Showing posts with label കശ്‌മീര്‍. Show all posts
Showing posts with label കശ്‌മീര്‍. Show all posts

Thursday, May 29, 2014

കശ്മീരിന്റെ പ്രത്യേക പദവി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവിപോലുള്ള മര്‍മപ്രധാന കാര്യങ്ങളില്‍ ആലോചനാരഹിതമായ അവിവേക പ്രഖ്യാനങ്ങള്‍ പ്രധാനമന്ത്രി കാര്യാലയത്തില്‍നിന്നുതന്നെയുണ്ടാകുന്നു എന്നത് ഉല്‍ക്കണ്ഠാജനകമാണ്. ഭരണഘടനയുടെ 370-ാം വകുപ്പ് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നുണ്ടായ പ്രഖ്യാപനം ചരിത്രബോധത്തോടെയുള്ളതായില്ല എന്നുമാത്രമല്ല ദേശീയപ്രശ്നങ്ങള്‍ ഗൗരവബോധത്തോടെ കൈകാര്യംചെയ്യുന്ന തരത്തിലുള്ളതുമായില്ല. ആവര്‍ത്തിച്ചുകൂടാത്ത അബദ്ധങ്ങളിലൊന്നാണത്.

ഒരു സംസ്ഥാനത്തിനുമാത്രം എന്തിന് പ്രത്യേക പദവി എന്നുചോദിക്കുന്നവര്‍ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത ദുരന്തഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന സംസ്ഥാനമാണ് അത് എന്നത് കാണുന്നില്ല. കശ്മീരില്‍ ഇപ്പോഴും നിലനില്‍ക്കുന്ന കലുഷാവസ്ഥ, അത് മുതലെടുത്ത് അവിടത്തെ ജനങ്ങളില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദി- ഭീകരസംഘടനകള്‍, അവയെ നേരിട്ടുകൊണ്ട് ദേശീയ ഐക്യത്തിനുവേണ്ടി നിലകൊള്ളുന്ന അവിടത്തെ ജനത, അവരെ എല്ലാ അര്‍ഥത്തിലും പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവയൊന്നും ബിജെപി കാണുന്നില്ല. ഭരണഘടനയുടെ 370-ാം വകുപ്പും അതിന്റെ ഫലമായുള്ള പ്രത്യേക പദവിയും എടുത്തുകളയുക എന്നുപറഞ്ഞാല്‍ ഇന്നത്തെ അവസ്ഥയില്‍ രാഷ്ട്ര ഐക്യത്തിനുവേണ്ടി നിലകൊള്ളുന്ന ശക്തികളെ ക്ഷീണിപ്പിക്കലും രാജ്യവിരുദ്ധശക്തികള്‍ക്ക് സ്വാധീനം വ്യാപിപ്പിക്കാനുള്ള അരങ്ങൊരുക്കലുമാകും.

ഇന്നത്തെ ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു കശ്മീരും പാക് അധീനതയിലുള്ള കശ്മീര്‍ പ്രദേശവും ഉള്‍പ്പെട്ടതായിരുന്നു പഴയ കശ്മീര്‍ രാജഭരണ പ്രവിശ്യ. ജമ്മു കശ്മീരില്‍ത്തന്നെ മൂന്ന് പ്രത്യേക മേഖലകളുണ്ട്. 54 ലക്ഷം ജനസംഖ്യയുള്ള കശ്മീര്‍ താഴ്വര, 44 ലക്ഷം ജനസംഖ്യയുള്ള ജമ്മു, മൂന്നുലക്ഷം ജനസംഖ്യയുള്ള ലഡാക് എന്നിങ്ങനെ. മൂന്നിനും വേറിട്ട പ്രദേശത്തനിമകളുമുണ്ട്. പാകിസ്ഥാന്‍ ഭാഗത്താകട്ടെ, മുസഫറാബാദ് മേഖലയും ബള്‍ട്ടിസാന്‍ -ഹില്‍ജിത് -ഗുന്‍സാ എന്നിവ ഉള്‍പ്പെട്ട വടക്കന്‍മേഖലകളുമുണ്ട്. ഇതൊക്കെ ഉള്‍ച്ചേര്‍ന്ന കശ്മീരിനെ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കാന്‍ സന്നദ്ധനായിരുന്നില്ല ഹരിസിങ് മഹാരാജാവ്. തന്റെ രാജ്യത്തെ സ്വതന്ത്രരാഷ്ട്രമായി നിര്‍ത്തുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. അതുകൊണ്ടുതന്നെ 1947 ആഗസ്ത് 15നുപോലും ഇക്കാര്യങ്ങളില്‍ ഒരു വ്യക്തതയില്ലാത്ത അവസ്ഥയാണുണ്ടായിരുന്നത്.

പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍നിന്നുള്ള ആക്രമണം ഏതാണ്ട് ശ്രീനഗറില്‍വരെ എത്തിയ ഘട്ടത്തില്‍മാത്രമാണ് ഹരിസിങ് രാജാവ് ഇന്ത്യാ യൂണിയനില്‍ ചേരാന്‍ തയ്യാറായത്. ഇന്ത്യന്‍ സൈന്യം ആകാശമാര്‍ഗം ശ്രീനഗറില്‍ എത്തി ശത്രുസൈന്യത്തെ തുരത്തുകയായിരുന്നു അന്ന്. ഹരിസിങ്ങും അദ്ദേഹത്തിന്റെ ഫ്യൂഡല്‍ ഭരണത്തിനെതിരെ പൊരുതിക്കൊണ്ടിരുന്ന നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഷേഖ് അബ്ദുള്ളയും തമ്മില്‍ ധാരണയായി. കശ്മീര്‍ അധികാരികളും ഇന്ത്യന്‍ യൂണിയന്‍ പ്രതിനിധികളും തമ്മില്‍ ഡല്‍ഹി കരാറില്‍ 1952ല്‍ ഒപ്പുവച്ചു. ആ ഘട്ടത്തില്‍ ആ പ്രദേശത്തെ കഴിയുന്നത്ര ജനങ്ങളെ പാകിസ്ഥാന്‍ സ്വാധീനത്തില്‍നിന്ന് വിടുവിച്ചെടുക്കുക എന്നത് ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ അഖണ്ഡത സംരക്ഷിക്കാന്‍ ആവശ്യമായിരുന്നു; പ്രത്യേകിച്ചും എതിര്‍ഭാഗത്തുനിന്നുള്ള പ്രീണന-പ്രലോഭന നടപടികള്‍ തുടര്‍ന്ന സാഹചര്യത്തില്‍. ഇത്തരമൊരു അവസ്ഥയിലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി വ്യവസ്ഥചെയ്യപ്പെട്ടത്. ആ പദവി എടുത്തുകളയാന്‍ തക്കവിധം കശ്മീരിലെ സ്ഥിതി മാറിയിട്ടില്ല എന്നത് അവിടുന്നുള്ള ദൈനംദിന റിപ്പോര്‍ട്ടുകളില്‍നിന്നുതന്നെ അറിയാനുള്ളതേയുള്ളൂ.

ഷേഖ് അബ്ദുള്ള ഭൂപരിഷ്കരണം നടപ്പാക്കി സ്വാധീനമുറപ്പിക്കുന്നുവെന്ന് വന്നപ്പോഴാണ് കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറന്‍സിനെ ശത്രുതയോടെ കണ്ടുതുടങ്ങിയത്. അതിന്റെ തുടര്‍ച്ചയായി 1953ലും "65ലും ഒക്കെ ഷേഖ് അബ്ദുള്ളയെ രാജ്യദ്രോഹി എന്ന് മുദ്രകുത്തി കോണ്‍ഗ്രസ് സര്‍ക്കാര്‍ അറസ്റ്റുചെയ്തത് കശ്മീരിലെ സ്ഥിതി പിന്നെയും വഷളാക്കി. അതിനിടെയാണ് ജനസംഘത്തിന്റെ മുന്‍രൂപമായിരുന്ന പ്രജാപരിഷത്ത് ഭരണഘടനയുടെ 370-ാം വകുപ്പുപ്രകാരമുള്ള പ്രത്യേക പദവി എടുത്തുകളയണമെന്ന ആവശ്യമുന്നയിച്ചത്. കശ്മീരില്‍ വര്‍ഗീയചേരിതിരിവുണ്ടാക്കി രാഷ്ട്രീയമുതലെടുപ്പ് നടത്തുക എന്നതായിരുന്നു പ്രജാപരിഷത്തിന്റെ പരിപാടി. അത്തരം ഒരാവശ്യം എങ്ങനെ രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധവും രാജ്യവിരുദ്ധശക്തികള്‍ക്ക് സ്വാധീനം വ്യാപിപ്പിക്കാന്‍ സഹായകവുമാകും എന്നത് അവര്‍ക്ക് പ്രശ്നമായിരുന്നില്ല. പിന്നീട് കോണ്‍ഗ്രസ് ഭരണംതന്നെ പ്രത്യേക പദവിയെ ദുര്‍ബലപ്പെടുത്തുന്ന പല നടപടികള്‍ കൈക്കൊണ്ടു. ഫറൂഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ് മന്ത്രിസഭയെ ജനാധിപത്യവിരുദ്ധമായി പുറത്താക്കി ജി എം ഷായുടെ പാവഭരണത്തെ അവരോധിച്ചു. ജനാധിപത്യാവകാശങ്ങള്‍ ധ്വംസിച്ചു. തെരഞ്ഞെടുപ്പില്‍ കൃത്രിമംകാട്ടി. അങ്ങനെ അധാര്‍മിക പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറി. അപ്പോഴൊക്കെ സ്വതന്ത്രകശ്മീരായി നില്‍ക്കുന്നതാണ് നല്ലത് എന്ന വിഘടനവാദികളുടെ അഭിപ്രായത്തിന് സ്വീകാര്യത കിട്ടുന്ന അന്തരീക്ഷം അവിടെ പരക്കുകയായിരുന്നു. ഇന്ത്യന്‍ ഭരണസംവിധാനത്തിനെതിരെ ജനങ്ങളില്‍ രോഷം വളര്‍ത്താന്‍ ഇതിലോരോന്നും പാക് പിന്തുണയുള്ള ശക്തികള്‍ ഉപയോഗിച്ചു. ജെകെഎല്‍എഫ്, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ സായുധനീക്കങ്ങള്‍ക്കൊപ്പം ഇന്ത്യാവിരുദ്ധ പ്രചാരണങ്ങള്‍ ശക്തിപ്പെടുത്തി. ഇന്ത്യയുടെ ഭാഗമായിനിന്നാല്‍ തടയില്ല എന്ന ആശങ്ക പടര്‍ത്തി. ജമ്മു കശ്മീരിന്റെ സ്വയംഭരണാധികാരമേഖല കേന്ദ്രാധികാരത്തിന്റെ കൈയേറ്റത്തിന് വിധേയമായ ഘട്ടങ്ങളിലൊക്കെ യഥാര്‍ഥത്തില്‍ ഈ ആശങ്ക ശക്തിപ്പെടുത്തുന്നതില്‍ തീവ്രവാദ സംഘടനകള്‍ വിജയിക്കുകയായിരുന്നു. കേന്ദ്രത്തിന്റെ തുടര്‍ച്ചയായ അധികാര കൈയേറ്റങ്ങള്‍ കശ്മീരിനെ പ്രത്യേക പദവിയുള്ള സംസ്ഥാനം എന്ന നിലയില്‍നിന്ന് സംസ്ഥാനാധികാരത്തില്‍പ്പെട്ട വിഷയങ്ങളില്‍പ്പോലും നിയമനിര്‍മാണം നടത്താന്‍ അനുവാദമില്ലാത്ത സംസ്ഥാനം എന്ന നിലയിലേക്ക് താഴ്ത്തുകയായിരുന്നു. ഭീകര- തീവ്രവാദ സംഘടനകള്‍ക്ക് സത്യത്തില്‍ അതുതന്നെയായിരുന്നു ആവശ്യവും.

