Thursday, August 30, 2012

സിറിയയിലൂടെ ഇറാനിലേക്ക്

ഉത്തരാഫ്രിക്കയിലെ ടുണിഷ്യയില്‍ സൈനല്‍ അബിദിന്‍ ബെന്‍ അലിയെ വീഴ്ത്തി ആരംഭിച്ച അറബ്വസന്തത്തില്‍ ഈജിപ്തിലെ ഹുസ്നി മുബാറക്കിനും അടിതെറ്റിയപ്പോള്‍ ഏറ്റവും വിരണ്ടത് അമേരിക്കയും ഇസ്രയേലുമാണ്. അറബ് ജനമുന്നേറ്റം പശ്ചിമേഷ്യയില്‍ ബഹറൈനിലേക്കും പടര്‍ന്നപ്പോള്‍ മേഖലയിലെ സ്വേഛാധിപത്യ രാജവാഴ്ചകളും ഉലഞ്ഞു. ബഹറൈനിലെ 80 ശതമാനത്തിലധികം വരുന്ന മുസ്ലിങ്ങളില്‍ ബഹുഭൂരിപക്ഷവും ഷിയാകളാണ്. സുന്നി രാജവാഴ്ചയ്ക്കെതിരെ ഉയര്‍ന്ന പ്രക്ഷോഭത്തിന് ഷിയാകള്‍ക്കൊപ്പം ക്രൈസ്തവരടക്കം ന്യൂനപക്ഷ വിഭാഗങ്ങളും തെരുവിലിറങ്ങി. സൗദി അറേബ്യയുടെ നേതൃത്വത്തില്‍, ആറ് രാഷ്ട്ര ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ(ജിസിസി) മറ്റ് രാജ്യങ്ങളുടെ സൈന്യത്തെ ഇറക്കിയാണ് ബഹറൈനിലെ ജനമുന്നേറ്റത്തെ അടിച്ചമര്‍ത്തിയത്. ഇത്തരത്തില്‍ ഒരു ദുര്‍ബല ജനതയുടെ ജനാധിപത്യാഭിലാഷത്തെ ഭരണാധികാരികള്‍ വിദേശ സേനകളെ ഇറക്കി അടിച്ചമര്‍ത്തിയതിന് ചരിത്രത്തില്‍ അധികം സമാനതകളില്ല. എന്നാല്‍ ബഹറൈനില്‍നിന്ന് സിറിയയിലെത്തിയപ്പോള്‍ ചിത്രം മാറി.

ബഹറൈനിലെ ജനാധിപത്യക്കശാപ്പിന് നേതൃത്വം നല്‍കിയവരെല്ലാം ഒന്നരവര്‍ഷമായി സിറിയയില്‍ വിമത കലാപകാരികള്‍ നടത്തുന്ന അട്ടിമറി ശ്രമത്തിന് ആയുധ-ധനസഹായം ഒഴുക്കുന്നത് ജനാധിപത്യത്തിന്റെ പേരില്‍ മുറവിളി ഉയര്‍ത്തിയാണ്. സിറിയന്‍ കലാപകാരികളുടെ വിമതസേനയിലെ അംഗങ്ങള്‍ക്ക് സൗദി അറേബ്യ ശമ്പളം നല്‍കുമെന്ന് അല്‍ സൗദ് രാജവംശം പ്രഖ്യാപിച്ചുകഴിഞ്ഞു. നാറ്റോ അംഗമായ തുര്‍ക്കിയാണ് സിറിയന്‍ കലാപകാരികള്‍ക്ക് പരിശീലന സൗകര്യമൊരുക്കുന്ന രാജ്യങ്ങളുടെ മുന്നണിയില്‍. അമേരിക്കയുടെ നേതൃത്വത്തില്‍ പാശ്ചാത്യ രാജ്യങ്ങളും സിറിയന്‍ സര്‍ക്കാരിനെതിരെ നയതന്ത്ര സമ്മര്‍ദങ്ങള്‍ക്ക് പുറമേ വിമത കലാപകാരികള്‍ക്ക് എല്ലാ സഹായവുമെത്തിക്കാന്‍ രംഗത്തുണ്ട്. സൗദിയും ഖത്തറുമടക്കം സുന്നി അറബ് രാജവാഴ്ചകളും അമേരിക്കയടക്കം പാശ്ചാത്യ രാജ്യങ്ങളും സിറിയക്കെതിരെ വാളോങ്ങുമ്പോള്‍ അവര്‍ ലക്ഷ്യമിടുന്നത് ഇറാനെ കൂടിയാണ്. അറബ് രാജ്യമല്ലാത്ത ഇറാന്റെ ഏറ്റവും വിശ്വസ്ത അറബ് മിത്രമാണ് സിറിയയിലെ ബാഷര്‍ അല്‍ അസദ് സര്‍ക്കാര്‍. സ്ത്രീകള്‍ക്ക് കാര്‍ ഓടിക്കാന്‍പോലും സ്വാതന്ത്ര്യമില്ലാത്ത സൗദി അറേബ്യയും മറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ മേഖലയില്‍ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജനാധിപത്യാവകാശങ്ങളും പൗരസ്വാതന്ത്ര്യവുമുള്ള അറബ് രാജ്യമാണ് സിറിയ(രാജ്യത്തെ ദാരിദ്ര്യത്തിന്റെ ചിത്രം യൂട്യൂബിലൂടെ പ്രചരിപ്പിച്ചതിന് പോലും മൂന്ന് യുവാക്കളെ കഴിഞ്ഞവര്‍ഷം സൗദി അധികൃതര്‍ ജയിലിലടച്ചിരുന്നു).

