Tuesday, August 7, 2012

വെട്ടുവഴികളിലെ വേട്ടക്കാര്‍

മരണം ദുഃഖകരമാണ്. കൊലപാതകമാകുമ്പോള്‍ പ്രതിഷേധകരവുമാകും. ആയുധങ്ങള്‍കൊണ്ട് ആശയങ്ങളെ തിരുത്താനോ അവസാനിപ്പിക്കാനോ ആകില്ല. 1960കളുടെ അവസാനത്തിലും "70കളുടെ തുടക്കത്തിലും നടപ്പാക്കാന്‍ ശ്രമിച്ച ഉന്മൂലനസിദ്ധാന്തത്തിന്റെ പ്രയോഗത്തെ കേരളസമൂഹം നിഷ്കരുണം നിരാകരിച്ചു. ഭരണാധികാരികളുടെ നടപടികളല്ല, നരഹത്യക്കെതിരെയുള്ള പൊതുബോധത്തെ സൃഷ്ടിക്കാന്‍ പുരോഗമനപ്രസ്ഥാനങ്ങള്‍ നടത്തിയ ക്രിയാത്മക ഇടപെടലാണ് വഴിപിഴച്ച ആശയങ്ങള്‍ക്ക് അന്ത്യംകുറിച്ചത്. പരിഷ്കൃതസമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്ന കൃത്യമല്ല മെയ് നാലിന് ഒഞ്ചിയത്ത് നടന്ന കൊലപാതകം. എന്നാല്‍, പൊലിഞ്ഞുവീണ ജീവന്റെ പേരില്‍ രാഷ്ട്രീയലാഭം കൊയ്യാന്‍ നടന്ന സംഘടിതശ്രമം ഈ അരുംകൊലയെപ്പോലെതന്നെ നമ്മളെ ഞെട്ടിപ്പിക്കേണ്ടതാണ്. കൊല നടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ കൊന്നവരെപ്പറ്റി അന്വേഷിക്കുന്നതിനുമുന്നേ കൊല്ലിച്ചവരെ കണ്ടെത്താന്‍ കാട്ടിയ തിടുക്കത്തിനുപിന്നിലെ ഉദ്ദേശ്യശുദ്ധി ആരെങ്കിലും സംശയിച്ചുപോയാല്‍ അവര്‍ ഒഞ്ചിയം വധത്തെ ന്യായീകരിക്കുന്നവരാണെന്ന് പറയരുത്. വാര്‍ത്താ ചാനലുകളുടെയും മുഖ്യധാരാ പത്രങ്ങളുടെയും ചര്‍ച്ചകളിലും വിശകലനങ്ങളിലും മുന്തിയ പങ്കും ഈ സംഭവത്തിനുവേണ്ടി വിനിയോഗിച്ചത് ഉത്തമമായ മാധ്യമധര്‍മം സംരക്ഷിക്കാനാണെന്ന് സാക്ഷരകേരളത്തെ ആര്‍ക്കാണ് വിശ്വസിപ്പിക്കാന്‍ കഴിയുക? സമസ്തമേഖലയിലെയും ഉന്നതശീര്‍ഷരോട് പ്രതികരണത്തിന് ആഹ്വാനംചെയ്ത മഹത്തുക്കളുടെ കാരുണ്യം കേരളത്തിന് പുതിയ അനുഭവമായിരുന്നു. കവിതയുടെ കഴുത്തുവെട്ടി ധീരത കാട്ടിയവരും വായില്‍ ഇറച്ചി സൂക്ഷിക്കാത്ത പട്ടികളെന്ന് സ്വയം വിശേഷിപ്പിച്ചവരുമെല്ലാം അരുംകൊലയെ അധിക്ഷേപിച്ച് നടത്തിയ ഉറഞ്ഞുതുള്ളലിന് സമാനതകളില്ല. പക്ഷേ, ഇത് സുമനസ്സുകളുടെ വിലാപമാണെന്ന് കരുതാന്‍ നിര്‍ദോഷികള്‍ക്കേ കഴിയൂ.

