Showing posts with label ഒഞ്ചിയം. Show all posts
Showing posts with label ഒഞ്ചിയം. Show all posts

Thursday, April 3, 2014

രാഷ്ട്രീയ ഗൂഢപദ്ധതിക്ക് സിബിഐയെ കരുവാക്കുന്നു

സിബിഐയെ കോണ്‍ഗ്രസ് കാണുന്നത് രാഷ്ട്രീയ വൈരനിര്യാതനത്തിനുള്ള ആയുധമായാണ് എന്നത് വീണ്ടും തെളിയുകയാണ്. കേരള പൊലീസ് അന്വേഷണം നടത്തി കോടതിയിലെത്തിക്കുകയും കോടതി വിചാരണ പൂര്‍ത്തിയാക്കി തീര്‍പ്പാക്കുകയും ചെയ്തുകഴിഞ്ഞ ഒരു കേസാണ് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സിബിഐക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ നോക്കുന്നത്.

പ്രതിയാകേണ്ടത് ആര് എന്ന് മുഖ്യമന്ത്രിയും അന്നത്തെ ആഭ്യന്തരമന്ത്രിയും കേരള പൊലീസിന്റെ അന്വേഷണം തുടങ്ങുംമുമ്പുതന്നെ പ്രഖ്യാപിച്ചു. അവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന പൊലീസിനെക്കൊണ്ട് അവര്‍ വരച്ചവരയിലൂടെതന്നെ അന്വേഷണം നടത്തി. ഇടയ്ക്ക് സത്യംപറഞ്ഞ അന്നത്തെ പൊലീസ് ഡയറക്ടര്‍ ജനറലിന്റെ വായടപ്പിച്ചു. അങ്ങനെ രാഷ്ട്രീയതാല്‍പ്പര്യത്തോടെ ഇഞ്ചോടിഞ്ച് ശ്രദ്ധിച്ചുനീക്കിയതായിരുന്നു ആ അന്വേഷണം.

ഭരണരാഷ്ട്രീയത്തിന്റെ താല്‍പ്പര്യം സിപിഐ എമ്മിനെ കുരുക്കുക എന്നുള്ളതായിരുന്നു. അതിന് വഴിവിട്ടുതന്നെ നീങ്ങി. 76 പേരെ പ്രതികളാക്കി. എന്നാല്‍, കോടതി ഭൂരിപക്ഷം പേരെയും വിട്ടയച്ചു. 12 പേരെമാത്രം ശിക്ഷിച്ചു. കേസ് അവിടെ തീരേണ്ടതാണ്. പക്ഷേ, കേസ് തീര്‍ന്നാല്‍ സിപിഐ എമ്മിനെതിരായ അപവാദപ്രചാരണം തെരഞ്ഞെടുപ്പുഘട്ടത്തില്‍ കൊടുംപിരികൊള്ളുംവിധം നടത്താനാകില്ലല്ലോ. അതുകൊണ്ട് തീര്‍പ്പായിക്കഴിഞ്ഞ കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്നായി. കേസ് അന്വേഷണം തൃപ്തികരമാംവിധം പുരോഗമിക്കുന്നു എന്ന് അന്വേഷണഘട്ടത്തിലാകെ പറഞ്ഞ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അന്വേഷണത്തില്‍ തൃപ്തിയില്ലാതായത്, അവര്‍ കേസില്‍ കുരുക്കിയിട്ട സിപിഐ എം നേതാക്കളെ കോടതി ശിക്ഷിക്കുന്നില്ല എന്നു കണ്ടപ്പോള്‍ മാത്രമാണ്. ഇതേത്തുടര്‍ന്ന് തിരുവനന്തപുരത്തുനടന്ന ഉപവാസനാടകം, സിബിഐ അന്വേഷണപ്രഖ്യാപനം എന്നിവയൊക്കെ കേരളജനതയാകെ കണ്ടതാണ്. തെരഞ്ഞെടുപ്പുവേളയില്‍ സിപിഐ എമ്മിനെ പുകമറയ്ക്കുള്ളില്‍ നിര്‍ത്തുക എന്ന ഗൂഢോദ്ദേശ്യമായിരുന്നു ഇതിന്റെയൊക്കെ പിന്നില്‍. ആ വ്യഗ്രതയില്‍ നിയമനടപടിക്രമങ്ങള്‍പോലും വിസ്മരിക്കപ്പെട്ടു.

അമിത രാഷ്ട്രീയതാല്‍പ്പര്യത്തോടെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശചെയ്തപ്പോഴാണ് അതിലെ നിയമസാങ്കേതികത്വത്തിന്റെ കുരുക്ക് ആരോ ശ്രദ്ധയില്‍പ്പെടുത്തിയത്. ഗൂഢാലോചനയുണ്ടായിട്ടുണ്ട് എന്ന സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് വിടുന്നത്. അങ്ങനെ വിടണമെങ്കില്‍ പ്രാഥമികമായി കേരള പൊലീസ് അന്വേഷിച്ചിരിക്കണം. ആ അന്വേഷണം നടത്താതെ സിബിഐക്ക് അയച്ചാല്‍ അവര്‍ എടുക്കില്ല. ഇക്കാര്യമറിഞ്ഞപ്പോള്‍ വണ്ടിക്കു പിന്നില്‍ കാളയെ കെട്ടുന്ന മട്ടില്‍ ഒരു പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ആദ്യം സിബിഐ അന്വേഷണപ്രഖ്യാപനം. അതിനുശേഷം ഇവിടെ പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം!

സിബിഐ ആകട്ടെ, കാര്യങ്ങള്‍ പരിശോധിച്ച് ശുപാര്‍ശ രാഷ്ട്രീയപ്രേരിതമാണെന്ന് കണ്ടെത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ആവശ്യം തള്ളുകയുംചെയ്തു. കോടതി വിധി പറഞ്ഞു കഴിഞ്ഞ കേസ് തങ്ങള്‍ ഏറ്റെടുക്കുന്നതില്‍ സാംഗത്യമില്ല എന്ന് സിബിഐ നിശ്ചയിച്ചത് നിയമോപദേശത്തിന്റെകൂടി അടിസ്ഥാനത്തിലാണ്.

ഈ കേസില്‍ കൂടുതലായി ഒന്നും കണ്ടെത്താനില്ലെന്ന് സിബിഐ വക്താവ് കാഞ്ചന്‍ പ്രസാദ് വ്യക്തമാക്കി. കേസ് രേഖകളും കോടതി ഉത്തരവുകളും കൃത്യമായി പഠിച്ചശേഷമായിരുന്നു ഇത്. കോടതി വിധിപറഞ്ഞ കേസ് സിബിഐക്ക് വിടുന്നതില്‍ അര്‍ഥമില്ലെന്ന് കാര്യവിവരമുള്ളവര്‍ക്കൊക്കെ അറിയാം. യുഡിഎഫ് സര്‍ക്കാരിനും അറിയാം. എന്നാല്‍, കുറെക്കാലംകൂടി സിപിഐ എം വിരുദ്ധ അപസ്മാരം പടര്‍ത്താന്‍ അവസരമുണ്ടാക്കാമല്ലോ. അത്രയേ അവര്‍ ചിന്തിക്കുന്നുള്ളൂ. ഇവരുടെ ഈ രാഷ്ട്രീയ ഗൂഢപദ്ധതിക്ക് ജനങ്ങളുടെ പണംകൊണ്ടുനടക്കുന്ന സിബിഐയെ കരുവാക്കണോ?

