Tuesday, August 21, 2012

ഹിമാലയന്‍ കൊള്ള

യുപിഎ സര്‍ക്കാരിന്റെ ഭരണത്തില്‍ സുനാമിത്തിരകളെപ്പോലെ, വന്‍ അഴിമതികള്‍ ഒന്നൊന്നായി ആര്‍ത്തലച്ചുവരികയാണ്. വെള്ളിയാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭയിലും വച്ച മൂന്ന് സിഎജി റിപ്പോര്‍ട്ടുകള്‍ 3.8 ലക്ഷം കോടിയുടെ പൊതുസ്വത്ത് സ്വകാര്യ കമ്പനികള്‍ വെട്ടിവിഴുങ്ങിയതിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. പ്രകൃതിവിഭവമായ കല്‍ക്കരിയും ഭൂമിയും സ്വകാര്യകമ്പനികള്‍ക്ക് വഴിവിട്ട് നല്‍കിയതിനാല്‍ സര്‍ക്കാരിന് ലഭിക്കേണ്ട 3.8 ലക്ഷം കോടി രൂപ നഷ്ടമായെന്ന് സിഎജി സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഊര്‍ജ ഉല്‍പ്പാദനത്തിന് അവശ്യം വേണ്ട ഇന്ധനമായ കല്‍ക്കരി ലേലംകൂടാതെ റിലയന്‍സ് പവറിനും എസ്സാറിനും മറ്റും നല്‍കുക വഴി 1.86 ലക്ഷം കോടി രൂപ നഷ്ടമായെന്നാണ് ഒരു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

2004നും 2009നും ഇടയിലാണ് 142 കല്‍ക്കരി പാടങ്ങള്‍ നല്‍കിയത്. ഇതില്‍ 57 എണ്ണം സ്വകാര്യ മേഖലയ്ക്കാണ്. ലേലം കൂടാതെ നല്‍കുന്നത് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് അന്നത്തെ കല്‍ക്കരിവകുപ്പ് സെക്രട്ടറിയും കേന്ദ്ര നിയമ മന്ത്രാലയവും തുടര്‍ച്ചയായി അഭിപ്രായപ്പെട്ടെങ്കിലും പ്രധാനമന്ത്രികാര്യാലയം അത് ചെവിക്കൊണ്ടില്ല. ലേലത്തിലൂടെ നല്‍കണമെങ്കില്‍ ഖനി-ധാതുലവണ (വികസന- നിയന്ത്രണ) നിയമം ഭേദഗതി ചെയ്യണമെന്നും അതിന് കാലതാമസം എടുക്കുമെന്നും പറഞ്ഞാണ് ലേലമില്ലാതെ കല്‍ക്കരിപ്പാടങ്ങള്‍ തുച്ഛവിലയ്ക്ക് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയത്. ഭരണവിഭാഗത്തിന്റെ തീരുമാനത്തോടെ ലേലംചെയ്യാമെന്ന് ആദ്യം നിയമമന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നു. പിന്നീടാണ് പലവിധ സമ്മര്‍ദങ്ങള്‍ക്ക് വിധേയമായി നിയമത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യം നിയമമന്ത്രാലയം മുന്നോട്ടുവയ്ക്കുന്നത്. 2006ല്‍ തന്നെ നിയമത്തില്‍ മാറ്റം വരുത്തണമെന്ന നിര്‍ദേശം നല്‍കിയെങ്കിലും പ്രധാനമന്ത്രിയുടെ കീഴിലുള്ള കല്‍ക്കരിമന്ത്രാലയം ഒരു നടപടിയും കൈക്കൊണ്ടില്ല. ഈ വര്‍ഷം ഫെബ്രുവരിയില്‍ മാത്രമാണ് നിയമത്തില്‍ മാറ്റം വരുത്തി വിജ്ഞാപനം പുറത്തിറക്കുന്നത്.