മേഖലയിലെ ഏറ്റവും മികച്ച മതേതര ഭരണമുള്ളത് സിറിയയിലാണെന്ന് പാശ്ചാത്യ വിദഗ്ധര്‍ പോലും സാക്ഷ്യപ്പെടുത്തുന്നു. പ്രസിഡന്റ് അസദ് ഷിയാ അലവി വിഭാഗക്കാരനാണെങ്കിലും ഭൂരിപക്ഷ സുന്നി വിഭാഗക്കാരായാലും ക്രൈസ്തവരും കുര്‍ദുകളുമടക്കം ന്യൂനപക്ഷ വിഭാഗക്കാരായാലും മതവിശ്വാസത്തിന്റെ പേരില്‍ ആരും പീഡിപ്പിക്കപ്പെടുന്നില്ല. മത തീവ്രവാദികളല്ലാതെ ആരും അടിച്ചമര്‍ത്തപ്പെടുന്നില്ല. എന്നിട്ടും അസദിനെ അട്ടിമറിക്കാതെ പിന്മാറില്ലെന്ന് ശഠിക്കുന്ന അമേരിക്ക സിറിയയില്‍ തീവ്രവാദികള്‍ക്ക് ആധിപത്യം ഉറപ്പാവുന്ന ഒരു സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിനാണ് വഴിവെട്ടുന്നത്.

കൂട്ടക്കുരുതിക്കുള്ള ആയുധങ്ങള്‍(ഡബ്ല്യുഎംഡി) കുന്നുകൂട്ടിയിട്ടുണ്ടെന്ന കെട്ടുകഥയുണ്ടാക്കി ഇറാഖില്‍ ആക്രമണം നടത്തി സദ്ദാം ഹുസൈനെ പാവക്കോടതിയുടെ തൂക്കുകയറിന് എറിഞ്ഞുകൊടുത്ത അമേരിക്ക അന്ന് പറഞ്ഞതെല്ലാം നുണയായിരുന്നു എന്ന് അധികം വൈകാതെ തെളിഞ്ഞതാണ്. എന്നിട്ടും അതേ തന്ത്രം തന്നെയാണ് ഇപ്പോള്‍ സിറിയക്കും ഇറാനുമെതിരെ അമേരിക്കയും കൂട്ടാളികളും പയറ്റുന്നത്. യമനില്‍ അമേരിക്കയ്ക്ക് പ്രിയങ്കരനായിരുന്ന സ്വേഛാധിപതി അലി അബ്ദുള്ള സാലിഹ് ഒരുവര്‍ഷത്തോളം ജനാധിപത്യ പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച് രക്തപ്പുഴയൊഴുക്കിയപ്പോള്‍ ഒരുത്കണ്ഠയും തോന്നാതിരുന്ന ഒബാമ ഭരണകൂടം, വിശേഷിച്ച് വിദേശ സെക്രട്ടറി ഹിലരി ക്ലിന്റന്‍, സിറിയയില്‍ വിദേശ ഭീകരരടക്കമുള്ള കലാപകാരികളെ നേരിടുന്നതിന്റെ പേരിലാണ് അസദിന്റെ രക്തത്തിന് മുറവിളികൂട്ടുന്നത്. ഇതിനായി പാശ്ചാത്യ മാധ്യമങ്ങളിലൂടെ ലോകമെങ്ങും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കഥകളിലേറെയും നുണകളാണെന്ന് തെളിഞ്ഞുവരികയാണ്. ഹൗള, ഹോംസ്... നുണകള്‍ പ്രവഹിക്കുന്നു സിറിയന്‍ സര്‍ക്കാരിനെതിരെ പ്രചാരണത്തിന് ലോകമെങ്ങും ഉപയോഗിക്കപ്പെട്ടതാണ് മെയ് അവസാനം ഹൗളയിലൂണ്ടായ കൂട്ടക്കൊല. എന്നാല്‍ അവിടെ കൂട്ടക്കൊല ചെയ്യപ്പെട്ടത് അസദിന്റെ അലവി വംശജരാണെന്നും കൊലയാളികള്‍ വിമത കലാപകാരികളായിരുന്നെന്നും പിന്നീട് വ്യക്തമായി.