കേസ് അന്വേഷിക്കില്ലെന്നു പറയാന്‍ സിബിഐക്ക് എല്ലാ അധികാരവുമുണ്ട്. ആര് പറയുന്ന ഏത് അന്വേഷണവും നടത്താന്‍ ബാധ്യസ്ഥരൊന്നുമല്ല സിബിഐ. പ്രാഥമികമായി പഠിച്ച് തീരുമാനമെടുക്കാനുള്ള അവകാശം സിബിഐക്കുണ്ട്. ആ അവകാശം അനുവദിച്ചുകൊടുക്കില്ല എന്ന വാശിയിലാണ് കോണ്‍ഗ്രസ്. ലോക്സഭാ തെരഞ്ഞെടുപ്പുവരെ കള്ളപ്രചാരണങ്ങള്‍ നടത്താന്‍ കഴിയണമെന്നതാണ് ഇവരുടെ താല്‍പ്പര്യം. സിബിഐ അന്വേഷണം അതിനുള്ള മറയാണ്. ഭരണാധികാരത്തിന്റെ കൃത്യമായ രാഷ്ട്രീയ ദുരുപയോഗം. അന്വേഷിക്കാനാവില്ലെന്നു പറഞ്ഞ സിബിഐക്കുമേല്‍ കേന്ദ്ര ഭരണാധികാരം ഉപയോഗിച്ച് കേസ് കെട്ടിയേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. പൊതുതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രചാരണത്തിനിടയില്‍ മീറ്റ് ദ പ്രസില്‍ പ്രതിരോധമന്ത്രി എ കെ ആന്റണി സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് സൂചിപ്പിക്കുന്നു. അതിന് തൊട്ടുപിന്നാലെ കേന്ദ്ര പേഴ്സണല്‍മന്ത്രാലയം സിബിഐക്ക് കത്തെഴുതുന്നു. വീണ്ടും പരിശോധിക്കാന്‍ സിബിഐ ജോയിന്റ് ഡയറക്ടറോട് നിര്‍ദേശിക്കുന്നു. തെരഞ്ഞെടുപ്പുചട്ടങ്ങളുടെ നഗ്നമായ ലംഘനവുംകൂടിയാണ് ഇത്.

തെരഞ്ഞെടുപ്പു കമീഷന്‍ എന്നൊരു ഭരണഘടനാസ്ഥാപനം ഇവിടെയില്ലേ? ഉണ്ടെങ്കില്‍ത്തന്നെ അവര്‍ ഇതൊന്നും കാണുന്നില്ലേ? തെരഞ്ഞെടുപ്പിലെ സജീവ രാഷ്ട്രീയവിഷയമാക്കി കോണ്‍ഗ്രസ് മാറ്റിക്കഴിഞ്ഞ പ്രശ്നത്തില്‍ പ്രതിരോധമന്ത്രിക്ക് മന്ത്രിസ്ഥാനമുപയോഗിച്ച് നടപടികള്‍ നീക്കാന്‍ ആരാണ് അധികാരം നല്‍കിയത്; അതും കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ നടുവില്‍നിന്നുകൊണ്ട്? തെരഞ്ഞെടുപ്പുവരുമ്പോഴൊക്കെ സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഓരോ സിബിഐ അന്വേഷണവുംകൊണ്ട് വരികയാണ് കുറെയായി കോണ്‍ഗ്രസ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് മറ്റൊരു പ്രശ്നത്തില്‍ സിബിഐ ഇതേപോലെ ഉപയോഗിക്കപ്പെട്ടു. എന്നാല്‍, അതിനുശേഷമുള്ള ഘട്ടത്തില്‍ കണ്ടത് കോടതിതന്നെ സിബിഐ അന്വേഷണത്തിനാസ്പദമായ ആരോപണങ്ങള്‍ പൊളിച്ചുകാട്ടുന്നതാണ്. കോടതിമുമ്പാകെ കേസ് പൊളിയുമോ ഇല്ലയോ എന്നതല്ല, കേസിന്റെ പുകമറ സൃഷ്ടിച്ച് തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയനേട്ടമുണ്ടാക്കാനാകുമോ എന്നതാണ് കോണ്‍ഗ്രസിന്റെ ലാക്ക്്. കൂട്ടിലടച്ച തത്ത എന്ന് സുപ്രീംകോടതി തന്നെ വിശേഷിപ്പിച്ച സിബിഐയെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കലിനായി ദുരുപയോഗിക്കുകയാണ് കോണ്‍ഗ്രസ്. ഇത് അനുവദിച്ചുകൊടുത്തുകൂടാ. യഥാര്‍ഥത്തില്‍ അന്വേഷണം വേണ്ടത് സിബിഐയെ കോണ്‍ഗ്രസ് രാഷ്ട്രീയമായി ദുരുപയോഗിച്ചതിന്റെ പരമ്പരകളെക്കുറിച്ചാണ്. പൊതുതെരഞ്ഞെടുപ്പിനുശേഷമുണ്ടാകുന്ന സര്‍ക്കാര്‍ ആ ദുരുപയോഗം അന്വേഷിക്കട്ടെ.
*
deshabhimani editorial

Tuesday, April 1, 2014

പൊളിഞ്ഞുപോയ ഗൂഢാലോചന

ഒരു വലിയ ഗൂഢാലോചനയും തട്ടിപ്പും പൊളിഞ്ഞിരിക്കുന്നു. കുറെ നാളുകള്‍ കേരളരാഷ്ട്രീയത്തെ ഇളക്കിമറിച്ച് നടത്തിയ നാടകങ്ങളും അധികാര ദുര്‍വിനിയോഗവും അപഹാസ്യമായ അന്ത്യത്തിലേക്ക് പോകുന്നു. രാഷ്ട്രീയ ദുഷ്ടലാക്കോടെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് പടച്ചുണ്ടാക്കിയ "ചന്ദ്രശേഖരന്‍വധ ഗൂഢാലോചനക്കേസ്" സിബിഐ ഏറ്റെടുക്കണമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ ശുപാര്‍ശ ജനങ്ങളെ കബളിപ്പിക്കാനുള്ള ഒന്നായിരുന്നു എന്ന് അക്ഷരംപ്രതി തെളിയുകയാണ്. ദേശീയ ഏജന്‍സി ഏറ്റെടുക്കേണ്ട കേസല്ല അതെന്നാണ് സിബിഐ വക്താവ് പേഴ്സണല്‍ മന്ത്രാലയത്തെ അറിയിച്ചത്. ഇതേ പംക്തിയില്‍ ഞങ്ങള്‍ നേരത്തെ ചൂണ്ടിക്കാട്ടിയ കാര്യമാണ് ഇത്. ആര്‍എംപി നേതാവായിരുന്ന ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസ് സംസ്ഥാന പൊലീസാണ് അന്വേഷിച്ചത്. രാജ്യത്ത് മറ്റൊരു കൊലക്കേസിനും ലഭിക്കാത്ത പ്രാധാന്യം നല്‍കി നടത്തിയ അന്വേഷണത്തിനും മാധ്യമകോലാഹലത്തിനുമൊടുവില്‍ കേസ് കോടതി വിചാരണചെയ്ത് വിധി പറഞ്ഞു. ആ വിധിയില്‍ അപ്പീല്‍ പോകണമോ എന്നാലോചിക്കുന്നതിനുപകരം, വളഞ്ഞവഴിയിലൂടെ വീണ്ടുമൊരന്വേഷണം നടത്തി, തങ്ങള്‍ക്ക് വിരോധമുള്ള പലരെയും കുടുക്കിക്കളയാമെന്ന വ്യാമോഹത്തിലാണ് അപഹാസ്യമായ നാടകത്തിന് തല്‍പ്പരകക്ഷികള്‍ ഇറങ്ങിയത്.

ഈ വിഷയത്തില്‍ സിപിഐ എം വ്യക്തമാക്കിയ നിലപാട് അന്നും ഇന്നും പ്രസക്തമാണ്. സിബിഐ അന്വേഷണത്തിന് ശുപാര്‍ശചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്ത ഫെബ്രുവരി 21ന് പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് ഇറക്കിയ പ്രസ്താവന ഞങ്ങള്‍ ആവര്‍ത്തിക്കുകയാണ്: ""കോണ്‍ഗ്രസും ആര്‍എംപിയും യുഡിഎഫിലെ ചില നേതാക്കളും സംസ്ഥാന ഭരണാധികാരികളും ചേര്‍ന്ന് നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയുടെ അവിശുദ്ധ സന്തതിയാണ് സിബിഐ അന്വേഷണത്തിനുള്ള സര്‍ക്കാര്‍ ശുപാര്‍ശ. ഈ ഗൂഢാലോചനയില്‍ പൊലീസ് സേനയിലെ ഉന്നതര്‍ ഉള്‍പ്പെടെ പങ്കാളികളായി എന്നതും അത്യന്തം ഗൗരവമുള്ളതാണ്. ഗുരുതരമായ നിയമ- ഭരണ- രാഷ്ട്രീയ പ്രത്യാഘാതമുണ്ടാക്കുന്ന തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്.

