Saturday, February 28, 2009

ആഗോള വേതന റിപ്പോര്‍ട്ട് 2008-09

ദുരിതം നിറഞ്ഞ കാലമാണെന്നാണ് ഐഎല്‍ഒ ആദ്യമായി തയ്യാറാക്കിയ ആഗോള വേതന റിപ്പോര്‍ട്ട് (Global Wage Report) പ്രവചിച്ചിരിക്കുന്നത്. മന്ദഗതിയിലുള്ളതോ ഋണാത്മകമോ ആയ സാമ്പത്തിക വളര്‍ച്ചയോടൊപ്പം കുതിച്ചുയരുന്ന വിലകളും കൂടിച്ചേര്‍ന്ന് ഒട്ടേറെ തൊഴിലാളികളുടെ, പ്രത്യേകിച്ച് കുറഞ്ഞ കൂലി ലഭിക്കുന്നവരുടെയും ദരിദ്രരുടെയും, യഥാര്‍ഥ വേതനത്തില്‍ ഇടിവുണ്ടാക്കുന്നു. പല രാജ്യങ്ങളിലും ഇടത്തരം വര്‍ഗങ്ങളെയും ഇത് ഗുരുതരമായി ബാധിക്കാനിടയുണ്ട്. വേതനത്തെ സംബന്ധിച്ച തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും വര്‍ധിക്കാനും സാധ്യതയുണ്ട്. വേതനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കാരണം തൊഴിലിടങ്ങള്‍ കൂടുതല്‍ സംഘര്‍ഷഭരിതമാകും. ഐഎംഎഫിന്റെ കണക്കുകളെയും 2008 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച ആഗോള സാമ്പത്തിക വളര്‍ച്ചാ പ്രവചനത്തെയും ആധാരമാക്കിയും സാമ്പത്തികവളര്‍ച്ചയും വേതനവും തമ്മിലുള്ള കഴിഞ്ഞ കാലത്തെ സ്ഥിതിവിവര ബന്ധങ്ങള്‍ കണക്കിലെടുത്തും റിപ്പോര്‍ട്ട് വിലയിരുത്തുന്നത് 2009-ലെ വേതനത്തില്‍ വ്യാവസായിക രാജ്യങ്ങളില്‍ പരമാവധി 0.1 ശതമാനം വളര്‍ച്ചയും ആഗോളാടിസ്ഥാനത്തില്‍ 1.7 ശതമാനം വളര്‍ച്ചയും മാത്രമേ ഉണ്ടാകൂ എന്നാണ്. ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷം പ്രസിദ്ധീകരിച്ച പുതുക്കിയ കണക്കുകള്‍ പ്രകാരം 2009-ല്‍ യഥാര്‍ഥത്തില്‍ വ്യാവസായിക രാജ്യങ്ങളില്‍ വേതനത്തില്‍ 0.5 ശതമാനം കുറവുണ്ടാകുമെന്നാണ് വ്യക്തമാക്കുന്നത്. ആഗോളാടിസ്ഥാനത്തില്‍ വേതനത്തിലെ വര്‍ധന 1.1 ശതമാനത്തില്‍ അധികമാകില്ലെന്നും സൂചിപ്പിക്കുന്നു.

തൊഴില്‍കമ്പോള സ്ഥാപനങ്ങളുടെ പ്രസക്തി

ഇപ്പോഴത്തെ ഘട്ടത്തില്‍, സര്‍ക്കാരുകള്‍ തങ്ങളുടെ ജനതയുടെ വാങ്ങല്‍കഴിവ് സംരക്ഷിക്കാനും അങ്ങനെ ആഭ്യന്തര ഉപഭോഗം ഉത്തേജിപ്പിക്കാനും ശക്തമായ പ്രതിബദ്ധത പ്രകടിപ്പിക്കുന്നുണ്ട്. ആദ്യമായി വേണ്ടത്, ജിഡിപിയില്‍ ലാഭത്തിന്റെ വിഹിതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വേതനത്തിന്റെ വിഹിതത്തില്‍ കൂടുതല്‍ ഇടിവ് ഉണ്ടാകുന്നത് തടയാന്‍ വേണ്ട അനുരഞ്ജനങ്ങള്‍ക്ക് സാമൂഹിക പങ്കാളികളെ പ്രോത്സാഹിപ്പിക്കലാണ്. രണ്ടാമതായി വേണ്ടത്, ഏറ്റവും ശോചനീയാവസ്ഥയിലുള്ള തൊഴിലാളികളുടെ വാങ്ങല്‍കഴിവ് സംരക്ഷിക്കുന്നതിനായി സാധ്യമാകുന്നിടത്തെല്ലാം മിനിമം വേതനത്തിന്റെ നിലവാരം വര്‍ധിപ്പിക്കലാണ്. മൂന്നാമതായി വേണ്ടത്, മിനിമം വേതനവും വേതനത്തിനായുള്ള വിലപേശലും വരുമാന പിന്തുണ നടപടികള്‍ പോലെയുള്ള പൊതു ഇടപെടലുകളുടെ പിന്തുണയോടെ ഉറപ്പാക്കണമെന്നതാണ്. സര്‍വോപരി, തൊഴില്‍വിപണിസ്ഥാപനങ്ങളുടെ മൂല്യത്തെ ആവര്‍ത്തിച്ചുറപ്പാക്കേണ്ടത് ആവശ്യമാണെന്ന വീക്ഷണത്തെ റിപ്പോര്‍ട്ട് പിന്താങ്ങുന്നു.

വേതനത്തിലെ മുഖ്യപ്രവണതകള്‍

1995-2007 കാലഘട്ടത്തില്‍ മഹാഭൂരിപക്ഷം രാജ്യങ്ങളിലും ചെറിയ തോതിലുള്ള വേതന വളര്‍ച്ചയുണ്ട്. ആഗോളാടിസ്ഥാനത്തില്‍, വേതന തൊഴില്‍ കണക്കുകള്‍ മൊത്തം തൊഴിലവസരങ്ങളുടെ ഏകദേശം പകുതിയോളം വരും. എല്ലായിടത്തും സ്ത്രീകളുടെയും പുരുഷന്മാരുടെയും കാര്യത്തില്‍ ഈ വിഹിതം ഒരേപോലെ വര്‍ധിക്കുകയാണ്. 2001-07 കാലഘട്ടത്തില്‍ ഏകദേശം പകുതിയോളം രാജ്യങ്ങളില്‍ യഥാര്‍ഥ ശരാശരി വേതനം 1.9 ശതമാനം നിരക്കില്‍ പ്രതിവര്‍ഷ വളര്‍ച്ച ഉണ്ടായതായി ഈ റിപ്പോര്‍ട്ട് കണക്കാക്കുന്നു. എന്നാല്‍, പ്രാദേശികമായ അന്തരം വളരെയധികമാണ്. വികസിത രാജ്യങ്ങളുടെ കൂട്ടത്തില്‍, ഇടത്തരം രാജ്യങ്ങളിലെ വേതനം പ്രതിവര്‍ഷം ഏകദേശം 0.9 ശതമാനമാണ് വര്‍ധിച്ചത്. ലാറ്റിന്‍ അമേരിക്കയിലും കരീബിയന്‍ മേഖലയിലും ഇത് 0.3 ശതമാനവും ഏഷ്യയില്‍ 1.7 ശതമാനവും സ്വതന്ത്ര രാഷ്ട്രങ്ങളുടെ കോണ്‍ഫെഡറേഷനിലും യൂറോപ്യന്‍ യൂണിയന്‍ ഇതര മധ്യ-ദക്ഷിണ പൂര്‍വ യൂറോപ്യന്‍ രാജ്യങ്ങളിലും 14.4 ശതമാനവുമാണ്. 1990-കളില്‍ സാമ്പത്തിക വ്യവസ്ഥിതിയുടെ പരിവര്‍ത്തനത്തെ തുടര്‍ന്നുള്ള ആദ്യഘട്ടത്തില്‍ കടുത്ത വേതനചോര്‍ച്ച സംഭവിച്ച ഈ രാജ്യങ്ങള്‍ ഇപ്പോള്‍ അതില്‍നിന്ന് കരകയറുന്നതിനാലാണ് ഈ ഉയര്‍ന്ന നിരക്ക്. ഓരോ രാജ്യമായെടുത്താലും ഈ അന്തരം കാണാന്‍ കഴിയും. ഉദാഹരണത്തിന്, ജപ്പാന്‍, സ്പെയിന്‍, അമേരിക്ക എന്നിവിടങ്ങളില്‍ യഥാര്‍ഥ വേതനത്തിലെ വളര്‍ച്ച 0 ശതമാനമാണ്. എന്നാല്‍ ചൈന, റഷ്യ, ഉക്രെയിന്‍ എന്നിവിടങ്ങളില്‍ പ്രതിവര്‍ഷം 10 ശതമാനമോ അതിലേറെയോ ആണ്. ഇന്ത്യ, മെക്സിക്കോ, പോളണ്ട്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ വേതനത്തിലെ വളര്‍ച്ച പ്രതിവര്‍ഷം ഏകദേശം 2 ശതമാനത്തോളമാണ്.

വേതനം പ്രതിശീര്‍ഷ ജിഡിപിയുടെ പിന്നില്‍

1995 മുതല്‍ 2007 വരെയുള്ള മൊത്തം കാലഘട്ടത്തില്‍, പ്രതിശീര്‍ഷ ജിഡിപി ഒരു ശതമാനം പോയിന്റില്‍ അധികമായി വളര്‍ന്നപ്പോള്‍ ശരാശരി വേതനത്തില്‍ 0.75 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. 0.75 ശതമാനം 'വേതന ഇലാസ്റ്റികത' എന്ന് വിളിക്കപ്പെടുന്ന ഇത് വേതനവളര്‍ച്ച പ്രതിശീര്‍ഷ ജിഡിപിയുടെ പിന്നിലാണെന്ന് സ്ഥിരീകരിക്കുന്നു. യഥാര്‍ഥ വേതനത്തിലെ വളര്‍ച്ച ഉല്‍പ്പാദന വളര്‍ച്ചയുടെ പിന്നിലാണെന്ന് ഇത് വ്യക്തമാക്കുന്നു. കാലം കഴിയുന്നതോടെ ഈ ഇലാസ്റ്റികത കുറഞ്ഞുവരികയാണ്. 1995-2000-ല്‍ 0.80 ശതമാനമായിരുന്നത് 2001 മുതല്‍ 0.72 ശതമാനമായി കുറഞ്ഞു. ഏകദേശം നാലില്‍ മൂന്ന് ഭാഗം രാജ്യങ്ങളിലും, ലാഭവും മറ്റു തരത്തിലുള്ള വരുമാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വേതനമായി വിതരണം ചെയ്യുന്ന ജിഡിപി വിഹിതം കുറഞ്ഞുവരുന്ന പ്രവണതയാണ് കാണുന്നത്. സാമ്പത്തിക വികാസത്തിന്റെ ഘട്ടത്തില്‍ വേതനം കൃത്യമായും അതിനോട് ചേര്‍ച്ച കുറഞ്ഞതായിരിക്കും. എന്നാല്‍ സാമ്പത്തിക തകര്‍ച്ചയുടെ ഘട്ടത്തില്‍ അതിനോട് അമിതമായ ചേര്‍ച്ചയായിരിക്കും വേതനത്തിന്റെ കാര്യത്തിലുണ്ടാവുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. പ്രതിശീര്‍ഷ ജിഡിപിയില്‍ ഒരു ശതമാനത്തിന്റെ തകര്‍ച്ച ഉണ്ടാകുമ്പോള്‍ വേതനത്തില്‍ 1.55 ശതമാനത്തിന്റെ ഇടിവ് ഉണ്ടാകുന്നതായാണ് കാണുന്നത്.

വേതന അസമത്വങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു

സ്ഥിതിവിവര കണക്കുകള്‍ ലഭ്യമായ രാജ്യങ്ങളുടെ മൂന്നില്‍ രണ്ടിലും 1995 മുതല്‍ ഉയര്‍ന്ന വേതനവും താഴ്ന്ന വേതനവും തമ്മിലുള്ള അന്തരം വര്‍ധിച്ചുവരികയാണ്. വികസിത രാജ്യങ്ങളില്‍ ജര്‍മ്മനി, പോളണ്ട്, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് ഉയര്‍ന്ന വേതനവും താഴ്ന്ന വേതനവും തമ്മിലുള്ള അന്തരം കുത്തനെ വര്‍ധിക്കുന്നത്. മറ്റു പ്രദേശങ്ങളിലും പ്രത്യേകിച്ച് അര്‍ജന്റീന, ചൈന, തായ്‌ലന്റ് എന്നിവിടങ്ങളില്‍, അസമത്വം രൂക്ഷമായി വര്‍ധിച്ചുവരികയാണ്. വേതനത്തിലെ അസന്തുലിതാവസ്ഥ കുറച്ചുകൊണ്ടുവരുന്നതില്‍ വിജയിച്ച രാജ്യങ്ങളില്‍ ഫ്രാന്‍സും സ്പെയിനും കൂടാതെ ബ്രസീല്‍, ഇന്‍ഡോനേഷ്യ എന്നിവയും ഉള്‍പ്പെടുന്നു. ഇവയില്‍ ബ്രസീലിലും ഇന്‍ഡോനേഷ്യയിലും അസമത്വം വളരെ ഉയര്‍ന്ന നിലയിലാണ്. സ്ത്രീകളുടെയും പുരുഷന്മാരുടെയും വേതനത്തിലെ അന്തരം വളരെ വലുതാണ്; വളരെ മന്ദഗതിയില്‍ മാത്രമാണ് അത് അടുത്തുവരുന്നത്. സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമായവയില്‍ 80 ശതമാനത്തോളം രാജ്യങ്ങളില്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും വേതനത്തിലെ അനുപാതത്തിലെ വര്‍ധനവിലെ മാറ്റത്തിന്റെ വലിപ്പം വളരെ തുച്ഛമായതോ അവഗണിക്കത്തക്കതോ ആണ്. മഹാഭൂരിപക്ഷം രാജ്യങ്ങളിലും പുരുഷന്മാരുടെ വേതനത്തിന്റെ ശരാശരി 70 ശതമാനത്തിനും 90 ശതമാനത്തിനും ഇടയ്ക്ക് മാത്രമാണ് സ്ത്രീകളുടെ വേതനം. എന്നാല്‍, ലോകത്തിന്റെ മറ്റു ചില ഭാഗങ്ങളില്‍, പ്രത്യേകിച്ച് ഏഷ്യയില്‍, ഇതിലും താഴ്ന്ന അനുപാതം കണ്ടെത്തുന്നത് അസാധാരണമല്ല.

മിനിമം വേതനവും കൂട്ടായ വിലപേശലും

നിരവധി രാജ്യങ്ങളുടെ സാമൂഹിക അജണ്ടയില്‍ മിനിമം വേതനം തിരികെ എത്തുന്നു. അടുത്ത കാലത്തായി തൊഴില്‍ വിപണിയിലെ താഴ്ന്ന വിഭാഗത്തിലെ അസമത്വം വര്‍ധിച്ചവരുന്നതിന്റെ ഫലമായി ഉണ്ടാകുന്ന സാമൂഹിക സംഘര്‍ഷാവസ്ഥ കുറയ്ക്കുന്നതിനായി മിനിമം വേതനം വീണ്ടും യാഥാര്‍ഥ്യമാക്കാന്‍ നോക്കുകയാണ്. ആഗോളാടിസ്ഥാനത്തില്‍, 2001-2007 കാലഘട്ടത്തില്‍ പ്രതിവര്‍ഷം മിനിമം വേതനം ശരാശരി 5.7 ശതമാനം വീതം വര്‍ധിച്ചു. കഴിഞ്ഞ കാലഘട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായി മിനിമം വേതനത്തിന്റെ യഥാര്‍ഥ മൂല്യം കുറഞ്ഞിരിക്കുകയാണ്. മിനിമം വേതനം ലഭിക്കുന്നവരെ സംബന്ധിച്ചിടത്തോളമുള്ള യഥാര്‍ഥ നേട്ടം വികസിത രാജ്യങ്ങളിലും യൂറോപ്യന്‍ യൂണിയനിലും (+3.8%) വികസ്വരരാജ്യങ്ങളിലും (+6.5%) ഒരേപോലെ ഗണ്യമായ വിധമാണ്. ശരാശരി വേതനവുമായി താരതമ്യപ്പെടുത്തുമ്പോഴും മിനിമം വേതനം വര്‍ധിച്ചിരിക്കുകയാണ്. 2000-2002-ല്‍ 37 ശതമാനമായിരുന്നത് 2004-07-ല്‍ 39 ശതമാനമായി വര്‍ധിച്ചു.

കൂട്ടായ വിലപേശല്‍ പൊതുവെ കുറഞ്ഞു

എന്നാല്‍ ചില രാജ്യങ്ങളില്‍ ഉയര്‍ന്ന തോതില്‍ നിലനില്‍ക്കുന്നുണ്ട്. കൂട്ടായ വിലപേശലിലെ വ്യാപ്തിയുടെ വളര്‍ച്ച ലോകമാകെ ചുരുങ്ങിവരികയാണ്. പല രാജ്യങ്ങളിലും കൂട്ടായ വിലപേശല്‍ വളരെ കുറവാണ്. വ്യത്യസ്ത ലോകങ്ങളില്‍ അത് കുറഞ്ഞുവരികയാണ്. ചെറുകിട സ്ഥാപനങ്ങളില്‍ തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നതും മാതൃകാപരമല്ലാത്ത കരാറുകളും ഈ ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു. അതേസമയംതന്നെ, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, പോര്‍ട്ടുഗല്‍, സ്ളൊവേനിയ, സ്പെയിന്‍, സ്വീഡന്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ മറ്റു ചില മേഖലകളിലെ നിരവധി രാജ്യങ്ങളിലും കൂട്ടായ വിലപേശലിന്റെ വ്യാപ്തി വളരെ ഉയര്‍ന്ന തോതിലാണ്. അര്‍ജന്റീന, ദക്ഷിണാഫ്രിക്ക എന്നിവ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ കൂട്ടായ വിലപേശല്‍ ശക്തിപ്പെടുത്തുന്നതില്‍ വിജയം വരിച്ചിരിക്കുകയുണാണ്.

കൂട്ടായ വിലപേശലും മിനിമം വേതനവും

കൂട്ടായ വിലപേശലും മിനിമം വേതനവും വേതനത്തിന്റെ അനന്തരഫലത്തെ അഭിവൃദ്ധിപ്പെടുത്തും. കൂട്ടായ വിലപേശലിന്റെ വ്യാപ്തി വര്‍ധിക്കുന്നത് സാമ്പത്തിക വളര്‍ച്ചയുമായി വേതനം കൂടുതല്‍ ചേര്‍ച്ചയുള്ളതായിരിക്കുമെന്ന് ഉറപ്പാക്കുന്നു; വേതനത്തിലെ അസമത്വം കുറവായിരിക്കാനും അത് ഇടയാക്കുന്നു. "ഉയര്‍ന്ന വ്യാപ്തി''യുള്ള രാജ്യങ്ങളില്‍ (ജീവനക്കാരില്‍ 30 ശതമാനത്തിലേറെ കൂട്ടായ വിലപേശലില്‍ ഉള്‍പ്പെടുന്നത്) വേതന ഇലാസ്റ്റികത 0.27 ശതമാനമാണ്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ പ്രതിശീര്‍ഷ ജിഡിപിയില്‍ ഒരു ശതമാനം വര്‍ധന ഉണ്ടാകുമ്പോള്‍ ശരാശരി വേതനത്തില്‍ 0.87 ശതമാനം പോയിന്റ് കൂടി വര്‍ധിക്കും. കൂട്ടായ വിലപേശലിന്റെ വ്യാപ്തി കുറഞ്ഞ രാജ്യങ്ങളിലെ 0.65% എന്ന കുറഞ്ഞ വേതന ഇലാസ്റികതയുമായി ഇതിനെ താരതമ്യപ്പെടുത്താം. അതേസമയം തന്നെ, ഉയര്‍ന്ന മിനിമം വേതനം വേതനത്തിലെ അസമത്വത്തെ താഴ്ത്തുകയും വേതനത്തിലെ സ്ത്രീപുരുഷ അന്തരം കുറയ്ക്കുകയും ചെ യ്യും.

ന്യായമായ നയാവിഷ്കരണം അനിവാര്യം

പരസ്പര പൂരകവും ന്യായയുക്തവുമായ മിനിമം വേതനം പദ്ധതിയുമായും കൂട്ടായ വിലപേശല്‍ നയങ്ങളുമായും ബന്ധപ്പെട്ട നല്ല നടപടികള്‍ ചുവടെ ചേര്‍ക്കുന്നു.

• കൂട്ടായ വിലപേശലിന് പകരമായി മിനിമം വേതനം ഉപയോഗിക്കുന്നത് ഒഴിവാക്കല്‍.
•മിനിമം വേതന നിര്‍ണയ സംവിധാനം സാധ്യമായേടത്തോളം ലളിതവും കൈകാര്യം ചെയ്യാവുന്ന വിധത്തിലുള്ളതുമായി നിലനിര്‍ത്തുക.
•കഴിയാവുന്നതിടത്തെല്ലാം സാമൂഹിക ആനുകൂല്യങ്ങള്‍ മിനിമം വേതന നിലവാരത്തില്‍ നിന്നും വേറിട്ടതായിരിക്കുമെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കല്‍ - സാമൂഹിക സുരക്ഷാ ബജറ്റിനുമേല്‍ പ്രതികൂലമായ പ്രത്യാഘാതം ഉണ്ടാകുമെന്ന ആശങ്കയില്‍ മിനിമം വേതനം വര്‍ധിപ്പിക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കുന്ന നടപടിയായതിനാലാണ് ഇത്.
•മിനിമം വേതനം നിശ്ചയിക്കുന്നതോടൊപ്പം അത് ശരിയായ വിധം നടപ്പിലാക്കാനുള്ള സംവിധാനം - ലേബര്‍ ഇന്‍സ്പെക്ടര്‍മാരും അവരോടൊപ്പം സാമൂഹിക പങ്കാളികളും ഉള്‍പ്പെടുന്നതായിരിക്കണം ഈ സംവിധാനം.
•പലപ്പോഴും മിനിമം വേതന നിയമത്തിന്റെ സംരക്ഷണത്തില്‍ നിന്നും ഒഴിവാക്കപ്പെടുന്ന വീട്ടുവേലക്കാരെ പോലുള്ള അസംരക്ഷിതരായ വിഭാഗങ്ങള്‍ക്കും ഇത് ബാധകമാക്കണം. മിനിമം വേതനത്തില്‍ ലിംഗ തുല്യതയുടെ പ്രത്യാഘാതം പരമാവധിയാക്കാന്‍ ഇത് ഏറെ പ്രധാനമാണ്.

*
കടപ്പാട്: സി.ഐ.ടി.യു സന്ദേശം

Thursday, February 26, 2009

എന്തുകൊണ്ട് കുരങ്ങൻ ?

ഒരാള്‍ മറ്റൊരാളെ കുരങ്ങന്‍ എന്നു വിളിച്ചാല്‍ അത് അധിക്ഷേപപദമാണോ അതോ അംഗീകാരമാണോ എന്നുള്ള കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണ്. ഭാഷയില്‍ സാംസ്ക്കാരിക പ്രവര്‍ത്തനം നടത്തുന്നവര്‍ എന്ന നിലക്ക് രണ്ടു വാദമുഖങ്ങളിലേക്കും സഞ്ചരിക്കാന്‍ നാം ബാധ്യസ്ഥരാണ്. കുരങ്ങന്മാര്‍ മനുഷ്യരുടെ പിതാമഹന്മാരാകയാല്‍ പരിണാമസിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇതൊരധിക്ഷേപമല്ലെന്നും അംഗീകാരമാണെന്നും സരസഭാഷിയായ മന്ത്രി ജി സുധാകരന്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. വാസ്തവം തന്നെ. മാത്രമല്ല, പരിസ്ഥിതി വാദികളെ സംബന്ധിച്ചിടത്തോളവും കുരങ്ങന്‍ എന്നത് അധിക്ഷേപമല്ല. കേരളത്തിലെ പരിസ്ഥിതി സമരത്തിന് തുടക്കം കുറിച്ച സൈലന്റ് വാലി സംരക്ഷണ സമരത്തെ പരിഹസിച്ചിരുന്നത് സിംഹവാലന്‍ കുരങ്ങനെ രക്ഷിക്കാന്‍ വേണ്ടിയുള്ള സമരം എന്നായിരുന്നുവല്ലോ. വംശനാശം, വന്യജീവി, പരിസ്ഥിതി സന്തുലനം, മഴക്കാടുകള്‍, ജൈവ വ്യവസ്ഥ, ജലം, തുടങ്ങിയ പദങ്ങളും അവയിലൂടെ സൂചിപ്പിക്കപ്പെടുന്ന പ്രതിഭാസങ്ങളും പ്രധാനമായവര്‍ക്ക് സിംഹവാലന്‍ കുരങ്ങന്‍ എന്നത് തങ്ങളുടെ തന്നെ ശരീരം പോലെ പ്രധാനപ്പെട്ട ഒരു പ്രതിനിധാനമായിരുന്നു. ഇപ്പോഴും ആണ്. നിങ്ങള്‍ കുരങ്ങനെ രക്ഷിക്കാനല്ലേ പുറപ്പെട്ടത്, എന്നോ നിങ്ങളൊരു കുരങ്ങനാണ് എന്നോ ആക്ഷേപിച്ചാല്‍ അത്തരക്കാര്‍ക്ക് അതൊരു അധിക്ഷേപമായല്ല അനുഭവപ്പെടുക. കാരണം, നിങ്ങള്‍ ഭൂമിയെയും ജൈവവ്യവസ്ഥയെയും പ്രപഞ്ചത്തെയും സംരക്ഷിക്കുന്നയാളാണ് എന്നാണ് അയാള്‍ ആ കുരങ്ങന്‍ വിളിയെ ഉള്‍ക്കൊള്ളുക.

1977ല്‍ പ്രസിദ്ധീകരിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ എന്ന കഥ വായിച്ചവരും അതിനെ ആന്തരീകരിച്ചിട്ടുള്ളവരുമായ മലയാളികളും ഇക്കൂട്ടത്തിലുള്‍പ്പെടും. ആനകള്‍, കടുവാ, സിംഹം, കരടി, കാട്ടുപോത്ത്, നീര്‍ക്കുതിര, പുലി, ചീങ്കണ്ണി, മുതല, ഒട്ടകം, കുതിര, മനുഷ്യക്കുരങ്ങ്, ചെന്നായ്, തേള്, മലമ്പാമ്പ്, കൊതുക്, മൂട്ട, വാവല്‍, കഴുകന്‍, മയില്‍, മാന്‍, മൈന, പഞ്ചവര്‍ണ്ണക്കിളി എന്നിങ്ങനെ ഭൂമിയുടെ അവകാശികളായി ഒട്ടേറെ എണ്ണത്തിനെ സൃഷ്ടിച്ചിട്ടുണ്ട്. എന്തിന്? തിമിംഗലം, സ്രാവ്, മത്സ്യങ്ങള്‍, നീരാളി, കടല്‍പാമ്പുകള്‍ എന്നിവരെ എന്തിന്, എന്തിനു സൃഷ്ടിച്ചു. ഒന്നും അറിഞ്ഞുകൂടാ. ദൈവഹിതം. ഏതായാലും ഒന്നിനെയും കൊല്ലാതെ ജീവിക്കാന്‍ ശ്രമിക്കണം. ഹിംസ അരുത്!(ബഷീര്‍ സമ്പൂര്‍ണകൃതികള്‍ പേജ് 1751).

