Saturday, August 4, 2012

കര്‍ഷകവിലാപം ബധിരകര്‍ണങ്ങളില്‍

മലയാളികളുടെ മുഖ്യ ഭക്ഷ്യവസ്തുവായ അരിയുടെ ഉല്‍പ്പാദനത്തിന് നിലവിലുള്ള ഭൂവിസ്തൃതിപോലും നിലനിര്‍ത്താന്‍ കഴിയാത്ത സാഹചര്യം 1970 കളുടെ മധ്യംമുതല്‍ക്കേ കേരളം അഭിമുഖീകരിക്കുന്ന അതീവ ഗുരുതര പ്രശ്നമാണ്. സംസ്ഥാനത്തെ നെല്‍കൃഷി വര്‍ഷന്തോറും ഗണ്യമായി കുറയുന്നു. 1970ല്‍ 8,76,000 ഹെക്ടറായിരുന്ന നെല്‍കൃഷിയുടെ വിസ്തൃതി 1985ല്‍ 6,78,000 ആയും 1995ല്‍ 4,71000 ആയും കുറഞ്ഞു. 2002ല്‍ 3,11,000 ഹെക്ടര്‍ എന്ന നിലയില്‍ വന്‍തോതില്‍ കുറയുകയും 2011ല്‍ 2,13,185 ഹെക്ടറിലെത്തുകയും ചെയ്തു. നാല് ദശാബ്ദംകൊണ്ട് 6,63,000 ഹെക്ടര്‍ നെല്‍വയല്‍ ഇല്ലാതായി എന്ന സത്യം നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.

നെല്‍വയല്‍ ഇല്ലാതാകുന്നതിന്റെ ഗൗരവം ബോധ്യപ്പെട്ടാണ് 1990 കളുടെ ആദ്യം കേരള കര്‍ഷകസംഘവും കര്‍ഷകത്തൊഴിലാളി യൂണിയനും സംയുക്തമായി നെല്‍വയല്‍ സംരക്ഷണസമരങ്ങളേറ്റെടുത്തത്. നെല്‍വയലുകള്‍ മായുമ്പോള്‍ നമ്മുടെ സംസ്കൃതി തന്നെ ഇല്ലാതാവുകയാണ് എന്ന തിരിച്ചറിവില്‍നിന്നാണ് ഈ സമരം രൂപപ്പെടുത്തിയത്. നിരന്തരമായ പ്രക്ഷോഭങ്ങളുടെയും ഇടപെടലുകളുടെയും ഒടുവിലാണ് 2008ല്‍ കേരള നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം പാസാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും അനിയന്ത്രിതമായി രൂപാന്തരപ്പെടുത്തുന്നതും പരിവര്‍ത്തനംചെയ്യുന്നതും തടയുക എന്ന ലക്ഷ്യത്തോടെയാണ് നിയമം പാസാക്കിയത്. സംസ്ഥാനത്ത് കാര്‍ഷികവളര്‍ച്ച പ്രോത്സാഹിപ്പിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും പാരിസ്ഥിതിക വ്യവസ്ഥയുടെ സുസ്ഥിരത ഉറപ്പാക്കാനുമാണ് ഈ നിയമം ലക്ഷ്യമിട്ടത്.

സുചിന്തിതമായി തയ്യാറാക്കിയതും നിയമസഭ ചര്‍ച്ചചെയ്ത് ഏകകണ്ഠമായി പാസാക്കിയതുമായ ഈ നിയമത്തെ അട്ടിമറിക്കുന്നതിനാണ് ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പാടശേഖരങ്ങള്‍ വ്യവസായികാവശ്യത്തിനുപയോഗിക്കാമെന്ന വ്യവസായ വകുപ്പിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് 2008ലെ നിയമത്തിനു വിരുദ്ധമായി ഇപ്പോള്‍ മന്ത്രിസഭ തീരുമാനമെടുത്തത്. നെല്‍വയലുകള്‍ യഥേഷ്ടം രൂപാന്തരപ്പെടുത്തുന്നതിനുള്ള അനുവാദം നല്‍കുന്നതിനാണ് സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്. നെല്‍വയല്‍ കരഭൂമിയാക്കി റിസോര്‍ട്ടുകളും കെട്ടിടസമുച്ചയങ്ങളും ഫ്ളാറ്റുകളും കെട്ടിയുയര്‍ത്തുന്നതിനുള്ള നിയമവിരുദ്ധ നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ ഒത്താശനല്‍കുന്നു. ഇതുവഴി കോടിക്കണക്കിന് രൂപയുടെ അഴിമതിക്ക് കളമൊരുങ്ങുകയാണ്. കേരളത്തിന്റെ മുഖ്യമന്ത്രിതന്നെ ഈ അഴിമതിക്ക് ചുക്കാന്‍ പിടിക്കുന്നുവെന്നത് ആശങ്കയുളവാക്കുന്നതാണ്.