വാര്‍ത്തകളില്‍ ഗൗരവം പുലര്‍ത്തുന്ന ജര്‍മന്‍ പത്രം ഫ്രാങ്ക്ഫുട്ടര്‍ അല്‍ജെമീന്‍ സെയ്തൂങ് ലേഖകന്‍ റെയ്നര്‍ ഹെര്‍മാനാണ് ഹൗളയുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്. ഗ്രാമത്തെ കലാപകാരികളില്‍നിന്ന് രക്ഷിക്കാന്‍ സൈന്യം സ്ഥാപിച്ച സംവിധാനങ്ങള്‍ ആക്രമിച്ച "വിമതര്‍" സേനയുമായി ഏറ്റുമുട്ടി. ഇതിനിടെ ഒരു സായുധസംഘം ഗ്രാമത്തില്‍ക്കടന്ന് കൂട്ടക്കൊല നടത്തുകയായിരുന്നു. ഹോംസ് പ്രവിശ്യയില്‍ കഴിഞ്ഞ മാര്‍ച്ചിലുണ്ടായ കൂട്ടക്കൊലയാണ് സമാനമായ മറ്റൊരു സംഭവം. സര്‍ക്കാരിനെ അനുകൂലിക്കുന്ന ക്രൈസ്തവരാണ് ഇവിടെ വേട്ടയാടപ്പെട്ടത്. വിശ്രമമില്ലാതെ യുദ്ധഭ്രാന്ത് കുത്തിയിളക്കിവന്ന സാക്ഷാല്‍ ന്യൂയോര്‍ക്ക് ടൈംസിലൂടെ തന്നെ ഇപ്പോള്‍ സത്യം പുറത്തുവന്നിരിക്കുന്നു. അവിടെ അസദ് വിരുദ്ധ കലാപകാരികളുടെ വേട്ടയാടലില്‍നിന്ന് രക്ഷപ്പെടാന്‍ പലായനം ചെയ്ത 80,000ല്‍പരം ക്രൈസ്തവര്‍ ഇനി ജന്മനാട്ടില്‍ തിരിച്ചെത്താനാവുമെന്ന പ്രതീക്ഷയില്ലാതെ കഴിയുകയാണെന്നാണ് ആഗസ്ത് മൂന്നിന് ന്യൂയോര്‍ക്ക് ടൈംസില്‍ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ കപില്‍ കോമിറെഡ്ഡി എഴുതിയിരിക്കുന്നത്. സിറിയയിലെ 23 ലക്ഷം ക്രൈസ്തവര്‍ ജനസംഖ്യയില്‍ 10 ശതമാനത്തോളം വരും. ജൂണ്‍ ആദ്യവാരത്തില്‍ ദമാസ്കസിലെ യാര്‍മൂക്കില്‍ പലസ്തീന്‍ അഭയാര്‍ഥി ക്യാമ്പില്‍ മോര്‍ട്ടാര്‍ ആക്രമണം നടത്തി 21 പേരെ കൊന്ന സംഭവമാണ് മറ്റൊന്ന്. ഒന്നരലക്ഷം പലസ്തീന്‍ അഭയാര്‍ഥികളാണ് യാര്‍മൂക്കിലുള്ളത്. ആക്രമണത്തെ തുടര്‍ന്ന് നൂറുകണക്കിന് അഭയാര്‍ഥികള്‍ അടുത്ത ദിവസം ലെബനിലെ ക്യാമ്പില്‍ അഭയം തേടി. ഇത്തരത്തില്‍ സര്‍ക്കാരിനെ അനുകൂലിക്കുന്ന എല്ലാ വിഭാഗം ജനങ്ങളെയും വേട്ടയാടി കൊന്നൊടുക്കുന്ന കലാപകാരികള്‍ക്ക് ആയുധസഹായം മേഖലയിലെ സുന്നി അറബ് സ്വേഛാധിപത്യ വാഴ്ചകളില്‍നിന്നും തുര്‍ക്കിയില്‍നിന്നും മറ്റുമാണ്. തുര്‍ക്കിയിലും സിറിയയുടെ മറ്റ് അയല്‍രാജ്യങ്ങളിലും സിറിയന്‍ കലാപകാരികള്‍ക്ക് സിഐഎ പരിശീലനം നല്‍കുന്നതിന്റെ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