എന്നാല്‍ എഴുപതുകളിലല്ലല്ലോ കേരളവും മലയാളവും ആരംഭിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിന്റെ അവസ്ഥ പി ഭാസ്കരനുണ്ണി വളരെ വിശദമായിത്തന്നെ അന്വേഷിച്ചു രേഖപ്പെടുത്തുന്നുണ്ട്. 'അമ്പലവാസികളിലും നായന്മാരിലുമുള്ള എത്രയെങ്കിലും സുന്ദരികളായ യുവതികളെ ബ്രാഹ്മണന്‍ സഹശയനത്തിനു വിനിയോഗിക്കുന്നത്, രണ്ടും മൂന്നും പത്നിമാര്‍ക്കു പുറമേയാണ്. രത്യര്‍ത്ഥമെന്നു ഭേഷായിട്ടൊരു ചിരി ചിരിച്ചു പറയാവുന്ന വെറുമൊരു കൂട്ടുകിടപ്പിന്റെ വട്ടം മാത്രമാണത്. ആ ഭാര്യക്കോ, അതില്‍ നമ്പൂതിരിക്കുണ്ടാവുന്ന മക്കള്‍ക്കോ ആ ആളിന്റെ ജംഗമ, സ്ഥാവര സ്വത്തുക്കളിലൊന്നിനും അവകാശമില്ലെന്നതോ പോകട്ടെ, സ്വന്തം പിതാവായ ആ മനുഷ്യനെ അച്ഛനെന്നു വിളിക്കാനുള്ള അര്‍ഹത പോലും ആ കുട്ടികള്‍ക്കു ലഭിക്കുന്നില്ല. എന്തിനധികം, തന്റെ പുത്രന്മാരെ തൊട്ടാല്‍ പിതാവിനു കുളിയുമുണ്ട്. സ്പര്‍ശനസുഖങ്ങളില്‍ ഏറ്റവും ഹൃദ്യമായത് പുത്രസ്പര്‍ശനമാണെന്നു പറയുന്നു. ഇവിടെ, ആ അനുഭവ സൌഖ്യം മക്കള്‍ക്കുമില്ല, അച്ഛനുമില്ല'. (പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം- പേജ് 477-478).

വി കെ എന്‍ പറയുന്നതു പോലെ, ഇത് ഉണ്ണി, അത് കുരങ്ങന്‍ എന്ന് അന്തര്‍ജനത്തിലുണ്ടായതും അടിച്ചുതളിയിലുണ്ടായതുമായ കുട്ടികളെ വ്യവഛേദിക്കുന്ന സമ്പ്രദായമായിരുന്നു വ്യാപകം, വ്യവസ്ഥാപിതം. സ്വന്തം രക്തത്തിലുണ്ടായ കുട്ടിയെ കുരങ്ങന്‍ എന്ന് വിളിച്ചാക്ഷേപിക്കുന്ന നമ്പൂതിരിയുടെ വരേണ്യമായ ജാതിബോധമാകട്ടെ കേരളത്തില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്നതല്ല താനും.

വംശീയമായ അധിക്ഷേപപദ (ethnic slur/ethnophaulism) മായി ലോകമെമ്പാടും കണക്കാക്കപ്പെടുന്ന പദമാണ് മങ്കി അഥവാ കുരങ്ങന്‍ എന്ന വിളി. വംശം, പ്രാദേശികത, ജാതി, കുലം, ദേശീയത, ഭാഷ, വര്‍ണം എന്നിവയുടെ പേരില്‍ ഒരാള്‍ മറ്റൊരാളെ അധിക്ഷേപിക്കുക എന്നത് ഏറ്റവും ഹീനമായ കാര്യമായാണ് പരിഗണിക്കപ്പെടുന്നത്. വിവിധ രാജ്യങ്ങളില്‍ നിലനില്‍ക്കുന്നതും ആഗോളവ്യാപകമായി തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ളതുമായ ഭരണഘടനകളും നിയമങ്ങളും ഇത്തരം അധിക്ഷേപപദങ്ങളെ പട്ടികപ്പെടുത്തിയിട്ടുണ്ട്. അവയില്‍ കുരങ്ങന്‍ എന്ന വിളി വംശീയ അധിക്ഷേപപദമായി വ്യക്തമായിത്തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇംഗ്ളണ്ടില്‍ കറുത്ത വംശജരെ കുരങ്ങന്‍ എന്ന് വിളിച്ച് അധിക്ഷേപിക്കാറുണ്ട്. തെക്കു കിഴക്കനേഷ്യയില്‍ പ്രാദേശിക ജനതയെ ആണ് ഈ പേരു വിളിച്ച് ആക്ഷേപിക്കാറുള്ളത്. ഇത് തെളിയിക്കുന്നത്, നാടുവാഴിത്തത്തിന്റെയും കൊളോണിയലിസത്തിന്റെയും വര്‍ണവിവേചനത്തിന്റെയും അധികാരപ്രയോഗങ്ങളില്‍ രമിക്കുന്നവരാണ് കുരങ്ങന്‍ എന്ന് തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ വിളിക്കുമ്പോള്‍ സ്വയം ആനന്ദിക്കുന്നവരെന്നാണ്.

2006 ജൂണ്‍ 26ന് ടൈംസ് പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത വായിക്കുക (ടൈംസ് ഓണ്‍ ലൈന്‍). ബ്രിസ്‌റ്റോളിലെ ഹോര്‍ഫീല്‍ഡിലുള്ള ആഷ്ലേ ഡൌണ്‍ ഇന്‍ഫന്റ് സ്കൂളില്‍ നടന്ന സംഭവം ആണ് വാര്‍ത്തയിലുള്ളത്. രണ്ടാം ക്ളാസിലുള്ള അറുപതു കുട്ടികളില്‍ രണ്ടു പേര്‍ മാത്രമേ കറുത്ത വംശജരായുള്ളൂ. ടേം അവസാനിക്കുമ്പോള്‍ കുട്ടികള്‍ കളിച്ചിരുന്ന കളി മൃഗവേട്ടയുടേതായിരുന്നു. കറുത്ത കുരങ്ങന്മാരെ വേട്ടയാടുന്ന വെളുത്ത വേട്ടക്കാര്‍ എന്നതായിരുന്നു കളിയുടെ നിയമം. കടുത്ത വര്‍ണവിവേചനം ആണ് സ്കൂള്‍ വിദ്യാഭ്യാസത്തിലൂടെ കുട്ടികള്‍ സ്വാംശീകരിക്കപ്പെടുന്നത് എന്ന കുറ്റാരോപണമാണ് സ്കൂള്‍ അധികൃതര്‍ക്കുമേല്‍ ഉന്നയിക്കപ്പെട്ടത്. ബ്രിട്ടനില്‍ ആഫ്രോ കരീബിയന്‍ വംശജര്‍ക്ക് വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ താഴ്ന്ന നിലവാരം മാത്രമേ പുലര്‍ത്താന്‍ സാധിക്കുന്നുള്ളൂ എന്നാണ് ഔദ്യോഗിക കണക്കുകള്‍ തന്നെ കാണിക്കുന്നത്. ഇപ്രകാരമുള്ള അധിക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇടയില്‍ എങ്ങനെയാണ് ആത്മവിശ്വാസത്തോടു കൂടി ഒരു കുട്ടി പഠിച്ചുയരുക?

എന്നാല്‍ ലോകത്തെ അടുത്തകാലത്ത് പിടിച്ചു കുലുക്കിയ കുരങ്ങന്‍ വിളി ഇതൊന്നുമല്ല. ആസ്ത്രേലിയന്‍ ഓള്‍ റൌണ്ടറായ ആന്‍ഡ്രൂ സിമോണ്ട്സിനെതിരായി 2007 ലും 2008ലുമുണ്ടായ മങ്കി വിളി ഇന്ത്യയുടെ പേര് തന്നെ കളങ്കപ്പെടുത്തുകയുണ്ടായി. 2007ല്‍ ഇന്ത്യയും ആസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന മത്സര പരമ്പരയില്‍ മുംബൈ, നാഗ്‌പുര്‍, വഡോദര തുടങ്ങിയ പശ്ചിമേന്ത്യാ നഗരങ്ങളിലെ സ്‌റ്റേഡിയങ്ങളില്‍ നടന്ന കളികളിലൊക്കെയും ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരായ കാണികള്‍ ആന്‍ഡ്രൂ സിമോണ്ട്സ് ഇളകിയാല്‍ അപ്പോള്‍ മങ്കി മങ്കി എന്ന് കൂട്ടത്തോടെ ബഹളം വെക്കുകയായിരുന്നു ചെയ്‌തിരുന്നത്. ആഫ്രോ-കരീബിയന്‍ വംശജനായ ആന്‍ഡ്രൂ സിമോണ്ട്സ് എന്ന കറുത്ത വംശജനെതിരായ അതിരൂക്ഷമായ അധിക്ഷേപം തന്നെയായിരുന്നു ഇത്. ബിസിസിഐ ഇത് ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് സത്യമാണെന്നു സമ്മതിക്കേണ്ടിവന്നു. ആളുകള്‍ ഇന്ത്യയെ വിജയിപ്പിക്കാന്‍ വേണ്ടി ഗണപതി ബാപ്പ ബോറിയ എന്ന് കൂട്ടത്തോടെ നാമം ജപിക്കുകയായിരുന്നു എന്നാണ് വഡോദരാ പൊലീസ് കമ്മീഷണര്‍ (അദ്ദേഹം മോഡി സര്‍ക്കാരിന്‍ കീഴിലാണെന്നും മറക്കാതിരിക്കാം) പി സി താക്കൂര്‍ പി ടി ഐയോട് പറഞ്ഞത്. എന്നാല്‍ 2007 ഒക്ടോബര്‍ 17 ന് മുംബൈ വാങ്കടേ സ്‌റ്റേഡിയത്തിന്റെ ഗാലറിയില്‍ നിന്നെടുത്ത ഈ ഫോട്ടോ ഇത്തരം എല്ലാ അവകാശവാദങ്ങളെയും നിരാകരിച്ച ഒന്നാണ്. കാണികളെല്ലാം അവരുടെ മുഖം കുരങ്ങന്റേതുപോലെ വീര്‍പ്പിച്ചുവെച്ചിരിക്കുകയാണ്.


OCTOBER 17: Spectators make 'monkey' impressions as Andrew Symonds of Australia comes in to bat during the seventh one day international cricket match between India and Australia at Wankhede Stadium on October 17, 2007 in Mumbai, India.

2008ല്‍ പ്രശ്നം വീണ്ടും രൂക്ഷമായി. എസ് സി ജി ടെസ്‌റ്റിന്റെ മൂന്നാം ദിവസം ഇന്ത്യന്‍ സ്പിന്‍ ബൌളറായ ഹര്‍ഭജന്‍ സിംഗ് ആന്‍ഡ്രൂ സിമോണ്ട്സിനെ മങ്കി എന്നു വിളിച്ചതായി സംശയാതീതമായി തെളിയിക്കപ്പെട്ടു. ഇതിനെ തുടര്‍ന്ന് ഹര്‍ഭജന്‍ സിംഗിനിനു മേല്‍, മൂന്നു മാച്ചുകളില്‍ കളിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തപ്പെട്ടു. മാച്ച് റഫറിയായിരുന്ന മൈക്ക് പ്രോക്റ്ററാണ് കളിയുടെ വീഡിയോ വിശദമായി പരിശോധിച്ച് നിലപാടെടുത്തത്.

കേരളീയ സാംസ്കാരിക സ്ഥലിയില്‍ നിരന്തരം ഇടപെട്ടുകൊണ്ട് പോതുബോധത്തെ നിയന്ത്രിക്കുന്ന അധീശ പ്രത്യയശാസ്‌ത്രത്തിനെതിരായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സമരോത്സുകമായി ജീവിക്കുന്ന കെ.ഇ.എനെയാണ് കുരങ്ങനായി വി.എസ്.സംബോധന ചെയ്തതെന്നത് കൂടുതല്‍ ഗൌരവമായ അന്വേഷണം ആവശ്യപ്പെടുന്നു. കോടതി, നിയമം, ഭരണഘടന മുതലായ ബൂര്‍ഷ്വാജനാധിപത്യ വ്യവസ്ഥയുടെ സംവിധാനത്തിനകത്ത് ഇങ്ങിനെ വിളിക്കപ്പെട്ടവന് എന്ത് നഷ്‌ടപരിഹാരം ലഭിക്കുമെന്നതിനേക്കാള്‍ സാംസ്‌ക്കാരികമായ അപചയവുമായി ഇതിന് വല്ല ബന്ധവുമുണ്ടോ എന്നതാണ് സാംസ്‌ക്കാരിക പ്രവര്‍ത്തകരെ ഉല്‍ക്കണ്ഠപ്പെടുത്തുന്നത്.

തൊണ്ണൂറുകള്‍ക്ക് ശേഷം കെ.ഇ.എന്‍. നടത്തിവരുന്ന ഇടപെടലുകള്‍ തീര്‍ച്ചയായും “ഭാരതീയ” അധീശ പ്രത്യയശാസ്‌ത്രത്തോടും “അമേരിക്കന്‍” അധിനിവേശ തന്ത്രങ്ങളോടുമുള്ള കലഹമാണെന്നതില്‍ സംശയമില്ല. സവര്‍ണ പ്രത്യയശാസ്‌ത്രത്തിന്റെയും അധിനിവേശ യുക്തിയുടെയും ഇരകളായി മാറിയ പാവം മനുഷ്യര്‍ പോലും കെ.ഇ.എന്റെ നിലപാടുകളിലെ തീവ്രത ഉള്‍ക്കൊള്ളാനാവാതെ വിഷമിക്കുന്ന സന്ദര്‍ഭത്തിലാണ് ഇത്തരമൊരു സംബോധന കടന്നുവരുന്നത് എന്നത് ചരിത്രത്തിലെ യാദൃഛികതയായിരിക്കാം. എങ്കിലും പൊതുബോധത്തിലന്തര്‍ഭവിച്ച അധീശധാരണകള്‍ മനസ്സിന്റെ അജ്ഞാത മേഖലകളില്‍ നിലനില്‍ക്കുന്നത് (Unknown continent എന്ന് ഫ്രോയിഡ്) പലരെയും ചതിക്കുഴികളില്‍ വീഴ്ത്താറുണ്ട്. ജനാധിപത്യവ്യവസ്ഥക്കകത്തും പുറത്തും സംവാദങ്ങളും സമരങ്ങളും ആശയമണ്ഡലത്തിലും നടക്കാറുണ്ട്. മന്ത്രി ജി.സുധാകരന്‍ തന്ത്രിമാരെയും ഐ.എ.എസുകാരെയും അധിഷേപിച്ചും പരിഹസിച്ചും സംസാരിച്ചത് ഭരണകൂടപ്രത്യയ ശാസ്‌ത്രത്തോടും പ്രത്യയശാസ്‌ത്രകാരന്‍മാരോടും നവോത്ഥാനകാലം മുതലെങ്കിലും ആരംഭിച്ച ആശയസമരത്തിന്റെ ഭാഗമാണ്. മതത്തിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റുകയും എന്നാല്‍ വലിയ മതവിമര്‍ശകനാണെന്ന് നടിക്കുകയും ചെയ്യുന്ന കാരശ്ശേരിമാര്‍ ചരിത്രബോധ മില്ലാത്തതുകൊണ്ടാണ് സുധാകരന്റെ പ്രയോഗത്തെ മുന്‍നിര്‍ത്തി കുരങ്ങന്‍ വിളിയെ ന്യായീകരിക്കുന്നത്. ഒറീസ്സയിലും, ഗുജറാത്തിലും നടക്കുന്ന വംശഹത്യമാത്രമല്ല ബാബറിപ്പള്ളി പൊളിച്ചത് പോലും മറന്നുകളയാന്‍ ആഹ്വാനം ചെയ്യുന്ന പ്രഛന്ന വിപ്ളവകാരികളും കപടമതേതരവാദികളും പങ്കിടുന്ന പൊതുബോധത്തിന്റെ അചരിത്രപരത യില്‍ നമുക്ക് സഹതപിക്കാനേ നിര്‍വാഹമുള്ളൂ. എന്നാല്‍ വി.എസ്സിനെപ്പോലെ സമരോത്സുകമായി ജീവിച്ച കമ്മ്യൂണിസ്‌റ്റ് നേതാക്കള്‍ പൊതുബോധത്തിന്റെയും അധീശപ്രത്യയ ശാസ്ത്രത്തിന്റെയും അന്ധമേഖലകളാല്‍ (Blind Spots) നിയന്ത്രിക്കപ്പെടുന്നത് തീര്‍ച്ചയായും ഭയപ്പെടേണ്ടതാണ്.

കെ.ഇ.എന്‍ നടത്തിവരുന്ന ഇടപെടലുകള്‍ തീര്‍ച്ചയായും സമരോത്സുകമായ ഊര്‍ജ്ജസ്വലതയാണ് അടയാളപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ ഷേൿസ്‌പിയറുടെ “കാലിബാന്‍” എന്ന കഥാപാത്രത്തെപ്പോലെ അധീശപ്രത്യയശാസ്ത്രം ആന്തരവല്‍ക്കരിച്ചവര്‍ക്ക് കെ.ഇ.എന്‍ ഒരു കീഴാള മനുഷ്യേതര പ്രതീകമായി മനസ്സിന്റെ ഉള്ളറകളില്‍ സ്ഥാനം പിടിക്കാന്‍ സാധ്യതയുണ്ട്. ഒരര്‍ത്ഥത്തില്‍ ഇത്തരം ഒരു സംബോധന സ്വത്വപരമായ പ്രതിനിധാനവുമായി ബന്ധപ്പെട്ടിരിക്കാനാണ് സാധ്യത. ആശയരംഗത്ത് സംവാദങ്ങളും സമരങ്ങളും നടക്കാതെ ഒരു സമൂഹവും മുന്നോട്ടുപോകാറില്ല. എന്നാല്‍ സമരങ്ങളും സംവാദങ്ങളും ഉപേക്ഷിച്ച് വെറും പരിഹാസത്തിന്റെ മണ്ഡലങ്ങളിലേക്ക് നാം ചുരുങ്ങുന്നത് ആശയപരമായ അവ്യക്തതക്ക് അടിമപ്പെടുമ്പോഴാണ്. കാലിബാനെ ആമ, മത്സ്യം, പൂച്ച, രാക്ഷസന്‍ മുതലായ ജന്തുക്കളുടെ പേരുപയോഗിച്ചും ഷേൿസ്‌പിയര്‍ സൂചിപ്പിക്കുന്നുണ്ട്. ആള്‍കൂട്ടത്തെയും ആള്‍കൂട്ടമനശാസ്‌ത്രത്തെയും സംബന്ധിച്ച് വില്യം റീഹ് മുതലായവര്‍ നടത്തിയ പഠനങ്ങള്‍പോലും ഇപ്പോള്‍ അപര്യാപ്‌തമായി മാറുകയാണ്. ആഗോള വല്‍ക്കരണത്തിന്റെ-ദൃശ്യമാധ്യമ സംസ്കാരത്തില്‍ നാം എങ്ങിനെ സ്വയം വിമോചിക്കണമെന്ന ചോദ്യം ഓരോരുത്തരും അവനവനോട് (അവളവളോട്) തന്നെ ചോദിച്ചുകൊണ്ട് മാത്രമേ ഈ ദൌത്യം നിര്‍വഹിക്കാന്‍ കഴിയൂ.

****

ജി.പി.രാമചന്ദ്രന്‍, ഡോ.പി.കെ.പോക്കര്‍

കടപ്പാട് : വാരാദ്യ മാധ്യമം, ചിത്രങ്ങൾക്ക് ഔട്ട്‌ലുക്ക് ഇന്ത്യ ഡോട്ട് കോം

Wednesday, February 25, 2009

ചരിത്രത്തിനും വര്‍ത്തമാനത്തിനും മീതേ ഈ ചിത്രങ്ങള്‍

പ്രശസ്ത ഫോട്ടോഗ്രാഫര്‍ സി എം വിഷ്ണുനമ്പീശന്‍ അന്തരിച്ചു

ആദ്യകാല ഫോട്ടോഗ്രാഫറും ആര്‍ട്ടിസ്റ്റുമായ സി എം വിഷ്ണുനമ്പീശന്‍ (92) വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ബംഗളൂരുവില്‍ അന്തരിച്ചു. ബംഗളൂരുവില്‍ ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥനായ മകന്‍ ഉണ്ണികൃഷ്ണനൊപ്പം ബനശങ്കരി കത്രികുപ്പ മെയിന്‍റോഡിലെ ശിവരഞ്ജിനി അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചുവരികയായിരുന്നു. തിങ്കളാഴ്ച അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് പോകും വഴി രാത്രി പതിനൊന്നേകാലോടെയാണ് മരണം.

ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഒരു പക്ഷെ പലരുടെയും മനസ്സില്‍ വരുന്നത് ആരാണീ സി.എം. വിഷ്ണു നമ്പീശന്‍ എന്നതായിരിക്കാം. അതിനുത്തരം തേടുമ്പോള്‍ നാമെത്തിച്ചേരുന്നത് സഖാവ് പി.കൃഷ്ണപിള്ളയിലായിരിക്കും. സഖാവ് കൃഷ്ണപിള്ളയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലെത്തുന്നത് അദ്ദേഹത്തിന്റെ പോരാട്ടങ്ങള്‍ക്കൊപ്പം ഇളംപുഞ്ചിരി തൂകി മുടിയിഴകള്‍ നെറ്റിയിലേക്ക് പാറിവീണ അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രവുമായിരിക്കും. ആ ചിത്രം എടുത്ത ഫോട്ടോഗ്രാഫറാണ് അന്തരിച്ച സി.എം.വിഷ്ണു നമ്പീശന്‍ എന്ന കമ്മ്യൂണിസ്റ്റ് ഫോട്ടോഗ്രാഫര്‍.

കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സഖാവ് കൃഷ്ണപിള്ളയുമായി അഭേദ്യ ഹൃദയബന്ധമുണ്ടായിരുന്ന നമ്പീശന്‍ അദ്ദേഹത്തിന്റെ ക്യാമറയില്‍ പകര്‍ത്തിയെടുത്ത ചരിത്രമുഹൂര്‍ത്തങ്ങള്‍ അനവധിയാണ്. കമ്യൂണിസ്റ്റ് ഫോട്ടോഗ്രാഫര്‍ മാത്രമല്ല, നല്ലൊരു ചിത്രകാരന്‍കൂടിയായിരുന്നു അദ്ദേഹം. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വിഷമം പിടിച്ച വഴികളിലൂടെ നയിച്ച് ജീവിതവും യൌവനവും ബലികഴിച്ച കൃഷ്ണപിള്ള എന്ന പോരാളിയോടെപ്പം ചെറുപ്പംതൊട്ട് പ്രവര്‍ത്തിച്ച നമ്പീശനും ത്യാഗത്തിന്റെ ഉദാഹരണമാണ്.

കണ്ണൂര്‍ മാത്തില്‍ വടവന്തൂര്‍ ചെപ്പായിക്കോട്ട് മഠം കുടുംബാംഗമാണ് നമ്പീശന്‍. കഥകളി ഭാഗവതരായി കലയോടുള്ള ആഭിമുഖ്യം ചെറുപ്പത്തിലേ പ്രകടിപ്പിച്ചിരുന്നു അദ്ദേഹം. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ആകൃഷ്ടനായ നമ്പീശന്‍ 1946 ല്‍ പാര്‍ടി അംഗമായി. 1948ല്‍ ആലപ്പടമ്പ് പാര്‍ടി ഘടകം സെക്രട്ടറിയായി. പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ഒളിവില്‍പോയ അദ്ദേഹം കോയമ്പത്തൂര്‍, മദ്രാസ് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്. കോയമ്പത്തൂരില്‍ വിവിധ സ്റ്റുഡിയോകളിലായി ജോലി ചെയ്തുകൊണ്ടിരിക്കെ ചെന്നൈ കേരള സമാജത്തിന്റെ നാടകപരിപാടികളിലും സജീവമായി പങ്കെടുത്തു. പിന്നീട് മലബാറില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചു. ആദ്യകാല പാര്‍ടി ഫോട്ടോഗ്രാഫറും കൂത്താട്ടുകുളം പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ജേക്കബ് ഫിലിപ്പാണ് നമ്പീശന് ക്യാമറ വാങ്ങിക്കൊടുത്തത്. അത് ചരിത്രത്തിലേക്കുള്ള വാങ്ങിക്കൊടുക്കല്‍ ആയിരുന്നു എന്ന് കാലം തെളിയിച്ചു.

ദേശാഭിമാനിയും നവജീവനും ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ക്കുവേണ്ടി ഫോട്ടോഗ്രാഫറായി മലബാറില്‍ പ്രവര്‍ത്തിച്ചിരുന്ന നമ്പീശന്‍ പിന്നീട് കരുണാകരമേനോന്‍ പ്രൊപ്രൈറ്ററായ നാഷണല്‍ സ്റ്റുഡിയോയില്‍ ചേര്‍ന്നു. ഈ കാലഘട്ടത്തിലാണ് കൃഷ്ണപിള്ളയുടെ പ്രശസ്തമായ ഫോട്ടോ എടുത്തത്. കോഴിക്കോട് ചാലപ്പുറത്തിനടുത്ത കൊകോഴിക്കോട് എന്ന സ്ഥലത്തെ സങ്കേതത്തില്‍നിന്നും രാവിലെ കുളിച്ച് പുറത്തേക്കിറങ്ങുമ്പോള്‍ നമ്പീശന്‍ കൃഷ്ണപിള്ളയോട് ഫോട്ടോയെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അത് അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫി ജീവിതത്തിലെ അമൂല്യനിധിയായി മാറുകയായിരുന്നു. കോഴിക്കോട്ട് ഒളിവില്‍ കഴിയുന്ന കൃഷ്ണപിള്ളയുടെ പടമെടുത്ത നമ്പീശന്‍ അതിന്റെ ഒറിജിനല്‍ ചരിത്ര സ്മരണയായി സൂക്ഷിച്ചു; കൃഷ്ണപിള്ളയോടുള്ള സ്നേഹാദരങ്ങളുടെ സൂചനയായി. ഈ പടത്തിന്റെ നെഗറ്റീവില്‍നിന്നാണ് പടം കൂടുതല്‍ സ്ഥലത്തെത്തിയത്.

1960ല്‍ കരുണാകരമേനോന്റെ അനുഗ്രഹാശിസുകളോടെ കോഴിക്കോട് പുതിയറയില്‍ 'പൂര്‍ണിമ' സ്റ്റുഡിയോ തുടങ്ങി. ഏകദേശം 25 വര്‍ഷത്തോളം പൂര്‍ണിമ തുടര്‍ന്നു. പ്രായാധിക്യം കാരണം പിന്നീട് മകനോടൊപ്പം ചെന്നൈയിലും ഡല്‍ഹിയിലും ബംഗളൂരുവിലുമായി താമസിച്ചു. ഈ സമയത്ത് ഒട്ടേറെ ആട്ട് വര്‍ക്കുകള്‍ നടത്തിയിരുന്നു. ചെന്നൈയില്‍ അറുപതോളം ചിത്രങ്ങളുടെ മൂന്നുദിവസം നീണ്ട പ്രദര്‍ശനവും സംഘടിപ്പിച്ചു.

സഖാവ് പാമ്പ് കടിയേറ്റുമരിച്ച സംഭവമാണ് തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ അനുഭവമെന്ന് നമ്പീശന്‍ പറയുകയുണ്ടായി. പായയില്‍ കിടത്തിയ സഖാവിന്റെ ശവശരീരത്തിന്റെ പടം പെയിന്റ് ചെയ്ത് നവയുഗത്തില്‍ കളര്‍ഫോട്ടോയായി കൊടുത്തതൂം നമ്പീശനാണ്. കൃഷ്ണപിള്ളയുടെ അധികമാരും കണ്ടിട്ടില്ലാത്ത വേറൊരു പടവും നമ്പീശന്റെ കൈയിലുണ്ടായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ തമിഴ് പത്രമായ ജനശക്തിയില്‍ 46 മെയ് 29ന് രാഷ്ട്രീയത്തടവുകാരെ വിട്ടയക്കുക എന്ന തലക്കെട്ടില്‍ ഉണ്ടായിരുന്ന പടത്തില്‍നിന്ന് റീകോപ്പി ചെയ്തതാണത്. കയ്യൂര്‍ രക്തസാക്ഷികളെ അനുസ്മരിച്ച് ഉയിര്‍ത്തെഴുന്നേല്‍പ് എന്നപേരില്‍ കളര്‍ ചോക്കുകൊണ്ട് വരച്ച ചിത്രവും നമ്പീശന്റേതായിട്ടുണ്ട്. ആദ്യകാല കര്‍ഷകനേതാക്കളിലൊരാളായ കെ എ കേരളീയന്റെ ചിത്രവും പ്രശസ്തം. വിശ്വപ്രസിദ്ധ ഫോട്ടോഗ്രാഫറും ചിത്രകാരനുമായ നമ്പീശന്റെ കൈയില്‍ പക്ഷേ, അദ്ദേഹത്തിന്റെ ഫോട്ടോ മാത്രം ഇല്ലായിരുന്നു. അതാണ് നമ്പീശന്‍.

സഖാവ് സി.എം.വി നമ്പീശന് വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാജ്ഞലികള്‍‍.

*
കടപ്പാട്: ദേശാഭിമാനി, ജനയുഗം

Tuesday, February 24, 2009

ഓ, അമേരിക്കാ, 'ഇന്നു നിന്റെ സ്വാതന്ത്ര്യം' ഒരു കാര്‍ട്ടൂണാവുകയാണോ?

കാര്‍ട്ടൂണുകളില്‍, 'കുരങ്ങന്‍' പ്രത്യക്ഷപ്പെടുന്നത്‌ ആദ്യമായിട്ടല്ല. എന്നിട്ടും അമേരിക്ക, ഒരു ചിമ്പാന്‍സി കാര്‍ട്ടൂണിന്റെ പേരില്‍ കീഴ്‌മേല്‍ മറിയുകയാണ്‌. അമേരിക്കന്‍ പ്രസിഡന്റ്‌ ഒബാമയെ പരോക്ഷമായി കുറ്റപ്പെടുത്തുന്ന ഒരു കാര്‍ട്ടൂണ്‍ ഔപചാരിക ജനാധിപത്യം നിലനില്‍ക്കുന്ന ഒരു രാജ്യത്തിലും സത്യത്തില്‍ ഈ വിധമൊരു ബഹളം സൃഷ്‌ടിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. കുപ്രസിദ്ധമായ വിമോചന സമരകാലത്ത്‌, എം.വി. ദേവന്‍ ഇ.എം.എസിനെ പട്ടിയാക്കി കാര്‍ട്ടൂണ്‍ വരച്ചിട്ടുപോലും കേരളം ഈവിധം കുലുങ്ങിയിട്ടില്ല.

സംഭാഷണത്തില്‍ 'പട്ടിവിളി' കേട്ടാല്‍, പൊട്ടിത്തെറിക്കുന്നവര്‍പോലും കാര്‍ട്ടൂണില്‍ അതു കണ്ടാല്‍ പൊട്ടിച്ചിരിക്കുകയാണു പതിവ്‌. എന്നിട്ടുമിപ്പോള്‍ അമേരിക്കയില്‍ 'കാര്‍ട്ടൂണ്‍ വിവാദം' അവസാനിച്ച മട്ടില്ല. 'ന്യൂയോര്‍ക്ക്‌ പോസ്‌റ്റ്' എന്ന 'വലതുപക്ഷപത്രം' മാപ്പ്‌ പറഞ്ഞിട്ടും പ്രശ്‌നം തീര്‍ന്നതായി തോന്നുന്നില്ല. യു.എസ്‌ സാമ്പത്തിക ഉത്തേജന ബില്‍ തയാറാക്കിയത്‌ ഒരു ചിമ്പാന്‍സിയാണെന്നു ധ്വനിപ്പിക്കുന്ന കാര്‍ട്ടൂണ്‍ ഭരണകൂടവിമര്‍ശനം മാത്രമാണു ലക്ഷ്യംവച്ചതെന്നു ന്യൂയോര്‍ക്ക്‌ പോസ്‌റ്റ് പത്രം ആവര്‍ത്തിച്ചു വ്യക്‌തമാക്കിയിട്ടും വിവാദങ്ങള്‍ അവസാനിക്കുന്നില്ല.

പരിണാമസിദ്ധാന്തം ആവിഷ്‌ക്കരിച്ച ചാള്‍സ്‌ ഡാര്‍വിനെ കുരങ്ങനായി ചിത്രീകരിച്ചുകൊണ്ടുള്ള കാര്‍ട്ടൂണ്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍തന്നെ വരയ്‌ക്കപ്പെട്ടിരുന്നു! മൃഗത്തില്‍നിന്നു പരിണമിച്ചാണു മനുഷ്യനുണ്ടായതെന്ന കാഴ്‌ചപ്പാട്‌ മുന്നോട്ടുവച്ചതാണു ഡാര്‍വിനെത്തന്നെ കുരങ്ങനാക്കാന്‍ ചിലരെ പ്രേരിപ്പിച്ചത്‌! എന്നാല്‍ അന്ന്‌ അതിനെതിരേ ഇന്ന്‌ അമേരിക്കയിലുള്ളതുപോലുള്ളൊരു പ്രതിഷേധം ഉയര്‍ന്നുവന്നതായി അറിയില്ല.

ഒരുപക്ഷേ ഡാര്‍വിന്‍ ഒരു രാജ്യത്തിന്റെയും പ്രസിഡന്റോ, പ്രധാനമന്ത്രിയോ അല്ലാത്തതുകൊണ്ടാവണം. അല്ലെങ്കില്‍ ആരും ആരെയും എന്തും വിളിച്ചോട്ടെ എന്ന അത്യുദാര സ്വാതന്ത്ര്യ സങ്കല്‍പം അന്നു സര്‍വരും സ്വാംശീകരിച്ചതുകൊണ്ടാവണം! അല്ലെങ്കില്‍ അന്നാധിപത്യം പുലര്‍ത്തിയ മതപൗരോഹിത്യത്തെ ഇനിയും പ്രകോപിപ്പിച്ചു കൂടുതല്‍ അപകടമുണ്ടാക്കണ്ട എന്നു പ്രായോഗികമതിയായ ഡാര്‍വിന്‍പക്ഷക്കാര്‍ തീരുമാനിച്ചതുകൊണ്ടാവണം.

നേരത്തേതന്നെ, പൗരോഹിത്യത്തെ ആഴത്തില്‍ പ്രകോപിപ്പിച്ച ഡാര്‍വിന്‍, ഇനി ആരെന്തു പ്രകോപനം സൃഷ്‌ടിച്ചാലും 'നമ്മളനങ്ങണ്ട' എന്നു തന്നോടാഭിമുഖ്യമുള്ളവരെ ഉദ്‌ബോധിപ്പിച്ചുതുകൊണ്ടാവണം. അതുമല്ലെങ്കില്‍ 'വംശീയഭൂഷണം' തുടങ്ങിയ ആശയങ്ങള്‍ക്ക്‌ അന്നത്തെ സമൂഹത്തില്‍ ഇന്നത്തെപ്പോലെ മേല്‍ക്കോയ്‌മ ഇല്ലാത്തതുകൊണ്ടാവണം. എന്തായാലും പത്തൊമ്പതാം നൂറ്റാണ്ടിലെ 'കുരങ്ങന്‍' കത്തിയില്ല. ഞാന്‍ മനസിലാക്കിയിടത്തോളം ഡാര്‍വിന്‍ ആ കാര്‍ട്ടൂണിനെതിരേ ഒരു നിയമനടപടിയും സ്വീകരിച്ചില്ല.

ഒരുപക്ഷേ കുരങ്ങ്‌കാര്‍ട്ടൂണ്‍ കണ്ട്‌ അദ്ദേഹം മനസുനിറഞ്ഞു ചിരിച്ചിരിക്കും. പരിണാമസിദ്ധാന്തമനുസരിച്ച്‌ നമ്മളൊക്കെയും, നിങ്ങളിപ്പോള്‍ എന്നെ ആക്ഷേപിക്കാന്‍ വരച്ച ആ കുരങ്ങിന്റെ പിന്മുറക്കാരാണല്ലോ എന്ന തിരിച്ചറിവില്‍ അദ്ദേഹം പിന്നെയും തളിര്‍ത്തിരിക്കും! ഡാര്‍വിന്‍ സായ്‌പിനു കുരങ്ങനെക്കുറിച്ചോര്‍ത്ത്‌ അസ്വസ്‌ഥനാകാന്‍, അടിച്ചേല്‍പ്പിക്കപ്പെട്ട 'അപകര്‍ഷതാബോധത്തിന്റെ' ഭൂതകാലഭാരമുണ്ടായിരുന്നില്ല.

എന്നാല്‍, 'ഒബാമ'യ്‌ക്കു പിറകില്‍ ഒഴുകുന്നതു പീഡിതമായൊരു അസ്വസ്‌ഥ ഭൂതകാലത്തിന്റെ ചോരപ്പുഴയാണ്‌. പ്രശസ്‌തനായിരുന്ന ഇറാസ്‌പസ്‌ ഡാര്‍വിന്റെ പേരക്കുട്ടിയായ ചാള്‍സ്‌ ഡാര്‍വിന്‍ 'ഉള്ളായ്‌മ'യില്‍ നിന്നു പിന്നെയുമുയര്‍ന്നു സ്വന്തം മുത്തഛനെക്കാളും പ്രശസ്‌തനായിത്തീരുകയായിരുന്നു. എന്നാല്‍ ബരാക്‌ ഹുസൈന്‍ ഒബാമ 'ഇല്ലായ്‌മകളില്‍' നിന്നാണുയര്‍ന്നു വന്നത്‌. യൂറോപ്യന്‍കാരായിരുന്ന അമേരിക്കക്കാരാല്‍ അടിമകളാക്കപ്പെട്ട, ആഫ്രോ - അമേരിക്കന്‍ വംശത്തിന്റെ കീഴാള ജീവിതത്തില്‍ നിന്നാണയാള്‍ അമേരിക്കയുടെ പരമാധികാര സ്‌ഥാനമായ പ്രസിഡന്റ്‌ പദവിയിലെത്തിയിരിക്കുന്നത്‌.

വലതുപക്ഷ ആശയങ്ങള്‍ തന്നെയാണ്‌ ഒബാമയും പിന്തുടരുന്നത്‌. എന്നിട്ടും വര്‍ണവെറിയന്മാര്‍ക്ക്‌ അദ്ദേഹത്തെ വേട്ടയാടാതിരിക്കാന്‍ കഴിയുന്നില്ല! സവര്‍ണആശയങ്ങള്‍ 'ആവര്‍ത്തിച്ച്‌' ഇന്ത്യന്‍ മുഖ്യധാരയ്‌ക്കു പ്രിയങ്കരരാവാന്‍ മത്സരിക്കുന്ന കീഴാളപ്രതിഭകള്‍ ഓര്‍ക്കേണ്ടതു കീഴാളര്‍ അമേരിക്കന്‍ പ്രസിഡന്റ്‌ തന്നെയായാലും വലതുപക്ഷ ആശയങ്ങള്‍ പിന്തുടര്‍ന്നാലും 'അന്ധമായ വര്‍ണവംശവെറി' അവരെ വെറുതേ വിടുകയില്ല എന്ന രാഷ്‌ട്രീയ യാഥാര്‍ഥ്യമാണ്‌.

ഒരുപക്ഷേ 'പാണ്ടന്‍ നായുടെ പല്ലിന് ‌' മുമ്പേപ്പോലെ 'ശൗര്യം' ഇപ്പോളില്ലാത്തതുകൊണ്ട്‌, 1863 ല്‍ 'അടിമത്ത നിരോധന വിളംബരം' പുറപ്പെടുവിച്ചതിന്റെ പേരില്‍ ഏബ്രഹാം ലിങ്കനെ 1865 ല്‍ വെടിവച്ചു കൊന്നതുപോലെ, ഇന്നവര്‍ പെരുമാറുകയുണ്ടാവില്ല. ഒരു 'കുരങ്ങ്‌കാര്‍ട്ടൂണില്‍' 'വംശപക' അവരിപ്പോള്‍ ഒതുക്കുമായിരിക്കും.

കറുത്തവരും വെളുത്തവരും വര്‍ണവ്യത്യാസത്തിനപ്പുറം ഞങ്ങളും ഞങ്ങളും മനുഷ്യരെന്നു തിരിച്ചറിഞ്ഞു തുല്യനിലയില്‍ നൃത്തംചവിട്ടുന്ന ഒരു കാലത്തെ സ്വപ്‌നം കണ്ടതിന്‌, 1968 ല്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെ വെടിവച്ചു കൊന്നപോലെ വര്‍ണവെറിയന്മാര്‍ക്ക്‌ അമേരിക്കയില്‍ ഇനി ആരെയും പഴയപോലെ വെടിവച്ചു കൊല്ലാന്‍ കഴിയില്ലായിരിക്കാം.

ഏറിയാലൊരു കാര്‍ട്ടൂണില്‍ വംശപക തലകുനിച്ചു നില്‍ക്കുമായിരിക്കാം. ആ പഴയ 'കുക്ലസ്‌ക്ലാനും' മറ്റും മുമ്പെന്നപോലെ കൊമ്പുകുലുക്കി തുള്ളുകയില്ലായിരിക്കാം. എന്നാലും ഇന്നു പല്ലുപോയ ആ പഴയ വര്‍ണവംശവെറി, ഒരു ചുവന്ന പാടപോലെ അമേരിക്കന്‍ ജീവിതത്തിന്റെ ജലാശയങ്ങളില്‍ ഇന്നു സൂക്ഷിച്ചു നോക്കുന്നവര്‍ക്കു തെളിഞ്ഞു കാണാന്‍ കഴിയും!

****

കെ.ഇ.എൻ, കടപ്പാട് : മംഗളം

Monday, February 23, 2009

ആനച്ചന്തം

സംഭവം ഗംഭീരമായി.

ചാക്കാടുംപാറ ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിന് ശങ്കരങ്കുളങ്ങര കുട്ടികൃഷ്‌ണന്‍ വിരണ്ടു.

സംഗതി ലൈവായി.

ഇടന്തലയില്‍ ചാനല്‍സുന്ദരിയും (ഇനി മുതല്‍ ചാരി) വലന്തലയില്‍ ചാനല്‍ സുന്ദരനും (ഇനിമുതല്‍ ചാര) കൊട്ടിക്കയറി. മുറിയടന്തയിലായിരുന്നു വായന.

ചാരി തുടങ്ങി.

' ഇപ്പോള്‍ ഞങ്ങളുടെ ലേഖകന്‍ ചാര ലൈനിലുണ്ട്. ചാരാ എന്തൊക്കെയാണ് വിശേഷങ്ങള്‍..?'

ചാര: ചാരി, നല്ല വിശേഷങ്ങളാണ്. ക്ഷേത്രത്തില്‍ ഭഗവതിയുടെ തിടമ്പേറ്റി നില്‍ക്കുമ്പോഴാണ് ശങ്കരങ്കുളങ്ങര കുട്ടികൃഷ്‌ണന്‍ ഇടഞ്ഞത്. ഇടയാനുള്ള കാരണം അറിവായിട്ടില്ല. കുട്ടികൃഷ്‌ണന്‍ പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല. പലവട്ടം നമ്മള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കുട്ടികൃഷ്‌ണന്‍ ഓടിമറയുകയാണ്.

പട്ടരുശ്ശേരി ഗോപാലനെ അടുത്ത് നിര്‍ത്തിയതാണ് കുട്ടികൃഷ്‌ണന്‍ ഇടയാന്‍ കാരണമായി വിദഗ്ധര്‍ പറയുന്നത്. പട്ടരുശ്ശേരിയും ശങ്കരങ്കുളങ്ങരയും ഉറച്ച മതേതര ജനാധിപത്യ വിശ്വാസികളാണെങ്കിലും കുട്ടികൃഷ്‌ണന് ഗോപാലനോട് നീരസമുണ്ട്. ഗോപാലന്‍ ജാതിയില്‍ താഴ്ന്നതാണെന്ന് കുട്ടികൃഷ്‌ണന്‍ ചില അടുത്ത സുഹൃത്തക്കളോട് പറഞ്ഞതായി ഉന്നതവൃത്തത്തെ ഉദ്ധരിച്ച് ഒരു ദീര്‍ഘചതുരം നമ്മളെ അറിയിച്ചു. ഗോപാലന്‍ അടുത്തു വരുമ്പോള്‍ ഒരു വൃത്തികെട്ട ചൂരുണ്ടെന്ന് കുട്ടികൃഷ്‌ണന്‍ കളിയാക്കാറുണ്ട്. കുട്ടികൃഷ്‌ണനെയും ഗോപാലനെയും ഒന്നിച്ച് എഴുന്നുള്ളിക്കാറില്ല. എന്നാല്‍ പുതിയ ഉത്സവകമ്മറ്റിക്കാര്‍ക്ക് ഇത് അറിയില്ലായിരുന്നു. അതാണ് കുഴപ്പത്തിന് കാരണമായത്, ചാരി.'

ചാരി: ചാര, ഉത്സവകമ്മറ്റിക്കാരെ ബന്ധപ്പെട്ടോ..?'

ചാര: ഉത്സവകമ്മറ്റിക്കാരെ ബന്ധപ്പെടാന്‍ ശ്രമിച്ചു. അവര്‍ ഊണുകഴിക്കുകയാണ്. അതു കഴിഞ്ഞാല്‍ ബന്ധപ്പെടാം, ചാരി.

ചാരി: നന്ദി ശ്രീ. ചാര. ഇപ്പോള്‍ പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകന്‍ ശ്രീ. ഇളവേലില്‍ അരവിന്ദാക്ഷന്‍ നമ്മോടൊപ്പമുണ്ട്. ശ്രീ. ഇളവേലില്‍, ആനകള്‍ക്കിടയില്‍ ഇപ്പോഴും എന്താണ് അയിത്തം നിലനില്‍ക്കുന്നത്?. പ്രത്യേകിച്ച് കേരളത്തിലെപ്പോലെ ഒരു സംസ്ഥാനത്ത്..?'

ഇളവേലില്‍: കേരളത്തിലെ സാമൂഹ്യ നവോത്ഥാന പ്രസ്ഥാനത്തിന്റെ പ്രത്യേകത അത് ജനങ്ങള്‍ക്കിടയില്‍ മാത്രം ഒതുങ്ങിനിന്നു എന്നതാണ്. ആനകള്‍ക്കോ മറ്റ് ജന്തുക്കള്‍ക്കിടയിലേക്കോ അതിറങ്ങിച്ചെന്നില്ല. അതുകൊണ്ട് ആനകള്‍ പൊതുസമൂഹത്തില്‍ വല്ലാതെ ഒറ്റപ്പെട്ടുപോയി. ചുറ്റുമുള്ള സമൂഹം മാറിയതിനനുസരിച്ച് ആനകള്‍ മാറാതിരുന്നതിന്റെ പ്രശ്‌നം അതുനേരിടുന്നുണ്ടായിരുന്നു. പൊതുസമൂഹത്തെ നേരിടുമ്പോള്‍ ഈ അപകര്‍ഷതാബോധം ആനകളെ വേട്ടയാടുന്നുണ്ട്. ഈ അസ്വസ്ഥതയാണ് ഇടച്ചിലിനിടയാക്കുന്നത്.

ചാരി: ശ്രീ. ഇളവേലില്‍, എന്തുകൊണ്ടാണ് ആനകളില്‍ ഒരു നവോത്ഥാനപ്രസ്ഥാനം ഉണ്ടാകാതെ പോയത് ?

ഇളവേലില്‍: പത്തൊമ്പതാം നൂറ്റാണ്ടില്‍ ആനകള്‍ മുഖ്യധാരയില്‍ നിന്നും അകന്ന് നില്‍ക്കുകയായിരുന്നു.അവര്‍ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്നു. ക്രിസ്‌ത്യന്‍ മിഷണറിമാരും അവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നില്ല. അതുകൊണ്ട് നവോത്ഥാന ചിന്തകള്‍ ആനകളിലേക്ക് എത്തിയില്ല.

ചാരി: നന്ദി, ശ്രീ ഇളവേലില്‍. നമുക്ക് ചാരനിലേക്ക് തിരിച്ച് ചെല്ലാം. ശ്രീ, ചാര, ഇടയുമ്പോള്‍ കുട്ടികൃഷ്‌ണന്‍ എന്തുചെയ്യുകയായിരുന്നു?.

ചാര: ഇടയുമ്പോള്‍ കുട്ടികൃഷ്‌ണന്‍ ഇടയുക തന്നെയായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

ചാരി: എത്ര മണിയോടെയാണ് ഇടച്ചില്‍ തുടങ്ങിയത?.

ചാര: കൃത്യ സമയം അറിയാന്‍ കഴിഞ്ഞിട്ടില്ല. രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയില്‍ ആരും സമയം നോക്കിയില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.

ചാരി: കുട്ടികൃഷ്‌ണന്‍ ഇടയുന്നതിന്റെ വിവിധ ദൃശ്യങ്ങളാണ് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇത് ഞങ്ങള്‍ക്ക് മാത്രമുള്ള ദൃശ്യങ്ങളാണ്. ഇടഞ്ഞത് എങ്ങനെയാണെന്ന് ചുരുക്കി വിവരിക്കാമോ, ചാര?

ചാര: ഭഗവതിയുടെ തിടമ്പേറ്റി നിന്ന കുട്ടികൃഷ്‌ണന്‍ പെട്ടെന്ന് തിടമ്പ് കുടഞ്ഞെറിഞ്ഞ് അടുത്തുനിന്ന ഗോപാലനെ കുത്തുകയായിരുന്നു. പിന്നീട് ഒന്നാം പാപ്പാനെ തുമ്പിക്കയ്യിലെടുത്ത് ' ഓമനത്തിങ്കള്‍ കിടാവോ...നല്ല കോമളത്താമരപ്പൂവോ..എന്ന് പാടി എറിയുകയായിരുന്നു. ഏതാണ്ട് നാലുകിലോമീറ്റര്‍ പറന്ന് പാപ്പാന്‍ ഒരു കുളത്തില്‍ചെന്ന് വീഴുകയായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

ചാരി: എങ്ങനെയാണ് അത് ?. വീണ് കുളമാവുകയായിരുന്നോ?, കുളമായി വീഴുകയായിരുന്നോ?.

ചാര: അതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.

ചാരി: ശ്രീ ഒന്നാം പാപ്പാന്‍ ഇപ്പോള്‍ നമ്മോടൊപ്പം കുളത്തിലുണ്ട്. ശ്രീ. ഒന്നാം പാപ്പാന്‍ സുഖമാണോ?

ഒന്നാം പാപ്പാന്‍: സുഖമാണ്.

ചാരി: ശ്രീ, ഒന്നാം പാപ്പാന്‍..കേള്‍ക്കാമോ..?.

ഒന്നാം പാപ്പാന്‍: പറഞ്ഞാല്‍ കേള്‍ക്കാം.

ചാരി: ശ്രീ ഒന്നാം പാപ്പാന്‍, എങ്ങനെയാണ് വീണത്..?

ഒന്നാം പാപ്പാന്‍: തലകുത്തിയാണ് വീണത്.

ചാരി: അപ്പോള്‍ കാല് മുകളിലായിരുന്നോ..?

ഒന്നാം പാപ്പാന്‍: അല്ല. സൈഡിലായിരുന്നു.

ചാരി: വീഴുമ്പോള്‍ ഉണ്ടായ അനുഭവം ഒന്ന് വിവരിക്കാമോ..?

ബ്ളും...ബ്ളും...എന്ന ശബ്ദം മാത്രം.

ചാരി: ഒന്നാം പാപ്പാന്‍ മുങ്ങിപ്പോവുകയാണെന്ന് തോന്നുന്നു. പൊങ്ങിവരുമ്പോള്‍ തിരിച്ചുവരാം. ശ്രീ ചാര, ഒന്നാം പാപ്പാനെ എറിഞ്ഞ ശേഷം കുട്ടികൃഷ്‌ണന്‍ എന്താണ് ചെയ്തത്..?

ചാര: ഒന്നാം പാപ്പാനെ എറിഞ്ഞശേഷം കുട്ടികൃഷ്‌ണന്‍ രണ്ടാം പാപ്പാനെ പിന്‍കാലുകൊണ്ട് തൊഴിക്കാന്‍ ശ്രമിക്കുകയായരുന്നു. എന്നാല്‍ രണ്ടാം പാപ്പാന്‍ നന്നായി മദ്യപിച്ചിരുന്നതിനാല്‍ കുട്ടികൃഷ്‌ണന്‍ ഉദ്ദേശിച്ച സ്ഥലത്ത് രണ്ടാം പാപ്പാനെ കിട്ടിയില്ല. അതോടെ കുട്ടികൃഷ്‌ണന്‍ കൂടുതല്‍ കുപിതനാവുകയാണ് ഉണ്ടായത്, ചാരി.

ചാരി: ഇപ്പോള്‍ ചാക്കാടും പാറ പഞ്ചായത്തിലെ മദ്യ നിരോധന സമിതി പ്രസിഡന്റ് പ്രൊഫ. അഴുതമ്പാറ സദാശിവന്‍ നമ്മോടൊപ്പമുണ്ട്. ശ്രീ. അഴുതമ്പാറ എന്താണ് അങ്ങേക്ക് പറയാനുള്ളത്. മദ്യം മനുഷ്യനെ നശിപ്പിക്കും എന്ന് പറയുമ്പോള്‍ തന്നെ ഇവിടെ മദ്യം രക്ഷകനായി മാറിയ സംഭവമാണ് നമ്മള്‍ കാണുന്നത്. എന്ത് തോന്നുന്നു?

അഴുതമ്പാറ: അങ്ങനെ പറയാനാവില്ല. മദ്യപാനിയായ പാപ്പാന്‍ പരിശീലിപ്പിച്ചതുകൊണ്ടാണ് കുട്ടികൃഷ്‌ണന്‍ അങ്ങനെയായത്. മദ്യപാനിയായ ഒരാള്‍ക്ക് എത്രയായാലും ശിഷ്യന്മാര്‍ക്ക് മാതൃകയാകാനാകില്ല. ഇവിടെയും അതുതന്നെയാണ് സംഭവിച്ചത്. ഗുരുവിന്റെ ചില വിശേഷഗുണങ്ങള്‍ ശിഷ്യന്മാരും അനുകരിക്കുക സ്വാഭാവികം. നല്ല സാമൂഹ്യബോധമുള്ള ഒരധ്യാപകന്റെ പരിശീനത്തിലായിരുന്നു കുട്ടികൃഷ്‌ണനെങ്കില്‍ ഒരിക്കലും വഴിതെറ്റിപ്പോകുമായിരുന്നില്ല.മാത്രമല്ല, സമൂഹത്തിനാകെ മാതൃകയാക്കാവുന്ന ഉത്തമപൌരനായി മാറുകയും ചെയ്യുമായിരുന്നു.

ചാരി: ശ്രീ. അഴുതമ്പാറ, ആന എങ്ങനെയാണ് ഒരു ഉത്തമ പൌരനായി മാറുന്നത്?

അഴുതമ്പാറ: നമ്മുടെ ഉത്തമപൌര സങ്കല്‍പത്തിലേക്കാണ് ഈ ചോദ്യം എന്നെ നയിക്കുന്നത്. എങ്ങനെയാണ് ഒരു ഉത്തമപൌരന്‍ ഉണ്ടാവുന്നത്?. രാവിലെ എഴുന്നേല്‍ക്കുക, കുളിച്ച് വൃത്തിയാവുക, തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക, മദ്യപാനം, പുകവലി, ചായകുടി എന്നിവ പൂര്‍ണമായും ഒഴിവാക്കുക. കഴിയുന്നത്ര അലക്കിത്തേച്ച വസ്ത്രം ധരിക്കുക. ഇങ്ങനെ പരിശീലിച്ചാല്‍ ആനക്ക് മാത്രമല്ല, ഏത് കാട്ടുപോത്തിനും ഉത്തമ പൌരനാകാം.

ചാരി: നന്ദി, ശ്രീ അഴുതമ്പാറ. ചാര, ഇപ്പോള്‍ എന്താണ് അവിടെ നടക്കുന്നത്?. കുട്ടികൃഷ്‌ണന്‍ എന്തുചെയ്യുന്നു?.

ചാര: ക്ഷേത്രമുറ്റത്തെത്തിയ കുട്ടികൃഷ്‌ണന്‍ ശ്രീകോവിലിന് മുന്നിലെത്തി ഭഗവതിയെ തൊഴുതശേഷം അടുത്ത പറമ്പിലേക്കാണ് ഓടിക്കയറിയത്. അവിടെയുള്ള രണ്ട് തെങ്ങുകള്‍ പിഴുതെടുത്തു. മൂന്നാമത്തെ തെങ്ങ് കുത്തിമറിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ കുട്ടികൃഷ്‌ണന്‍, ചാരി.

ചാരി: ഇപ്പോള്‍ കാര്‍ഷിക സര്‍വകലാശാലയിലെ പ്രൊഫസര്‍ പള്ളിച്ചല്‍ പത്മനാഭന്‍ നമ്മോടൊപ്പമുണ്ട്. ശ്രീ. പത്മനാഭന്‍, ആനകള്‍ ഇടയുമ്പോള്‍ തെങ്ങുകളോടാണ് സാധാരണ പരാക്രമം കാണിക്കുന്നത് എന്തുകൊണ്ടാണ് ഇത്?.

