Friday, August 10, 2012

ഹര്‍ ഹാത്ത് മേം ഫോണ്‍, ഹമാരാ ബോക്‌സ് മേം വോട്ട്

റൊട്ടിയില്ലെങ്കില്‍ അവറ്റകള്‍ക്ക് കേക്ക് തിന്നുകൂടെ എന്നു ചോദിച്ചത് ഫ്രാന്‍സിലെ പഴയ ചക്രവര്‍ത്തിനി മരിയ അന്റോണിയറ്റ് ആയിരുന്നു. ആ ചക്രവര്‍ത്തിനിയും അവരുടെ സിംഹാസനങ്ങളും മരിച്ചു മണ്ണടിഞ്ഞെങ്കിലും ഇന്നും ബൂര്‍ഷ്വാ ഭരണാധികാരികളെ ആ ചിന്തയുടെ പ്രേതം ആവാഹിക്കാറുണ്ട്. ഇന്ത്യാ ഗവണ്‍മെന്റ് അത്തരം പ്രേതബാധയേറ്റ് ഉറഞ്ഞുതുള്ളുന്ന കാഴ്ച പലപ്പോഴും ജനങ്ങള്‍ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ അവര്‍ ചോദിക്കുന്നു, ''ഭക്ഷണമില്ലെങ്കിലെന്ത്? അവറ്റകള്‍ക്ക് മൊബൈല്‍ ഫോണ്‍ കൊടുക്കാമല്ലോ'', എന്ന്.
സ്വാതന്ത്ര്യത്തിന്റെ 65-ാം വാര്‍ഷികം പ്രമാണിച്ച് യു പി എ ഗവണ്‍മെന്റ് കരുതിവച്ചിരിക്കുന്ന 'വന്‍ജന പ്രിയ' പദ്ധതിയാണ് ഈ സൗജന്യ മൊബൈല്‍ ഫോണ്‍ ദാനം. 7000 കോടി രൂപയാണ് ഇതിന് സര്‍ക്കാര്‍ കണക്കുകൂട്ടുന്ന ചിലവ്. ഈ പദ്ധതിക്കുവേണ്ടി ദാരിദ്ര്യരേഖയുടെ വര സര്‍ക്കാര്‍ വീണ്ടും മാറ്റിവരച്ചിരിക്കുന്നു. പുതിയ വരകള്‍ പ്രകാരം 60 ലക്ഷം കുടുംബങ്ങളാണത്രെ വരയ്ക്കു താഴെയുള്ളത്. അവയിലെ പ്രായപൂര്‍ത്തിയായ അംഗങ്ങളുടെ എണ്ണം ഇരുപത്തെട്ടുകോടിയെന്നും ഇവര്‍ കണക്കെടുത്തുകഴിഞ്ഞു. അവര്‍ക്കെല്ലാം ഓഗസ്റ്റ് 15 മുതല്‍ മൊബൈല്‍ ഫോണ്‍ കിട്ടിത്തുടങ്ങും. കൗമാരപ്രായക്കാരെ ആകര്‍ഷിക്കുവാന്‍വേണ്ടി ചില മൊബൈല്‍ കമ്പനികള്‍ പറഞ്ഞ പരസ്യവാചകം ''സ്വാതന്ത്ര്യം ആഘോഷിക്കൂ'' എന്നായിരുന്നു. അത് കടം വാങ്ങി ഇന്ത്യാ ഗവണ്‍മെന്റും നാട്ടിലെ പട്ടിണിപ്പാവങ്ങളോട് പറയുന്നു, മൊബൈല്‍ ഫോണ്‍ വാങ്ങി സ്വാതന്ത്ര്യം ആഘോഷിക്കൂ എന്ന്. ഓരോ ഫോണിനും 200 മിനിറ്റ് സൗജന്യ സംഭാഷണത്തിനും സൗകര്യമുണ്ടാകുമത്രേ. സ്വാതന്ത്ര്യം സമ്പൂര്‍ണമാകാന്‍ ഇതില്‍പരം എന്തുവേണമെന്നാവും സര്‍ക്കാരിന്റെ ചോദ്യം!