""രാഷ്ട്രീയ പ്രതിയോഗികളെ നേരിടാന്‍ ഫാസിസ്റ്റുകള്‍പോലും ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങള്‍ ചെയ്യുമെന്ന് ഇതിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തെളിയിച്ചിരിക്കുന്നു. തല്‍ക്കാലിക രാഷ്ട്രീയലാഭത്തിനുവേണ്ടി നിയമസംഹിതയെയും ഭരണസംവിധാനത്തെയും നഗ്നമായി ദുരുപയോഗപ്പെടുത്തിയിരിക്കയാണ്. പൊലീസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ കഴിഞ്ഞ് കോടതി വിധിപറഞ്ഞ കേസാണിത്. അതില്‍ ഗൂഢാലോചന എന്ന ആക്ഷേപത്തില്‍ സിബിഐയെ രാഷ്ട്രീയ ആയുധമാക്കി പുതിയ അന്വേഷണത്തിന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇറങ്ങിയത് നീചമായ രാഷ്ട്രീയക്കളിയുടെ ഭാഗമായാണ്. കോടതി പരിഗണിച്ച വിഷയങ്ങളെ ആസ്പദമാക്കി കോടതി നിര്‍ദേശമില്ലാതെ മറ്റൊരു ഏജന്‍സിയെക്കൊണ്ട്് അന്വേഷിപ്പിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിപോലും ഇല്ലാത്തതാണ്. ഗൂഢാലോചനാകുറ്റം വിചാരണ കോടതി വിശദമായി പരിശോധിച്ചിരുന്നു.""

ഒരു തിരുത്തുമില്ലാതെ ഇന്നും ആവര്‍ത്തിക്കാന്‍ കഴിയുന്ന പ്രസക്തി ഈ പ്രസ്താവനയ്ക്കുണ്ട്. ചന്ദ്രശേഖരന്‍ കേസില്‍ 284 പേരുടെ സാക്ഷിപ്പട്ടികയും 76 പേരുടെ പ്രതിപ്പട്ടികയുമായാണ് അന്വേഷണ ഏജന്‍സി കോടതിയില്‍ സമര്‍പ്പിച്ചത്. ഇതില്‍ പ്രാഥമികമായ തെളിവുപോലും ഇല്ലെന്നുകണ്ടും മറ്റുകാരണങ്ങളാലും 22 പേരെ ആദ്യംതന്നെ കേസില്‍നിന്ന് കോടതി ഒഴിവാക്കി. ഹൈക്കോടതിസ്റ്റേ ഉള്‍പ്പെടെയുള്ള മറ്റു നടപടികളും ഉണ്ടായി. ബാക്കിയുള്ള 36 പേര്‍ അവസാന വിചാരണ നേരിട്ടതില്‍ 12 പേരെയാണ് കോടതി ശിക്ഷിച്ചത്.

കോഴിക്കോട് സ്പെഷല്‍ അഡീഷണല്‍ ജഡ്ജിയുടെ വിധിയെ വാഴ്ത്താന്‍ യുഡിഎഫ് അനുകൂല മാധ്യമങ്ങള്‍ മത്സരിച്ചതാണ്. കേസന്വേഷിച്ച പ്രത്യേക പൊലീസ് സംഘത്തിന് വിധി വന്നശേഷം സംസ്ഥാനസര്‍ക്കാരിന്റെ പാരിതോഷികവും സ്തുത്യര്‍ഹസേവന സര്‍ട്ടിഫിക്കറ്റും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ട് നല്‍കി. അതെല്ലാം കഴിഞ്ഞാണ് ഗൂഢാലോചനാ അന്വേഷണം സിബിഐക്ക് വിടാനുള്ള നിയമവിരുദ്ധ തീരുമാനമെടുത്തത്. 2009ല്‍ ചന്ദ്രശേഖരനെ വധിക്കാന്‍ ഗൂഢാലോചന നടന്നു എന്നാരോപിച്ച് 2012ല്‍ ചാര്‍ജ്ചെയ്ത കേസ് കോടതിയില്‍ വിചാരണയ്ക്ക് കാത്തിരുപ്പുണ്ട്. അതൊക്കെ അവഗണിച്ചാണ്, പുതിയ ആജ്ഞാനുവര്‍ത്തിസംഘത്തെ നിയോഗിച്ച് റിപ്പോര്‍ട്ട് എഴുതിവാങ്ങിയത്. അതിനുമുമ്പുതന്നെ, സിബിഐ അന്വേഷണം മന്ത്രിസഭ തത്വത്തില്‍ അംഗീകരിച്ചെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.

പൊലീസിനെയും നിയമസംവിധാനത്തെയും അപഹാസ്യമാംവിധം ദുര്‍വിനിയോഗംചെയ്ത് നടത്തിയ ഈ നാടകമാണ്, അന്വേഷണം ഏറ്റെടുക്കാനാകില്ല എന്ന സിബിഐ തീരുമാനത്തോടെ തകര്‍ന്നത്. ഗൂഢാലോചനയില്‍ സിപിഐ എമ്മിന്റ പ്രമുഖ നേതാക്കളുണ്ടെന്ന പുകമറ സൃഷ്ടിച്ച് അതിലൂടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമോ എന്ന പരീക്ഷണമാണ് നടന്നത്. അതിനാണ്, കെ കെ രമയെക്കൊണ്ട് നിരാഹാരം കിടത്തിച്ചത്. അതിനാണ് ഇന്ത്യന്‍ ശിക്ഷാനിയമവും ക്രിമിനല്‍ നടപടിച്ചട്ടവും ദുരുപയോഗപ്പെടുത്തിയത്. ഒരു ജനാധിപത്യ സര്‍ക്കാരും ചെയ്യാന്‍പാടില്ലാത്ത ആ ഭരണാതിക്രമം ഇപ്പോള്‍ തിരിഞ്ഞുകുത്തിയിരിക്കുന്നു. ഇത് യുഡിഎഫിന്റെ നീചമായ രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണ്. അതിന്റെ ഉപഗ്രഹങ്ങള്‍ക്കുള്ള പാഠമാണ്. ഇങ്ങനെ ഇളിഭ്യരായവര്‍ അടങ്ങിയിരിക്കുമെന്ന മിഥ്യാധാരണ ഞങ്ങള്‍ക്കില്ല. അവര്‍ ഏത് വൃത്തികട്ട മാര്‍ഗങ്ങളിലൂടെയും തുടര്‍ന്നും സഞ്ചരിക്കാം. ഏതുതലത്തിലും സ്വാധീനംചെലുത്താനും നിയമത്തെ അട്ടിമറിക്കാനും തുടര്‍ന്നും ശ്രമിക്കാം. പക്ഷേ, ഇന്നവര്‍ നഗ്നരാണ്. ജനങ്ങള്‍ അവരുടെ കാപട്യം തിരിച്ചറിയുന്നുണ്ട്. ആ യാഥാര്‍ഥ്യം മനസ്സിലാക്കാനുള്ള വിവേകം അവര്‍ക്കുണ്ടാകട്ടെ എന്നുമാത്രം പറഞ്ഞുവയ്ക്കട്ടെ.
 *
ദേശാഭിമാനി മുഖപ്രസംഗം

