Tuesday, August 21, 2012

വാരഫലക്കാരുടെ വാചകമേളകള്‍

ആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ ഒടുവില്‍ തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന ഒരു പ്രഭാത ദിനപ്പത്രമായിരുന്നു ജനതാമെയില്‍. എല്ലാ ഞായറാഴ്ചകളിലും ആ പത്രത്തില്‍ ജാതകഫലം പ്രസിദ്ധീകരിക്കുമായിരുന്നു. അടുത്ത ആഴ്ചയില്‍ സ്വന്തം ജീവിതത്തില്‍ എന്തു സംഭവിക്കുമെന്നറിയാന്‍ ആകാംക്ഷയുള്ള ആളുകള്‍ ജാതകഫലം കൃത്യമായി വായിക്കുമായിരുന്നു. ഇതറിയാവുന്ന പത്രാധിപര്‍ പത്രത്തിന്റെ ഉടമസ്ഥാവകാശം ചേര്‍ക്കാന്‍ വിട്ടുപോയാലും ജാതകഫലം ചേര്‍ക്കാന്‍ മറക്കില്ലായിരുന്നു. ആറ്റിങ്ങലുള്ള ഒരു ജ്യോത്സ്യനായിരുന്നു ശനിയാഴ്ച രാവിലെ ജാതകഫലം പത്രമോഫീസില്‍ എത്തിച്ചിരുന്നത്.

ജ്യോത്സ്യന്റെ ഗ്രഹനില തെറ്റിയതിനാലാകാം ഒരു ശനിയാഴ്ച ജാതകഫലം എത്തിയില്ല. ആകെ കുഴങ്ങിയ പത്രാധിപര്‍, എഡിറ്റര്‍ ട്രെയ്‌നിയായി അവിടെയുണ്ടായിരുന്ന ഒരു യുവാവിനോട് ജാതകഫലം തയ്യാറാക്കാന്‍ പറഞ്ഞു.

അമ്പരന്നുനിന്ന യുവാവിന് അദ്ദേഹം മാര്‍ഗനിര്‍ദേശവും നല്‍കി. ജ്യോതിഷം പഠിക്കുകയോ കവിടി നിരത്തുകയോ ഒന്നുംവേണ്ട. പത്രത്തിന്റെ പഴയ ലക്കങ്ങള്‍ എടുത്ത് ഓരോ നക്ഷത്രത്തിനോടൊപ്പവും ചേര്‍ത്തിട്ടുള്ള ഫലങ്ങള്‍ തിരിച്ചും മറിച്ചുമൊക്കെ എഴുതുമ്പോള്‍ ഞായറാഴ്ച പ്രസിദ്ധീകരിക്കാനുള്ള ജാതകഫലമായി.

ആധികാരികത തീരെയില്ലാതെ പഴയ ഫലങ്ങള്‍ നക്ഷത്രങ്ങളുടെ നേര്‍ക്ക് മാറ്റിയെഴുതി പ്രസിദ്ധീകരിച്ചത് ജനങ്ങള്‍ വായിക്കുന്നത് കണ്ടുകൊണ്ടാണ് ആ യുവാവ് അടുത്ത ദിവസം നഗരത്തിലൂടെ നടന്നത്.

നമ്മുടെ ജീവിതത്തെ നിര്‍ണയിക്കുവാനോ നിര്‍മ്മിക്കുവാനോ ഒരു നക്ഷത്രഫലത്തിനും കഴിയുകയില്ല. ഞായറാഴ്ചകളില്‍ ഓരോ പത്രങ്ങളിലും വരുന്ന പമ്പര വിഡ്ഢിത്തത്തെയാണ് നമ്മള്‍ വാരഫലം എന്നുവിളിക്കുന്നത്.

മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന മൂന്ന് ദിനപ്പത്രങ്ങളില്‍ കഴിഞ്ഞ ഞായറാഴ്ച അച്ചടിച്ചുവന്ന ജാതകഫലങ്ങള്‍ ഒന്നിച്ചുവായിച്ചപ്പോഴാണ് ഒരാഴ്ച ചിരിക്കാനുള്ള വക കിട്ടിയത്.
അശ്വതി മുതല്‍ രേവതി വരെയുള്ള ഓരോ നക്ഷത്രനാളിലും പിറന്നവര്‍ അടുത്ത ആഴ്ച അനുഭവിക്കാന്‍ പോകുന്ന കാര്യമാണല്ലോ ഈ പ്രവാചകന്‍ രേഖപ്പെടുത്തുന്നത്.

കേരളകൗമുദിയിലെ പ്രവചനം അനുസരിച്ച് ഉത്രം നാളില്‍ പിറന്നവര്‍ക്കെല്ലാം ഈ ആഴ്ചയില്‍ സന്താനഭാഗ്യം ഉണ്ടാകും. മലയാള മനോരമയിലെ പ്രവചനം അനുസരിച്ചാണെങ്കില്‍ ഉത്രം നക്ഷത്രത്തില്‍ പിറന്നവര്‍ക്ക് സന്താനഭാഗ്യത്തിനു പകരം ഉദരരോഗമാണ് ഉണ്ടാകുന്നത്.

മാതൃഭൂമിയിലെ പ്രവചനം അനുസരിച്ചാണെങ്കില്‍ ഈ നാളില്‍ പിറന്നവര്‍ക്ക് സന്താനഭാഗ്യവും ഉദരരോഗവും വരില്ലെങ്കിലും ഗൃഹസ്വസ്ഥത കുറയും. ഒരേനക്ഷത്രഫലം മൂന്ന് ജ്യോത്സ്യന്മാര്‍ കണ്ടെത്തുമ്പോള്‍ മൂന്നുതരത്തിലാകുന്നത് എന്തുകൊണ്ടാണ്?

ആദ്യത്തെ നക്ഷത്രമായി കണക്കാക്കുന്നത് അശ്വതിയാണല്ലൊ. ഈ നാളില്‍ പിറന്നവര്‍ക്ക് അടുത്തയാഴ്ച സംഗീതാദികലകളില്‍ അംഗീകാരം ലഭിക്കുമത്രെ. പാട്ടുപാടാന്‍ കഴിയാത്തവര്‍ക്കോ? മറ്റൊരു പത്രം പറയുന്നത് ഉന്നത വിദ്യാഭ്യാസത്തിനു പ്രവേശനം ലഭിക്കുമെന്നാണ്. പ്രാഥമിക വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്കോ? അടുത്ത പത്രം പറയുന്നത് മനസമാധാനം ലഭിക്കുമെന്നാണ്. മനസമാധാനത്തിന് ഒരാഴ്ചത്തെ ഉറപ്പേ ഉള്ളോ?

ആദ്യം പ്രസന്നമായ കാര്യങ്ങള്‍ പറയുക. ഒടുവില്‍ ദോഷങ്ങള്‍ നിരത്തി വിരട്ടുക. ഇത് ജ്യോത്സ്യന്മാരുടെ ഒരു തന്ത്രമാണ്. അതിനാല്‍ അശ്വതി നക്ഷത്രഫലം പ്രസന്നവും രേവതിഫലം അപ്രസന്നവുമായിരിക്കും. അപൂര്‍വം സന്ദര്‍ഭങ്ങളില്‍ ഈ തന്ത്രവും തെറ്റും. രേവതിക്കാര്‍ക്ക് വ്യാപാര വ്യവസായ പുരോഗതി മനോരമ വാഗ്ദാനം ചെയ്യുമ്പോള്‍ കേരളകൗമുദി പിതാവിന്റെ ആരോഗ്യം മോശമാകുമെന്നും മാതൃഭൂമി പലതുകൊണ്ടും കാലം അനുകൂലമല്ലെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്.

ഓണക്കാലം അടുത്തതിനാല്‍ ബോണസും മറ്റും പ്രഖ്യാപിക്കപ്പെടുമെന്നറിയാവുന്ന ഒരു നക്ഷത്രഫലക്കാരന്‍ ഭരണി നാളുകാര്‍ക്കെല്ലാം മുന്‍കാല പ്രാബല്യത്തോടുകൂടിയുള്ള ശമ്പള വര്‍ധനവ് പ്രവചിച്ചിട്ടുണ്ട്. ജ്യോത്സ്യരുടെ കളികള്‍ക്കപ്പുറം ഒരു നില്‍ക്കകള്ളിയും വേണമല്ലൊ. ഗവണ്‍മെന്റ് ജോലിക്കാര്‍ക്ക് ഗുണകരമായ വാര്‍ത്തകള്‍ ശ്രവിക്കാമെന്ന് മറ്റൊരു പത്ര ജ്യോത്സ്യന്‍ തട്ടിവിട്ടിട്ടുണ്ട്.

വിജ്ഞാനത്തിന്റെ മേശപ്പുറത്ത് ചൊവ്വാഗ്രഹം വന്നിരിക്കുന്ന ഇക്കാലത്ത് ഇത്തരം പുട്ടുകച്ചവടങ്ങളെ അവഗണിക്കുകയാണ് വേണ്ടത്. ഞായറാഴ്ച പത്രങ്ങളില്‍ വരുന്ന നക്ഷത്രവാരഫലങ്ങള്‍ അയുക്തിയും അശാസ്ത്രീയതയും അജ്ഞതയുമാണ് മുന്നോട്ടു വയ്ക്കുന്നത്.

*
കുരീപ്പുഴ ശ്രീകുമാര്‍ ജനയുഗം

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ ഒടുവില്‍ തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന ഒരു പ്രഭാത ദിനപ്പത്രമായിരുന്നു ജനതാമെയില്‍. എല്ലാ ഞായറാഴ്ചകളിലും ആ പത്രത്തില്‍ ജാതകഫലം പ്രസിദ്ധീകരിക്കുമായിരുന്നു. അടുത്ത ആഴ്ചയില്‍ സ്വന്തം ജീവിതത്തില്‍ എന്തു സംഭവിക്കുമെന്നറിയാന്‍ ആകാംക്ഷയുള്ള ആളുകള്‍ ജാതകഫലം കൃത്യമായി വായിക്കുമായിരുന്നു. ഇതറിയാവുന്ന പത്രാധിപര്‍ പത്രത്തിന്റെ ഉടമസ്ഥാവകാശം ചേര്‍ക്കാന്‍ വിട്ടുപോയാലും ജാതകഫലം ചേര്‍ക്കാന്‍ മറക്കില്ലായിരുന്നു. ആറ്റിങ്ങലുള്ള ഒരു ജ്യോത്സ്യനായിരുന്നു ശനിയാഴ്ച രാവിലെ ജാതകഫലം പത്രമോഫീസില്‍ എത്തിച്ചിരുന്നത്.

BorN said...

അവസാനം ധന നഷ്ടം മാനഹാനി ഫലം....

Chathans said...

പല പത്രങ്ങളിലും ഏറ്റവും വിശ്വാസ്യമായ നാലു വരിയാണ് വാരഫലം ... നിര്‍ത്തിക്കല്ലേ...
വാര്‍ത്തകളിലെ സത്യവും നുണയും ഞങ്ങള്‍ സാധാരണ മനുഷ്യര്‍ ശ്രദ്ധിക്കാതായിരിക്കുന്നു....