Monday, August 13, 2012

കള്ളപ്പണക്കാരുടെ വിടുവേല

കൂറ്റന്‍ അഴിമതികളിലൂടെ സമ്പാദിക്കുന്ന പണം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാവുകയാണെന്ന് സിപിഐ എം പലവുരു ചുണ്ടിക്കാട്ടിയതാണ്. എല്ലാറ്റിലും മുകളില്‍ പണം സ്ഥാപിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന വിപത്ത് സിപിഐ എം ഇരുപതാം പാര്‍ടി കോണ്‍ഗ്രസ് ഗൗരവത്തോടെ ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്ട്രീയവും രാഷ്ട്രീയ സംവിധാനവും നവഉദാരവല്‍ക്കരണത്തിന്റെ പ്രത്യക്ഷത്തിലുള്ള പ്രത്യാഘാതമാണ് ഇതിലൂടെ അനുഭവിക്കുന്നത്. വന്‍കിട ബിസിനസുകാരും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധസഖ്യം കൂടുതല്‍ ദൃഢമായി. തെരഞ്ഞെടുപ്പുകളില്‍ പണക്കൊഴുപ്പിന്റെ കുത്തൊഴുക്കുണ്ടാകുന്നു. വന്‍കിട പണക്കാര്‍, സംവിധാനത്തെയാകെ അഴിമതിയില്‍പ്പെടുത്തുകയാണ്. ബൂര്‍ഷ്വാ പാര്‍ടികള്‍ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നതുപോലും സമ്പാദ്യത്തിന്റെ കനംനോക്കിയാണ്. വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്നത് പലേടത്തും അംഗീകൃത രീതിയായി. ഇത് ജനാധിപത്യ സമ്പ്രദായത്തിനുതന്നെ ഗുരുതരമായ വിപത്തായിരിക്കുന്നു. രാഷ്ട്രീയത്തിലെയും തെരഞ്ഞെടുപ്പുകളിലെയും പണക്കൊഴുപ്പിനെതിരെ വിപുലമായ പ്രചാരണം സംഘടിപ്പിക്കാനാണ് പാര്‍ടി കോണ്‍ഗ്രസ് ആഹ്വാനംചെയ്തത്. വന്‍കിട ബിസിനസുകാര്‍ പൊതുനയ രൂപീകരണത്തെ തകിടം മറിക്കുന്നതും ബൂര്‍ഷ്വാ പാര്‍ടികള്‍ അതിന് പശ്ചാത്തലമൊരുക്കുന്നതും തുറന്നുകാണിക്കപ്പെടണമെന്നും പാര്‍ടി വ്യക്തമാക്കി.

നവലിബറല്‍ കാഴ്ചപ്പാടും പണക്കൊഴുപ്പും പാര്‍ലമെന്ററി ജനാധിപത്യത്തെ ക്ഷയിപ്പിക്കുന്നു. മാഫിയാ ഗ്രൂപ്പുകള്‍ ശക്തിപ്പെടുന്നു. കുറ്റകൃത്യങ്ങളിലൂടെയും പണം ഉപയോഗിച്ചും ജനാധിപത്യത്തെ തകിടം മറിക്കുന്നു. അധ്വാനിക്കുന്ന ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്കെതിരെ സമ്മതി നിര്‍മിക്കുന്നതിന് കോര്‍പറേറ്റ് മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നതിന്റെ വിപത്തും പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാട്ടി. ഇന്ത്യക്കാരുടെ വിദേശ രാജ്യങ്ങളിലെ കള്ളപ്പണനിക്ഷേപം പുറത്തുകൊണ്ടുവരണമെന്നതും കള്ളപ്പണത്തിന്റെ വ്യാപനത്തിനെതിരെ കര്‍ക്കശ നടപടിയെടുക്കണമെന്നതും പാര്‍ടി നിരന്തരമായി ഉയര്‍ത്തുന്ന ആവശ്യങ്ങളാണ്. അതാകട്ടെ, മൂലധനശക്തികളെയും അവയുമായി സന്ധിചെയ്ത ഭരണാധികാരി വര്‍ഗത്തെയും കഠിനമായി അലോസരപ്പെടുത്തുന്നതാണ്.

