Wednesday, August 8, 2012

സര്‍ക്കാരിന് മാര്‍ക്ക് വട്ടപ്പൂജ്യം

ഒരു സര്‍ക്കാരിനെ വിലയിരുത്തുന്നതിന് അതിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ തന്നെ ധാരാളമാണ്. ഈ സര്‍ക്കാരിന്റെ കഴിഞ്ഞ നാളുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടത് ഏതൊരു രാഷ്ട്രീയപ്രവര്‍ത്തകന്റെയും കടമയാണ്. നിലവിലെ സ്ഥിതിവച്ചുനോക്കുമ്പോള്‍ അമ്പേ പരാജയമാണ് യുഡിഎഫ് സര്‍ക്കാര്‍. അത് നല്ലതുപോലെ സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനും മന്ത്രിസഭയെ നയിക്കുന്ന മുഖ്യമന്ത്രിക്കും അറിയാവുന്നതാണ്. എന്നാല്‍, അതിനെ സംബന്ധിച്ചുള്ള ചര്‍ച്ച പലപ്പോഴും വഴിമാറിപ്പോകുന്നുണ്ട്. അതിന് വഴിവച്ച സാഹചര്യങ്ങള്‍, ഇക്കാലയളവില്‍ നടന്ന പിറവം, നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പും ടി പി ചന്ദ്രശേഖരന്റെ കൊലപാതകവും അതിനെത്തുടര്‍ന്നുണ്ടായ ചര്‍ച്ചകളുമാണ്. രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ സെല്‍വരാജ് മറുകണ്ടം ചാടിയതും യുഡിഎഫിന് തല്‍ക്കാലം ആശ്വാസത്തിന് വകയായി. പിറവം, നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ധാര്‍മികതയുടെ എല്ലാ സീമകളും ലംഘിച്ച് യുഡിഎഫ് അധികാരഗര്‍വില്‍ നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണം അവര്‍ക്ക് വിജയിക്കാനുള്ള വഴിയൊരുക്കി.

യുഡിഎഫ് അധികാരത്തിലെത്തിയ നാള്‍മുതല്‍ ഭരണരംഗത്ത് അനിശ്ചിതത്വം ഉടലെടുത്തു. മന്ത്രിമാരെ നിശ്ചയിക്കുന്നതും അഞ്ചാംമന്ത്രി വിവാദവും അതിന്റെ തുടര്‍ച്ചയായി. അഞ്ചാംമന്ത്രി വിഷയം കൊടുമ്പിരിക്കൊണ്ട നാളുകളില്‍ കെപിസിസി പ്രസിഡന്റിന്റെയും നിയമസഭാസ്പീക്കറുടെയും കസേരകള്‍ ഇളക്കാനും പുനഃപ്രതിഷ്ഠ നടത്താനുമുള്ള ശ്രമങ്ങള്‍ സംസ്ഥാനത്തും ഡല്‍ഹി കേന്ദ്രീകരിച്ചും നടത്തി അവര്‍ അപഹാസ്യരായി. അവസാനം വിഷയങ്ങള്‍ പരിഹരിക്കുന്നതിന് കണ്ടെത്തിയ ഉപായം ജാതിസമവാക്യങ്ങള്‍ നോക്കി മന്ത്രിമാര്‍ക്ക് വകുപ്പ് വിഭജനം നടത്തിക്കൊണ്ടായിരുന്നു. കേരള രാഷ്ട്രീയത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത രാഷ്ട്രീയ അധഃപതനത്തിന് ഈ രീതി തുടക്കംകുറിച്ചു. പൊതുജനാരോഗ്യം ലക്ഷ്യംവച്ച് തുടങ്ങിയ ധര്‍മാശുപത്രികളെ തകര്‍ത്ത് സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന നയമാണ് യുഡിഎഫ് സര്‍ക്കാര്‍ തുടക്കംമുതല്‍ സ്വീകരിച്ചത്. ഒരു രൂപയില്‍നിന്ന് അഞ്ചു രൂപയായി ഒപി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ സമരത്തെത്തുടര്‍ന്ന് ഈ വര്‍ധന പിന്‍വലിച്ചു. ആദിവാസിമേഖലകളിലെ സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് പാട്ടത്തിന് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ആരോഗ്യമേഖലയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുന്നതിനുള്ള സൂചന നല്‍കലായിരുന്നു. ആ അവസരം വിനിയോഗിച്ച് കോര്‍പറേറ്റുകള്‍ മുതലെടുപ്പ് നടത്തുന്നതിനുള്ള നീക്കവുമുണ്ടായി.