2012 ഫെബ്രുവരി ഏഴിലെ മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇതിന് ഏതാനും നാളുകള്‍മുമ്പ് 2011 ഡിസംബര്‍ 22ന് ആലപ്പുഴയില്‍ നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ ലഭിച്ച 27,000 അപേക്ഷകളില്‍ ആറായിരത്തിലധികവും കുട്ടനാട്ടിലെ പാടശേഖരങ്ങള്‍ നികത്തുന്നതിനുള്ളതാണ്. കുട്ടനാട് താലൂക്ക് ഓഫീസ് മുഖേനയും കാര്‍ത്തികപ്പള്ളി താലൂക്ക് ഓഫീസ് മുഖേനയും കലക്ടറേറ്റില്‍ നേരിട്ടും ലഭിച്ച ഈ അപേക്ഷകള്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ബിനാമികളായി നിന്ന് വന്‍കിട റിസോര്‍ട്ടുകള്‍ക്ക് ഭൂമികൈമാറുന്നതിനുള്ള വളഞ്ഞ വഴിയാണ്. കോടികളുടെ അഴിമതി മണക്കുന്ന നടപടികളാണ് ഇതിന്റെ മറവില്‍ അരങ്ങേറുന്നത്. കേരളത്തിന്റെ നെല്ലറകളായ കുട്ടനാട്ടിലെയും പാലക്കാടന്‍ പാടശേഖരങ്ങളുടെയും തൃശൂരിലെ കോള്‍ പാടങ്ങളുടെയും ഭൂവിസ്തൃതി കുറഞ്ഞുവരികയാണ്. വിഖ്യാത കൃഷിശാസ്ത്രജ്ഞന്‍ ഡോ. എം എസ് സ്വാമിനാഥന്റെ നേതൃത്വത്തിലുള്ള കമീഷന്റെ ശുപാര്‍ശകള്‍ക്കനുസൃതമായി രൂപപ്പെടുത്തിയ കുട്ടനാട് പാക്കേജിനെ അട്ടിമറിച്ച് കുട്ടനാടിനെ മുഴുവനായും ടൂറിസം മേഖലയാക്കി മാറ്റാനുള്ള അണിയറനീക്കങ്ങളാണ് നടക്കുന്നത്. ഇതുതന്നെയാണ് പാലക്കാടിന്റെയും തൃശൂരിന്റെയും കാര്യത്തിലും സംഭവിക്കുന്നത്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും കലവറകളായിരുന്ന നെല്‍വയലുകളെ സംരക്ഷിച്ച് കര്‍ഷകന് മാന്യമായി ജീവിക്കാന്‍ അവസരമൊരുക്കുന്നതിനുപകരം 1960ലെ കാര്‍ഷികബന്ധ നിയമവും 1963ലെ ഭൂപരിഷ്കരണ നിയമവും കര്‍ഷകവിരുദ്ധമായി ഭേദഗതിചെയ്യാനുള്ള ആലോചനകള്‍ നടക്കുന്നു. നെല്‍കര്‍ഷകനെ കടക്കെണിയിലാക്കി കൂട്ട ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നയപരിപാടികള്‍ അനുസ്യൂതം തുടരുന്നു.