കോര്‍പറേറ്റുകളില്‍നിന്ന് ഏറ്റവും കൂടുതല്‍ സംഭാവന സ്വീകരിക്കുന്ന പാര്‍ടിയാണ് സിപിഐ എം എന്നും പണം നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമായി വച്ചിരിക്കുകയാണെന്നും "ടൈംസ് ഓഫ് ഇന്ത്യ";എന്ന പത്രം കഴിഞ്ഞ ദിവസം എഴുതിയ വാര്‍ത്ത അത്തരം ഒരലോസരത്തിന്റെ ഉല്‍പ്പന്നമാണ്. ഒരു കോര്‍പറേറ്റില്‍നിന്നും സംഭാവന വാങ്ങുന്ന പാര്‍ടിയല്ല സിപിഐ എം; ഇരുപതിനായിരം രൂപയ്ക്കുമേല്‍ സംഭാവന നല്‍കുന്ന വ്യക്തികളുടെയും സംഘടനകളുടെയും കമ്പനികളുടെയും പേരുകള്‍ ഉള്‍പ്പെടെ ഓഡിറ്റുചെയ്ത കണക്കുകള്‍ ആദായനികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമീഷനും യഥാസമയം നല്‍കാറുള്ള പാര്‍ടിയാണ്. ആദായനികുതി നിയമത്തിന്റെയും ജനപ്രാതിനിധ്യനിയമത്തിന്റെയും അടിസ്ഥാനത്തില്‍ നല്‍കുന്ന ഈ കണക്കുകള്‍ക്ക് പാര്‍ടി ഒരുതരത്തിലുള്ള രഹസ്യ സ്വഭാവവും കല്‍പ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ, പാര്‍ടിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ കണക്ക് പ്രസിദ്ധീകരിക്കുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രഖ്യാപിച്ചിരിക്കുന്നു.

സിപിഐ എമ്മിന് അതിന്റെ അംഗങ്ങള്‍ വരുമാനത്തിലെ ഒരു പങ്ക് ലെവിയായി നല്‍കുന്നുണ്ട്. പാര്‍ടിയുടെ ആകെ വരുമാനത്തിന്റെ നാല്‍പ്പതുശതമാനത്തോളം ലെവിയിലൂടെയാണ്. അതിനുപുറമെ മെമ്പര്‍ഷിപ്പ് വരിസംഖ്യ, പ്രസിദ്ധീകരണങ്ങളില്‍നിന്നുള്ള വരുമാനം. താല്‍ക്കാലിക നിക്ഷേപങ്ങളില്‍നിന്നുള്ള പലിശ ഇതിനു പുറമെ. പാര്‍ടിക്ക് അതിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും സമര- സംഘടനാ പ്രവര്‍ത്തനങ്ങളും നടത്താന്‍ ജനങ്ങളാണ് സംഭാവന നല്‍കുന്നത്. കോര്‍പറേറ്റുകളുടെ ആനുകൂല്യം പറ്റാന്‍ തീരുമാനിച്ചിരുന്നുവെങ്കില്‍, ജനങ്ങള്‍ക്കുമുന്നില്‍ സംഭാവനയ്ക്കുവേണ്ടി ചെല്ലാനും ഏറ്റവും ചെറിയ തുകയടക്കം അവരില്‍നിന്ന് സമാഹരിക്കാനും സിപിഐ എം തയ്യാറാകേണ്ടതുതന്നെയില്ല. പാവപ്പെട്ട ജനങ്ങളില്‍നിന്ന് പിരിച്ചെടുക്കുന്ന ചെറിയ തുകകളാണ് പാര്‍ടിയുടെ വരുമാനം. പിരിച്ചെടുക്കുന്ന തുകയുടെ രസീതുകള്‍ പാര്‍ടി ഘടകങ്ങള്‍ സൂക്ഷിക്കാറുമുണ്ട്. ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ടികളും പല കാരണങ്ങള്‍ പറഞ്ഞ് ജനങ്ങളില്‍നിന്ന് പണം പിരിക്കാറുണ്ട്. അവ യഥാര്‍ഥ ലക്ഷ്യങ്ങള്‍ക്കല്ല പലപ്പോഴും ഉപയോഗിക്കപ്പെടാറുള്ളത്. സിപിഐ എം പാര്‍ടി ഓഫീസോ സ്മാരകമോ നിര്‍മിക്കാന്‍ പണം പിരിച്ചാല്‍ നിര്‍മാണം നടന്നിരിക്കും. കുടുംബ സഹായനിധി സ്വരൂപിച്ചാല്‍ മുഴുവന്‍ തുകയും ബന്ധപ്പെട്ട കുടുംബത്തിന് ലഭിച്ചിരിക്കും. കോണ്‍ഗ്രസില്‍ അതല്ല അവസ്ഥ. തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്തത് സിപിഐ എം ചെയ്ത് കാണിക്കുമ്പോഴുള്ള അനല്‍പ്പമായ അസൂയയും കുശുമ്പുമാണ് പാര്‍ടി ഓഫീസുകളായും മറ്റും സിപിഐ എം ആര്‍ജിച്ച സ്വത്തിനെക്കുറിച്ച് അപവാദ പ്രചാരണം നടത്താന്‍ എതിരാളികളെ പ്രേരിപ്പിക്കുന്നത്.