ഒഞ്ചിയം കൊലപാതകം സാഹിത്യ സാംസ്കാരിക രംഗങ്ങളിലെയും ചര്‍ച്ചാവിഷയമായി. ഉദാരമായ നിഷ്പക്ഷത പ്രകടിപ്പിച്ചുള്ള പ്രതികരണങ്ങള്‍ അഭിമുഖങ്ങളായും ലേഖനങ്ങളായും കഥകളായും കവിതകളായും വന്നു. വധത്തിലുള്ള ദുഃഖവും അമര്‍ഷവും പ്രകടിപ്പിക്കുന്നതിനേക്കാള്‍ കുറ്റവാളികളെ സ്വയംനിശ്ചയിച്ച് വിചാരണ നടത്തുന്ന പൊതുസ്വഭാവം ഇവയില്‍ നിറഞ്ഞുനിന്നു. അന്വേഷണം പ്രാഥമികഘട്ടത്തില്‍ നില്‍ക്കുമ്പോഴായിരുന്നു ഇത്തരത്തിലുള്ള നിരീക്ഷണം എന്നോര്‍ക്കുക. കറുത്തദിനങ്ങളുടെ ആവര്‍ത്തനം ഇല്ലാതാക്കാന്‍വേണ്ടിയുള്ള പ്രാര്‍ഥനയോടെ കറുത്ത പേജുകളില്‍ അച്ചടിച്ച 36 കവിതകളുടെ സമാഹാരം ഡിസി ബുക്സ് കേരളത്തിന് സമര്‍പ്പിച്ചത് 2012 ജൂണ്‍ 26നായിരുന്നു. കറുത്തനാളുകള്‍ എന്നു ചരിത്രം രേഖപ്പെടുത്തിയ അടിയന്തരാവസ്ഥയുടെ 37-ാം വാര്‍ഷികദിനം പുസ്തക പ്രകാശനത്തിനായി രവി ഡിസി തെരഞ്ഞെടുത്തത് യാദൃച്ഛികമെന്ന് വിചാരിക്കാം. സത്യത്തിന്റെയും നീതിയുടെയും വായ്മൂടി കെട്ടിയ കാലത്തിന്റെ ഓര്‍മനാളില്‍തന്നെ ഈ പുസ്തകം പ്രകാശനംചെയ്തത് ഉചിതംതന്നെ.

കെ ജി ശങ്കരപ്പിള്ളയില്‍ തുടങ്ങി സുധീഷ് കോട്ടേമ്പ്രത്തില്‍ അവസാനിക്കുന്ന കവികളുടെ ആത്മാവിഷ്കാരത്തില്‍ ചിലതില്‍മാത്രമാണ് ഹിംസാത്മകതയ്ക്കെതിരെയുള്ള സത്യസന്ധമായ രോഷത്തിന്റെ അഗ്നിപടരുന്നത്. മിക്കകവിതകളും ലക്ഷ്യമിടുന്നത് മനുഷ്യസ്നേഹത്തിന്റെ മഹത്വം വിളംബരംചെയ്യുന്ന തത്വശാസ്ത്രത്തെ അവഹേളിക്കുക എന്നതിനാണ്. മെയ് നാലിന് ഒഞ്ചിയത്ത് വീണ ചോരയില്‍മുക്കി തൂലിക ചലിപ്പിച്ചതുകൊണ്ടാകാം കവിശ്രേഷ്ഠര്‍ക്ക് ആത്മാവ് നഷ്ടപ്പെട്ട ലോകത്തിന്റെ ആത്മാവാക്കി കവിതയെ മാറ്റാന്‍ കഴിയാതിരുന്നത്. ചാനല്‍ ചര്‍ച്ചകളിലെ അല്‍പ്പജ്ഞാനികളായ ചില വിശകലനവീരന്മാരുടെ നിലവാരംപോലും പല സൃഷ്ടികള്‍ക്കുമില്ലെന്ന് പറയേണ്ടി വരുന്നതില്‍ ക്ഷമിക്കുക.