നെല്‍വയലുകളും നീര്‍ത്തടങ്ങളും നഷ്ടപ്പെടുത്തുന്നത് കേവലം ഭക്ഷ്യധാന്യോല്‍പ്പാദനത്തിന്റെമാത്രം പ്രശ്നമല്ല. കാലാവസ്ഥാ വ്യതിയാനത്തിനും ആപല്‍ക്കരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും വഴിവയ്ക്കുന്ന ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. ഏറ്റവുമധികം മഴ ലഭിക്കുന്ന ഇടവപ്പാതിയില്‍ പോലും കൊടുംചൂടും വരള്‍ച്ചയും അനുഭവപ്പെടുന്നു. വരള്‍ച്ചയും ദാരിദ്ര്യവും വിലക്കയറ്റവും കാലാവസ്ഥാ വ്യതിയാനവുമെല്ലാം ചേര്‍ന്ന് കര്‍ഷകന്‍ എരിതീയില്‍നിന്ന് വറചട്ടിയിലേക്ക് എടുത്തെറിയപ്പെടുകയാണ്. കര്‍ഷകനെയും കൃഷിഭൂമിയെയും സംരക്ഷിക്കാനുള്ള നിയമനിര്‍മാണങ്ങള്‍, ഭൂപ്രകൃതിയും കാലാവസ്ഥയും സംരക്ഷിച്ച് നാടിന്റെയാകെ രക്ഷയ്ക്കുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളാണ് എന്ന തിരിച്ചറിവ് ഭരണാധികാരികള്‍ക്കുണ്ടാവണം. രാജ്യത്താകമാനം കൃഷിഭൂമി കര്‍ഷകരില്‍നിന്ന് റിയല്‍ എസ്റ്റേറ്റ് ലോബികളുടെ കൈകളിലേക്കെത്താന്‍ തുടങ്ങിയത് 1990 കളുടെ ആരംഭത്തോടെയാണ്. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് തുടക്കം കുറിച്ചപ്പോള്‍ കര്‍ഷകര്‍ക്കുള്ള സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുകയും കാര്‍ഷിക മേഖലയിലെ സര്‍ക്കാര്‍ നിക്ഷേപം കുറയ്ക്കുകയും ചെയ്തതിന്റെ ഭാഗമായി കര്‍ഷകന്‍ സ്വകാര്യബാങ്കുകളില്‍നിന്നും വട്ടിപ്പലിശയ്ക്ക് പണം കടംകൊടുക്കുന്നവരില്‍നിന്നും വായ്പയെടുക്കേണ്ടുന്ന സാഹചര്യം സംജാതമായി. തുടര്‍ന്ന് കടക്കെണിയില്‍പ്പെട്ട കര്‍ഷകര്‍, കൃഷിഭൂമി പെടാവിലയ്ക്ക് കൈമാറ്റംചെയ്യാന്‍ നിര്‍ബന്ധിതരായി. ഇത്തരം കൃഷിഭൂമികള്‍ വളരെവേഗം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തുടങ്ങി. ഇതിന്റെ ഫലമായി കൃഷിഭൂമിയുടെ വിനിയോഗരീതിക്ക് വളരെവേഗം മാറ്റം വരികയാണ്.

ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ കര്‍ഷകന്‍ കൈമാറ്റം ചെയ്യുന്ന കൃഷിഭൂമിയുടെ 50-60 ശതമാനവും കാര്‍ഷികാവശ്യങ്ങള്‍ക്കു തന്നെ ഉപയോഗിക്കുമ്പോള്‍ കേരളത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്ന ഭൂമി മുഴുവനും റിയല്‍ എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സാഹചര്യമാണുള്ളത്. ഇതിന്റെ ഫലമായി ഭക്ഷ്യധാന്യോല്‍പ്പാദനത്തിനുള്ള ഭൂവിസ്തൃതി ഉല്‍ക്കണ്ഠാജനകമാംവിധം കുറയുന്നു. ഇതിന് നിയന്ത്രണം കൊണ്ടുവരാനും അതിനായുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാനും ബാധ്യതപ്പെട്ട സര്‍ക്കാര്‍ നെല്‍വയലുകള്‍ നികത്തി കച്ചവടാവശ്യങ്ങള്‍ക്കും വ്യാവസായികാവശ്യങ്ങള്‍ക്കും വിനിയോഗിക്കാന്‍ യഥേഷ്ടം അവസരം നല്‍കുന്നു.

