Thursday, February 19, 2009

പൂതപ്പാട്ട് മോഹിനിയാട്ട രൂപത്തിൽ

വിനീത നെടുങ്ങാടിയുടെ സർഗാത്മകമായ കൊറിയോഗ്രാഫിയും ഉൽ‌കൃഷ്‌ടമായ അവതരണവും

എറണാകുളത്തെ ബാങ്ക് ജീവനക്കാരുടെ സാംസ്‌ക്കാരിക കൂട്ടായ്‌മയായ ബീമിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ മോഹിനിയാട്ട നർത്തകരിൽ പ്രമുഖയായ വിനീതാ നെടുങ്ങാടി, ഇടശ്ശേരി ഗോവിന്ദൻ നായരുടെ വിഖ്യാതമായ പൂതപ്പാട്ട് എന്ന കാവ്യം മോഹിനിയാട്ടരൂപത്തിൽ അവതരിപ്പിച്ചത് കലാസ്വാദകർക്ക് ഏറെക്കാലം മനസ്സിൽ തങ്ങി നിൽക്കുന്ന ഹൃദ്യമായ അനുഭവമായിരുന്നു.

മുക്കാൽ മണിക്കൂർ നേരം കാണികളുടെ മനം കവർന്ന അഭിനയത്തിലൂടെ പൂതപ്പാട്ടിലെ അമ്മയായും കുട്ടിയായും പൂതമായും പകർന്നാടിയ വിനീത തന്റെ അഭിനയസിദ്ധിയും നടനവൈഭവവും അസന്ദിഗ്‌ധമായി തെളിയിച്ചു. പൂതപ്പാട്ട് എന്ന കാവ്യം അപ്പടി പകർത്താതെ നൃത്തത്തിനിണങ്ങുന്ന കാവ്യഭാഗങ്ങൾ സ്വീകരിക്കുകയും നീണ്ട അഭിനയങ്ങൾക്കിടയിൽ ശുദ്ധമായ നൃത്തം മനോഹരമായി കോർത്തിണക്കുകയും ചെയ്‌തുകൊണ്ട് വിനീത നടത്തിയ നൃത്തസംവിധാനം കൊറിയോഗ്രാഫിയിലെ അവരുടെ പ്രാവീണ്യം വിളിച്ചറിയിച്ചു.

പ്രസിദ്ധ കഥകളി ഗായകൻ കോട്ടയ്‌ക്കൽ മധുവാണ് പൂതപ്പാട്ടിന്റെ സംഗീത സംവിധാനം രാഗമാലികയിലും താളമാലികയിലും ചിട്ടപ്പെടുത്തിയത്. ശബ്‌ദ മാധുര്യത്തോടെയും അങ്ങേയറ്റം ഭാവതീവ്രതയോടെയും ശ്രീകൃഷ്‌ണപുരം മധു പൂതപ്പാട്ട് ആലപിച്ചത് ഹൃദയഹാരിയായ അനുഭവമായിരുന്നു.

പരമ്പരാഗതമായ രീതിയിൽ പതിഞ്ഞ കാലത്തിൽ ചൊൽകെട്ടോടെ ആരംഭിച്ച നൃത്താവതരണത്തിൽ മോഹിനിയാട്ടത്തിന്റെ സൌന്ദര്യം മുഴുവൻ ആവാഹിച്ച്, കലാമണ്ഡലം ശൈലിയിൽ ലാസ്യ ലാവണ്യം വഴിഞ്ഞൊഴുകിയ വിനീതയുടെ മോഹിനിയാട്ടം പലപ്പോഴും കലാമണ്ഡലം ലീലാമ്മയുടെ ഉദാത്തമായ നൃത്തശൈലിയെ അനുസ്‌മരിപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു.

കാവാലം നാരായണപ്പണിക്കരുടെ പ്രസിദ്ധമായ “കറുകറെ കാർമുകിൽ കൊമ്പനാനപ്പുറത്തേറിയെഴുന്നെള്ളും ....”എന്നു തുടങ്ങുന്ന കവിതയും വിനീതാ നെടുങ്ങാടി അവതരിപ്പിച്ചു. സാമന്ത മലഹരി രാഗത്തിൽ കേരളീയത തുളുമ്പുന്ന രീതിയിലുള്ള വിനീതയുടെ നൃത്താവിഷ്‌ക്കാരം അത്യന്തം ആസ്വാദ്യകരമായിരുന്നു. മാനത്ത് കാർമേഘങ്ങൾ കണ്ട് മയിലുകൾ ആനന്ദനൃത്തം ചവിട്ടുന്നതും പക്ഷികളുടെ വിവിധ ചേഷ്‌ഠകളും മറ്റും നരകാസുരവധം ആട്ടക്കഥയിലെ പ്രസിദ്ധമായ ‘കേകിയാട്ട’ത്തെ അനുസ്‌മരിപ്പിക്കുന്ന വിധം, എന്നാൽ സ്വന്തമായ പല വ്യാഖ്യാനങ്ങളും നൽകി വിനീത രംഗത്തവതരിപ്പിച്ചപ്പോൾ അത് ഉജ്ജ്വലമായൊരു സൃഷ്‌ടിയായി പ്രേക്ഷകർക്കനുഭവപ്പെട്ടു.

ആനന്ദഭൈരവി രാഗത്തിൽ സ്വാതിതിരുനാളിന്റെ ‘പൂന്തേൻ നേർമൊഴി’ എന്ന പദം വളരെ മിതത്വത്തോടെ അവതരിപ്പിച്ചതും വളരെ ശ്രദ്ധേയമായിരുന്നു. ‘ഭാഗ്യശ്രീ’ രാഗത്തിൽ “തിരുസേവ” എന്ന പേരിലുള്ള അവസാനത്തെ ഇനം കഥകളിയിലെ ചില ചുവടുകൾ ഉചിതമായ രീതിയിൽ ഉപയോഗിച്ചുകൊണ്ടുള്ളതായിരുന്നു.

ഒന്നേമുക്കാൽ മണിക്കൂർ നീണ്ട വിനീതയുടെ മോഹിനിയാട്ട കച്ചേരിക്ക് ശ്രീകൃഷ്‌ണപുരം മധു( വോക്കൽ), കല്ലേക്കുളങ്ങര പി ഉണ്ണികൃഷ്‌ണൻ (മൃദംഗം), സുരേഷ് അമ്പാടി (വയലിൻ), പി. രഘുത്തമൻ നെടുങ്ങാടി (താളം) എന്നിവർ മികച്ച പിന്തുണ നൽകി. മോഹിനിയാട്ടത്തിന്റെ പാരമ്പര്യത്തനിമയിൽ ഉറച്ചുനിന്നുകൊണ്ട് വിനീതാ നെടുങ്ങാടി നടത്തിയ സർഗ്ഗാത്മക പരീക്ഷണങ്ങൾ സാർത്ഥകമായതിനു തെളിവായിരുന്നു ഈ നൃത്തവിരുന്നിനെ സദസ്സ് സഹർഷം സ്വീകരിച്ചത്.

പ്രശസ്ത സാഹിത്യകാരൻ പി നരേന്ദ്രനാഥിന്റെ പുത്രിയായ വിനീതയ്‌ക്ക് സാഹിത്യ വിഷയങ്ങളിലുള്ള താൽ‌പ്പര്യവും അവരുടെ പരന്ന വായനയും നൃത്തരംഗത്ത് അവർ നടത്തുന്ന അന്വേഷണങ്ങളെ കൂടുതൽ ഗൌരവമുള്ളതാക്കുന്നു. മോഹിനിയാട്ടത്തെ ജീവിത സപര്യയായി തെരഞ്ഞെടുത്ത ഈ നർത്തക പ്രതിഭയ്‌ക്ക് ഇനിയും ഈ രംഗത്ത് ഏറെ മുന്നോട്ട് പോകാൻ കഴിയുമെന്ന കാര്യത്തിൽ സംശയമില്ല.

എ എൻ രവീന്ദ്രൻ

ചിത്രങ്ങൾക്ക് കടപ്പാട്: അനീഷ്, ഷാജിരാജ്

6 comments:

വര്‍ക്കേഴ്സ് ഫോറം said...

