Sunday, August 26, 2012

സ്ത്രീപക്ഷനിയമങ്ങള്‍ പുനര്‍വായന നടത്തുമ്പോള്‍

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് തങ്ങളുടെ ദൈനംദിന ജീവിതത്തില്‍ വ്യത്യസ്തങ്ങളായ വെല്ലുവിളികളെ നേരിടേണ്ടിവരുന്നു. ഒരുവശത്ത് ആഗോളവല്‍ക്കരണം, മറ്റൊരുവശത്ത് വര്‍ഗീയത ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍, സ്ത്രീയെന്ന നിലയില്‍ അവള്‍ വിവിധതരം ചൂഷണങ്ങള്‍ക്ക് വിധേയയാകേണ്ടിവരുന്നു. ചൂഷിത വര്‍ഗത്തിന്റെ ഭാഗമെന്ന നിലയിലും വര്‍ഗവിവേചനത്തിന്റെ ഭാഗമായും സമൂഹത്തിലെ പൗരന്‍ എന്ന നിലയില്‍ സവിശേഷമായ അടിച്ചമര്‍ത്തലിനും ചൂഷണത്തിനും സ്ത്രീ ഇരയാക്കപ്പെടുകയാണ്.

നവലിബറല്‍ സാമ്പത്തികനയങ്ങള്‍ എല്ലാതരം അസമത്വങ്ങളും വര്‍ധിപ്പിക്കുന്നു. ആകെ ലോകവരുമാനത്തിന്റെ 85 ശതമാനവും കേവലം 20 ശതമാനവും വരുന്ന സമ്പന്നര്‍ അനുഭവിക്കുന്നു. 1.4 ശതമാനം മാത്രമെ ദരിദ്രര്‍ക്ക് ലഭ്യമാവു എന്നതും സാമ്പത്തിക അസമത്വത്തിന്റെ ആഴം വ്യക്തമാക്കുന്നു. ആകെയുള്ള ദരിദ്രരില്‍ 70 ശതമാനം സ്ത്രീകളാണെന്ന യാഥാര്‍ഥ്യം അതിന്റെ പ്രതിഫലനമാണ്. ലോകത്താകെ അധ്വാനിക്കുന്നവരില്‍ മൂന്നിലൊരു ഭാഗം സ്ത്രീകളാണ്. ആകെയുള്ള അധ്വാനസമയത്തിന്റെ മൂന്നില്‍ രണ്ടുഭാഗം സ്ത്രീകളുടെ സംഭാവനയും. അതേസമയം ആകെ വിതരണം ചെയ്യുന്ന കൂലിയുടെ പത്തിലൊരുഭാഗം മാത്രമാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്നത്. 2010 ല്‍ അന്താരാഷ്ട്ര തൊഴില്‍ സംഘടന ഐ എല്‍ ഒ നടത്തിയ ഒരു പഠനം ലോകത്ത് സാമൂഹിക അനീതി എന്ത്മാത്രം വര്‍ധിച്ചിരിക്കുന്നു എന്നത് വ്യക്തമാക്കുന്നു. 2010 ല്‍ തന്നെ ഐ എം എഫ് നടത്തിയ പഠനം പറയുന്നത് ദരിദ്രരും പട്ടിണിക്കാരുമായി 829 ദശലക്ഷം സ്ത്രീകളുള്ളപ്പോള്‍ പുരുഷന്മാരുടെ എണ്ണം 522 ദശലക്ഷം മാത്രമെന്നാണ്. ആഗോളവല്‍ക്കരണനയങ്ങള്‍ കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെയാണ്. ''ദാരിദ്ര്യത്തിന്റെ സ്ത്രീവല്‍ക്കരണമെന്ന്'' ചിലര്‍ ഇതിനെ വിശേഷിപ്പിക്കാറുണ്ട്.

ഇന്ത്യയിലെ സ്ത്രീകളുടെ, ബഹുഭൂരിപക്ഷത്തിന്റെയും ജീവിതം മൂര്‍ച്ഛിക്കുന്ന ദാരിദ്ര്യത്തിന്റെയും രൂക്ഷമാകുന്ന സാമൂഹിക അസമത്വത്തിന്റെയും അനുഭവങ്ങളാല്‍ വികൃതമാണ്. 2011 ലെ യൂനിസെഫ് റിപ്പോര്‍ട്ട് പറയുന്നത് പതിനഞ്ച് വയസിന്റെയും പത്തൊമ്പത് വയസിന്റെയും ഇടയിലുള്ള പെണ്‍കുട്ടികളില്‍ 56 ശതമാനം പോഷകാഹാരക്കുറവ് അനുഭവിക്കുന്നുവെന്നാണ്. ഡബ്ല്യു എച്ച് ഒ പഠനം വെളിപ്പെടുത്തുന്നത് ഇന്ത്യയിലെ 88 ശതമാനം ഗര്‍ഭിണികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു എന്നാണ്.

ഇന്ത്യയില്‍ 1000 കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ 47.57 ശതമാനം കുഞ്ഞുങ്ങള്‍ മരിച്ചുപോകുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നാഷണല്‍ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ട് പറയുന്നത് ഇന്ത്യയില്‍ മണിക്കൂറില്‍ 2500 കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവ് കൊണ്ട് മരിക്കുന്നുവെന്നാണ്. 2006 ലെ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയില്‍ പറയുന്നത് ഇന്ത്യയിലെ മൂന്ന് വയസില്‍ താഴെയുള്ള ഗ്രാമീണമേഖലയിലെ 81 ശതമാനം കുട്ടികളും വളര്‍ച്ച കുറഞ്ഞവരാണ്, ഭാരവും ഉയരവും കുറഞ്ഞവരും. ഇന്ത്യയിലെ സ്ത്രീകളുടെ പദവി സംബന്ധമായ കമ്മിറ്റി സി എസ് ഡബ്ല്യു ഐ സ്ത്രീസമത്വം നിഷേധിക്കപ്പെടുന്നതിലുള്ള ആശങ്ക ഉയര്‍ത്തിക്കാട്ടിയിരിക്കുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലും നവോഥാന പ്രസ്ഥാനത്തിലുമെല്ലാം അജയ്യമായ സ്ത്രീസാന്നിധ്യം ഉണ്ടായിരുന്നു. വര്‍ഗചൂഷണത്തോടൊപ്പം ജാതിസമ്പ്രദായവും മതമേല്‍ക്കോയ്മയും പുരുഷാധിപത്യ മൂല്യവ്യവസ്ഥയും സ്ത്രീയെ, സമൂഹത്തിന്റെ ഓരങ്ങളിലേക്ക് തള്ളിയപ്പോള്‍ അതിനെതിരെ പോരടിച്ചവരാണ് ഇന്ത്യന്‍  സ്ത്രീകള്‍. കോളനിവാഴ്ച ഇന്ത്യക്ക് നല്‍കിയ രണ്ടു സംഭാവനകളായിരുന്നു ഇംഗ്ലീഷ് വിദ്യാഭ്യാസവും ഇംഗ്ലീഷ് നീതിന്യായ വ്യവസ്ഥയും. ആ കാലഘട്ടത്തിലും എല്ലാ തിന്മകളുടേയും ആത്യന്തിക ഇരകള്‍ സ്ത്രീകളായിരുന്നു. 1829 ലെ സതി നിരോധനനിയമം, ഹിന്ദു വിധവാപുനര്‍വിവാഹ നിയമം (1856) പെണ്‍ശിശുഹത്യാനിരോധന നിയമം (1870) ശൈശവ വിവാഹ നിരോധനനിയമം (1929) തുടങ്ങി ബഹുഭാര്യാത്വ നിരോധനനിയമം ഉള്‍പ്പടെ ഒരുപാട് സ്ത്രീപക്ഷ നിയമങ്ങള്‍ ബ്രിട്ടീഷ് ഭരണകൂടം കൊണ്ടുവന്നു.

നമ്മുടെ രാജ്യം സ്വതന്ത്രമായതിനെതുടര്‍ന്ന് സ്വന്തമായ ഒരു ഭരണഘടനയുണ്ടായി. ഭരണഘടനയെ സാമൂഹിക പരിഷ്‌ക്കരണത്തിനുള്ള ഒരു നയരേഖ എന്ന നിലയിലാണ് പല പ്രമുഖരും വിലയിരുത്തുന്നത്. ഭരണഘടനയില്‍ (14-ാം അനുഛേദം) സ്ത്രീകള്‍ക്ക് പുരുഷന്മാരോടൊപ്പം എല്ലാ കാര്യങ്ങളിലും തുല്യത ഉറപ്പുവരുത്തുകയും സ്ത്രീകളുടെ സ്ഥാനം ഉയര്‍ത്താന്‍വേണ്ടി അനുയോജ്യമായ നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാറുകള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഒരുതരത്തിലുള്ള വിവേചനവും നമ്മുടെ ഭരണഘടന അനുവദിക്കുന്നില്ല. എന്നാല്‍ പ്രായോഗികതലത്തില്‍ എല്ലാ രംഗങ്ങളിലും (വ്യക്തിനിയമങ്ങളില്‍പ്പോലും) വിവേചനം നിലനില്‍ക്കുകയാണ്. ലിംഗപരമായ തുല്യത രാഷ്ട്രപുരോഗതിക്ക് അത്യന്തം അനിവാര്യ ഘടകമാണെന്ന് നമ്മുടെ ഭരണഘടനാശില്‍പികള്‍ മനസിലാക്കിയിരുന്നു.

ഇന്ത്യന്‍ സമൂഹം സ്ത്രീകള്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കി അംഗീകരിക്കാന്‍ മടികാണിക്കുന്നതുകൊണ്ടുതന്നെയാണ് സമൂഹത്തില്‍ സ്ത്രീപക്ഷ നിയമങ്ങളുടെ ആവശ്യകത ഉയര്‍ന്നുവന്നിട്ടുള്ളത്. ഈ സ്ത്രീപക്ഷ നിയമങ്ങളില്‍ പലതും ഇന്ത്യന്‍ പാര്‍ലമെന്റിനകത്തും പുറത്തും സ്ത്രീകള്‍ നടത്തിയ പ്രക്ഷോഭങ്ങളുടെ ഭാഗമാണ്. ഈ നിയമങ്ങള്‍ നിലവില്‍ വന്നതോടെ സ്ത്രീകള്‍ക്ക് എതിരായ വിവേചനവും അതിക്രമങ്ങളും അവസാനിപ്പിക്കാന്‍ കഴിഞ്ഞോ എന്നു ചോദിച്ചാല്‍ ഒരു പരിധിവരെ എന്ന ഉത്തരമേ നല്‍കാന്‍ കഴിയൂ. സ്ത്രീക്ക് സ്വന്തം ശരീരത്തിനുപോലും അവകാശമില്ലാത്ത രീതിയില്‍ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. ഐ പി സി 376 വകുപ്പ് ശക്തമായ ശിക്ഷ ബലാല്‍സംഗത്തിനു നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ നാഷണല്‍ സാമ്പിള്‍ സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഓരോ 27 മിനിറ്റിലും ഒരു സ്ത്രീ ബലാല്‍സംഗത്തിന് ഇരയാകുന്നു എന്നാണ്. അഞ്ച് മിനിറ്റില്‍ ഒരു സ്ത്രീ വീടിനകത്തുവെച്ചോ പുറത്തുവെച്ചോ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നു. എന്നാല്‍ 376-ാം വകുപ്പ് പ്രകാരം പ്രതിക്ക് പരമാവധി ശിക്ഷക്കായി പരിഗണിക്കുന്നത് സ്ത്രീയുടെ ജീവിതവും സ്വഭാവവുമാണ്. സ്ത്രീയുടെ സമ്മതത്തോടെയല്ല വേഴ്ച നടന്നതെന്നും അങ്ങനെയാണെങ്കില്‍ തന്നെ ഭീഷണിയെ തുടര്‍ന്നാണ് വഴങ്ങിയതെന്നും കോടതിക്ക് ബോധ്യമാവണം-മധുര കേസ്, സൂര്യനെല്ലിക്കേസ് തുടങ്ങിയ വിധികളില്‍ കോടതികളുടെ നിലപാട് മാറേണ്ടതിനെക്കുറിച്ച് പൊതു സമൂഹം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. നിയമം ശക്തമായുണ്ട് എങ്കിലും കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയുന്നില്ല എന്നതാണ് ഖേദകരം. നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ 2011 ല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 24,270 ബലാല്‍സംഗങ്ങള്‍ നടന്നെന്നും, പതിനാലുവയസിന് താഴെ 19 ശതമാനവും (4,646) പതിനാലിനും പതിനെട്ടിനും ഇടയില്‍ 13,264 കുട്ടികളും ഇരകളില്‍ ഉള്‍പ്പെടുന്നു. ഇതില്‍തന്നെ അച്ഛന്‍, അടുത്ത കുടുംബാംഗങ്ങള്‍, അയല്‍ക്കാര്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, പൊലീസുകാര്‍ എന്നിവരൊക്കെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുന്നു. 21,566 കേസുകളില്‍ പ്രതികള്‍ പരിചയക്കാര്‍ തന്നെയാണ്. കേരളത്തിലെ സ്ത്രീകളുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. പറവൂര്‍, കിളിരൂര്‍ സംഭവങ്ങളും കേരളം മറന്നിട്ടില്ല. സൗമ്യവധക്കേസില്‍ കോടതി അഭിനന്ദനം അര്‍ഹിക്കുന്നു. ബലാല്‍സംഗക്കേസില്‍ മൈനര്‍ എന്നുദ്ദേശിക്കുന്നത് 16 വയസിന് താഴെയുള്ള പെണ്‍കുട്ടിയെ ആണ്. ഇതങ്ങേയറ്റം വിവേചനപരമായ നിലപാടാണ്.

സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ പീഡനമനുഭവിക്കുന്നത് വീട്ടില്‍വെച്ചുതന്നെയാണ്. നാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഓരോ പതിനഞ്ച് മിനിറ്റിലും ഒരു സ്ത്രീയെങ്കിലും ഗാര്‍ഹിക പീഡനത്തിനിരയാകുന്നു. രജിസ്റ്റര്‍ ചെയ്യാത്ത, പുറംലോകമറിയാത്ത എണ്ണമറ്റ പീഡനങ്ങള്‍ വീട്ടുചുവരുകള്‍ക്കുള്ളില്‍ അരങ്ങേറുന്നു, ആവര്‍ത്തികുന്നു. ഇത്തരം സാഹചര്യത്തിലാണ് പുരുഷനോടൊപ്പം താമസിക്കുന്ന വീട്ടില്‍ സ്ത്രീക്ക് ഉടമസ്ഥതയില്ലെങ്കിലും അവിടെ സമാധാനത്തോടെ, ചെലവിന് ലഭിച്ചുകൊണ്ട്, പീഡനങ്ങളില്ലാതെ താമസിക്കാനുള്ള അവകാശം നല്‍കിക്കൊണ്ട് ''ഗാര്‍ഹിക പീഡനത്തില്‍ നിന്നുള്ള സ്ത്രീ സംരക്ഷണനിയമം'' നിലവലില്‍ വന്നത്. സ്ത്രീകളെ വഴിയാധാരമാക്കരുത് എന്നത് കൊണ്ടാണ് സ്ത്രീകളെ (വാദിയായാലും പ്രതിയായാലും) നിയമവിധേയമല്ലാതെ താമസസ്ഥലത്ത് നിന്ന് ഒഴിപ്പിക്കാന്‍ പാടില്ല എന്ന വ്യവസ്ഥകൊണ്ടുവന്നത്.

ലോയേഴ്‌സ് കലക്ടീവ് വുമണ്‍ റൈറ്റ്‌സ് എന്ന സംഘടന നടത്തിയ പഠനത്തില്‍ ഇന്ത്യയില്‍ കൂടുതല്‍ ഗാര്‍ഹിക പീഡനം നടന്നിട്ടുള്ള സംസ്ഥാനം മഹാരാഷ്ട്രയെന്നാണ്. 2012 ജനുവരി മാസത്തില്‍ മാത്രം കേരളത്തില്‍ 631 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

II

നിയമങ്ങള്‍ അര്‍ഥശൂന്യമാകുമ്പോള്‍   

സാമൂഹ്യവിപത്തായി സ്ത്രീധനം ചോദിക്കരുത്, കൊടുക്കരുത്, വാങ്ങരുത് എന്ന ശക്തമായ നിരോധന നിയമം നിലനില്‍ക്കുന്നുണ്ട്. സ്ത്രീധനനിരോധന നിയമം കൂടാതെ സ്ത്രീധനവുമായി ബന്ധപ്പെട്ട് ഐ പി സി 498 (എ), 305 (ബി) തുടങ്ങിയ വകുപ്പുകളും ശക്തമായുണ്ട്. നിയമപ്രകാരം സ്ത്രീധനത്തിന്റെ പേരില്‍ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കാന്‍ പാടില്ലാത്ത നമ്മുടെ നാട്ടില്‍ സ്ത്രീധന പീഡനങ്ങള്‍ വര്‍ധിച്ചുവരുന്നു. ക്രൈം റിക്കോര്‍ഡുകള്‍ വെളിപ്പെടുത്തുന്നത് 2000 മാണ്ടില്‍ 6995 സ്ത്രീധന മരണമെങ്കില്‍, 2010 ല്‍ 8391 ആയി വര്‍ധിച്ചു എന്നാണ്. 2010 മായി താരതമ്യപ്പെടുത്തുമ്പോള്‍ 2011 ല്‍ 27.7 ശതമാനം വര്‍ധനവുണ്ടായി. 498 (എ) വകുപ്പുകളില്‍ പത്തൊമ്പത് ശതമാനം കേസുകളില്‍ മാത്രമേ ശിക്ഷ നല്‍കാന്‍ കഴിഞ്ഞിട്ടുള്ളൂ- സ്ത്രീധനനിരോധന നിയമവുമായി ബന്ധപ്പെട്ട് വെറും 2.7 ശതമാനം കേസുകളില്‍ മാത്രമേ ശിക്ഷ ലഭിച്ചിട്ടുള്ളൂ. കോടതികളുടെ ഭാഗത്ത് നിന്ന് സ്ത്രീകള്‍ക്ക് ആശ്വാസകരമായ വിധികള്‍ ലഭിച്ചിട്ടുണ്ടെങ്കിലും സ്ത്രീധനനിരോധന നിയമവുമായി ബന്ധപ്പെട്ട ചിലവിധികള്‍ സ്ത്രീകള്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനമായി കരുതുന്നില്ല എന്നതും കോടതി വിധിയുടെ മറവില്‍ സമ്മാനങ്ങള്‍ എന്ന പേരില്‍ സ്ത്രീധനം വാങ്ങാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നു.