സംസ്ഥാനത്തെ ആകെ കൃഷിഭൂമിയുടെ വിസ്തൃതി 26,50,000 ഹെക്ടറാണ്. അതിന്റെ 12.43 ശതമാനമായ 2,13,185 ഹെക്ടര്‍മാത്രമാണ് നിലവില്‍ നെല്‍കൃഷിയുള്ളത്. ഉല്‍പ്പാദനക്ഷമതയില്‍ അഖിലേന്ത്യാ ശരാശരിയേക്കാള്‍ മുന്നിലാണെങ്കിലും പഞ്ചാബ്, ഹരിയാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാണ് കേരളം. അഖിലേന്ത്യാ ശരാശരിയേക്കാള്‍ ഇരട്ടി മഴ നമുക്ക് ലഭിക്കുന്നുണ്ട്. വര്‍ഷത്തില്‍ 3000 മില്ലീമീറ്റര്‍ മഴയാണ് കേരളത്തിന് ലഭിക്കുന്നത്. ഈ അനുകൂല സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തി ഏറ്റവും നല്ല വിത്തിനങ്ങളും ശാസ്ത്രീയ കൃഷിരീതികളും പ്രയോഗിച്ചിട്ടുപോലും കേരളത്തിലെ നെല്ലുല്‍പ്പാദനം വര്‍ഷം കഴിയുന്തോറും ഗണ്യമായി കുറയുന്നു. നമുക്കാവശ്യമായ ഭക്ഷ്യധാന്യത്തിന്റെ 15 ശതമാനം മാത്രമാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. ആളോഹരി ഭക്ഷ്യധാന്യോല്‍പ്പാദനത്തിന്റെ അഖിലേന്ത്യാ ശരാശരി 187 കി.ഗ്രാം ആണെങ്കില്‍ കേരളത്തില്‍ ഇത് 16 കി. ഗ്രാം മാത്രമാണ്. നിയമനിര്‍മാണ സഭകളിലും ഭരണരംഗത്തുമുള്ളവര്‍ ഗൗരവതരമായി കൈകാര്യം ചെയ്യേണ്ടതാണ് ഈ വിഷയം. അവശേഷിക്കുന്ന നെല്‍വയലുകളുടെ ഓരോ തുണ്ടും സംരക്ഷിക്കപ്പെടണം. നെല്‍കൃഷിയെ എല്ലാ ആനുകൂല്യങ്ങളും നല്‍കി സംരക്ഷിക്കണം. നമ്മുടെ അന്നദാതാവായ നെല്‍കര്‍ഷകന് അംഗീകാരവും പ്രോത്സാഹനവും നല്‍കണം.

വളം സബ്സിഡിയും പലിശരഹിത വായ്പയും നല്‍കുകയും വിപണിയില്‍ അരിക്ക് ലഭിക്കുന്ന വിലയ്ക്കനുസരിച്ച് വിലനല്‍കി കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കുകയും വേണം. പാടത്ത് കര്‍ഷകന്റെ കണ്ണീര് വീഴാതിരിക്കാനും ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും അതുവഴി പത്തായപ്പുരകള്‍ നിറയ്ക്കാനും കഴിയണം. നെല്‍വയലുകള്‍ യഥേഷ്ടം നികത്തി കേരളത്തിന്റെ കാര്‍ഷിക സംസ്കൃതിയെ ഇല്ലാതാക്കാനും അന്നം മുട്ടിക്കാനുമുള്ള നീക്കങ്ങള്‍ക്കാണ് യുഡിഎഫ് സര്‍ക്കാര്‍ മുതിരുന്നത്. നെല്‍വയലിന്റെ രോദനവും കര്‍ഷകന്റെ വിലാപവും ബധിരകര്‍ണങ്ങളിലാണ് പതിക്കുന്നത്. നെല്‍കര്‍ഷകരെയും നെല്‍വയലുകളെയും ഇല്ലായ്മചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ട സമയമാണിത്.

*
ഇ പി ജയരാജന്‍ ദേശാഭിമാനി 04 ആ‍ഗസ്റ്റ് 2012

No comments: