Monday, August 13, 2012

പെന്‍ഷന്‍ ഓഹരി കമ്പോളത്തിലേക്ക്

ഏറ്റവും മികച്ച സാമൂഹ്യസുരക്ഷാപദ്ധതിയായ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍പദ്ധതി അട്ടിമറിച്ച്, കമ്പോളശക്തികളുടെ സൃഷ്ടിയായ പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കുന്നതാണ്, ജീവനക്കാരും അധ്യാപകരും ഈ കാലഘട്ടത്തില്‍ നേരിടുന്ന ഏറ്റവും വലിയ വിപത്ത്. 1991 മുതല്‍ നടപ്പാക്കുന്ന നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ ക്രൂരമായ ആക്രമണങ്ങളുടെ ഇരകളാണ് കേന്ദ്ര- സംസ്ഥാന ജീവനക്കാര്‍. സേവനമേഖലകളെ തകര്‍ക്കുന്ന, തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാക്കുന്ന, ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്ന, ഈ നയങ്ങളാകട്ടെ ഐഎംഎഫ്, ലോകബാങ്ക് എന്നീ സാമ്രാജ്യത്വ സ്ഥാപനങ്ങളുടെ നിര്‍ദേശാനുസരണമാണ് നടപ്പാക്കപ്പെടുന്നത്. സംസ്ഥാനസര്‍ക്കാരുകളും ഈ നയങ്ങള്‍തന്നെ കര്‍ശനമായി പിന്തുടരണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നു. കോണ്‍ഗ്രസും- ബിജെപിയും നയിക്കുന്ന സംസ്ഥാനസര്‍ക്കാരുകള്‍ ഈ നയങ്ങള്‍ സ്വമേധയാ പിന്തുടരുന്നു. ഭരണാധികാരവും സമ്മര്‍ദതന്ത്രങ്ങളും ഉപയോഗിച്ച് നിര്‍ബന്ധിച്ചിട്ടും കേരളം, ബംഗാള്‍, ത്രിപുര എന്നിവിടങ്ങളിലെ ഇടതുപക്ഷ സര്‍ക്കാരുകള്‍ ഇത് നടപ്പാക്കിയിരുന്നില്ല. മുതലാളിത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനുള്ള സാമ്രാജ്യത്വ ധനസ്ഥാപനങ്ങളുടെ കണ്ടുപിടിത്തങ്ങളാണ് പെന്‍ഷന്‍പദ്ധതിയില്‍ പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്.

ഓഹരിക്കമ്പോളത്തിന്റെ തകര്‍ച്ച ഒഴിവാക്കി, സ്ഥിരത നിലനിര്‍ത്തുക എന്ന ഗൂഢോദ്ദേശ്യമാണ് ഇതിന്റെ പിന്നില്‍. 2001 സെപ്തംബറില്‍ ഇന്ത്യയിലെ പെന്‍ഷന്‍പരിഷ്കരണ നിര്‍ദേശങ്ങള്‍ എന്ന പേരില്‍ ഐഎംഎഫ് തയ്യാറാക്കിയ രേഖയാണ് പുതിയ പെന്‍ഷന്‍ പദ്ധതിയുടെ അടിസ്ഥാനം. ഇത് നടപ്പാക്കുന്നതിന് വേണ്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട ഭട്ടാചാര്യ കമീഷന്‍ സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ 2004 ജനുവരി ഒന്നിനുശേഷം സര്‍വീസില്‍ വരുന്ന ജീവനക്കാര്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായം നിര്‍ത്തലാക്കിയും പുതിയ പെന്‍ഷന്‍പദ്ധതി ബാധകമാക്കിയും കേന്ദ്രസര്‍ക്കാര്‍ 2003 ഡിസംബറില്‍ എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചു. തുടര്‍ന്ന് 2004ല്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. ഓര്‍ഡിനന്‍സിന് പകരമായി പെന്‍ഷന്‍ റഗുലേറ്ററി ആന്‍ഡ് ഡവലപ്പ്മെന്റ് അതോറിറ്റി ബില്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ജീവനക്കാരുടെയും തൊഴിലാളികളുടെയും ശക്തമായ പ്രക്ഷോഭത്തിന്റെയും ഇടതുപക്ഷ എംപിമാരുടെ ചെറുത്തുനില്‍പ്പിന്റെയും ഫലമായി, ബില്‍ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കപ്പെട്ടു. സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ശുപാര്‍ശയോടെ വീണ്ടും ലോക്സഭയില്‍ ബില്ല് അവതരിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ഇടതുപക്ഷ എംപിമാരുടെ ചെറുത്തുനില്‍പ്പുമൂലം പ്രാവര്‍ത്തികമായില്ല.

കോണ്‍ഗ്രസും- ബിജെപിയും നയിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രസര്‍ക്കാരിന്റെ പാത പിന്തുടര്‍ന്ന് പുതിയ പദ്ധതി നടപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു. ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്ന ധാര്‍ഷ്ട്യത്തോടെ, പുതിയ പെന്‍ഷന്‍പദ്ധതി നിയമപരമായിത്തന്നെ നടപ്പാക്കാനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. 2012 മാര്‍ച്ച് 24ന് വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍, യശ്വന്ത്സിന്‍ഹ അധ്യക്ഷനായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിശോധനയ്ക്കുശേഷം പാര്‍ലമെന്റിന്റെ പരിഗണനയിലാണ്. നിര്‍വചിക്കപ്പെട്ട ആനുകൂല്യത്തിന് (Defined Benefit)പകരമായി നിര്‍വചിക്കപ്പെട്ട വിഹിതം (Defined Contribution) എന്ന അടിസ്ഥാന സമീപനമാറ്റമാണ് പുതിയ പെന്‍ഷന്‍പദ്ധതി. സര്‍വീസ് കാലത്ത് ഒരു രൂപപോലും വിഹിതമായി നല്‍കാതെ, അവസാനം വാങ്ങുന്ന ശമ്പളത്തിന്റെ (പത്ത് മാസത്തെ ശരാശരി) 50 ശതമാനം പെന്‍ഷനായി ലഭിക്കുന്ന സ്ഥിതിക്ക് പകരമായി, പ്രതിമാസം ജീവനക്കാരുടെ ശമ്പളത്തിന്റെ 10 ശതമാനം വിഹിതമായി പിടിച്ചെടുക്കും. എന്നാല്‍, ഈ പെന്‍ഷന് ഒരു ഉറപ്പുമില്ലാത്ത സ്ഥിതിയാണ് സംജാതമാവുന്നത്. ഓഹരിക്കമ്പോളത്തിന്റെ ജയ-പരാജയങ്ങള്‍ക്കനുസൃതമായി മാത്രമാണ് പെന്‍ഷന്‍തുക നിശ്ചയിക്കപ്പെടുന്നത്. എത്ര ലഭിക്കുമെന്നോ, എപ്പോള്‍ ലഭിക്കുമെന്നോ ഒരു ജീവനക്കാരനും അറിയാത്ത പുതിയ മാറ്റം. സദാ മാറിമറിയുന്ന ഓഹരിക്കമ്പോളത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ പെന്‍ഷന്‍തന്നെ ലഭിക്കാതിരിക്കാനാണ് സാധ്യതയെന്ന്, പുതിയ പദ്ധതിയുടെ വക്താക്കള്‍തന്നെ രഹസ്യമായി സമ്മതിക്കുന്നുമുണ്ട്.

ജീവനക്കാരില്‍നിന്ന് പിരിച്ചെടുക്കുന്ന തുകയ്ക്ക് തുല്യമായ തുക മാച്ചിങ് ഫണ്ടായി സര്‍ക്കാരുകളും വിഹിതമായി അടയ്ക്കണമെന്നാണ് വ്യവസ്ഥ. മാച്ചിങ് ഫണ്ട് കൃത്യമായി നല്‍കുന്ന സര്‍ക്കാരിന് എന്ത് സാമ്പത്തികനേട്ടമാണ് ഉണ്ടാവുക? 1.25 കോടി വരുന്ന ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 10 ശതമാനം പ്രതിമാസവിഹിതം വലിയ തുകയായിരിക്കും എന്നതിന് സംശയമില്ല. സര്‍ക്കാരിന് പ്രത്യേകിച്ച് ഒരു ആദായവും തിരികെ കിട്ടാതെ, ഈ തുക ഫണ്ട് മാനേജര്‍മാര്‍ക്കും ഓഹരിക്കമ്പോളത്തിലേക്കും നല്‍കുന്നതുകൊണ്ട് യഥാര്‍ഥത്തില്‍ സര്‍ക്കാരുകളും വലിയ കടക്കെണിയില്‍പ്പെടും. മാത്രമല്ല, ഈ പദ്ധതിയോടൊപ്പം ജനറല്‍ പ്രൊവിഡന്റ് ഫണ്ട് നിര്‍ത്തലാക്കപ്പെടും. ജനറല്‍ പ്രൊവിഡന്റ് ഫണ്ടിലേക്ക് ജീവനക്കാര്‍ നല്‍കുന്ന തുക സര്‍ക്കാരുകള്‍ക്ക് പൊതുധനമായി ഉപയോഗിക്കാനുള്ള അവസരം നഷ്ടപ്പെടുകയുമാണ്. ജനറല്‍ പ്രൊവിഡന്റ് ഫണ്ട് ഇല്ലാതാകുന്നതോടെ ജീവനക്കാര്‍ക്ക് ലഭ്യമാകുന്ന വായ്പാസൗകര്യങ്ങളും ഇല്ലാതാകും.