സിറിയയിലെ ഭൂരിപക്ഷ വിഭാഗം സുന്നികളാണെങ്കിലും അവരില്‍ ഭൂരിപക്ഷവും അക്രമികള്‍ക്കൊപ്പമില്ലെന്നാണ് സൂചന. മതേതര സമൂഹത്തിന്റെ പരിരക്ഷ അനുഭവിച്ചുവരുന്ന അവര്‍ സിറിയ സുന്നി തീവ്രവാദികളുടെ പ്രാകൃത ശാസനകള്‍ക്ക് കീഴില്‍ അമരാന്‍ ആഗ്രഹിക്കുന്നില്ല. അതിന് തെളിവാണ് മെയ് ആദ്യം സിറിയന്‍ സര്‍ക്കാര്‍ നടത്തിയ തെരഞ്ഞെടുപ്പിലെ ജനപങ്കാളിത്തം. സമാധാനത്തിന് വഴിയൊരുക്കാന്‍ അസദ് നടത്തിയ ഭരണഘടനാ പരിഷ്കരണത്തെ തുടര്‍ന്ന് നടത്തിയ തെരഞ്ഞെടുപ്പ് പരാജയപ്പെടുത്താന്‍ കലാപകാരികള്‍ നടത്തിയ ആക്രമണങ്ങളും വിമത നേതാക്കളുടെ ബഹിഷ്കരണാഹ്വാനങ്ങളും വകവയ്ക്കാതെ സുന്നികളില്‍ നല്ല പങ്കും തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു. അതിന്റെ ഫലമായാണ് 55 ശതമാനത്തോളം പോളിങ്ങുണ്ടായത്. എന്നാല്‍ ഇതംഗീകരിക്കാന്‍ കലാപകാരികളോ അവരെ പിന്തുണയ്ക്കുന്ന അറബ്-പാശ്ചാത്യ രാജ്യങ്ങളോ തയ്യാറല്ല.

തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ സര്‍ക്കാരിനെ അസ്ഥിരീകരിക്കാന്‍ എല്ലാ വഴിയും തേടുന്നതിന്റെ തുടര്‍ച്ചയിലാണ് രണ്ട് മാസം മുമ്പ് അസദിന് കീഴില്‍ അധികാരമേറ്റ പ്രധാനമന്ത്രി റിയാദ് ഹിജാബിനെ കഴിഞ്ഞദിവസം കൂറുമാറ്റിച്ചത്. "അസദ് സര്‍ക്കാര്‍ നടത്തുന്ന കൂട്ടക്കൊലയില്‍" പങ്കാളിയാവാന്‍ കഴിയില്ലെന്നാണ് ഇപ്പോള്‍ ഹിജാബിന് വിളിപാടുണ്ടായിരിക്കുന്നത്. കലാപകാരികളില്‍ അല്‍ ഖായ്ദയും തങ്ങളുടെ പേരില്‍ അറിയപ്പെടുന്ന സിറിയന്‍ "വിമതരി"ല്‍ അല്‍ ഖായ്ദക്കാരടക്കം വിദേശഭീകരര്‍ സജീവമാണെന്ന തിരിച്ചറിവും സുന്നികളിലെ മതേതരവാദികള്‍ക്കുണ്ട്. അവരില്‍ സര്‍ക്കാരിനോട് വിയോജിപ്പുണ്ടായിരുന്നവര്‍ പോലും ഇപ്പോള്‍ സര്‍ക്കാരിനെ സംരക്ഷിക്കാന്‍ രംഗത്തുണ്ടെന്നും കപില്‍ കോമിറെഡ്ഡിയുടെ ന്യൂയോര്‍ക് ടൈംസ് ലേഖനത്തിലുണ്ട്.

കലാപത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിമതരില്‍ നിരവധി വിദേശ ഭീകരരുണ്ടെന്ന് അവിടെ ബന്ദിയാക്കപ്പെട്ട ബ്രിട്ടീഷ് ഫോട്ടോഗ്രാഫര്‍ ജോണ്‍ കാന്റില്‍ കഴിഞ്ഞദിവസം ബ്രിട്ടനിലെ സണ്‍ഡേ ടൈംസില്‍ എഴുതിയ സിറിയന്‍ അനുഭവ വിവരണത്തിലും വെളിപ്പെടുത്തി. തന്നെ ബന്ദിയാക്കിയവരില്‍ ഒരു ഡസനോളം ബ്രിട്ടീഷ് ഭീകരരും ഉണ്ടായിരുന്നതായും ഇവരില്‍ ഒമ്പതുപേര്‍ തെക്കന്‍ ലണ്ടന്‍ ശൈലിയിലെ ഇംഗ്ലീഷാണ് സംസാരിച്ചിരുന്നതെന്നും കാന്റില്‍ പറഞ്ഞു. തന്നെയും ഡച്ച് സഹപ്രവര്‍ത്തകന്‍ ജെറോണ്‍ ഓള്‍മാന്‍സിനെയും ബന്ദിയാക്കിയവരില്‍ ഒരു സിറിയക്കാരന്‍പോലും ഉണ്ടായിരുന്നില്ല എന്നത് കാന്റിലിനെ അത്ഭുതപ്പെടുത്തി. ജൂലൈ 19ന് വടക്കന്‍ സിറിയയില്‍നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട കാന്റിലും ഓള്‍മാന്‍സും ഒരാഴ്ചയ്ക്കുശേഷമാണ് രക്ഷപ്പെട്ടത്. ബ്രിട്ടന്‍, പാകിസ്ഥാന്‍, ചെച്നിയ എന്നിവിടങ്ങളില്‍നിന്നുള്ള മുപ്പതോളം ഭീകരരാണ് തന്നെയും ഓള്‍മാന്‍സിനെയും ബന്ദിയാക്കിയതെന്ന കാന്റിലിന്റെ വെളിപ്പെടുത്തല്‍ സിറിയയില്‍ സര്‍ക്കാരിനെതിരെ ജനകീയ പ്രക്ഷോഭമാണ് നടക്കുന്നത് എന്ന പാശ്ചാത്യ വാദം പൊളിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിന്തുടര്‍ന്ന ഭീകരരുടെ വെടിയേറ്റ പരിക്കോടെയാണ് കാന്റിലും സുഹൃത്തും രക്ഷപ്പെട്ടത്.