ലേലത്തിലൂടെ കല്‍ക്കരി പാടങ്ങള്‍ വില്‍ക്കാന്‍ തീരുമാനമെടുക്കുന്നതിനുള്ള കാലതാമസം വഴിയാണ് സ്വകാര്യമേഖലയ്ക്ക് 1.86 ലക്ഷം കോടിയുടെ ലാഭം നേടാനായതെന്നാണ് സിഎജി റിപ്പോര്‍ട്ടിന്റെ രത്നച്ചുരുക്കം. മധ്യപ്രദേശില 4000 മെഗാവാട്ട് സസന്‍ വൈദ്യുത പദ്ധതിക്ക് അനുവദിച്ച മൂന്ന് കല്‍ക്കരിപ്പാടങ്ങള്‍, കരാറിന് വിരുദ്ധമായി റിലയന്‍സ് പവറിന് ഉപയോഗിക്കാന്‍ അനുവദിച്ചത് വഴി 29033 കോടി രൂപയാണ് അനില്‍ അംബാനിക്ക് തട്ടിയെടുക്കാന്‍ കഴിഞ്ഞതെന്നാണ് വന്‍കിട വൈദ്യുത പദ്ധതികളെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് പറയുന്നത്.

ന്യൂഡല്‍ഹി അന്താരാഷ്ട്രവിമാനത്താവള നവീകരണത്തിന്റെ മറവില്‍, 1.63 ലക്ഷം കോടി രൂപ വരുമാനമുണ്ടാക്കിവരുന്ന വിധത്തില്‍ വിമാനത്താവളത്തിലെ 239.95 ഏക്കര്‍ ഭൂമി തുച്ഛമായ തുകയ്ക്ക് ജിഎംആര്‍ ഗ്രൂപ്പിന് നല്‍കിയതിനെ തുറന്നുകാണിക്കുന്നതാണ് സിഎജിയുടെ മൂന്നാമത്തെ റിപ്പോര്‍ട്ട്.

അതായത് രാജ്യത്തിന്റെ വികസനത്തിന് ഉപയോഗിക്കേണ്ട പണമാണ് റിലയന്‍സ് ഉള്‍പ്പെടെയുള്ള കോര്‍പറേറ്റുകളുടെ കീശയിലേക്ക് ഒഴുകിയത്. മൂന്ന് അഴിമതി ഇടപാടുകളിലുമായി കോര്‍പറേറ്റുകള്‍ അന്യായമായി കൈക്കലാക്കിയ തുക രാജ്യത്തിന്റെ ആരോഗ്യ ബജറ്റിന്റെ 16 ഇരട്ടിയോളം വരും. വിദ്യാഭ്യാസത്തിന്റെ എട്ടിരട്ടിയും. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കാന്‍ ഈ തുകയുടെ മൂന്നിലൊന്ന് മതിയെന്നതും ശ്രദ്ധേയമാണ്.

ഞങ്ങള്‍ പലവട്ടം ചൂണ്ടിക്കാട്ടിയതുപോലെ മന്‍മോഹന്‍സിങ് 1991ല്‍ സാമ്പത്തിക ഉദാരവല്‍ക്കരണ നയം ഉദ്ഘാടനംചെയ്തതോടെയാണ് രാഷ്ട്രസമ്പത്തായ പ്രകൃതിവിഭവങ്ങള്‍ സ്വകാര്യ കോര്‍പറേറ്റുകള്‍ തട്ടിയെടുക്കാന്‍ തുടങ്ങിയത്. അഴിമതിക്ക് അടിസ്ഥാനം ലൈസന്‍സ്- പെര്‍മിറ്റ് രാജാണ് എന്നും അത് അവസാനിപ്പിച്ചാല്‍ അഴിമതി കുറയ്ക്കാന്‍ കഴിയുമെന്നുമായിരുന്നു മന്‍മോഹന്‍സിങ് ഉള്‍പ്പെടെയുള്ള എല്‍പിജി (ലിബറലൈസേഷന്‍, പ്രൈവറ്റൈസേഷന്‍, ഗ്ലോബലൈസേഷന്‍) നയക്കാര്‍ പറഞ്ഞത്. രാഷ്ട്രത്തിന്റെ പൊതുസ്വത്ത് കോര്‍പറേറ്റുകള്‍ക്ക് വാരിക്കോരി നല്‍കിയാല്‍ ഉല്‍പ്പാദനവും തൊഴിലും വര്‍ധിക്കുമെന്നും അതുവഴി സമൂഹം പുരോഗതിയിലേക്ക് കുതിക്കുമെന്നും ഇക്കൂട്ടര്‍ പ്രചരിപ്പിച്ചു. പുരോഗതിക്ക് പകരം അഴിമതിയാണ് വലിയതോതില്‍ കുതിച്ചതെന്നു മാത്രം.