ആ പ്രചാരണത്തിന്റെ ഉയര്‍ന്ന രൂപമാണ്, ടൈംസ് ഓഫ് ഇന്ത്യയിലെ വാര്‍ത്ത. "സിപിഐ എമ്മിന്റെ പേഴ്സ് മുതലാളിത്തപണം നിറഞ്ഞ് വീര്‍ത്തിരിക്കുന്നു"വെന്നാണ് ആ പത്രം പറയുന്നത്. സിപിഐ എമ്മിന് എന്തെങ്കിലും സ്വത്തുണ്ടെങ്കില്‍, അതിന്റെ ഗന്ധം ഇന്നാട്ടിലെ സാധാരണ ജനങ്ങളുടെ വിയര്‍പ്പിന്റേതാണെന്ന് വിവേകിച്ചറിയാനുള്ള ബുദ്ധി അധികാര- മൂലധന ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന ഉത്തരേന്ത്യന്‍ മാധ്യമക്കുത്തകയില്‍ പ്രതീക്ഷിക്കേണ്ടതില്ല. ആന്ധ്രപ്രദേശില്‍ ഇരുപതിനായിരം രൂപയില്‍ കൂടുതല്‍ സംഭാവന വാങ്ങിയത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍, എത്ര ചെറിയ തുകയായാലും കമ്പനികളില്‍നിന്ന് സംഭാവന സ്വീകരിക്കരുതെന്ന് തീരുമാനമെടുത്ത പാര്‍ടിയെക്കുറിച്ച്, കോര്‍പറേറ്റുകളുടെ പണംപറ്റി കീശ നിറയ്ക്കുന്നു എന്ന് ആരോപണമുന്നയിക്കാന്‍ ആരു തയ്യാറായാലും, അവര്‍ ഈ നാട്ടിലെ ഇടതുപക്ഷാഭിമുഖ്യം തകര്‍ക്കാന്‍ കരാറെടുത്തവരാകാനേ തരമുള്ളൂ. ടൈസ് ഓഫ് ഇന്ത്യയെ ആ ഗണത്തില്‍പെടുത്താന്‍ എല്ലാ ഭൗതിക സാഹചര്യങ്ങളും ഉണ്ടുതാനും.

ഒരു പത്രം വ്യാജ വാര്‍ത്ത കൊടുത്തതുകൊണ്ട് സിപിഐ എമ്മിന് വിശേഷിച്ച് ഒന്നും സംഭവിക്കാനില്ല. അധികാരിവര്‍ഗവും മൂലധനശക്തികളും തമ്മിലുള്ള അവിഹിത സമാഗമത്തിന് ചൂട്ടുപിടിച്ചുകൊടുക്കുന്നവരും അവിഹിതമായ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കായി ആര്‍ത്തിപിടിക്കുന്നവരും പണത്തിന് പകരം വാര്‍ത്ത നല്‍കുന്നവരും സര്‍ക്കുലേഷന്‍ തട്ടിപ്പുകാരും വൈദ്യുതി മോഷ്ടാക്കളുമായ ബൂര്‍ഷ്വാ മാധ്യമങ്ങളുടെ വിശ്വാസ്യതയെ കൂടുതല്‍ ചവിട്ടിത്താഴ്ത്താനേ ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്ത ഉപകരിക്കൂ. എങ്കിലും അവര്‍ പുറത്തുവിടുന്ന ഇത്തരം വ്യാജകഥകള്‍ കുറെയേറെ ജനങ്ങളെ തെറ്റിദ്ധാരണയില്‍ കുരുക്കിയിടും. അതിന്റെ ദുഷ്ടലക്ഷ്യം മനസിലാക്കി പ്രതികരിക്കുക എന്നതാണ് ജനാധിപത്യത്തെ അല്‍പ്പമെങ്കിലും മാനിക്കുന്ന പൗരന്മാരുടെ കടമ. കള്ളപ്പണത്തിനും ജനാധിപത്യ ധ്വംസനത്തിനും സഹായംചെയ്യുക എന്ന ഉദ്ദേശ്യത്തോടെ വന്‍കിട പത്രമായ ടൈംസ് ഓഫ് ഇന്ത്യ ഉയര്‍ത്തിയ ആരോപണങ്ങളുടെ കാപട്യവും അര്‍ഥശൂന്യതയും അതുകൊണ്ടുതന്നെ കൂടുതല്‍ ജനവിഭാഗങ്ങളിലേക്ക് എത്തേണ്ടതുണ്ട്.

*
ദേശാഭിമാനി മുഖപ്രസംഗം 13 ആഗസ്റ്റ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...