സിറിയന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള വ്യഗ്രതയില്‍ അല്‍ ഖായ്ദയെ പോലും ഉപയോഗിക്കാന്‍ മടിയില്ലെന്ന് അമേരിക്കന്‍ സഖ്യം തെളിയിക്കുമ്പോള്‍ ഭീകരവാദത്തോടുള്ള അവരുടെ പ്രഖ്യാപിത വിരോധത്തിന്റെ കാപട്യവും വീണ്ടും തെളിഞ്ഞുവരികയാണ്. അല്‍ഖായ്ദ വേട്ടയുടെ പേരില്‍ പാകിസ്ഥാനിലും മറ്റും സിഐഎയുടെ ചാരവിമാനങ്ങള്‍ ഉപയോഗിച്ച് മിസൈലുകള്‍ വര്‍ഷിച്ച് സൈനികരെയും നിരപരാധികളായ ഗ്രാമീണരെയും കൊല്ലുന്ന അമേരിക്ക ഇറാഖില്‍ നിന്ന് ഒന്നും പഠിച്ചിട്ടില്ല എന്നുകൂടിയാണ് സിറിയയിലെ ഇടപെടലിലൂടെ തെളിയിക്കുന്നത്. അമേരിക്കയ്ക്കും സൗദിക്കും ഒരേലക്ഷ്യം മേഖലയില്‍ ഭൂരിപക്ഷം അറബ് രാജ്യങ്ങളുടെയും ശത്രുത നേരിടുന്ന ഇറാന്റെ ചുരുക്കം സുഹൃത്തുക്കളില്‍ ഒന്നാണ് സിറിയ. സിറിയയില്‍ അസദിന്റെ മതേതര സര്‍ക്കാരിനെ അട്ടിമറിച്ച് സുന്നി തീവ്രവാദികള്‍ക്ക് ആധിപത്യമുള്ള ഒരു സര്‍ക്കാരിനെ വാഴിച്ചാല്‍ ഇറാനെ കൂടുതല്‍ ഒറ്റപ്പെടുത്താം എന്നാണ് അമേരിക്കയും സ്വന്തം രാജ്യങ്ങളില്‍ ഷിയാകളടക്കം ന്യൂനപക്ഷങ്ങളുടെയും ദരിദ്ര വിഭാഗങ്ങളുടെയും പ്രതിഷേധം നേരിടുന്ന സുന്നി രാജവാഴ്ചകളും കരുതുന്നത്.

മേഖലയില്‍ ഇറാന്റെ സ്വാധീനം വളരുന്നത് അപകടമായി കാണുന്ന സൗദിക്കും സിറിയയില്‍ അട്ടിമറിക്ക് പ്രത്യേക താല്‍പര്യം മറ്റൊന്നും കൊണ്ടല്ല. ഇറാഖില്‍ അമേരിക്കയ്ക്ക് പറ്റിയ മണ്ടത്തരം യഥാര്‍ഥത്തില്‍ ഇറാന് ഒരു വിശ്വസ്ത സൃഹൃത്തിനെയാണ് സംഭാവന ചെയ്തത്. സദ്ദാം ഹുസൈന്‍ അട്ടിമറിക്കപ്പെട്ട ഇറാഖില്‍ ഷിയാകള്‍ക്ക് ആധിപത്യമുള്ള സര്‍ക്കാരിനെ അധികാരത്തിലേറ്റിയപ്പോള്‍ അത് ഷിയാ ഭൂരിപക്ഷ ഇറാനാണ് ഗുണകരമായി മാറിയത്. ഈ വിഷമവേളയില്‍ സിറിയന്‍ സര്‍ക്കാരിനെ സഹായിക്കാന്‍ ഇറാനൊപ്പം ഇറാഖുമുണ്ട്. അതുകൊണ്ടുതന്നെ ഇറാനെ ദുര്‍ബലമാക്കാന്‍ സിറിയന്‍ സര്‍ക്കാരിനെ എങ്ങനെയും അട്ടിമറിക്കേണ്ടത് അമേരിക്കയുടെ ആവശ്യമാണ്. അതിനുള്ള ശ്രമത്തില്‍ അല്‍ഖായ്ദ ശക്തിപ്പെടുന്നതും പുതിയ താവളങ്ങള്‍ ഉറപ്പിക്കുന്നതും പോലും അമേരിക്കയ്ക്ക് വിഷയമല്ല. അതുകൊണ്ടാണ് ലിബിയയില്‍ എന്ന പോലെ ഐക്യരാഷ്ട്ര സംഘടനയെ ഉപകരണമാക്കി സിറിയയില്‍ ഇടപെടുന്നതിന് അമേരിക്ക ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ലിബിയയില്‍ അനുവര്‍ത്തിച്ച നിസംഗത സിറിയയില്‍ പാടില്ലെന്ന ജാഗ്രതയുള്ള റഷ്യയുടെയും ചൈനയുടെ വീറ്റോ മൂലം രക്ഷാസമിതിയില്‍ സിറിയക്കെതിരെ പ്രമേയം പാസാക്കുന്നതില്‍ മൂന്നുവട്ടം പരാജയപ്പെട്ട അമേരിക്കയ്ക്ക് അവര്‍ ഒരിക്കലും വിലകല്‍പിക്കാത്ത യുഎന്‍ പൊതുസഭയെപോലും ആശ്രയിക്കേണ്ടിവന്നു.