ശൈശവ വിവാഹനിരോധനനിയമം പൂര്‍ണമായും അവഗണിക്കുന്നു എന്ന് തെളിയിക്കുന്നതാണ് യൂനിസെഫ് ഈയിടെ നടത്തിയ വെളിപ്പെടുത്തല്‍. 2000 ത്തിനും 2009 നുമിടയ്ക്ക് ഇന്ത്യയില്‍ 43 ശതമാനം പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പ് വിവാഹം കഴിപ്പിച്ചു. ഇന്ത്യ ഇപ്പോള്‍ ശൈശവവിവാഹത്തില്‍ ലോകത്ത് എട്ടാം സ്ഥാനത്ത് എത്തിനില്‍ക്കുന്നു. 9-3-2011 ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്ത ശൈശവവിവാഹത്തിലേര്‍പ്പെട്ട 2.4 ലക്ഷം കുഞ്ഞുങ്ങള്‍ ഇപ്പോള്‍ ഗര്‍ഭിണികളും അമ്മമാരുമാണ്. കേരളത്തില്‍ സുപ്രിംകോടതിയുടെ (സീമ ഢ/ െഅശ്വിനികുമാര്‍) ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2008 ലെ കേരളവിവാഹ രജിസ്‌ട്രേഷന്‍ (പൊതു) ചട്ടങ്ങള്‍ക്ക് രൂപംകൊടുത്തിട്ടുള്ളത് ശൈശവവിവാഹങ്ങള്‍ നിയന്ത്രിക്കാന്‍ ഒരു പരിധിവരെ ഗുണകരമായിട്ടുണ്ട്.

ഇന്ത്യയില്‍ ക്രിമിനല്‍ നടപടിക്രമം 125-ാം വകുപ്പുപ്രകാരം ഭാര്യക്കും കുട്ടികള്‍ക്കും നിയമപരമായതും അല്ലാത്തതും തന്റെ ജീവിതകാലയളവില്‍ ചെലവിന് കൊടുത്തുസംരക്ഷിക്കേണ്ട ചുമതല ഹിന്ദുപുരുഷനുണ്ട്. ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും 18 വയസുവരെ വിവാഹചെലവിനും അവകാശമുണ്ട്.

എന്നാല്‍ 1986 ലെ ഷാബാനു കേസിലെ വിധിന്യായം സ്ത്രീകള്‍ക്ക് അഭിമാനകരമായിരുന്നു. മൊഴിചൊല്ലപ്പെട്ട സ്ത്രീക്ക് സി ആര്‍ പി സി 125 ബാധകമാണെന്ന് വിധിച്ചപ്പോള്‍ മതമേധാവിത്വം രംഗത്തുവന്നു. മതമൗലികവാദികളെ തൃപ്തിപ്പെടുത്താന്‍ 1986 ലെ ദി മുസ്‌ലിം വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ഓണ്‍ ഡൈവോഴ്‌സ് യുദ്ധകാല ചെലവ് കൊടുക്കാനും മത്താഹ് ആയി ഒരുസംഖ്യ നല്‍കാനും വ്യവസ്ഥചെയ്തിട്ടുണ്ട്. മതപൗരോഹിത്വം സ്ത്രീസംരക്ഷണ നിയമങ്ങളില്‍ കടന്നാക്രമണം നടത്തുന്നതിന്റെ ഉദാഹരണമാണിത്.

സ്ത്രീയുടെ മാന്യതയ്ക്ക് കോട്ടംതട്ടുന്ന വ്യാച്യമോ വ്യംഗ്യമോ ആയ പെരുമാറ്റം സ്ത്രീയെ അപമാനിക്കുന്ന ചിത്രങ്ങള്‍, ലഘുലേഖകള്‍ പ്രദര്‍ശിപ്പിക്കുന്നത് ഐ പി സി 509 പ്രകാരം കുറ്റകരമാണ്. കൂടാതെ സ്ത്രീയുടെ മാന്യതക്ക് ഭംഗം വരുത്തുന്ന പ്രവൃത്തികള്‍ സെക്ഷന്‍ 354 പ്രകാരം കുറ്റകരമാണ്.