കേരളപ്പിറവിക്കുശേഷമുള്ള അരനൂറ്റാണ്ടിനുള്ളില്‍ അരലക്ഷത്തിലേറെ കൊലപാതകങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. 2011ല്‍മാത്രം 19,370 പേര്‍ കൊലചെയ്യപ്പെട്ടതായി നിയമസഭാ രേഖകള്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയപ്രവര്‍ത്തകരായ അസംഖ്യംപേര്‍ വധിക്കപ്പെട്ടിട്ടുണ്ട്. കൂട്ടത്തില്‍ ഉന്നതരായ രാഷ്ട്രീയനേതാക്കളും ഉള്‍പ്പെടുന്നു. രാഷ്ട്രീയഭേദമില്ലാതെ ഇത്തരം അരുതായ്മകളെ കേരളസമൂഹം അപലപിച്ചിട്ടുണ്ട്. എന്നാല്‍, ഒരു കൊലപാതകത്തെ ആഘോഷമാക്കി മാറ്റിയ അനുഭവം കേരളത്തിന് പുതുമയാണ്. സാഹിത്യ സാംസ്കാരിക രംഗത്ത് സജീവമായി നിലയുറപ്പിച്ച പലരും കടുത്ത പക്ഷപാതിത്വമാണ് ഇക്കാര്യത്തില്‍ പ്രകടിപ്പിച്ചത്. ജന്മിത്വത്തിനും അയിത്തംപോലുള്ള ദുരാചാരങ്ങള്‍ക്കെതിരെയും ഒരു ജനത നടത്തിയ സമരപോരാട്ടത്തിന്റെ ഭൂമിയാണ് ഒഞ്ചിയം. ഒഞ്ചിയം എന്ന ദേശത്തെയും ആ ദേശത്തിന്റെ ആവേശം ജനിപ്പിക്കുന്ന സമരചരിത്രത്തെയും സ്മാരകശിലകള്‍ എന്ന നോവലില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. 1948 ഏപ്രില്‍ 30ന് നടന്ന ഒഞ്ചിയം വെടിവയ്പില്‍ എട്ടുപേരാണ് രക്തസാക്ഷികളായത്. പൊലീസ് ലോക്കപ്പില്‍ മര്‍ദനമേറ്റ് വീഴുമ്പോഴും സ്വന്തം രക്തംകൊണ്ട് ചുവരില്‍ ചിഹ്നംപതിപ്പിച്ച മണ്ടോടി കണ്ണനെ ഇതിഹാസപുരുഷന്‍ എന്നാണ് ഭാരതീയ ജനതാപാര്‍ടി സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുള്ള പുനത്തില്‍ കുഞ്ഞബ്ദുള്ള വിശേഷിപ്പിക്കുന്നത്. വെട്ടുവഴി കവിതകളിലെ ചുരുക്കം കവികളെങ്കിലും ഒഞ്ചിയം സമരചരിത്രം വായിച്ചില്ലെങ്കിലും സ്മാരകശിലകള്‍ അറിയണമെന്ന് ആഗ്രഹിക്കുകയാണ്.

