Thursday, August 9, 2012

കരുണാമയി കാണാത്തത്

ഒരു മതരാഷ്ട്രമല്ല ഇന്ത്യ.  ഒരു മതദൈവത്തോടും പ്രത്യേക മമതയോ അവമതിപ്പോ നമ്മള്‍ വച്ചു പുലര്‍ത്തുന്നില്ല. ഇന്ത്യന്‍ ജനതയുടെ അപാരമായ ജനാധിപത്യബോധത്തിന്റെ തീവ്രതയുടെ ഫലമായാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഈ രാജ്യത്ത് ശക്തസാന്നിധ്യമായത്. കടുത്ത ഈശ്വരവിശ്വാസികള്‍ പോലും ഇടത് പ്രത്യയ ശാസ്ത്രങ്ങളെകൂടി മുറുകെ പിടിച്ചത് മത-ദൈവഭ്രാന്തിനാല്‍ നമ്മുടെ രാഷ്ട്രം അന്യവല്‍ക്കരിക്കപ്പെട്ടില്ല എന്നതിന്റെ തെളിവാണ്. എന്നാല്‍ ആധുനിക ഭാരതം, വിശേഷിച്ച് കേരളം അനുനിമിഷം ഭക്തവ്യവസായത്തിന്റെ കൊടിസങ്കേതമായി അധപതിക്കുകയാണ്. നരദൈവങ്ങളെന്ന് സ്വയം പ്രഖ്യാപിച്ച് മണിമാളികകളിലിരുന്ന് ദിവ്യത്വത്തിന്റെ പച്ചനുണകള്‍ വിളംബരം ചെയ്യുന്ന സമീപകാല മനുഷ്വേശ്വരന്മാര്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും പുരോഗമനചിന്തയുടെ കാര്യത്തിലും ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെക്കാള്‍ മുന്‍പന്തിയിലെത്തിയ കേരളത്തെ പിറകോട്ട് വലിച്ച് പിടിക്കുകയാണ്.

ഈ 'മഹത്താത്മാ'ക്കളൊന്നും ജനിച്ചു വീണത് ഈശ്വരനായിട്ടല്ല. മനുഷ്യസാധ്യമല്ലാത്ത ഒന്നും ഈ കാപട്യക്കാര്‍ ചെയ്തിട്ടുമില്ല. ചുറ്റും കൂടുന്ന ചിലര്‍ ചാര്‍ത്തിക്കൊടുത്ത പുണ്യവസ്ത്രങ്ങളണിഞ്ഞ് ഇവര്‍ സ്വയം ദൈവങ്ങളാകുന്നു. ഈ ദൈവങ്ങളൊന്നും ഇന്നോളം നടുവനങ്ങി പണിയെടുത്ത് അന്നം കണ്ടെത്തിയ ചരിത്രവുമില്ല. പണമുണ്ടാക്കി പണമുണ്ടാക്കി മടുത്ത ചില വ്യവസായഭീമന്‍മാരോ മതരാഷ്ട്രീയത്തിന്റെ വക്താക്കളോ ശത്രുസംഹാരത്തിനും സ്വന്തം സമാധാനത്തിനും ഈ ദൈവങ്ങളെ സാഷ്ടാംഗം നമസ്‌കരിക്കാനെത്തുമ്പോള്‍ കൂടെ കരുതുന്ന കോടികളാണ് ആള്‍ ദൈവവ്യവസായത്തിലേക്കെത്തുന്ന വലിയ നിക്ഷേപങ്ങള്‍. ഈ പണത്തിന് രസീതുകള്‍ ബാധകമല്ല. ആഡിറ്റര്‍ സമ്പ്രദായം ഭൂഷണമല്ല. സര്‍ക്കാരിനുള്ള നികുതിത്തുക പോലും തെളിഞ്ഞ മാനത്ത് ഉയര്‍ന്നു മറയുന്ന വെറുംപുക മാത്രമാണ്.

ഭക്തവ്യവസായത്തിന്റെ ആഗോളവിപണി സാധ്യതകളുപയോഗിച്ച് പുറംലോക സന്ദര്‍ശനങ്ങള്‍ നടത്താനും സ്വന്തം ആശ്രമപരിസരത്ത് പര്‍ണശാലകള്‍ പടുത്തുയര്‍ത്താനും തലവരിപ്പണം പിഴിഞ്ഞെടുക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനും കരള്‍ തകര്‍ന്നുവന്ന പിഞ്ചുകുഞ്ഞിനോടുപോലും കണക്കുപറയാന്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ പണിയാനും ഈ 'വെറും മനുഷ്യരൂപികള്‍'ക്ക് വന്നുചേരുന്ന എണ്ണമറ്റ പണത്തെക്കുറിച്ച് നമ്മുടെ ഗവണ്‍മെന്റിന് എന്തു ബോധ്യമാണുള്ളത്? കഴിഞ്ഞ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ കാലത്ത് ഈ കാപട്യവേഷങ്ങള്‍ക്കെതിരെ നടത്തിയ വലിയ പോരാട്ടം ഓര്‍മ്മവരുന്നു. അന്ന് മാളങ്ങളിലേക്കൊളിച്ചവര്‍ ഇപ്പോള്‍ വീണ്ടുംതലപൊക്കുകയാണ്.