പത്മനാഭന്‍: ഭാരതം പ്രധാനമായും കാര്‍ഷികരാജ്യമാണ്. കേരളമാകട്ടെ കേരങ്ങളുടെ നാടുമാണ്. എന്നാല്‍ കേരളത്തിലെ പ്രധാന മൃഗമായ ആനക്ക് കൃഷിയില്‍ ഒരു റോളുമില്ല എന്ന ഒരു വിരോധാഭാസവുമുണ്ട്. ദൈനംദിന ജീവിതത്തില്‍ നമ്മോടൊപ്പമുള്ള എല്ലാ മൃഗങ്ങള്‍ക്കും രാജ്യത്തിന്റെ ഉല്‍പ്പാദന മേഖലയില്‍ ചെറുതായെങ്കിലും ഒരു പങ്കുണ്ട്. പൂച്ചകള്‍ക്കു പോലുമുണ്ട് സൃഷ്‌ടിപരമായ ഒരു ചെറിയ റോള്‍. എന്നാല്‍ ആനകളാകട്ടെ ഇപ്പോഴും ഒരു കാഴ്‌ചവസ്‌തു മാത്രമാണ്. ചെയ്യുന്ന ജോലിയാകട്ടെ പരിസ്ഥിതിക്ക് ഭംഗം വരുത്തുന്നതും. കാട്ടില്‍ വെട്ടിയിടുന്ന മരങ്ങള്‍ വലിക്കലാണല്ലൊ അവര്‍ ചെയ്യുന്നത്.

തന്റെ വിഭവശേഷി ഉപയോഗിക്കാത്തതില്‍ ആനകള്‍ക്ക് സ്വാഭാവികമായും പകയുണ്ട്. അത്തരം പകകളാണ് ഇത്തരം സന്ദര്‍ഭത്തില്‍ പുറത്തു വരുന്നത്.

ചാരി: എന്നാല്‍ തെങ്ങിനോട് മാത്രം എന്താണ് പ്രത്യേകിച്ച് വൈരാഗ്യം?.

പത്മനാഭന്‍: ശക്തനായ പ്രതിയോഗിയെ കീഴ്പ്പെടുത്താനാവും ആര്‍ക്കും ഇഷ്ടം. പ്രബലനായ എതിരാളിയെ തന്നെയായിരിക്കും ആനയ്‌ക്കും താല്‍പര്യം. അതുകൊണ്ടാണ് ഉയരത്തിലെങ്കിലും തനിക്കൊപ്പം നില്‍ക്കുന്ന തെങ്ങിന് നേരെ ആന തിരിയുന്നത്. അല്ലാതെ ഇടഞ്ഞ ആന രണ്ട് ചെമ്പരത്തിക്കൊമ്പൊടിച്ചു, നാല് കുറുന്തോട്ടി പറിച്ചു എന്നൊക്കെ കേട്ടാല്‍ ആര്‍ക്കാ ഗൌരവം തോന്നുക?. ചിരിയല്ലേ വരൂ.

ചാരി: നന്ദി ശ്രീ പ്രൊഫസര്‍ പള്ളിച്ചല്‍ പത്മനാഭന്‍. നമുക്ക് ഇടഞ്ഞ ആനയിലേക്ക് പോകാം. ചാര, എന്താണ് ഇപ്പോള്‍ അവിടെ നടക്കുന്നത്?.

ചാര: ഇടഞ്ഞ ആന ഇപ്പോള്‍ ശാന്തനായി കാണപ്പെടുന്നു. ഉത്സവ കമ്മറ്റിക്കാര്‍ കൊടുത്ത ഒരു ഗ്ലാസ് നാരങ്ങനീര് കുട്ടികൃഷ്‌ണന്‍ കുടിച്ചു. ഒരു തെങ്ങില്‍ ചാരി നില്‍ക്കുകയാണ് ഇപ്പോള്‍ കുട്ടികൃഷ്‌ണന്‍. ആളുകള്‍ തിരിച്ചുവരുന്ന കാഴചയാണ് കാണുന്നത്. ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാവുകയാണ്.

ചാരി: എന്താണ് കുട്ടികൃഷ്‌ണന്‍ ഇടയാനുള്ള കാരണം?.

ചാര: അത് ഇപ്പോഴും വ്യക്തമായിട്ടില്ല. രാത്രി എട്ടു മണിയോടെ കുട്ടികൃഷ്‌ണന്‍ വാര്‍ത്താലേഖകരെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ അപ്പോള്‍ ലഭ്യമാകും എന്നാണ് പ്രതീക്ഷ.

*****

എം എം പൌലോസ്

ആഗോളവല്‍ക്കരണത്തിന്റെ അടിത്തറ ഇളകുന്നു

അമേരിക്കന്‍ ഐക്യനാടുകളെ ആഴത്തിലും വ്യാപകമായും ബാധിച്ച സാമ്പത്തികക്കുഴപ്പം കരകാണാന്‍ കഴിയാത്തവിധം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. താല്‍ക്കാലികമായ പരിഹാരമാര്‍ഗങ്ങള്‍ പുതിയ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ് കാണുന്നത്. പുതിയ പ്രസിഡന്റ് ബറാക്ക് ഒബാമ 78,700 കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചതുകൊണ്ടുമാത്രം ഗുരുതരമായ പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ കഴിയുകയില്ലെന്ന് വ്യക്തമായി കഴിഞ്ഞു.

ഒബാമയുടെ പാക്കേജിന് അനുകൂലമായി സെനറ്റില്‍ 60 പേര്‍ വോട്ടുചെയ്തപ്പോള്‍ 30 പേര്‍ എതിരായും വോട്ടുചെയ്തു. ജനപ്രതിനിധിസഭയില്‍ 246 പേര്‍ അനുകൂലമായും 183 പേര്‍ പ്രതികൂലമായും വോട്ടുരേഖപ്പെടുത്തി. ഒബാമയ്ക്ക് സംതൃപ്തിക്ക് വക നല്‍കുന്നതാണ് ലഭിച്ച നല്ല ഭൂരിപക്ഷം. ഫെബ്രുവരി 16നുമുമ്പ് വാഗ്ദാനം നടപ്പാക്കാന്‍ സാധിച്ചതില്‍ സന്തോഷിക്കുകയും ആകാം.

പുതിയ പാക്കേജുവഴി 35 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. തൊഴിലില്ലാത്തവര്‍ക്ക് സഹായധനം നല്‍കാനും ആരോഗ്യസുരക്ഷാ പരിപാടികള്‍ നടപ്പാക്കാനും നഗരവികസനം, വീട് നഷ്‌ടപ്പെട്ടവര്‍ക്ക് തിരിച്ചുനല്‍കാനുള്ള നടപടികള്‍ തുടങ്ങിയ ആശ്വാസ നടപടികളൊക്കെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ശ്രദ്ധേയമായ ഒരു കാര്യം ഒബാമയുടെ ചില നടപടികള്‍ പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ വഴിയൊരുക്കുമെന്നുള്ളതാണ്.

ഒബാമയുടെ പാക്കേജ് ബില്ലില്‍ അമേരിക്കക്കാര്‍ അമേരിക്കന്‍ നിര്‍മിത വസ്തുക്കള്‍ തന്നെ വാങ്ങണമെന്നു പറയുന്ന ഒരു വകുപ്പ് ഉള്‍പ്പെടുത്തിയത് പുതിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ജി 7-രാഷ്‌ട്രങ്ങളുടെ പ്രതികരണം പുറത്തുവന്നുകഴിഞ്ഞു. അമേരിക്കക്കാര്‍ അമേരിക്കന്‍ നിര്‍മിത വസ്തുക്കള്‍ തന്നെ വാങ്ങണമെന്ന് നിര്‍ബന്ധിക്കുന്നതോടൊപ്പം ഇറക്കുമതി നിയന്ത്രണവും സ്വാഭാവികമായി നിലവില്‍വരും. അതോടെ തുറന്ന വ്യാപാരയുദ്ധം അനിവാര്യമായി വരും. അതാണ് യൂറോപ്യന്‍ രാഷ്‌ട്രങ്ങള്‍ ഭയപ്പെടുന്നത്.

അതത് രാജ്യത്ത് നിര്‍മിക്കുന്ന ചരക്കുകള്‍ക്ക് സംരക്ഷണം നല്‍കുന്ന നടപടി പഴയതിലേക്കുള്ള തിരിച്ചുപോക്കാണ്. സാമ്പത്തിക ദേശീയത പുതിയ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുമെന്നതില്‍ സംശയം വേണ്ട. ദേശീയ രാഷ്‌ട്രങ്ങള്‍ ഇറക്കുമതിക്ക് കനത്ത ചുങ്കംചുമത്തിയും കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയുമാണ് സ്വന്തം ഉല്‍പ്പന്നങ്ങള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തിയത്. വികസിത മുതലാളിത്തരാജ്യങ്ങള്‍ക്ക് ഇതുമൂലം കമ്പോളം തുറന്നുകിട്ടുന്നതിന് തടസ്സമായി. ഈ നില അവസാനിപ്പിക്കാനാണ് ആഗോളവല്‍ക്കരണ നയം നടപ്പാക്കിയത്. സാമ്രാജ്യത്വ സാമ്പത്തികനയം ലോകത്തിനുമേല്‍ അടിച്ചേല്‍പ്പിച്ചു. ഇറക്കുമതിച്ചുങ്കം വെട്ടിക്കുറച്ചു. രാജ്യത്തിന്റെ അതിര്‍ത്തികളില്ലാതെ വികസിത മുതലാളിത്ത രാജ്യങ്ങളുടെ ചരക്കും ധനമൂലധനവും യഥേഷ്‌ടം ഏതുകോണിലും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം കൈവന്നു. ഇന്ത്യ ഇറക്കുമതിച്ചുങ്കം വന്‍തോതില്‍ വെട്ടിക്കുറയ്‌ക്കാന്‍ നിര്‍ബന്ധിതമായി. ഇറക്കുമതിക്ക് അളവുപരമായ നിയന്ത്രണം ഉപേക്ഷിക്കേണ്ടിവന്നു. കയറ്റുമതിക്ക് സബ്‌സിഡി നല്‍കരുതെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു. അതോടൊപ്പംതന്നെ വികസിത മുതലാളിത്ത രാജ്യങ്ങള്‍ ഇറക്കുമതി നിയന്ത്രിക്കുന്നതും കയറ്റുമതിക്ക് സബ്‌സിഡി നല്‍കുന്നതും തുടരുകയാണ് ഉണ്ടായത്.

ഒന്നരപ്പതിറ്റാണ്ടിലധികമായി മൂന്നാം ലോകരാഷ്‌ട്രങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച ആഗോളവല്‍ക്കരണനയം സ്വയം ഉപേക്ഷിക്കുകയും അമേരിക്കല്‍ ഉല്‍പ്പന്നങ്ങള്‍ അമേരിക്കക്കാര്‍ വാങ്ങണമെന്ന പഴയ നിലപാടിലേക്ക് അമേരിക്ക തിരിച്ചുപോകാന്‍ തയ്യാറെടുക്കുന്നതും മന്‍മോഹന്‍സിങ് അടക്കമുള്ളവര്‍ കണ്ണുതുറന്നു കാണേണ്ടതാണ്.

വിപണി സമ്പദ്‌വ്യവസ്ഥയില്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പാടില്ലെന്ന നയവും പരാജയമാണെന്ന് ഫലത്തില്‍ സമ്മതിച്ചുകഴിഞ്ഞു. നികുതിദായകരുടെ പണമാണ് തകര്‍ന്ന ധനസ്ഥാപനങ്ങളും വ്യവസായങ്ങളും താങ്ങി നിര്‍ത്താന്‍ ഉപയോഗപ്പെടുത്തുന്നത്. സാമ്പത്തിക തകര്‍ച്ചകൊണ്ട് ദുരിതമനുഭവിക്കുന്ന കോടാനുകോടി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതല്ല ഈ നടപടി. അതുകൊണ്ടു തന്നെ തൊഴിലെടുത്ത് ജീവിക്കുന്നവരും തൊഴില്‍ നഷ്‌ടപ്പെട്ടവരും കടുത്ത അസംതൃപ്‌തിയിലാണ്. സാമ്പത്തിക പ്രതിസന്ധി മൂര്‍ഛിക്കുകയും തൊഴില്‍നഷ്ടം രൂക്ഷമാകുകയും ചെയ്‌തതോടെ ജനങ്ങള്‍ ഭാവിയെപ്പറ്റിയുള്ള ഉല്‍ക്കണ്ഠയിലാണ്. തൊഴിലാളികള്‍ പ്രത്യക്ഷസമരത്തിലേക്ക് എടുത്തുചാടാന്‍ തുടങ്ങിയിരിക്കുന്നു.

ബാങ്കുകളും വ്യവസായ സ്ഥാപനങ്ങളും രക്ഷിക്കാനായി സഹായപദ്ധതി പ്രഖ്യാപിക്കുമ്പോള്‍ സാധാരണ ജനങ്ങളെപ്പറ്റിയുള്ള വേവലാതിയും വലതുപക്ഷ ഭരണാധികാരികളില്‍ കാണാനില്ലെന്നതാണ് ജനങ്ങളെ നിരാശയിലാഴ്ത്തുന്നത്. ചെറിയ രാജ്യമായ ഐസ്‌ലാന്‍ഡിന്റെ അനുഭവം ഒരുദാഹരണം മാത്രമാണ്. ജനങ്ങളില്‍ നിന്നുള്ള കടുത്ത സമ്മര്‍ദംമൂലം ഐസ്‌ലാന്‍ഡില്‍ വലതുപക്ഷ സര്‍ക്കാര്‍ അധികാരമൊഴിയേണ്ടിവന്നു. ഗ്രീസില്‍ മൂന്നുമാസത്തിനകം ഭരണസ്‌തംഭനം വരുത്തിയ രണ്ട് പൊതുപണിമുടക്കാണ് നടന്നത്. ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങുന്നതാണ് കണ്ടത്. ഫ്രാന്‍സില്‍ പൊതുപണിമുടക്ക് കാരണം ഭരണം നിശ്ചലമാകുന്ന നിലയുണ്ടായി. ബ്രിട്ടനില്‍ തൊഴിലാളികള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന അസംതൃപ്തിയില്‍നിന്നു മുതലെടുക്കാന്‍ ശ്രമിച്ചത് സങ്കുചിത ദേശീയവാദികളും വംശവിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുന്നവരുമാണ്. ബ്രിട്ടനിലെ തൊഴില്‍ ബ്രിട്ടീഷുകാര്‍ക്കുമാത്രമായി നല്‍കണമെന്നും വിദേശീയരെ തിരിച്ചയക്കണമെന്നുമുള്ള ആവശ്യം ഉയര്‍ന്നുവന്നു. ബ്രിട്ടനില്‍ എണ്ണ ശുദ്ധീകരണശാലയില്‍ ഇറ്റലിയില്‍നിന്ന് തൊഴിലാളികളെ കൊണ്ടുവന്നതിനെതിരെ രോഷപ്രകടനം നടന്നു.

വലതുപക്ഷ നയം നടപ്പാക്കുന്ന സര്‍ക്കാരുകള്‍ക്കെതിരെയാണ് ജനരോഷം നുരച്ചുപൊങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധിക്ക് സംരക്ഷണനിയമം (പ്രെട്ടക്ഷനിസം) പരിഹാരമല്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. 2200 ഇലൿട്രോണിക്സ് കമ്പനികള്‍ പ്രതിനിധാനംചെയ്യുന്ന കൺസ്യൂമര്‍ ഇലൿട്രോണിക്സ് അസോസിയേഷന്‍ പ്രസിഡന്റ് ഗോറി ഷാസ്‌പിറോ പറയുന്നത് ഒബാമയുടെ സംരക്ഷണനയവും സാമ്പത്തിക ദേശീയതയും കടുത്ത വ്യാപാരയുദ്ധത്തിനും തിരിച്ചടിക്കും ഇടയാക്കുമെന്നാണ്.

മഹാനായ കാറല്‍ മാർൿസ് പറഞ്ഞത് ഇവിടെ പ്രസക്തമാണ്. മുതലാളിത്തം സാമ്പത്തിക കുഴപ്പത്തില്‍നിന്ന് കരകയറാന്‍ കണ്ടെത്തുന്ന താല്‍ക്കാലിക പരിഹാരമാര്‍ഗങ്ങള്‍ അതിലും വലിയ കുഴപ്പങ്ങള്‍ക്ക് വഴിവയ്‌ക്കുമെന്നാണ് ; കുഴപ്പത്തില്‍ നിന്ന് ശാശ്വതമായി കരകയറാന്‍ മുതലാളിത്ത സമ്പദ്ഘടനയ്‌ക്കാകില്ല. അത് അക്ഷരംപ്രതി ശരിയാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു. ഇവിടെയാണ് മാർൿസിസം പ്രസക്തമാകുന്നത്.

മാർൿസിസ്‌റ്റ് വിരുദ്ധജ്വരം ബാധിച്ചവര്‍ ഓര്‍ക്കുക, വിശ്വചരിത്ര അവലോകനത്തില്‍ ജവാഹര്‍ലാല്‍ നെഹ്റു മകള്‍ ഇന്ദിരയ്‌ക്ക് ഉപദേശം നല്‍കി. 'മകളേ നീ മാർൿസിസം പഠിക്കണം. അത് എന്നെങ്കിലും നിനക്ക് പ്രയോജനപ്പെടും'. പഠിച്ചില്ലെങ്കിലും മാർൿസിസം കാലഹരണപ്പെട്ടെന്ന പഴയ പല്ലവി ആവര്‍ത്തിക്കാതിരുന്നാല്‍ കൊള്ളാം.

****

കടപ്പാട് : ദേശാഭിമാനി

മാന്ദ്യവിരുദ്ധ ബജറ്റുകള്‍ക്ക് ഒരു കേരള മാതൃക

ലോകത്തെ കീഴടക്കിക്കൊണ്ടിരിക്കുന്ന മഹാസാമ്പത്തിക മാന്ദ്യത്തിന്റെ ഗൌരവം ഉള്‍ക്കൊണ്ടുകൊണ്ട് ഏതാണ്ടെല്ലാ രാഷ്‌ട്രങ്ങളും മാന്ദ്യവിരുദ്ധ പാക്കേജുകളും ബജറ്റുകളും തയാറാക്കാനും നടപ്പാക്കാനും ശ്രമിക്കുകയാണ്. അമേരിക്കയില്‍ സ്ഥാനമൊഴിഞ്ഞ ബുഷ് ഭരണകൂടവും പുതുതായി അധികാരത്തിലെത്തിയ ഒബാമ ഗവണ്‍മെന്റും മാന്ദ്യവിരുദ്ധ - ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിക്കുകയുണ്ടായി. അമേരിക്കന്‍ വന്‍കരയില്‍ മാത്രമല്ല ലോകത്തിന്റെ എല്ലാ കോണുകളിലും സാമ്പത്തിക തകര്‍ച്ചയെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടക്കുകയാണ്.

അഭിമാനപൂര്‍വം പറയാം, കേരളവും അവസരത്തിനൊത്ത് ഉയര്‍ന്നിരിക്കുന്നു. മാന്ദ്യത്തിന്റെ വരവും അത് കേരളത്തിനുമേല്‍ സൃഷ്‌ടിക്കാനിടയുള്ള ആഘാതവും മുന്‍കൂട്ടി കാണാന്‍ നമുക്ക് കഴിഞ്ഞു. അതുകൊണ്ടുതന്നെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന ഒരു മാന്ദ്യവിരുദ്ധ ബജറ്റ് അവതരിപ്പിക്കാനും കേരളത്തിന് കഴിഞ്ഞിരിക്കുന്നു. 2009 -10 ലേക്കുള്ള സംസ്ഥാന ബജറ്റ് ഒരു മാതൃകാ മാന്ദ്യവിരുദ്ധ ബജറ്റാണ്.

പുതിയ സംസ്ഥാന ബജറ്റ് മാന്ദ്യവിരുദ്ധ ബജറ്റുകള്‍ക്ക് മാതൃകയാണെന്ന് പറയുന്നതിന്റെ കാരണം അതിന്റെ സവിശേഷമായ ഇടതുപക്ഷ സ്വഭാവമാണ്. കമ്പോള മൌലികവാദത്തെ ഉപേക്ഷിച്ച് ഭരണകൂടത്തിന്റെ ഇടപെടലുകള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്ന സമീപനം ഏതാണ്ട് എല്ലാ ദിക്കിലും ഇപ്പോള്‍ കാണാനാവുന്നുണ്ട്. നികുതി ദായകരുടെ പണം ഉപയോഗപ്പെടുത്തിക്കൊണ്ടും പൊതുകടം വര്‍ധിപ്പിച്ചുകൊണ്ടും മാന്ദ്യത്തിന്റെ പിടിയില്‍പെടുന്ന സാമ്പത്തിക തുറകളെ രക്ഷിക്കണം എന്ന ജനവിധിയാണ് എവിടെയും ഉയര്‍ന്നുകേള്‍ക്കുന്നത്.

എന്നാല്‍, വിവിധ സര്‍ക്കാറുകള്‍ പ്രഖ്യാപിക്കുന്ന ഉത്തേജക പാക്കേജുകളുടെ ഉള്ളടക്കം പരിശോധിക്കുമ്പോഴാണ് അവയുടെ വര്‍ഗതാല്‍പര്യങ്ങള്‍ വ്യക്തമാവുക. ആരുടെയെല്ലാം ദുഷ്‌ചെയ്‌തികളാണോ മഹാമാന്ദ്യത്തിന് കാരണമായത് അവരെയെല്ലാം രക്ഷിക്കുന്നതിനാണ് പല പാക്കേജുകളിലും മുന്‍ഗണന. ഊഹക്കച്ചവട മൂലധനവും സംശയാസ്‌പദമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് കൈപൊള്ളിയ ധനകാര്യ സ്ഥാപനങ്ങളും മറ്റുമാണ് സര്‍ക്കാറിന്റെ സഹായം അപഹരിക്കുന്നത്. വലിയ മൂലധന ശക്തികളാണ് നികുതികള്‍ വെട്ടിക്കുറക്കുന്നതിന്റെയും പുതിയ സബ്‌സിഡികളുടെയും ഗുണഭോക്താക്കളായി മാറുന്നത്.

മഹാമാന്ദ്യം പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് അനുഭവപ്പെട്ട ഉയര്‍ന്ന വളര്‍ച്ച നിരക്കുകളുടെ നേട്ടം കിട്ടാത്തവരും നഷ്‌ടം മാത്രം സഹിക്കേണ്ടി വന്നവരും ഇപ്പോള്‍ കൂടുതല്‍ ദുരിതങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്നവരും ഒഴിവാക്കപ്പെടുന്നു എന്ന പരാതി വ്യാപകമാണ്. ഇന്ത്യാ ഗവണ്‍മെന്റ് പ്രഖ്യാപിച്ച ആദ്യ രണ്ട് ഉത്തേജക പാക്കേജുകള്‍ക്കും ഈ പോരായ്‌മ ഉണ്ടായിരുന്നു. കൃഷിക്കാരെയും തൊഴിലാളികളെയും ഗ്രാമീണരെയും ചെറുകിട ഉല്‍പാദകരെയും ചെറുകിട കച്ചവടക്കാരെയും അവഗണിക്കുന്ന ഉത്തേജക പാക്കേജുകള്‍ക്കെതിരെ പല രാജ്യങ്ങളിലും പ്രതിഷേധം ഉയരുന്നുണ്ട്. വരേണ്യരെ തുടര്‍ന്നും ഏകപക്ഷീയമായി സഹായിക്കുന്ന ഉത്തേജക പാക്കേജുകള്‍ വിജയിക്കാന്‍ പോകുന്നില്ല. മൂലധനം കുന്നുകൂട്ടാനും ഉല്‍പാദനവും പ്രദാനവും വര്‍ധിപ്പിക്കാനുമല്ല ഈ മാന്ദ്യകാലത്ത് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഒന്നാമത്തെ പരിഗണന ലഭിക്കേണ്ടത് ബഹുജന സാമാന്യത്തിന്റെ വരുമാനവും ഉപഭോഗവും ഡിമാന്റും വര്‍ധിപ്പിക്കുന്നതിനാണ്. മഹാഭൂരിപക്ഷം വരുന്ന സാധാരണ മനുഷ്യന്റെ ചോദനം വര്‍ധിപ്പിക്കുന്നതിലൂടെ മാത്രമേ ആത്യന്തികമായി മൂലധന ഉടമകളെയും വന്‍കിടക്കാരെപ്പോലും ഇന്നത്തെ മാന്ദ്യത്തില്‍ നിന്ന് കരകയറ്റാനാകൂ.

മാന്ദ്യവിരുദ്ധ നടപടികളില്‍ നിന്നും മാറ്റി നിര്‍ത്താനാവാത്ത ഈ ഇടതുപക്ഷ സമീപനത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്. ഇക്കാര്യത്തില്‍ പക്ഷേ, അദ്ദേഹത്തിന് കേരളത്തിന്റെ മഹത്തായ പാരമ്പര്യം വലിയ സഹായമായി. സാമൂഹികക്ഷേമ സുരക്ഷാ പരിപാടികളുടെയും സ്വത്തിന്റെയും വരുമാനത്തിന്റെയും ന്യായമായ വിതരണത്തിന്റെയും ഒരു പാരമ്പര്യം കേരളത്തിനുണ്ട്.

മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക നീതിയുടെ ഈ പാരമ്പര്യത്തെ കൂടുതല്‍ പരപ്പും ആഴവും ഉള്ളതാക്കാന്‍ ധനമന്ത്രിക്ക് കഴിഞ്ഞിരിക്കുന്നു. രണ്ടു രൂപക്ക് അരി, ക്ഷേമ പെന്‍ഷനുകളിലെ വര്‍ധന, ക്ഷേമപെന്‍ഷനുകളുടെ വ്യാപനം, ക്ഷേമബോര്‍ഡുകളുടെ ഏകോപനത്തിനുള്ള നിര്‍ദേശം, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, വിവിധങ്ങളായ ഭവന നിര്‍മാണ പരിപാടികള്‍, കയര്‍, കശുവണ്ടി, നെയ്ത്ത്, ബീഡി, ചെറുകിട വ്യവസായങ്ങള്‍ തുടങ്ങിയവക്ക് നല്‍കിയ വലിയ ആനുകൂല്യങ്ങള്‍ തുടങ്ങിയവയെല്ലാം ഇത്തരമൊരു രാഷ്‌ട്രീയത്തെയാണ് മുറുകെ പിടിക്കുന്നത്. നെല്ല്, പച്ചക്കറി, പാല്‍, മുട്ട, മല്‍സ്യബന്ധനം തുടങ്ങി ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട മേഖലകള്‍ക്ക് നീക്കിവെച്ചിരിക്കുന്ന വിഹിതത്തിലുണ്ടായ വലിയ വര്‍ധനയും വ്യക്തമായ രാഷ്‌ട്രീയ സന്ദേശം നല്‍കുന്നുണ്ട്.

സാമൂഹിക നീതിക്കും പുനര്‍വിതരണത്തിനും നല്‍കുന്ന പ്രാധാന്യത്തോടൊപ്പം ഈ ബജറ്റിനെ ശ്രദ്ധേയമാക്കുന്ന മറ്റൊരു ഘടകം ഉല്‍പാദന വര്‍ധനക്ക് നല്‍കുന്ന വലിയ പ്രാധാന്യമാണ്. കേക്കിന്റെ വലുപ്പം വര്‍ധിച്ചെങ്കില്‍ മാത്രമേ വലിയ കഷണങ്ങള്‍ മുറിക്കാനാകൂ. മാന്ദ്യകാലത്ത് മൂലധന നിക്ഷേപം വര്‍ധിപ്പിച്ചാല്‍, വിശേഷിച്ചും പശ്ചാത്തല സൌകര്യങ്ങള്‍ വികസിപ്പിച്ചാല്‍ അത് ഭാവി വളര്‍ച്ചക്ക് ഊര്‍ജം പകരും. ഈ ആവശ്യത്തിന് വിഭവം കണ്ടെത്താന്‍ ധനക്കമ്മി വര്‍ധിപ്പിക്കുന്നതിനും അതിന് സമ്മതിക്കാതിരുന്നാല്‍ കേന്ദ്രത്തോട് കലഹിക്കാനും തയാറാണെന്നും ധനമന്ത്രി സൂചിപ്പിക്കുകയുണ്ടായി.