Saturday, March 8, 2014

നിലനില്‍പ്പിനായുള്ള വിവാദം

വിവാദം സ്വാഭാവികമായി വന്നുചേരാറുണ്ട്. സ്വയം നിലനില്‍പ്പിനും മുതലെടുപ്പിനുംവേണ്ടി ബോധപൂര്‍വം ആസൂത്രിതമായി സൃഷ്ടിച്ചെടുക്കുന്ന വിവാദവുമുണ്ട്. ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് സിപിഐ എമ്മിനെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ സൃഷ്ടിച്ചെടുത്ത വിവാദം രണ്ടുവര്‍ഷം തികയാറായിട്ടും തുടരുകയാണ്. കൊലപാതകത്തെത്തുടര്‍ന്ന് കുറ്റവാളികളെ കണ്ടെത്താനുള്ള അന്വേഷണം നടന്നു. 76 പേരെ പ്രതികളാക്കിയുള്ള കുറ്റപത്രം കോടതി മുമ്പാകെ സമര്‍പ്പിച്ചു. വിചാരണ നടന്നു. 76ല്‍ 12 പ്രതികളെ കോടതി ശിക്ഷിച്ചു. 11 പേരെയും ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. സംസ്ഥാനകമ്മിറ്റി അംഗവും ജില്ലാകമ്മിറ്റി അംഗങ്ങളും ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരും കുറ്റക്കാരല്ലെന്നു കണ്ട് വിട്ടയക്കപ്പെട്ടു. സിപിഐ എം സംസ്ഥാനകമ്മിറ്റിക്കോ, ജില്ലാ കമ്മിറ്റിക്കോ, ഏരിയ കമ്മിറ്റിക്കോ കൊലപാതകത്തില്‍ പങ്കില്ലെന്ന് തെളിയിക്കപ്പെട്ടു. ചുരുക്കത്തില്‍ സിപിഐ എം ആസൂത്രണം ചെയ്തോ അറിഞ്ഞോ അല്ല കൊലപാതകം നടന്നതെന്ന് വ്യക്തമായി. ചന്ദ്രശേഖരന്‍വധം സംബന്ധിച്ച വിവാദം അപ്പോഴെങ്കിലും അവസാനിക്കേണ്ടതായിരുന്നു. കേസ് വീണ്ടും അനന്തമായി തുടരണമെന്നാണ് ബന്ധപ്പെട്ടവര്‍ ആഗ്രഹിച്ചത്. അതിനാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. ആര്‍എംപി ആവശ്യപ്പെട്ടാല്‍ ഒരു പ്രേരണയുമില്ലാതെ, സ്വമേധയാ കേസിന്റെ തുടരന്വേഷണം സിബിഐയെ ഏല്‍പ്പിക്കാന്‍ ഒരു വൈമനസ്യവുമില്ലാത്ത ആളാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പഴയ ആഭ്യന്തരമന്ത്രിക്കോ പുതിയ ആഭ്യന്തരമന്ത്രിക്കോ ഇക്കാര്യത്തില്‍ എതിരഭിപ്രായമുണ്ടാകാനിടയില്ല. കെ കെ രമ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് നിരാഹാരമിരുന്നു. ചിലരുടെ ഭാവനയില്‍ സൃഷ്ടിച്ചെടുത്ത ഗൂഢാലോചന അന്വേഷിക്കാന്‍ സിബിഐയോട് യുഡിഎഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നിട്ടും വിവാദത്തിന് അറുതിയുണ്ടായില്ല. പാര്‍ടി നേതൃത്വം അന്വേഷിക്കാമെന്നും പാര്‍ടിയില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടെന്നറിഞ്ഞാല്‍ അവര്‍ക്കെതിരെ നടപടി എടുക്കുമെന്നും ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞിരുന്നു. അന്വേഷണം എന്തായി? നടപടിയെടുക്കാത്തതെന്താണ് എന്നായിരുന്നു ചോദ്യം.

പാര്‍ടി പൊളിറ്റ് ബ്യൂറോയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തി കണ്ടെത്തിയ വസ്തുതകള്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സംസ്ഥാനകമ്മിറ്റിയില്‍ വച്ചു. റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചു. പാര്‍ടി ലോക്കല്‍ കമ്മിറ്റി അംഗം കെ സി രാമചന്ദ്രനെ ദ്രോഹിച്ചതുമൂലമുണ്ടായ വ്യക്തിവിരോധമാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്ന് അന്വേഷണത്തില്‍ മനസിലായി. പാര്‍ടി സംസ്ഥാന നേതൃത്വത്തിനോ ജില്ലാ നേതൃത്വത്തിനോ ഏരിയ നേതൃത്വത്തിനോ കൊലപാതകത്തില്‍ പങ്കില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പാര്‍ടിയുടെ സല്‍പ്പേരിന് കളങ്കം വരുത്താനിടയാക്കിയ കൊലപാതകത്തിന്റെ പേരില്‍ തെറ്റുചെയ്തുവെന്ന് പാര്‍ടി കണ്ട കെ സി രാമചന്ദ്രനെ പാര്‍ടി അംഗത്വത്തില്‍നിന്ന് പുറത്താക്കാന്‍ സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചു. ചന്ദ്രശേഖരന്‍ നിഷ്ഠുരമായി വധിക്കപ്പെട്ടതില്‍ പങ്കില്ലെന്ന തുടക്കംമുതലേയുള്ള പാര്‍ടി നിലപാട് ശരിയാണെന്ന് കോടതിവിധിയിലും പാര്‍ടി നടത്തിയ അന്വേഷണത്തിലും സംശയരഹിതമായി തെളിയിക്കപ്പെട്ടു. ഇതോടെ തെറ്റിദ്ധരിക്കപ്പെട്ട നിഷ്പക്ഷമതികളും നിഷ്കളങ്കരുമായ എല്ലാവര്‍ക്കും സത്യം ബോധ്യപ്പെടാനിടയായി.

ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പാര്‍ടിക്ക് പങ്കില്ലെന്ന് സംശയരഹിതമായി വ്യക്തമാക്കപ്പെട്ടു. പാര്‍ടിയില്‍പ്പെട്ട ആര്‍ക്കെങ്കിലും പങ്കുണ്ടെന്നു കണ്ടാല്‍ ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് കേന്ദ്ര സംസ്ഥാന നേതൃത്വം ആവര്‍ത്തിച്ചു പറഞ്ഞതും ശരിയാണെന്ന് വന്നു. ഈ ഘട്ടത്തിലെങ്കിലും ഇതുസംബന്ധിച്ച് സൃഷ്ടിച്ച വിവാദം അവസാനിക്കുമെന്ന് കരുതിയതാണ്. എന്നാല്‍, പാര്‍ടി നടത്തിയ അന്വേഷണവും പാര്‍ടി അംഗത്തിനെതിരെ എടുത്ത ശിക്ഷാനടപടിയും വീണ്ടും വിവാദമാക്കാനാണ് മാധ്യമങ്ങളും പാര്‍ടി ശത്രുക്കളും ശ്രമിക്കുന്നത്. ഇത് അപ്രതീക്ഷിതമല്ല. വിവാദം സൃഷ്ടിക്കുന്ന വലതുപക്ഷ മാധ്യമങ്ങള്‍ക്കും പാര്‍ടി ശത്രുക്കള്‍ക്കും വ്യക്തമായ അജന്‍ഡയുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസ് നേതൃത്വവും കടുത്ത പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടു. വടക്കേ ഇന്ത്യയില്‍ അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 40 അസംബ്ലി സീറ്റുള്ള കൊച്ചു സംസ്ഥാനമൊഴികെ നാലിലും കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് കോണ്‍ഗ്രസിനെ തുറിച്ചുനോക്കുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ യുഡിഎഫ് ഗുരുതരമായ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നു. മറ്റനേകം തര്‍ക്കങ്ങള്‍ യുഡിഎഫിനകത്തും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെതിരെ ഉയര്‍ന്നുവരാനിടയുള്ള വിമര്‍ശങ്ങളില്‍നിന്ന് സമ്മതിദായകരുടെ ശ്രദ്ധ മറ്റൊരു വഴിക്ക് തിരിച്ചുവിടാനുള്ള ശ്രമമാണ് വലതുപക്ഷ മാധ്യമങ്ങള്‍ ആസൂത്രിതമായി നടത്തുന്നത്. ചന്ദ്രശേഖരന്‍ വധമുള്‍പ്പെടെയുള്ള ഏതെങ്കിലും വിഷയത്തില്‍ വിവാദങ്ങള്‍ കൊഴുപ്പിച്ചാല്‍ യുഡിഎഫിനെ രക്ഷിക്കാന്‍ കഴിയുമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. അതുകൊണ്ടുതന്നെ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ തുടങ്ങിവച്ച വിവാദം തുടരും. മാധ്യമങ്ങള്‍ക്കാവശ്യമുള്ളത് പര്‍വതീകരിക്കും മറ്റു ചിലത് തമസ്കരിക്കും. ഇത് തിരിച്ചറിയാന്‍ വായനക്കാര്‍ക്ക് തെല്ലും പ്രയാസമില്ല.

പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന ജാഥാ സ്വീകരണത്തിലെ വമ്പിച്ച ജനമുന്നേറ്റം ആ മാധ്യമങ്ങളുടെ ശ്രദ്ധയില്‍പെട്ടില്ല. നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ശവം കോണ്‍ഗ്രസ് ഓഫീസില്‍ രണ്ടുദിവസം സൂക്ഷിച്ച് കുളത്തില്‍ കെട്ടിത്താഴ്ത്തിയതും മാധ്യമങ്ങളുടെ സൂക്ഷ്മദൃഷ്ടിയില്‍പെട്ടില്ല. അതില്‍ ചാനല്‍ ചര്‍ച്ച സംഘടിപ്പിച്ചില്ല. തൃശൂരില്‍ കോണ്‍ഗ്രസുകാര്‍ പരസ്പരം കൊന്നതും, വാര്‍ത്തയും വിവാദവും സൃഷ്ടിക്കാന്‍ പര്യാപ്തമായില്ല. മലപ്പുറത്തെ ഇരട്ട കൊലപാതകവും അവര്‍ തമസ്കരിച്ചു. ഇതിലൊന്നും കോണ്‍ഗ്രസ് നേതാക്കളുടെയും ലീഗ് നേതാക്കളുടെയും പങ്കാളിത്തത്തെപ്പറ്റി ഒരു സംശയവും തോന്നിയില്ല. അതാണ് വലതുപക്ഷ മാധ്യമധര്‍മം. ഇത് വായനക്കാര്‍ തിരിച്ചറിയാന്‍ തുടങ്ങിയാല്‍ നുണവ്യവസായവും വിവാദവ്യവസായവും അവസാനിക്കും. ശരിയായ ഈ തിരിച്ചറിവുകൊണ്ടു മാത്രമേ നുണവ്യവസായവും പണം നല്‍കിയുള്ള വാര്‍ത്തയും അവസാനിക്കൂ.

