Sunday, August 12, 2012

ദി.മെഡോ : ചുടുരക്തം ഒഴുകിയ സ്വര്‍ഗം

"ആരുടെ യുദ്ധമാണ് കശ്മീരില്‍ നടക്കുന്നത്...?""- അസ്വസ്ഥപ്പെടുത്തുന്ന ഈ ചോദ്യമാണ് "ദി ഗാര്‍ഡിയനി"ലെ സീനിയര്‍ കറസ്പോണ്ടന്റുമാരായ അഡ്രിയാന്‍ ലെവിയും കാത്തി സ്കോട്ട് ക്ലാര്‍ക്കും എഴുതിയ "ദി മെഡോ-വേര്‍ ദി ടെറര്‍ ബിഗാന്‍" എന്ന പുസ്തകം ഉയര്‍ത്തിയത്. അഞ്ഞൂറിലധികം പേജുള്ള ഈ പുസ്തകം വായിക്കാന്‍ കൈയിലെടുത്താല്‍ അവസാനപേജും വായിച്ചുതീര്‍ത്തേ നിങ്ങള്‍ താഴെ വയ്ക്കുകയുള്ളൂവെന്ന് ഞാന്‍ ഉറപ്പുതരാം.

"ഒറ്റ ഇരുപ്പിന് വായിച്ച് തീര്‍ക്കാവുന്ന പുസ്തകം" എന്ന പ്രയോഗം "ദി മെഡോ" എന്ന അന്വേഷണ പുസ്തകത്തിന് എന്തുകൊണ്ടും ഇണങ്ങും. 1995ല്‍ കശ്മീരിലെ മഞ്ഞുമൂടിയ താഴ്വരയില്‍നിന്ന് ആറ് വിദേശികളെ ജിഹാദികള്‍ തട്ടിക്കൊണ്ടുപോകുന്നതോടെയാണ് ത്രസിപ്പിക്കുന്ന അനുഭവകഥകള്‍ തുടങ്ങുന്നത്. ജിഹാദികളുടെ തലവനും "ജെയ്ഷെ ഇ മുഹമ്മദ്" ഭീകരസംഘടനയുടെ സ്ഥാപകനുമായ മൗലാനാ മസൂദ് അസറിനെ വിട്ടുകൊടുത്താല്‍ വിദേശികളെ മോചിപ്പിക്കാമെന്ന വ്യവസ്ഥയാണ് ഭീകരര്‍ മുന്നോട്ടുവച്ചത്. അനുരഞ്ജന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഭീകരര്‍ നോര്‍വേക്കാരന്‍ ഹാന്‍സ് ക്രിസ്ത്യന്‍ ഓസ്ട്രോയുടെ തല വെട്ടി (ഓസ്ട്രോ കേരളത്തില്‍ ശ്രീകൃഷ്ണപുരത്ത് താമസിച്ച് കഥകളി പഠിച്ചിട്ടുണ്ട്). എന്നാല്‍, അമേരിക്കക്കാരന്‍ ഡോണ്‍ ഹച്ചിങ്സ് ജിഹാദികളുടെ പിടിയില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. അനുരഞ്ജന ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്ത പൊലീസ് മേധാവിയോട് മസൂദ് അസറിനെ വിട്ടുകൊടുത്തില്ലെങ്കിലും സാരമില്ല, പകരം ഒന്നരക്കോടി രൂപ നല്‍കിയാല്‍ മതിയെന്ന് ഭീകരര്‍ ആവശ്യപ്പെടുന്നു. എന്നാല്‍, ഈ രഹസ്യധാരണ ആരോ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുന്നു. ഇതോടെ അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെടുന്നു. നാല് വിദേശികള്‍ കൊല്ലപ്പെട്ടോ ജീവിച്ചിരിപ്പുണ്ടോ എന്ന സംശയംമാത്രമാണ് ഇന്നും അവശേഷിക്കുന്നത്.