ഭരണഘടനയുടെ 370-ാം വകുപ്പ് ഇപ്പോള്‍ ചര്‍ച്ചയ്ക്കെടുക്കുന്നത് അവിടെ വര്‍ഗീയചേരിതിരിവ് ശക്തിപ്പെടുത്താനും ഇന്ത്യാവിരുദ്ധ പ്രചാരണങ്ങള്‍ക്ക് ശക്തിപകരാനും അങ്ങനെ തീവ്രവാദ- ഭീകരപ്രവര്‍ത്തന സംഘടനകള്‍ക്ക് സ്വാധീനമുറപ്പിക്കാനുമുള്ള അന്തരീക്ഷമുണ്ടാക്കുകയാവും ചെയ്യുക. ഇത് മനസ്സിലാക്കാനുള്ള വിവേകം ബിജെപി ഭരണത്തിനില്ല എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഇതല്ല രാഷ്ട്രതന്ത്രജ്ഞത. 370-ാം വകുപ്പ് എടുത്തുകളയുന്നതുപോകട്ടെ, അതുപ്രകാരമുള്ള സ്വയംഭരണാവകാശത്തില്‍ നേരിയ ഇടിവുവരുത്തുന്നതുപോലും ആപത്തുണ്ടാക്കുകയേ ചെയ്യൂ. കശ്മീര്‍ ജനതയുടെ അഭിലാഷങ്ങളെ പരിരക്ഷിക്കാനുതകുംവിധം പ്രത്യേക പദവി ദുര്‍ബലപ്പെടാതെ നോക്കുകയാണ് ഇന്നുവേണ്ടത്. കശ്മീര്‍ ജനതയുടെ സ്വത്വം സംരക്ഷിക്കാമെന്ന് ഉറപ്പുനല്‍കുന്നവിധം കൂടുതല്‍ സ്വയംഭരണാധികാരം കൊടുക്കുമെന്ന് പറയേണ്ട ഘട്ടത്തിലാണ് നേര്‍വിപരീതദിശയിലുള്ള നീക്കങ്ങളുണ്ടാകുന്നത്. ബിജെപിയുടെ രാഷ്ട്രീയത്തിന് ഇത് കൊള്ളാമായിരിക്കും. എന്നാല്‍, രാഷ്ട്രതാല്‍പ്പര്യത്തിന് ഇത് ഗുണംചെയ്യില്ല. ഇതിപ്പോള്‍ ചര്‍ച്ചാവിഷയമാക്കുന്നതോ ഇതേക്കുറിച്ച് തിരിച്ചും മറിച്ചും പ്രധാനമന്ത്രിയുടെ ഓഫീസുതന്നെ പറയുന്നതോ ഒന്നും ആശാസ്യമല്ല.
*
deshabhimani editorial

Thursday, February 14, 2013

വധശിക്ഷ നീതിന്യായ- രാഷ്ട്രീയ വ്യവസ്ഥയെ വേട്ടയാടുന്നു

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പു നടന്ന പാര്‍ലമെന്റ് ആക്രമണകേസില്‍ പ്രതിയാക്കപ്പെട്ട അഫ്‌സല്‍ ഗുരുവിനെ അതീവ രഹസ്യമായി തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കിയ സംഭവം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയേയും രാഷ്ട്രീയ സംവിധാനത്തേയും ഏറെക്കാലം വേട്ടയാടുകതന്നെ ചെയ്യും. ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിന്റെ പരമോന്നത വേദിയായ പാര്‍ലമെന്റിന് നേരെ ഭീകരവാദികള്‍ നടത്തിയ കടന്നാക്രമണം അക്ഷന്തവ്യവും കഠിനശിക്ഷ അര്‍ഹിക്കുന്ന കുറ്റകൃത്യമാണെന്നതും അവിതര്‍ക്കിതമാണ്. എന്നാല്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ദേശദ്രോഹ ഭീകരവാദ ശക്തികള്‍ ആരെന്ന് അസന്നിഗ്ധമായി തെളിയിക്കാനും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിനും അന്വേഷണങ്ങള്‍ക്കും വിചാരണകള്‍ക്കും ശിക്ഷാവിധികള്‍ക്കും ഫലപ്രഥമായി കഴിഞ്ഞോ എന്ന ചോദ്യം ഇപ്പോഴും ബാക്കി നില്‍ക്കുന്നു. ഈ പശ്ചാത്തലത്തില്‍ അതീവ രഹസ്യമായി നടപ്പാക്കിയ വധശിക്ഷ സ്ഥിതിഗതികള്‍ക്ക് അയവു വരുത്തുന്നതിന് പകരം രാഷ്ട്രീയാന്തരീക്ഷത്തെ കൂടുതല്‍ വിവാദങ്ങളിലേക്കും അസ്വാസ്ഥ്യങ്ങളിലേക്കുമാണ് നയിക്കുകയെന്ന ആശങ്ക ബലപ്പെടുന്നു. അഫ്‌സല്‍ ഗുരുവിനെ തൂക്കുമരത്തിലേക്ക് നയിച്ച നീതിന്യായ പ്രക്രിയ കുറ്റമറ്റതായിരുന്നില്ല. കുറ്റാരോപിതനായ അയാള്‍ക്ക് അയാള്‍ അവകാശപ്പെടും വിധം തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഇന്ത്യന്‍ നിയമ വ്യവസ്ഥ ഉറപ്പു നല്‍കുന്ന നിയമസഹായം ലഭിച്ചിരുന്നില്ല. വധശിക്ഷക്ക് വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി തിരസ്‌കരിക്കപ്പെട്ടതിന് ശേഷം നിയമം അനുശാസിക്കും വിധം ജുഡീഷ്യല്‍ പുനരവലോകനത്തിനുള്ള അവസരം നിഷേധിക്കപ്പെട്ടു. വധശിക്ഷ ഉറ്റബന്ധുക്കളെപ്പോലും അറിയിക്കാതെ അപഹാസ്യമാംവിധം രഹസ്യമായി നടപ്പാക്കി. മേല്‍പ്പറഞ്ഞ മൂന്ന് ആരോപണങ്ങള്‍ക്കും തൃപ്തികരമായ വിശദീകരണം നല്‍കാന്‍ ഒരു ജനാധിപത്യ രാഷ്ട്രം ബാധ്യസ്ഥമാണ്.

അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കി മൂന്നുദിവസം പിന്നിട്ടിട്ടും തൃപ്തികരമായ ഒരു വിശദീകരണം നല്‍കുന്നതില്‍ കേന്ദ്രഭരണകൂടം പരാജയപ്പെട്ടിരിക്കുന്നു. താരതമ്യേന സാധാരണ സ്ഥിതിയിലേക്കു മടങ്ങി വന്നുകൊണ്ടിരുന്ന കശ്മീര്‍ താഴ്‌വര ദേശീയ മുഖ്യധാരയില്‍ നിന്നും കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കകം എത്രമാത്രം ഒറ്റപ്പെട്ടിരിക്കുന്നുവെന്ന് അവിടെ നിന്നുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. കേന്ദ്രഭരണം കയ്യാളുന്ന യു പി എയുടെ സഖ്യകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിന്റെ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പോലും കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ പരസ്യമായി ചോദ്യം ചെയ്തിരിക്കുന്നു. കശ്മീരിലെ വരും തലമുറകളെപോലും ദേശീയ മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്ന് ഒറ്റപ്പെടുത്താന്‍ മതിയായതാണ് കേന്ദ്രസര്‍ക്കാരിന്റെ  നടപടിയെന്ന് ഒമര്‍ തുറന്നടിച്ചു. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കുകയെന്നത് ഒരു നിയമ പ്രക്രിയയെക്കാളേറെ ദുരുപദിഷ്ട രാഷ്ട്രീയ തീരുമാനമാണെന്നത് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. അഫ്‌സല്‍ ഗുരുവിന്റെ ചോരക്ക് വേണ്ടിയുള്ള മുറവിളി തീവ്രഹിന്ദുത്വത്തിന്റെ നിരന്തര ആവശ്യമായിരുന്നു. ഒരു ന്യൂനപക്ഷം തീവ്രഹിന്ദുത്വ വാദികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി നിയമ വ്യവസ്ഥയെ തന്നെ അട്ടിമറിച്ച് നടപ്പാക്കിയ വധശിക്ഷക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെ നിക്ഷിപ്ത രാഷ്ട്രീയ അജണ്ട വ്യക്തമാണ്. നീതിന്യായ വ്യവസ്ഥയേയും രാഷ്ട്രീയ ധാര്‍മ്മികതയെയും മറി കടന്നുള്ള കേന്ദ്രഭരണകൂടത്തിന്റെ രാഷ്ട്രീയ തീരുമാനം ഒരു പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിനും ഭൂഷണമല്ല.

ദീര്‍ഘകാലത്തെ ഇടവേളക്കു ശേഷമാണ് ഡിസംബറില്‍ മുംബൈ ഭീകരാക്രമണത്തില്‍ ജീവനോടെ പിടിയിലായ അജ്മല്‍ കസബിനെ പൂനയില്‍ തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കിയത്. കസബിന്റെ കുറ്റകൃത്യത്തെ ആരും ലാഘവത്തോടെ നോക്കി കാണുന്നില്ല. അപ്രഖ്യാപിതമെങ്കിലും ദീര്‍ഘകാലം വധശിക്ഷ നടപ്പാക്കാതിരുന്ന രാജ്യത്ത് അതീവ രഹസ്യമായി കസബിന്റെ വധശിക്ഷ നടപ്പാക്കിയത് വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു. എന്നാല്‍ ചോരക്ക് ചോരയെന്ന പ്രാകൃത നീതിക്ക് വേണ്ടി തീവ്രയാഥാസ്ഥിതികതയുടെ മുറവിളിക്കു വഴങ്ങി ഇപ്പോള്‍ നടപ്പാക്കിയ വധശിക്ഷ ഹ്രസ്വകാല രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമേ ഉതകൂ. ജനാധിപത്യത്തിന് ഇന്ത്യയെപ്പോലെ വേരോട്ടമില്ലാത്ത രാജ്യങ്ങള്‍ പോലും ഉപേക്ഷിച്ച വധശിക്ഷ ഇനിയും തുടരുന്നതിന്റെ ധാര്‍മ്മികത സമൂഹം ഗൗരവമായി വിലയിരുത്തണം. അഫ്‌സല്‍ ഗുരുവിന്റെ വിചാരണയിലും ശിക്ഷാവിധിയിലും അത് നടപ്പാക്കിയ രീതിയിലുമുണ്ടായ വീഴ്ചകളും അപാകതകളും പുനഃപരിശോധനക്ക് വിധേയമാക്കപ്പെടണം. അഫ്‌സല്‍ ഗുരുവിന്റെ ശവകുടീരത്തില്‍ മതപരമായ അന്ത്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കാനുള്ള കുടുംബത്തിന്റെ അഭ്യര്‍ഥന മാനിക്കപ്പെടണം. ഈ വധശിക്ഷ നടപ്പാക്കുക വഴി മുറിവേറ്റ കശ്മീര്‍ താഴ്‌വരയുടെ മുറിവ് ഉണക്കാനും ദേശീയ മുഖ്യധാരയിലേക്ക് അവരെ തിരികെ കൊണ്ടുവരാനും ഭരണകൂടം സത്വര നടപടികള്‍ സ്വീകരിക്കണം. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ ഇന്ത്യന്‍ റിപ്പബ്ലിക്കിലെ അവസാന വധശിക്ഷയാണെന്ന് ഉറപ്പുവരുത്തുകയാണ് രാഷ്ട്രത്തിന്റെയും ജനതയുടെയും ഐക്യത്തിന്റെ കാതല്‍.

*
ജനയുഗം മുഖപ്രസംഗം 12 ഫെബ്രുവരി 2013

Sunday, August 12, 2012

ദി.മെഡോ : ചുടുരക്തം ഒഴുകിയ സ്വര്‍ഗം

"ആരുടെ യുദ്ധമാണ് കശ്മീരില്‍ നടക്കുന്നത്...?""- അസ്വസ്ഥപ്പെടുത്തുന്ന ഈ ചോദ്യമാണ് "ദി ഗാര്‍ഡിയനി"ലെ സീനിയര്‍ കറസ്പോണ്ടന്റുമാരായ അഡ്രിയാന്‍ ലെവിയും കാത്തി സ്കോട്ട് ക്ലാര്‍ക്കും എഴുതിയ "ദി മെഡോ-വേര്‍ ദി ടെറര്‍ ബിഗാന്‍" എന്ന പുസ്തകം ഉയര്‍ത്തിയത്. അഞ്ഞൂറിലധികം പേജുള്ള ഈ പുസ്തകം വായിക്കാന്‍ കൈയിലെടുത്താല്‍ അവസാനപേജും വായിച്ചുതീര്‍ത്തേ നിങ്ങള്‍ താഴെ വയ്ക്കുകയുള്ളൂവെന്ന് ഞാന്‍ ഉറപ്പുതരാം.