സ്വകാര്യവല്‍ക്കരണം അതിശക്തമായി നടപ്പാക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ തന്ത്രമാണ് ഇതിനുപിന്നില്‍. ആദിവാസിമേഖലയില്‍ ആരോഗ്യരംഗത്ത് സര്‍ക്കാര്‍ അതീവശ്രദ്ധ നല്‍കേണ്ടുന്നതിനുപകരം ആദിവാസി സമൂഹത്തെ ദ്രോഹിക്കുന്ന നടപടിയാണ് കൈക്കൊണ്ടത്. ഈ സര്‍ക്കാരിന്റെ കാലയളവില്‍ ഒരു ആദിവാസി സ്ത്രീ ചികിത്സ ലഭിക്കാതെ മരിക്കാനിടയായതും ആദിവാസി സ്ത്രീ ഓട്ടോയില്‍ പ്രസവിക്കാനിടവന്നതും ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടാണ്. ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന്റെ കണക്കനുസരിച്ച് മരുന്നു പരീക്ഷണത്തിന്റെ ഇരകളായി 2000ല്‍ അധികം പേര്‍ ഇന്ത്യയില്‍ മരിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ ആദിവാസിമേഖലയില്‍ നടന്ന മരുന്നുപരീക്ഷണത്തെ സംബന്ധിച്ചുള്ള വിവരങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇതിന് ശാശ്വതപരിഹാരം കാണുന്നതിമന് സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല എന്നത് ഖേദകരമാണ്. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കത്ത് വിസ്മരിക്കാറായിട്ടില്ല. കോഴിക്കോട് മെഡിക്കല്‍കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനം, എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കളുടെ സമ്മര്‍ദത്തിനു വഴങ്ങി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എഴുതിയ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കത്തില്‍ സംസ്ഥാനസര്‍ക്കാര്‍ മൗനംപാലിക്കുകയായിരുന്നു. കാസര്‍കോഡും മറ്റും എന്‍ഡോസള്‍ഫാന്‍ ഇരകളായവര്‍ക്ക് സഹായം നല്‍കുന്നതിന് ഈ സര്‍ക്കാര്‍ പരാജയമാണെന്നു മാത്രമല്ല അവരെ അവഗണിക്കുകയും ചെയ്യുന്നു. ഈ പ്രവൃത്തി നീചമാണെന്നു പറയാതെ നിവൃത്തിയില്ല.

2006-11 കാലയളവില്‍ അധികാരത്തിലിരുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കര്‍ഷകരുടെ ആത്മഹത്യയ്ക്ക് അറുതിവരുത്തി. എന്നാല്‍, യുഡിഎഫ് അധികാരത്തില്‍ വന്നശേഷം അതൊക്കെ അവതാളത്തിലായി എന്നതാണ് ഇപ്പോള്‍ നടക്കുന്ന കര്‍ഷകരുടെ ആത്മഹത്യ വെളിവാക്കുന്നത്. 15 മാസത്തിനുള്ളില്‍ 55 കര്‍ഷകര്‍ ആത്മഹത്യചെയ്തു. എല്‍ഡിഎഫ് സര്‍ക്കാരിന്റെകാലത്ത് തുടങ്ങിയ കാര്‍ഷിക കടാശ്വാസ കമീഷന്റെ പ്രവര്‍ത്തനം ഇന്ന് കാര്യക്ഷമമല്ല. കാര്‍ഷികനയം രൂപപ്പെടുത്തുന്നതിനോ കര്‍ഷകരെ സംരക്ഷിക്കുന്നതിനോ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ശ്രമവുമില്ല. ഭൂമാഫിയകളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും മണ്ണിട്ട് നികത്തി ഫ്ളാറ്റുകളും മറ്റും നിര്‍മിക്കുന്നതിന് ഭൂമാഫിയകള്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണിത്. കര്‍ഷകരും കാര്‍ഷികവൃത്തിയും രാജ്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്ന ബോധമെങ്കിലും സര്‍ക്കാരിനുണ്ടാകണം. ഇറ്റാലിയന്‍ കപ്പല്‍കൊലയില്‍ രണ്ടു മലയാളികള്‍ മരിക്കാനിടയായ സംഭവം വളരെ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചതാണ്. സര്‍ക്കാരിന്റെ നിലപാടുകളെ കോടതിപോലും വിമര്‍ശിച്ചു. എന്നിട്ടും സുതാര്യമായ നിലപാട് സ്വീകരിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ക്രിമിനല്‍സംഘങ്ങള്‍ തഴച്ചുവളര്‍ന്ന കേരളത്തില്‍ പൊലീസുകാര്‍ക്കുപോലും രക്ഷയില്ലാതായി. കൊല്ലത്ത് എഎസ്ഐ ജോയിക്ക് കുത്തേറ്റതും സഹപ്രവര്‍ത്തകന്‍ മണിയന്‍പിള്ള കുത്തേറ്റ് മരിച്ചതും ഈ അടുത്തകാലത്തുനടന്ന സംഭവമാണ്. ആ കേസിലെ പ്രതിയെ പിടിക്കാന്‍പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. സംരക്ഷിത വനമായ നെല്ലിയാമ്പതി തോട്ടഭൂമി ഇടപാടിനെ സംബന്ധിച്ച് ചീഫ് വിപ്പും വനംമന്ത്രിയും തമ്മില്‍ നടക്കുന്ന വാഗ്വാദങ്ങളോടെയാണ് പാട്ടഭൂമി ഇടപാടിലെ അഴിമതിക്കഥകളുടെ ചുരുളഴിയുന്നത്. അഴിമതിക്കാര്‍ക്കുവേണ്ടി നിലകൊള്ളുന്ന ഒരു സര്‍ക്കാരായി യുഡിഎഫ് സര്‍ക്കാര്‍ മാറി. വിദ്യാഭ്യാസമേഖല അനുദിനം കൊള്ളരുതായ്മകളുടെ വിളനിലമായി മാറുന്നു. സംസ്ഥാനത്തിന്റെ സമഗ്രപുരോഗതിക്ക് ഉതകുന്ന വിദ്യാഭ്യാസനയത്തെ തകിടംമറിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. മലപ്പുറത്തെ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള ശ്രമവും കലിക്കറ്റ് സര്‍വകലാശാലാ ഭൂമിദാനവും സ്വാശ്രയകോളേജുകളുടെ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാടും അതിന്റെ ദൃഷ്ടാന്തമാണ്.