1990 വരെ ഏറ്റവും വലിയ അഴിമതി 64 കോടി രൂപ കമീഷന്‍ പറ്റിയ ബൊഫോഴ്സ് ആയിരുന്നു. എന്നാല്‍, എല്‍പിജി നയത്തിന് തുടക്കംകുറിച്ച 1991 മുതല്‍ 2001 വരെ 1000 കോടി രൂപയുടെ 26 അഴിമതി ഇടപാടുകളാണ് രാജ്യത്ത് അരങ്ങേറിയത്. 2005നും 2008നും ഇടയില്‍ 1000 കോടിയോ അതിലേറെയോ തുക ഉള്‍പ്പെടുന്ന 150 അഴിമതികള്‍ പുറത്തുവന്നു. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ എന്ന സംഘടനയുടെ കണക്കനുസരിച്ച് 178 രാഷ്ട്രങ്ങളില്‍ അഴിമതിയുടെ സ്ഥാനത്ത് ഇന്ത്യയുടെ സ്ഥാനം 87 ആണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണമുള്ള രാജ്യവും ഇന്ത്യയാണെന്ന് ഈ സംഘടന പറയുന്നു.

2008ന് ശേഷമാകട്ടെ ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതികളാണ് സിഎജി പുറത്തുകൊണ്ടുവന്നത്. ടൂജി സ്പെക്ട്രം ലേലമില്ലാതെ അനുവദിച്ചത് വഴി ഖജനാവിന് 1.76 ലക്ഷം കോടി രൂപയാണ് നഷ്ടമായത്. എസ് ബാന്‍ഡ് സ്പെക്ട്രം ദേവാസ് കമ്യൂണിക്കേഷന് നല്‍കിയിരുന്നുവെങ്കില്‍ 2 ലക്ഷം കോടിയാണ് നഷ്ടമുണ്ടാകുകയെന്ന് മുന്നറിയിപ്പ് നല്‍കിയതും സിഎജി തന്നെയാണ്. പ്രകൃതി വിഭവങ്ങള്‍ അത്രയും കോര്‍പറേറ്റുകള്‍ തടസ്സമേതുമില്ലാതെ ഊറ്റിക്കുടിക്കുകയാണ്. പ്രത്യേകസാമ്പത്തിക മേഖലകള്‍ക്കും ബിഒടി ഹൈവേ പദ്ധതികള്‍ക്കും സര്‍ക്കാര്‍ യഥേഷ്ടം അനുമതി നല്‍കുന്നതും കോര്‍പറേറ്റുകളെ സഹായിക്കാന്‍തന്നെ. നീര റാഡിയ ടേപ്പുകള്‍ കോര്‍പറേറ്റുകളും സര്‍ക്കാരും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിഹിത വേഴ്ചയുടെ ആഴം വ്യക്തമാക്കുന്നു.

