Tuesday, August 28, 2012

പുകമറയ്ക്കുപിന്നില്‍ സംഭവിക്കുന്നത്

കഴിഞ്ഞ മൂന്നര മാസത്തിലധികമായി മലയാള മാധ്യമങ്ങള്‍ സിപിഐ(എം) വിരുദ്ധ വാര്‍ത്തകളുടെ പുറകേ മാത്രമാണ്. എല്ലാ വാര്‍ത്തകളിലും സെന്‍സേഷണലിസം നിലനിര്‍ത്താനും മാധ്യമങ്ങള്‍ മത്സരിക്കുന്നു. തുടര്‍നോവലുകളെപ്പോലെ, ടെലിവിഷന്‍പരമ്പരകളെപ്പോലെ ആകാംക്ഷയുടെ മുള്‍മുനയിലൂടെ മലയാള മനസ്സിനെ നടത്തിക്കുന്ന മാധ്യമ പ്രൊഫഷണലിസത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. ഇതേ കാലയളവില്‍ മാധ്യമങ്ങളില്‍ ഇടംകിട്ടാതെപോയ ജനകീയ പ്രശ്നങ്ങള്‍ നിരവധിയാണ്. കത്തിക്കയറേണ്ടിയിരുന്ന പലതും ചര്‍ച്ചകളില്‍പ്പെടാതെ മാധ്യമശാലകളിലെ അടുക്കളപ്പുറങ്ങളില്‍ ഉപേക്ഷിക്കപ്പെട്ടു. ഒന്നും യാദൃച്ഛികമായിരുന്നില്ല, ആസൂത്രിതമായിരുന്നു. ചിലത് തമസ്കരിക്കപ്പെട്ടു. മറ്റുചിലത് പര്‍വ്വതീകരിക്കപ്പെട്ടു.

മലയാള മാധ്യമരംഗം കഴുത്തറുപ്പന്‍ മത്സരത്തിന്റെ അരങ്ങാണ്. ആദ്യം ബ്രേക്ക് ചെയ്യാന്‍, സ്കൂപ്പുകള്‍ തേടാന്‍, ഉദ്വേഗജനകമായി റിപ്പോര്‍ട്ടുചെയ്യാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നതിന്റെ പിന്നില്‍ ആര്‍ത്തിമൂത്ത മത്സരത്തിന്റെ പ്രേരണയുണ്ട്. അതിജീവിക്കാനും മുന്നേറാനും ഓരോ മലയാള മാധ്യമവും മത്സരിക്കുന്നു. മാതൃഭൂമി 1970-ല്‍ ആണ് മനോരമയുടെ പിന്നിലായത്. 1968-ല്‍ മാതൃഭൂമിക്ക് 2,13,000 കോപ്പിയും മനോരമയ്ക്ക് 1,96,000 കോപ്പിയുമായിരുന്നു. 1970-ല്‍ ഇത് യഥാക്രമം 2,44,000 കോപ്പിയും 2,95,000 കോപ്പിയുമായി ഉയര്‍ന്നു. 1968-ല്‍ നടന്ന പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണത്തിന്റെ നിറംപിടിപ്പിച്ച റിപ്പോര്‍ട്ടിംങ്ങാണ് മനോരമയെ മുന്നിലെത്തിച്ചതെന്ന് ഗവേഷകനായ റോബിന്‍ ജഫ്രി നിരീക്ഷിച്ചിട്ടുണ്ട്.(വ്യാജസമ്മതിയുടെ നിര്‍മ്മിതി-എന്ന പുസ്തകത്തില്‍നിന്നും) സര്‍ക്കുലേഷനും സെന്‍സേഷണലിസവും തമ്മിലുള്ള ബന്ധം ഇതുപോലെയുള്ള പഠനങ്ങളിലും ഗ്രന്ഥങ്ങളിലും അനാവരണം ചെയ്യപ്പെട്ടിട്ടുണ്ട്.

നവലിബറല്‍ നയങ്ങള്‍ കൂടുതല്‍ ശക്തിയോടെ രാജ്യത്ത് നടപ്പിലാക്കുന്നു. കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടയില്‍ ഏര്‍പ്പെട്ട ഉടമ്പടികളുടെ, നടപ്പില്‍വരുത്തിയ നിയമങ്ങളുടെ ആഘാതം ഭൂരിപക്ഷം ജനങ്ങളും നേരിട്ട് അനുഭവിച്ചു തുടങ്ങിയ കാലയളവാണ് ഇത്. ഏറ്റവും പ്രധാനം ഭക്ഷ്യദൗര്‍ലഭ്യമാണ്. റേഷന്‍ സമ്പ്രദായം പൂര്‍ണ്ണമായി തകര്‍ന്നു. മണ്ണെണ്ണപോലും നിഷേധിക്കപ്പെടുന്നു. ഇന്ധനം, വളം, ഔഷധങ്ങള്‍തുടങ്ങി വിവിധ രംഗങ്ങളിലെ വിലനിയന്ത്രണാധികാരം സര്‍ക്കാര്‍ ഉപേക്ഷിച്ചതിന്റെ കെടുതി ജനങ്ങള്‍ നേരിട്ട് അനുഭവിച്ചുതുടങ്ങി. ജീവിതച്ചെലവ് ക്രമാതീതമായി വര്‍ദ്ധിച്ചു. അസമത്വം രൂക്ഷമായി. കേരളത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ എന്തെങ്കിലും ഒരു നല്ലകാര്യംചെയ്തു എന്നവകാശപ്പെടാന്‍ സര്‍ക്കാരിന് ആവില്ല. വാഗ്ദാനലംഘനങ്ങളുടെ, ജനവിരുദ്ധതയുടെ, വര്‍ഗ്ഗീയപ്രീണനത്തിന്റെ ഘോഷയാത്രയാണിവിടെ. ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ സര്‍ക്കാര്‍, മുന്നണിയിലും പാര്‍ട്ടിയിലും അസ്വസ്ത്ത നീറിപ്പുകയുന്നു. ഈ പ്രതിസന്ധികള്‍ക്കിടയില്‍ ഒരു ട്രപ്പീസുകളിക്കാരന്റെ സാമര്‍ത്ഥ്യത്തോടെ മുന്നോട്ടുപോകുന്ന ഉമ്മന്‍ചാണ്ടി. ഈ നൂല്‍പ്പാലം താണ്ടാന്‍ മുഖ്യമന്ത്രി പരീക്ഷിക്കുന്ന ചാണക്യതന്ത്രം പില്‍ക്കാലത്ത് വാഴ്ത്തപ്പെട്ടേക്കാം.

കേരളത്തിന്റെ പൊതുബോധം നിര്‍മ്മിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ ശേഷിയുള്ള ചില മാധ്യമങ്ങളോടുള്ള കടപ്പാട് അന്നൊരുപക്ഷേ അദ്ദേഹം പരസ്യപ്പെടുത്തുകയും ചെയ്തേക്കാം. മേയ് 23 ബുധന്‍ വൈകുന്നേരമാണ് ചരിത്രത്തിലെ ഏറ്റവും വലിയ പെട്രോള്‍ വിലവര്‍ദ്ധനവിന്റെ വാര്‍ത്ത പുറത്തുവരുന്നത്. ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഈ വാര്‍ത്ത പരന്നൊഴുകി. രാജ്യത്താകെ പ്രതിഷേധം ആളിക്കത്തി. സംസ്ഥാനത്ത് അടുത്ത ദിവസത്തേയ്ക്ക് ഹര്‍ത്താല്‍ ആഹ്വാനവും വന്നു. അതുവരെ മലയാളമാധ്യമങ്ങള്‍ പൊലിപ്പിച്ചു നിര്‍ത്തിയിരുന്ന ഒഞ്ചിയം കഥകള്‍ ഒലിച്ചുപോയി. പൊതുബോധത്തില്‍ ഭരണവിരുദ്ധ വികാരം മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥാപിക്കപ്പെട്ടു.