വൈദ്യുതിനിരക്ക് വര്‍ധനയിലൂടെ യുഡിഎഫ് സര്‍ക്കാര്‍ കൊടിയ ജനവഞ്ചനയാണ് നടത്തിയത്്. ദുസ്സഹമായ വിലക്കയറ്റത്തിന്റെ രൂക്ഷതയില്‍പ്പെട്ട് കഷ്ടപ്പെടുന്ന ജനങ്ങളെ വറചട്ടിയില്‍നിന്ന് എരിതീയിലേക്ക് എറിയുന്ന രീതിയാണ് വൈദ്യുതിനിരക്ക് വര്‍ധനയിലൂടെ ചെയ്തത്. വൈദ്യുതിനിരക്ക് വര്‍ധനയില്‍ സംസ്ഥാനസര്‍ക്കാര്‍ മറ്റൊരു ദ്രോഹംകൂടിചെയ്തു. ഇടിവെട്ടിയവന്റെ തലയില്‍ പാമ്പ് കടിക്കുക എന്നുപറയുന്നതുപോലെ ചരിത്രത്തിലാദ്യമായി വൈദ്യുതി ചാര്‍ജ് വര്‍ധനയ്ക്ക് മുന്‍കാല പ്രാബല്യംകൂടി നല്‍കി.

മാവേലി സ്റ്റോറുകളില്‍ നിത്യോപയോഗസാധനങ്ങളുടെ വില 55 മുതല്‍ 70 ശതമാനംവരെ വര്‍ധിപ്പിച്ചത് ഒരു മുന്നറിയിപ്പുമില്ലാതെയാണ്. അധികാരത്തിലിരുന്ന് ജനവിരുദ്ധ നയങ്ങളുടെ വേലിയേറ്റമാണ് യുഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിക്കുന്നത്. നിയമസഭയെപ്പോലും മൂകസാക്ഷിയാക്കി അധികാരഭ്രമം തലയ്ക്കുപിടിച്ച് നടത്തുന്ന ഈ ഭരണം ജനദ്രോഹമാണ്. ഒരു വിഷയത്തിലും ജനക്ഷേമത്തിന് മുന്‍ഗണന നല്‍കാത്ത ഈ സര്‍ക്കാരിന് ഏത് രീതിയില്‍ മാര്‍ക്കിട്ടാലും അത് വട്ടപ്പൂജ്യമായിരിക്കും. ഒരര്‍ഥത്തിലും തുടരാന്‍ അര്‍ഹതയില്ലാത്ത സര്‍ക്കാരാണിതെന്ന് നിസ്സംശയം പറയാം.

*
എ എ അസീസ് ദേശാഭിമാനി 08 ആ‍ഗസ്റ്റ് 2012

No comments: