Monday, February 23, 2009

മാന്ദ്യവിരുദ്ധ ബജറ്റുകള്‍ക്ക് ഒരു കേരള മാതൃക

ലോകത്തെ കീഴടക്കിക്കൊണ്ടിരിക്കുന്ന മഹാസാമ്പത്തിക മാന്ദ്യത്തിന്റെ ഗൌരവം ഉള്‍ക്കൊണ്ടുകൊണ്ട് ഏതാണ്ടെല്ലാ രാഷ്‌ട്രങ്ങളും മാന്ദ്യവിരുദ്ധ പാക്കേജുകളും ബജറ്റുകളും തയാറാക്കാനും നടപ്പാക്കാനും ശ്രമിക്കുകയാണ്. അമേരിക്കയില്‍ സ്ഥാനമൊഴിഞ്ഞ ബുഷ് ഭരണകൂടവും പുതുതായി അധികാരത്തിലെത്തിയ ഒബാമ ഗവണ്‍മെന്റും മാന്ദ്യവിരുദ്ധ - ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിക്കുകയുണ്ടായി. അമേരിക്കന്‍ വന്‍കരയില്‍ മാത്രമല്ല ലോകത്തിന്റെ എല്ലാ കോണുകളിലും സാമ്പത്തിക തകര്‍ച്ചയെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടക്കുകയാണ്.

അഭിമാനപൂര്‍വം പറയാം, കേരളവും അവസരത്തിനൊത്ത് ഉയര്‍ന്നിരിക്കുന്നു. മാന്ദ്യത്തിന്റെ വരവും അത് കേരളത്തിനുമേല്‍ സൃഷ്‌ടിക്കാനിടയുള്ള ആഘാതവും മുന്‍കൂട്ടി കാണാന്‍ നമുക്ക് കഴിഞ്ഞു. അതുകൊണ്ടുതന്നെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന ഒരു മാന്ദ്യവിരുദ്ധ ബജറ്റ് അവതരിപ്പിക്കാനും കേരളത്തിന് കഴിഞ്ഞിരിക്കുന്നു. 2009 -10 ലേക്കുള്ള സംസ്ഥാന ബജറ്റ് ഒരു മാതൃകാ മാന്ദ്യവിരുദ്ധ ബജറ്റാണ്.

പുതിയ സംസ്ഥാന ബജറ്റ് മാന്ദ്യവിരുദ്ധ ബജറ്റുകള്‍ക്ക് മാതൃകയാണെന്ന് പറയുന്നതിന്റെ കാരണം അതിന്റെ സവിശേഷമായ ഇടതുപക്ഷ സ്വഭാവമാണ്. കമ്പോള മൌലികവാദത്തെ ഉപേക്ഷിച്ച് ഭരണകൂടത്തിന്റെ ഇടപെടലുകള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്ന സമീപനം ഏതാണ്ട് എല്ലാ ദിക്കിലും ഇപ്പോള്‍ കാണാനാവുന്നുണ്ട്. നികുതി ദായകരുടെ പണം ഉപയോഗപ്പെടുത്തിക്കൊണ്ടും പൊതുകടം വര്‍ധിപ്പിച്ചുകൊണ്ടും മാന്ദ്യത്തിന്റെ പിടിയില്‍പെടുന്ന സാമ്പത്തിക തുറകളെ രക്ഷിക്കണം എന്ന ജനവിധിയാണ് എവിടെയും ഉയര്‍ന്നുകേള്‍ക്കുന്നത്.

എന്നാല്‍, വിവിധ സര്‍ക്കാറുകള്‍ പ്രഖ്യാപിക്കുന്ന ഉത്തേജക പാക്കേജുകളുടെ ഉള്ളടക്കം പരിശോധിക്കുമ്പോഴാണ് അവയുടെ വര്‍ഗതാല്‍പര്യങ്ങള്‍ വ്യക്തമാവുക. ആരുടെയെല്ലാം ദുഷ്‌ചെയ്‌തികളാണോ മഹാമാന്ദ്യത്തിന് കാരണമായത് അവരെയെല്ലാം രക്ഷിക്കുന്നതിനാണ് പല പാക്കേജുകളിലും മുന്‍ഗണന. ഊഹക്കച്ചവട മൂലധനവും സംശയാസ്‌പദമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് കൈപൊള്ളിയ ധനകാര്യ സ്ഥാപനങ്ങളും മറ്റുമാണ് സര്‍ക്കാറിന്റെ സഹായം അപഹരിക്കുന്നത്. വലിയ മൂലധന ശക്തികളാണ് നികുതികള്‍ വെട്ടിക്കുറക്കുന്നതിന്റെയും പുതിയ സബ്‌സിഡികളുടെയും ഗുണഭോക്താക്കളായി മാറുന്നത്.

