Tuesday, February 10, 2009

ദാവോസില്‍ നിന്നുള്ള വിലാപം

അങ്ങനെ കൊട്ടും കുരവയുമില്ലാതെ 2009 ലെ ലോക സാമ്പത്തിക ഫോറം സമ്മേളനം അവസാനിച്ചു.

ജര്‍മ്മനിയും ജപ്പാനും റഷ്യയും ഇംഗ്ളണ്ടും പിന്നെ ചൈനയും ചേര്‍ന്ന് കുഴപ്പത്തിന്റെ വേരു കണ്ടെത്തി പരിഹാരത്തിന് ശ്രമിക്കണമെന്നാണ് മുഖ്യതീരുമാനം. മൂലധന വന്‍തോക്കുകളും രാഷ്ട്രത്തലവന്മാരും ചേരുന്ന വാര്‍ഷിക ഒത്തുകൂടലില്‍ വികസനത്തിന്റെ, വളര്‍ച്ചയുടെ വായ്ത്താരി ഇപ്രാവശ്യം ഉണ്ടായില്ല. 'കണക്കപ്പിള്ളയുടെ വീട്ടില്‍ കരിക്കലും പൊരിക്കലും, കണക്കെടുത്തു നോക്കിയപ്പോള്‍ കരച്ചിലും പിഴിച്ചിലും' എന്ന പഴയ ചൊല്ലുപോലെ വിലാപവും പൊട്ടിത്തെറിയുമൊക്കയാണ് അവിടെയുണ്ടായത്. ഫ്രാന്‍സ് അമേരിക്കയെ കുറ്റംപറഞ്ഞു. അമേരിക്ക ഇംഗ്ളണ്ടിനെ കുറ്റംപറഞ്ഞു. ജര്‍മ്മനി രണ്ടുപേരെയും കുറ്റം പറഞ്ഞു. ഇങ്ങനെ ഇല്ലാത്ത പൂച്ചയെ ഇരുട്ടില്‍ തപ്പി പരാജയപ്പെട്ടവര്‍ ഉത്തേജക പദ്ധതികളുടെ മേ•യെക്കുറിച്ചായി പിന്നെ ചര്‍ച്ച. കുത്തിവച്ച മരുന്നൊന്നും ഏശുന്നില്ലെന്ന് എല്ലാവരുംകൂടി കണ്ടെത്തി. യു.എന്നിന്റെ മുന്‍കൈയില്‍ ഒരു എക്കണോമിക് കൌണ്‍സില്‍ രൂപീകരിച്ച് പരിഹാരം കാണണമെന്ന ജര്‍മ്മനിയുടെ നിര്‍ദ്ദേശം പരിഗണിച്ചു. ഇറാക്കിലും അഫ്ഘാനിസ്ഥാനിലും ഗാസയിലും യു.എന്‍. ഇടപെടലിന്റെ ഫലപ്രാപ്തിയെപ്പറ്റി നല്ല ധാരണയുള്ളതുകൊണ്ട് അത്തരം തീരുമാനമൊന്നും ഇപ്പോള്‍ വേണ്ടെന്നുവച്ചു.

ചത്തുകിടക്കുന്ന കുതിരയെ ചാടിക്കാന്‍ എത്ര കിണഞ്ഞു ശ്രമിച്ചിട്ടും ചാടുന്നതുപോയിട്ട് എണീറ്റു നില്‍ക്കാന്‍ പോലും തയ്യാറാവുന്നില്ല. എല്ലാവര്‍ക്കും ഒരു നിര്‍ദ്ദേശമേയുള്ളു. സ്റ്റിമുലസ് പാക്കേജ്. കൊള്ളക്കാരെ രക്ഷിക്കുക എന്നാണതിന്റെ സാരാംശം. ജനങ്ങളെ രക്ഷിക്കാന്‍ പദ്ധതിയില്ല. തകര്‍ച്ച തുടങ്ങിയപ്പോള്‍ അത് സബ്പ്രൈം ലന്‍ഡിംഗുമായി ബന്ധപ്പെട്ട ചെറിയ കുഴപ്പം മാത്രം എന്നാണവകാശപ്പെട്ടത്. പിന്നെ കണ്ടത് അമേരിക്കയിലും യൂറോപ്പിലും കേന്ദ്രീകരിച്ച് ഒക്ടോപസിനെപ്പോലെ ലോകം മുഴുവന്‍ പടര്‍ന്നുനിന്ന ഭീമന്‍ ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും ചീട്ടുകൊട്ടാരംപോലെ തകര്‍ന്നടിയുന്നതാണ്. ബാങ്ക് ഓഫ് അമേരിക്ക, സിറ്റി ബാങ്ക്, എച്ച്.എസ്.ബി.സി.....എല്ലാം തിളങ്ങിനിന്ന നക്ഷത്രങ്ങള്‍. ഇപ്പോള്‍ ചാരത്തിനിടയില്‍ സര്‍ക്കാര്‍ വക ഡോളറെറിഞ്ഞ് ഊതിപ്പെരുക്കയാണ്. ജനജീവിതത്തിന്റെ സമസ്ഥ മേഖലകളിലേക്കും അര്‍ബുദം പോലെ തകര്‍ച്ച പടര്‍ന്നുകയറുകയാണ്. ഈ തകര്‍ച്ചയെന്നുവരെ? എത്രടംവരെ? ഒരുകൊല്ലം? രണ്ടുകൊല്ലം? മഹാമാന്ദ്യകാലത്തെപ്പോലെ നാലുകൊല്ലം? കമ്പ്യൂട്ടറിനും കണിയാനും പ്രവചിക്കാനാവാത്ത ദുരവസ്ഥ.

ബാങ്ക് തകര്‍ച്ചയ്ക്ക് വിരാമമായോ? ഇല്ലെന്നാണ് സൂചനകള്‍. തകരുന്നത് തകര്‍ന്നോട്ടെ. കഴിവുള്ളത് നിലനിന്നോട്ടെ എന്ന സര്‍വ്വൈവല്‍ ഒഫ് ദ ഫിറ്റസ്റ്റ് സിദ്ധാന്തം ഇവിടെ പറ്റില്ലെന്ന് മുന്തിയ സാമ്പത്തിക അപ്പോത്തിക്കരിമാരാണ് പറയുന്നത്. 'വിശ്വാസം വളരുന്നത് തെങ്ങു വളരുന്നതുപോലെയാണ്. നഷ്ടപ്പെടുന്നത് തെങ്ങു വീഴുന്നതുപോലെയും.' ലോകസാമ്പത്തിക ഫോറത്തിന്റെ ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിച്ച പ്ലാനിംഗ് കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മൊണ്ടേക്സിംഗ് അലുവാലിയയുടേതാണ് ഈ കണ്ടെത്തല്‍. വീണ തെങ്ങിനു പകരം വേറെ തൈ നട്ട് അത് തെങ്ങായി മാറാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമല്ലോ. പെട്ടെന്ന് വീഴാന്‍ സാദ്ധ്യതയില്ലാത്ത വൃക്ഷമാണ് തെങ്ങ്. തെങ്ങ് കുത്തനെ മറഞ്ഞുവീണതിനു കാരണം അതു വളര്‍ത്തിയത് ഉറപ്പില്ലാത്ത മണ്ണിലായിരുന്നു എന്നു സമ്മതിക്കാന്‍ പക്ഷേ അലുവാലിയ തയ്യാറാവില്ല.

ഡല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പുകാലത്ത് ചിദംബരം അവിടെ നടത്തിയ ഒരു പ്രസംഗം ബിസിനസ് സ്റ്റാന്‍ഡാര്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്രമണം ബി.ജെ.പിയ്ക്കെതിരെയാണ്. വാജ്പേയി സര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകളുടെ 67% ഓഹരികള്‍ വില്ക്കാനുള്ള ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചതാണ്. ഇത് പാസ്സാക്കുംമുമ്പ് ആ സര്‍ക്കാര്‍ പോയി. നിയമം പാസ്സായിരുന്നെങ്കില്‍ ഇന്ന് രാജ്യം തകര്‍ന്നുപോയെനേ. തന്റെ സര്‍ക്കാര്‍ അത് തടഞ്ഞു. അതുകൊണ്ട് സാമ്പത്തിക കുഴപ്പത്തില്‍ നിന്നും രാജ്യം രക്ഷപ്പെട്ടു. ഇങ്ങനെയാണ് ചിദംബരം ഡല്‍ഹിക്കാരോട് പറഞ്ഞത്. ഇത്തരം മുത്തുമണികള്‍ ഉരുവിട്ടുകൊണ്ട് മന്‍മോഹന്‍സിംഗും സോണിയാഗാന്ധിയുമെല്ലാം നാട്ടില്‍ ചുറ്റിനടക്കുന്നുണ്ട്. 'തമാശ' ആസ്വദിക്കുകയല്ലാതെ ജനത്തിന് വേറെ വഴിയില്ലല്ലോ.

കൂപ്പണ്‍ ക്ലിപ്പേഴ്സ് എന്നാണ് ബാങ്കുകളെ മാര്‍ക്സ് വിശേഷിപ്പിച്ചത്. അതായത് ചീട്ട് കീറി കമ്മീഷനടിക്കുന്നവര്‍ എന്നര്‍ത്ഥം. മാര്‍ക്സിന്റെ കാലത്ത് വിഭാവന ചെയ്യാന്‍ കഴിയാത്തവിധം ബാങ്കിംഗ് ലോകവ്യാപകമായി പടര്‍ന്നുപന്തലിച്ചു. വിവരസാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ പണമൂലധനത്തിന്റെ ചലനവേഗതയും ഊഹക്കച്ചവടത്തിന്റെ അനന്ത സാദ്ധ്യതകളും നമ്മുടെ സങ്കല്പങ്ങള്‍ക്ക് അതീതമായി.

30 കളിലെ മഹാമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ നോബല്‍ സമ്മാനജേതാവായ അമേരിക്കന്‍ നോവലിസ്റ് ജോണ്‍ സ്റ്റീന്‍ബക്ക് എഴുതിയ നോവലാണ് 'ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങള്‍' (Grapes of Wrath). സ്വന്തം പ്രദേശമായ ഓക്ലഹോമയില്‍ പരുത്തികൃഷിയിടത്ത് പണിചെയ്തിരുന്ന ഒരു കുടുംബം പണി നഷ്ടപ്പെട്ട് അവിടെനിന്നും വന്‍ പ്രതീക്ഷയോടെ കാലിഫോര്‍ണിയയിലേക്ക് യാത്രയാവുന്നു. യാത്രയ്ക്കിടയിലെ അനുഭവങ്ങളും കാലിഫോര്‍ണിയയില്‍ എത്തിയശേഷം ഒരു തൊഴിലും പാര്‍പ്പിടവും കണ്ടെത്താന്‍ നടത്തുന്ന പരിശ്രമങ്ങളും ആ കുടുംബം നേരിടുന്ന ദുരിതങ്ങളും തകര്‍ച്ചയും അത്തരത്തില്‍ ജീവിതമാര്‍ഗ്ഗം തേടി പുറപ്പെട്ട അനേകം പേരുടെ ജീവിത പശ്ചാത്തലത്തില്‍ ഹൃദയത്തില്‍ തട്ടുംവിധം ഈ നോവലില്‍ കോറിയിട്ടിരിക്കുന്നു. അന്നത്തെ അമേരിക്കയിലെ സാധാരണ ജനതയുടെ ഒരു രേഖാചിത്രമാണ് ഈ നോവലില്‍ പ്രതിഫലിക്കുന്നത്. ലാഭം ശ്വസിച്ചും പലിശ തിന്നും ജീവിക്കുന്ന ബാങ്കുകള്‍, അവ രണ്ടും കിട്ടിയില്ലെങ്കില്‍ മനുഷ്യനെപ്പോലെ മരിച്ചുപോകുന്ന ജീവികളാണെന്ന് അതില്‍ ഒരു കഥാപാത്രം പറയുന്നുണ്ട്. മനുഷ്യനില്‍ നിന്നും വ്യത്യസ്തമായ വേറെയും പ്രത്യേകത അതിനുണ്ട്. ബാങ്കിലുള്ള ഓരോ മനുഷ്യനും ബാങ്ക് ചെയ്യുന്ന പ്രവൃത്തികളെ വെറുക്കുന്നു. എങ്കിലും ആ പ്രവൃത്തികള്‍ ബാങ്ക് ചെയ്യുന്നു. അതൊരു രാക്ഷസ രൂപം കൈക്കൊള്ളുന്നു. അതിനെ സൃഷ്ടിക്കുന്നത് മനുഷ്യനാണ്. പക്ഷേ, അവന് അതിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. 150 വര്‍ഷം മുന്‍പ് മാര്‍ക്സ് പറഞ്ഞുവച്ച, 75 വര്‍ഷം മുന്‍പ് സ്റ്റീന്‍ബക്ക് നിരീക്ഷണം നടത്തിയ പശ്ചാത്തലത്തില്‍ നിന്നും എത്രയോ അധമവും തീവ്രവുമായ രീതിയില്‍ ലാഭത്വര മൂത്ത മുതലാളിത്തം ഇന്ന് ബാങ്കിംഗ് സ്ഥാപനങ്ങളെ ഉപയോഗിക്കുകയാണ്.

ദാവോസ് സമ്മേളനത്തില്‍ രണ്ട് പേരാണ് തങ്ങളുടെ അസാന്നിദ്ധ്യംകൊണ്ട് ശ്രദ്ധിക്കപ്പെട്ടത്. അതിലൊന്ന് മന്‍മോഹന്‍സിംഗ്. രണ്ടാമത്തെയാള്‍ ബാരക് ഒബാമ. മന്‍മോഹന്‍സിംഗ് ചികിത്സയിലായിരുന്നു. ഒബാമയാകട്ടെ സ്റ്റിമുലസ് പാക്കേജിനുള്ള 9 ലക്ഷം കോടി ഡോളര്‍ അമേരിക്കന്‍ സെനറ്റില്‍ നിന്നും അംഗീകരിപ്പിക്കാനുള്ള ശ്രമത്തിലുമായിരുന്നു. ദാവോസ് സമ്മേളനംഅവസാനിക്കുന്ന ദിവസം ഒബായുടെ ഒരു പ്രസ്താവന വന്നു. 7 ലക്ഷം കോടി ഡോളറിന്റെ പാക്കേജിനു ശേഷം വീണ്ടും ഫെഡറല്‍ റിസര്‍വില്‍ നിന്നും കമ്പനികളെയും സ്ഥാപനങ്ങളെയും രക്ഷിക്കാനായി പണം ലഭ്യമാക്കാന്‍ ശ്രമം നടക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് ദശലക്ഷക്കണക്കിന് ഡോളര്‍ ബോണസ്സായും ശമ്പളമായും ഈ കമ്പനികളിലെ എക്സിക്യൂട്ടീവുകള്‍ ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ കൈവശപ്പെടുത്തുന്നു. ഇത് ഉത്തരവാദിത്വമില്ലായ്മയാണ്. ലജ്ജാകരമാണ് എന്നാണ് ഒബാമ പറഞ്ഞത്. എക്സിക്യൂട്ടീവ് വേതനം 5 ലക്ഷം ഡോളറായി പരിമിതപ്പെടുത്തുന്ന പ്രഖ്യാപനവും പുറകെ വന്നു.

അവിടത്തെ സാധാരണ പൌരന്റെ അവസ്ഥ നോക്കൂ. അമേരിക്കന്‍ ലേബര്‍ ബ്യൂറോ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം 2008 സെപ്തംബറില്‍ 403000 പേര്‍ക്കാണ് ജോലിപോയത്. ഒക്ടോബറില്‍ പുറത്തായത് 320000 പേരാണ്. നവംബറില്‍ ജോലി നഷ്ടമായത് 533000 പേര്‍ക്ക്. ആ മാസത്തെ തൊഴിലില്ലായ്മാ നിരക്ക് 6.7 ശതമാനം. കഴിഞ്ഞ 34 വര്‍ഷത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഡിസംബറില്‍ വീണ്ടും 632000 പേര്‍ തൊഴിലില്‍ നിന്നും പുറത്തായി. തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമായി. അതായത് 4 മാസംകൊണ്ട് 19 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായി.

25 ലക്ഷം പേര്‍ക്ക് പുതുതായി തൊഴില്‍ നല്കുമെന്നാണ് തെരഞ്ഞെടുപ്പു പ്രചാരണം നടന്നപ്പോള്‍ ഒബാമ നല്കിയ വാഗ്ദാനം. മാന്ദ്യം മൂലം 5 മാസം കൊണ്ട് നഷ്ടമായ തൊഴില്‍ ഏകദേശം ഇതിന് സമമാണ്. മാന്ദ്യം തുടങ്ങിയ 2007 ഡിസംബര്‍ മുതല്‍ 2008 ഡിസംബര്‍ വരെ തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഇതേ ബ്യൂറോയുടെ കണക്കുപ്രകാരം 111 ലക്ഷമാണ്.

ലോകമാകെ സമാനമായ വെല്ലുവിളി നേരിടുകയാണ്. വേള്‍ഡ് ബാങ്കിന്റെ കണക്കുപ്രകാരം ലോകത്തെ മൊത്തം വളര്‍ച്ചാ നിരക്ക് 2006ല്‍ 4 ശതമാനമായിരുന്നത് 2008ല്‍ 2.5 ശതമാനമായി കുറഞ്ഞു. 2009 ല്‍ 0.9 ശതമാനമാകുമെന്നാണ് പ്രവചനം. ലോകവ്യാപാരം 2006 ല്‍ 9.8 ശതമാനമായിരുന്നത് 2008ല്‍ 6.2 ശതമാനമായി. 2009ല്‍ അത് 2.1 ശതമാനമായി കുറയുമെന്ന് കണക്കാക്കുന്നു. ഐക്യരാഷ്ട്രസഭ ഇതിലും ഇരുണ്ട ഭാവിയാണ് പ്രവചിക്കുന്നത്. അതനുസരിച്ച് 2009 ലെ വളര്‍ച്ച -0.5 ശതമാനമാണ്. സാമ്പത്തിക മാന്ദ്യം, 1930 ലെയോ അതിലും രൂക്ഷമോ ആയ സാമ്പത്തിക തകര്‍ച്ചയിലേക്കാണ് നയിക്കുന്നത് എന്ന സൂചനയാണ് ഈ കണക്കുകള്‍. സ്ഥിതി ഈ നിലയില്‍ തുടര്‍ന്നാല്‍ 2009ല്‍ 5 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് ഐ.എല്‍.ഒ. പറയുന്നു. തികച്ചും ഭീതിദമായ, ഒരുപക്ഷേ കഴിഞ്ഞ നൂറ്റാണ്ട് നേരിട്ടതിനേക്കാള്‍ രൂക്ഷമായ വെല്ലുവിളിയാണ് ലോകമെങ്ങും അഭിമുഖീകരിക്കുന്നത്. ഇപ്പോള്‍ സ്റേറ്റിന്റെ പണംകൊണ്ട് സ്വകാര്യ കമ്പനിയെ രക്ഷിക്കുകയാണ് സ്റ്റേറ്റ് തന്നെ തകര്‍ന്ന് പാപ്പരായാലോ?

ഐസ്ലാന്റ് എന്ന കൊച്ചു രാജ്യം ഈ സ്ഥിതിയിലാണ്. അവിടത്തെ മുഖ്യ ബാങ്കുകളായ ലാന്‍സ് ബാങ്കി, ഗ്ളിറ്റ്നിര്‍, കാപ്ത്തിംഗ് എന്നിവയെല്ലാം തകര്‍ന്നു. സര്‍ക്കാര്‍ അവയെല്ലാം ഏറ്റെടുത്തു. അതുകൊണ്ടൊന്നും തകര്‍ച്ച തടയാന്‍ കഴിഞ്ഞില്ല. സര്‍ക്കാര്‍ പാപ്പരായി. ഇപ്പോഴും ചെറുകിട ബാങ്കുകള്‍ തകര്‍ന്നുകൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ നിസ്സഹായരായി നോക്കിനില്ക്കുന്നു. ജനരോഷം ശക്തമായപ്പോള്‍ സര്‍ക്കാര്‍ രാജിവച്ചു. ഒരു ന്യൂനപക്ഷസര്‍ക്കാര്‍ അധികാരമേറ്റെടുത്ത് ഇടക്കാല തെരഞ്ഞെടുപ്പ് നടത്താന്‍ പോവുകയാണ്. 'ഐസ്ലാന്റിന്റെ മൂലധനമെത്ര? 25 ഡോളര്‍.' ഇതാണ് ദാവോസില്‍ പറഞ്ഞുകേട്ട തമാശയെന്ന് ന്യൂയോര്‍ക്ക് ടൈംസ് പത്രം പറയുന്നു.