പലസ്തീനിലെ ഇസ്രയേലി ക്രൂരതകളെ അപലപിച്ചും ക്യൂബയ്ക്കെതിരായ യാങ്കി ഉപരോധം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടും പൊതുസഭ ബഹുഭൂരിപക്ഷത്തോടെ പാസാക്കിയ പ്രമേയങ്ങളൊന്നും വകവച്ചിട്ടില്ലാത്ത അമേരിക്ക സിറിയക്കെതിരെ സൗദി അവതരിപ്പിച്ച പ്രമേയം പാസായപ്പോള്‍ മതിമറന്ന് ആഹ്ലാദിക്കുകയാണ്. എന്നാല്‍ റഷ്യയും ചൈനയും വിവിധ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമടക്കം 12 രാജ്യങ്ങള്‍ എതിര്‍ക്കുകയും ഇന്ത്യയടക്കം 31 രാജ്യങ്ങള്‍ വിട്ടുനില്‍ക്കുകയും ചെയ്ത വോട്ടിങ്ങില്‍ ലോക ജനസംഖ്യയില്‍ ഭൂരിപക്ഷത്തിന്റെ വികാരം പ്രമേയത്തിനെതിരായാണ് പ്രതിഫലിച്ചതെന്ന വസ്തുത അവര്‍ സൗകര്യപൂര്‍വം അവഗണിക്കുകയാണ്.

സിറിയയില്‍ സമാധാനപരമായ പരിഹാരം പാടില്ലെന്ന് തീരുമാനിച്ചിട്ടുള്ള അമേരിക്ക അതിനുള്ള എല്ലാ സാധ്യതയും അലസിപ്പിക്കുന്നതില്‍ നിര്‍ബന്ധം പുലര്‍ത്തുന്നു. സിറിയന്‍ സമാധാനത്തിന് വഴിതേടാന്‍ എന്ന പേരില്‍ ജൂണ്‍ അവസാനം ഐക്യരാഷ്ട്ര സംഘടനയുടെ മുന്‍കൈയ്യില്‍ ജനീവയില്‍ വിളിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ ഇറാനെ പങ്കെടുപ്പിക്കാതിരുന്നതിന് മറ്റൊരു കാരണവുമില്ല. അന്നന്റെ മുന്നറിയിപ്പ് സിറിയയില്‍ സമാധാനത്തിന് ഐക്യരാഷ്ട്ര സംഘടനയുടെയും അറബ്ലീഗിന്റെയും ദൂതനായി പ്രവര്‍ത്തിച്ച യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ മുന്നറിയിപ്പ് പോലും അമേരിക്കയുടെയും കൂട്ടരുടെയും കണ്ണുതുറപ്പിക്കുന്നില്ല.