ഒരു സംഭവത്തെ ആസ്പദമാക്കി ഇത്രയേറെ കവിതകള്‍ എഴുതപ്പെട്ട സന്ദര്‍ഭം ഉണ്ടായിട്ടില്ല. ലബ്ധപ്രതിഷ്ഠരായ കവികള്‍മുതല്‍ മെയ് നാലിനുശേഷം കവികളായവര്‍വരെയുള്ളവരുടെ സൃഷ്ടികള്‍ക്കുണ്ടായ ഏകമാനസ്വഭാവം ശ്രദ്ധിക്കപ്പെടേണ്ടതാണ്. കേരളം ആദരിക്കുന്ന കവിയാണ് കെ ജി ശങ്കരപ്പിള്ള. ജീവിച്ചിരിക്കുന്ന മുന്‍നിര കവികളില്‍ അദ്ദേഹത്തിന് പ്രമുഖസ്ഥാനമുണ്ട്. മെയ് അവസാനലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച വെട്ടുവഴി എന്ന കവിത ഒഞ്ചിയം സംഭവവുമായി ബന്ധപ്പെട്ടുവന്ന ആദ്യകവിതയാണ്. ഒഞ്ചിയം വധത്തിന് രണ്ടുദിനങ്ങള്‍ക്കുശേഷമാണ് കുട്ടനാട്ടിലെ മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 10-ാംക്ലാസുകാരന്‍ ലെജിന്‍ വര്‍ഗീസ് കൊല്ലപ്പെടുന്നത്. സഹപാഠിയായിരുന്നു കൊലപാതകി. മരിച്ചുവെന്ന് ഉറപ്പായശേഷവും രണ്ട് കൈകളും കുപ്പിച്ചില്ലുകള്‍കൊണ്ട് വരഞ്ഞ് വികൃതമാക്കത്തക്കവിധം പൈശാചികത പതിനഞ്ചുകാരന്റെ മനസ്സില്‍ ഉണ്ടായിരുന്നു. മാര്‍ച്ച് എട്ടിനാണ് നെടുങ്കണ്ടത്തെ അനീഷ് രാജന്‍ എന്ന ഇരുപത്തൊന്നുകാരനായിരുന്ന വിദ്യാര്‍ഥിസംഘടനാ നേതാവ് കൊലചെയ്യപ്പെട്ടത്. ഈ രണ്ട് വിദ്യാര്‍ഥികളുടെയും കൊലപാതകങ്ങള്‍ മൂന്നുപതിറ്റാണ്ട് കാലം അധ്യാപകവൃത്തി ചെയ്ത എറണാകുളം മഹാരാജാസ് കോളേജിന്റെ പ്രിന്‍സിപ്പല്‍കൂടിയായിരുന്ന ശങ്കരപ്പിള്ള സാറിന്റെ കവിമനസ്സിനെ എന്തേ അസ്വസ്ഥമാക്കിയില്ല? ഒരുവരി കവിതപോലും എന്തേ ഉതിര്‍ന്നുവീണില്ല? വേര്‍പാടില്‍ സങ്കടപ്പെടുന്നതിന് പ്രത്യേക മാനദണ്ഡമുണ്ടോ? അതോ മൈലേജ് കിട്ടുമെന്നുറപ്പുള്ള ദുരന്തസന്ദര്‍ഭങ്ങളില്‍മാത്രമേ കവിതയ്ക്ക് സാധ്യതയുള്ളൂ എന്നാണോ?

വെട്ടുവഴി കവികളില്‍ പലരുടെയും പേരുകള്‍ അപരിചിതമായി തോന്നുന്നത് പുതിയ കവിതകള്‍ വായിക്കാത്തതുകൊണ്ടുള്ള പോരായ്മയാകാം. ഗാന്ധിജിയുടെ വേര്‍പാടിനുശേഷം ജനിച്ചവരാണ് ഇതിലെ മിക്ക കവികളും. ഒരു കൗതുകത്തിനുവേണ്ടി നമുക്ക് അന്വേഷിക്കാം- മഹാത്മജി കൊല്ലപ്പെട്ട കാലയളവില്‍ ഈ കവികള്‍ ഉണ്ടായിരുന്നുവെങ്കില്‍ അവരില്‍ എത്രപേര്‍ കവിതകള്‍ എഴുതുമായിരുന്നു. ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചപ്പോള്‍ തോക്കുവഴി എന്ന ഒരു കവിത കെ ജി ശങ്കരപ്പിള്ളപോലും എഴുതിയില്ലല്ലോ.

മാധ്യമങ്ങള്‍ നിര്‍മിക്കുന്ന സാമാന്യബോധത്തെ അടിസ്ഥാനമാക്കി പടച്ചുണ്ടാക്കുന്ന കലാസൃഷ്ടികള്‍ക്ക് അല്‍പ്പായുസ്സേ പ്രതീക്ഷിക്കേണ്ടതുള്ളൂ. ഒരു വ്യാജവിലാപം എന്ന സ്ഥാനമേ ഇത്തരം കവിതകള്‍ക്ക് സഹൃദയമനസ്സിലുണ്ടാകൂ. കവിമനസ്സിലെ മൂല്യബോധവും ധാര്‍മികചിന്തയും ചില ഘട്ടങ്ങളില്‍മാത്രമല്ല ഉണരേണ്ടത്. അതിന് സ്ഥായീഭാവം ഉണ്ടാകണം. അപ്പോള്‍മാത്രമേ അവരെ കവികളെന്ന് സാഹിത്യലോകം വിളിക്കൂ. പത്രവാര്‍ത്തകളിലെ അസത്യങ്ങള്‍ക്കും അര്‍ധസത്യങ്ങള്‍ക്കും കവിത എന്ന പേരില്‍ അച്ചടിമഷി പുരട്ടുന്നത് കൊലപാതകത്തേക്കാള്‍ കടുത്ത പാതകമാണ്.

ഇരുണ്ട കവിതാപുസ്തകത്തിലെ കവികളുടെ കൂട്ടത്തില്‍ ഇടതുപക്ഷാഭിമുഖ്യം ഉണ്ടെന്ന് കരുതപ്പെടുന്ന ചില പേരുകളുമുണ്ട്. മുഖംമൂടി അഴിഞ്ഞുവീഴുന്നത് പലപ്പോഴും അറിയാതെയാണ്. ഈ ഗണത്തില്‍പ്പെട്ടവരുടെ ഇതിലെ കവിതകള്‍ വായിക്കുമ്പോള്‍ അവരെ അറിയുന്നവര്‍ക്കെങ്കിലും ശരീരത്തിലൂടെ അട്ട ഇഴയുന്ന അവസ്ഥയുണ്ടാകും. ലോകാധിപത്യത്തിനുവേണ്ടി അണുബോംബ് എറിയുന്നവനെ ലോകരക്ഷകനെന്ന് വാഴ്ത്തിയവര്‍തന്നെയാണ് പിറന്നമണ്ണില്‍ ജീവിക്കാന്‍വേണ്ടി വാരിക്കുന്തമേന്തിയവനെ ഭീകരവാദിയായി ചിത്രീകരിച്ചിട്ടുള്ളത്. ഇക്കൂട്ടത്തില്‍ കവികളുമുണ്ടായിരുന്നു. ചരിത്രത്തിന്റെ തുടര്‍ച്ചയാണിത്. കവിമനസ്സിനെ വിഹ്വലമാക്കുന്ന ഏതുവിഷയവും കവിതയായി വരാം. എന്നാല്‍, കവിതാബന്ധമില്ലാത്ത താല്‍പ്പര്യങ്ങളും ലക്ഷ്യങ്ങളും മേല്‍ക്കൈ നേടുമ്പോള്‍ നഷ്ടമാകുന്നത് കവിതതന്നെയാണ്. പ്രതികള്‍ക്കുവേണ്ടി മിടിക്കാത്ത ചങ്കാണ് ഞങ്ങള്‍ക്കുള്ളതെന്ന് ഊറ്റംകൊള്ളുന്ന വെട്ടുവഴികളിലെ ഭൂരിപക്ഷം കവികള്‍ക്കും വേട്ടക്കാരന്റെ മനസ്സാണുള്ളതെന്ന് ഈ കറുത്ത കവിതാപുസ്തകം വിളിച്ചുപറയുന്നു.

*
ജെ പി ദേശാഭിമാനി 07 ആഗസ്റ്റ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ലോകാധിപത്യത്തിനുവേണ്ടി അണുബോംബ് എറിയുന്നവനെ ലോകരക്ഷകനെന്ന് വാഴ്ത്തിയവര്‍തന്നെയാണ് പിറന്നമണ്ണില്‍ ജീവിക്കാന്‍വേണ്ടി വാരിക്കുന്തമേന്തിയവനെ ഭീകരവാദിയായി ചിത്രീകരിച്ചിട്ടുള്ളത്. ഇക്കൂട്ടത്തില്‍ കവികളുമുണ്ടായിരുന്നു. ചരിത്രത്തിന്റെ തുടര്‍ച്ചയാണിത്. കവിമനസ്സിനെ വിഹ്വലമാക്കുന്ന ഏതുവിഷയവും കവിതയായി വരാം. എന്നാല്‍, കവിതാബന്ധമില്ലാത്ത താല്‍പ്പര്യങ്ങളും ലക്ഷ്യങ്ങളും മേല്‍ക്കൈ നേടുമ്പോള്‍ നഷ്ടമാകുന്നത് കവിതതന്നെയാണ്. പ്രതികള്‍ക്കുവേണ്ടി മിടിക്കാത്ത ചങ്കാണ് ഞങ്ങള്‍ക്കുള്ളതെന്ന് ഊറ്റംകൊള്ളുന്ന വെട്ടുവഴികളിലെ ഭൂരിപക്ഷം കവികള്‍ക്കും വേട്ടക്കാരന്റെ മനസ്സാണുള്ളതെന്ന് ഈ കറുത്ത കവിതാപുസ്തകം വിളിച്ചുപറയുന്നു.