ഫണ്ട് മാനേജര്‍മാരായി കമ്പനികളോ ബാങ്കുകളോ ആകാമെന്ന് പറയുമ്പോള്‍ അവ വിദേശസ്ഥാപനങ്ങളാകാമെന്നാണ് വ്യവസ്ഥ. ജീവനക്കാരില്‍നിന്ന് സമാഹരിക്കുന്ന തുക വിദേശ കുത്തക കമ്പനികള്‍ക്ക് യഥേഷ്ടം കൈകാര്യംചെയ്യാന്‍ കഴിയുന്നത്, ഇന്ത്യയിലെ ജീവനക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനോ, അതോ കമ്പോളശക്തികളുടെ താല്‍പ്പര്യങ്ങള്‍ക്കോ എന്നത് ഏതൊരാള്‍ക്കും മനസിലാക്കാവുന്നതേയുള്ളു. തികച്ചും ഓഹരിക്കമ്പോളത്തെമാത്രം അടിസ്ഥാനപ്പെടുത്തിയുള്ള പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ പെന്‍ഷന്‍ ലഭിക്കുമെന്നതിന് സര്‍ക്കാരിന്റെ ഒരു ഉറപ്പും ഉണ്ടാവില്ലെന്ന് ബില്‍ വ്യവസ്ഥചെയ്യുന്നു.

പുതിയ പെന്‍ഷന്‍പദ്ധതി പുതുതായി സര്‍വീസില്‍ പ്രവേശിച്ചവര്‍ക്കു മാത്രമാണ് എന്ന സര്‍ക്കാര്‍ വാദവും പൊള്ളയാണ്. കേവലമൊരു നോട്ടിഫിക്കേഷനിലൂടെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഏതുവിഭാഗം ജീവനക്കാരെയും പങ്കാളിത്ത പെന്‍ഷന്‍പദ്ധതിയുടെ കീഴിലാക്കാമെന്ന് പിഎഫ്ആര്‍ഡിഎ ബില്ലില്‍ വ്യവസ്ഥയുണ്ട്. പുതുതായി നിയമിക്കപ്പെട്ട ജീവനക്കാര്‍ക്കും മുന്‍ജീവനക്കാര്‍ക്കും കൂടി പങ്കാളിത്തപെന്‍ഷന്‍ ബാധകമാക്കിയാല്‍മാത്രമേ പങ്കാളിത്ത പെന്‍ഷന്‍പദ്ധതികൊണ്ട് കോര്‍പറേറ്റുകള്‍ ഉദ്ദേശിക്കുന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയൂ. ആ ലക്ഷ്യം കൈവരിക്കാനായി ഭാവിയില്‍ എല്ലാ ജീവനക്കാര്‍ക്കും ഈ പദ്ധതി ബാധകമാക്കുമെന്നത് തര്‍ക്കമറ്റ സംഗതിയാണ്.