നെയ്യാറ്റിന്‍കര നിയമസഭാ ഉപതെരഞ്ഞെടുപ്പിന് 10 ദിനങ്ങള്‍മാത്രം മുമ്പായിരുന്നു ഈ സംഭവമെന്നോര്‍ക്കണം. പക്ഷേ മണിക്കൂറുകള്‍ക്കകം വാര്‍ത്തകള്‍ കീഴ്മേല്‍മറിഞ്ഞു. അതേദിവസം രാത്രിയില്‍തന്നെ ധൃതിപ്പെട്ട് സിപിഐ(എം) ഒഞ്ചിയം ഏര്യാ സെക്രട്ടറി സി.എച്ച്. അശോകനെ അറസ്റ്റ്ചെയ്തു. ഇന്ധനവിലവര്‍ദ്ധനവിന്റെ വാര്‍ത്താഫ്ളാഷുകള്‍ സി.എച്ച്. അശോകനായി വഴിമാറി. അടുത്ത ദിവസം സര്‍ക്കാര്‍ വിരുദ്ധതയില്‍ പ്രതിഷേധം പടര്‍ന്ന് നിശ്ചലമായ തെരുവുകളില്‍ പതിയേണ്ട ക്യാമറകള്‍ വടകര കോടതിയില്‍ കെട്ടിയിടപ്പെട്ടു. ഒരു വെളിപാടുപോലെ അന്നുരാത്രിതന്നെ അശോകനെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് നീക്കം രാഷ്ട്രീയ ചതുരംഗത്തിലെ ഉമ്മന്‍ചാണ്ടിയുടെ ചടുലവും കണിശവുമായ തന്ത്രമായിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരായ അമര്‍ഷം ജനങ്ങളില്‍ ശക്തമായി നിന്ന സാഹചര്യത്തില്‍ തന്നെയായിരുന്നു പി.ജയരാജനെ അറസ്റ്റ് ചെയ്തത്. ഭീമമായ വൈദ്യുതചാര്‍ജ്ജ് വര്‍ദ്ധനവ്, കേരളത്തിന്റെ വികസന സ്വപ്നങ്ങളെ തകര്‍ക്കുന്ന ഊര്‍ജ്ജക്ഷാമം എന്നിവ കേരളത്തില്‍ സജീവമായി ചര്‍ച്ചചെയ്യപ്പെട്ടു. എന്നാല്‍ ഈ സാഹചര്യങ്ങളില്‍ ആര്‍ത്തലയ്ക്കേണ്ട പ്രതിഷേധ കൊടുങ്കാറ്റിന്റെ ഗതി മാറിയത് സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെയുണ്ടായ ആസൂത്രിതമായ അറസ്റ്റിലൂടെയായിരുന്നു. നെല്ലിയാമ്പതി എസ്റ്റേറ്റ് തര്‍ക്കം, പി.സി.ജോര്‍ജ്ജിന്റെ പരാക്രമങ്ങളില്‍ അമര്‍ഷം പുകയുന്ന കോണ്‍ഗ്രസ് ക്യാമ്പ്, ഇതിനിടയില്‍ ട്രപ്പീസുകളിക്കാരന്‍ കാട്ടിയ സാമര്‍ത്ഥ്യം ഗംഭീരംതന്നെ.. എന്റെ കുട്ടിക്കാലത്ത് ഞങ്ങള്‍ താമസിച്ചിരുന്ന വീടിന് ഒരു രാത്രിയില്‍ ആരോ തീവച്ചു.ഓലമേഞ്ഞ വീടിനെ തീവിഴുങ്ങി. ഭൂമിശാസ്ത്രപരമായി പ്രദേശത്ത് ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്തിരുന്ന വീടുകളില്‍ ഒന്നായിരുന്നു ഞങ്ങളുടേത്. അഗ്നി പടരുന്നതുകണ്ട നാട്ടുകാര്‍ തങ്ങളുടെ വീടുപേക്ഷിച്ച് ഞങ്ങളെ രക്ഷിക്കാന്‍ ഓടിക്കൂടി. അപ്പോള്‍ വീട് തീയിട്ട കള്ളന്‍മാര്‍ പ്രദേശത്തെ എല്ലാ വീടുകളും കൊള്ളയടിച്ചുകഴിഞ്ഞിരുന്നു. എന്റെ നാട്ടിലെ ആ കൊള്ളസംഘത്തെപ്പോലെ ഉമ്മന്‍ചാണ്ടിയും സംഘവും മലയാളികളെ വിഢ്ഡികളാക്കുകയാണിവിടെ. വാര്‍ത്തയുടെ പുകമറയില്‍ നാട് കൊള്ളയടിക്കുകയാണ്. ടിപി വധം സംബന്ധിച്ച വാര്‍ത്തകള്‍ക്കു മറവില്‍ വച്ചാണ് കുഞ്ഞാലിക്കുട്ടി പ്രതിയായ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറി അന്വേഷണം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. യുഡിഎഫ് വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ തുണയായ സാമുദായിക സംഘടനകള്‍ സര്‍ക്കാരിനെതിരെ യുദ്ധപ്രഖ്യാപനം നടത്തുന്നു.