ഒരു സമ്പൂര്‍ണ്ണ തകര്‍ച്ചയുടെ സാഹചര്യം ഒഴിവാക്കി ഒരു പരിധിവരെ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞിട്ടുണ്ട്. അതിനു നമുക്കു കഴിഞ്ഞത് നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുന്നതിനെതിരെ ഇടതുപക്ഷം ഉയര്‍ത്തിയ എതിര്‍പ്പും കോര്‍വ്യവസായങ്ങളും ബാങ്കുകളും പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞതും നിയമപരമായ നിയന്ത്രണങ്ങളും കൊണ്ടാണ്. ഇന്ത്യന്‍ ബ്യൂറോക്രസിയും ഭരണവര്‍ഗ്ഗങ്ങളും ഈ സത്യം അംഗീകരിക്കാന്‍ തയ്യാറല്ല. ദാവോസ് സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സാമ്പത്തികസ്ഥിതി വിലയിരുത്തി സംസാരിച്ചത് റിസര്‍വ് ബാങ്ക് ഗവര്‍ണറാണ്. സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച പ്രതീക്ഷകള്‍ തകിടം മറിഞ്ഞെന്ന കാര്യം അംഗീകരിച്ചുകൊണ്ട് കണ്‍സ്ട്രക്ഷന്‍, ട്രാന്‍സ്പോര്‍ട്ട്, വാര്‍ത്താവിനിമയം, കച്ചവടം, ഹോട്ടല്‍വ്യവസായം തുടങ്ങിയ രംഗങ്ങളെയെല്ലാം മാന്ദ്യം ബാധിച്ചതായി ഗവര്‍ണര്‍ പറഞ്ഞു. വായ്പയ്ക്ക് ഡിമാന്റില്ല. വ്യവസായമേഖല കഴിഞ്ഞ 15 വര്‍ഷത്തില്‍ ഏറ്റവും താഴ്ന്ന വളര്‍ച്ചാനിരക്കാണ് രേഖപ്പെടുത്തിയത്. കയറ്റുമതിയാകട്ടെ 7 വര്‍ഷത്തില്‍ ഏറ്റവും താഴേക്കുപോയി. ഇതൊക്കെപറഞ്ഞ് 30000 കോടി രൂപയുടെ ഉത്തേജക പാക്കേജ് പ്രതിവിധിയായി അദ്ദേഹം അവതരിപ്പിച്ചു. കാര്‍ഷിക കടാശ്വാസ പദ്ധതിയേയും തൊഴിലുറപ്പു പദ്ധതിയേയും കൂട്ടത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

ജനങ്ങളുടെ പണം ഉപയോഗിച്ച് സ്വകാര്യ കമ്പനികളെയും മുതലാളിമാരെയും എങ്ങനെയും സംരക്ഷിക്കാന്‍ വ്യഗ്രത പൂണ്ട ഇവരാരും തന്നെ കഴിഞ്ഞ രണ്ടു ദശാബ്ദത്തിലേറെയായി നടപ്പില്‍ വരുത്തിയ മാറ്റങ്ങളുടെ പരിണിത ഫലമായി വളര്‍ന്നുവന്ന വരുമാനത്തിലെ അന്തരമോ. ഭൂരിപക്ഷത്തിന്റെ പാപ്പരീകരണമോ, അതിന്റെ സാമൂഹ്യപ്രത്യാഘാതങ്ങളോ കണ്ടില്ലെന്ന് നടിക്കുകയാണ്. ഗ്രീസില്‍ നടന്ന കലാപത്തിന്റെയും ഫ്രാന്‍സില്‍ നടന്ന പണിമുടക്കിന്റെയും വര്‍ദ്ധിച്ചുവരുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെയും വംശീയ പ്രശ്നങ്ങളുടെയും ഉറവിടം കണ്ടെത്തേണ്ടത് ഈ നയങ്ങളിലാണെന്ന് അംഗീകരിക്കാന്‍ മുതലാളിത്തത്തിന്റെ വക്താക്കള്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കയും വേണ്ട. 2008 നവംബര്‍ 15ന് വാഷിംഗ്‌ടണില്‍ ചേര്‍ന്ന ജി 20 സമ്മേളനം ഇനിയും തുടരാന്‍ പോകുന്നത് നിയോ ലിബറലിസ്റ്റ് പാത തന്നെയെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നുണ്ട്.