"ഒറ്റ ഇരുപ്പിന് വായിച്ച് തീര്‍ക്കാവുന്ന പുസ്തകം" എന്ന പ്രയോഗം "ദി മെഡോ" എന്ന അന്വേഷണ പുസ്തകത്തിന് എന്തുകൊണ്ടും ഇണങ്ങും. 1995ല്‍ കശ്മീരിലെ മഞ്ഞുമൂടിയ താഴ്വരയില്‍നിന്ന് ആറ് വിദേശികളെ ജിഹാദികള്‍ തട്ടിക്കൊണ്ടുപോകുന്നതോടെയാണ് ത്രസിപ്പിക്കുന്ന അനുഭവകഥകള്‍ തുടങ്ങുന്നത്. ജിഹാദികളുടെ തലവനും "ജെയ്ഷെ ഇ മുഹമ്മദ്" ഭീകരസംഘടനയുടെ സ്ഥാപകനുമായ മൗലാനാ മസൂദ് അസറിനെ വിട്ടുകൊടുത്താല്‍ വിദേശികളെ മോചിപ്പിക്കാമെന്ന വ്യവസ്ഥയാണ് ഭീകരര്‍ മുന്നോട്ടുവച്ചത്. അനുരഞ്ജന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഭീകരര്‍ നോര്‍വേക്കാരന്‍ ഹാന്‍സ് ക്രിസ്ത്യന്‍ ഓസ്ട്രോയുടെ തല വെട്ടി (ഓസ്ട്രോ കേരളത്തില്‍ ശ്രീകൃഷ്ണപുരത്ത് താമസിച്ച് കഥകളി പഠിച്ചിട്ടുണ്ട്). എന്നാല്‍, അമേരിക്കക്കാരന്‍ ഡോണ്‍ ഹച്ചിങ്സ് ജിഹാദികളുടെ പിടിയില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. അനുരഞ്ജന ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്ത പൊലീസ് മേധാവിയോട് മസൂദ് അസറിനെ വിട്ടുകൊടുത്തില്ലെങ്കിലും സാരമില്ല, പകരം ഒന്നരക്കോടി രൂപ നല്‍കിയാല്‍ മതിയെന്ന് ഭീകരര്‍ ആവശ്യപ്പെടുന്നു. എന്നാല്‍, ഈ രഹസ്യധാരണ ആരോ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുന്നു. ഇതോടെ അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെടുന്നു. നാല് വിദേശികള്‍ കൊല്ലപ്പെട്ടോ ജീവിച്ചിരിപ്പുണ്ടോ എന്ന സംശയംമാത്രമാണ് ഇന്നും അവശേഷിക്കുന്നത്.
1999ല്‍ ഇന്ത്യന്‍ വിമാനം കാണ്ടഹാറിലേക്ക് റാഞ്ചിയ ഭീകരര്‍ മസൂദ് അസര്‍ ഉള്‍പ്പെടെ രണ്ടു ഭീകരരെ മോചിപ്പിക്കുന്നതില്‍ വിജയിച്ചു. ബിന്‍ലാദനെ വധിച്ചതോടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ കഴിഞ്ഞെന്ന് വിശ്വസിച്ചവരോട് മസൂദിനെപ്പോലെയുള്ള ഭീകരര്‍ ഇപ്പോഴും സ്വതന്ത്രരായി വിഹരിക്കുമ്പോള്‍ അങ്ങനെ വിശ്വസിക്കുന്നത് മഠയത്തരമാണെന്ന് എഴുത്തുകാര്‍ പറയുന്നു. ഇന്ത്യന്‍ ഭരണനേതൃത്വം അല്‍പ്പം ഇച്ഛാശക്തി കാണിച്ചിരുന്നെങ്കില്‍ ആറു വിദേശികള്‍ക്ക് ജീവന്‍ നഷ്ടമാകില്ലായിരുന്നെന്ന സത്യത്തിനും പുസ്തകം അടിവരയിടുന്നു. നൂറുകണക്കിന് അഭിമുഖങ്ങള്‍ നടത്തിയും രേഖകള്‍ പരിശോധിച്ചുമാണ് ലെവിയും ക്ലാര്‍ക്കും ഈ പുസ്തകം എഴുതിയിരിക്കുന്നത്. ആരെയും പിടിച്ചുലയ്ക്കുന്ന വായനാനുഭവമാണിത്. "മെഡോ" എന്നാല്‍ പുല്‍മേടെന്നാണ് അര്‍ഥം. നിരപരാധികളുടെ ചുടുരക്തം സ്വര്‍ഗതുല്യമായ കശ്മീര്‍ പുല്‍മേട്ടില്‍ ഒഴുകിയ ദിനങ്ങളാണ് ഈ പുസ്തകത്തില്‍ നിറയുന്നത്. മുംബൈ ചേരികളുടെ യഥാര്‍ഥ ചിത്രം വരച്ചിടുന്ന കാതറീന്‍ ബൂയുടെ "ബിഹൈന്‍ഡ് ദി ബ്യൂട്ടിഫുള്‍ ഫോര്‍എവേഴ്സ്" , ഫ്രെഡറിക് എംഗല്‍സിന്റെ "കണ്ടീഷന്‍ ഓഫ് ഇംഗ്ലീഷ് വര്‍ക്കിങ് ക്ലാസ് ഇന്‍ ഇംഗ്ലണ്ട് ഇന്‍ 1844" , ജോര്‍ജ് ഓര്‍വെലിന്റെ "റോഡ് ടു വിഗാന്‍ പിയര്‍" എന്നീ പുസ്തകങ്ങളാണ് "ദി മെഡോ"യ്ക്കുമുമ്പ് വായിച്ചത്. മൂന്ന് വ്യത്യസ്ത കാലഘട്ടത്തില്‍ ദാരിദ്ര്യത്തിന്റെയും മനുഷ്യാവസ്ഥകളുടെയും ചിത്രങ്ങള്‍ വരച്ചിട്ട കൃതികള്‍ എന്ന നിലയ്ക്കാണ് ഈ പുസ്തകങ്ങള്‍ എന്നെ ആകര്‍ഷിച്ചത്. മലയാളത്തില്‍ ഇ സന്തോഷ്കുമാറിന്റെ പുതിയ നോവല്‍ "അന്ധകാരനഴി" മികച്ച വായനാനുഭവമായി. ബന്യാമിന്റെ ആടുജീവിതത്തിന്റെ ഇംഗ്ലീഷ് പരിഭാഷ "ദി ഗോട്ട് ഡേയ്സ്" എന്ന പുസ്തകവും എന്നെ ആകര്‍ഷിച്ചു. ഇ-റീഡര്‍ മുഖേനയാണ് ഇപ്പോള്‍ വായന അധികവും. തടിച്ച പുസ്തകങ്ങള്‍ കൈയില്‍ പിടിച്ച് വായിക്കാനുള്ള പ്രയാസം ഇ-വായന മുഖേന ഇല്ലാതായി. ഔദ്യോഗികമായ തിരക്കുകള്‍ എല്ലാം തീര്‍ത്ത് രാത്രിയിലാണ് വായന. സെപ്തംബര്‍മുതല്‍ പുതിയ നോവല്‍ എഴുതണമെന്ന ആഗ്രഹവുമുണ്ട്.

*
എന്‍ എസ് മാധവന്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 12 ആഗസ്റ്റ് 2012

Tuesday, September 21, 2010

കാശ്മീര്‍: അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കുക, ചര്‍ച്ച ആരംഭിക്കുക

കഴിഞ്ഞ മൂന്നുമാസക്കാലമായി കാശ്മീര്‍ താഴ്വര ആകെ പ്രക്ഷുബ്ധമാണ്. ഒരുവശത്ത് ജനങ്ങളുടെ തുടര്‍ച്ചയായ പ്രതിഷേധ പ്രകടനങ്ങളും ഹര്‍ത്താലും മൂലവും മറുവശത്ത് ഔദ്യോഗികമായി പ്രഖ്യാപിച്ച കര്‍ഫ്യുമൂലവും താഴ്വരയാകെ അടച്ചിട്ടപോലെയായി. കടകളും ബിസിനസ് സ്ഥാപനങ്ങളും സ്കൂളുകളും എല്ലാം അടഞ്ഞുകിടക്കുന്നു; ജനജീവിതം ആകെ സ്തംഭിച്ചിരിക്കുന്നു. ജൂണ്‍ 11നും ആഗസ്റ്റ് 22നും ഇടയ്ക്ക് 62 ചെറുപ്പക്കാരാണ് പൊലീസ് വെടിവെപ്പില്‍ മരിച്ചത്. 8നും 25നും ഇടയ്ക്ക് വയസ്സുള്ള യുവാക്കളാണ് അവര്‍. (ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ സംഖ്യ 100ല്‍ അധികം ആയിരിക്കുന്നു.) കല്ലെറിയുന്ന യുവാക്കളടങ്ങിയ ജനക്കൂട്ടം സിആര്‍പിക്കാരുമായി ഏറ്റുമുട്ടുന്നു. അതിന്റെ അനിവാര്യമായ ഫലം വെടിവെപ്പാണ്. തുടര്‍ന്ന് മരണവും അംഗഭംഗവും മുറിവും സംഭവിക്കുന്നു. അങ്ങനെയുള്ള ഓരോ മരണത്തെ തുടര്‍ന്നും വീണ്ടും ബഹുജന പ്രതിഷേധങ്ങളും ഹര്‍ത്താലും നടക്കുന്നു. കാശ്മീരിലെ വിപുലമായ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഇന്ത്യാ ഗവണ്‍മെന്റിനെതിരെ തികഞ്ഞ അന്യഥാബോധവും കടുത്ത രോഷവും നിറഞ്ഞിരിക്കുന്നു.

നമ്മുടെ പാര്‍ടിയുടെ കേന്ദ്രകമ്മിറ്റി അംഗമായ മൊഹമ്മദ് സലിമിന്റെ ഒപ്പം ആഗസ്റ്റ് 22, 23 തീയതികളില്‍ ഞാന്‍ ശ്രീനഗര്‍ സന്ദര്‍ശിക്കുകയുണ്ടായി. ചെറുപ്പക്കാരായ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട വീടുകളില്‍ചെന്ന് ഞങ്ങളുടെ അഗാധമായ ദുഃഖം അവരെ അറിയിക്കുകയും ജനങ്ങളുടെ ദുരിതങ്ങളില്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ സന്ദര്‍ശനത്തിന്റെ പ്രാഥമികമായ ഉദ്ദേശം. വിവിധ ജനവിഭാഗങ്ങളില്‍പെട്ടവരെ കാണുന്നതിനും നിലവിലുള്ള അവസ്ഥയെക്കുറിച്ചുള്ള അവരുടെ സമീപനം മനസ്സിലാക്കുന്നതിനും ഞങ്ങള്‍ ഈ സന്ദര്‍ശനം ഉപയോഗപ്പെടുത്തി. പ്രൊഫസര്‍മാര്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരടക്കമുള്ള സമൂഹത്തിലെ വിവിധ വിഭാഗക്കാരെ ഞങ്ങള്‍ കണ്ടു. സിപിഐ (എം)ന്റെ പാര്‍ടി അംഗങ്ങളെയും സംസ്ഥാനകമ്മിറ്റി അംഗങ്ങളെയും സിപിഐയുടെ പ്രതിനിധികളെയും ഞങ്ങള്‍ കണ്ടു സംസാരിച്ചു.

പൈശാചികമായ ആക്രമണം

താഴ്വരയിലെ സ്ഥിതിയെ കേന്ദ്രഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റും കൈകാര്യം ചെയ്തത് ഭയാനകമായ രീതിയിലാണ്. യുവാക്കളുടെ (അവരില്‍ മിക്കവരും കൌമാര പ്രായക്കാരായിരുന്നു) പ്രതിഷേധപ്രകടനങ്ങളെ നേരിട്ട രീതിയും ഭീകരവാദികളുടെയും തീവ്രവാദികളുടെയും അക്രമ പ്രവര്‍ത്തനങ്ങളെ നേരിട്ടരീതിയും തമ്മില്‍ ഒരു വ്യത്യാസവും ഉണ്ടായിരുന്നില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കല്ലെറിയുന്ന ജനക്കൂട്ടത്തെ അത്തരം ഓരോരോ സന്ദര്‍ഭത്തിലും സിആര്‍പി സേന നേരിട്ടത് വെടിവെപ്പുകൊണ്ടാണ്. നിരവധി ചെറുപ്പക്കാര്‍ കൊല്ലപ്പെട്ടു; അതിനുപുറമെ വളരെയേറെപ്പേര്‍ വെടിയുണ്ടകൊണ്ട് മുറിവുപറ്റി വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇത്തരം പൈശാചികമായ രീതികള്‍ രാജ്യത്തിന്റെ മറ്റേതെങ്കിലും ഭാഗത്താണ് സ്വീകരിച്ചിരുന്നതെങ്കില്‍ അവിടങ്ങളില്‍ കലാപങ്ങള്‍തന്നെ സംഭവിച്ചിട്ടുണ്ടാകുമായിരുന്നു. കേന്ദ്ര ഗവണ്‍മെന്റിന്റെ ഹൃദയശൂന്യമായ ഈ കഠോരതയേയും പൈശാചികതയേയും കാശ്മീരി ജനത കാണുന്നത്, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍നിന്ന് വ്യത്യസ്തമായിട്ടാണ് കാശ്മീരിനെ ഇന്ത്യാ ഗവണ്‍മെന്റ് കാണുന്നത് എന്നതിന്റെ തെളിവായിട്ടാണ്.

കല്ലെറിയുന്ന ജനക്കൂട്ടത്തിന്റെ പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നതിനായി പൊലീസ് അവലംബിച്ച രീതിയെ, ഒരുവിധത്തിലും ന്യായീകരിക്കാന്‍ കഴിയില്ല; കുട്ടികളെ ജയിലില്‍ അടച്ചതിനെയും ന്യായീകരിക്കാന്‍ കഴിയില്ല. പൊതുസുരക്ഷാനിയമം അനുസരിച്ച് അറസ്റ്റ്ചെയ്യപ്പെട്ടവരില്‍ ചിലരെ ജമ്മുവിലേയും ഉദ്ദംപൂരിലേയും ജയിലുകളിലേക്ക് മാറ്റിയിട്ടുണ്ട്. ജനങ്ങളുടെ ജീവനും സുരക്ഷിതത്വവും സംരക്ഷിക്കാന്‍ കഴിയാത്ത, ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ഗവണ്‍മെന്റ് തികച്ചും നിഷ്ഫലമാണെന്ന് തെളിഞ്ഞിരിക്കുന്നു. ജനങ്ങളുടെ ആകെ അവമതിക്ക് ആ സര്‍ക്കാര്‍ ഇരയായിത്തീര്‍ന്നിരിക്കുന്നു. പ്രശ്നത്തെ സര്‍ക്കാര്‍ പ്രധാനമായും ക്രമസമാധാനപ്രശ്നമായി കാണുകയും ഭരണപരമായ നടപടികളെ മാത്രം ആശ്രയിക്കുകയും ചെയ്തതുകാരണം, ജനകീയ പ്രക്ഷോഭങ്ങളെയും പ്രതിഷേധങ്ങളെയും കൂടുതല്‍ കൂടുതല്‍ സ്വാധീനിക്കാന്‍ മതമൌലികവാദികള്‍ക്കും തീവ്രവാദികള്‍ക്കും കഴിയുന്നു. വിഘടനവാദികളില്‍ത്തന്നെയുള്ള മിതവാദി വിഭാഗങ്ങള്‍ക്ക് ഒന്നിനും നേതൃത്വം നല്‍കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.