മഹാമാന്ദ്യം പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് അനുഭവപ്പെട്ട ഉയര്‍ന്ന വളര്‍ച്ച നിരക്കുകളുടെ നേട്ടം കിട്ടാത്തവരും നഷ്‌ടം മാത്രം സഹിക്കേണ്ടി വന്നവരും ഇപ്പോള്‍ കൂടുതല്‍ ദുരിതങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്നവരും ഒഴിവാക്കപ്പെടുന്നു എന്ന പരാതി വ്യാപകമാണ്. ഇന്ത്യാ ഗവണ്‍മെന്റ് പ്രഖ്യാപിച്ച ആദ്യ രണ്ട് ഉത്തേജക പാക്കേജുകള്‍ക്കും ഈ പോരായ്‌മ ഉണ്ടായിരുന്നു. കൃഷിക്കാരെയും തൊഴിലാളികളെയും ഗ്രാമീണരെയും ചെറുകിട ഉല്‍പാദകരെയും ചെറുകിട കച്ചവടക്കാരെയും അവഗണിക്കുന്ന ഉത്തേജക പാക്കേജുകള്‍ക്കെതിരെ പല രാജ്യങ്ങളിലും പ്രതിഷേധം ഉയരുന്നുണ്ട്. വരേണ്യരെ തുടര്‍ന്നും ഏകപക്ഷീയമായി സഹായിക്കുന്ന ഉത്തേജക പാക്കേജുകള്‍ വിജയിക്കാന്‍ പോകുന്നില്ല. മൂലധനം കുന്നുകൂട്ടാനും ഉല്‍പാദനവും പ്രദാനവും വര്‍ധിപ്പിക്കാനുമല്ല ഈ മാന്ദ്യകാലത്ത് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഒന്നാമത്തെ പരിഗണന ലഭിക്കേണ്ടത് ബഹുജന സാമാന്യത്തിന്റെ വരുമാനവും ഉപഭോഗവും ഡിമാന്റും വര്‍ധിപ്പിക്കുന്നതിനാണ്. മഹാഭൂരിപക്ഷം വരുന്ന സാധാരണ മനുഷ്യന്റെ ചോദനം വര്‍ധിപ്പിക്കുന്നതിലൂടെ മാത്രമേ ആത്യന്തികമായി മൂലധന ഉടമകളെയും വന്‍കിടക്കാരെപ്പോലും ഇന്നത്തെ മാന്ദ്യത്തില്‍ നിന്ന് കരകയറ്റാനാകൂ.

മാന്ദ്യവിരുദ്ധ നടപടികളില്‍ നിന്നും മാറ്റി നിര്‍ത്താനാവാത്ത ഈ ഇടതുപക്ഷ സമീപനത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്. ഇക്കാര്യത്തില്‍ പക്ഷേ, അദ്ദേഹത്തിന് കേരളത്തിന്റെ മഹത്തായ പാരമ്പര്യം വലിയ സഹായമായി. സാമൂഹികക്ഷേമ സുരക്ഷാ പരിപാടികളുടെയും സ്വത്തിന്റെയും വരുമാനത്തിന്റെയും ന്യായമായ വിതരണത്തിന്റെയും ഒരു പാരമ്പര്യം കേരളത്തിനുണ്ട്.

മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക നീതിയുടെ ഈ പാരമ്പര്യത്തെ കൂടുതല്‍ പരപ്പും ആഴവും ഉള്ളതാക്കാന്‍ ധനമന്ത്രിക്ക് കഴിഞ്ഞിരിക്കുന്നു. രണ്ടു രൂപക്ക് അരി, ക്ഷേമ പെന്‍ഷനുകളിലെ വര്‍ധന, ക്ഷേമപെന്‍ഷനുകളുടെ വ്യാപനം, ക്ഷേമബോര്‍ഡുകളുടെ ഏകോപനത്തിനുള്ള നിര്‍ദേശം, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, വിവിധങ്ങളായ ഭവന നിര്‍മാണ പരിപാടികള്‍, കയര്‍, കശുവണ്ടി, നെയ്ത്ത്, ബീഡി, ചെറുകിട വ്യവസായങ്ങള്‍ തുടങ്ങിയവക്ക് നല്‍കിയ വലിയ ആനുകൂല്യങ്ങള്‍ തുടങ്ങിയവയെല്ലാം ഇത്തരമൊരു രാഷ്‌ട്രീയത്തെയാണ് മുറുകെ പിടിക്കുന്നത്. നെല്ല്, പച്ചക്കറി, പാല്‍, മുട്ട, മല്‍സ്യബന്ധനം തുടങ്ങി ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട മേഖലകള്‍ക്ക് നീക്കിവെച്ചിരിക്കുന്ന വിഹിതത്തിലുണ്ടായ വലിയ വര്‍ധനയും വ്യക്തമായ രാഷ്‌ട്രീയ സന്ദേശം നല്‍കുന്നുണ്ട്.

