിനല്‍ വായിച്ചിട്ടുണ്ട്.
സിക്സര്‍ എന്നു തന്നെയാണെന്ന് തോന്നുന്നു അതിന്റെ പേര്.
അയാള്‍ തന്നെയാണോ ഇതിന്റെ കര്‍ത്താവ്‌ എന്നറിയില്ല.
ആയിരിക്കില്ല, അതു കുറച്ച് കൂടി ഒതുക്കമുള്ള, മനസ്സിനെ പൊള്ളിക്കുന്ന ഒന്നായിരുന്നു.
എനിക്ക് തോന്നുന്നു ഇത് കോപ്പിയടിച്ചതാകം എന്ന്.
കഥ അതേ പടി അല്ലാ, കഥയുടെ ആശയം.. പകുതി അവതരണവും..!

ഉറപ്പ് വരുത്തുമല്ലൊ ?
എനിക്കാ പഴയ

ഹന്‍ല്ലലത്ത് Hanllalath said...

അതില്‍ കളിഭ്രാന്തനായ ഒരാള്‍ അസുഖമുള്ള കുട്ടിയെ ശ്രദ്ധിക്കാതെ റേഡിയോയില്‍ കളി കേള്‍ക്കുന്നതായിരുന്നു വിഷയം.

പട്ടേപ്പാടം റാംജി said...

"സെഞ്ച്വറിയുടെ വിലയറിയാത്ത അവളുടെ ഇടിഞ്ഞ തോളില്‍ ഒരു ഉണങ്ങിയ താളുപോലെ മോന്‍ അപ്പോഴും ഒടിഞ്ഞുതൂങ്ങി കിടന്നു."

മിനിക്കഥ നന്നായി ട്ടോ.
ആശംസകള്‍.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ hAnLLaLaTh

താങ്കള്‍ പറഞ്ഞത് ശരിയാവാനിടയുണ്ട്. ബീം 1993 ല്‍ നടത്തിയ പോസ്റ്റ് കാര്‍ഡ് കഥ മത്സരത്തില്‍ ഒന്നാം സമ്മാനാര്‍ഹമായതാണീ കഥ. ബീമിന്റെ രജത ജൂബിലി സ്മരണികയില്‍ അവര്‍ ഈ കഥ ഉള്‍പ്പെടുത്തുകയായിരുന്നു. താങ്കള്‍ പറഞ്ഞ പോലെ മാതൃഭൂമീടെ ഞായറാഴ്ച്ചപ്പതിപ്പില്‍ ആറോ ഏഴോ വര്‍ഷങ്ങള്‍ക്കു മുമ്പേ ഇത് പരിഷ്‌ക്കരിച്ച് പ്രസിദ്ധീകരിച്ചിരിക്കാന്‍ ഇടയുണ്ട്.

വായനയ്ക്ക് നന്ദി