എറണാകുളത്തെ ബാങ്ക് ജീവനക്കാരുടെ സാംസ്‌ക്കാരിക കൂട്ടായ്‌മയായ ബീമിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ മോഹിനിയാട്ട നർത്തകരിൽ പ്രമുഖയായ വിനീതാ നെടുങ്ങാടി, ഇടശ്ശേരി ഗോവിന്ദൻ നായരുടെ വിഖ്യാതമായ പൂതപ്പാട്ട് എന്ന കാവ്യം മോഹിനിയാട്ടരൂപത്തിൽ അവതരിപ്പിച്ചത് കലാസ്വാദകർക്ക് ഏറെക്കാലം മനസ്സിൽ തങ്ങി നിൽക്കുന്ന ഹൃദ്യമായ അനുഭവമായിരുന്നു.

മുക്കാൽ മണിക്കൂർ നേരം കാണികളുടെ മനം കവർന്ന അഭിനയത്തിലൂടെ പൂതപ്പാട്ടിലെ അമ്മയായും കുട്ടിയായും പൂതമായും പകർന്നാടിയ വിനീത തന്റെ അഭിനയസിദ്ധിയും നടനവൈഭവവും അസന്ദിഗ്‌ധമായി തെളിയിച്ചു. പൂതപ്പാട്ട് എന്ന കാവ്യം അപ്പടി പകർത്താതെ നൃത്തത്തിനിണങ്ങുന്ന കാവ്യഭാഗങ്ങൾ സ്വീകരിക്കുകയും നീണ്ട അഭിനയങ്ങൾക്കിടയിൽ ശുദ്ധമായ നൃത്തം മനോഹരമായി കോർത്തിണക്കുകയും ചെയ്‌തുകൊണ്ട് വിനീത നടത്തിയ നൃത്തസംവിധാനം കൊറിയോഗ്രാഫിയിലെ അവരുടെ പ്രാവീണ്യം വിളിച്ചറിയിച്ചു.

പ്രിയ said...

:) ജനുവരിയില്‍ ഒപ്പുകടലാസില്‍ ഒരു ഫോട്ടോ കണ്ടിരുന്നു, ഈ പൂതപ്പാട്ടിന്റ്റെ

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ
ജനുവരിയിൽ അനീഷ് ഒപ്പിയെടുത്തത് തന്നെ ഭൂരിഭാഗവും

Haree said...

:-)
ഇത്തവണത്തെ നിശാഗന്ധി ഫെസ്റ്റിവലില്‍ ഉണ്ടായിരുന്നു, ഇദ്ദേഹത്തിന്റെ മോഹിനിയാട്ടം. അധിക നേരം കാണുവാന്‍ സമയമുണ്ടായിരുന്നില്ല, കുറച്ച് ചിത്രങ്ങളെടുത്ത് പോവേണ്ടിവന്നു. എങ്കിലും, കണ്ടടത്തോളം നൃത്തം ഇഷ്ടമായിരുന്നു. മധു തന്നെയായിരുന്നു അവിടെയും ആലാപനത്തിന്. പോസ്റ്റിനും, ചിത്രങ്ങള്‍ക്കും നന്ദി.
--

വികടശിരോമണി said...

വിനീതയുടെ വളർച്ചയുടെ ഓരോ പടവുകളിലുമുള്ള നൃത്തങ്ങൾ കണ്ടിട്ടുണ്ട്.
ഇനിയുമേറെ മുന്നോട്ടു പോവാനുണ്ട്,എന്റെ സുഹൃത്തിന്-അതു കഴിയട്ടെ.
ആശംസകൾ.

SunilKumar Elamkulam Muthukurussi said...

പൂതപ്പാട്ടിനെ പറ്റി മറ്റൊരു പഴയ പോസ്റ്റ്:
http://vayanasala.blogspot.com/2006/05/blog-post.html

ഇവിടെ വീഡിയോ
http://vayanasala.blogspot.com/2008/03/blog-post_19.html

എക്സലന്റ് എന്ന നിലക്കല്ലെങ്കിലും വളരെ പരിമിതമായ അവസ്ഥയിൽ ഇങ്ങനെ കൊള്ളാവുന്ന ഒരു കാര്യം എന്ന് മാത്രേ വിചാരിക്കാൻ പാടുള്ളൂ.

-സു-