നാലരലക്ഷം തീര്‍ഥാടകര്‍ പങ്കെടുത്ത അമര്‍നാഥ് യാത്ര പ്രതിഷേധപ്രകടനങ്ങള്‍ക്കിടയിലും ഇക്കൊല്ലം, പ്രദേശവാസികളുടെ സഹകരണത്തോടെ സമാധാനപരമായി നടന്നു എന്നത് എടുത്തു പറയേണ്ടതുണ്ട്. കാശ്മീരികളില്‍ അന്തര്‍ലീനമായിട്ടുള്ള സഹിഷ്ണുതയുടെയും സന്മനോഭാവത്തിന്റെയും തെളിവാണ് അത്. അത് കാശ്മീരി സമൂഹത്തിന്റെ പ്രകടമായ സവിശേഷതയാണുതാനും.

ലഷ്കര്‍ ഇ തൊയ്ബയുടെയും മറ്റ് തീവ്രവാദി വിഭാഗങ്ങളുടെയും ഗൂഢതന്ത്രങ്ങളാണ് ഈ പ്രതിഷേധപ്രകനങ്ങള്‍ക്കുപിന്നില്‍ എന്ന് ചിത്രീകരിക്കുന്നത് തെറ്റാണ്. പ്രതിഷേധങ്ങളുടെ തീക്ഷ്ണതയും രോഷത്തിന്റെ വിസ്ഫോടനവും അവ സ്വയം പൊട്ടിപ്പുറപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നു. ഈ കാര്യം കാണാതെ മറ്റാരുടെയോ പ്രേരണകൊണ്ട് നടന്ന പ്രതിഷേധ സമരങ്ങളാണ് അവ എന്ന് വ്യാഖ്യാനിക്കുന്നത് കൂടുതല്‍ ഭീമമായ അബദ്ധങ്ങളിലേക്കേ വഴിവെയ്ക്കുകയുള്ളു.

ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോകുന്നതിനും സമാധാനപരമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരം ലഭിക്കുന്നതിനുംവേണ്ടി, ഉടനടി കൈക്കൊള്ളേണ്ട നടപടികള്‍ താഴെകൊടുക്കുന്നു.

* പ്രതിഷേധപ്രകനങ്ങള്‍ തടയുന്നതിന് പൊലീസ് വെടിവെപ്പ് അവലംബിക്കുന്ന മാര്‍ഗ്ഗം സര്‍ക്കാര്‍ ഉടനടി നിര്‍ത്തണം. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള മറ്റ് മാര്‍ഗങ്ങള്‍ അവലംബിക്കണം. കര്‍ഫ്യു സമയത്ത് സുരക്ഷാ സേന വീടുകളില്‍ കയറി ചെല്ലുന്നതും വീട്ടുകാരെ (പ്രത്യേകിച്ചും സ്ത്രീകളെ) പീഡിപ്പിക്കുന്നതും അവസാനിപ്പിക്കണം.

* കൊല്ലപ്പെട്ടവരും മുറിവേറ്റവരും എല്ലാം അധ്വാനിക്കുന്ന ദരിദ്രരായ ജനവിഭാഗങ്ങളില്‍പെട്ടവരാണ്. ആശുപത്രികളില്‍ മുറിവേറ്റ് കഴിയുന്ന എല്ലാവര്‍ക്കും ശരിയായ ചികിത്സ ലഭ്യമാക്കണം; നഷ്ടപരിഹാരവും നല്‍കണം. സ്ഥിരമായി അംഗവൈകല്യം സംഭവിച്ച്, ഒന്നിനും കഴിയാത്ത അവസ്ഥയിലായ നിരവധിപേര്‍ മുറിവേറ്റവരിലുണ്ട്. അവരുടെ കുടുംബങ്ങളുടെ ജീവസന്ധാരണത്തിന് ആവശ്യമായ മാര്‍ഗ്ഗങ്ങളും നഷ്ടപരിഹാരവും കണ്ടെത്തുന്നതിനുള്ള പരിപാടികള്‍ ആവിഷ്കരിക്കണം.

* ജയിലില്‍ അടയ്ക്കപ്പെട്ട എല്ലാ കുട്ടികളെയും ഉടനെ വിട്ടയക്കണം. അവരുടെമേലുള്ള മൈനര്‍ കേസുകളെല്ലാം റദ്ദാക്കണം.

* സായുധസേനാ പ്രത്യേകാധികാര നിയമം അനുസരിച്ച് സായുധ സേനയ്ക്ക് നല്‍കിയിട്ടുള്ള പൈശാചികമായ അധികാരങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കണം. നിയമത്തിലെ പൈശാചികമായ വകുപ്പുകള്‍ റദ്ദാക്കണം എന്ന് ഞങ്ങളുടെ പാര്‍ടി ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ്. ശ്രീനഗറിലും മറ്റ് പട്ടണപ്രദേശങ്ങളിലും പ്രഖ്യാപിച്ചിട്ടുള്ള കലാപബാധിത പ്രദേശനിയമം ഉടനെ പിന്‍വലിക്കണം. അങ്ങനെചെയ്താല്‍, സായുധസേനാ പ്രത്യേകാധികാരനിയമം ഈ പ്രദേശങ്ങളില്‍ സ്വാഭാവികമായും ബാധകമല്ലാതായിത്തീരും.

* ഏറെക്കാലമായി നിലനില്‍ക്കുന്ന സാമ്പത്തിക സ്തംഭനം കാരണം പല ചെറുകിട കച്ചവടക്കാരും ചെറുകിട സ്ഥാപനങ്ങളും ആകെ തകര്‍ന്നിരിക്കുന്നു. അവരുടെ വ്യാപാര-ബിസിനസ് സ്ഥാപനങ്ങള്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കുന്നതിനും അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളണം.

* കാശ്മീരില്‍ കടുത്ത തൊഴിലില്ലായ്മയുണ്ടെന്ന് മാത്രമല്ല, കഴിഞ്ഞ മൂന്നുമാസക്കാലമായി ദിവസവരുമാനക്കാരായ തൊഴിലാളികളുടെ ജീവിതമാര്‍ഗ്ഗം അടഞ്ഞിരിക്കുകയുമാണ്. ഇങ്ങനെ ജീവിതമാര്‍ഗ്ഗം അടഞ്ഞവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും പുതിയതായി തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുന്നതിനും ആവശ്യമായ നടപടികള്‍ ഗവണ്‍മെന്റ് സത്വരമായി കൈക്കൊള്ളണം.

പൊലീസ് അതിക്രമങ്ങളെ സംബന്ധിച്ച് വിശ്വസനീയമായ അന്വേഷണം ആവശ്യമാണ്. ഇത് കഴിയുന്നത്ര വേഗത്തില്‍ പൂര്‍ത്തിയാക്കണം. കുറ്റക്കാരെന്നു കാണുന്നവരെ നിയമത്തിന്റെ പിടിയില്‍ കൊണ്ടുവരണം.

അതിക്രമങ്ങള്‍ക്കെതിരായി നടപടി കൈക്കൊള്ളുക

മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയും അതിക്രമങ്ങള്‍ കാണിക്കുകയും ചെയ്യുന്ന കുറ്റക്കാരുടെമേല്‍ ഇന്ത്യാ ഗവണ്‍മെന്റ് നടപടി കൈക്കൊള്ളാന്‍ തയ്യാറാവുന്നില്ല എന്നതാണ് ജനങ്ങളുടെ ഒരു വലിയ ആക്ഷേപം. ഇതിനുമുമ്പ് പത്രിബാലില്‍ ചില സൈനിക ഓഫീസര്‍മാര്‍ ഉള്‍പ്പെട്ട സംഭവത്തില്‍ അവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുവാദം നല്‍കുകയുണ്ടായില്ല. ജിഹാദിസ്റ്റുകള്‍ അതിര്‍ത്തി മുറിച്ചു കടക്കുകയാണ് എന്ന പേരുപറഞ്ഞ്, നിരപരാധികളായ മൂന്ന് ഗ്രാമീണരെ "മച്ചില്‍ ഏറ്റുമുട്ടല്‍'' സംഭവത്തില്‍ വെടിവെച്ചു കൊല്ലുകയുണ്ടായി. അതിലെ കുറ്റവാളികളുടെ പേരിലും നടപടിയൊന്നും സര്‍ക്കാര്‍ കൈക്കൊണ്ടില്ല. ഇന്നത്തെ പ്രതിഷേധ പരമ്പരകള്‍ക്കെല്ലാം കാരണമായിത്തീര്‍ന്നത് ഈ അവസാനംപറഞ്ഞ സംഭവമാണ്. മനുഷ്യാവകാശ ലംഘനം ഒരിക്കലും അനുവദിക്കുകയില്ല എന്ന പ്രധാനമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെടണം. ഏറ്റുമുട്ടല്‍ നാടകത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി നടപടിയെടുക്കണം.

വാഗ്ദാനലംഘനങ്ങളുടെ ചരിത്രം

കാശ്മീരിന്റെ ചരിത്രം വാഗ്ദാന ലംഘനങ്ങളുടെയും ബാധ്യതാലംഘനങ്ങളുടെയും സുദീര്‍ഘമായ റെക്കോര്‍ഡ് കൂടിയാണ്. ഭരണഘടനയുടെ 370-ാം വകുപ്പു പ്രകാരം ജമ്മു-കാശ്മീരിന് അനുവദിച്ച പ്രത്യേക പദവി, കഴിഞ്ഞ കാലങ്ങളില്‍ നഷ്ടപ്പെട്ടുവന്നു. കാശ്മീരി ജനതയുടെ സ്വത്വവും പ്രത്യേക പദവിയും ഉറപ്പാക്കപ്പെടും എന്ന് അവര്‍ക്ക് നല്‍കപ്പെട്ട വാഗ്ദാനം കേന്ദ്രത്തില്‍ അധികാരത്തിലേറിയ തുടര്‍ച്ചയായ ഗവണ്‍മെന്റുകളെല്ലാം ലംഘിക്കുകയാണ് ചെയ്തത്. കാശ്മീരിന് "പരമാവധി സ്വയംഭരണാധികാരം'' നല്‍കുമെന്നും അക്കാര്യത്തില്‍ "ആകാശം മാത്രമേ അതിര്‍ത്തിയായിട്ടുള്ളു'' എന്നും പ്രധാനമന്ത്രി നരസിംഹറാവു പ്രഖ്യാപിക്കുകയുണ്ടായി. സ്വയംഭരണാധികാരത്തെ സംബന്ധിച്ചിടത്തോളം 1953നു മുമ്പുള്ള സ്ഥിതി പുന:സ്ഥാപിക്കണം എന്ന് ആവശ്യപ്പെടുന്ന ജമ്മു-കാശ്മീര്‍ അസംബ്ളി അംഗീകരിച്ച പ്രമേയം പരിഗണനയ്ക്കെടുക്കാന്‍ ബിജെപിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേന്ദ്ര ഗവണ്‍മെന്റ് വിസമ്മതിക്കുകയാണുണ്ടായത്. സംസ്ഥാനത്തിന് കടുൂതല്‍ സ്വയംഭരണാധികാരം നല്‍കുന്ന കാര്യത്തില്‍ ബിജെപി ഗവണ്‍മെന്റിനും കോണ്‍ഗ്രസ് ഗവണ്‍മെന്റിനും താല്‍പര്യമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ചര്‍ച്ച നടത്തുന്നതിനുള്ള രാഷ്ട്രീയ മുന്‍കൈ എടുക്കുന്ന കാര്യത്തെ സംബന്ധിച്ചിടത്തോളം യുപിഎ ഗവണ്‍മെന്റിന് വളരെ മോശമായ റെക്കോര്‍ഡാണുള്ളത്. സംസ്ഥാനത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ചര്‍ച്ചയാണ് ആവശ്യം. അതിനുപകരം യുപിഎ ഗവണ്‍മെന്റിന്റെ ഒന്നാമൂഴത്തില്‍ ഡല്‍ഹിയിലും ശ്രീനഗറിലും വട്ടമേശ സമ്മേളനങ്ങള്‍ നടത്തപ്പെട്ടു; നാല് സബ്കമ്മറ്റികള്‍ രൂപീകരിക്കപ്പെടുകയും ചെയ്തു. ജസ്റ്റിസ് സക്കീര്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള വര്‍ക്കിങ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്, ഏറ്റവും നിരാശാജനകമാണ്.

