Wednesday, August 8, 2012

കര്‍ഷകത്തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്

കാര്‍ഷികപ്രധാന രാജ്യമായ ഇന്ത്യയില്‍ ഈ മേഖലയില്‍ അതീവ ഗുരുതരമായ പ്രതിസന്ധിയാണ് രൂപപ്പെടുന്നത്. എന്നാല്‍, പ്രശ്നങ്ങള്‍ മനസിലാക്കി അവ പരിഹരിക്കുന്നതിനല്ല, കൂടുതല്‍ ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടാക്കുന്ന തരത്തിലാണ് കേന്ദ്രസര്‍ക്കാര്‍ അനുദിനം മുന്നോട്ടുപോകുന്നത്. ഈ അവസരത്തില്‍ കര്‍ഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ആഗസ്ത് 8ന് രാജ്യവ്യാപകമായി വലിയ പ്രക്ഷോഭം നടക്കുകയാണ്. വിലക്കയറ്റം, ഭൂപ്രശ്നം, വേതനത്തിന്റെ പ്രശ്നങ്ങള്‍, പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുനേരെയുള്ള കടന്നാക്രമണം തുടങ്ങിയ വിഷയങ്ങളാണ് ഈ പ്രക്ഷോഭത്തില്‍ പ്രധാനമായും മുന്നോട്ട് വയ്ക്കുന്നത്. പ്രക്ഷോഭത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന്‍ ഏരിയാകേന്ദ്രങ്ങളില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തും.

കേരളത്തില്‍ വമ്പിച്ച തോതിലുള്ള വിലക്കയറ്റം രൂപപ്പെട്ടിരിക്കുകയാണ്. പല ഭക്ഷ്യവസ്തുക്കള്‍ക്കും 200 ശതമാനംവരെ വില വര്‍ധിപ്പിച്ചു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍ നിന്ന സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു കേരളം. എന്നാല്‍, ഇന്ന് 17-ാം സ്ഥാനത്ത് എത്തി. എപിഎല്‍- ബിപിഎല്‍ വേര്‍തിരിവുണ്ടാക്കി അര്‍ഹതപ്പെട്ടവര്‍ക്ക് റേഷന്‍ നിഷേധിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. തെറ്റായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ബിപിഎല്‍ ലിസ്റ്റുണ്ടാക്കി ലക്ഷക്കണക്കിന് ജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധിക്കാന്‍ ശ്രമിച്ചപ്പോള്‍ ആ അവകാശം തിരിച്ച് ലഭിക്കുന്നതിനുള്ള നടപടികളാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡപ്രകാരം 13 ലക്ഷം കുടുംബങ്ങള്‍മാത്രമേ ബിപിഎല്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഈ മാനദണ്ഡത്തില്‍പെടാത്ത 27 ലക്ഷത്തോളം കുടുംബങ്ങളെ (40 ലക്ഷം കുടുംബങ്ങള്‍ക്ക്) ഉള്‍പ്പെടുത്തി ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള സംവിധാനം ഉണ്ടാക്കുകയാണ് ചെയ്തത്. ഗ്രാമങ്ങളില്‍ 26 രൂപയും നഗരങ്ങളില്‍ 32 രൂപയും വരുമാനമുള്ളവരെ ദരിദ്രരായി കാണാന്‍ പാടില്ലന്നാണ് കേന്ദ്ര പ്ലാനിങ് കമീഷന്‍ ശുപാര്‍ശചെയ്യുന്നത്. ഒരു നേരത്തെ ഭക്ഷണത്തിനുപോലും തികയാത്ത ഈ തുകകൊണ്ട് ജീവിതം തള്ളിനീക്കേണ്ടിവരുന്നവരെ ദരിദ്രരല്ലെന്ന് പ്രഖ്യാപിക്കുമ്പോള്‍ പൊതുവിതരണ സമ്പ്രദായത്തില്‍നിന്ന് ബഹുഭൂരിപക്ഷവും പുറത്താവുന്ന നിലയാണ് ഉണ്ടാവുക.