കര്‍ണാടക ലോകായുക്ത മേധാവി സന്തോഷ് ഹെഗ്ഡെ തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് കല്‍ക്കരി- ഇരുമ്പയിര് പാടങ്ങള്‍ ഏറ്റെടുക്കുന്ന സ്വകാര്യകമ്പനികള്‍ 90 ശതമാനം ലാഭംകൊയ്യുന്നു എന്നാണ്. ഈ അഴിമതിക്കെല്ലാം നേതൃത്വം നല്‍കുന്നത് സാമ്പത്തിക വിദഗ്ധന്‍കൂടിയായ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നെയാണ്. സ്പെക്ട്രം അഴിമതി തടയാന്‍ പ്രധാനമന്ത്രിക്ക് കഴിയുമായിരുന്നുവെന്ന് അദ്ദേഹവും ടെലികോംമന്ത്രി രാജയും തമ്മില്‍ നടന്ന കത്തിടപാടുകള്‍ തെളിയിക്കുന്നു. എസ് ബാന്‍ഡ് സ്പെക്ട്രത്തിന്റെ വിവാദ ഇടപാടിന് കളമൊരുങ്ങിയത് പ്രധാനമന്ത്രി നേരിട്ട് കൈകാര്യംചെയ്യുന്ന ബഹിരാകാശവകുപ്പിലാണ്. 2006 മുതല്‍ 2009 വരെ ഡോ. സിങ് കല്‍ക്കരിവകുപ്പ് കൈകാര്യംചെയ്ത വേളയിലാണ് ലേലമില്ലാതെ കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറിയത്. അതുകൊണ്ടുതന്നെ യുപിഎ സര്‍ക്കാര്‍ വന്‍ അഴിമതികള്‍ക്ക് കൂട്ടുനിന്നുവെന്ന കുറ്റത്തില്‍നിന്ന് പ്രധാനമന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ല. "ലാഭത്തിനു വേണ്ടി ഉടമയെ തൂക്കിലേറ്റുന്നിടം വരെ കുത്തക മൂലധനം പോകുമെന്" കാള്‍മാര്‍ക്സിന്റെ വചനം ഇവിടെ അന്വര്‍ഥമാകുകയാണ്.

*
ദേശാഭിമാനി മുഖപ്രസംഗം 20 ആഗസ്റ്റ് 2012

2 comments:

വര്‍ക്കേഴ്സ് ഫോറം said...

യുപിഎ സര്‍ക്കാരിന്റെ ഭരണത്തില്‍ സുനാമിത്തിരകളെപ്പോലെ, വന്‍ അഴിമതികള്‍ ഒന്നൊന്നായി ആര്‍ത്തലച്ചുവരികയാണ്. വെള്ളിയാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭയിലും വച്ച മൂന്ന് സിഎജി റിപ്പോര്‍ട്ടുകള്‍ 3.8 ലക്ഷം കോടിയുടെ പൊതുസ്വത്ത് സ്വകാര്യ കമ്പനികള്‍ വെട്ടിവിഴുങ്ങിയതിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. പ്രകൃതിവിഭവമായ കല്‍ക്കരിയും ഭൂമിയും സ്വകാര്യകമ്പനികള്‍ക്ക് വഴിവിട്ട് നല്‍കിയതിനാല്‍ സര്‍ക്കാരിന് ലഭിക്കേണ്ട 3.8 ലക്ഷം കോടി രൂപ നഷ്ടമായെന്ന് സിഎജി സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഊര്‍ജ ഉല്‍പ്പാദനത്തിന് അവശ്യം വേണ്ട ഇന്ധനമായ കല്‍ക്കരി ലേലംകൂടാതെ റിലയന്‍സ് പവറിനും എസ്സാറിനും മറ്റും നല്‍കുക വഴി 1.86 ലക്ഷം കോടി രൂപ നഷ്ടമായെന്നാണ് ഒരു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

Stockblog said...

India has become a scam land under this government. Policy paralysis is the result. Govt can not put forward policies that enable higher growth because of its own weakness