നിരുപാധികമായ ചര്‍ച്ച

സംസ്ഥാനത്തിന് പരമാവധി സ്വയംഭരണാധികാരം അനുവദിക്കണമെന്നും ജമ്മു, കാശ്മീര്‍ താഴ്വര, ലഡാക്ക് എന്നീ മൂന്ന് മേഖലകള്‍ക്ക് സ്വയംഭരണാധികാരം നല്‍കണമെന്നുമാണ് സിപിഐ (എം) ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. അത്തരം സ്വയംഭരണാധികാരം ഉറപ്പുവരുത്തുന്നതിന് ഭരണഘടനയില്‍ മാറ്റംവരുത്തുന്നതിനാവശ്യമായ രാഷ്ട്രീയ ഒത്തുതീര്‍പ്പ് ഉണ്ടാവണമെന്നും പാര്‍ടി ആവശ്യപ്പെട്ടുവന്നു. സാധാരണനിലയും ജനാധിപത്യ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും നടത്തുന്നതിനാവശ്യമായ സാഹചര്യവും പുന:സ്ഥാപിക്കുക എന്നതാണ്, ഇന്നത്തെ ദശാസന്ധിയില്‍ ആവശ്യമായിത്തീര്‍ന്നിട്ടുള്ളത്. അത് ഉറപ്പാക്കിക്കഴിഞ്ഞാല്‍ രാഷ്ട്രീയ ചര്‍ച്ചയ്ക്ക് അനുയോജ്യമായ ചട്ടക്കൂട് ഉണ്ടാക്കുന്നതിന് ഒട്ടും വൈകിച്ചുകൂട. ആ ചര്‍ച്ചയില്‍ എല്ലാവിഭാഗങ്ങളെയും ഉള്‍പ്പെടുത്തണം. ചര്‍ച്ച ആരംഭിക്കുന്നതിന് ഏതെങ്കിലും ഭാഗത്തുനിന്ന് മുന്നുപാധികളൊന്നും വയ്ക്കുന്നില്ലെങ്കിലേ ഇത് സാധ്യമാവുകയുള്ളു.

കാശ്മീരി ജനങ്ങളുടെ അഭിലാഷങ്ങള്‍ കണക്കിലെടുത്തുകൊണ്ട്, ആ സംസ്ഥാനത്തിലെ ജനങ്ങളെ സംബന്ധിക്കുന്ന എല്ലാ പ്രശ്നങ്ങളും ചര്‍ച്ചചെയ്യാനുള്ള ആത്മാര്‍ത്ഥവും സത്യസന്ധവുമായ ശ്രമം ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുണ്ട് എന്ന വിശ്വാസം ജനങ്ങളില്‍ ജനിപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ആവശ്യം. സിപിഐ (എം)ന്റെ അടുത്ത കേന്ദ്രകമ്മിറ്റി യോഗത്തില്‍ കാശ്മീരിനെ സംബന്ധിച്ച പ്രശ്നം ചര്‍ച്ചചെയ്യും. നമ്മുടെ പാര്‍ടിയുടെ നിലപാട് കൂടുതല്‍ വ്യക്തമാക്കും. കാശ്മീര്‍ പ്രശ്നത്തിന്റെ കാര്യത്തില്‍ ഒരു രാഷ്ട്രീയ പരിഹാരം ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാണിച്ചുകൊണ്ട്, സിപിഐ (എം) രാജ്യത്തിലെങ്ങും ക്യാമ്പൈന്‍ നടത്തുന്നതാണ്.

*
പ്രകാശ് കാരാട്ട് കടപ്പാട്: ചിന്ത വാരിക 27-09-2010

Thursday, September 2, 2010

കശ്മീര്‍ ചോരയും കണ്ണീരും

വിഭജനകാലത്ത് അതിര്‍ത്തിക്ക് അപ്പുറവുമിപ്പുറവും ചോരവാര്‍ന്നൊഴുകുമ്പോഴും ഒരൊറ്റ വര്‍ഗീയ സംഘട്ടനവും പൊട്ടിപ്പുറപ്പെടാത്ത കശ്മീര്‍. ഹിന്ദുവായ മഹാരാജാവ് ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാന്‍ പറ്റില്ലെന്ന് ശഠിച്ചപ്പോള്‍, പാകിസ്ഥാനിലല്ല ഇന്ത്യയിലാണ് തങ്ങളുടെ ഇടം എന്ന് തിരിച്ചറിഞ്ഞ കശ്മീര്‍. മതാടിസ്ഥാനത്തില്‍ ഇന്ത്യയെ രണ്ടായി വെട്ടിമുറിക്കണം എന്ന് ആവശ്യപ്പെട്ട ജിന്നയുടെ ദ്വിരാഷ്ട്രവാദത്തെ നിരാകരിച്ച കശ്മീര്‍. ഇന്ത്യയിലാദ്യം ഭൂപരിഷ്കരണം നടപ്പാക്കിയ കശ്മീര്‍.

ആ കശ്മീരല്ല ഇന്നത്തെ കശ്മീര്‍. അസമാധാനത്തിന്റെയും അശാന്തിയുടെയും പുകയുന്ന പകയുടെയും പര്യായമായി മാറിയിരിക്കുന്നു കശ്മീര്‍. എന്തുകൊണ്ടിങ്ങനെ? എന്താണിതിനൊരു പരിഹാരം? കശ്മീരി ഭീകരവാദികളുടെ തോക്കിനെയും ബോംബിനെയും എണ്ണമറ്റ സന്ദര്‍ഭങ്ങളില്‍ അതിജീവിച്ച മുഹമ്മദ് യൂസസ് തരിഗാമിയെ കോഴിക്കോട്ടേക്ക് ക്ഷണിക്കുമ്പോള്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നേരിട്ടു ചോദിച്ചറിയുക എന്നതുകൂടി മനസ്സിലുണ്ടായിരുന്നു. മലബാര്‍ കയര്‍ ഫെസ്റ്റിനോടനുബന്ധിച്ചുള്ള സെമിനാറില്‍ പങ്കെടുക്കാനായാണ് സ്വാതന്ത്യ്രദിനത്തലേന്ന് അദ്ദേഹം എത്തിച്ചേര്‍ന്നത്.

കഴിഞ്ഞ തവണ തരിഗാമി കോഴിക്കോട്ടെത്തിയതും ഒരു സ്വാതന്ത്ര്യദിനത്തലേന്നായിരുന്നു. വടകരയിലെ പൊതുയോഗത്തിന് മുമ്പ്, കശ്മീരിന്റെ പോരാട്ടവീര്യത്തിന്റെ ആ പ്രതീകത്തെയും ആനയിച്ചുകൊണ്ട് ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനം അക്ഷരാര്‍ഥത്തില്‍ പട്ടണത്തെ വീര്‍പ്പുമുട്ടിച്ചിരുന്നു. ഭാഷാഭേദം മറന്നുകൊണ്ട് ജനമനസ്സുകളോട് നേരിട്ട് സംസാരിക്കുന്ന തരിഗാമിയുടെ പ്രസംഗം തര്‍ജമക്കാരനായ എന്നെ ശരിക്കും വിഷമിപ്പിച്ചു. പറയാനുള്ള കാര്യം നേരിട്ട് ജനങ്ങളിലെത്തിക്കുന്ന ശരീരഭാഷ. അതിനപ്പുറം കേള്‍വിക്കാരെയും പ്രസംഗകനെയും ബന്ധിപ്പിക്കുന്ന അജ്ഞേയമായ ഒരാലക്തികതരംഗം. പിന്നെ തര്‍ജമക്കാരന് എന്ത് പ്രസക്തി?

പ്രസംഗം കഴിഞ്ഞശേഷം കോഴിക്കോട്ടേക്ക് മടങ്ങുന്നതിനിടയില്‍ അദ്ദേഹം തികച്ചും അസ്വസ്ഥനായിരുന്നു. "കശ്മീരിലേക്ക് ഒന്ന് ഫോണ്‍ ചെയ്യണം.'' മൊബൈല്‍ ഫോണുകള്‍ പ്രചാരത്തിലെത്തിയിട്ടില്ല. ഏതെങ്കിലും എസ്ടിഡി ബൂത്തില്‍ കയറാനുള്ള ധൈര്യമില്ല. നേരം വൈകിയതുകൊണ്ട് തിരിച്ച് വടകരയിലെ പാര്‍ടി ഓഫീസില്‍ ചെന്ന് ഫോണ്‍ചെയ്ത് മടങ്ങാനുംവയ്യ.

"മുക്കാല്‍ മണിക്കൂറിനകം വീട്ടിലെത്തും. അവിടെ എത്തിയിട്ട് പോരേ?'' ഞങ്ങളുടെ നിസ്സഹായതയോട് രാജിയാവാന്‍ തയ്യാറായ അദ്ദേഹത്തെയും കൂട്ടി കുതിച്ചു വീട്ടിലെത്തി. അപ്പോഴാണ് ബോധ്യമായത് തരിഗാമിയുടെ അസ്വസ്ഥതക്ക് പിറകിലുള്ള കാര്യം. സ്വാതന്ത്ര്യദിനത്തലേന്ന് ഭീകരവാദികള്‍ എന്തെങ്കിലും കുഴപ്പം കുത്തിപ്പൊക്കിയോ എന്നറിയാനുള്ള വേവലാതിയായിരുന്നു അത്. കശ്മീരിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള സഖാക്കളുമായി ബന്ധപ്പെട്ട് കാര്യമായ കുഴപ്പങ്ങളൊന്നും ഇല്ല എന്നറിഞ്ഞശേഷമാണ് അദ്ദേഹത്തിന് ശ്വാസം നേരെവീണത്.

കശ്മീര്‍ അന്നത്തേതിലും ഏറെ മാറിപ്പോയിരിക്കുന്നു. സ്ത്രീകളും കുട്ടികളും നേരിട്ട് സൈനികരുമായി ഏറ്റുമുട്ടുകയാണ്. അന്യവല്‍ക്കരിക്കപ്പെട്ട ഒരു ജനതയായി മാറിത്തീരുകയാണോ മഹാരാജാ ഹരിസിങ്ങിന്റെ പ്രജകളുടെ പിന്മുറക്കാര്‍?

തരിഗാമി പറയുന്നു: "മഹാരാജാ ഹരിസിങ്ങല്ല. ഇന്ത്യന്‍ പട്ടാളമല്ല കശ്മീരിനെ ഇന്ത്യയോട് കൂട്ടിയോജിപ്പിച്ചത്. കശ്മീര്‍ ജനതയുടെ ഇച്ഛാശക്തിയാണ്.''

നാട്ടുരാജ്യങ്ങള്‍ എന്തു നിലപാടെടുക്കണം എന്ന കാര്യത്തില്‍ അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കിക്കൊണ്ട് വിടപറഞ്ഞ ബ്രിട്ടീഷുകാര്‍വെച്ച കെണിയില്‍ വീഴുകയായിരുന്നു കശ്മീര്‍ രാജാവ് ഹരിസിങ്. ഇന്ത്യയില്‍ ചേരാതെ സ്വിറ്റ്സര്‍ലാന്‍ഡിന്റെ മാതൃകയില്‍ സ്വതന്ത്രപദവി നിലനിര്‍ത്താനായിരുന്നു രാജാവിന്റെ മോഹം. മഹാരാജാവിന് പാകിസ്ഥാനോട് ചേരാനാണ് താല്‍പ്പര്യമെങ്കില്‍ അതില്‍ ഇന്ത്യക്ക് എതിര്‍പ്പില്ലെന്ന് സര്‍ദാര്‍ പട്ടേല്‍പോലും സൂചിപ്പിച്ചിരുന്നു. എന്നിട്ടും ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാന്‍ സാഹചര്യമൊരുക്കിയ കശ്മീരിജനത എന്തുകൊണ്ട് ഇങ്ങനെ അന്യവല്‍ക്കരിക്കപ്പെടുന്നു? എന്തായിരുന്നു ആക്രമണങ്ങള്‍ വീണ്ടും പൊട്ടിപ്പുറപ്പെട്ടതിന് പിന്നില്‍?

അനൌപചാരികമായ അഭിമുഖം കാറില്‍നിന്നുതന്നെ തുടങ്ങാനായി തയ്യാറാക്കിയ ആദ്യചോദ്യം അതായിരുന്നു. പക്ഷേ അദ്ദേഹത്തെ സ്വീകരിക്കാനായി കാറില്‍ വിമാനത്താവളത്തിലെത്തിയതോടെ സ്ഥിതിഗതികളാകെ നിയന്ത്രണാതീതമായപോലെ. രണ്ട് ഇടിവണ്ടി നിറയെ പൊലീസുകാര്‍ കാത്തുനില്‍ക്കുന്നു. മലപ്പുറത്തെ ഡിവൈ എഫ്ഐ സഖാക്കള്‍ കൊണ്ടുവന്ന മാലപോലും സുരക്ഷാവിഭാഗം അരിച്ചുപെറുക്കുന്നു. ഞങ്ങളുടെ ഡ്രൈവറുടെ ലൈസന്‍സ് ഒറിജിനല്‍ അല്ല എന്ന് സംശയം തോന്നിയ പൊലീസ് വിമാനത്താവളത്തിന് മുന്നിലൂടെ അയാളെക്കൊണ്ട് ഡ്രൈവിങ് ടെസ്റ്റ് നടത്തിച്ചുകളഞ്ഞു. സ്വാതന്ത്ര്യദിനത്തലേന്നായതുകൊണ്ട് പതിവില്‍ക്കവിഞ്ഞ സുരക്ഷാക്രമീകരണങ്ങള്‍. അതിനിടയിലാണ് സെഡ് പ്ളസ് സുരക്ഷാസംവിധാനമുള്ള ഒരാളുടെ വരവ്. അതീവ ജാഗ്രതയില്‍ കാര്‍-ഇന്‍-ഇന്റര്‍വ്യൂ നടക്കാതെ പോവും എന്നു തോന്നി. നിര്‍ഗമന കവാടത്തില്‍ തരിഗാമി എത്തിയതും മുന്‍ സീറ്റിലിരുന്ന് ക്യാമറ റെഡിയാക്കുകയായിരുന്ന ഫോട്ടോഗ്രാഫറെ തട്ടി പൊലീസുകാര്‍ പറഞ്ഞു. "സീറ്റൊഴിവാക്ക്. മുന്‍സീറ്റ് പിഎസ്ഓവിനുള്ളതാണ്''. രണ്ട് പൈലറ്റ് ജീപ്പുകളിലെ പൊലീസുകാര്‍ കൈയും കാലും കാട്ടി എതിരേവരുന്ന വാഹനങ്ങളെ ആട്ടിയകറ്റുന്നു. അതിനിടയില്‍ അതൊന്നും ശ്രദ്ധിക്കാതെ പൊലീസ് സാന്നിധ്യത്തില്‍ ഒരഭിമുഖത്തിന് തയ്യാര്‍തന്നെ ഈ പോരാളി.