ഗര്‍ഭസ്ഥശിശു ലിംഗിര്‍ണയനിരോധനനിയമം നമ്മുടെ രാജ്യത്ത് നടപ്പിലായപ്പോള്‍ വളരെയേറെ പ്രതീക്ഷയോടെ സ്ത്രീകള്‍ ഇതിനെ സ്വീകരിച്ചു. എന്നാല്‍ 1991, 2001, 2011 എന്നീ വര്‍ഷങ്ങളിലെ ലിംഗാനുപാതം പരിശോധിച്ചാല്‍ ജനസംഖ്യയിലെ സ്ത്രീകളുടേയും പുരുഷന്മാരുടെയും എണ്ണത്തിലുള്ള വിടവ് വര്‍ധിക്കുന്നതായി മനസിലാക്കാന്‍ കഴിയും. ഗര്‍ഭസ്ഥശിശുവിനെ ഭ്രൂണാവസ്ഥയില്‍ പരിശോധിച്ചു ലിംഗനിര്‍ണയം ഉറപ്പുവരുത്തി പെണ്‍കുഞ്ഞിനെ നശിപ്പിക്കുന്ന രീതി ഇന്ത്യയില്‍ വളര്‍ന്നുവരുന്നു. 20-10-2011 ന് ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത് നഗരങ്ങളിലുള്ള പൊരുത്തക്കേട് ഗ്രാമങ്ങളിലേക്കാള്‍ കൂടുതലെന്നാണ്. പുതിയ സെന്‍സസ് പ്രകാരം ആയിരം ആണ്‍കുട്ടികള്‍ക്ക് 914 പെണ്‍കുട്ടികള്‍ ആണ്. ഇന്ത്യയിലെ രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മിഷണറുമായ ചന്ദ്രമൗലിയ പറയുന്നത് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ എണ്ണം ഏറ്റവും കുറഞ്ഞത് 2011 ലെന്നാണ്. ഗര്‍ഭസ്ഥ ശിശുലിംഗനിര്‍ണയം നിരോധനനിയമം നിലവിലുണ്ടെങ്കിലും അത് വെറും നോക്കുകുത്തിയാണ്. ഈ നിയമമനുസരിച്ച് ആകെ 61 കേസുകളാണ് 2011 ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയ്ക്ക് 10 മില്യണ്‍ സ്ത്രീകളാണ് മരണപ്പെട്ടത്. ഭ്രൂണപരിശോധനയും അതിന്റെ ഭാഗമായി നടത്തുന്ന ഗര്‍ഭഛിദ്രത്തിലുമായി അഞ്ച് ലക്ഷം പെണ്‍കുട്ടികള്‍ മരണപ്പെടുന്നു. ഇതും നിര്‍ബന്ധിത ഗര്‍ഭഛിദ്രം തടയല്‍ നിയമം നിലനില്‍ക്കുമ്പോഴാണ് എന്നതും ഓര്‍ക്കേണ്ടതാണ്. സ്ത്രീകള്‍ വിവേചനം കൂടുതല്‍ അനുഭവിക്കുന്നത് വ്യക്തിനിയമങ്ങളിലാണ്. പ്രത്യേകിച്ച് മുസ്‌ലിം വ്യക്തിനിയമത്തിലെ വിവാഹ, വിവാഹമോചന നിയമങ്ങളിലും സ്വത്തവകാശ നിയമങ്ങളിലെല്ലാം തന്നെ ഇത് ദര്‍ശിക്കാവുന്നതാണ്.

സൈബര്‍ കുറ്റകൃത്യങ്ങളിലും കൂടുതല്‍ ഇരയാവുന്നത് സ്ത്രീകളാണ്. സൈബര്‍ നിയമങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിയാല്‍ ഏറെ ഗുണകരമാവും.