ഒരു ഭാഗത്ത് സമ്പത്തിന്റെ കേന്ദ്രീകരണം നടക്കുമ്പോള്‍ മറുഭാഗത്ത് മൂലധനത്തിന്റെ രൂപത്തില്‍ തങ്ങള്‍ക്കുവേണ്ട ഉല്പന്നമുണ്ടാക്കുന്ന എതിര്‍വര്‍ഗത്തിന്റെ കാര്യത്തില്‍ സംഭവിക്കുന്നത് ദുരിതത്തിന്റെയും കഷ്ടപ്പാടിന്റെയും അടിമത്വത്തിന്റെയും അറിവില്ലായ്മയുടെയും ഭീകരതയുടെയും മാനസിക തകര്‍ച്ചയുടെയും കേന്ദ്രീകരണമാണ് എന്ന മാര്‍ക്സിന്റെ നിരീക്ഷണം ഇവിടെ പ്രസക്തമാവുകയാണ്.

*
എ. സിയാവുദീന്‍
(BEFI കേന്ദ്രക്കമ്മിറ്റി അംഗമാണ് ലേഖകന്‍‍)

7 comments:

വര്‍ക്കേഴ്സ് ഫോറം said...

അങ്ങനെ കൊട്ടും കുരവയുമില്ലാതെ 2009 ലെ ലോക സാമ്പത്തിക ഫോറം സമ്മേളനം അവസാനിച്ചു.

ജര്‍മ്മനിയും ജപ്പാനും റഷ്യയും ഇംഗ്ളണ്ടും പിന്നെ ചൈനയും ചേര്‍ന്ന് കുഴപ്പത്തിന്റെ വേരു കണ്ടെത്തി പരിഹാരത്തിന് ശ്രമിക്കണമെന്നാണ് മുഖ്യതീരുമാനം. മൂലധന വന്‍തോക്കുകളും രാഷ്ട്രത്തലവന്മാരും ചേരുന്ന വാര്‍ഷിക ഒത്തുകൂടലില്‍ വികസനത്തിന്റെ, വളര്‍ച്ചയുടെ വായ്ത്താരി ഇപ്രാവശ്യം ഉണ്ടായില്ല. 'കണക്കപ്പിള്ളയുടെ വീട്ടില്‍ കരിക്കലും പൊരിക്കലും, കണക്കെടുത്തു നോക്കിയപ്പോള്‍ കരച്ചിലും പിഴിച്ചിലും' എന്ന പഴയ ചൊല്ലുപോലെ വിലാപവും പൊട്ടിത്തെറിയുമൊക്കയാണ് അവിടെയുണ്ടായത്. ഫ്രാന്‍സ് അമേരിക്കയെ കുറ്റംപറഞ്ഞു. അമേരിക്ക ഇംഗ്ളണ്ടിനെ കുറ്റംപറഞ്ഞു. ജര്‍മ്മനി രണ്ടുപേരെയും കുറ്റം പറഞ്ഞു. ഇങ്ങനെ ഇല്ലാത്ത പൂച്ചയെ ഇരുട്ടില്‍ തപ്പി പരാജയപ്പെട്ടവര്‍ ഉത്തേജക പദ്ധതികളുടെ മേ•യെക്കുറിച്ചായി പിന്നെ ചര്‍ച്ച. കുത്തിവച്ച മരുന്നൊന്നും ഏശുന്നില്ലെന്ന് എല്ലാവരുംകൂടി കണ്ടെത്തി. യു.എന്നിന്റെ മുന്‍കൈയില്‍ ഒരു എക്കണോമിക് കൌണ്‍സില്‍ രൂപീകരിച്ച് പരിഹാരം കാണണമെന്ന ജര്‍മ്മനിയുടെ നിര്‍ദ്ദേശം പരിഗണിച്ചു. ഇറാക്കിലും അഫ്ഘാനിസ്ഥാനിലും ഗാസയിലും യു.എന്‍. ഇടപെടലിന്റെ ഫലപ്രാപ്തിയെപ്പറ്റി നല്ല ധാരണയുള്ളതുകൊണ്ട് അത്തരം തീരുമാനമൊന്നും ഇപ്പോള്‍ വേണ്ടെന്നുവച്ചു.