ഇടവേളയിലെ ശാന്തതക്ക് ശേഷം വീണ്ടും കശ്മീര്‍ കലാപഭൂമിയാവുകയാണ്. ആക്രമണങ്ങള്‍ വീണ്ടും പൊട്ടിപ്പുറപ്പെടാന്‍ പെട്ടെന്ന് ഇടയാക്കിയ സംഭവമെന്തായിരുന്നു.?

= ഞങ്ങളുടെ അഭിപ്രായത്തില്‍, ഇത് സാധാരണ ജനങ്ങള്‍ വന്‍തോതില്‍ അന്യവല്‍ക്കരിക്കപ്പെട്ടതിന്റെ പ്രതിഫലനമാണ്. കുറച്ചുവര്‍ഷംമുമ്പ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സമാധാനചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ പറ്റിയ പല നടപടികളും കൈക്കൊണ്ടിരുന്നു. മുസാറഫാബാദ്-ശ്രീനഗര്‍ റോഡും പുഞ്ച്-റാവലക്കോട്ട് റോഡും തുറന്നുകൊടുത്തത് ജനങ്ങള്‍ തമ്മിലുള്ള ബന്ധം വളര്‍ത്താന്‍ സഹായിച്ചു. നിയന്ത്രണരേഖാ പ്രദേശത്ത് വാണിജ്യബന്ധങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് ശ്രമങ്ങള്‍ നടന്നു. സിയാച്ചിന്‍, സര്‍ക്രീക് പ്രദേശങ്ങളില്‍ ചില മുന്‍കൈ പ്രതീക്ഷിച്ചതാണ്. കശ്മീരിനെക്കുറിച്ചുള്ള അവശിഷ്ടപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനെക്കുറിച്ച് ആലോചനകള്‍ നടക്കുകയായിരുന്നു. കേന്ദ്രം മുന്നോട്ടുവെച്ച ഒരു ഓഫര്‍, അതിര്‍ത്തിക്കപ്പുറവും ഇപ്പുറവുമുള്ള വാണിജ്യവും ജനങ്ങളുടെ വരവുപോക്കും ഉറപ്പാക്കാം എന്നുള്ളതായിരുന്നു. പാകിസ്ഥാന്റെ ഭാഗത്തുനിന്നും ചില നീക്കുപോക്കുകള്‍ക്കുള്ള സന്നദ്ധത പ്രകടമായിരുന്നു. ജനറല്‍ മുഷറഫിന്റെ നാലിന ഫോര്‍മുല എന്നറിയപ്പെട്ടിരുന്ന ചില മയപ്പെടുത്തലുകള്‍ ഉദാഹരണം.

അതോടെ കശ്മീര്‍ പ്രദേശത്താകെ പ്രതീക്ഷയുടെ അന്തരീക്ഷമായി. ദൌര്‍ഭാഗ്യവശാല്‍ പാകിസ്ഥാനിലെ ആഭ്യന്തരപ്രശ്നങ്ങളും മുംബൈ ഭീകരാക്രമണവും കാരണം ഇതാകെ തകര്‍ക്കപ്പെട്ടു. സമാധാന ചര്‍ച്ചകള്‍ അപ്പാടെ തകിടം മറിഞ്ഞു.

കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിനായി ശ്രീനഗറില്‍ വിളിച്ചുചേര്‍ത്ത വട്ടമേശസമ്മേളനം ഇന്ത്യയുടെ മുന്‍കൈയില്‍ നടന്നതാണ്. അവിടെ വെച്ച് വിവിധ പ്രവര്‍ത്തകസമിതികള്‍ (working groups) രൂപവല്‍ക്കരിക്കപ്പെട്ടതാണ്. ഇതെല്ലാം പ്രതീക്ഷയുടെ അന്തരീക്ഷമൊരുക്കിയിരുന്നു. പക്ഷേ സമാധാനചര്‍ച്ചകള്‍ തകിടം മറിഞ്ഞു. ആഭ്യന്തരമായി പ്രശ്നപരിഹാരത്തിനുള്ള ഒരു ശ്രമവും ഇല്ലാതായി. ഇതോടെ ജനങ്ങള്‍ വിശേഷിച്ചും യുവാക്കള്‍ നിരാശരായി. പ്രതീക്ഷയില്‍നിന്ന് നിരാശയിലേക്കുള്ള ഒരു വന്‍ പതനം.

ഈ അന്തരീക്ഷത്തില്‍, വന്‍തോതിലുള്ള തൊഴിലില്ലായ്മ പെരുകുമ്പോള്‍, സംസ്ഥാന ഗവണ്‍മെന്റ് പ്രകടിപ്പിച്ച നിഷ്ക്രിയത്വം കടുത്ത രോഷത്തിനിടയാക്കി. ഇപ്പോഴത്തെ കുഴപ്പങ്ങള്‍ക്കുള്ള അടിയന്തര കാരണം നിരപരാധികളായ മൂന്നു ചെറുപ്പക്കാരെ പിടികൂടി ഭീകരവാദികള്‍ എന്ന് മുദ്രകുത്തി കൊലപ്പെടുത്തിയ സംഭവമാണ്. ഈ യുവാക്കള്‍ ഒരു കുറ്റവും ചെയ്തിരുന്നില്ല എന്ന വസ്തുത പുറത്തായതോടെ താഴ്വരയിലാകെ ക്ഷോഭത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞടിച്ചു. ഈ പ്രതിഷേധപ്രകടനങ്ങള്‍ക്കിടെ ശ്രീനഗറില്‍ ഒരു ബാലന്‍ കൊല്ലപ്പെട്ടു. രോഷം അതോടെ പതിന്മടങ്ങ് വര്‍ധിച്ചു. വീണ്ടും പ്രക്ഷോഭങ്ങള്‍, വെടിവെപ്പ്, ആക്രമണത്തിന്റെ തുടര്‍ച്ചകള്‍, ഇതാണ് ഇന്നത്തെ അവസ്ഥയിലെത്തിച്ചത്.

കേന്ദ്ര സര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും ഇതിനോട് രാഷ്ട്രീയമായി പ്രതികരിച്ചില്ല. പകരം അതിരുകടന്ന ഭരണനടപടികളെ ആശ്രയിച്ചു.

പ്രധാനമന്ത്രി ഇതിനുമുമ്പും താഴ്വരയില്‍ സന്ദര്‍ശനം നടത്തിയിരുന്നല്ലോ. പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങളെ അത് ഒട്ടും സഹായിച്ചില്ലെന്നോ?

= ശരിയാണ്, പ്രധാനമന്ത്രി മെയ് മാസത്തില്‍ കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. സിപിഐ എം പ്രതിനിധിസംഘം അദ്ദേഹത്തെ കണ്ടിരുന്നു. ജനങ്ങള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന അസംതൃപ്തിയിലും നിരാശയിലും ഞങ്ങള്‍ക്കുള്ള വേവലാതി അദ്ദേഹത്തെ അറിയിച്ചു. അര്‍ഥപൂര്‍ണമായ ചര്‍ച്ചകള്‍ വിദേശകാര്യ തലത്തിലും ആഭ്യന്തരമായുംനടത്തണം എന്ന കാര്യം ഞങ്ങള്‍അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ജനാധിപത്യപ്രക്രിയക്ക് പുറത്തുള്ളവരുമായിപ്പോലും സംഭാഷണം ആരംഭിക്കണമെന്നാണ് ഞങ്ങള്‍ പ്രധാനമന്ത്രിയോടാവശ്യപ്പെട്ടത്. ജനങ്ങളുടെ വികാരം പ്രധാനമന്ത്രിയെ നന്നായി ധരിപ്പിച്ചിട്ടുണ്ട്. പാകിസ്ഥാനില്‍നിന്നുള്ള പ്രകോപനം എന്തുതന്നെയായാലും ഇന്ത്യക്ക് മുന്നിലുള്ള ഏക പോംവഴി സംഭാഷണപ്രകിയ മാത്രമാണെന്നും ഞങ്ങള്‍ ചൂണ്ടിക്കാട്ടി. ഭീകരവാദികളെയും ആക്രമണം പ്രോത്സാഹിപ്പിക്കുന്നവരെയും ഒറ്റപ്പെടുത്താന്‍ ആവണമെങ്കില്‍ പാകിസ്ഥാനുമായുള്ള കൂടിയാലോചനകള്‍ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. പട്ടാളക്കാര്‍ നിരപരാധികളായ മൂന്നു ചെറുപ്പക്കാരെ കൊന്നുതള്ളി ഭീകരവാദികളാണ് എന്ന് ചിത്രീകരിച്ചതുപോലുള്ള സംഭവങ്ങള്‍ നാടിന് തന്നെ നാണക്കേടാണ്. ആ സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരികയും അവര്‍ ശിക്ഷിക്കപ്പെടുകയും വേണമെന്ന് ഞങ്ങള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കശ്മീരിന് വ്യാവസായികാടിത്തറ ഇല്ലെന്നും അതുകൊണ്ടുതന്നെ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കാനുള്ള സാധ്യതയില്ലെന്നും ഞങ്ങള്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ട് ജമ്മുകശ്മീരിന്റെ സമ്പദ്വ്യവസ്ഥയെ പുനഃസൃഷ്ടിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സത്വരശ്രദ്ധ പതിയണമെന്നും ഞങ്ങളാവശ്യപ്പെട്ടു. പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ക്ക് അര്‍ഥപൂര്‍ണമായ തൊഴില്‍ കിട്ടുമെന്നുറപ്പാക്കുന്ന തരത്തിലുള്ള മുന്‍കൈ കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടാവണം. പക്ഷേ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയും തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടില്ല.

യഥാര്‍ഥത്തില്‍ കശ്മീരിലെ ഇന്നത്തെ കുഴപ്പങ്ങളുടെ വേരുകള്‍സ്വാതന്ത്ര്യസമര ചരിത്രവുമായിത്തന്നെ കെട്ടുപിണഞ്ഞുകിടക്കുകയല്ലേ. അതിനെ എങ്ങനെ നോക്കിക്കാണുന്നു?

= ഇന്ന് കശ്മീരില്‍ നടക്കുന്നത് തീര്‍ച്ചയായും ജീവിക്കണോ മരിക്കണോ എന്നതുമായി ബന്ധപ്പെട്ട പ്രശ്നം തന്നെയാണ്. ദ്വിരാഷ്ട്രവാദത്തിന്റെ പരീക്ഷണഭൂമികൂടിയാണത്. ജിന്ന മുന്നോട്ടുവെച്ച ദ്വിരാഷ്ട്രവാദമാകട്ടെ, വിഭജനകാലത്തെ കൂട്ടക്കുരുതികളുമായി ബന്ധപ്പെട്ടതാണുതാനും. ഈ വാദമനുസരിച്ച് ഹിന്ദുക്കളും മുസ്ളിങ്ങളും തമ്മിലുള്ള വൈരമില്ലാതാകണമെങ്കില്‍, രണ്ടു കൂട്ടര്‍ക്കും വെവ്വേറെ രാജ്യങ്ങള്‍ കിട്ടണം. നേരെമറിച്ച് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം അവകാശപ്പെട്ടതാകട്ടെ എല്ലാ മതവിഭാഗങ്ങളിലുംപെട്ട ജനങ്ങളെ ഉള്‍ക്കൊള്ളാവുന്ന ഒരുമതേതരസമൂഹവും. മതപരമായ വൈജാത്യങ്ങള്‍ ഒരു രാഷ്ട്രീയബാധ്യതയല്ല, മറിച്ച് ഒരു സാംസ്കാരിക ആസ്തിയാണ് എന്നാണ്. ഈ രണ്ടു വാദങ്ങളുടെയും പരീക്ഷണവേദിയായിത്തീര്‍ന്നു കശ്മീര്‍. അതിര്‍ത്തിയെയും വിശ്വാസത്തെയും സംബന്ധിച്ച് പരസ്പരം മത്സരിക്കുന്ന അവകാശവാദങ്ങളാണ് കശ്മീരില്‍ ഉയര്‍ന്നത്.

ഇവിടെ വ്യക്തമായും ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. ഇന്ത്യയുമായി കശ്മീര്‍ സംയോജിച്ചത് ഒരു സവിശേഷ സാഹചര്യത്തിലാണ്. കശ്മീരിനെ വശത്താക്കാന്‍ പാകിസ്ഥാന്‍ എല്ലാ ശ്രമങ്ങളും നടത്തുകയായിരുന്നു. കശ്മീര്‍ രാജാവായ ഹരിസിങ്ങാകട്ടെ ഇന്ത്യയോട് ചേരാന്‍ വിമുഖനായി നില്‍ക്കുകയുമായിരുന്നു. സ്വാതന്ത്യ്രസമരത്തിന്റെ പൊതു മൂല്യങ്ങള്‍ പങ്കുവെക്കുന്നതിലുള്ള പൊതുധാരണയാണ് ഇന്ത്യയുടെ ഇതരവിഭാഗങ്ങളുമായി കശ്മീരിനെ ഒന്നിപ്പിച്ച മുഖ്യഘടകം. ഇന്ത്യയുടെ കാഴ്ചപ്പാടും കശ്മീരിന്റെ കാഴ്ചപ്പാടും ഇക്കാര്യത്തില്‍ ഒന്നായിരുന്നു.