അമൃതാനന്ദമയിയുടെ മഠത്തില്‍ അവര്‍ക്കെതിരെ ആക്രോശിച്ചു എന്നാരോപിച്ച് അറസ്റ്റ് ചെയ്ത് മാനസികരോഗാശുപത്രിയിലടച്ച സത്‌നംസിംഗ് എന്ന ബീഹാറുകാരന്‍ ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടുവെന്നവാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്.

സത്‌നംസിംഗിനെ കൊന്നതാണെങ്കില്‍ അത് എങ്ങനെ എവിടെവച്ച് സംഭവിച്ചുഎന്ന വ്യക്തത വരുത്താതെ എപ്പോഴത്തേയും പോലെ ഇപ്പോഴും ഈ വിഷയത്തെ തള്ളിക്കളഞ്ഞാല്‍ മുഖത്തെഴുത്തുകാരന് ഉറപ്പു പറയാനാകും അടുത്ത ഒരു ദശാബ്ദത്തിനകം മണ്‍ദൈവങ്ങള്‍ അധികാരം നിയന്ത്രിക്കുന്ന ആന്ധ്ര - കര്‍ണാടകപോലെ ജനാധിപത്യം അപ്രസക്തമാക്കപ്പെട്ട ഒരു നാടായി കേരളം മാറുകതന്നെ ചെയ്യും!

*
ഫെയ്‌സ്ബുക്കില്‍ സത്‌നംസിംഗിന്റെ കൊലപാതകമാണ് കഴിഞ്ഞ വാരത്തെ പ്രധാന ചര്‍ച്ചാവിഷയം. ഒരു മെമ്പറിന്റെ പോസ്റ്റിലെ കമന്റിങ്ങനെ: ''ഇന്നലെ കൈചൂണ്ടിയവന്‍ ഇന്ന് ജഢമായിരിക്കുന്നു. വിണ്ണിലെ കാണാത്ത ദൈവത്തേക്കാള്‍ മണ്ണിലെ ഈ ദൈവം അമാനുഷ തന്നെ.'' സത്‌നംസിംഗിന്റെ കൊലപാതകത്തിന് മാതാ അമൃതാനന്ദമയിക്കോ മഠത്തിനോ എന്തെങ്കിലും പങ്കുണ്ട് എന്ന് വിശ്വസിക്കുന്നത് മഠയത്തരമാണ്.

എന്നാല്‍ മറ്റൊന്നുണ്ട്. ഭക്തവ്യവസായത്തിന്റെ പ്രയോക്താക്കള്‍ ബുദ്ധിപൂര്‍വം ഉപയോഗിക്കുന്ന സൈക്കോളജിക്കല്‍ അപ്രോച്ച്. മനുഷ്യദൈവങ്ങളോടുള്ള അന്ധമായ ആരാധനയോ മമതയോ ഒരാളെ കൊല്ലാനോ നിഷ്‌കാസനം ചെയ്യാനോ സാധിക്കുന്ന ഉറവിടങ്ങളാണ്. സത്‌നംസിംഗിന്റെ കൊലപാതകത്തിന്റെ രഹസ്യങ്ങള്‍ ഈവിധം നമ്മുടെ മതേതരത്വ സങ്കല്‍പത്തിന്റെ കടക്കല്‍ വയ്ക്കുന്ന വലിയ കത്തിയായിരിക്കും തര്‍ക്കമില്ല.

*
ടാഗ്ഗിംങ്ങ്.

ഒളിംപിക്‌സിന്റെ വനിതാ ബാഡ്മിന്റണ്‍ സെമി ഫൈനലില്‍ മത്സരിച്ച ഇന്ത്യയുടെ അഭിമാനതാരം സൈനാ നെഹ്‌വാളിന് വെങ്കലം ലഭിച്ചിരിക്കുന്നു. എതിരാളിക്ക് കാലിലെ പേശിവലിവുമൂലം പിന്‍വാങ്ങേണ്ടി വന്നതാണ് സൈനയുടെ വെങ്കലം ഉറപ്പിച്ചതെങ്കിലും ഒളിംപിക്‌സില്‍ ഇതുവരെ സൈന നടത്തിയ പ്രകടനമികവും ഇന്ത്യന്‍ ബാഡ്മിന്റണ് ഈ ഹരിയാനക്കാരി നേടിക്കൊടുത്ത അന്തസ്സും അവളെ വെങ്കലത്തിനുമപ്പുറമൊരു സമ്മാനത്തിനാണ് യോഗ്യയാക്കുന്നതെന്ന് നമുക്കറിയാം. എന്നാല്‍ ഫെയ്‌സ്ബുക്കില്‍ ഒരു മലയാളി സൈനയുടെ ഒരു സ്റ്റില്‍ അപ്‌ലോഡ് ചെയ്തശേഷം  ഇങ്ങനെ രേഖപ്പെടുത്തി : 'മാനം പോയാലും സൈന മെഡല്‍ നേടി' ആവേശമാര്‍ന്ന പ്രകടനത്തിനിടയില്‍ കളിക്കാരിയുടെ ശരീരത്തിലെ വസ്ത്രമൊന്ന് മുകളിലേക്കൊന്നുയര്‍ന്നാല്‍ വികാരതരളിതനാകുന്ന ഈ ഞരമ്പുരോഗത്തിന് ചികിത്സ എങ്ങനെയാണ് നിര്‍ദ്ദേശിക്കേണ്ടത്?

*
വി സി അഭിലാഷ് ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...