*
deshabhimani editorial

Friday, February 14, 2014

തടവറകള്‍ക്ക് തകര്‍ക്കാനാവാത്തത്

കമ്യൂണിസ്റ്റ് പാര്‍ടിയെ ആദ്യമായി ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിച്ച നാടാണ് കേരളം. ഇ എം എസിന്റെ നേതൃത്വത്തില്‍ 1957 ഏപ്രില്‍ അഞ്ചിന് കേരളം ചുവന്നു. എന്നാല്‍ ജാതി-മത-വലതുപക്ഷ ഛിദ്രശക്തികളുടെ മുന്നണി ആ ഭരണത്തെ അട്ടിമറിച്ചു. പിന്നീട് കേരളത്തില്‍ കമ്യൂണിസ്റ്റ്പാര്‍ടി പ്രവര്‍ത്തകര്‍ക്കെതിരായ ഏറ്റവും വലിയ കടന്നാക്രമണം അരങ്ങേറിയത് അടിയന്തരാവസ്ഥക്കാലത്തായിരുന്നു. ജയിലിനകത്തും തെരുവുകളിലും പ്രവര്‍ത്തകരും നേതാക്കളും അധികാരത്തിന്റെ കിരാതത്വം അനുഭവിച്ചു. വീട്ടിലും തൊഴില്‍ശാലയിലും കടന്നാക്രമണങ്ങളുണ്ടായി. ആ ദിനങ്ങള്‍ ഇനി തിരിച്ചുവരില്ലെന്നായിരുന്നു പൊതുവെയുള്ള വിശ്വാസം. എന്നാല്‍ ഒരു രാഷ്ട്രീയ നേതാവ് ജാമ്യംകിട്ടാതെ നീതി നിഷേധിക്കപ്പെട്ട് 573 ദിവസം ജയിലിനകത്തടയ്ക്കപ്പെട്ട സംഭവത്തിലൂടെ അധികാരത്തിന്റെ ആസുരത ഒരിക്കല്‍കൂടി നമ്മള്‍ തിരിച്ചറിയുകയാണ്. ഒടുവില്‍ നീതിപീഠം വിട്ടയച്ചിട്ടും അദ്ദേഹത്തിനെതിരെ മാധ്യമ-അധികാരകേന്ദ്രങ്ങളുടെ വിചാരണയും നുണപ്രചാരണങ്ങളും തുടരുന്നു.

ചന്ദ്രശേഖരന്‍ വധക്കേസില്‍ പി മോഹനന്‍ എന്ന സിപിഐ എം നേതാവ് കുറ്റക്കാരനല്ലെന്ന് കണ്ട് കോഴിക്കോട് പ്രത്യേക കോടതി ജഡ്ജി വെറുതെ വിട്ടയച്ച വിധി മാര്‍ക്സിസ്റ്റ് വിരുദ്ധരെ ഞെട്ടിച്ചതാണ്. മോഹനനെതിരായി ആരോപിച്ച ഗൂഢാലോചനയടക്കം എല്ലാ കുറ്റങ്ങളും തള്ളി നിരപരാധിത്വം പൂര്‍ണമായി അംഗീകരിച്ചാണ് കോഴിക്കോട് പ്രത്യേക കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടി വിട്ടയച്ചത്. ചന്ദ്രശേഖരന്‍ വധത്തില്‍ പി മോഹനനെ അകത്താക്കാന്‍ എല്ലാവിധ സന്നാഹവുമുണ്ടായിരുന്നു. അവര്‍ എല്ലാവഴികളും അധികാരശക്തിയും അതിനായി പ്രയോഗിച്ചിരുന്നു. അക്കൂട്ടത്തില്‍ മുഖ്യമന്ത്രി മുതല്‍ കേന്ദ്രമന്ത്രി വരെ നീളുന്ന ഭരണനേതൃത്വമുണ്ടായിരുന്നു. പൊലീസ് സംവിധാനമുണ്ടായിരുന്നു. മഹാനേതാക്കളും വെട്ടുവഴിക്കവികളും മുതല്‍ മാധ്യമപ്രഭുക്കള്‍വരെയായി കേരളത്തിലെ മാര്‍ക്സിസ്റ്റ്വിരുദ്ധ മഹാസഖ്യം ഒരേനിരയില്‍ അണിനിരന്നു. ഒരു കൊലയുടെ മറവില്‍ കള്ളക്കേസുമായി കേരളത്തിലെ ഏറ്റവും വലിയ ജനകീയ രാഷ്ട്രീയപ്രസ്ഥാനത്തെ ഇല്ലാതാക്കാമെന്ന് വ്യാമോഹിച്ച അത്തരം പിന്തിരിപ്പന്മാരെയാകെ നിരാശരാക്കിയതാണ് പി മോഹനനെ വിട്ടയച്ച് ജനുവരി 22-ന് കോഴിക്കോട് കോടതി പുറപ്പെടുവിച്ച വിധി.

മോഹനനെ തടവറയ്ക്കുള്ളില്‍ അടച്ചപ്പോള്‍ എംഎല്‍എ കൂടിയായ ഭാര്യ കെ കെ ലതികക്ക് ജനപ്രതിനിധി എന്നുളള സാമാന്യമര്യാദപോലും നല്‍കാതെ ഭരണകൂടം അപഹസിച്ചു. എന്‍ജിനിയറിങ് ബിരുദധാരിയായ മകനെ കോപാ നിയമപ്രകാരം കള്ളക്കേസില്‍പ്പെടുത്തി നാടുകടത്തി. അസത്യങ്ങള്‍, പച്ചനുണകള്‍, നെറികെട്ട അപവാദങ്ങള്‍... നിറംപിടിപ്പിച്ച കള്ളക്കഥകളുമായി മാധ്യമങ്ങള്‍ ശത്രുപക്ഷത്ത് നിര്‍ത്തി ഒറ്റയ്ക്കും സംഘമായും ആക്രമിച്ചു. ആര്‍ത്തട്ടഹസിച്ചു. അടിയന്തരാവസ്ഥക്കുശേഷം കേരളത്തില്‍ മറ്റൊരു രാഷ്ട്രീയനേതാവും ഇത്രയും കടുത്ത ഭരണകൂട ഭീകരത നേരിട്ടിട്ടുണ്ടാകില്ല. സിപിഐ എമ്മിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റംഗം, മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, ഡിവൈഎഫ്ഐയുടെ ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ്പ്രസിഡന്റുമായി തെരുവിലും ജയിലിലും നാട്ടകങ്ങളിലും നിറഞ്ഞുനിന്ന യുവജനനേതാവ്, സംഘര്‍ഷം പടര്‍ന്ന നാദാപുരം മേഖലയില്‍ അശാന്തിയുടെ തീയണയ്ക്കാന്‍ മാതൃകയായി പ്രവര്‍ത്തിച്ച സാമൂഹിക പ്രവര്‍ത്തകന്‍ - മോഹനന്‍ മാസ്റ്റര്‍ക്കുള്ള വിശേഷണങ്ങള്‍ നിരവധിയാണ്.

വിപ്ലവരാഷ്ട്രീയത്തെ പ്രണയിച്ചുള്ള യുവജനപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനത്തിനിടയില്‍ ജീവിതസഖിയായ ഭാര്യ കെ കെ ലതിക, സിപിഐ എം ജില്ലാകമ്മിറ്റി അംഗവും കുറ്റ്യാടി എംഎല്‍എയുമാണ്. എന്‍ജിനിയറിങ് ബിരുദധാരികളായ മക്കള്‍ ജൂലിയസ് മിര്‍ഷാദും ജൂലിയസ് നിഖിതാസും പാര്‍ടി മെമ്പര്‍മാര്‍. മാനസികമായ കടുത്ത സമ്മര്‍ദങ്ങള്‍, ഭീഷണികള്‍, പ്രലോഭനങ്ങള്‍ എല്ലാം അതിജീവിച്ചാണ് പി മോഹനന്‍ കാരാഗൃഹത്തില്‍നിന്ന് ജനമധ്യത്തിലേക്ക് വീണ്ടും വരുന്നത്. 12 നാള്‍ വടകര പൊലീസ്സ്റ്റേഷന്‍ ലോക്കപ്പില്‍, 561 ദിവസം കോഴിക്കോട് ജില്ലാ ജയിലിലെ ഒമ്പതാം നമ്പര്‍ സെല്ലില്‍, 2012 ജൂണ്‍ 29 മുതല്‍ 2014 ജനുവരി 22 വരെ 573 നാളുകളുടെ അനുഭവങ്ങള്‍, ഓര്‍മകള്‍, വിചാരങ്ങള്‍ പങ്കിടുകയാണ് മോഹനന്‍ മാഷ്...