എല്ലാവര്‍ക്കും ഭക്ഷണം നല്‍കുന്ന ഭക്ഷ്യസുരക്ഷാ നിയമത്തെപ്പറ്റി കുറെക്കാലമായി രാജ്യം കേള്‍ക്കുന്നു. ദുര്‍ബലമായൊരു ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയിലാണെന്നും പറഞ്ഞുകേള്‍ക്കുന്നു. പക്ഷേ, ആ നിയമം ഇന്നോളം പ്രാവര്‍ത്തികമായില്ല. പണമില്ലാത്തതാണ് കാരണമെന്ന് സോണിയാ ഗാന്ധിയും കൂട്ടരും പരിതപിക്കുന്നതും ജനങ്ങള്‍ കേട്ടു. ഭക്ഷണം കൊടുക്കാന്‍ പണമില്ലെങ്കിലും മൊബൈല്‍ ഫോണ്‍ കൊടുക്കാന്‍ പണമുണ്ടാക്കണമെന്ന നിര്‍ബന്ധബുദ്ധിയുടെ പുറകില്‍ ഒരു രാഷ്ട്രീയമുണ്ട്. വലതുപക്ഷത്തിന്റെ വികസനസങ്കല്‍പങ്ങളുമായി ആ രാഷ്ട്രീയത്തിന് പൊക്കിള്‍ക്കൊടി ബന്ധമുണ്ട്. സമൂഹത്തിലെ ഏറ്റവും പാവങ്ങളെ അവരുടെ ജീവിത പ്രയാസങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ വിടാതെ തങ്ങള്‍ നിശ്ചയിക്കുന്ന ആശയലോകത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകലാണ് അവരുടെ ലക്ഷ്യം. അറുപതുലക്ഷം കുടുംബങ്ങളിലെ 28 കോടി മനുഷ്യരുമായി സര്‍ക്കാരിന് നേരിട്ടു ബന്ധം സ്ഥാപിക്കണമത്രെ. യു പി എയുടെ സന്ദേശങ്ങള്‍ എസ് എം എസ് ആയും ശബ്ദതരംഗങ്ങളായും ജനങ്ങളിലേക്കെത്തിക്കാന്‍ സര്‍ക്കാരിന് പദ്ധതികളുണ്ട്.
വിശക്കുന്ന വയറുകള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ 4.5 ലക്ഷം കോടിയാണ് അഞ്ച് വര്‍ഷത്തേയ്ക്ക് ചെലവ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രതിവര്‍ഷം 95000 കോടി ആവുമെന്നര്‍ഥം. ആ പണം കണ്ടെത്താന്‍ കഴിയാത്ത ഗവണ്‍മെന്റ് അതിസമ്പന്നന്മാരായ ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്ക് ദാനം കൊടുത്ത സംഖ്യ കഴിഞ്ഞ നാലുവര്‍ഷങ്ങളില്‍ 24.5 ലക്ഷം കോടിയാണെന്ന് അറിയുമ്പോള്‍ വലതുപക്ഷ ഗവണ്‍മെന്റുകളുടെ വികസന നയത്തിന്റെ വിശ്വരൂപമാണ് നമ്മള്‍ കാണുന്നത്. ഇരുണ്ട വഴികളിലൂടെ രാജ്യത്തുനിന്നും കടല്‍കടന്നുപോയ ദശലക്ഷക്കണക്കിന് കോടികളുടെ കൃത്യമായ കണക്കുപോലും അധികാരികള്‍ക്ക് അറിയില്ല.

സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന ലക്ഷ്യം എല്ലാവര്‍ക്കും ഭക്ഷണവും പാര്‍പ്പിടവും വിദ്യാഭ്യാസവും ആണെന്നാണ് ഗാന്ധിജി പഠിപ്പിച്ചത്. പൂര്‍ണ സ്വരാജിന്റെ വികസന തന്ത്രവും അതായിരിക്കുമെന്ന് ജനങ്ങള്‍ വ്യാമോഹിച്ചുപോയി. എന്നാല്‍ ആഗോളവല്‍ക്കരണത്തിന്റെ നടത്തിപ്പുകാരായി മാറിയ അഭിനവ കോണ്‍ഗ്രസ് നേതാക്കള്‍ ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും നല്‍കാതെ മൊബൈല്‍ ഫോണ്‍ നല്‍കലാണ് പൂര്‍ണസ്വരാജെന്ന് കണ്ടെത്തിയിരിക്കുന്നു. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അവര്‍ പുത്തന്‍ മൊബൈല്‍ സ്വരാജ് പൂര്‍ത്തിയാക്കാന്‍ ഓടുകയാണ്. അതോടൊപ്പം രാജ്യത്തെ 2,50,000 പഞ്ചായത്തുകളേയും ഇന്റര്‍നെറ്റിലൂടെ ബന്ധപ്പെടുത്തുന്ന ഒരു പദ്ധതിയും അവര്‍ കരുപ്പിടിപ്പിക്കുന്നു. പഞ്ചായത്തുകള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടാകുന്നത് തെറ്റാണെന്ന് ആരും പറയുകയില്ല. എന്നാല്‍ 28 ലക്ഷം മൊബൈല്‍ ഫോണിന്റേയും 2,50,000 ഇന്റര്‍നെറ്റ് കണക്ഷന്റേയും പേരില്‍ കോണ്‍ഗ്രസ് ഉപശാലകളില്‍ ഇപ്പോള്‍ത്തന്നെ കൂട്ടലും കിഴിക്കലും ആരംഭിച്ചുകാണും. ടുജി സ്‌പെക്ട്രവും എസ്ബാന്‍ഡ് അഴിമതിയും, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയും കേട്ടുതഴമ്പിച്ച രാജ്യത്തിന്റെ കാതുകളിലേക്ക് പുതിയ അഴിമതിക്കഥകളും ഇതിന്റെ പേരില്‍ നാളെ വന്നുവീണുകൂടെന്നില്ല.