സിറിയ ലിബിയ അല്ലെന്നും അവിടെയുണ്ടാവുന്ന പൊട്ടിത്തെറി ആ രാജ്യത്തിന്റെ അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങാതെ പുറത്തേക്ക് വ്യാപിക്കുമെന്നുമാണ് അന്നന്‍ മുന്നറിയിപ്പ് നല്‍കിയത്. ലെബനില്‍ ഇപ്പോള്‍ തന്നെ സിറിയ അനുകൂലികളും വിരുദ്ധരും തമ്മില്‍ സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. ഇറാഖില്‍ ഷിയാ വിഭാഗക്കാര്‍ക്കെതിരെ സുന്നി തീവ്രവാദി ആക്രമണങ്ങള്‍ അടുത്ത കാലത്തായി വീണ്ടും വര്‍ധിക്കുകയാണ്. സിറിയയില്‍ വിദേശ ഇടപെടലുണ്ടായാല്‍ ഈജിപ്തിലും പലസ്തീന്‍ പ്രദേശങ്ങളിലുമെല്ലാം അതിന്റെ അനുരണനങ്ങളുണ്ടാവും എന്നതിന്റെ സൂചന പ്രകടമാവുന്നുണ്ട്. സ്വയം നിര്‍ണയാവകാശത്തിന് പോരാടുന്ന കുര്‍ദുകളുടെ ഗണ്യ സാന്നിധ്യമുള്ള തുര്‍ക്കിക്കും പ്രയാസങ്ങളുണ്ടാവും. സൗദിയുടെ എണ്ണ സമ്പത്ത് ഏറെക്കുറെ പൂര്‍ണമായുമടങ്ങുന്ന കിഴക്കന്‍ പ്രവിശ്യയിലാണ് അവിടത്തെ ഷിയാ വിഭാഗക്കാരില്‍ നല്ല പങ്കും. ഇപ്പോള്‍ തന്നെ ജനാധിപത്യാവകാശങ്ങള്‍ക്കായി പ്രക്ഷോഭമുയര്‍ത്തുന്ന അവര്‍ സിറിയയിലെ സൗദി ഇടപെടലില്‍ രോഷാകുലരാണ്. കൂടാതെ, മൊത്തം സൗദി യുവാക്കളില്‍ തൊഴിലില്ലായ്മ 30 ശതമാനത്തിലധികമാണ് എന്നാണ് റിപ്പോര്‍ട്ട്. അവരുടെ രോഷവും അണപൊട്ടാനിരിക്കുകയാണ്. അറബ്വസന്തത്തിന്റെ പ്രാരംഭവേളയില്‍ തിടുക്കത്തില്‍ 13,000 കോടി ഡോളറിന്റെ(7.17 ലക്ഷം കോടി രൂപ) സൗജന്യങ്ങള്‍ പ്രഖ്യാപിച്ചാണ് സൗദി ഭരണകൂടം ജനങ്ങളുടെ പ്രതിഷേധം തണുപ്പിച്ചത്. സിറിയയില്‍ നിന്ന് പടരുന്ന പൊട്ടിത്തെറിക്ക് വംശീയമാനം കൂടിയുണ്ടാവും എന്നതിനാല്‍ അതടിച്ചമര്‍ത്തുക അത്ര എളുപ്പമാവില്ല. ലോക എണ്ണ വില നിയന്ത്രിക്കുന്ന സൗദിയിലുണ്ടാവുന്ന എന്ത് പ്രയാസവും ലോകമെങ്ങും പ്രതിധ്വനിക്കും. തുര്‍ക്കി, ഇസ്രയേല്‍ സിറിയന്‍ പ്രശ്നം ജൂണ്‍ അവസാനവാരം മേഖലാ യുദ്ധത്തിന്റെ വക്കുവരെ എത്തിയതാണ്. വ്യോമാതിര്‍ത്തി ലംഘിച്ച തുര്‍ക്കിയുടെ "ഫാന്റം എഫ്-4" യുദ്ധവിമാനം സിറിയന്‍ സേന വീഴ്ത്തിയത് തുര്‍ക്കിക്ക് കനത്ത ക്ഷീണമായി. വിമാനവേധ തോക്കുകളുടെയും ഭൂതല-വ്യോമ പ്രതിരോധ സംവിധാനങ്ങളുടെയും വിന്യാസം കണ്ടെത്താന്‍ ഉപയോഗിക്കുന്ന വിമാനം റഡാര്‍ പരീക്ഷണ ദൗത്യത്തിലായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് ഇസ്രയേലി യുദ്ധവിമാനം തുര്‍ക്കിക്കുമീതേ പറന്ന് തങ്ങളുടെ ഒരു സൈനിക സംവിധാനം തകര്‍ത്തത് ഓര്‍മയുള്ള സിറിയ ഇത്തവണ ഭാഗ്യപരീക്ഷണത്തിന് നിന്നില്ല. ഇതിന്റെ പേരില്‍ ചില മുറുമുറുപ്പുകള്‍ ഉയര്‍ത്തിയ തുര്‍ക്കി സിറിയക്കെതിരെയുള്ള ഉപജാപങ്ങള്‍ തീവ്രമാക്കിയിട്ടുണ്ട്. എന്നാല്‍ സിറിയന്‍ പ്രസിഡന്റ് അസദ് തുര്‍ക്കി പത്രം കമൂറിയത്തിന് നല്‍കിയ അഭിമുഖത്തില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് തുര്‍ക്കി പ്രധാനമന്ത്രി റെജിപ് തയ്യിബ് എര്‍ദുഗാന് മറുപടിയില്ല.