2012 ജൂണ്‍ 29-ന് രാവിലെ കൊയിലാണ്ടിക്കടുത്ത് വച്ചാണ് എന്നെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പാര്‍ടി മുന്‍ ജില്ലാ സെക്രട്ടറി എം ദാസന്റെ ചരമവാര്‍ഷികദിനമായിരുന്നു അന്ന്. ചോറോട് ദാസന്റെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി അനുസ്മരണയോഗശേഷം പാര്‍ടി ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനായി കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്നു ഞാന്‍. ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണനും സഖാക്കളും പിറകിലൊരു വണ്ടിയിലുണ്ട്. എം ഭാസ്കരന്‍, എം മെഹബൂബ്, പി എ മുഹമ്മദ് റിയാസ് എന്നിവര്‍ എന്റെ വാഹനത്തിലുമുണ്ട്. കൊയിലാണ്ടി സ്റ്റേഷനിലെത്തുന്നതിന് മുമ്പാണ് ഡിവൈഎസ്പി ഷൗക്കത്തലി ജീപ്പില്‍ നിന്ന് ചാടിയിറങ്ങിയത്. സിനിമാസ്റ്റൈലിലായിരുന്നു പിന്നീട് നടന്നതെല്ലാം. കാര്‍ തടഞ്ഞ് എന്നെ അറസ്റ്റ് ചെയ്തതായി അറിയിക്കുന്നു. ചുറ്റിലും ചാനല്‍ ക്യാമറകളും റിപ്പോര്‍ട്ടര്‍മാരുടെ പടയും. സാമാന്യ മര്യാദകളൊന്നും പാലിക്കാതെയായിരുന്നു നടുറോഡില്‍ തടഞ്ഞിട്ടുള്ള അറസ്റ്റ്. അറസ്റ്റ് ചെയ്യുന്നതിന് മുമ്പൊരിക്കലും ഹാജരാകാന്‍ പോലും എന്നോട് പൊലീസ് ആവശ്യപ്പെട്ടിരുന്നില്ല. സിപിഐ എം പ്രവര്‍ത്തകനായതിനാല്‍ എനിക്ക് അറസ്റ്റും ജയില്‍വാസവുമൊന്നും ആദ്യാനുഭവമല്ല. 1986-ല്‍ യുവജനസംഘടനാപ്രവര്‍ത്തകനായിരിക്കെ മര്‍ദനവും അറസ്റ്റും ജയില്‍വാസവുമെല്ലാമനുഭവിച്ചിട്ടുണ്ട്. അഴിമതിക്കാരായ മന്ത്രിമാരെ തടയുന്നതിന്റെ ഭാഗമായി വടകരയില്‍ മന്ത്രി തച്ചടി പ്രഭാകരനെ തടയുകയുണ്ടായി. അന്ന് 20 ദിവസമാണ് ജയിലിലടച്ചത്.

ഇതിനുമുമ്പ് ചില കേസുകളില്‍ നാദാപുരം, എടച്ചേരി ലോക്കപ്പുകളിലടയ്ക്കപ്പെടുകയുമുണ്ടായി. അറസ്റ്റ് ചെയ്ത പൊലീസ് എന്നെ വടകര പൊലീസ് സൂപ്രണ്ട് ഓഫീസിനടുത്തുള്ള പ്രത്യേകാന്വേഷണ സംഘത്തിന്റെ (എസ്എടി) ക്യാമ്പിലാണെത്തിച്ചത്. പ്രത്യേക കെഎപി സംഘത്തിന്റെ കാവലുണ്ടായിരുന്നു. എഐജി അനൂപ് കുരുവിളജോണ്‍, ഡിവൈഎസ്പിമാരായ കെ വി സന്തോഷ്, ഷൗക്കത്തലി, സോജന്‍, സിഐമാരായ ബെന്നി, വിനോദ് തുടങ്ങി ഉന്നതോദ്യോഗസ്ഥരുടെ പടയുണ്ടായിരുന്നു. തുടക്കം മുതലുള്ള ചോദ്യങ്ങള്‍ കൊലയെക്കുറിച്ച് എനിക്ക് പൂര്‍ണമായറിയാമെന്ന ധാരണയിലുള്ളതായിരുന്നു. ഏതൊക്കെ നേതാക്കളുമായി ഇക്കാര്യം സംസാരിച്ചു, ആര്‍ക്കൊക്കെ അറിയാം, എവിടെയൊക്കെ വച്ച് ചര്‍ച്ച നടത്തി ഇവ പറയണമെന്നാവശ്യപ്പെട്ടുള്ള ചോദ്യങ്ങള്‍. ഇവ തിരിച്ചും മറിച്ചും ചോദിച്ചുകൊണ്ടിരുന്നു. മണിക്കൂറുകള്‍ നീണ്ടു ഈ ചോദ്യംചെയ്യല്‍. ആദ്യ മൂന്നുദിവസം ഇതായിരുന്നു രീതി. പൊലീസ് പറയുന്നത് ഞാന്‍ നിഷേധിച്ചു. അറിവില്ലാത്ത കാര്യത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നും വ്യക്തമാക്കി. എസ്എടി ക്യാമ്പില്‍നിന്ന് രാത്രി വടകര ലോക്കപ്പിലാണ് പാര്‍പ്പിക്കുക. ക്യാമ്പില്‍നിന്ന് പുറത്തിറക്കുമ്പോഴും ലോക്കപ്പില്‍നിന്നിറക്കുമ്പോഴുമെല്ലാം രാത്രിയായാലും പകലായാലും ചാനലുകാര്‍ തയ്യാറായി നില്‍ക്കുന്നുണ്ടാകും.

മൂന്നാമത്തെ ദിവസം കഴിഞ്ഞപ്പോള്‍ പൊലീസുദ്യോഗസ്ഥര്‍ ശൈലി മാറ്റി. മാഷ്ക്കിതില്‍ പങ്കില്ലെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങളോട് വിരോധം തോന്നരുത്. മുകളില്‍നിന്നുള്ള നിര്‍ദേശമനുസരിച്ചാണിതെല്ലാം. സിപിഐ എം നേതൃത്വത്തെ പ്രതിചേര്‍ക്കണമെന്ന കര്‍ശന നിര്‍ദേശമുണ്ട്. അതിനാല്‍ മാഷ് സഹകരിക്കണം. മാഷ് നേതാക്കളുടെ (ചിലരുടെ പേര് പ്രത്യേകം പറഞ്ഞ്) പേര് പറഞ്ഞാല്‍ മതി. മാഷെ ഞങ്ങള്‍ വിട്ടയക്കാം. കോടതിയില്‍ പോകേണ്ടതില്ല. ഞങ്ങള്‍ക്ക് തന്നെ ജാമ്യം തരാവുന്നതാണ്. വകുപ്പുകള്‍ ലഘൂകരിച്ച് ഇന്നുതന്നെ വിട്ടയക്കാം. പകരം മാഷ് നേതാക്കളുടെ പേര് പറഞ്ഞാല്‍ മാത്രം മതി. ഈ രൂപത്തിലുള്ള പ്രലോഭനവും സമ്മര്‍ദവും ഓരോ ഉദ്യോഗസ്ഥരായി തുടര്‍ന്നുകൊണ്ടിരുന്നു. ഡിവൈഎസ്പി, സിഐമാരെ കൂടാതെ അമ്പതോളം പൊലീസുകാരുണ്ടായിരുന്നു ക്യാമ്പില്‍. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്ന് പ്രത്യേകം തെരഞ്ഞെടുത്തതാണിവരെ. 29-ന് അറസ്റ്റ്ചെയ്ത എന്നെ ജൂലൈ ആറുവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നത്. ആറിന് കോടതിയില്‍ ഹാജരാക്കേണ്ടതാണ്. അഞ്ചിന് രാവിലെ 11 മണിക്ക് ഭക്ഷണം നല്‍കി എന്നെ എസ്എടി ക്യാമ്പിലെത്തിച്ചു. താഴത്തെ നിലയിലെ ചെറിയ മുറിയില്‍ കൈയില്ലാത്ത കസേരയിലിരുത്തി. തുടര്‍ന്ന് 12 പേര്‍ കയറിവന്നു. അവര്‍ വാതിലുകളും ജനാലകളും തുടര്‍ച്ചയായി വലിച്ചടച്ച് ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. അന്നുവരെ കണ്ടിട്ടില്ലാത്തവരായിരുന്നു ഈ 12 പേരും. തുടര്‍ന്ന് സ്റ്റൂളുകളിലായി കസേരയിലേക്ക് കാല്‍നീട്ടി ഇരുന്നു. മുക്കാല്‍മണിക്കൂര്‍ അതേ ഇരിപ്പ്. എല്ലാവരും എന്റെ കണ്ണിലേക്ക് തുറിച്ചുനോക്കി ഒരേ ഇരുത്തം. തുടര്‍ന്ന് മുക്കാല്‍മണിക്കൂറിനുശേഷം അവരെല്ലാം പുറത്തുപോയി.