ഇക്കാര്യത്തില്‍ ധനകാര്യ ഉത്തരവാദിത്ത ബില്ലിന്റെ നുകം വലിച്ചെറിയാന്‍ സംസ്ഥാനം തയാറാവും എന്ന സൂചന സ്വാഗതാര്‍ഹമാണ്. ധനക്കമ്മി വര്‍ധിപ്പിച്ച് കൂടുതല്‍ വിഭവങ്ങള്‍ കണ്ടെത്തിയതു കൊണ്ടുമാത്രം ഇന്നത്തെ മാന്ദ്യത്തെ നേരിടാനുള്ള പണം സമാഹരിക്കാന്‍ കഴിയില്ല. സംസ്ഥാന ബജറ്റ് ഇക്കാര്യത്തില്‍ രണ്ടു ബദല്‍ വഴികളാണ് നിര്‍ദേശിക്കുന്നത്. ഒന്നാമത്തേത് വിവിധ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളെ കൂടുതല്‍ വായ്‌പഎടുക്കാന്‍ പ്രാപ്‌തമാക്കുകയാണ്. രണ്ടാമത്തെ മാര്‍ഗം സ്വകാര്യ മൂലധനത്തെ പ്രോല്‍സാഹിപ്പിക്കുകയാണ്. ബജറ്റ് വിഭാവനം ചെയ്യുന്നത്ര വിപുലമായ നിക്ഷേപ - നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെങ്കില്‍ പുതിയ വഴികളിലൂടെ നിക്ഷേപം ആകര്‍ഷിക്കേണ്ടി വരും. ചുരുക്കിപ്പറഞ്ഞാല്‍ സാമൂഹിക സുരക്ഷയുടെ വല വിപുലമാക്കുന്നതിനൊപ്പം സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പരമാവധി പ്രചോദിപ്പിക്കുന്നതിനുള്ള സമീപനമാണ് കേരളത്തിന്റെ പുതിയ ബജറ്റ് സ്വീകരിക്കുന്നത്.

*****

ഡോ.കെ. എന്‍. ഹരിലാല്‍, കടപ്പാട്: മാധ്യമം

Saturday, February 21, 2009

ആഗോള പ്രതിസന്ധിയും ഇന്ത്യയുടെ പ്രതികരണവും

മുതലാളിത്ത ലോകത്തെ ബാധിച്ച പ്രതിസന്ധിക്ക് വിശദീകരണം നല്‍കുന്നതിനായി ടണ്‍ കണക്കിന് വിശകലനങ്ങള്‍ നടന്നിട്ടുണ്ട്. മുതലാളിത്ത വ്യവസ്ഥയില്‍ വ്യവസ്ഥാപരമായി അന്തര്‍ലീനമായിട്ടുള്ള ചലനനിയമങ്ങളെ ആകെ തമസ്‌ക്കരിച്ചുകൊണ്ടാണത്. ഏതാനും ചിലരുടെ അത്യാര്‍ത്തി, ചില ധാര്‍മിക നിബന്ധനകളുടെ ലംഘനം, നോബല്‍ സമ്മാന ജേതാവായ പോള്‍ ക്രൂഗ്‌മാന്‍ പറഞ്ഞപോലെ 'ധാര്‍മികാധഃപതനം', സുതാര്യതയില്ലായ്മ, നിയന്ത്രണസംവിധാനങ്ങളുടെ ദൌര്‍ബല്യം, ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളുടെ പരാജയം എന്നിങ്ങനെ പോകുന്നു അവ.

"മൂലധന''ത്തില്‍ വ്യാവസായിക മുതലാളിത്ത രാഷ്‌ട്രങ്ങളുടെ ഉല്‍പത്തിയെക്കുറിച്ചുള്ള അധ്യായം അവസാനിപ്പിച്ചുകൊണ്ട് കാള്‍ മാര്‍ക്സ് ഇങ്ങനെ പറയുന്നുണ്ട്: "തലതൊട്ട് കാലടിവരെ, ഓരോ ദ്വാരങ്ങളില്‍നിന്നും ചോരയ്ക്കും ചെളിയ്ക്കുമൊപ്പം മൂലധനവും തുള്ളിതുള്ളിയായി കിനിഞ്ഞുവരുന്നു''. തന്റെ ഈ വാദം സമര്‍ത്ഥിക്കുന്നതിന് അദ്ദേഹം ഒരു ഉദ്ധരണി കൊടുക്കുന്നുണ്ട് - ടി ജെ ഡണ്ണിങ്ങ് എന്ന തൊഴിലാളിയും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനും ആയ ഒരാളുടെ ഉദ്ധരണി അടിക്കുറിപ്പായി കൊടുത്തുകൊണ്ടാണത്. "തക്കതായ ലാഭം ലഭിച്ചാല്‍ മൂലധനത്തിന് വളരെ ധൈര്യമായി; 10 ശതമാനം ലാഭം ലഭിക്കുകയാണെങ്കില്‍ അതെവിടെയും കടന്നുചെല്ലും എന്നുറപ്പാണ്; 20 ശതമാനം ലഭിച്ചാല്‍ അത് ആവേശഭരിതമായിത്തീരും; 50 ശതമാനമായാല്‍ ഔദ്ധത്യമായി; 100 ശതമാനം ലാഭം കിട്ടുമെങ്കില്‍ എല്ലാ മാനവിക നിയമങ്ങളെയും അത് ചവിട്ടിമെതിക്കും; 300 ശതമാനമാണ് ലാഭമെങ്കിലോ -അത് ചെയ്യാന്‍ മടിക്കാത്ത യാതൊരു കുറ്റകൃത്യവുമില്ല; ഏതു സാഹസത്തിലും അത് ചെന്നുചാടും; എന്തിനധികം, അതിന്റെ ഉടമയെപ്പോലും തൂക്കിലിടാന്‍ സാധ്യതയുണ്ട് ''. എന്തു ചെയ്‌തും പരമാവധി ലാഭമുണ്ടാക്കാനുള്ള ഈ ത്വരയാണ്, മുതലാളിത്ത വ്യവസ്ഥയിലെ അന്തര്‍ലീനമായ ഈ സ്വഭാവമാണ്, ഏതെങ്കിലും ചില വ്യക്തികളുടെ അത്യാര്‍ത്തിയല്ല, നിയന്ത്രക സംവിധാനങ്ങളുടെ പരാജയമല്ല, ഇന്നത്തെ പ്രതിസന്ധിയുടെ മൂലകാരണം.

വര്‍ധമാനമായ ഉല്‍പാദനക്ഷമതയിലേക്ക് ലാഭത്തെ വീണ്ടും തിരിച്ചുവിടുകയാണെങ്കില്‍, അതിന്റെ ഫലമായി ഉണ്ടാകുന്ന തൊഴില്‍ അവസരങ്ങള്‍മൂലം ജനങ്ങളുടെ വാങ്ങല്‍ക്കഴിവ് വര്‍ധിക്കും; മൊത്തം ചോദനം പിന്നെയും വര്‍ധിക്കുന്നതിലേക്കാണ് അത് നയിക്കുക; അതാകട്ടെ, യഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥയുടെ വ്യവസായവല്‍ക്കരണത്തിനും വളര്‍ച്ചയ്ക്കും കൂടുതല്‍ പ്രചോദനം നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ഭീമാകാരമായി കുന്നുകൂടിയ അന്താരാഷ്‌ട്ര ഫിനാന്‍സ് മൂലധനം മുതലാളിത്തത്തില്‍ അന്തര്‍ലീനമായ നിയമങ്ങളനുസരിച്ച്, ഈ പ്രക്രിയയെ കവച്ചുവെയ്ക്കുന്നു; ഊഹക്കച്ചവടത്തിലൂടെ കൊള്ളലാഭം ഉണ്ടാക്കുന്നതിനുവേണ്ടിയാണത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഊഹക്കച്ചവടപരമായ ഫിനാന്‍ഷ്യല്‍ കുമിള കൊണ്ട് പൊതിഞ്ഞ് അവര്‍ ഈ പ്രക്രിയയെ തകര്‍ക്കുകയാണ് ചെയ്യുന്നത്. സ്വതന്ത്ര മല്‍സരത്തില്‍നിന്ന് രൂപം കൊള്ളുന്ന കുത്തക മൂലധനം സ്വതന്ത്ര മല്‍സരത്തെത്തന്നെ ഇല്ലാതാക്കുന്നതുപോലെയാണിത്.

ചുരുക്കിപ്പറയാം: ആഗോളവല്‍ക്കരണത്തിനുകീഴില്‍, ജനങ്ങളില്‍ മഹാഭൂരിപക്ഷത്തിന്റെയും വാങ്ങല്‍ക്കഴിവ് കുത്തനെ ഇടിയുമ്പോള്‍ (ഇന്ത്യയിലെ "തിളങ്ങുന്ന''വരും "തീ തിന്നുന്നവരും'' തമ്മിലുള്ള അന്തരം പോലെ) അമിതമായ വേഗത്തില്‍ ലാഭം ഉണ്ടാക്കാനുള്ള അത്യാഗ്രഹമുള്ള ഫിനാന്‍സ് മൂലധനം, വായ്പ ലഭിക്കാൻ ശേഷിയില്ലാത്തവർക്കും (സബ്പ്രൈം) വായ്‌പ നല്‍കിക്കൊണ്ട് ജനങ്ങളുടെ വാങ്ങല്‍ക്കഴിവ് കൃത്രിമമായി ഉയര്‍ത്തുന്നതിന് ഊഹക്കച്ചവടപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. ഇങ്ങനെ കടം കൊടുക്കുന്നു, ലാഭമുണ്ടാകുന്നു. എന്നാല്‍ വായ്പ തിരിച്ചടയ്ക്കേണ്ട ഘട്ടം വരുമ്പോള്‍ വീഴ്ച വരുന്നു; വായ്പയെടുത്തവന്‍ നശിക്കുന്നു; വ്യവസ്ഥയാകെ അവതാളത്തിലാവുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ഇതാണ് ഭീമാകാരമായ തോതില്‍ സംഭവിച്ചത്. ഈ പ്രക്രിയയ്ക്കിടയില്‍ നശിച്ചവരുടെ പേരും പറഞ്ഞ്, നികുതിദായകരുടെ പണമെടുത്ത്, ബാങ്കുകളെയും ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളെയും രക്ഷപ്പെടുത്തുന്നുവെന്നതാണ് മുതലാളിത്തത്തിന്റെ പൈശാചികമായ വിരോധാഭാസം! ലാഭത്തിന്റെ സ്വകാര്യവല്‍ക്കരണവും നഷ്ടത്തിന്റെ ദേശസാല്‍ക്കരണവും തന്നെയാണിത്.

ഇത്തരം വമ്പന്‍ ഊഹക്കച്ചവടത്തില്‍നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയാണെങ്കില്‍ മാത്രമേ ഇന്ത്യയെപോലെയുള്ള സ്വതന്ത്രപരമാധികാര രാഷ്ട്രങ്ങള്‍ക്ക് സ്വയം സംരക്ഷിക്കാന്‍ കഴിയൂ. കടുത്ത തകര്‍ച്ചയില്‍നിന്ന് ഇന്ത്യക്ക് ഒരതിര്‍ത്തിവരെ രക്ഷപ്പെട്ടു നില്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍, അതിന്നു കാരണം, കൂടുതല്‍ ശക്തമായ ഫിനാന്‍ഷ്യല്‍ ഉദാരവല്‍ക്കരണനയങ്ങള്‍ അവലംബിക്കുന്നതില്‍നിന്ന് ഇന്നത്തെ യുപിഎ സര്‍ക്കാരിനെ കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഇടതുപക്ഷം തടഞ്ഞുനിര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്നതാണ്. നമ്മുടെ കടുത്ത എതിരാളികള്‍പോലും സമ്മതിക്കുന്ന കാര്യമാണിത്-ഏറ്റവും വൈമുഖ്യത്തോടുകൂടിയാണെങ്കിലും.

നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതല്‍ ചലനക്ഷമത ഉണ്ടാക്കുന്നതിനായി, അന്താരാഷ്‌ട്ര ഫിനാന്‍സ് മൂലധനത്തിനുമേല്‍ നാം ഇതുവരെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കാനാണ് യുപിഎ ഗവണ്‍മെന്റിന്റെ നീക്കമെങ്കില്‍ (അതിനാണ് അവരുടെ നീക്കമെന്ന് തോന്നുന്നു) അത് ആത്മഹത്യാപരമായിരിക്കും. അങ്ങനെ നിയന്ത്രണം നീക്കിയാല്‍ ചെലവ് വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും അങ്ങനെ മൊത്തം ചോദനം ഉയര്‍ത്താന്‍ കഴിയുമെന്നും വളര്‍ച്ചയുണ്ടാക്കാന്‍ കഴിയുമെന്നും ആണ് കണക്കുക്കൂട്ടല്‍. എന്നാല്‍ ഊഹക്കച്ചവടപരമായ മൂലധനം ഇറക്കുമതി ചെയ്തുകൊണ്ട് ഈ പ്രക്രിയ നടത്താന്‍ കഴിയില്ല. സര്‍ക്കാരിന്റെ ചെലവ് വര്‍ധിപ്പിച്ചുകൊണ്ട്, കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുക, അങ്ങനെ ചോദനത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള വളര്‍ച്ച കൈവരിക്കുക എന്നതാണ് അതിനുള്ള മാര്‍ഗ്ഗം.

പ്രതിസന്ധി തരണം ചെയ്യാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുമ്പോള്‍ മുന്‍ഗണനകള്‍ തീരുമാനിക്കേണ്ടതുണ്ട്. 1930 കളിലെ മാന്ദ്യത്തില്‍നിന്ന് കരകയറാന്‍ അവലംബിച്ച ചില മാര്‍ഗങ്ങള്‍ ഫാസിസത്തിന്റെ ഉദയത്തിന് വഴിവെച്ച കാര്യം ഓര്‍ക്കുക. അത്തരം ഭയാനകമായ സംഭവ്യതകളെ ചെറുക്കാനുള്ള ഒരു മാര്‍ഗം, പ്രതിസന്ധിയെ തരണം ചെയ്യുന്നതിനുള്ള നീക്കത്തില്‍, ലാഭത്തിനേക്കാള്‍ മുന്‍ഗണന ജനങ്ങള്‍ക്കു നല്‍കുക എന്നതാണ്. എന്നാല്‍ ആഗോളതലത്തില്‍ ഇന്ന് പ്രഖ്യാപിച്ചിട്ടുള്ള രക്ഷാ പാക്കേജുകള്‍ ചെയ്യുന്നത് നേരെ മറിച്ചാണ്. "അമേരിക്കയുടെ 70,000 കോടി ഡോളറിന്റെ രക്ഷാ പാക്കേജ് ബാങ്കുകളുടെ ബാലൻ‌സ്‌ഷീറ്റുകള്‍ പ്രബലമാക്കുന്നതിന് സഹായിച്ചുവെങ്കിലും പുതിയ വായ്‌പകളുടെയോ സഹായങ്ങളുടെയോ അടിസ്ഥാനത്തിലുള്ള നിക്ഷേപ പദ്ധതികള്‍ക്ക് കാരണമായിത്തീര്‍ന്നില്ല'' എന്ന് "ന്യൂയോര്‍ക്ക് ടൈംസ്'' പോലും പറയാന്‍ നിര്‍ബന്ധിതമായിത്തീര്‍ന്നു. ഇന്നത്തെ പ്രതിസന്ധിയെ സൃഷ്‌ടിച്ച ഫിനാന്‍സ് മൂലധനത്തിനാണ് അത്തരം രക്ഷാമാര്‍ഗങ്ങള്‍ സഹായകമായിത്തീര്‍ന്നത്; മാന്ദ്യത്തിലേക്കുള്ള പതനത്തെ അത് തടഞ്ഞുനിര്‍ത്തുന്നില്ല. അമേരിക്കയില്‍ (യുഎസ്എ) 2,40,000 തൊഴിലുകളാണ് ഒക്ടോബറില്‍ നഷ്ടപ്പെട്ടത്; നവംബറില്‍ വീണ്ടും 5,93,000 തൊഴിലുകള്‍ കൂടി നഷ്ടപ്പെട്ടു. 2009-ാമാണ്ടില്‍ 20 ലക്ഷത്തില്‍പ്പരം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.

ഇതിനുവിപരീതമായി, രണ്ടുകൊല്ലം കൊണ്ട് 58,600 കോടി ഡോളര്‍ പൊതുനിക്ഷേപം നടത്തുന്ന ഒരു പദ്ധതിയാണ് ചൈന പ്രഖ്യാപിച്ചിട്ടുള്ളത്. ചെലവ് കുറഞ്ഞ വീടുകള്‍ നിര്‍മിക്കുക, പശ്ചാത്തല സൌകര്യങ്ങള്‍ ശക്തിപ്പെടുത്തുക, ഭൂകമ്പംപോലുള്ള പ്രകൃതിദുരന്തംകൊണ്ട് തകര്‍ന്ന പ്രദേശങ്ങള്‍ പുനര്‍നിര്‍മിക്കുക തുടങ്ങിയ പദ്ധതികളിലൂടെ ജനങ്ങളുടെ ക്ഷേമം വിപുലമാക്കാനാണ് ഇതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. ഇതിന്റെയൊക്കെ ഫലമായി ഉണ്ടാകുന്ന പുതിയ തൊഴിലുകള്‍ കാരണം മൊത്തം ആഭ്യന്തരചോദനം വര്‍ദ്ധിക്കും; അതുവഴി വളര്‍ച്ച കൈവരിക്കാം. താഴെ കൊടുത്തിട്ടുള്ള ഉദാഹരണം നോക്കുക. ഈ പാക്കേജിന്റെ ഭാഗമായി 2010 അവസാനമാകുമ്പോഴേക്ക് 10,000 കിലോമീറ്റര്‍ റെയില്‍വെ ലൈന്‍ നിര്‍മിക്കും; 60 ലക്ഷം പേര്‍ക്ക് അതുവഴി പുതിയതായി തൊഴില്‍ ലഭിക്കും; അതിന് 200 ലക്ഷം ടണ്‍ സ്റ്റീലും 1200 ലക്ഷം ടണ്‍ സിമന്റും വേണ്ടിവരും. ആഗോളമാന്ദ്യം കാരണം കയറ്റുമതിയില്‍ ഉണ്ടായ വമ്പിച്ച ഇടിവിന്റെ ആഘാതം തരണം ചെയ്യുന്നതിന് അത്തരം പൊതുനിക്ഷേപം ഉപകരിക്കുമെന്ന് ചൈന പ്രതീക്ഷിക്കുന്നു.

എന്നാല്‍ എന്താണ് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്? 2007 ഒക്ടോബറില്‍ നിര്‍മാണരംഗത്ത് 13.8 ശതമാനം വളർച്ചാ നിരക്ക് ഉണ്ടായിരുന്ന സ്ഥാനത്ത് 2008 ഒക്ടോബറില്‍ അത് -1.2 ശതമാനമായി ഇടിഞ്ഞിരിക്കുന്നു. കഴിഞ്ഞ 15 കൊല്ലക്കാലത്തിനുള്ളില്‍ ഇതാദ്യമായി ഇന്ത്യയുടെ മൊത്തത്തിലുള്ള വ്യാവസായിക ഉല്‍പാദന നിരക്ക് പൂജ്യത്തില്‍നിന്നും താഴേയ്ക്ക് പോയിരിക്കുന്നു -0.4 ശതമാനമാണത്. അതുപോലെത്തന്നെ നമ്മുടെ ജിഡിപിയില്‍ ഏതാണ്ട് 22 ശതമാനത്തോളം ഭാഗവും കയറ്റുമതിയില്‍നിന്നായിരുന്നു; അതിന്റെ വിഹിതം ഇപ്പോള്‍ 12.1 ശതമാനമായി ഇടിഞ്ഞിരിക്കുന്നു. ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ ഐടി മേഖല 5000 കോടി ഡോളറില്‍പ്പരം തുകയാണ് വാര്‍ഷികവരുമാനമായി ഉണ്ടാക്കിത്തരുന്നത്. നമ്മുടെ കയറ്റുമതി വരുമാനത്തിന്റെ 16 ശതമാനത്തോളം വരുമത്; എന്നാല്‍ ആ മേഖലയില്‍ നിന്നുള്ള വരുമാനം 50 ശതമാനത്തിലേറെ കുറഞ്ഞിരിക്കുന്നു. വിദേശ നിക്ഷേപക സ്ഥാപനങ്ങളിൽ നിന്നുള്ള (എഫ് ഐ ഐ) പണമൊഴുക്ക് കഴിഞ്ഞവര്‍ഷത്തില്‍ 1740 കോടി ഡോളറായിരുന്നുവെന്നാണ് കണക്ക്. ഓഹരിവിപണിയിലെ തകര്‍ച്ച കാരണം അത് ഈ വര്‍ഷം ഫലത്തില്‍ ഒട്ടുമില്ലാതായിത്തീര്‍ന്നിരിക്കുന്നു. ഡോളറുമായിട്ടുള്ള രൂപയുടെ വിനിമയ മൂല്യം 20 ശതമാനം കണ്ടാണ് ഇടിഞ്ഞത്. 200 കോടി ഡോളര്‍ വീതം ഓരോ ദിവസവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിപണിയില്‍ ഇറക്കിയിട്ടും ഇതാണ് സ്ഥിതി.

കയറ്റുമതി യൂണിറ്റുകള്‍ വന്‍തോതില്‍ അടച്ചിടുന്നതിനും തൊഴിലാളികളെ ലെ ഓഫ് ചെയ്യുന്നതിനും ആണ് ഇതൊക്കെ ഇടയാക്കിയിട്ടുള്ളത്. അതിന്റെയൊക്കെ ഫലമായി ജനങ്ങളുടെ വാങ്ങല്‍ക്കഴിവ് കുത്തനെ ഇടിയുന്നത്, വളര്‍ച്ചയെ കൂടുതല്‍ മുരടിപ്പിക്കും. ഇത് ഇന്ത്യയെയും മാന്ദ്യത്തിലേക്ക് തള്ളിവിടും. ഇത്തരം പരിതഃസ്ഥിതികളില്‍ എത്രതന്നെ കുറഞ്ഞ പലിശയ്ക്കായാലും വായ്പ ലഭ്യമാക്കിയാല്‍, ആ വായ്പ തന്നെയും വാങ്ങാന്‍ ആളുകള്‍ ഉണ്ടാവില്ല. തൊഴില്‍ ഉണ്ടാക്കുന്നതിനും അങ്ങനെ ആഭ്യന്തര ആവശ്യം വര്‍ധിപ്പിക്കുന്നതിനും അങ്ങനെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനും ഉതകത്തക്കവിധത്തില്‍ പൊതുനിക്ഷേപം വന്‍തോതില്‍ വര്‍ധിപ്പിക്കുകയാണ് ഇന്നാവശ്യം. 20,000 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് വെറും 400 കോടി ഡോളറിന്റെ പദ്ധതി മാത്രമാണ്.

ഇത് തീര്‍ത്തും അപര്യാപ്തമാണ്. ഈ വൈകല്യം ഉടനടി തിരുത്തിയേപറ്റൂ. നമ്മുടെ അപര്യാപ്തമായ പശ്ചാത്തല സൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിനു വന്‍തോതില്‍ പൊതുനിക്ഷേപം ആവശ്യമാണ്. ലോകത്തില്‍വെച്ച് മൂന്നാമത്തെ ഏറ്റവും വലിയ റോഡ് ശൃംഖലയുള്ളത് ഇന്ത്യയിലാണ്. ഏതാണ്ട് 33 ലക്ഷം കിലോമീറ്റര്‍ റോഡ്. എന്നാല്‍ ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന നാഷണല്‍ ഹൈവേകള്‍, അതില്‍ വെറും രണ്ട് ശതമാനം മാത്രമേ വരൂ. അതില്‍ത്തന്നെ 12 ശതമാനം മാത്രമേ (8000 കിലോ മീറ്റര്‍) ഇരട്ടവരിപ്പാതയായിട്ടുള്ളൂ. 2007 ആയപ്പോഴേക്ക് ചൈനയില്‍ 54,000 കിലോമീറ്ററിലധികം ദൂരം നാലുവരിപ്പാതയായി (അല്ലെങ്കില്‍ അതിലധികം വീതിയുള്ള) മാറ്റപ്പെട്ടു കഴിഞ്ഞു. ഇന്ത്യയില്‍ മറ്റ് സുപ്രധാന മേഖലകളിലും ഇത്തരം ദൌര്‍ബല്യങ്ങള്‍ ദൃശ്യമാണ്. കഴിഞ്ഞവര്‍ഷം, വൈദ്യുതിയുടെ ചോദനം (ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന സമയത്തെ ചോദനം) വൈദ്യുതി ലഭ്യതയെക്കാള്‍ 15 ശതമാനം കൂടുതലായിരുന്നു. ലോകബാങ്കിന്റെ കണക്കനുസരിച്ച്, ഇന്ത്യയുടെ വ്യാവസായിക ഉല്‍പാദനക്ഷമതയുടെ 9 ശതമാനം കറന്റ് കട്ട് കാരണം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഏതാണ്ട് 60 ശതമാനം ആളുകള്‍ക്കും നേരിട്ടുള്ള വൈദ്യുതി കണക്ഷന്‍ കിട്ടുന്നില്ല. കഴിഞ്ഞവര്‍ഷം നാം പുതിയതായി ഉല്‍പാദിപ്പിച്ചത് വെറും 7000 മെഗാവാട്ട് വൈദ്യുതി മാത്രമാണ്. അതേ അവസരത്തില്‍ ചൈന 1 ലക്ഷം മെഗാവാട്ട് പുതിയതായി ഉല്‍പാദിപ്പിച്ചു.

സാമൂഹ്യമായ പശ്ചാത്തല സൌകര്യങ്ങളുടെ മേഖലയില്‍ നമുക്ക് വളരെയേറെ ചെയ്യാനുണ്ട്. തടയാന്‍ കഴിയുന്ന രോഗങ്ങള്‍കാരണം പ്രതിദിനം ഏതാണ്ട് ആയിരം കുട്ടികള്‍ വീതമാണ് ഇന്ത്യയില്‍ മരിച്ചുകൊണ്ടിരിക്കുന്നത്. മലിനജലത്തില്‍ 13 ശതമാനം മാത്രമേ സംസ്‌ക്കരിക്കപ്പെടുന്നുള്ളൂ. ജനസംഖ്യയില്‍ 70 ശതമാനം പേര്‍ക്കും ശരിയായ കക്കൂസ് ഇല്ല. 50 ശതമാനത്തിലധികം പേര്‍ക്കും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നില്ല. സ്‌കൂളില്‍ ചേരുന്ന കുട്ടികളില്‍ പകുതിപേരും പതിനാലാമത്തെ വയസ്സ് ആകുമ്പോഴേക്ക് പൊഴിഞ്ഞുപോകുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രവേശനം ലഭിക്കുന്ന കുട്ടികളുടെ ശതമാനം 7 മുതല്‍ 13 വരെയാണ്. പലരും പല കണക്കാണ് നല്‍കുന്നത്. ഇതുപോലും, പാശ്ചാത്യരാജ്യങ്ങളുടെ ഭരണാധികാരികളുടെ ഉറക്കം കെടുത്തുന്നതാണ്. ഇന്ത്യയിലെ ബുദ്ധിജീവികള്‍ അവിടെച്ചെന്ന് മേധാവിത്വം സ്ഥാപിച്ചാലോ? ഇന്ത്യയിലെ ജനസംഖ്യയില്‍ 54 ശതമാനംപേരും 25 വയസ്സില്‍ താഴെയുള്ളവരാണ്. അവര്‍ക്കെല്ലാം മതിയായ വിദ്യാഭ്യാസവും ആരോഗ്യവും തൊഴിലും നല്‍കുകയാണെങ്കില്‍, അവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ഒരിന്ത്യ കെട്ടിപ്പടുക്കാന്‍ കഴിയും.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഇപ്പോഴത്തെ ആഗോള പ്രതിസന്ധി, ഇതിന്നുള്ള അവസരമാണ് പ്രദാനം ചെയ്യുന്നത്. ആഭ്യന്തര സമ്പാദ്യനിരക്ക് ജിഡിപിയുടെ 35.5 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. പൊതുനിക്ഷേപം വര്‍ധിപ്പിച്ച്, വമ്പിച്ച പദ്ധതികള്‍ നടപ്പാക്കുന്നതിന് ഈ നിക്ഷേപം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അങ്ങനെയാണ് പ്രതിസന്ധിയെ അവസരമാക്കി മാറ്റേണ്ടത്.