ഗള്‍ഫ് രാജ്യങ്ങളിലെ ജനാധിപത്യത്തിന്റെ കാര്യത്തില്‍ എര്‍ദുഗാന് ഉത്കണ്ഠയില്ലാത്തത് എന്തെന്ന് അസദ് ചോദിച്ചു. അമേരിക്കയുടെ അഞ്ചാം കപ്പല്‍പടയുടെ താവളമായ ഖത്തറിന്റെ കാര്യം അസദ് എടുത്തുപറഞ്ഞു. ഇസ്രയേലി ഉപരോധം മൂലം നരകിക്കുന്ന ഗാസയിലെ പലസ്തീന്‍ സഹോദരങ്ങള്‍ക്ക് സഹായവുമായി പോയ തുര്‍ക്കി കപ്പല്‍ ആക്രമിച്ച് കഴിഞ്ഞവര്‍ഷം ഇസ്രയേല്‍ സൈനികര്‍ തുര്‍ക്കി പൗരന്മാരെ കൊന്നപ്പോള്‍ കാണിക്കാതിരുന്ന ശൗര്യം ഇപ്പോള്‍ എന്തെന്നും അസദ് ചോദിച്ചു. മാത്രമല്ല ഇസ്രയേലിനുവേണ്ടി തുര്‍ക്കിയില്‍ മിസൈല്‍ കവചം വിന്യസിക്കുന്നതിന്റെ സാധുതയും അസദ് ചോദ്യം ചെയ്യുന്നു.

പലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യ സ്വപ്നം എന്നന്നേക്കുമായി തല്ലിക്കൊഴിച്ച് വിശാല ഇസ്രയേല്‍ എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്ന ഇസ്രയേലാകും സിറിയയിലെ സംഘര്‍ഷത്തിന്റെ പ്രധാന ഗുണഭോക്താവ്. ഇസ്രയേലുമായി ഒത്തുതീര്‍പ്പിന് വഴങ്ങാതെ പലസ്തീന്‍ വിമോചന പ്രസ്ഥാനത്തിന് സഹായം തുടരുന്ന സിറിയ പലസ്തീനിലെ പല ഇടതുപക്ഷ മതേതര സംഘടനകളുടെയും അഭയകേന്ദ്രം കൂടിയാണ്. അതുകൊണ്ടുതന്നെ ഇസ്ലാമികവാദികള്‍ അധികാരത്തിലുള്ള തുര്‍ക്കി, ഈജിപ്ത് എന്നിവയേക്കാള്‍ ഇസ്രയേല്‍ സിറിയയെ ഭയക്കുന്നതിന് രാഷ്ട്രീയ മാനങ്ങളുണ്ട്.

*
എ ശ്യാം ദേശാഭിമാനി വാരിക 19 ആഗസ്റ്റ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഉത്തരാഫ്രിക്കയിലെ ടുണിഷ്യയില്‍ സൈനല്‍ അബിദിന്‍ ബെന്‍ അലിയെ വീഴ്ത്തി ആരംഭിച്ച അറബ്വസന്തത്തില്‍ ഈജിപ്തിലെ ഹുസ്നി മുബാറക്കിനും അടിതെറ്റിയപ്പോള്‍ ഏറ്റവും വിരണ്ടത് അമേരിക്കയും ഇസ്രയേലുമാണ്. അറബ് ജനമുന്നേറ്റം പശ്ചിമേഷ്യയില്‍ ബഹറൈനിലേക്കും പടര്‍ന്നപ്പോള്‍ മേഖലയിലെ സ്വേഛാധിപത്യ രാജവാഴ്ചകളും ഉലഞ്ഞു. ബഹറൈനിലെ 80 ശതമാനത്തിലധികം വരുന്ന മുസ്ലിങ്ങളില്‍ ബഹുഭൂരിപക്ഷവും ഷിയാകളാണ്. സുന്നി രാജവാഴ്ചയ്ക്കെതിരെ ഉയര്‍ന്ന പ്രക്ഷോഭത്തിന് ഷിയാകള്‍ക്കൊപ്പം ക്രൈസ്തവരടക്കം ന്യൂനപക്ഷ വിഭാഗങ്ങളും തെരുവിലിറങ്ങി. സൗദി അറേബ്യയുടെ നേതൃത്വത്തില്‍, ആറ് രാഷ്ട്ര ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ(ജിസിസി) മറ്റ് രാജ്യങ്ങളുടെ സൈന്യത്തെ ഇറക്കിയാണ് ബഹറൈനിലെ ജനമുന്നേറ്റത്തെ അടിച്ചമര്‍ത്തിയത്. ഇത്തരത്തില്‍ ഒരു ദുര്‍ബല ജനതയുടെ ജനാധിപത്യാഭിലാഷത്തെ ഭരണാധികാരികള്‍ വിദേശ സേനകളെ ഇറക്കി അടിച്ചമര്‍ത്തിയതിന് ചരിത്രത്തില്‍ അധികം സമാനതകളില്ല. എന്നാല്‍ ബഹറൈനില്‍നിന്ന് സിറിയയിലെത്തിയപ്പോള്‍ ചിത്രം മാറി.