നാട്ടുകാരന്‍ said...

അഭിനന്ദനങ്ങള്‍ ......
എന്നെ അറിയുമോ?
താല്പര്യമുണ്ടെങ്കില്‍ സന്ദര്‍ശിക്കുക ......

Arushi said...

പിണറായിപോലുള്ളവരുടെ കമ്യൂണിസ്റ്റു പാര്‍ട്ടിയിലെ വിഗ്രഹ വല്‍ക്കരണത്തെപറ്റിയും കേ ഈ എനിനെ പോലെയുള്ള ആസനം താങ്ങികളെപറ്റിയും പൊതുമേഖലയായ ഭെലിനെ തഴഞ്ഞു കനേഡിയന്‍ കമ്പനിയായ ലാവലിനു കരാര്‍ കൊടുത്തു പാര്‍ട്ടിപത്രത്തിനു പ്രസും മെഷീനറിയും പോളിറ്റു ബ്യൂറോ മെംബര്‍മാര്‍ക്ക്‌ താമസിക്കാന്‍ ഫ്ളാറ്റ്‌ സമുച്ചയം നിര്‍മ്മിക്കുന്നതിനെപറ്റിയും മാര്‍ക്സ്‌ വല്ലതും പറഞ്ഞായിരുന്നോ

Arushi said...

ഒരു സമ്പൂര്‍ണ്ണ തകര്‍ച്ചയുടെ സാഹചര്യം ഒഴിവാക്കി ഒരു പരിധിവരെ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞിട്ടുണ്ട്. അതിനു നമുക്കു കഴിഞ്ഞത് നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുന്നതിനെതിരെ ഇടതുപക്ഷം ഉയര്‍ത്തിയ എതിര്‍പ്പും കോര്‍വ്യവസായങ്ങളും ബാങ്കുകളും പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞതും നിയമപരമായ നിയന്ത്രണങ്ങളും കൊണ്ടാണ്


ഫലഭൂയിഷ്ടമായ നിലങ്ങളില്‍ ക്റിഷിയിറക്കാതെ നാം തടഞ്ഞതു കൊണ്ടൂ ഇടവപാതിയിലെ വെള്ളപ്പൊക്കത്തില്‍ നിന്നും നാം രക്ഷപെട്ടു എന്നു പറയുന്നപോലെയാണു ഈ ന്യായം

Baiju Elikkattoor said...

ആരുഷി, തന്‍റെ വള, വളാ കമെന്റിടുന്ന സ്വഭാവം ഇതുവരെ മാറിയില്ലേ? കഷ്ടം...!!

കോരുണ്ണി മാഷ് said...

aarushi,
post your comments with responsibilty, not like those cheap orators at the strret corner. Your comments are welcome as it differs with forums view, but make it reasonable with facts. We will appreciate it.

Aarushi said...

It's not all gloom and doom for India. The advance estimates of national income released by the Central Statistical Organisation brings much hope for the ailing economy.

The Indian economy will see the second-fastest growth rate of 7.1 per cent for 2008-09, according to the advance estimates of the CSO.

These advance estimates are based on anticipated level of agricultural and industrial production, analysis of budget estimates of government expenditure and performance of key sectors like, railways, transport other than railways, communication, banking and insurance, available so far.

When Union Home Minister P Chidambaram held the finance portfolio, he had pegged India's growth rate in the current year at between 7 and 8 per cent. He had said that India would continue being the second fastest growing economy in the world despite the global economic slowdown.

Meanwhile, International Monetary Fund had predicted that India would grow at 7.8 per cent in 2008, and 6.3 per cent in 2009.

Source: Central Statistical Orgnisation


വാനരന്‍മാരെന്തറിയുന്നു വിഭോ