നിങ്ങളുടെ ചിന്തയെ ഒന്ന് പ്രകോപിപ്പിച്ചുകൊണ്ട് ഞാന്‍ ഈ പ്രബന്ധം അവസാനിപ്പിക്കാം: ചാള്‍സ് റോബര്‍ട്ട് ഡാര്‍വിന്റെ ഇരുന്നൂറാം ജന്മവാര്‍ഷികാഘോഷം നടക്കുന്ന കൊല്ലമാണ് 2009. ലോകത്തെ പിടിച്ചു കുലുക്കിയ 'ഒറിജിന്‍ ഓഫ് സ്പീഷീസ്'' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ട് 150 വര്‍ഷം തികയുന്നതും 2009ല്‍ത്തന്നെ. ആ ഗ്രന്ഥത്തിന്റെ അഞ്ചാം പതിപ്പിലാണ് തന്റെ പ്രസിദ്ധമായ പ്രയോഗം, "സര്‍വൈവല്‍ ഓഫ് ദി ഫിറ്റസ്റ്റ്'' (ഏറ്റവും യോജിച്ചവ അതിജീവിക്കും) ആദ്യമായി ഡാര്‍വിന്‍ ഉപയോഗിക്കുന്നത്. ഡാര്‍വിന്‍ ഊന്നിപ്പറയുന്നതുപോലെ, ബോധപൂര്‍വമല്ലാതെ പരിതഃസ്ഥിതിയ്ക്ക് അനുയോജ്യമായി സ്വയം മാറിത്തീരുന്ന സ്പീഷീസുകള്‍ അതിജീവിക്കും. എന്നാല്‍ മനുഷ്യന്റെ കാര്യത്തില്‍ പരിതഃസ്ഥിതിക്ക് അനുയോജ്യമായ അത്തരം പരിണാമം ബോധപൂര്‍വമായിത്തന്നെ ഉണ്ടാവണം. നാം ഒരു രാഷ്ട്രമെന്ന നിലയില്‍ ഈ പ്രതിസന്ധിയെ ഒരു അവസരമാക്കി മാറ്റാന്‍ തയ്യാറാണോ?


****

സീതാറാം യെച്ചൂരി

Friday, February 20, 2009

മംഗലാപുരം ഒരു മുഖവുര

'അവിടെ ഭയമാണ് ഭരിക്കുന്നത്' എന്ന് ബെര്‍തോള്‍ഡ് ബ്രെഹ്ത് പറഞ്ഞത് നാസി ജര്‍മനിയെക്കുറിച്ചായിരുന്നു. ഇന്ന് മംഗലാപുരത്തിനും ബ്രെഹ്തിന്റെ വാക്കുകള്‍ ബാധകമായിരിക്കുന്നു. മംഗലാപുരം ഇന്ത്യയിലെ അധോലോകത്തിന്റെ കുപ്രസിദ്ധതാവളങ്ങളിലൊന്നാണ് എന്ന് നമുക്ക് നേരത്തേയറിയാം. അധോലോക രാജാക്കന്മാരുടെ കൈയൂക്കും കാട്ടുനീതിയും മംഗലാപുരത്ത് മുമ്പു തന്നെ ഭയം വിതച്ചിട്ടുണ്ട്. മംഗലാപുരം ഭരിച്ചുവന്ന സാമ്പത്തിക അധോലോകത്തിനൊപ്പം പുതിയൊരു സാംസ്കാരിക അധോലോകത്തിന്റെ വിഷവൃക്ഷങ്ങള്‍ കൂടി മംഗലാപുരത്തിന്റെ കാവി നിറമുള്ള മണ്ണില്‍ വളര്‍ന്നുവന്നുതുടങ്ങിയിരിക്കുന്നു. അതിലൊന്നാണ് പ്രമോദ് മുത്തലിഖ് എന്ന ഹിന്ദുത്വ ഭ്രാന്തന്‍ നയിക്കുന്ന ശ്രീരാം സേന. (തീര്‍ച്ചയായും മംഗലാപുരത്ത് വേരുറപ്പിച്ച സാമ്പത്തിക അധോലോകത്തെയും സാംസ്കാരിക അധോലോകത്തെയും ബന്ധിപ്പിക്കുന്ന ചില പൊതുകണ്ണികളുണ്ട്. അതിനെക്കുറിച്ചുള്ള അന്വേഷണം ഈ ലേഖനത്തിന്റെ വിഷയമല്ല).

ഒളിഞ്ഞുനോട്ടക്കാര്‍

ശ്രീരാംസേന എന്ന ഈ ക്രിമിനല്‍ സംഘത്തിന്റെ സമീപകാലത്തെ ചില പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ നടുക്കവും പ്രതിഷേധവും ഉണ്ടാക്കുകയുണ്ടായി. അതിലൊന്ന് ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തില്‍ മംഗലാപുരത്തെ പബ്ബുകളില്‍ അതിക്രമിച്ചുകടന്ന് പെണ്‍കുട്ടികളെപ്പോലും ക്രൂരമായി ആക്രമിച്ച സംഭവമാണ്. ടെലിവിഷന്‍ ചാനലുകളില്‍ കണ്ട ദൃശ്യങ്ങള്‍ ഭീതിയുളവാക്കുന്നതായിരുന്നു. ആ അപരിഷ്കൃത നടപടിയെ ന്യായീകരിച്ച ശ്രീരാമസേന തുടര്‍ന്ന് ഭീഷണി മുഴക്കിയത് ഫെബ്രുവരി പതിനാലിന് വാലന്റൈന്‍ ദിനാഘോഷങ്ങള്‍ക്കെതിരായിട്ടായിരുന്നു. വാലന്റൈന്‍ ദിനം പങ്കിടുന്ന കമിതാക്കളെ ഒളിക്യാമറ ഉപയോഗിച്ചു കണ്ടെത്തി തല്‍ക്ഷണം വിവാഹം കഴിപ്പിക്കുമെന്നാണ് പ്രഖ്യാപനം. ഇതിനായി താലിയും പൂജാരിയുമായി ശ്രീരാമസേനാംഗങ്ങള്‍ ആ ദിവസം റോന്തുചുറ്റുമത്രെ. മൂന്നാമത്തേത് അക്ഷരാര്‍ഥത്തില്‍ രാജ്യത്തെ മുഴുവന്‍ നടുക്കിയ സംഭവമാണ്. മഞ്ചേശ്വരം എംഎല്‍എ സി എച്ച് കുഞ്ഞമ്പുവിന്റെ മകള്‍ ശ്രുതി മംഗലാപുരത്തുള്ള കോളേജിലേക്ക് ബസ്സില്‍ പോകുമ്പോള്‍ സഹപാഠിയുടെ സഹോദരനായ മുസ്ലീം കുട്ടിയോട് സംസാരിച്ചതിന്റെ പേരില്‍ രണ്ടുപേരെയും ബസ്സില്‍ നിന്നിറക്കി അജ്ഞാതകേന്ദ്രത്തിലേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

ഈ മൂന്നു സംഭവങ്ങള്‍ ചേര്‍ത്തുവായിച്ചാല്‍ മംഗലാപുരത്ത് ഇന്ന് നിലനില്‍ക്കുന്ന ഭീതിതമായ അന്തരീക്ഷം തിരിച്ചറിയാനാകും. അന്യമതസ്ഥനായ സുഹൃത്തിനോട് മിണ്ടാന്‍പോലും ഭയപ്പെടേണ്ട സ്ഥിതി. അയല്‍ക്കാരനോ പരിചയക്കാരനോ ആയ മുസ്ലീമിനെ കണ്ടാല്‍ അപരിചിതനെപ്പോലെ മുഖംതിരിച്ചു നടക്കണം. സ്കൂള്‍ കുട്ടികള്‍ പോലും അന്യോന്യം മിണ്ടിപ്പോയാല്‍ ആക്രമിക്കപ്പെട്ടേക്കാം. ബസ്സിലോ പൊതുസ്ഥലത്തോ വിദ്യാലയത്തിലോ എവിടെവച്ചും നിങ്ങള്‍ വേട്ടയാടപ്പെടാം. പ്രണയിക്കുന്നവര്‍ സൂക്ഷിക്കുക. മംഗലാപുരത്തെ ‘കൊച്ചു ഹിന്ദുരാഷ്ട്രത്തില്‍ പ്രണയം നിരോധിച്ചിരിക്കുന്നു! പ്രണയം കണ്ടുപിടിക്കാന്‍ ബൈനോക്കുലറും ഒളിക്യാമറയുമായി ഒളിഞ്ഞുനോട്ടക്കാരായ കുറേ ഹിന്ദുത്വ ബോറന്മാര്‍ ശ്രീരാമന്റെ പേരില്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ട്.

ധാര്‍മികതയുടെയും സദാചാരത്തിന്റെയും സംസ്കാരത്തിന്റെയും സ്വയം പ്രഖ്യാപിത കാവലാളുകളായി ചമയുന്നത് ലോകത്തിലെല്ലായിടത്തും എല്ലാ കാലത്തുമുള്ള മതതീവ്രവാദികളുടെയും ഫാസിസ്റ്റുകളുടെയും പൊതുവായ രീതി ശാസ്ത്രമാണ്. സദാചാരത്തിന്റെയും ധാര്‍മ്മികതയുടെയും പേരില്‍ ജനാധിപത്യം, മതനിരപേക്ഷത, മനുഷ്യാവകാശങ്ങള്‍, വ്യക്തിസ്വാതന്ത്ര്യം എന്നീ സങ്കല്‍പങ്ങളേയും ആധുനികമൂല്യങ്ങളേയുമാണ് ഇവര്‍ നിരന്തരം കടന്നാക്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ ആക്രമങ്ങളില്‍ ഏറ്റവും പ്രകടവും ശ്രദ്ധേയവും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നതുമായ വസ്തുത മതതീവ്രവാദികളുടെ സ്ത്രീവിരുദ്ധതയാണ്.

നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി

ശ്രീരാമസേന ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രം ഹിന്ദുത്വത്തിന്റേതാണ്. അവരുടെ രാഷ്ട്രീയ ലക്ഷ്യമാകട്ടെ ഹിന്ദുരാഷ്ട്രവുമാണ്. ശ്രീരാമസേനയെപ്പോലുള്ള ഹിന്ദുത്വശക്തികളെല്ലാം അച്ചടക്കത്തോടെ അംഗീകരിക്കുന്ന ‘ഭാവി ഹിന്ദുരാഷ്ട്രത്തിന്റെ നിയമസംഹിതയാകട്ടെ മനുസ്മൃതിയുമാണ്. മനുസ്മൃതിയിലെ സ്ത്രീവിരുദ്ധതക്ക് വിശദീകരണങ്ങള്‍ ആവശ്യമില്ല. കൌമാരത്തില്‍ പിതാവും യൌവനത്തില്‍ ‘ഭര്‍ത്താവും വാര്‍ധക്യത്തില്‍ പുത്രനും സംരക്ഷിക്കേണ്ടവളായ സ്ത്രീ സ്വാതന്ത്ര്യമര്‍ഹിക്കുന്നില്ല എന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുള്ള ഹിന്ദുത്വത്തിന്റെ ഭരണഘടനയാണത്. ആ ‘ഭരണഘടനയോടു കൂറു പുലര്‍ത്തുന്ന ശ്രീരാമസൈനികര്‍ വിലക്കുകള്‍ ലംഘിക്കുന്ന’ സ്ത്രീകളെ എങ്ങനെയാണ് നേരിടുക? ആ നേരിടലിന്റെ രീതിയാണ് മംഗലാപുരത്തുനിന്നപ്പോള്‍ തല്‍സമയം കാണുന്നത്. പബ്ബ് ആക്രമിച്ച മുത്തലീഖിന്റെ ഗുണ്ടാസംഘം പെണ്‍കുട്ടികളെ മുടിക്കുത്തിനുപിടിച്ച് വലിച്ചിഴച്ചതും നിലത്തിട്ട് മതിവരുവോളം മര്‍ദിച്ചതും നാം കണ്ടു. പണ്ട് കൌരവസഭയിലിട്ട് ദ്രൌപതിയെ മുടിക്കുത്തിനുപിടിച്ച് വലിച്ചിഴക്കുകയും വസ്ത്രാക്ഷേപം ചെയ്ത് അപമാനിക്കുകയും ചെയ്ത ദുശ്ശാസനനെ ഓര്‍മിപ്പിക്കുന്നു മുത്തലീഖിന്റെ കശ്മലന്മാര്‍.

സ്ത്രീകള്‍ക്ക് പ്രത്യേക വസ്ത്രധാരണച്ചട്ടം അടിച്ചേല്പിക്കാനുള്ള ശ്രമങ്ങള്‍ പരിവാര്‍-ഹിന്ദുത്വ സംഘടനകളായ എബിവിപിയും ശിവസേനയുമെല്ലാം പലപ്പോഴും നടത്തിയിട്ടുണ്ട്. എബിവിപി പ്രഖ്യാപിച്ച വസ്ത്രധാരണച്ചട്ടം പാലിക്കാത്തതിന്റെ പേരില്‍ ചില ഉത്തരേന്ത്യന്‍ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികളുടേയും അധ്യാപികമാരുടേയും തലയില്‍ കരിഓയില്‍ ഒഴിച്ച സംഭവം കുറച്ചു വര്‍ഷം മുമ്പ് ഉണ്ടായിരുന്നു. ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോഴാകട്ടെ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ മുട്ടു മറയ്ക്കാത്ത വസ്ത്രം ധരിക്കാന്‍ പാടില്ല എന്ന ഉത്തരവിറക്കിയത് വിവാദമായിരുന്നു. സ്ത്രീകള്‍ ഭാരതീയ വേഷം’ മാത്രമേ ധരിക്കാവൂ എന്ന സംഘപരിവാര്‍ നിലപാട് നടപ്പിലാക്കാനായിരുന്നു ശ്രമം. എന്നാല്‍ ഏതാണ് ഇന്ത്യയില്‍ സ്ത്രീകള്‍ക്കാകെ ബാധകമായ ഒരു പൊതു ഭാരതീയ വേഷം എന്ന ചോദ്യം ഉയര്‍ന്നുവരുന്നു. ഇന്ത്യയെപ്പോലെ ആഴമേറിയ വൈവിധ്യങ്ങളും സാംസ്കാരിക വൈജാത്യങ്ങളുമുള്ള ഒരു രാജ്യത്ത് സ്ത്രീകള്‍ക്ക് പൊതുവേഷം അടിച്ചേല്പിക്കുന്നത് സ്ത്രീവിരുദ്ധതയോടൊപ്പം സാംസ്കാരിക ബഹുസ്വരതയെ നിഷേധിക്കലും കൂടിയാണ്. ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലിരുന്നപ്പോള്‍ തയ്യാറാക്കിയ സ്കൂള്‍ പാഠ്യപദ്ധതി അതിലെ വര്‍ഗീയ ഉള്ളടക്കത്തോടൊപ്പം സ്ത്രീ വിരുദ്ധതയുടെ കൂടി പേരിലാണ് ഏറെ പ്രതിഷേധം ഉയര്‍ത്തിയത്. പെണ്‍കുട്ടികള്‍ക്ക് ഗൃഹഭരണം പഠിപ്പിക്കണമെന്നായിരുന്നു ആ പാഠ്യപദ്ധതി അനുശാസിച്ചത്. അന്യജാതിയിലോ മതത്തിലോപെട്ട പരുഷന്മാരെ പ്രണയിച്ച് വിവാഹം കഴിക്കുന്ന സ്ത്രീകളെ കുടുംബത്തിന്റെ മാനം സംരക്ഷിക്കാന്‍ കൊല്ലുന്ന ആദരഹത്യകള്‍ (honour killing) ഹിന്ദുത്വശക്തികള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ പതിവാണ് എന്നും ഓര്‍ക്കുക. ഹിന്ദുത്വശക്തികള്‍ക്ക് വേരോട്ടമുള്ള മേഖലകളിലാണ് പെണ്‍ഭ്രൂണഹത്യയും കൂടുതലുള്ളത് എന്ന വസ്തുത ഹിന്ദുത്വത്തില്‍ അന്തര്‍ലീനമായ സ്ത്രീവിരുദ്ധതയുടെ പശ്ചാത്തലത്തിലാണ് മനസ്സിലാക്കേണ്ടത്. സ്ത്രീയെ ബാധ്യതയും അടിമയും സ്വകാര്യസ്വത്തും സ്വാതന്ത്ര്യമര്‍ഹിക്കാത്തവളുമായി കണക്കാക്കുന്ന ഹിന്ദുത്വവീക്ഷണത്തിന്റെ ഫാസിസ്റ്റ് പ്രയോഗ പദ്ധതിയാണ് മംഗലാപുരത്ത് കണ്ടത്.

താലിബാനും മനുസ്മൃതിയും

ഈ സ്ത്രീവിരുദ്ധതയാകട്ടെ ഹിന്ദുത്വശക്തികളുടെ മാത്രം മുഖമുദ്രയല്ല. ഇസ്ലാമിക വര്‍ഗീയശക്തികളുള്‍പ്പെടെയുള്ള എല്ലാ വര്‍ഗീയ-മത തീവ്രവാദശക്തികളും ഒരുപോലെ പങ്കുവെക്കുകയും അവലംബിക്കുകയും ചെയ്യുന്ന പ്രതിലോമ നിലപാടാണ്. അഫ്ഗാനിസ്ഥാനിലെ താലിബാനും കാശ്മീരിലെ ലഷ്കര്‍-ഇ-തയ്ബയും കേരളത്തിലെ എന്‍ഡിഎഫും വരെയുള്ളവര്‍ ഒരുപോലെ കടുത്ത സ്ത്രീവിരുദ്ധതയുടെ വക്താക്കളാണ്. മറ്റു പലതുമെന്നപോലെ ഹിന്ദുത്വ-ഇസ്ലാമിക തീവ്രവാദശക്തികള്‍ യോജിപ്പിലെത്തുന്ന ഒരു മേഖല സ്ത്രീവിരുദ്ധതയുടേതാണ് എന്നര്‍ഥം. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ മേധാവിത്വം നേടിയശേഷം വിവരണാതീതമായ ദുരിതം ഏറ്റുവാങ്ങിയത് സ്ത്രീകളാണ്. അവര്‍ മധ്യകാല കാടത്തത്തിന്റെ ഇരകളായിത്തീര്‍ന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിരോധിച്ചു. അടുത്ത ബന്ധുവായ പുരുഷനോടൊപ്പം മാത്രമേ സ്ത്രീകള്‍ പുറത്തിറങ്ങാവൂ എന്നാണ് താലിബാന്റെ ഉഗ്രശാസനം. ലംഘിച്ചാല്‍ വില നല്‍കേണ്ടിവരിക സ്വന്തം ജീവന്‍ തന്നെ. പെണ്‍കുട്ടികള്‍ ബന്ധുക്കളോടൊപ്പമേ പുറത്തിറങ്ങാവൂ എന്നാണ് ശ്രീരാമസേനയുടെയും നിലപാട്. എന്തൊരു സമാനത! മനുസ്മൃതിയുടെ കല്പനകള്‍ പാലിക്കുന്നതില്‍ താലിബാനും ശ്രീരാമസേനയും തമ്മില്‍ എന്തൊരു യോജിപ്പ്! കാശ്മീരിലെ തീവ്രവാദികളാവട്ടെ പെണ്‍കുട്ടികള്‍ക്ക് വസ്ത്രധാരണച്ചിട്ടയും ബുര്‍ഖയും നിര്‍ബന്ധിതമാക്കുകയും അതു നടപ്പില്‍ വരുത്താന്‍ അന്ത്യശാസനം നല്‍കുകയും ചെയ്തു. അന്ത്യശാസനം സമയം കഴിഞ്ഞും ബുര്‍ഖ ധരിക്കാത്തതിന്റെ പേരില്‍ കോളേജ് വിദ്യാര്‍ഥിനികളെ വെടിവെച്ചുകൊന്ന സംഭവങ്ങളും നിരവധി. കാശ്മീരില്‍ വീടുകള്‍ കൈയേറി രക്ഷിതാക്കളെ ഭീഷണിപ്പെടുത്തി പെണ്‍കുട്ടികളെ തീവ്രവാദികള്‍ നിര്‍ബന്ധിച്ച് വിവാഹം ചെയ്യുന്നതും കടത്തിക്കൊണ്ടുപോകുന്നതും പതിവു സംഭവങ്ങള്‍.

പാകിസ്ഥാനിലെ സ്വാത്ത് താഴ്വര പിടിച്ചടക്കിയ താലിബാന്‍ അനുകൂല ഇസ്ലാമിക തീവ്രവാദികള്‍ ആദ്യം ലക്ഷ്യം വച്ചത് സ്ത്രീ സ്വാതന്ത്ര്യത്തെയാണ്. കഴിഞ്ഞ ജനുവരി 15 താലിബാന്‍ പുറപ്പെടുവിച്ച കല്പന സ്വാത്തിലെ ഗേള്‍സ് സ്കൂളുകളെല്ലാം അടച്ചുപൂട്ടണമെന്നാണ്. എണ്‍പതിനായിരം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമാണിങ്ങനെ മുടങ്ങിയത്. നിശ്ചിത തിയ്യതിക്കകം പൂട്ടാത്തതിനാല്‍ 183 സ്കൂളുകളാണ് സ്വാത്തില്‍ തകര്‍ത്തുകളഞ്ഞത്. (The Hindu, 21-01-09).

താലിബാന്റെ കേരള പതിപ്പായ എന്‍ഡിഎഫ് ഇവിടെ ചെയ്യുന്നതും വ്യത്യസ്തമല്ല. മതനിരപേക്ഷ-ജനാധിപത്യ ശക്തികള്‍ക്ക് ആഴത്തില്‍ വേരോട്ടമുള്ളതുകൊണ്ട് എന്‍ഡിഎഫ് ആഗ്രഹിക്കുന്നതെല്ലാം ചെയ്യാന്‍ കഴിയുന്നില്ലെന്ന് മാത്രം. മുത്തലീഖിന്റെ ശ്രീരാമസേനയെപ്പോലെ പ്രണയം നിരോധിക്കുന്നവരാണ് എന്‍ഡിഎഫും എന്‍ഡിഎഫിന്റെ ശിക്ഷാ നിയമപ്രകാരം പ്രണയത്തിനുള്ള പരമാവധി ശിക്ഷ വധശിക്ഷ തന്നെ. കാസര്‍കോട്ട് മുസ്ലീം പെണ്‍കുട്ടിയെ പ്രണിയിച്ച് വിവാഹം ചെയ്ത കുറ്റത്തിനാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണനെ അവര്‍ വെട്ടിക്കൊന്നത്. സ്വസമുദായത്തിലെ ചെറുപ്പക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ മഞ്ചേരിയിലെ തസ്നിബാനുവെന്ന പെണ്‍കുട്ടിയെ എന്‍ഡിഎഫുകാര്‍ വേട്ടയാടിയത് കേരളം മറന്നിരിക്കാനിടയില്ല. മുസ്ലീം പെണ്‍കുട്ടികളുമായി സംസാരിക്കുന്ന ആണ്‍കുട്ടികളെ കണ്ടെത്താനും അവര്‍ക്ക് കൈയോടെതന്നെ ശിക്ഷ നല്‍കാനുമായി തങ്ങളുടെ സ്വാധീന കേന്ദ്രങ്ങളില്‍ സദാചാരപ്പോലീസിനെ നിയോഗിക്കുന്ന രീതി എന്‍ഡിഎഫിനും അന്യമല്ല. അത്തരം നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. പ്രണയവേട്ടയിലും ഒളിഞ്ഞുനോട്ടത്തിലും എന്‍ഡിഎഫ് ശ്രീരാമസേനക്കു പിന്നിലായി എന്ന ‘ദുഷ്പേര്’ ഉണ്ടാകില്ലെന്നുറപ്പ്. മലപ്പുറത്ത് രാത്രിയില്‍ പൊതുവഴിയില്‍ കണ്ടതിന്റെ പേരില്‍ സന്മാര്‍ഗലംഘനം ആരോപിച്ച് മൂന്ന് സ്ത്രീകളെ മൊട്ടയടിച്ചതടക്കമുള്ള സദാചാരപ്പോലീസിന്റെ കൃത്യനിര്‍വഹണം ‘സ്തുത്യര്‍ഹമായിത്തന്നെ അവര്‍ പാലിച്ചു പോന്നിട്ടുണ്ട്.

സാംസ്കാരിക കാപട്യം

സാംസ്കാരിക അപചയത്തിനെതിരായ യുദ്ധപ്രഖ്യാപനവും എല്ലാ മതതീവ്രവാദികളുടെയും ഫാസിസ്റ്റുകളുടെയും സ്ഥിരം തന്ത്രമാണ്. സംസ്കാരം അവര്‍ക്ക് സ്വന്തം സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുള്ള ഒരു മറ മാത്രം. സാംസ്കാരിക ജീര്‍ണത വളര്‍ത്തുന്ന സാമ്പത്തിക-സാമൂഹ്യ സാഹചര്യങ്ങളെ എതിര്‍ക്കാതിരിക്കുകയും ചില അപചയങ്ങളെ മാത്രം അടര്‍ത്തിയെടുത്ത് അതിനെതിരായി യുദ്ധം നടത്തുകയും ചെയ്യുന്നത് നിഴല്‍യുദ്ധം മാത്രമാണ്. സാംസ്കാരിക ജീര്‍ണതക്കെതിരെ എന്നപേരില്‍ തികച്ചും പ്രതിലോമകരവും ജനവിരുദ്ധവുമായ സമീപനങ്ങളില്‍ നിന്നുകൊണ്ട് ജനാധിപത്യ ജീവിതത്തിനുനേരെ കടന്നാക്രമണം നടത്തുകയാണിവര്‍ ചെയ്യുന്നത്. ജീര്‍ണതക്കിടയാക്കുന്ന സാഹചര്യങ്ങള്‍ക്കെതിരായ എതിര്‍പ്പിനെ വഴിതിരിച്ചുവിടുന്നതിലൂടെ സാംസ്കാരികവും സാമൂഹികവുമായ ജീര്‍ണതകളെ ഫലത്തില്‍ കൂടുതല്‍ അഗാധമാക്കുകയും ചെയ്യുന്നു. പബ്ബ് സംസ്കാരവും വാലന്റൈന്‍ ദിനാഘോഷങ്ങളുടെ പേരിലുള്ള പ്രണയ വൈകൃതങ്ങളും സ്ത്രീ-പുരുഷ ബന്ധങ്ങളുടെ കച്ചവടവല്‍ക്കരണവും എതിര്‍ക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ ആ എതിര്‍പ്പുകള്‍ ജനാധിപത്യപരമായ രീതികളും ആശയപ്രചരണത്തിന്റെ മാര്‍ഗവും അവലംബിക്കുന്നതും കൃത്യമായ രാഷ്ട്രീയ ഉള്ളടക്കമുള്ളതുമാവണം. ആഗോളവല്‍ക്കരണത്തിന്റെ രാഷ്ട്രീയത്തേയും സാംസ്കാരിക പ്രത്യാഘാതങ്ങളേയും സമഗ്രതയില്‍ കണക്കിലെടുക്കാത്ത, ആള്‍ക്കൂട്ടത്തിന്റെ അരാജകത്വവും ഗുണ്ടാവിളയാട്ടങ്ങളും സാംസ്കാരിക പ്രതിരോധമല്ല കൂടുതല്‍ വഷളായ സംസ്കാരശൂന്യതയാണ്.

എംഎഫ് ഹുസൈന്‍ മുതല്‍ ഗുലാം അലിയും മമ്മൂട്ടിയും വരെയുള്ള കലാകാരന്മാരെ വേട്ടയാടുകയും ബറോഡ യൂണിവേഴ്സിറ്റിയിലെ ചിത്ര പ്രദര്‍ശനത്തിന് തീ കൊടുക്കുകയും വാട്ടര്‍, ഫയര്‍ തുടങ്ങി തങ്ങള്‍ക്കഭിമതമല്ലാത്ത സിനിമകള്‍ക്കുനേരെ ആക്രമണം അഴിച്ചുവിടുകയും നവവത്സരാഘോഷങ്ങളും ക്രിസ്മസ് ആഘോഷങ്ങളും വൈദേശികമെന്നാരോപിച്ച് കൈയേറുകയും ചെയ്തിട്ടുള്ള സംഘപരിവാറിന്റെ ഫാസിസ്റ്റ് സംസ്കാരശൂന്യതയുടെ മറ്റൊരു മുഖമാണ് മംഗലാപുരത്തു കണ്ടത്.