കേന്ദ്രസര്‍ക്കാര്‍ 2003ല്‍ പങ്കാളിത്ത പെന്‍ഷന്‍പദ്ധതി സംബന്ധമായ ഉത്തരവ് ഇറക്കുന്നതിന് മുമ്പുതന്നെ, 2001ലെ ഐഎംഎഫ് രേഖയുടെ അടിസ്ഥാനത്തില്‍ എ കെ ആന്റണി സര്‍ക്കാര്‍ 2002 ജനുവരി 16ന്റെ ഉത്തരവില്‍ കേരളത്തില്‍ പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കുന്നതിന് തീരുമാനിച്ചിരുന്നു. 32 ദിവസത്തെ പണിമുടക്കിലൂടെയാണ് ഈ തീരുമാനത്തില്‍നിന്ന് എ കെ ആന്റണി മന്ത്രിസഭയെ പിന്തിരിപ്പിച്ചത്. 2004-05ല്‍ വക്കം പുരുഷോത്തമന്‍ അവതരിപ്പിച്ച ബജറ്റ് നിര്‍ദേശങ്ങളില്‍ പങ്കാളിത്ത പെന്‍ഷന്‍പദ്ധതി പ്രഖ്യാപിച്ചെങ്കിലും ജീവനക്കാരുടെ ശക്തമായ പ്രക്ഷോഭത്തിന്റെ ഫലമായി നടപ്പാക്കാന്‍ കഴിഞ്ഞില്ല. വീണ്ടും അധികാരത്തിലേറിയ യുഡിഎഫ് പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. ചെലവ് ചുരുക്കലിന്റെ പേരുപറഞ്ഞ് നിയമനിരോധനം, തസ്തിക വെട്ടിക്കുറയ്ക്കല്‍ എന്നിവയ്ക്കൊപ്പം 2013 ഏപ്രില്‍ ഒന്നുമുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കാനാണ് 2012 ആഗസ്ത് എട്ടിന്റെ ഉത്തരവിലൂടെ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുവഴി പുതിയതായി സര്‍വീസില്‍ പ്രവേശിക്കുന്ന ഗ്രൂപ്പ് ഡി ജീവനക്കാരന്‍ 1173 രൂപയും എല്‍ഡി ക്ലര്‍ക്ക് 1372 രൂപയും പങ്കാളിത്ത പെന്‍ഷന്‍വിഹിതമായി നല്‍കേണ്ടിവരും. ഇത് യഥാര്‍ഥത്തില്‍ കൂലി വെട്ടിക്കുറയ്ക്കല്‍കൂടിയാണ്.

ശമ്പളത്തിനും പെന്‍ഷനും വേണ്ടി റവന്യൂവരുമാനത്തിന്റെ സിംഹഭാഗവും ചെലവഴിക്കേണ്ടിവരുന്നതുമൂലം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലെന്ന വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. 2002 ലും കര്‍ഷകരെ സഹായിക്കാനെന്ന പേരിലാണ് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്തത്. ജീവനക്കാരുടെ പ്രക്ഷോഭത്തെ എതിര്‍ത്ത കര്‍ഷകസംഘടനകള്‍ക്ക് വസ്തുതകള്‍ മനസിലാക്കിയപ്പോള്‍ നിലപാട് തിരുത്തേണ്ടിവന്നു. ജനകീയ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടിയാണ് പുതിയ പെന്‍ഷന്‍ പദ്ധതി എന്നാണ് മുഖ്യമന്ത്രിയുടെ വാദം. ജീവനക്കാര്‍ ഇന്നനുഭവിക്കുന്ന ആനുകൂല്യങ്ങളും അവകാശങ്ങളും പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ്. ഈ പ്രക്ഷോഭങ്ങളെല്ലാം ജനങ്ങളുടെ പിന്‍തുണയോടും സഹായത്തോടും മാത്രമാണ് വിജയിച്ചിട്ടുള്ളത്. എന്നും ജനപക്ഷത്ത് നിലയുറപ്പിച്ച് അവരുടെ അവകാശപോരാട്ടങ്ങളോടൊപ്പം സഞ്ചരിച്ചവരാണ് കേരളത്തിലെ ജീവനക്കാര്‍. ജീവനക്കാരെയും ജനങ്ങളെയും രണ്ടു തട്ടിലാക്കി ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കാനുള്ള സൃഗാലതന്ത്രമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

*
എ ശ്രീകുമാര്‍ ദേശാഭിമാനി 13 ആഗസ്റ്റ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ജീവനക്കാര്‍ ഇന്നനുഭവിക്കുന്ന ആനുകൂല്യങ്ങളും അവകാശങ്ങളും പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ്. ഈ പ്രക്ഷോഭങ്ങളെല്ലാം ജനങ്ങളുടെ പിന്‍തുണയോടും സഹായത്തോടും മാത്രമാണ് വിജയിച്ചിട്ടുള്ളത്. എന്നും ജനപക്ഷത്ത് നിലയുറപ്പിച്ച് അവരുടെ അവകാശപോരാട്ടങ്ങളോടൊപ്പം സഞ്ചരിച്ചവരാണ് കേരളത്തിലെ ജീവനക്കാര്‍. ജീവനക്കാരെയും ജനങ്ങളെയും രണ്ടു തട്ടിലാക്കി ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കാനുള്ള സൃഗാലതന്ത്രമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.