തിരഞ്ഞെടുപ്പിന്റെ തലേന്നുവരെ നടത്താന്‍ മറന്നുപോയ അത്തരം കാര്യങ്ങള്‍ വോട്ടുകാലം വരുമ്പോള്‍ ഓര്‍ക്കുന്നത് എന്തിനുവേണ്ടിയാണെന്ന് എല്ലാവര്‍ക്കും മനസിലാകും. ഗരീബി ഹഠാവോ, ബേക്കാരി ഹഠാവോ  തുടങ്ങിയ മുദ്രാവാക്യങ്ങളെ വോട്ടുവിജയത്തിന്റെ മന്ത്രമാക്കി മാറ്റിയ പാരമ്പര്യമുണ്ട് കോണ്‍ഗ്രസിന്. വോട്ടുകഴിഞ്ഞപ്പോള്‍ അവ കൃത്യമായി മറക്കാനും കോണ്‍ഗ്രസ് മറന്നില്ല. 2014 ലെ കോണ്‍ഗ്രസിന്റെ ഇലക്ഷന്‍ മുദ്രാവാക്യം ''ഹര്‍ ഹാത്ത് മേം ഫോണ്‍'' എന്നതായിരിക്കുമത്രേ. ഇതുപോലൊരു പദ്ധതിയും അതിനിണങ്ങുന്ന മുദ്രാവാക്യവും കണ്ടെത്തിയതില്‍ കോണ്‍ഗ്രസിലെ പ്രചാരണ മാനേജര്‍മാര്‍ക്ക് ഊറ്റംകൊള്ളാം. കൈപ്പത്തി ചിഹ്നത്തോടൊപ്പം ഹര്‍ ഹാത്ത് മേം ഫോണ്‍ (ഓരോ കൈയ്യിലും ഫോണ്‍) എന്നതിനോടൊപ്പം ഹമാരാ ബോക്‌സ് മേം വോട്ട് (ഞങ്ങളുടെ പെട്ടിയില്‍ വോട്ട്) എന്നുകൂടി എഴുതിവയ്ക്കുമെങ്കില്‍ കഥ പൂര്‍ത്തിയായി.

*
ജനയുഗം മുഖപ്രസംഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

റൊട്ടിയില്ലെങ്കില്‍ അവറ്റകള്‍ക്ക് കേക്ക് തിന്നുകൂടെ എന്നു ചോദിച്ചത് ഫ്രാന്‍സിലെ പഴയ ചക്രവര്‍ത്തിനി മരിയ അന്റോണിയറ്റ് ആയിരുന്നു. ആ ചക്രവര്‍ത്തിനിയും അവരുടെ സിംഹാസനങ്ങളും മരിച്ചു മണ്ണടിഞ്ഞെങ്കിലും ഇന്നും ബൂര്‍ഷ്വാ ഭരണാധികാരികളെ ആ ചിന്തയുടെ പ്രേതം ആവാഹിക്കാറുണ്ട്. ഇന്ത്യാ ഗവണ്‍മെന്റ് അത്തരം പ്രേതബാധയേറ്റ് ഉറഞ്ഞുതുള്ളുന്ന കാഴ്ച പലപ്പോഴും ജനങ്ങള്‍ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ അവര്‍ ചോദിക്കുന്നു, ''ഭക്ഷണമില്ലെങ്കിലെന്ത്? അവറ്റകള്‍ക്ക് മൊബൈല്‍ ഫോണ്‍ കൊടുക്കാമല്ലോ'', എന്ന്.