റേഡിയോയും ടിവിയും സിനിമയും സംഗീതവും നിരോധിച്ച അഫ്ഗാനിസ്ഥാനെ ഭീകരമായൊരു നരകമാക്കിത്തീര്‍ത്ത താലിബാനും സല്‍മാന്‍ റുഷ്ദിയും തസ്ലീമയും അസ്‌ഗര്‍ അലി എന്‍ചിനീയറും കലാമണ്ഡലം ഹൈദരാലിയും സദനം റഷീദും ഉള്‍പ്പെടെ വലുതും ചെറുതുമായ എഴുത്തുകാരെയും കലാകാരന്മാരേയും വേട്ടയാടിയ ഇസ്ലാമിക തീവ്രവാദികളുടെ സംസ്കാരശൂന്യതയും സംഘപരിവാറിന് ഒട്ടും പിന്നിലല്ല. മതമില്ലാത്ത ജീവന്റെ പേരില്‍ കേരളത്തിലെ ഏഴാം ക്ലാസ് പാഠപുസ്തകം ചുട്ടുചാമ്പലാക്കപ്പെടേണ്ടതാണ് എന്ന് വിധിച്ചതില്‍ ഹിന്ദുത്വ-ഇസ്ലാമിക വര്‍ഗീയ ശക്തികള്‍ ഒരേ തൂവല്‍ പക്ഷികളായിരുന്നുവെന്നതും വിസ്മരിച്ചുകൂട. പുസ്തകം കത്തിച്ചതും സദാചാരവും സംസ്കാരവും സംരക്ഷിക്കുന്നതിന്റെ ‘ഭാഗമാണെന്നായിരുന്നല്ലോ ഇരുകൂട്ടരുടേയും ന്യായം. പോളണ്ട് കൈടക്കിയ നാസികള്‍ ആദ്യം ചെയ്തത് വിശ്വക്ലാസിക്കുകള്‍ക്ക് തീയിടുകയായിരുന്നുവെന്നതില്‍ നിന്ന് ഫാസിസ്റ്റുകള്‍ക്ക് സംസ്കാരത്തോടുള്ള സമീപനം വ്യക്തമാകും.

റീച്ച്സ്റാഗും കുഞ്ഞമ്പുവും

ശ്രീരാമസേനയുമായി ബന്ധമില്ലെന്ന് അവകാശപ്പെടുന്ന സംഘപരിവാറും ബിജെപിയും ഓരോ ആക്രമണങ്ങളെതുടര്‍ന്നും അവരെ രക്ഷിക്കാനുള്ള ന്യായങ്ങള്‍ നിരത്തുകയാണ്. കര്‍ണാടകയിലെ ബിജെപി സര്‍ക്കാരാകട്ടെ ശക്തമായ എന്തെങ്കിലും നടപടി അവര്‍ക്കെതിരെ സ്വീകരിക്കുന്നുമില്ല.

ശ്രീരാമസേനയെ രക്ഷിക്കാനുള്ള സംഘപരിവാറിന്റെ വ്യഗ്രത മറനീക്കി പുറത്തുവന്നത് സി എച്ച് കുഞ്ഞമ്പുവിന്റെ മകളുടെ പ്രശ്നത്തിലാണ്. കുഞ്ഞമ്പുവിന്റെ മകളെ ആക്രമിച്ചവര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് എന്നാണ് സംഘടിതമായി സംഘപരിവാര്‍ പ്രചരിപ്പിച്ചത്. അവിടംകൊണ്ടും നിര്‍ത്താതെ കുഞ്ഞമ്പു തന്നെയാണ് മകളെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുവാന്‍ ഈ സംഭവം ആസൂത്രണം ചെയ്തത് എന്നുവരെ ഇക്കൂട്ടര്‍ പറഞ്ഞുകളഞ്ഞു! ജര്‍മന്‍ പാര്‍ലമെന്റായ റീച്ച് സ്റ്റാഗിന് തീകൊടുത്ത നാസികള്‍ കമ്യൂണിസ്റുകാരാണ് അതു ചെയ്തത് എന്ന് പ്രചരിപ്പിച്ചതിനോടല്ലാതെ എന്തിനോടാണീ നുണയെ താരതമ്യം ചെയ്യുക. ഡിവൈഎഫ്ഐ നേതാക്കളായ ‘ഭാസ്കര കുമ്പളയും ഈയിടെ റഫീക്കും കൊലചെയ്യപ്പെട്ടപ്പോഴും ആര്‍എസ്എസ് ഇങ്ങനെതന്നെയാണ് പറഞ്ഞത്. നാഗ്പൂരില്‍ നടന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ രാജ്‌നാഥ് സിങ് അവകാശപ്പെട്ടത് തങ്ങള്‍ മാത്രമാണ് ഗാന്ധിശിഷ്യര്‍ എന്നാണല്ലോ. ഗാന്ധിശിഷ്യരെന്ന് അവകാശപ്പെടാന്‍ മടിക്കാത്ത ഗാന്ധിഘാതകര്‍ക്ക് എന്താണ് പറഞ്ഞുകൂടാത്തത്? എന്താണ് ചെയ്തുകൂടാത്തത്? ഫാസിസ്റ്റ് ഇരട്ടത്താപ്പിന്റെയും അവസരവാദത്തിന്റേയും നികൃഷ്ടമായ ഉദാഹരണമാണിത്.

വിഷത്താമരയുടെ രാഷ്ട്രീയം

മംഗലാപുരം സംഭവങ്ങളുടെ രാഷ്ട്രീയം എന്താണ്? കര്‍ണാടകയില്‍, ദക്ഷിണേന്ത്യയിലാദ്യമായി ബിജെപിയുടെ വിഷത്താമര വിരിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷിക്കേണ്ടത്. ഇന്ത്യയില്‍ മറ്റു പലയിടത്തുമെന്നപോലെ കര്‍ണാടകയിലും ബിജെപിയുടെ അധികാരാരോഹണം ഹിന്ദുത്വ തീവ്രവാദത്തെയും വര്‍ഗീയ ധ്രുവീകരണത്തെയും ശക്തിപ്പെടുത്തിയിരിക്കുന്നു. ശ്രീരാമസേനപോലുള്ള ഹിന്ദുത്വ മാഫിയാ സംഘങ്ങളുടെ ഉത്ഭവവും പ്രവര്‍ത്തനങ്ങളും ഈ രാഷ്ട്രീയവുമായി പ്രത്യക്ഷമായി ബന്ധപ്പെട്ടിരിക്കുന്നു. ശ്രീരാമസേന സംഘപരിവാറില്‍ അംഗമായാലും ഇല്ലെങ്കിലും ഇരുവരും പങ്കുവെക്കുന്നത് ഒരേ പ്രത്യയശാസ്ത്രവും രാഷ്ട്രീയവുമാണ്. അതാകട്ടെ തീവ്രഹിന്ദുത്വത്തിന്റേതുമാണ്.

ഇത്തരം ശക്തികളെ ഇളക്കിവിടുന്നതിനു പിന്നില്‍ ആസന്നമായ തെരഞ്ഞെടുപ്പു മുന്നില്‍കണ്ട് തീവ്ര ഹിന്ദുത്വ നിലപാടിലേക്കുള്ള ബിജെപിയുടെ ചുവടുമാറ്റവുമുണ്ട്. നാഗ്പൂരില്‍ അദ്വാനിയുടെ പ്രസംഗത്തില്‍ നിറഞ്ഞുനിന്നത് ‘ജയ് ശ്രീരാം’ മുദ്രാവാക്യമായിരുന്നുവെന്നത് ശ്രദ്ധേയമാണ്. രാമനെ തങ്ങള്‍ മറന്നിട്ടില്ലെന്നുള്ള അദ്വാനിയുടെ പ്രഖ്യാപനം തെരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തില്‍ അക്രമാസക്ത ഹിന്ദുത്വത്തിലേക്കുള്ള മടങ്ങിപ്പോക്കിന്റെ സൂചനയുമാണ്. ഈ മടങ്ങിപ്പോക്ക് സമീപകാലത്ത് ബിജെപിക്കുണ്ടായ തിരച്ചടികളുടെ നിരാശയും ആഗോള സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള സങ്കീര്‍ണ സമസ്യകളെ അഭിസംബോധന ചെയ്യാനുള്ള കഴിവില്ലായ്മയും ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള കാര്യക്ഷമമായ ഒരു പരിപാടിയുടെ ശൂന്യതയും നിമിത്തം അനിവാര്യവുമാണ്.

ബിജെപി തീവ്ര ഹിന്ദുത്വത്തിലേക്ക് മടങ്ങുകയല്ലാതെ ഗത്യന്തരമില്ലെന്ന് നിശ്ചയിച്ചുറപ്പിച്ചുകഴിഞ്ഞതോടെ ഒരു കാര്യം സ്പഷ്ടമായിരിക്കുന്നു. വരാനിരിക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും സ്ത്രീകള്‍ക്കും എതിരായ പുതിയ കടന്നാക്രമണങ്ങളുടെ വേലിയേറ്റമായിരിക്കും. അരങ്ങേറാനിരിക്കുന്ന ആ ഫാസിസ്റ്റ് ആക്രമണങ്ങളുടെ മുഖവുര മാത്രമാണ് മംഗലാപുരം സംഭവങ്ങള്‍.

*
എം ബി രാജേഷ് കടപ്പാട്: ദേശാഭിമാനി

Thursday, February 19, 2009

പൂതപ്പാട്ട് മോഹിനിയാട്ട രൂപത്തിൽ

വിനീത നെടുങ്ങാടിയുടെ സർഗാത്മകമായ കൊറിയോഗ്രാഫിയും ഉൽ‌കൃഷ്‌ടമായ അവതരണവും

എറണാകുളത്തെ ബാങ്ക് ജീവനക്കാരുടെ സാംസ്‌ക്കാരിക കൂട്ടായ്‌മയായ ബീമിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ മോഹിനിയാട്ട നർത്തകരിൽ പ്രമുഖയായ വിനീതാ നെടുങ്ങാടി, ഇടശ്ശേരി ഗോവിന്ദൻ നായരുടെ വിഖ്യാതമായ പൂതപ്പാട്ട് എന്ന കാവ്യം മോഹിനിയാട്ടരൂപത്തിൽ അവതരിപ്പിച്ചത് കലാസ്വാദകർക്ക് ഏറെക്കാലം മനസ്സിൽ തങ്ങി നിൽക്കുന്ന ഹൃദ്യമായ അനുഭവമായിരുന്നു.


മുക്കാൽ മണിക്കൂർ നേരം കാണികളുടെ മനം കവർന്ന അഭിനയത്തിലൂടെ പൂതപ്പാട്ടിലെ അമ്മയായും കുട്ടിയായും പൂതമായും പകർന്നാടിയ വിനീത തന്റെ അഭിനയസിദ്ധിയും നടനവൈഭവവും അസന്ദിഗ്‌ധമായി തെളിയിച്ചു. പൂതപ്പാട്ട് എന്ന കാവ്യം അപ്പടി പകർത്താതെ നൃത്തത്തിനിണങ്ങുന്ന കാവ്യഭാഗങ്ങൾ സ്വീകരിക്കുകയും നീണ്ട അഭിനയങ്ങൾക്കിടയിൽ ശുദ്ധമായ നൃത്തം മനോഹരമായി കോർത്തിണക്കുകയും ചെയ്‌തുകൊണ്ട് വിനീത നടത്തിയ നൃത്തസംവിധാനം കൊറിയോഗ്രാഫിയിലെ അവരുടെ പ്രാവീണ്യം വിളിച്ചറിയിച്ചു.


പ്രസിദ്ധ കഥകളി ഗായകൻ കോട്ടയ്‌ക്കൽ മധുവാണ് പൂതപ്പാട്ടിന്റെ സംഗീത സംവിധാനം രാഗമാലികയിലും താളമാലികയിലും ചിട്ടപ്പെടുത്തിയത്. ശബ്‌ദ മാധുര്യത്തോടെയും അങ്ങേയറ്റം ഭാവതീവ്രതയോടെയും ശ്രീകൃഷ്‌ണപുരം മധു പൂതപ്പാട്ട് ആലപിച്ചത് ഹൃദയഹാരിയായ അനുഭവമായിരുന്നു.


പരമ്പരാഗതമായ രീതിയിൽ പതിഞ്ഞ കാലത്തിൽ ചൊൽകെട്ടോടെ ആരംഭിച്ച നൃത്താവതരണത്തിൽ മോഹിനിയാട്ടത്തിന്റെ സൌന്ദര്യം മുഴുവൻ ആവാഹിച്ച്, കലാമണ്ഡലം ശൈലിയിൽ ലാസ്യ ലാവണ്യം വഴിഞ്ഞൊഴുകിയ വിനീതയുടെ മോഹിനിയാട്ടം പലപ്പോഴും കലാമണ്ഡലം ലീലാമ്മയുടെ ഉദാത്തമായ നൃത്തശൈലിയെ അനുസ്‌മരിപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു.


കാവാലം നാരായണപ്പണിക്കരുടെ പ്രസിദ്ധമായ “കറുകറെ കാർമുകിൽ കൊമ്പനാനപ്പുറത്തേറിയെഴുന്നെള്ളും ....”എന്നു തുടങ്ങുന്ന കവിതയും വിനീതാ നെടുങ്ങാടി അവതരിപ്പിച്ചു. സാമന്ത മലഹരി രാഗത്തിൽ കേരളീയത തുളുമ്പുന്ന രീതിയിലുള്ള വിനീതയുടെ നൃത്താവിഷ്‌ക്കാരം അത്യന്തം ആസ്വാദ്യകരമായിരുന്നു. മാനത്ത് കാർമേഘങ്ങൾ കണ്ട് മയിലുകൾ ആനന്ദനൃത്തം ചവിട്ടുന്നതും പക്ഷികളുടെ വിവിധ ചേഷ്‌ഠകളും മറ്റും നരകാസുരവധം ആട്ടക്കഥയിലെ പ്രസിദ്ധമായ ‘കേകിയാട്ട’ത്തെ അനുസ്‌മരിപ്പിക്കുന്ന വിധം, എന്നാൽ സ്വന്തമായ പല വ്യാഖ്യാനങ്ങളും നൽകി വിനീത രംഗത്തവതരിപ്പിച്ചപ്പോൾ അത് ഉജ്ജ്വലമായൊരു സൃഷ്‌ടിയായി പ്രേക്ഷകർക്കനുഭവപ്പെട്ടു.


ആനന്ദഭൈരവി രാഗത്തിൽ സ്വാതിതിരുനാളിന്റെ ‘പൂന്തേൻ നേർമൊഴി’ എന്ന പദം വളരെ മിതത്വത്തോടെ അവതരിപ്പിച്ചതും വളരെ ശ്രദ്ധേയമായിരുന്നു. ‘ഭാഗ്യശ്രീ’ രാഗത്തിൽ “തിരുസേവ” എന്ന പേരിലുള്ള അവസാനത്തെ ഇനം കഥകളിയിലെ ചില ചുവടുകൾ ഉചിതമായ രീതിയിൽ ഉപയോഗിച്ചുകൊണ്ടുള്ളതായിരുന്നു.


ഒന്നേമുക്കാൽ മണിക്കൂർ നീണ്ട വിനീതയുടെ മോഹിനിയാട്ട കച്ചേരിക്ക് ശ്രീകൃഷ്‌ണപുരം മധു( വോക്കൽ), കല്ലേക്കുളങ്ങര പി ഉണ്ണികൃഷ്‌ണൻ (മൃദംഗം), സുരേഷ് അമ്പാടി (വയലിൻ), പി. രഘുത്തമൻ നെടുങ്ങാടി (താളം) എന്നിവർ മികച്ച പിന്തുണ നൽകി. മോഹിനിയാട്ടത്തിന്റെ പാരമ്പര്യത്തനിമയിൽ ഉറച്ചുനിന്നുകൊണ്ട് വിനീതാ നെടുങ്ങാടി നടത്തിയ സർഗ്ഗാത്മക പരീക്ഷണങ്ങൾ സാർത്ഥകമായതിനു തെളിവായിരുന്നു ഈ നൃത്തവിരുന്നിനെ സദസ്സ് സഹർഷം സ്വീകരിച്ചത്.


പ്രശസ്ത സാഹിത്യകാരൻ പി നരേന്ദ്രനാഥിന്റെ പുത്രിയായ വിനീതയ്‌ക്ക് സാഹിത്യ വിഷയങ്ങളിലുള്ള താൽ‌പ്പര്യവും അവരുടെ പരന്ന വായനയും നൃത്തരംഗത്ത് അവർ നടത്തുന്ന അന്വേഷണങ്ങളെ കൂടുതൽ ഗൌരവമുള്ളതാക്കുന്നു. മോഹിനിയാട്ടത്തെ ജീവിത സപര്യയായി തെരഞ്ഞെടുത്ത ഈ നർത്തക പ്രതിഭയ്‌ക്ക് ഇനിയും ഈ രംഗത്ത് ഏറെ മുന്നോട്ട് പോകാൻ കഴിയുമെന്ന കാര്യത്തിൽ സംശയമില്ല.

എ എൻ രവീന്ദ്രൻ

ചിത്രങ്ങൾക്ക് കടപ്പാട്: അനീഷ്, ഷാജിരാജ്

Tuesday, February 17, 2009

പ്രതീതി വിജയങ്ങള്‍

കുടുംബം എന്ന പ്രതിഭാസം സമൂഹത്തിന്റെ ഒരു യൂണിറ്റ് എന്ന നിലക്ക് പ്രവര്‍ത്തനക്ഷമമാകുകയാണോ ചെയ്യുന്നത്, അതോ സമൂഹത്തിന്റെ പൊതുപ്രയാണത്തില്‍ നിന്ന് വ്യക്തികളായ കുടുംബാംഗങ്ങളെ മാറ്റിനിര്‍ത്തുന്നതിനുള്ള ഒരു ഒളിസങ്കേതമായി മാറുകയാണോ ചെയ്യുന്നത് എന്ന പ്രാഥമികപ്രശ്നത്തെ അഭിമുഖീകരിക്കാതെ, ശ്രീനിവാസനും മകനും തകര്‍ത്തഭിനയിക്കുന്ന മകന്റെ അഛന്‍ എന്ന സിനിമയെക്കുറിച്ചുള്ള ആലോചന പൂര്‍ണമാവില്ല. ദശകങ്ങളായി മലയാള സിനിമയില്‍ നിലനില്‍ക്കുന്ന ശ്രീനിവാസന്‍ എന്ന പ്രതിനിധാനത്തിന്റെ പൊതു പശ്ചാത്തലത്തില്‍ തന്നെയാണ് ഈ സിനിമയും ഭാവന ചെയ്യപ്പെട്ടിരിക്കുന്നത്. കറുപ്പിലേക്ക് കൂടുതല്‍ ചാഞ്ഞു നില്‍ക്കുന്ന ഇരുനിറത്തിലുള്ള തൊലി, പൊക്കക്കുറവ്, സൂപ്പര്‍ താരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ചന്തമില്ലായ്മ രേഖപ്പെടുത്തപ്പെടുന്ന മുഖം, എങ്ങിനെ സംസാരിച്ചാലും അത് പരിഹസിക്കലാണെന്ന് കേള്‍ക്കുന്നവര്‍ക്ക് തോന്നുന്ന രീതിയിലുള്ള സംഭാഷണാവതരണം, കള്ളത്തരം ഒളിച്ചുവെച്ച് പുറത്തേക്ക് മാന്യനോ പാവമോ ആയി നടിക്കുന്നതുപോലുള്ള പെരുമാറ്റം, സ്വന്തം ഭാര്യക്കും സുഹൃത്തുക്കള്‍ക്കും മുമ്പില്‍ എപ്പോഴും അവമതിക്കപ്പെടാനുള്ള കഥാസന്ദര്‍ഭങ്ങള്‍, എന്നിങ്ങനെ സൂപ്പര്‍താരങ്ങളുടെ അതിജീവനരീതികളില്‍ നിന്ന് നേര്‍വിപരീതമായുള്ള ഒരു ഗതിയാണ് ശ്രീനിവാസന്‍ കഥാപാത്രങ്ങള്‍ക്ക് പ്രത്യക്ഷത്തിലുള്ളത്. ദിശാബോധത്തിലും പ്രയോഗത്തിലും ഈ വിപരീതം തെളിയിച്ചെടുത്തുകൊണ്ട്; സൂപ്പര്‍താര സിനിമകളിലെന്നതു പോലെ, യാഥാസ്ഥിതികവും പരമ്പരാഗതവുമായ മൂല്യങ്ങളെ പുനസ്ഥാപിക്കുക തന്നെയാണ് ശ്രീനിവാസന്‍ സിനിമകളും ചെയ്തുപോരുന്നത് എന്ന കാര്യം ഇതിനകം തന്നെ വിശദീകരിക്കപ്പെട്ടിട്ടുള്ളതുമാണ്. ഇടതുപക്ഷ ആശയങ്ങളെയും പ്രയോഗങ്ങളെയും ആരോഗ്യകരമായി വിമര്‍ശിക്കുകയാണെന്ന നാട്യത്തില്‍ അത്, വലതുപക്ഷരാഷ്ട്രീയ വീക്ഷണത്തെ കാലാതീതമെന്ന വണ്ണം ഉദാത്തീകരിക്കുന്നു (സന്ദേശം, അറബിക്കഥ). കുടുംബത്തിനകത്തെ റോളുകളെ വിശേഷിച്ചും പുരുഷന്റെ നിലപാടുകളെ വിമര്‍ശിക്കുന്നു എന്ന ഭാവത്തില്‍ അത് സ്ത്രീയെ ഓരത്തേക്ക് തള്ളിമാറ്റുകയും കുറ്റത്തിന്റെ വാഹകയാക്കുകയും ചെയ്യുന്ന സ്ഥിരം പ്രവണതയെ ശാശ്വതവത്ക്കരിക്കുന്നു (തലയണമന്ത്രം, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, അയാള്‍ കഥയെഴുതുകയാണ്). ഏതു തൊഴിലും മഹത്തരമാണെന്ന ഗാന്ധിജിയുടെ സിദ്ധാന്തം പിന്‍പറ്റുന്ന വിധത്തില്‍ ലളിതമായിരിക്കുമ്പോഴും വ്യത്യസ്ത തൊഴിലുകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന മാന്യത/അമാന്യത എന്ന വിടവിനെ സ്ഥിരീകരിക്കുന്നു (പൊന്മുട്ടയിടുന്ന താറാവ്, കിളിച്ചുണ്ടന്‍ മാമ്പഴം, കഥ പറയുമ്പോള്‍).

മകന്റെ അഛന്‍ എന്ന സിനിമയില്‍ മുഖ്യവേഷം അഭിനയിക്കുന്നു എന്നല്ലാതെ കഥ, തിരക്കഥ, സംഭാഷണം എന്നിവയുടെ രചനയോ സംവിധാനമോ ശ്രീനിവാസന്‍ നിര്‍വഹിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സര്‍ഗാത്മക സംഭാവന നല്‍കിയതിനുള്ള നന്ദിയും അദ്ദേഹത്തിന് ലഭിച്ചതായി കാണുന്നില്ല. സംജദ് നാരായണനാണ് രചന നിര്‍വഹിച്ചതെങ്കില്‍ വി എം വിനുവാണ് സംവിധാനം. എന്നിട്ടും മലയാളിക്ക് ചിരപരിചിതമായ ശ്രീനിവാസത്തരം ഈ സിനിമക്കകത്തും പുറത്തും അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിലും ഇഴുകിച്ചേര്‍ന്നതെങ്ങനെ? ഒരു പക്ഷെ, തന്റെ സര്‍ഗാത്മക സംഭാവന താനുദ്ദേശിച്ച നിലവാരത്തിലെത്തിയിട്ടില്ല എന്നു കരുതി അദ്ദേഹം അതിനുള്ള ക്രെഡിറ്റ് ഉപേക്ഷിച്ചതായിരിക്കണം. അല്ലെങ്കില്‍, അദ്ദേഹത്തില്‍ നിന്ന് അപ്രകാരമുള്ള സര്‍ഗാത്മക ഉപദേശമൊന്നും സ്വീകരിക്കാതെ തന്നെ യാന്ത്രികമായി ഒരു 'ശ്രീനിവാസന്‍ സിനിമ' നിര്‍മിച്ചെടുക്കാന്‍ രചയിതാവിനും സംവിധായകനും സാധിച്ചിട്ടുണ്ടാവും എന്നും കരുതാവുന്നതാണ്.

മഞ്ഞപ്ര എന്ന ഗ്രാമത്തിലെ വില്ലേജാപ്പീസറാണ് വിശ്വനാഥന്‍ (ശ്രീനിവാസന്റെ കഥാപാത്രം). അദ്ദേഹത്തിന്റെ ഭാര്യയായ രമ (സുഹാസിനി)യാകട്ടെ പ്രത്യേക വ്യക്തിത്വസവിശേഷതയൊന്നും പ്രകടിപ്പിക്കാത്ത ഒരു സാധാരണ വീട്ടമ്മ മാത്രവും. മൂത്തമകനായ മനു(വിനീത് ശ്രീനിവാസന്‍)വിനെ എന്‍ട്രന്‍സ് പരീക്ഷയില്‍ ജയിപ്പിച്ച് എഞ്ചിനീയറാക്കണമെന്നാണ് വിശ്വനാഥന്റെ ഉദ്ദേശ്യം. മനുവിനാകട്ടെ ഈ ഉദ്ദേശ്യവും അതിനെ തുടര്‍ന്നുള്ള എന്‍ട്രന്‍സ് കോച്ചിങ്ങും അതികഠിനമായ പീഡനമായിട്ടാണ് അനുഭവപ്പെടുന്നത്. കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ കഥ ഇപ്രകാരമണെന്നത് ഒരു വസ്തുത തന്നെയാണ്.

എന്നാല്‍, എന്താണതിനുള്ള യഥാര്‍ത്ഥ കാരണം?

തങ്ങളുടെ മക്കള്‍ ഉന്നതപദവികളിലെത്തണമെന്നും വളരെ വലിയ ശമ്പളം മേടിക്കണമെന്നുമുള്ള മാതാപിതാക്കളുടെ അമിതാഗ്രഹം മാത്രമാണ് ഇത്തരമൊരു അവസ്ഥക്കു കാരണം എന്ന നിലക്കാണ്, പത്രമാധ്യമങ്ങളില്‍ വിവരിച്ചെഴുതുന്ന സര്‍വേകളിലും മനശ്ശാസ്ത്രജ്ഞന്മാരുടെ വിദഗ്ദ്ധോപദേശങ്ങളിലും സ്ഥാപിക്കപ്പെടുന്നത്. പ്രത്യക്ഷത്തില്‍ പൂര്‍ണ സത്യമെന്നനുഭവപ്പെടുന്ന ഈ അര്‍ദ്ധ സത്യത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തുള്ള എല്ലാ മാതാപിതാക്കളെയും സമൂഹം ഇതിന്റെ പേരില്‍ കുറ്റപ്പെടുത്താറുമുണ്ട്. തൊഴില്‍ രംഗത്തും സാമ്പത്തിക വിതരണത്തിലും അനുഭവിക്കുന്ന കടുത്ത അരക്ഷിതത്വവും അവ്യവസ്ഥയും കൊണ്ടാണ് ആളുകള്‍ തങ്ങളുടെ മക്കളെങ്ങനെയെങ്കിലും എന്‍ട്രന്‍സ് പാസായാല്‍ രക്ഷപ്പെടുമെന്ന ചിന്താഗതിയിലേക്ക് വലിച്ചിഴക്കപ്പെടുന്നത്. സ്വന്തം മക്കളെ കടുത്ത അരക്ഷിതത്വം നിറഞ്ഞ ഭാവിയില്‍ നിന്ന് രക്ഷിച്ചെടുക്കുക എന്ന അടിസ്ഥാനപരമായി യുക്തിസഹമായ മനോഭാവം മാത്രമേ ഇക്കാര്യത്തില്‍ മാതാപിതാക്കളെ നയിക്കുന്നുള്ളൂ. ഇതിന്റെ പേരില്‍ കുട്ടികളുടെ ജീവിതം ദുരന്തമാക്കി മാറ്റുന്നതിന്റെ ഉത്തരവാദിത്തം മാതാപിതാക്കളില്‍ മുഴുവനായി ചാര്‍ത്തുന്നത്, സമൂഹത്തെ അരക്ഷിതമാക്കി നിലനിര്‍ത്തി തൊഴില്‍ മേഖലയില്‍ കടുത്ത മത്സരം സൃഷ്ടിച്ചു വിടുന്ന മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയെ മറച്ചുവെക്കാനും രക്ഷപ്പെടുത്താനും വേണ്ടിയാണെന്നതാണ് വാസ്തവം. പത്രസര്‍വേകളെയും മനശ്ശാസ്ത്രജ്ഞ നിഗമനങ്ങളെയും നയിക്കുന്ന അരാഷ്ട്രീയ/വലതു പക്ഷ രാഷ്ട്രീയ ഭാവുകത്വത്തിന്റെ മറ്റൊരു വ്യാഖ്യാനം മാത്രമായി ഈ സിനിമ അധ:പതിക്കുന്നതും അതുകൊണ്ടു തന്നെ. മാത്രമല്ല, വികസനരംഗത്തുണ്ടാകേണ്ട വന്‍ കുതിച്ചുചാട്ടത്തിലൂടെ മാത്രമേ കേരളത്തിലെ യുവാക്കളുടെ തൊഴിലില്ലായ്മക്ക് അല്‍പമെങ്കിലും പരിഹാരം ഉണ്ടാക്കാനാവൂ എന്നിരിക്കെ, വികസനോദ്ദേശ്യവുമായി വരുന്ന നിക്ഷേപകരെ സംശയത്തിന്റെ നിഴലിലേക്ക് മാറ്റുന്ന വികസനവിരുദ്ധരായ രാജ്യദ്രോഹികളുടെ അതേ ആരോപണതന്ത്രമാണ് ഈ സിനിമയിലും നായകനന്മയുടെ മേമ്പൊടിയായി പയറ്റുന്നതെന്നത് ശ്രദ്ധിക്കുക.