കറുത്ത് തടിച്ച് ദീര്‍ഘകായനായ ഒരാള്‍ കടന്നുവന്നു. വന്നയുടന്‍ അയാള്‍ വായുവില്‍ കരാട്ടേ പ്രകടനമായി. കളരിയും കാണിക്കുന്നു. ഈ ശാരീരികാഭ്യാസപ്രദര്‍ശനത്തോടെ ഒരുകാര്യം ബോധ്യമായി. കടുത്ത ചോദ്യംചെയ്യല്‍ വരാന്‍ പോകുകയാണ്. ഇതു ശ്രദ്ധിക്കാന്‍ പാടില്ല. ശ്രദ്ധിച്ചാല്‍ മാനസികമായി ക്ഷീണിക്കും. പൂര്‍ണമായും മനസ്സിനെ മാറ്റി പഴയ പാര്‍ടിപ്രവര്‍ത്തനങ്ങളെക്കുറിച്ചും നാടിനെക്കുറിച്ചുംചിന്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് നാദാപുരത്തുണ്ടായ ക്രൂരതകള്‍. നാദാപുരത്തും പരിസരത്തുമായി പ്രസ്ഥാനത്തിനായി ജീവന്‍നല്‍കിയ 16 രക്തസാക്ഷികള്‍, ഈ പ്രദേശത്ത് പ്രസ്ഥാനത്തിന് എക്കാലവും മറക്കാനാവാത്ത നേതൃത്വം നല്‍കിയ ധീരരായ നേതാക്കള്‍ എ കണാരന്‍, ഇ വി കുമാരന്‍, ഇ വി കൃഷ്ണന്‍, കെ ബാലന്‍മാസ്റ്റര്‍, ടി സി ഗോപാലന്‍ മാസ്റ്റര്‍... ചെക്യാട് ജാതിയേരിയില്‍ സ. സജീവന്‍ എന്റെ മടിയില്‍ കിടന്നാണ് ജീവന്‍വെടിഞ്ഞത്. 1988-ലാണ് ആ സംഭവം. അന്ന് ഏരിയാ സെക്രട്ടറിയായിരുന്ന ഇ വി കൃഷ്ണേട്ടന് അസുഖമായതിനാല്‍ ഏരിയാ സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്നു. ഇവരെയൊക്കെ മനസ്സിലോര്‍മിച്ചു. ഏപ്രിലില്‍ കോഴിക്കോട് പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത മഹാ ജനമുന്നേറ്റം മനസ്സില്‍ കണ്ടു. മനസ്സിനെ എല്ലാംകൊണ്ടും പൂര്‍ണമായി പാര്‍ടിക്കാര്യങ്ങളിലേക്ക് തിരിച്ചുവിട്ടു. പൊലീസിന്റെ വിക്രിയകള്‍ ശ്രദ്ധിച്ചതേയില്ല.

കറുത്ത് തടിച്ച പൊലീസുകാരന്റെ അഭ്യാസപ്രകടനം മുക്കാല്‍മണിക്കൂറെങ്കിലും തുടര്‍ന്നുകാണണം. അതവസാനിച്ചതോടെ നേരത്തെ പുറത്തുപോയ മറ്റു 11 പേരും തിരിച്ചുവന്നു. എല്ലാവരും ചുറ്റിലുമിരുന്നു. തുരുതുരാ ചോദ്യങ്ങള്‍. ഏതൊക്കെ നേതാക്കള്‍ക്കിതില്‍ പങ്കുണ്ട്, ഇന്ന നേതാവിനറിയാവുന്നതല്ലേ, ഇന്നയാളുമായി സംസാരിച്ചിട്ടില്ലേ തുടങ്ങി പാര്‍ടി നേതൃത്വത്തില്‍ ചിലരെ ബന്ധിപ്പിച്ചാണ് ചോദ്യങ്ങള്‍. ഞങ്ങള്‍ക്ക് ഞങ്ങളുടെ ദൗത്യം നിര്‍വഹിക്കണം. അതിന് താങ്കള്‍ സഹകരിക്കണം. എന്നാല്‍ ചോദ്യങ്ങള്‍ക്കൊന്നും ഞാന്‍ പ്രതികരിച്ചതേയില്ല. മിണ്ടാതായപ്പോള്‍ ഭീഷണിയായി. അപ്പോള്‍ ഞാന്‍ ചോദിച്ചു. നിങ്ങളാരാണെന്ന് പറയണം, ഏത് തസ്തികയിലുള്ള ഉദ്യോഗസ്ഥനാണ്, അന്വേഷണ സംഘമാണോ ഇതെല്ലാമറിയിക്കണം. അല്ലാതെ ചോദ്യങ്ങള്‍ക്ക് മറുപടി പറയില്ല. താനാരാ വക്കീലാണോ എന്ന് തട്ടിക്കയറലുണ്ടായപ്പോള്‍ പൊതുരംഗത്ത് പത്തു നാല്‍പ്പതുവര്‍ഷമായി പ്രവര്‍ത്തിക്കുന്നയാളാണെന്ന മറുപടി അവര്‍ക്ക് ദഹിച്ചില്ല. തുടര്‍ന്ന് പറുത്തുപോയി ഒരു ഫയലുമായി തിരിച്ചുവന്നു. അടുത്ത മുറിയില്‍ അന്വേഷണത്തിന് നേതൃത്വം നല്‍കിവന്ന ഉന്നതോദ്യോഗസ്ഥരിലൊരാളുണ്ടായിരുന്നു. അദ്ദേഹമാണ് ഫയല്‍ കൊടുത്തയപ്പിച്ചത്. അതിലൊരു വെള്ളക്കടലാസായിരുന്നു. അതില്‍ താഴെ ഒപ്പിടാനായിരുന്നു ആജ്ഞ. അഭിഭാഷകനെ അറിയിച്ചേ ഒപ്പുവെക്കാനാകൂ എന്ന് പറഞ്ഞപ്പോള്‍ കടുത്ത ഭീഷണിയായി. ഭാര്യയെ പിടിച്ചുകൊണ്ടുവരും, എംഎല്‍എയല്ലേ അവരെയും പ്രതിയാക്കുമെന്നായി. തെളിവുണ്ടെങ്കില്‍ നിങ്ങള്‍ പിടിച്ചോളൂ എന്ന് പ്രതികരിച്ചു. മക്കളെ കേസില്‍ ജയിലിലടയ്ക്കുമെന്നായി പിന്നീടുള്ള ഭീഷണി. മക്കള്‍ രണ്ടുപേരും പാര്‍ടി മെമ്പര്‍മാരാണ്. വട്ടോളി സംസ്കൃതം സ്കൂള്‍ ബ്രാഞ്ചംഗങ്ങള്‍. എന്‍ജിനിയറിങ്ങ് ബിരുദധാരികളുമാണ്. ഈ പറഞ്ഞത് പൊലീസ് പ്രവര്‍ത്തിച്ച് കാട്ടിയെന്നതനുഭവം. (മൂത്തമകന്‍ ജൂലിയസ് മിര്‍ഷാദിനെതിരെയാണ് ആദ്യം കള്ളക്കേസുണ്ടക്കിയത്. എന്നാല്‍ അവന്‍ ജോലികിട്ടി വിദേശത്ത് പോയതിനാല്‍ അത് നടന്നില്ല. പിന്നീടാണ് രണ്ടാമത്തെ മകന്‍ ജൂലിയസ് നികിതാസിനെ കോപാ നിയമപ്രകാരം കേസില്‍ പെടുത്തി നാടുകടത്തിയത്. ഹൈക്കോടതിയാണവന് നീതി കൊടുത്തത്. നാട്ടില്‍ പാര്‍ടി പ്രവര്‍ത്തനത്തിലും രക്തദാനമടക്കം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളിലുമായിരുന്നു ഇരുവരുടെയും ശ്രദ്ധ).