കശ്മീരിന്റെ ഈ പ്രത്യേക സാഹചര്യവും പ്രത്യേക വ്യക്തിത്വവും മനസ്സിലാക്കിക്കൊണ്ടാണ് ഇന്ത്യന്‍ ഭരണഘടനയില്‍ കശ്മീരിന് പ്രത്യേക പദവി നല്‍കിയത്. ഭരണഘടനയുടെ 370-ാം വകുപ്പിനെ ഈയൊരു ദിശയില്‍ വേണം പരിശോധിക്കാന്‍. പക്ഷേ ഈ വകുപ്പിനുണ്ടായ ശോഷണം ഇന്ത്യന്‍ മുഖ്യധാരയില്‍നിന്ന് കശ്മീരിനെ ഏറെ അകറ്റിക്കളഞ്ഞു.

അതൊന്നുകൂടി വിശദീകരിക്കാമോ?

=1953ല്‍ ഷെയ്ക് അബ്ദുള്ളയുടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ഇന്ത്യാഗവണ്‍മെന്റ് പുറത്താക്കി. ഭരണഘടനയുടെ 370-ാം വകുപ്പിന്റെ ലംഘനമായിരുന്നു അത്. ഷെയ്ക് അബ്ദുള്ളയെ ദീര്‍ഘകാലം തടവിലടയ്ക്കുകയും ചെയ്തു. പിന്നീട് തെരഞ്ഞെടുപ്പില്‍ കൃത്രിമംകാട്ടി ജനാധിപത്യത്തെത്തന്നെ കശാപ്പ്ചെയ്തു. സംസ്ഥാന അസംബ്ളിയുടെ പ്രത്യേകാധികാരങ്ങളും അവകാശങ്ങളും കവര്‍ന്നെടുത്തത് നിരാശയിലേക്കും മോഹഭംഗത്തിലേക്കും നയിച്ചു എന്നതാണ് വാസ്തവം.

ഇന്നിപ്പോള്‍ കശ്മീരി ജനതയുടെ മനസ്സില്‍ അവിശ്വാസം വന്‍തോതില്‍ പടര്‍ന്നുകയറിയിരിക്കുന്നു. അഥവാ അവിശ്വാസം കശ്മീരി മനസ്സിനെ കീഴ്പ്പെടുത്തിയിരിക്കുന്നു. ഈയൊരവസ്ഥയെയാണ് വിഘടനവാദികളും മുസ്ളിം മൌലികവാദികളും മുതലെടുക്കുന്നത്. അതുവഴി കശ്മീരിനെ ഇന്ത്യയില്‍നിന്ന് പിഴുതെടുക്കാനാണ് അവര്‍ ശ്രമിക്കുന്നത്. മറുഭാഗത്ത് ഹിന്ദുവര്‍ഗീയവാദികളാകട്ടെ, ഈ അവസരം മുതലെടുത്ത് ഇന്ത്യന്‍ ജനതയുടെ കലര്‍പ്പറ്റ ജനാധിപത്യപരമായ അഭിലാഷങ്ങളെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്.

വര്‍ഗീയവാദികളും സാമ്രാജ്യത്വശക്തികളും ഇങ്ങനെ കൊത്തിവലിക്കുന്ന കശ്മീരിന് പിന്നെ എന്താണൊരു രക്ഷാമാര്‍ഗം?

= ആവര്‍ത്തിച്ചുള്ള ഹിംസയും ഭീകരതയും മറുഭീകരതയും ചേര്‍ന്ന് കഴിഞ്ഞ ഇരുപത് വര്‍ഷക്കാലമായി കശ്മീരി ജനതയുടെ ജീവിതത്തിനുമേല്‍ ഏറെ വിനാശമാണ് വിതച്ചത്. കശ്മീരിന്റെ മഹത്തായ സാമുദായിക സൌഹാര്‍ദ പാരമ്പര്യത്തെ തകര്‍ത്തെറിയാനും അതിന് കഴിഞ്ഞു. ആട്ടിയോടിക്കപ്പെട്ട മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും, വിശേഷിച്ച് കശ്മീരി പണ്ഡിറ്റുകള്‍ക്ക് സുരക്ഷിതവും മാന്യവുമായ ഒരു തിരിച്ചുവരവിന് പറ്റിയ അന്തരീക്ഷം സൃഷ്ടിക്കപ്പെടാത്തിടത്തോളം കശ്മീരി വ്യക്തിത്വത്തിന്റെ ജീവന്‍ നിലനില്‍ക്കില്ല.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മാറ്റുരച്ചുനോക്കുന്ന പരീക്ഷണവേദിയായി മാറുകയാണ് കശ്മീര്‍. പക്ഷേ ദൌര്‍ഭാഗ്യവശാല്‍ കശ്മീരിന്റെ ഹൃദയവും മനസ്സും കീഴടക്കാവുന്ന വിധത്തിലുള്ള മുന്‍കൈ എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. അതിര്‍ത്തി സംബന്ധിച്ചുള്ള പ്രശ്നങ്ങളുടെ പരിഹാരത്തിനപ്പുറം, കശ്മീരിലെ ജനങ്ങളും ഇന്ത്യന്‍ ഭരണകൂടവും തമ്മിലുള്ള വര്‍ധിച്ചുകൊണ്ടേയിരിക്കുന്ന വിടവ് എങ്ങനെ കുറച്ചുകൊണ്ടുവരാനാവും എന്നതാണ് ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് മുന്നിലുള്ള അടിസ്ഥാനപരമായ വെല്ലുവിളി. ഞങ്ങളുടെ അഭിപ്രായത്തില്‍, പാകിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നതോടൊപ്പം കശ്മീര്‍ സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളുടെ അഭിപ്രായഗതികളുമായി യോജിപ്പുണ്ടാക്കുന്നതുമായിരിക്കണം ആ ദിശയിലുള്ള പ്രഥമ നീക്കം.

ശരിയായ പ്രശ്നപരിഹാരത്തിനായി ഇത്തരം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്ന താങ്കളുടെ പാര്‍ടിയുടെ യശസ്സ് വര്‍ധിക്കുന്നുവെന്നത് നേരുതന്നെ. ഇക്കഴിഞ്ഞ ആഗസ്ത് 10 ന് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ടികളുടെ യോഗത്തില്‍ പ്രസംഗം നിര്‍ത്തിയ ഉടനെ അദ്ദേഹം താങ്കളുടെ അഭിപ്രായം എന്തെന്നറിയാന്‍ പ്രത്യേക താല്പര്യമെടുത്തതും ആദ്യം സംസാരിക്കാന്‍ ക്ഷണിച്ചതും രാജ്യം മുഴുവന്‍ ടി വിയിലൂടെ കണ്ടു. പക്ഷേ എത്രയ്ക്കുണ്ട് കശ്മീരില്‍ താങ്കളുടെ പാര്‍ടിയുടെ സ്വാധീനം?

= ഞങ്ങള്‍ ഒരു വലിയ ശക്തിയല്ല. ചെറിയൊരു പാര്‍ടിയാണ് ഞങ്ങളുടേത്. പക്ഷേ ഞങ്ങള്‍ പതറാതെ, മുട്ടുമടക്കാതെ നില്‍ക്കുന്നു. കശ്മീര്‍ ജനതയുടെ ദുരിതങ്ങളില്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നവരാണ് എന്ന് ഞങ്ങള്‍ സ്വയം തിരിച്ചറിയുന്നു. മറ്റു പല കക്ഷികളും അപ്രസക്തമാവുമ്പോള്‍, ഞങ്ങള്‍ക്ക് അല്പമെങ്കിലും ഇടം കിട്ടുന്നത് സഖാക്കളുടെ അശ്രാന്തപരിശ്രമത്തിന്റെ ഭാഗമായാണ്. ജനങ്ങളുമായി അവര്‍ക്കുള്ള അടുത്തബന്ധം കാരണമാണ്. അത്തരം സുദൃഢബന്ധങ്ങള്‍ ഇല്ലെങ്കില്‍, ശത്രുവിന്റെ വിജയം സുനിശ്ചിതമാണ്.

പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിന്റെ കാര്യമാണെങ്കില്‍ അദ്ദേഹം നടത്തിയ അവതരണത്തില്‍ അടിയന്തരശ്രദ്ധ പതിയേണ്ട കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചശേഷം എന്നോട് സംസാരിക്കാന്‍ പറയുകയാണുണ്ടായത്. ഈ യോഗത്തില്‍ കാശ്മീരിന്റെ സ്വയംഭരണകാര്യത്തില്‍ ഹുറിയത് കോണ്‍ഫ്രന്‍സും ബിജെപിയും കൈക്കൊണ്ട നിലപാടുകളില്‍ സമാനതകളുണ്ടായിരുന്നു. കാശ്മീരിന് സ്വയംഭരണം ആവശ്യമില്ലെന്ന സമീപനമാണ് ഇരുവിഭാഗത്തില്‍പ്പെട്ട മൌലികവാദികള്‍ക്കും.

സ്വയംഭരണാവകാശമെന്നത് മന്‍മോഹന്‍സിങ്ങിന്റെ പുതിയ കണ്ടുപിടുത്തമല്ല. 2000ല്‍ ജമ്മു കശ്മീര്‍ അസംബ്ളയില്‍ പാസാക്കി അന്നത്തെ എന്‍ഡിഎ സര്‍ക്കാരിന് അയച്ചുകൊടുത്ത പ്രമേയത്തിലെ ആവശ്യമായിരുന്നു അത്. വാജ്പേയി അത് കണ്ടില്ലെന്ന് നടിച്ചു. സ്വയംഭരണാവകാശം നിഷേധിക്കുന്നു എന്നതിനര്‍ഥം ഭരണഘടനയുടെ 370-ാം വകുപ്പിനെ നിഷേധിക്കുന്നു എന്നതാണ്. ജമ്മു കശ്മീരിനെ ഇന്ത്യന്‍ യൂണിയനുമായി ബന്ധിപ്പിക്കുന്ന കണ്ണിയെത്തന്നെ നിരാകരിക്കുന്ന എന്നാണര്‍ഥം.

വാസ്തവത്തില്‍ സ്വയംഭരണാവകാശം ആരെങ്കിലും വച്ചുനീട്ടുന്ന ഔദാര്യമല്ല. ഇന്ത്യന്‍ ഭരണഘടന കശ്മീരിനനുവദിച്ച പ്രത്യേകപദവി വഴി വന്നുചേരുന്ന അവകാശമാണത്. കശ്മീര്‍ രാജ്യം ഇന്ത്യയുമായി കൂടിച്ചേരുന്നതിനുള്ള മുന്നുപാധിയായിരുന്നു അത്. കഴിഞ്ഞ കാലങ്ങളില്‍ തെറ്റായി, ഭരണഘടനാവിരുദ്ധമായി ജനാധിപത്യവിരുദ്ധമായി 370-ാം വകുപ്പിനെ ദുര്‍ബലപ്പെടുത്തുകയായിരുന്നു. അത് പുനഃസ്ഥാപിക്കണമെന്നാണ് ജമ്മു കശ്മീര്‍ അസംബ്ളി പത്തുകൊല്ലം മുമ്പ് ആവശ്യപ്പെട്ടത്. അതിനോടിണങ്ങുന്ന സമീപനമായിരുന്നു മന്‍മോഹന്‍സിങ്ങിന്റെ പ്രഖ്യാപനത്തില്‍. ദൌര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ നിന്ന് വിഘടിച്ചുപോവാന്‍ ശ്രമിക്കുന്ന ശക്തികളും അഖണ്ഡഭാരതത്തെപ്പറ്റി വാചകമടിക്കുന്ന ബിജെപിയും ഒരേപോലെ സ്വയംഭരണാവകാശത്തെ എതിര്‍ക്കുകയാണ്. രണ്ടു കൂട്ടരും ജനാഭിലാഷമല്ല, സമുദായ താല്‍പര്യമാണ് പ്രതിഫലിപ്പിക്കുന്നത്.

സിപിഐ എം നിലപാടുകളുടെ പ്രായോഗികത പ്രധാനമന്ത്രിപോലും അംഗീകരിക്കുന്നതിനു പിന്നിലുള്ള പ്രധാനകാര്യം ജനങ്ങള്‍ക്കിടയില്‍ ക്ഷമാപൂര്‍വം പ്രവര്‍ത്തിച്ചുകൊണ്ട് അവരുടെ കണ്ണീരൊപ്പാനുള്ള ആത്മാര്‍ഥശ്രമം നടത്തുന്ന കക്ഷിയാണ് താങ്കളുടേത് എന്ന തിരിച്ചറിവാണല്ലോ. അത്തരമൊരു പാര്‍ടിക്ക് നേതൃത്വം നല്‍കുന്നതിനിടയില്‍ അനേകതവണ താങ്കള്‍ ശത്രുക്കളുടെ ആക്രമണ ലക്ഷ്യമായിരുന്നു. വ്യക്തിപരമായ ചില അനുഭവങ്ങള്‍കൂടി പങ്കുവയ്ക്കാമോ?