സാമൂഹിക നീതിക്കും പുനര്‍വിതരണത്തിനും നല്‍കുന്ന പ്രാധാന്യത്തോടൊപ്പം ഈ ബജറ്റിനെ ശ്രദ്ധേയമാക്കുന്ന മറ്റൊരു ഘടകം ഉല്‍പാദന വര്‍ധനക്ക് നല്‍കുന്ന വലിയ പ്രാധാന്യമാണ്. കേക്കിന്റെ വലുപ്പം വര്‍ധിച്ചെങ്കില്‍ മാത്രമേ വലിയ കഷണങ്ങള്‍ മുറിക്കാനാകൂ. മാന്ദ്യകാലത്ത് മൂലധന നിക്ഷേപം വര്‍ധിപ്പിച്ചാല്‍, വിശേഷിച്ചും പശ്ചാത്തല സൌകര്യങ്ങള്‍ വികസിപ്പിച്ചാല്‍ അത് ഭാവി വളര്‍ച്ചക്ക് ഊര്‍ജം പകരും. ഈ ആവശ്യത്തിന് വിഭവം കണ്ടെത്താന്‍ ധനക്കമ്മി വര്‍ധിപ്പിക്കുന്നതിനും അതിന് സമ്മതിക്കാതിരുന്നാല്‍ കേന്ദ്രത്തോട് കലഹിക്കാനും തയാറാണെന്നും ധനമന്ത്രി സൂചിപ്പിക്കുകയുണ്ടായി.

ഇക്കാര്യത്തില്‍ ധനകാര്യ ഉത്തരവാദിത്ത ബില്ലിന്റെ നുകം വലിച്ചെറിയാന്‍ സംസ്ഥാനം തയാറാവും എന്ന സൂചന സ്വാഗതാര്‍ഹമാണ്. ധനക്കമ്മി വര്‍ധിപ്പിച്ച് കൂടുതല്‍ വിഭവങ്ങള്‍ കണ്ടെത്തിയതു കൊണ്ടുമാത്രം ഇന്നത്തെ മാന്ദ്യത്തെ നേരിടാനുള്ള പണം സമാഹരിക്കാന്‍ കഴിയില്ല. സംസ്ഥാന ബജറ്റ് ഇക്കാര്യത്തില്‍ രണ്ടു ബദല്‍ വഴികളാണ് നിര്‍ദേശിക്കുന്നത്. ഒന്നാമത്തേത് വിവിധ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളെ കൂടുതല്‍ വായ്‌പഎടുക്കാന്‍ പ്രാപ്‌തമാക്കുകയാണ്. രണ്ടാമത്തെ മാര്‍ഗം സ്വകാര്യ മൂലധനത്തെ പ്രോല്‍സാഹിപ്പിക്കുകയാണ്. ബജറ്റ് വിഭാവനം ചെയ്യുന്നത്ര വിപുലമായ നിക്ഷേപ - നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെങ്കില്‍ പുതിയ വഴികളിലൂടെ നിക്ഷേപം ആകര്‍ഷിക്കേണ്ടി വരും. ചുരുക്കിപ്പറഞ്ഞാല്‍ സാമൂഹിക സുരക്ഷയുടെ വല വിപുലമാക്കുന്നതിനൊപ്പം സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പരമാവധി പ്രചോദിപ്പിക്കുന്നതിനുള്ള സമീപനമാണ് കേരളത്തിന്റെ പുതിയ ബജറ്റ് സ്വീകരിക്കുന്നത്.

*****

ഡോ.കെ. എന്‍. ഹരിലാല്‍, കടപ്പാട്: മാധ്യമം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ സാമൂഹിക നീതിയുടെ പാരമ്പര്യത്തെ കൂടുതല്‍ പരപ്പും ആഴവും ഉള്ളതാക്കാന്‍ ധനമന്ത്രിക്ക് കഴിഞ്ഞിരിക്കുന്നു. രണ്ടു രൂപക്ക് അരി, ക്ഷേമ പെന്‍ഷനുകളിലെ വര്‍ധന, ക്ഷേമപെന്‍ഷനുകളുടെ വ്യാപനം, ക്ഷേമബോര്‍ഡുകളുടെ ഏകോപനത്തിനുള്ള നിര്‍ദേശം, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, വിവിധങ്ങളായ ഭവന നിര്‍മാണ പരിപാടികള്‍, കയര്‍, കശുവണ്ടി, നെയ്ത്ത്, ബീഡി, ചെറുകിട വ്യവസായങ്ങള്‍ തുടങ്ങിയവക്ക് നല്‍കിയ വലിയ ആനുകൂല്യങ്ങള്‍ തുടങ്ങിയവയെല്ലാം ഇത്തരമൊരു രാഷ്‌ട്രീയത്തെയാണ് മുറുകെ പിടിക്കുന്നത്. നെല്ല്, പച്ചക്കറി, പാല്‍, മുട്ട, മല്‍സ്യബന്ധനം തുടങ്ങി ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട മേഖലകള്‍ക്ക് നീക്കിവെച്ചിരിക്കുന്ന വിഹിതത്തിലുണ്ടായ വലിയ വര്‍ധനയും വ്യക്തമായ രാഷ്‌ട്രീയ സന്ദേശം നല്‍കുന്നുണ്ട്.