1999ല്‍ ഇന്ത്യന്‍ വിമാനം കാണ്ടഹാറിലേക്ക് റാഞ്ചിയ ഭീകരര്‍ മസൂദ് അസര്‍ ഉള്‍പ്പെടെ രണ്ടു ഭീകരരെ മോചിപ്പിക്കുന്നതില്‍ വിജയിച്ചു. ബിന്‍ലാദനെ വധിച്ചതോടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ കഴിഞ്ഞെന്ന് വിശ്വസിച്ചവരോട് മസൂദിനെപ്പോലെയുള്ള ഭീകരര്‍ ഇപ്പോഴും സ്വതന്ത്രരായി വിഹരിക്കുമ്പോള്‍ അങ്ങനെ വിശ്വസിക്കുന്നത് മഠയത്തരമാണെന്ന് എഴുത്തുകാര്‍ പറയുന്നു. ഇന്ത്യന്‍ ഭരണനേതൃത്വം അല്‍പ്പം ഇച്ഛാശക്തി കാണിച്ചിരുന്നെങ്കില്‍ ആറു വിദേശികള്‍ക്ക് ജീവന്‍ നഷ്ടമാകില്ലായിരുന്നെന്ന സത്യത്തിനും പുസ്തകം അടിവരയിടുന്നു. നൂറുകണക്കിന് അഭിമുഖങ്ങള്‍ നടത്തിയും രേഖകള്‍ പരിശോധിച്ചുമാണ് ലെവിയും ക്ലാര്‍ക്കും ഈ പുസ്തകം എഴുതിയിരിക്കുന്നത്. ആരെയും പിടിച്ചുലയ്ക്കുന്ന വായനാനുഭവമാണിത്. "മെഡോ" എന്നാല്‍ പുല്‍മേടെന്നാണ് അര്‍ഥം. നിരപരാധികളുടെ ചുടുരക്തം സ്വര്‍ഗതുല്യമായ കശ്മീര്‍ പുല്‍മേട്ടില്‍ ഒഴുകിയ ദിനങ്ങളാണ് ഈ പുസ്തകത്തില്‍ നിറയുന്നത്. മുംബൈ ചേരികളുടെ യഥാര്‍ഥ ചിത്രം വരച്ചിടുന്ന കാതറീന്‍ ബൂയുടെ "ബിഹൈന്‍ഡ് ദി ബ്യൂട്ടിഫുള്‍ ഫോര്‍എവേഴ്സ്" , ഫ്രെഡറിക് എംഗല്‍സിന്റെ "കണ്ടീഷന്‍ ഓഫ് ഇംഗ്ലീഷ് വര്‍ക്കിങ് ക്ലാസ് ഇന്‍ ഇംഗ്ലണ്ട് ഇന്‍ 1844" , ജോര്‍ജ് ഓര്‍വെലിന്റെ "റോഡ് ടു വിഗാന്‍ പിയര്‍" എന്നീ പുസ്തകങ്ങളാണ് "ദി മെഡോ"യ്ക്കുമുമ്പ് വായിച്ചത്. മൂന്ന് വ്യത്യസ്ത കാലഘട്ടത്തില്‍ ദാരിദ്ര്യത്തിന്റെയും മനുഷ്യാവസ്ഥകളുടെയും ചിത്രങ്ങള്‍ വരച്ചിട്ട കൃതികള്‍ എന്ന നിലയ്ക്കാണ് ഈ പുസ്തകങ്ങള്‍ എന്നെ ആകര്‍ഷിച്ചത്. മലയാളത്തില്‍ ഇ സന്തോഷ്കുമാറിന്റെ പുതിയ നോവല്‍ "അന്ധകാരനഴി" മികച്ച വായനാനുഭവമായി. ബന്യാമിന്റെ ആടുജീവിതത്തിന്റെ ഇംഗ്ലീഷ് പരിഭാഷ "ദി ഗോട്ട് ഡേയ്സ്" എന്ന പുസ്തകവും എന്നെ ആകര്‍ഷിച്ചു. ഇ-റീഡര്‍ മുഖേനയാണ് ഇപ്പോള്‍ വായന അധികവും. തടിച്ച പുസ്തകങ്ങള്‍ കൈയില്‍ പിടിച്ച് വായിക്കാനുള്ള പ്രയാസം ഇ-വായന മുഖേന ഇല്ലാതായി. ഔദ്യോഗികമായ തിരക്കുകള്‍ എല്ലാം തീര്‍ത്ത് രാത്രിയിലാണ് വായന. സെപ്തംബര്‍മുതല്‍ പുതിയ നോവല്‍ എഴുതണമെന്ന ആഗ്രഹവുമുണ്ട്.

*
എന്‍ എസ് മാധവന്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 12 ആഗസ്റ്റ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

"ആരുടെ യുദ്ധമാണ് കശ്മീരില്‍ നടക്കുന്നത്...?""- അസ്വസ്ഥപ്പെടുത്തുന്ന ഈ ചോദ്യമാണ് "ദി ഗാര്‍ഡിയനി"ലെ സീനിയര്‍ കറസ്പോണ്ടന്റുമാരായ അഡ്രിയാന്‍ ലെവിയും കാത്തി സ്കോട്ട് ക്ലാര്‍ക്കും എഴുതിയ "ദി മെഡോ-വേര്‍ ദി ടെറര്‍ ബിഗാന്‍" എന്ന പുസ്തകം ഉയര്‍ത്തിയത്. അഞ്ഞൂറിലധികം പേജുള്ള ഈ പുസ്തകം വായിക്കാന്‍ കൈയിലെടുത്താല്‍ അവസാനപേജും വായിച്ചുതീര്‍ത്തേ നിങ്ങള്‍ താഴെ വയ്ക്കുകയുള്ളൂവെന്ന് ഞാന്‍ ഉറപ്പുതരാം.