മന്ത്രിമാര്‍ കഴിവുകെട്ടവരെന്ന് വി.എം.സുധീരന്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു. യൂത്ത് കോണ്‍ഗ്രസും കെ.എസ്.യു.വും യൂത്ത് ലീഗും എംഎസ്എഫും പരസ്പരം പോര്‍വിളിച്ചുനില്‍ക്കുന്നു. ഭരണത്തിനെതിരെ കോണ്‍ഗ്രസിലും മുന്നണിക്കകത്തും അമര്‍ഷം പുകയുന്നു. ഇതിനിടയില്‍ പൊട്ടിത്തെറി ഒഴിവാക്കാന്‍ മുഖ്യമന്ത്രി ആശ്രയിക്കുന്ന അസംസ്കൃത പദാര്‍ത്ഥമായി വാര്‍ത്തകള്‍ മാറുന്നു. മാധ്യമസദാചാരം, ജനപക്ഷമാധ്യമപ്രവര്‍ത്തനം തുടങ്ങിയ പദങ്ങള്‍ അലങ്കാരമായി ഷെല്‍ഫിലെ പുസ്തകങ്ങള്‍ക്കകത്ത് വിശ്രമിക്കട്ടെ. ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പഠിച്ച പാഠങ്ങള്‍ അവിടംകൊണ്ടവസാനിക്കട്ടെ. പ്രായോഗിക മാധ്യമ പ്രവര്‍ത്തനം വേറെ പഠിക്കണം. മാധ്യമ മുതലാളിയുടെ താല്‍പ്പര്യത്തിനൊപ്പം പരുവപ്പെടുത്തുന്ന മാധ്യമപ്രവര്‍ത്തകന്റെ മനസ്സ്. എന്നാല്‍ തങ്ങള്‍ ആഘോഷിക്കുന്ന വാര്‍ത്തകള്‍ കുടിലമായ രാഷ്ട്രീയനീക്കമാണെന്ന് കൂടി മാധ്യമരംഗത്തെ മിടുക്കന്‍ യൗവ്വനങ്ങള്‍ ഇനിയെന്നാണ് തിരിച്ചറിയുക....

രാഷ്ട്രീയ ചേരിതിരിവ് രൂക്ഷമാക്കിനിര്‍ത്തി, കോണ്‍ഗ്രസ് - യുഡിഎഫ് ക്യാമ്പിനെ തനിക്കുപിന്നില്‍ സജീവമാക്കി നിര്‍ത്താനും ഉമ്മന്‍ചാണ്ടി പരിശ്രമിക്കുകയാണ്. സിപിഐ(എം)മിനെതിരായ പൊതുബോധം ഹിസ്റ്റീരിയപോലെ പടര്‍ത്തി, കമ്മ്യൂണിസ്റ്റ് വിരുദ്ധതയില്‍ മാധ്യമങ്ങളെയും യുഡിഎഫിനെയും ഉറപ്പിച്ചുനിര്‍ത്തി ഭരണംമുന്നോട്ടുനീക്കുന്നതിനുള്ള രാഷ്ട്രീയ തന്ത്രമാണ് ഉമ്മന്‍ചാണ്ടി പ്രകടിപ്പിക്കുന്നത്. വിലക്കയറ്റം രൂക്ഷമാകുന്നു. പെന്‍ഷന്‍പ്രായം ഉയര്‍ത്താന്‍, പെന്‍ഷന്‍ പദ്ധതി തന്നെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുന്നു. ഭാവികേരളത്തെപ്പോലും ഇരുളിലാഴ്ത്തുന്ന ഈ നയങ്ങള്‍ക്കെതിരെ പൊതുബോധം നിര്‍മ്മിക്കുവാന്‍ മാധ്യമങ്ങള്‍ മെനക്കെടുന്നില്ല. തങ്ങളുടെ വര്‍ഗ്ഗതാല്പര്യം കൂടുതല്‍ ഭ്രാന്തമായി മാധ്യമങ്ങള്‍ പ്രകടിപ്പിക്കുകയാണിവിടെ.

*
എ.എ.റഹിം ചിന്ത 18 ആഗസ്റ്റ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കഴിഞ്ഞ മൂന്നര മാസത്തിലധികമായി മലയാള മാധ്യമങ്ങള്‍ സിപിഐ(എം) വിരുദ്ധ വാര്‍ത്തകളുടെ പുറകേ മാത്രമാണ്. എല്ലാ വാര്‍ത്തകളിലും സെന്‍സേഷണലിസം നിലനിര്‍ത്താനും മാധ്യമങ്ങള്‍ മത്സരിക്കുന്നു. തുടര്‍നോവലുകളെപ്പോലെ, ടെലിവിഷന്‍പരമ്പരകളെപ്പോലെ ആകാംക്ഷയുടെ മുള്‍മുനയിലൂടെ മലയാള മനസ്സിനെ നടത്തിക്കുന്ന മാധ്യമ പ്രൊഫഷണലിസത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. ഇതേ കാലയളവില്‍ മാധ്യമങ്ങളില്‍ ഇടംകിട്ടാതെപോയ ജനകീയ പ്രശ്നങ്ങള്‍ നിരവധിയാണ്. കത്തിക്കയറേണ്ടിയിരുന്ന പലതും ചര്‍ച്ചകളില്‍പ്പെടാതെ മാധ്യമശാലകളിലെ അടുക്കളപ്പുറങ്ങളില്‍ ഉപേക്ഷിക്കപ്പെട്ടു. ഒന്നും യാദൃച്ഛികമായിരുന്നില്ല, ആസൂത്രിതമായിരുന്നു. ചിലത് തമസ്കരിക്കപ്പെട്ടു. മറ്റുചിലത് പര്‍വ്വതീകരിക്കപ്പെട്ടു.