സംസ്ഥാനത്തെ കുത്തക ഭൂമികളും പാഴ്നിലങ്ങളും എല്ലാം പാവങ്ങള്‍ക്ക് പതിച്ചുകൊടുക്കുകയാണ് വേണ്ടത് എന്ന രണ്ടാം ഭൂപരിഷ്ക്കരണവാദത്തെ ആധുനിക/സാങ്കേതിക/വികസനവത്ക്കരണത്തിനു പകരം വെക്കുകയും ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് സജീവമായ രാഷ്ട്രീയ/ആശയത്തര്‍ക്കത്തില്‍ പക്ഷം പിടിക്കുന്നതിലൂടെ ഇടതു മുഖംമൂടിയണിഞ്ഞ വലതുവാദത്തെയാണ് മകന്റെ അഛന്‍ പിന്തുണക്കുന്നത്. ഇതിന്റെ മറ്റൊരു ലക്ഷണമാണ് ദാരിദ്ര്യത്തെ മഹത്വവത്ക്കരിക്കുന്ന വ്യാഖ്യാനങ്ങള്‍. നിങ്ങളെന്ത് രാഷ്ട്രീയ ആശയമാണ് പുതിയ കാലത്തെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ മുന്നോട്ടു വെക്കുന്നത് എന്നല്ല, നിങ്ങള്‍ കഴിക്കുന്നത് പരിപ്പുവടയും കട്ടന്‍ചായയും ആണോ അല്ലയോ എന്നതാണ് പ്രധാനം എന്ന വാദം പോലെ തന്നെയാണ്; ജോലിയെയും കുടുംബത്തെയും കുറിച്ചുള്ള നിങ്ങളുടെ നിലപാടുകളല്ല മറിച്ച് നിങ്ങള്‍ ധരിക്കുന്നത് വില കുറഞ്ഞ കുപ്പായവും അമ്പതു രൂപയുടെ കണ്ണടയുമാണെങ്കില്‍ നിങ്ങള്‍ മഹാനാണ് എന്ന ആദര്‍ശവത്ക്കരണം മകന്റെ അഛന്‍ മുന്നോട്ടു വെക്കുന്നതും.

എന്‍ട്രന്‍സ് കോച്ചിങ്ങെന്നതുപോലെ ഈ സിനിമയില്‍ കടുത്ത ചായത്തില്‍ വിവരിച്ച് പരിഹസിക്കപ്പെടുന്ന മറ്റൊരു യാഥാര്‍ത്ഥ്യം ആള്‍ദൈവവ്യവസായമാണ്. ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന ഹിമവല്‍ ചൈതന്യ എന്ന കഥാപാത്രം, ആധുനിക ആള്‍ദൈവങ്ങളുടെ ചെയ്തികളെ അനുസ്മരിക്കുന്നതിനായിട്ടാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിവൃത്തത്തിലെ പ്രധാന പ്രതിനായകനും ഇയാള്‍ തന്നെയാണ്. നന്ദന(രഞ്ജിത്ത്)ത്തിലെ കുമ്പിടിസ്വാമി അതേ പടി കടന്നിരിക്കുന്നതായി തോന്നിപ്പിക്കുന്നുണ്ടെങ്കിലും കേരള സമൂഹത്തെ ദുഷിപ്പിക്കുന്ന അതിജീര്‍ണമായ ഒരു പ്രവണതയെ തൊലിയുരിച്ചു കാണിക്കുന്നു എന്നത് സന്തോഷകരമാണെന്നു പറയാതെ വയ്യ.

പക്ഷെ, എന്‍ട്രന്‍സ് കോച്ചിങ്ങെന്നതുപോലെ ആള്‍ദൈവവ്യവസായവും അധിക്ഷേപിക്കപ്പെടുന്നത്, ഇക്കാര്യങ്ങളെ സംബന്ധിച്ച പൊതുബോധത്തിലെ ലളിതയുക്തികളെ അവലംബിച്ചാണെന്നു കാണാം. ഈ ലളിതയുക്തികള്‍ ആഹ്ളാദവും ഉത്ക്കണ്ഠയും രോഷവും മാറി മാറി പ്രകടിപ്പിക്കപ്പെടുന്ന ആള്‍ക്കൂട്ട വികാരത്തിന്റെ പ്രകടനങ്ങള്‍ മാത്രമായി പാഴായി പ്പോകുന്നവയാണ്. സന്തോഷ് മാധവനെ പിടികൂടിയ കാലത്ത് കേരളത്തില്‍ ജ്വലിച്ചു നിന്ന ആള്‍ദൈവ വിരോധം ഇപ്പോള്‍ കാറ്റില്‍ പറന്നു പോയിരിക്കുന്നു. ആള്‍ദൈവങ്ങളും യാഗങ്ങളും അതിശക്തമായി തിരിച്ചുവന്നിരിക്കുന്നു. യാഗങ്ങളില്‍, വലതുപക്ഷ രാഷ്ട്രീയ/സാംസ്ക്കാരിക നേതാക്കള്‍ ചളിപ്പേതുമില്ലാതെ പങ്കെടുക്കുകയും പത്രങ്ങളില്‍ ഫോട്ടോയായി 'ഹോമിക്ക'പ്പെടുകയും ചെയ്യുന്നു! ആള്‍ക്കൂട്ടങ്ങളാല്‍ ബഹളമയമായി ഉയര്‍ത്തപ്പെടുന്ന കേവലവും സങ്കീര്‍ണരഹിതവുമായ പുലഭ്യം പറച്ചിലുകള്‍ കൊണ്ട് അവസാനിക്കുന്ന തോന്ന്യാസങ്ങള്‍ മാത്രമാണ് ആള്‍ദൈവങ്ങളുടെ ലീലാ വിലാസങ്ങള്‍ എന്ന് തെറ്റിദ്ധരിച്ചവര്‍ തങ്ങളുടെ പരാജയം പോലും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ആള്‍ക്കൂട്ടവികാരത്തിന്റെ പ്രകടനങ്ങളുടെ പരിഹാസ്യത തെളിയിക്കാന്‍ ഏറ്റവും ഉചിതമായത്, ഈ സിനിമയുടെ ഇതിവൃത്തം അവസാനിപ്പിക്കുന്നതിനായി സ്വീകരിക്കുന്ന സന്ദര്‍ഭം തന്നെയാണ്. എന്‍ട്രന്‍സ് കോച്ചിങ്ങിനെയും ആള്‍ദൈവ ആരാധനയെയും കടുത്ത തോതില്‍ പരിഹസിക്കുന്ന സിനിമ അഭയം തേടുന്നത് ടെലിവിഷന്‍ ചാനലുകളിലെ റിയാലിറ്റി ഷോ എന്ന മറ്റൊരു പ്രതീതി വിജയമേഖലയിലാണ്. സ്ക്കൂള്‍ യുവജനോത്സവങ്ങള്‍ക്കു ശേഷം കേരളം കണ്ട ഏറ്റവും പരിഹാസ്യവും കലാവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ ഏര്‍പ്പാടായ റിയാലിറ്റിഷോയെ ജീവിതവിജയത്തിനുള്ള ഉപാധിയായി സ്വീകരിക്കുന്ന നായകരൂപമാണ് സിനിമയില്‍ വാഴ്ത്തപ്പെടുന്നതെന്നു ശ്രദ്ധിക്കുക. മുന്‍ കാലത്ത്, മദിരാശി സെന്‍ട്രലില്‍ കള്ളവണ്ടിയിറങ്ങി പച്ചവെള്ളം മാത്രം കുടിച്ച് നടന്നു നീങ്ങുന്ന ദരിദ്രനായ (അതേസമയം പാട്ടുപാടുകയും സുന്ദരനായിരിക്കുകയും ചെയ്യുന്ന) നായകനെ, റോഡില്‍ ധനികയായ നായികയുടെ കാര്‍ ഇടിക്കുന്നതും അങ്ങിനെ അയാളുടെ 'വഴി' തെളിയുന്നതുമായ കഥ തന്നെയാണ് ഇവിടെ ആവര്‍ത്തിക്കപ്പെടുന്നത്.

സിനിമയുടെയും ഇതിവൃത്തം ആഖ്യാനം ചെയ്യപ്പെടുന്നതിന്റെയും യഥാര്‍ത്ഥ പ്രശ്നം പക്ഷെ ഇതൊന്നുമല്ല. തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ, കൂടുംബം എന്ന പ്രതിഭാസത്തെ അതെങ്ങനെയാണ് വ്യാഖ്യാനിക്കുന്നത്, ചരിത്രവത്ക്കരിക്കുന്നത്, സ്ഥാപനവത്ക്കരിക്കുന്നത്, തുടങ്ങിയ കാര്യങ്ങളാണ്. ജീവിതനൌക മുതല്‍ക്ക് മലയാള സിനിമയുടെ മുഖ്യപ്രശ്നമാണ് കുടുംബത്തിലെ അന്തഛിദ്രവും അതിന്റെ പരിഹാരമാതൃകകളും. മൂന്നു തലമുറകളാണ് ഈ സിനിമയിലുള്ളത്. വിശ്വനാഥന്റെ അഛനമ്മമാര്‍, വിശ്വനാഥനും ഭാര്യയും, അവരുടെ മക്കള്‍ എന്നിങ്ങനെയാണ് ഈ മൂന്നു തലമുറകള്‍ പ്രതിനിധാനം ചെയ്യപ്പെടുന്നത്. ഇവര്‍ തമ്മിലുള്ള ബന്ധം, ബന്ധങ്ങള്‍, ബഹുമാനം, ധാരണകള്‍, തുടങ്ങിയവ എപ്രകാരമാണ് പ്രകടിപ്പിക്കപ്പെടുന്നതും വ്യാഖ്യാനിക്കപ്പെടുന്നതും എന്നതാണ് പ്രധാനപ്പെട്ട ഒരു പ്രശ്നം. ചുരുങ്ങിയ ശമ്പളം കൊണ്ട്, കൈക്കൂലിയൊന്നും വാങ്ങാതെ ജീവിച്ചുപോകുന്ന ആളാണ് വിശ്വനാഥന്‍. വിലകുറഞ്ഞ കുപ്പായങ്ങളും അമ്പതു രൂപക്ക് റോഡരുകില്‍ ലഭിക്കുന്ന കണ്ണടയുമുപയോഗിച്ച് പിശുക്കിയുണ്ടാക്കുന്ന കാശു മിച്ചം വെച്ചാണ് അയാള്‍ മകന്റെ എന്‍ട്രന്‍സ് കോച്ചിങ്ങിനുള്ള ഭീമമായ ഫീസ് കണ്ടെത്തുന്നത്. ഇതിനിടയിലേക്ക്, എണ്ണ തേച്ചു കുളിക്കാനും കരിമീനും പുഴമീനും കൂട്ടി സമൃദ്ധമായി ഉണ്ടുറങ്ങി സുഖിക്കാനുമായി അഛനമ്മമാര്‍ എത്തുമ്പോള്‍ അയാളുടെ ജീവിതക്രമമാകെ തകിടം മറിയുന്നു. അവര്‍ക്കുള്ള വിഭവങ്ങള്‍ വാങ്ങാന്‍ വേണ്ടി വരുന്ന എണ്ണൂറ്റമ്പതു രൂപ പോലും അയാളുടെ പോക്കറ്റിലില്ല.
തങ്ങളുടെ മാതാപിതാക്കളെ അവരുടെ സംതൃപ്തിക്കു യോജിച്ച വണ്ണം പരിപാലിക്കേണ്ടത് മക്കളുടെ കടമയാണെന്നാണ് കേരള സമൂഹം കരുതിപ്പോരുന്നത്. ഇതിന്റെ വ്യാപകമായ ലംഘനമാണ് എല്ലായിടത്തും കാണുന്നതെന്നത് വസ്തുത മാത്രവും. മനുഷ്യബന്ധത്തെ സംബന്ധിച്ചുള്ള ഒരു ധാരണയെ ആദര്‍ശവത്ക്കരിച്ചുകൊണ്ട് നിര്‍മ്മിച്ചെടുക്കുകയും, അത് അപ്രായോഗികമാണെന്നു കണ്ടെത്തിയിട്ടും അത് ലംഘിക്കുന്നവരെ വ്യാപകമായി കുറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണതയാണ് ഇതിലൂടെ ജനപ്രിയമാകുന്നതെന്ന് കാണാം. ഏറ്റവും ഹിപ്പോക്രിറ്റിക്കലായ സമൂഹമായി കേരളീയര്‍ അധ: പതിച്ചുകൊണ്ടിരിക്കുകയാണെന്നതിന്റെ തെളിവുകളാണിതൊക്കെയും.

കുടുംബത്തിനകത്തും പുറത്തുമുള്ള മനുഷ്യരുടെ സുരക്ഷ എന്ന ഉത്തരവാദിത്തത്തില്‍ നിന്ന് സമൂഹത്തെ മാറ്റിനിര്‍ത്തുകയും അത് വ്യക്തികളുടെ തലയില്‍ കെട്ടിവെക്കുകയും ചെയ്യുന്ന സാമൂഹ്യവിരുദ്ധ മനോഭാവത്തിന്റെ ജനപ്രിയതയാണ് നമ്മുടെ സമൂഹത്തെയും നയിക്കുന്നത് എന്നതാണിതിലേറ്റവും ഖേദകരമായ സംഗതി. സിനിമകളുടെയും സീരിയലുകളുടെയും ഇതിവൃത്തങ്ങളും മനശ്ശാസ്ത്രജ്ഞന്മാരുടെ കൌണ്‍സലിംഗ് നീതികളും മാത്രമല്ല, പാര്‍ലമെന്റ് നിയമങ്ങള്‍ പോലും ഈ ആള്‍ക്കൂട്ട ജനപ്രിയതയുടെ ചരിത്രവിരുദ്ധതയിലേക്ക് വിലയം പ്രാപിക്കുന്നുണ്ടെന്നത് ഗൌരവമായ കാര്യമാണ്. മാതാപിതാക്കളെ ഉചിതമായി പരിപാലിക്കാത്ത മക്കളെ കോടതിക്ക് ശിക്ഷിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള ഒരു നിയമനിര്‍മാണം അടുത്ത കാലത്ത് പാര്‍ലമെന്റില്‍ നടക്കുകയുണ്ടായി. സമൂഹത്തിന്റെ പരിഛേദമായി കാണപ്പെടുന്ന ജനാധിപത്യവ്യവസ്ഥയുടെ പരമോന്നത ഘടനയായ പാര്‍ലമെന്റ്, സമൂഹത്തെയും സോഷ്യലിസ്റ്റ് രാഷ്ട്രനിര്‍മാണ സങ്കല്‍പ്പത്തെയും നിരാകരിക്കുകയും വ്യക്തികളിലേക്കും കുടുംബസ്ഥാനങ്ങളിലേക്കും മനുഷ്യരെ വെട്ടിച്ചുരുക്കുകയും ചെയ്യുന്ന അത്യപകടകരമായ പ്രവണതയാണിത്തരം നിയമനിര്‍മാണം എന്നതാണ് വസ്തുത. അതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടാകാന്‍ പോകുന്ന അസംബന്ധപരമായ അപ്രായോഗികതകളിലേക്ക് ചര്‍ച്ച വലിച്ചിഴക്കാന്‍ ഇപ്പോഴുദ്ദേശിക്കുന്നില്ല. പക്ഷെ, മനുഷ്യസ്നേഹത്തിന്റെ മുഖംമൂടിയണിഞ്ഞുകൊണ്ട് സമൂഹത്തെയും സാമൂഹികപ്രക്രിയകളെയും നിരാകരിക്കാനുതകുന്ന മനോഭാവമാണ് ഇത്തരം പ്രകടനങ്ങളുടെ അടിസ്ഥാനം എന്നത് കാണാതിരുന്നുകൂടാ. ഈ സമൂഹവിരുദ്ധ മനോഭാവത്തെ ഉറപ്പിച്ചെടുക്കുക തന്നെയാണ് മകന്റെ അഛന്‍ പോലുള്ള സിനിമകളും ചെയ്യുന്നത്.

കുടുംബത്തിനകത്ത് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരിക്കെതന്നെ ആദര്‍ശാത്മകവും നിയമാനുസൃതവുമായ ഒരു ഔദ്യോഗിക ജീവിതം നയിക്കുന്നതിലൂടെയാണ് വിശ്വനാഥന്‍ സാമൂഹ്യവത്ക്കരിക്കപ്പെടുന്നത്. അയാള്‍ക്ക് പക്ഷെ ഈ നിര്‍ഭയത്വം തന്റെ മകന് പകര്‍ന്നു കൊടുക്കാനാകുന്നില്ല. എന്‍ട്രന്‍സ് പരിശീലനം അവസാനിക്കുന്ന ദിവസം, അവനോട് പ്രണയത്തിലാണെന്ന് പറയുന്ന ആനിനെ(വരദ) അവന്‍ പിന്തിരിപ്പിക്കുന്നത് നോക്കുക. ബൈക്കും മൊബൈലുമില്ലാത്ത തന്നെ താരതമ്യേന സമ്പന്നയായ അവള്‍ പ്രേമിക്കേണ്ടെന്നു മാത്രമല്ല മനു പറയുന്നത്; വ്യത്യസ്ത മതക്കാരായ തങ്ങളുടെ ബന്ധത്തെ സമൂഹം അംഗീകരിക്കില്ല എന്നു കൂടിയാണ്. നമ്മുടെ മുഖ്യധാരാസിനിമ പോലും എല്ലാക്കാലത്തും ഉയര്‍ത്തിപ്പിടിച്ച വ്യത്യസ്ത മതക്കാര്‍ തമ്മിലുള്ള പ്രണയത്തെയും മിശ്രവിവാഹത്തെയും കൈയൊഴിയുന്നതിലൂടെ ഈ ശ്രീനിവാസന്‍ സിനിമ ശ്രീരാമസേനക്കാര്‍ നടത്തുന്ന മംഗലാപുരം മാതൃകയിലുള്ള അക്രമമനോഭാവത്തോട് രാജിയാവുന്നു. എന്നാല്‍ പിന്നീട് അവന്‍ വീട്ടില്‍ നിന്ന് പുറത്തു കടക്കുകയും ഹോട്ടല്‍ ജോലി എടുത്തുകൊണ്ട് ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് വിജയശ്രീലാളിതനാവുകയുമാണ്. ഇതല്ലാതെ തന്നെ, മകന്റെ അഛന് സിനിമയോടെന്നതിനേക്കാള്‍ ടെലിവിഷനോടാണ് ചായ്‌വ് എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ആവശ്യത്തിലധികം ക്ളോസപ്പുകളും നിര്‍ത്താതെയുള്ള വാചകമടികള്‍ മാത്രമായ സംഭാഷണ-ശബ്ദ ബഹളവും വലിയ തിരശ്ശീലക്കു പകരം ടിവി സ്ക്രീനിനു യോജിച്ച വിധത്തിലെടുത്ത ടെലി-നാടകമാക്കി മകന്റെ അഛനെ സങ്കോചിപ്പിക്കുന്നുണ്ട്. സംഗീതത്തെയും സംഗീതാവതരണത്തെയും സര്‍ഗാത്മകതയും വ്യക്തിത്വവിജയവുമായി ഉയര്‍ത്തിക്കാട്ടുന്ന സിനിമയില്‍ ചേര്‍ത്തിട്ടുള്ള രണ്ടു പാട്ടുകളിലൊന്നിന്റെ അവതരണം സ്റേജിലും മറ്റൊന്നിന്റേത് ടെലിവിഷന്‍ സ്റ്റുഡിയോയിലുമാണ്. ആദ്യത്തേതില്‍ എന്‍ട്രന്‍സ് കോച്ചിങ് സെന്ററിലെ ഭീകരനായ പ്രധാനാധ്യപകനും രണ്ടാമത്തേതില്‍ തന്റെ സങ്കല്‍പം മകനിലടിച്ചേല്‍പിച്ച അഛനുമാണ് പരാജയപ്പെടുത്തപ്പെടുന്നത്. ജീവിതവിജയത്തിനു പകരം പ്രതീതി (സ്റേജ്/ടിവി) വിജയമാണ് മഹത്വവത്ക്കരിക്കപ്പെടുന്നത് എന്നു സാരം.

കുടുംബം എന്ന ആദര്‍ശരൂപത്തെ മഹത്വവത്ക്കരിച്ചെടുത്ത് സമൂഹത്തിന് പകരവും വിപരീതവുമായി സ്ഥാപിക്കുക എന്ന സിനിമയുടെ സ്ഥിരം ഇതിവൃത്തം തന്നെയാണ് ഇവിടെയും ആഖ്യാനം ചെയ്യപ്പെടുന്നത്. സമൂഹത്തിന്റെ ഒരു മിനിയേച്ചര്‍ പതിപ്പെന്ന നിലയില്‍ കുടുംബം പ്രാഥമിക ജനാധിപത്യത്തിന്റെ പ്രവര്‍ത്തനമേഖല എന്ന നിലക്ക് വികസിക്കുകയാണെങ്കില്‍ മാത്രമേ അത് മാനവികതക്ക് ഗുണം ചെയ്യുകയുള്ളൂ. എന്നാലങ്ങിനെയല്ല സംഭവിച്ചുകൊണ്ടിരിക്കുന്നത്. പുരുഷാധിപത്യം, യാഥാസ്ഥിതിക മൂല്യങ്ങള്‍, ജാതി-മത-കുല മഹിമകളുടെ ഗൃഹാതുരത്വവും പുനസ്ഥാപനവും, ഉപഭോഗസംസ്ക്കാരത്തോടുള്ള അതിരു കടന്ന വിധേയത്വം, മുതലാളിത്ത കമ്പോളത്തിനനുയോജ്യമായ വിധത്തിലുള്ളതും നിലനില്‍ക്കാന്‍ സാധ്യതയുള്ളതുമായ ഒരു സുഘടിത യൂണിറ്റു രൂപീകരണം എന്നിങ്ങനെ കുടുംബത്തിലൂടെ പ്രയോഗവത്ക്കരിക്കപ്പെടുന്ന ഘടകങ്ങള്‍ അനവധിയാണ്. അവികസിതമായ മാനസികാവബോധത്തോടെയാണ് മിക്ക വ്യക്തികളും കുടുംബത്തിനകത്തെ അധികാരപദവിയിലേറുമ്പോള്‍ എന്നതു കൊണ്ട്, കുട്ടികളും സ്ത്രീകളുമടക്കമുള്ള വീട്ടിനകത്തെ കീഴാള സമൂഹം അനുഭവിക്കുന്ന ശാരീരിക-മാനസിക പീഡനങ്ങള്‍ അതിരറ്റതാണ്. കുട്ടികളെ എല്ലാ അര്‍ത്ഥത്തിലും സാമൂഹ്യവിരുദ്ധരാക്കി വളര്‍ത്തിയെടുക്കുകയാണ് കുടുംബം ചെയ്തുപോരുന്നത് എന്നതാണ് വാസ്തവം.

വിദ്യാഭ്യാസം പോലെ വ്യക്തിയെ സാമൂഹ്യവത്ക്കരിക്കാന്‍ ഉപകരിക്കേണ്ട ഒരു പ്രക്രിയ കഴുത്തറുപ്പന്‍ മത്സരത്തിനുള്ള ഒരു ഗോദയാക്കി ആധുനിക മുതലാളിത്തം സങ്കോചിപ്പിച്ചെടുത്തു. കൈക്കൂലി വാങ്ങാത്ത, ആദര്‍ശവാദിയായി കാണപ്പെടുന്ന വിശ്വനാഥന്‍ സമൂഹത്തിന് അനുയോജ്യനായ ഒരു മനുഷ്യനായി മകനെ പഠിപ്പിച്ചെടുക്കാനല്ല ഉദ്യമിക്കുന്നത്, മറിച്ച് കനത്ത ശമ്പളം കിട്ടിയേക്കുമെന്നു കരുതാവുന്ന പ്രൊഫഷനലാക്കാനാണ്. ഇതിന്റെ സാമൂഹ്യവിരുദ്ധത ബോധ്യപ്പെട്ടുകൊണ്ടല്ല, മനു അഛനോടും അദ്ദേഹത്തിന്റെ വ്യക്തിത്വ/വിദ്യാഭ്യാസ സങ്കല്‍പത്തോടും വിയോജിച്ചുകൊണ്ട് വീടുവിട്ടു പോകുന്നത്. തനിക്കുള്ളിലുള്ള സംഗീതവാസന എന്ന സര്‍ഗാത്മകതയെ റിയാലിറ്റി ഷോ എന്ന കഴുത്തറുപ്പന്‍ മത്സരത്തിലൂടെ പുറത്തെടുക്കാനും വാശി തീര്‍ക്കുവാനുമാണ്. കുടുംബം തന്നെ വ്യത്യസ്ത ആശയഗതികളുടെ പോരാട്ട വേദിയാവുകയാണിവിടെ. അതില്‍ കുഴപ്പമില്ല. എന്നാല്‍ ഇരുപക്ഷവും സമൂഹത്തെയല്ല ആത്യന്തികമായി പരിഗണിക്കുന്നത്, വ്യക്തിത്വത്തിന്റെ പ്രതീതി വിജയങ്ങളെയാണെന്നതാണ് അപഹാസ്യമായ കാര്യം. ഒറ്റപ്പെട്ട വ്യക്തികളുടെ പ്രതീതിവിജയങ്ങളാണ് പ്രധാനം, അല്ലാതെ സമൂഹത്തിന്റെ ആകെയുള്ള മാറ്റമല്ല എന്നത് ബൂര്‍ഷ്വാ നീതിശാസ്ത്രത്തിന്റെ പ്രിയപ്പെട്ട ശാസനകളിലൊന്നാണല്ലോ.

ടി വി റിയാലിറ്റി ഷോയിലെ മനുവിന്റെ പ്രതീതിവിജയത്തോടെ അവരുടെ കുടുംബത്തിന്റെ സകലമാന പ്രശ്നങ്ങളും ഒറ്റയടിക്ക് പരിഹരിക്കപ്പെടുന്നു. വലിയ വീട്, നല്ല വസ്ത്രങ്ങള്‍, മനുവിനെ പഠിപ്പിക്കാനായെടുത്ത കടങ്ങളില്‍ നിന്നുള്ള മോചനം എന്നിങ്ങനെ അവര്‍ക്കുണ്ടാകുന്ന സാമ്പത്തികശ്രേയസ്സിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പൂവണിയുന്ന ഘട്ടത്തിലാണ് സിനിമ അവസാനിക്കുന്നത്. പ്രശ്നരഹിതവും സമ്പന്നവുമായ കുടുംബം എന്നതാണ് മനുഷ്യകുലത്തിന്റെ ആഹ്ളാദത്തിന്റെ നിദാനം എന്ന മൂല്യബോധത്തെയാണ് എല്ലാ സിനിമകളിലുമെന്നതു പോലെ മകന്റെ അഛനും അടിസ്ഥാനമാക്കുന്നത്. ഈ പ്രശ്നരഹിത/സമ്പന്ന കുടുംബം ആ നിലയിലെത്തുന്നതാകട്ടെ, സമൂഹത്തിനൊന്നാകെയുണ്ടാകുന്ന അഭ്യുന്നതി മൂലമല്ല. തങ്ങളുടെ കുടുംബത്തിന് പുറത്തുള്ള, അഥവാ ഇത്രയും കാലം തങ്ങളുടെ കുടുംബത്തിനകത്തുമുണ്ടായിരുന്ന ദരിദ്ര സമൂഹത്തിനകത്ത് നടത്തുന്ന വ്യാജമത്സരവിജയത്തിലൂടെയാണ് കുടുംബം രക്ഷപ്പെടുന്നത്. കുടുംബം നേരെയാക്കിയിട്ട് സമൂഹത്തിന്റെ കാര്യം ചിന്തിച്ചാല്‍ പോരേ എന്ന വലതുപക്ഷ ആശയം തന്നെയാണ് ഉയര്‍ത്തിക്കാട്ടപ്പെടുന്നത്.

*
ജി.പി.രാമചന്ദ്രന്‍ കടപ്പാട് മാധ്യമം ആഴ്ചപ്പതിപ്പ്

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഹിന്ദു ദിനപ്പത്രം