സബ്സിഡി നല്‍കി സമ്പന്നരാജ്യങ്ങളിലെ കന്നുകാലികള്‍ക്ക് ഉപയോഗിക്കാന്‍ ഇവിടെനിന്ന് ഭക്ഷ്യധാന്യങ്ങള്‍ കയറ്റി അയക്കുന്നു. ഭക്ഷ്യ ഗോഡൗണുകളില്‍ ധാന്യങ്ങള്‍ കെട്ടിക്കിടന്ന് നശിക്കുന്നു. ഈ തെറ്റായ നയങ്ങള്‍ തിരുത്തി എപിഎല്‍- ബിപിഎല്‍ വ്യത്യാസമില്ലാതെ റേഷന്‍ വിതരണംചെയ്യാനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്. ഭക്ഷ്യസബ്സിഡിക്ക് ഉള്‍പ്പെടെ പണമില്ലെന്ന് പറയുന്ന കേന്ദ്രസര്‍ക്കാര്‍ അഞ്ചുകോടിയുടെ നികുതി ഇളവുകളാണ് വന്‍കിട കുത്തകകള്‍ക്ക് നല്‍കിയത്. അതില്‍നിന്നുതന്നെ ഈ സര്‍ക്കാരിന്റെ വര്‍ഗസ്വഭാവം വ്യക്തമാണ്. കാര്‍ഷികരാജ്യമായ ഇന്ത്യയില്‍ നാമമാത്ര- ദരിദ്ര കര്‍ഷകനും ഭൂരഹിത കര്‍ഷകത്തൊഴിലാളികള്‍ക്കും ഭൂമി നല്‍കി ഭക്ഷ്യോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് പകരം ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ചുരുക്കം ചിലരുടെ കൈകളില്‍ നിക്ഷിപ്തമായിരിക്കുന്ന നിലയാണ് ഉള്ളത്. ഇത്തരത്തില്‍ ഉള്ള ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണംചെയ്യാന്‍ നടപടി സ്വീകരിക്കുക എന്നത് രാജ്യത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണ്. പ്ലാനിങ് കമീഷന്‍തന്നെ സമ്മതിക്കുന്നത് ദിവസം 20 രൂപ വരുമാനമുള്ളവരാണ് ഭൂരിപക്ഷം പേരുമെന്നാണ്. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ന്യായമായ വേതനം ഉറപ്പാക്കണമെന്ന് സ്വാമിനാഥന്‍ കമീഷന്‍ ശുപാര്‍ശചെയ്യുന്നു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് ഒരു ദിവസം ലഭിക്കുന്നത് 60-70 രൂപയാണ്. ആസൂത്രണകമീഷന്റെ കണക്കില്‍ ഇവരെല്ലാം ദാരിദ്യരേഖയ്ക്ക് മുകളിലായതിനാല്‍ മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്ത നില ഉണ്ടാകും. ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ താരതമ്യേന മെച്ചപ്പെട്ട വേതനം ലഭിക്കുന്ന കേരളത്തില്‍ പോലും ഇന്ന് ലഭിക്കുന്ന വേതനം അപര്യാപ്തമാണ് എന്നതാണ് വസ്തുത. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുനേരെ നടത്തുന്ന കടന്നാക്രമണം അതിന്റെ എല്ലാ സീമകളും ലംഘിക്കുന്നവിധം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. ഭൂപ്രമാണിമാര്‍ പാവങ്ങളില്‍ പാവങ്ങളായ ഇവര്‍ക്കെതിരെ കാണിക്കുന്ന ക്രൂരതകള്‍ മനുഷ്യത്വത്തിന്റെ എല്ലാ സീമകളെയും ലംഘിക്കുന്നതാണ്. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന കടന്നാക്രമണങ്ങള്‍ക്ക് അറുതിവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക എന്നത് ഏറെ പ്രധാനമാണ്. ഇത്തരത്തിലുള്ള അക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടിയും അനിവാര്യമാണ്. കേരളത്തില്‍ കര്‍ഷകത്തൊഴിലാളികളുടെ നീണ്ടനാളത്തെ പോരാട്ടങ്ങളുടെ ഫലമായി നടപ്പാക്കിയ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ യുഡിഎഫ് ഭരണകാലങ്ങളില്‍ എന്നും കുടിശ്ശികയാണ്. ഘട്ടംഘട്ടമായി പെന്‍ഷന്‍തുക വര്‍ധിപ്പിച്ച് 400 രൂപയാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. യുഡിഎഫ് ഭരണകാലത്തുണ്ടായിരുന്ന പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്ത് നല്‍കിയതും ഒരു മാസത്തെ പെന്‍ഷന്‍ അഡ്വാന്‍സായി നല്‍കി ചരിത്രം സൃഷ്ടിച്ചതും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ്. ഓണനാളുകളില്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അഞ്ചേകാല്‍ ലക്ഷത്തോളം പേര്‍ക്ക് കുടിശ്ശികതീര്‍ത്ത് പെന്‍ഷന്‍ വിതരണംചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കണം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 114.9 കോടി രൂപ നല്‍കി കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയിലെ അതിവര്‍ഷാനുകൂല്യം വിതരണംചെയ്യാന്‍ നടപടി സ്വീകരിച്ചിരുന്നു. തുടര്‍ന്നുവന്ന സര്‍ക്കാര്‍ ക്ഷേമനിധി ആനുകൂല്യം വിതരണംചെയ്യാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. തൊഴിലാളികളുടെ അംശാദായം കൊണ്ടുമാത്രം ക്ഷേമനിധി ബോര്‍ഡിന് മുന്നോട്ടു പോകാന്‍ സാധിക്കില്ല. ഭൂഉടമാ വിഹിതം കൃത്യമായി യഥാസമയം പിരിച്ചെടുക്കുകയും അംശാദായത്തിന് തുല്യമായ തുക സര്‍ക്കാര്‍ നല്‍കുകയും ചെയ്താലേ ആനുകൂല്യം വിതരണംചെയ്യാന്‍ കഴിയൂ. അതിനായി കഴിഞ്ഞ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. ലക്ഷക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങളാണ് ഇന്ന് കുടിശ്ശികയായി നില്‍ക്കുന്നത്. അവ വിതരണംചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണനിയമം നടപ്പാക്കാന്‍ കെഎസ്കെടിയു നേതൃത്വത്തില്‍ സമരങ്ങളും പ്രക്ഷോഭങ്ങളും വലിയ തോതില്‍ കേരളത്തില്‍ നടന്നു.

ഭക്ഷ്യോല്‍പ്പാദനത്തിന്റെ സ്വയംപര്യാപ്തതയ്ക്ക് മാത്രമല്ല കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിന് ഉള്‍പ്പെടെ നെല്‍വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിക്കുക എന്നത് പ്രധാനമാണ്. ഈ പോരാട്ടത്തിന്റെ ഭാഗമായി ഇത്തരം ഒരു അവബോധം വളര്‍ത്തി എടുക്കാനും കഴിഞ്ഞു. അതിന്റെകൂടി അടിസ്ഥാനത്തിലാണ് കഴിഞ്ഞ സര്‍ക്കാര്‍ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം പാസാക്കിയത്. ഈ നിയമത്തിലെ അപാകതകള്‍ പരിഹരിക്കാനെന്ന പേരില്‍ പുതുതായി കൊണ്ടുവന്ന നെല്‍വയല്‍ നീര്‍ത്തട സംരക്ഷണനിയമം ഭൂമാഫിയകള്‍ക്കും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ക്കും യഥേഷ്ടം നെല്‍വയല്‍ നികത്താന്‍ അവസരമൊരുക്കുന്നതാണ്. അതിനെതിരെ ഭരണപക്ഷത്തുനിന്നുപോലും എതിര്‍പ്പ് ഉയര്‍ന്നത് ശ്രദ്ധേയമാണ്. ഈ സാഹചര്യത്തില്‍ നെല്‍വയല്‍- നീര്‍ത്തടങ്ങള്‍ സംരക്ഷിക്കൂ, ജനങ്ങളെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടുകൂടിയാണ് ഈ പ്രക്ഷോഭം സംഘടിപ്പിച്ചിട്ടുള്ളത്. കേരളത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂനിയമം ലോകശ്രദ്ധ പിടിച്ചുപറ്റിയതാണ്. ലക്ഷക്കണക്കായ സാധാരണക്കാര്‍ക്കും കുടികിടപ്പുകാര്‍ക്കും ഭൂമിയും കിടപ്പാടവും ലഭിക്കാന്‍ ആ നിയമം വഴി സാധ്യമായിട്ടുണ്ട്. നിയമമനുസരിച്ച് ഒരു കുടുംബത്തിന് പരമാവധി കൈവശം വയ്ക്കാമായിരുന്നത് 15 ഏക്കറായിരുന്നു. ഭൂമാഫിയകള്‍ക്കും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ക്കും വേണ്ടി ആ നിയമം കാറ്റില്‍ പറത്തി ഏക്കര്‍കണക്കിന് ഭൂമി കൈവശം വയ്ക്കാന്‍ അവസരമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ഭൂമാഫിയകള്‍ ബിനാമിപ്പേരുകളിലും മറ്റും വാങ്ങിക്കൂട്ടുന്ന ഭൂമി ഭൂരഹിതര്‍ക്ക് വിതരണംചെയ്യണമെന്നതാണ് യൂണിയന്‍ മുന്നോട്ടു വയ്ക്കുന്ന മറ്റൊരു മുദ്രാവാക്യം. ഇത്തരം ഭൂമികളിലേക്ക് കര്‍ഷകത്തൊഴിലാളി യൂണിയന്‍ പ്രവേശിക്കുന്ന തരത്തില്‍ ഈ പ്രക്ഷോഭം വികസിക്കും. രാജ്യത്തെ ജനജീവിതം മുന്നോട്ടു പോകുന്നതിന് ഉതകുന്ന തരത്തിലുള്ള ഇത്തരം മുദ്രാവാക്യങ്ങളാണ് ഈ പ്രക്ഷോഭത്തില്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ മുന്നോട്ടുവയ്ക്കുന്നത്. ഈ പ്രക്ഷോഭത്തില്‍ മുഴുവന്‍ കര്‍ഷകത്തൊഴിലാളികളും പങ്കെടുക്കണമെന്നും മറ്റ് ജനവിഭാഗങ്ങള്‍ ഇതുമായി ഐക്യപ്പെടണമെന്നും അഭ്യര്‍ഥിക്കുന്നു.

*
എം വി ഗോവിന്ദന്‍ ദേശാഭിമാനി 08 ആഗസ്റ്റ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കാര്‍ഷികപ്രധാന രാജ്യമായ ഇന്ത്യയില്‍ ഈ മേഖലയില്‍ അതീവ ഗുരുതരമായ പ്രതിസന്ധിയാണ് രൂപപ്പെടുന്നത്. എന്നാല്‍, പ്രശ്നങ്ങള്‍ മനസിലാക്കി അവ പരിഹരിക്കുന്നതിനല്ല, കൂടുതല്‍ ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടാക്കുന്ന തരത്തിലാണ് കേന്ദ്രസര്‍ക്കാര്‍ അനുദിനം മുന്നോട്ടുപോകുന്നത്. ഈ അവസരത്തില്‍ കര്‍ഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ആഗസ്ത് 8ന് രാജ്യവ്യാപകമായി വലിയ പ്രക്ഷോഭം നടക്കുകയാണ്. വിലക്കയറ്റം, ഭൂപ്രശ്നം, വേതനത്തിന്റെ പ്രശ്നങ്ങള്‍, പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുനേരെയുള്ള കടന്നാക്രമണം തുടങ്ങിയ വിഷയങ്ങളാണ് ഈ പ്രക്ഷോഭത്തില്‍ പ്രധാനമായും മുന്നോട്ട് വയ്ക്കുന്നത്. പ്രക്ഷോഭത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന്‍ ഏരിയാകേന്ദ്രങ്ങളില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തും.