ആഭാസസ്ത്രീചിത്രീകരണ നിരോധനനിയമം, വ്യഭിചാരവ്യാപാരനിരോധനനിയമം, സ്ത്രീനിരോധന നിയമം, പ്രസവാനുകൂല്യ നിയമം, തൊഴില്‍ നിയമങ്ങള്‍ ഇന്ത്യന്‍ പീനല്‍ കോഡില്‍ വിവക്ഷിച്ചിട്ടുള്ള 304 (ബി), 306 (സി) ആത്മഹത്യക്ക് പ്രേരിപ്പിക്കുക. 312 (ഗര്‍ഭഛിദ്രം)- 406 ഐ പി സി, 493 ഐ പി സി (വിവാഹം കഴിച്ചുവെന്ന് വിശ്വസിപ്പിച്ച് ശാരീരികബന്ധത്തിലേര്‍പ്പെടുക- 495 ദ്വിഭാര്യാത്വം, 497 അഡല്‍റ്ററി തുടങ്ങിയ നിയമങ്ങളും സ്ത്രീപക്ഷനിയമങ്ങളാണ്.

ഏറ്റവും വലിയ ഭരണഘടനയും നിയമസംവിധാനങ്ങളും ജനാധിപത്യവും നമ്മുടേതാണെന്ന് നാം അവകാശപ്പെടുന്നു. എന്നിട്ടും ഭരണഘടന അനുശാസിക്കുന്ന നിയമങ്ങള്‍ക്ക് വിധേയമായിപ്പോലും സ്ത്രീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നമുക്ക് കഴിയുന്നില്ല എന്നത് ദുഃഖകരമാണ്. അവകാശലംഘനങ്ങളെ കണ്ടറിഞ്ഞ് തടയാനോ നിയമത്തിന്റെ പിന്‍ബലത്താല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുവാനോ ഭരണകൂടത്തിന് കഴിയുന്നില്ല എന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം. നിയമം നിര്‍ദേശിക്കുന്ന പരിഹാരമാര്‍ഗങ്ങള്‍ ഫലപ്രദമാകുന്നില്ലെങ്കില്‍ നിയമം മൃതാവസ്ഥയിലും ക്രമേണ അര്‍ഥശൂന്യവും ആകും.

എറണാകുളത്ത് നടന്ന  സംസ്ഥാന വുമണ്‍ ലോയേഴ്‌സ് ഫോറം (ഐ എ എല്‍) സംസ്ഥാന കണ്‍വന്‍ഷനില്‍ അവതരിപ്പിച്ചത്)

*
അഡ്വ. പി വസന്തം (ലേഖിക ഐഎഎല്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സനും കേരള മഹിളാസംഘം സംസ്ഥാന ജോയ്ന്റ് സെക്രട്ടറിയുമാണ്.)

ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് തങ്ങളുടെ ദൈനംദിന ജീവിതത്തില്‍ വ്യത്യസ്തങ്ങളായ വെല്ലുവിളികളെ നേരിടേണ്ടിവരുന്നു. ഒരുവശത്ത് ആഗോളവല്‍ക്കരണം, മറ്റൊരുവശത്ത് വര്‍ഗീയത ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍, സ്ത്രീയെന്ന നിലയില്‍ അവള്‍ വിവിധതരം ചൂഷണങ്ങള്‍ക്ക് വിധേയയാകേണ്ടിവരുന്നു. ചൂഷിത വര്‍ഗത്തിന്റെ ഭാഗമെന്ന നിലയിലും വര്‍ഗവിവേചനത്തിന്റെ ഭാഗമായും സമൂഹത്തിലെ പൗരന്‍ എന്ന നിലയില്‍ സവിശേഷമായ അടിച്ചമര്‍ത്തലിനും ചൂഷണത്തിനും സ്ത്രീ ഇരയാക്കപ്പെടുകയാണ്.