= പാര്‍ടി ഉയര്‍ത്തിപ്പിടിക്കുന്ന മഹത്തായ ലക്ഷ്യപ്രാപ്തിക്കായി വേണ്ടത്ര ചുമതലകള്‍ നിര്‍വഹിക്കാന്‍ എനിക്കായിട്ടില്ല എന്നുതന്നെയാണ് എന്റെ തോന്നല്‍. ഇന്നത്തെ സാഹചര്യം ഏറെ വിഷമകരമാണ്. അനേകം സഖാക്കള്‍ക്ക് അവരുടെ ജീവന്‍തന്നെ ബലിയര്‍പ്പിക്കേണ്ടിവന്നിട്ടുണ്ട്. എത്രമേല്‍ കടുത്ത സമ്മര്‍ദങ്ങള്‍ നേരിടേണ്ടിവന്നാലും, ഞങ്ങളുടെ ചുമതലകള്‍ നിറവേറ്റാന്‍ ആവുംവിധം ഞങ്ങള്‍ ശ്രമിച്ചുപോന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യക്തിപരമായി എന്റെ സംഭാവന വേണ്ടത്ര ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്.

ശരിയായിരിക്കാം, പക്ഷേ പ്രസ്ഥാനത്തിന്റെ ഭാഗമായി ചുമതലകള്‍ നിറവേറ്റുന്നതിനിടയില്‍ നേരിടേണ്ടിവന്ന വ്യക്തിപരമായ ആക്രമണങ്ങളെക്കുറിച്ച് വായനക്കാര്‍ അറിയേണ്ടതുണ്ട് എന്നു തോന്നുന്നു. എണ്ണമറ്റ ആക്രമണങ്ങള്‍ താങ്കള്‍ക്കുനേരെ ഉണ്ടായിട്ടുണ്ട് എന്നറിയാം. ചുരുക്കിപ്പറയാമോ?

= 89ല്‍തന്നെ എനിക്ക് അഭയാര്‍ഥിയായി ജമ്മുവിലേക്ക് കുടിയേറേണ്ടിവന്നിട്ടുണ്ട്. ജമ്മുവിലേക്കുള്ള ആദ്യ കുടിയേറ്റക്കാരന്‍ ഞാനാണ് എന്നു തോന്നുന്നു. ഒരിക്കല്‍ രോഗബാധിതനായി ഗ്രാമത്തിലെ വീട്ടില്‍ കഴിയുമ്പോള്‍, തീവ്രവാദികള്‍ വീടുവളഞ്ഞു. അവര്‍ക്ക് വേണ്ടത് എന്റെ ജീവനായിരുന്നു. പക്ഷേ അവരെ വിജയിക്കാന്‍ അനുവദിച്ചുകൂടല്ലോ.

1996ലെ തെരഞ്ഞെടുപ്പില്‍ കുല്‍ഗാമില്‍നിന്ന് ഞാന്‍ ജയിച്ചപ്പോള്‍ നടന്ന റാലിക്കുനേരെ ഗ്രനേഡ് ആക്രമണമാണ് എതിരാളികള്‍ നടത്തിയത്. എട്ടുപേര്‍ സംഭവസ്ഥലത്ത് മരിച്ചുവീണു. ഡസന്‍കണക്കിന് സഖാക്കള്‍ക്ക് പരിക്കേറ്റു. എന്റെ തൊട്ടടുത്ത സീറ്റിലിരുന്ന സ്ത്രീയും കൊല്ലപ്പെട്ടു. എന്നിട്ടും ഞാന്‍ അതിജീവിച്ചു.

2005ലെ ഭീകരാക്രമണം ഒരു ചാവേറിന്റെതായിരുന്നു. എന്റെ സെക്യൂരിറ്റി ഓഫീസര്‍ കൊല്ലപ്പെട്ടു. ഒരു മന്ത്രിക്കും ജീവന്‍ നഷ്ടപ്പെട്ടു. യഥാര്‍ഥത്തില്‍ എന്നെയും കുടുംബത്തെയും വകവരുത്താനായിരുന്നു ആക്രമണം എന്നാണ് അന്വേഷണക്കമീഷന്‍ കണ്ടെത്തിയത്. എന്റെ ഭാര്യാപിതാവ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു -ഇളയ സഹോദരനും. അതിക്രമത്തിനും നാനാതരത്തിലുള്ള ആക്രമണത്തിനും എതിരായി നില്‍ക്കുന്നതുകൊണ്ടാണ് അവര്‍ ഞങ്ങള്‍ക്കുനേരെ തിരിയുന്നത്.

പക്ഷേ ഒന്ന് ഞങ്ങള്‍ക്ക് പറയാനാവും. കശ്മീര്‍ ജനത കൂടുതല്‍ നീതി അര്‍ഹിക്കുന്നുവെങ്കിലും ആക്രമണങ്ങളെ ആശ്രയിക്കുന്നത് വിഫലം മാത്രമല്ല, വിനാശകരം കൂടിയായിരിക്കും. കശ്മീര്‍ പ്രശ്നത്തെ വെറുമൊരു ക്രമസമാധാന പ്രശ്നമായി കണ്ടുകൂടാ എന്നതാണ് ഞങ്ങളുടെ പാര്‍ടിയുടെ വിലയിരുത്തല്‍. പ്രാദേശികമായ നേട്ടങ്ങള്‍ക്കായി അതിനെ ഉപയോഗപ്പെടുത്തുകയുമരുത്. കശ്മീര്‍ പ്രശ്നം മൌലികമായി ഒരു വന്‍ മാനുഷിക ദുരന്തമാണ്.

ഈ കണ്ണീര്‍ക്കയങ്ങളില്‍ നിന്നുള്ള മോചനത്തിനായി മുന്നോട്ടുവയ്ക്കാനുള്ള നിര്‍ദേശങ്ങള്‍?

= നമ്മുടെ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ പൂര്‍ത്തീകരിക്കപ്പെടാത്ത ലക്ഷ്യങ്ങളിലൊന്നായി അവശേഷിക്കുകയാണ് ഈ ഉപഭൂഖണ്ഡത്തിലെ സമാധാനം. ഇന്നത്തെ വര്‍ത്തമാനകാല സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍, നമ്മുടെ വിഭവങ്ങളാകെ പാഴാക്കപ്പെടുകയാണ്- ആയുധങ്ങള്‍ക്കും വെടിക്കോപ്പുകള്‍ക്കുമായി. പക്ഷേ സത്വരശ്രദ്ധ പതിയേണ്ട മേഖലകള്‍ ജനങ്ങളെയാകെ ബാധിക്കുന്ന പട്ടിണി, വിലക്കയറ്റം, തൊഴിലില്ലായ്മ, അനാരോഗ്യം എന്നിവയാണ്. ഈ പ്രശ്നങ്ങളാകട്ടെ, ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോവുകയുമാണ്.

മാത്രവുമല്ല, പാകിസ്ഥാനുമായുള്ള സംഘര്‍ഷം തുടരുന്നത് ഒഴിവാക്കാനാവാത്ത സാമ്രാജ്യത്വ ഇടപെടലിലേക്കാണ് നയിക്കുക. ഈ പ്രതിസന്ധി കാരണമാണ് പാകിസ്ഥാന് അമേരിക്കയില്‍നിന്ന് വന്‍ സൌജന്യങ്ങള്‍ ലഭിക്കുന്നത്. ഇന്ത്യയെയും അതേ ചതിക്കുഴിയിലേക്ക് നയിക്കുവാന്‍ അമേരിക്കക്ക് കഴിയുന്നതും. അതുകൊണ്ടുതന്നെ കശ്മീര്‍ പ്രശ്നത്തെ ഒറ്റതിരിച്ചു കാണാനാവില്ല. അതിനെ ഒരു പ്രാദേശിക പ്രശ്നമായി നോക്കിക്കാണാനുമാവില്ല. അതിന് ദൂരവ്യാപകമായ വിവക്ഷകളുണ്ട്. മതനിരപേക്ഷ ജനാധിപത്യത്തിന് വിജയിക്കാന്‍ ആവണമെങ്കില്‍, ജനങ്ങളുടെ മനസ്സും ഹൃദയവും കവരുന്ന തരത്തിലുള്ള മുന്‍കൈ ഉണ്ടാവേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള പരിശ്രമത്തിലാണ് ചെറുതെങ്കിലും പതറാതെ പൊരുതുന്ന സിപിഐ എം.

*
എ കെ രമേശ് കടപ്പാട്: ദേശാഭിമാനി വാരിക 04-09-2010

Monday, July 19, 2010

Lifting the Veil

The statement of Nicholas Sarcozy that Burqa is not welcome in France, that it is a symbol of oppression and not of religion has raised serious debate all over. It is France again where five years ago the display of religious markers, head scarf, Sikh turban, and Jewish skull cap in schools was banned. Public servants cannot use the same in place of work.

France as a secular state has adopted a particular version of this policy. France has been setting example for some of the countries in this imposing type of secularism, like Turkey. It has another dimension and that is large number of poor Muslims coming here are from its old colonies who live in very abysmal conditions. One recalls a large section of these immigrant Muslim population lives in suburbs, poor localities in economic deprivation.
A couple of years ago right here some Muslim youth began a series of violent acts out of frustration due to unemployment and poverty. The cultural economic differences between these sections are very wide and urban affluent ones’ are very gross.

How is secularism to be implemented? One way is that social situations are transformed and the hold of feudal elements is done away with and state encourages the society to adopt the norms of social and gender equality. And with this, the symbols of gender inequalities start receding in the face of changing social situation. There is no uniform pattern in this. Even after the democratic regimes come to being formally, many an old norms take time to vanish. Surely there are some of these which have to be done away by strong legislation. In India during freedom movement forcible prevention of Sati, burning of wife after husbands’ death, had to be resorted through
legislation.

Burqa has not been the mandatory part of Koranic teachings. Here the emphasis is on dressing modestly. In earlier societies and other societies also, different dress codes have imposed on and also adopted by women, some as honor and more of them to impose controls on them. Dr. Zeenat Shaukat Ali, a noted Islamic scholar points out that long before the advent of Islam, veiling and seclusion appear to have existed in Hellinitic*-*Byzantine era, and also amongst Sassanians of Persia. In ancient Mesopotamia veil of women was regarded as sign of respectability and status.

During feudal times, the patriarchal norms were operated in the society through the institution of religion. With persistence of patriarchy the women were made to wear the identity markers in different cultures and societies. Stronger the patriarchal norms, stronger the social presence of clergy, stronger is the imposition of identity markers. These may be Ghunghat, (India) head scarf in different cultures and burqa amongst Muslims. From the beginning of twentieth century, the status of women started improving slightly and women started coming to social space. By 1980s in many a Muslim majority countries also women came to their own and prevalence of burqa came down, and at places totally done away with. The situation started worsening with the Global War on terror at world level and with communal violence in India intensifying.

With so called ‘war on terror’ the intimidation of Muslim communities’ world over started worsening. With this orthodox and conservative sects in Islam came to fore. Fundamentalist tendencies like Taliban propped up at places and worsened the situation by giving sense-less fatwa’s and dictates. Taliban imposed the norms in most inhuman way. The sense of insecurity in the wake of war, invasion of Afghanistan and then Iraq increased the sense of insecurity and the consequent hold of conservative sections, who generally impose such restrictive norms on women increased. Still in many a countries, where the women enjoyed a safe and secure social condition, the use of burqa came down. If we have a look at global scene we will find great amount of diversity in this matter. Broadly one can say, more the insecurity, more the hold of orthodoxy more the burqa.

In India one can see a great diversity in the use of the same. In Kerala it was not much in use and in Kashmir it was practically absent. In Kerala its use started going up with the rising communal violence of the decade of 1980s and with the rising influence of Wahabi Islam through those taking up jobs in Gulf region. In Kashmir the rise of militancy after 1990, the communalization of the Kashmir issue, led to rise of conservative sections who wanted to impose the veil, but Kashmiri women held there ground and resisted the same.

Also lot of misconceptions have been constructed around Islam, Burqa and local traditions. Recently India’s President, Mrs. Pratibha Patil stated that the Ghunghat in Rajasthan has been introduced due to the fear of Muslim kings, to protect women from their atrocities. One can ask those arguing on these lines, how did Sati come into being? Can hiding the face protect women or make them more vulnerable to atrocities? Sati, Ghunghat etc, have been more a mark of patriarchal values than due to the impact of Muslim Kings.Even today Ghunghat persists not because of the fear of Muslims but the strong hold of patriarchal values. The occasional cases of Sati also fall in that category. Bal Thackeray of Shiv Sena came for a strong praise of Sarcozy for his stand on Burqa. The same Shiv Sena has been intimidating girls on Valentine day off and on and giving the fatwa that girls should not wear Jeans. What a case of crass double standards!

The social and political situation leads to the social psychology and individual psychology of women is shaped around that. Men have held the sway in dictating such norms, and social situation is created where women internalize these norms. The Sufi tradition of Islam was not for the use of burqa. There are two essential points which the rulers have to keep in mind. One is that the very basis of democracy is freedom and liberal space.

The countries like Saudi Arabia impose burqa. The countries like France want to do away with the same through a dictat. What is the difference? Secondly the point today is to see that globally and within the nation states the minorities are given the feeling of security, they are provided with situations leading to equity. These will ensure that the identity issues will take the back seat. Today the communities where security is the issue, equity is eluding the community, identity becomes the major rallying point. Just the statement about identity markers, without changing the social situation leading to such phenomenon is a hollow move.

*****

Ram Puniyani