മക്കളെ കേസില്‍ കുടുക്കുമെന്നതൊന്നും ഗൗരവത്തിലെടുത്തില്ല. അപ്പോഴാണ് കണ്ണവം വനവും വിലങ്ങാട് മലയുമറിയാമോ എന്ന ചോദ്യം. വിലങ്ങാട് അസ്ഥികൂടം കണ്ടതറിയാമോ എന്നായിരുന്നു അടുത്ത ചോദ്യം. അത് പത്രത്തില്‍ വായിച്ചിട്ടുണ്ടെന്ന് പറഞ്ഞു. അതോര്‍മയുണ്ടായാല്‍ മതി. അപ്പോള്‍ ചിരിച്ചു. എന്താ ചിരിക്കുന്നത്? പറഞ്ഞതിന്റെ അര്‍ഥം മനസ്സിലായോ എന്നായി പൊലീസുകാരന്‍. മനസ്സിലായി, ഒന്നുകില്‍ അതേ മലയില്‍ അസ്ഥികൂടമായി കൊണ്ടുവന്ന് തള്ളും, അതല്ലെങ്കില്‍ നേരത്തെ പറഞ്ഞ അസ്ഥികൂടത്തിന്റെ പേരിലും കേസെടുക്കുമെന്നല്ലേ എന്ന തിരിച്ചുള്ള ചോദ്യം പിടിച്ചില്ല. അസ്ഥികൂടത്തിന്റെയും ചിതാഭസ്മത്തിന്റെയും കാര്യം പറഞ്ഞ് പേടിപ്പിക്കേണ്ടെന്നും മറുപടി നല്‍കി. അയാള്‍ തിരിച്ചുപോയി. പിന്നീട് രാത്രിവരെ മാറിമാറി കടലാസില്‍ ഒപ്പിടുവിക്കാനുള്ള സമ്മര്‍ദം തുടര്‍ന്നു. ജയിലില്‍ വര്‍ഷങ്ങള്‍ കഴിയേണ്ട അവസ്ഥ, പുറത്തുവരുമ്പോള്‍ വര്‍ഷങ്ങള്‍ കഴിയും, അതിലും ഭേദം ഇപ്പോഴത്തെ ചോദ്യങ്ങള്‍ക്ക് ശരിയായി ഉത്തരം പറഞ്ഞാല്‍ ഇപ്പോള്‍ രക്ഷപ്പെടാമെന്ന വാഗ്ദാനം. ഇവരുടെ സമ്മര്‍ദത്തിന് കീഴടങ്ങി പുറത്തിറങ്ങുന്നതിലും ഭേദം മരണമാണെന്ന് ഞാന്‍ ഉറപ്പിച്ചു. ഇവരുടെ സമ്മര്‍ദം അംഗീകരിച്ച് ജയിലില്‍ നിന്നിറങ്ങിയാല്‍ പാര്‍ടിയെ ഒറ്റുകൊടുക്കലാകുമത്. ഇത്രയും കാലമുള്ള പ്രവര്‍ത്തനത്തെ നിഷേധിക്കല്‍. ഭീകരമായ മര്‍ദനം, പീഡനങ്ങള്‍, അതിക്രമങ്ങള്‍ നേരിട്ടിട്ടും പാര്‍ടിക്കായി ജീവിച്ചു മരിക്കുന്ന ആയിരങ്ങളുള്ള നാട്ടില്‍ ഈ പൊലീസുകാരുടെ വാക്കുവിശ്വസിച്ച് നുണപറഞ്ഞുകൊടുത്ത് രക്ഷപ്പെട്ട് ജീവിക്കേണ്ട. കോഴിക്കോട്, വടകര, ഓര്‍ക്കാട്ടേരി എല്ലായിടങ്ങളിലും ഈ അതിക്രമകാലത്തും പാര്‍ടിക്കൊപ്പം അണിനിരന്ന ആയിരങ്ങളുണ്ട്. എല്ലാ പ്രതിസന്ധികളിലും പ്രസ്ഥാനത്തെ സംരക്ഷിക്കാന്‍ വന്നവര്‍, അവരോടൊപ്പം നില്‍ക്കാനാവുന്നില്ലെങ്കില്‍ ജിവിച്ചിട്ട് കാര്യമില്ലെന്നും മനസ്സില്‍ ഉറപ്പിച്ചു. തുടര്‍ച്ചയായ പ്രതികരണമില്ലായ്മയും ഉറച്ച മറുപടി ആവര്‍ത്തിച്ചതോടെയും പൊലീസ് ആ മാരത്തണ്‍ ചോദ്യംചെയ്യലും അന്ന് നിര്‍ത്തി. അപ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു. വടകര ലോക്കപ്പില്‍ കൊണ്ടുവിട്ടു. പിന്നീടുള്ള ദിവസങ്ങളിലും ചോദ്യംചെയ്യല്‍ തുടര്‍ന്നു.

ജൂലൈ 11-നാണ് ജയിലിലെത്തുന്നത്. കോഴിക്കോട് ജില്ലാ ജയിലില്‍ ഒമ്പതാം നമ്പര്‍ സെല്ലില്‍. ഒഞ്ചിയം ഏരിയാ സെക്രട്ടറി സി എച്ച് അശോകന്‍, ഏരിയാ കമ്മിറ്റി അംഗം കെ കെ കൃഷ്ണന്‍, കെ സി രാമചന്ദ്രന്‍, സനൂപ്(ഒഞ്ചിയം) എന്നിവരായിരുന്നു സഹ അന്തേവാസികള്‍. ബ്രിട്ടീഷുകാരുണ്ടാക്കിയ സെല്ലാണത്. മൂന്ന് മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയുമുള്ള കുടുസുമുറി. അതിനകത്താണ് കക്കൂസും. ഭക്ഷണവും അവിടെ തന്നെ. ഫാനില്ല. കൊതുകിന്റെ മഹാപ്രകടനം ഏതുനേരവും. ജയിലില്‍ രാജകീയ സൗകര്യമാണെന്ന് പറയുന്ന മാധ്യമങ്ങള്‍ അറിയേണ്ടതാണിതൊക്കെ. എന്നാല്‍ കമ്യൂണിസ്റ്റുകാര്‍ വെള്ളംപോലെയാണ്. കുപ്പിയിലൊഴിച്ചാലതുപോലെ, പാത്രത്തിലായാല്‍ അതേപോലെ. ഇതിലൊന്നും അതിനാല്‍ പരാതിപ്പെട്ടതേയില്ല.എന്നാല്‍ ഞങ്ങള്‍ കിടക്കുന്ന സമയം സരിതാ എസ് നായര്‍ അതേ ജയിലില്‍ കിടന്നത് അറിയാമായിരുന്നു. അവര്‍ക്ക് കിട്ടിയ സൗകര്യങ്ങളും സാരിയുമെല്ലാം വലിയ വാര്‍ത്തയായതാണല്ലോ. വലിയ തട്ടിപ്പുകാരിയായ സരിതക്ക് ദിവസേന സാരിയും ചുരീദാറും എത്തിച്ചുകൊടുത്തിരുന്നു. കെപിസിസി എക്സി. അംഗമായ കോണ്‍ഗ്രസിന്റെ ജില്ലയിലെ പ്രമുഖ നേതാവാണ് സരിതക്ക് ജയിലില്‍ ദിവസവും വസ്ത്രമെത്തിച്ചുകൊടുത്തിരുന്നതെന്നാണ് ജയില്‍ ജീവനക്കാരില്‍നിന്ന് മനസ്സിലാക്കിയത്. റിമാന്‍ഡ് തടവുകാരനായ എനിക്ക് ആഴ്ചക്ക് ഭാര്യ ലതികയാണ് വസ്ത്രങ്ങള്‍ എത്തിച്ചുതരാറുള്ളത്. സരിതക്ക് രാജകീയസൗകര്യവും സന്നാഹവും നല്‍കിയ സര്‍ക്കാര്‍ എംഎല്‍എയായ ഭാര്യ ലതിക എന്നെ കാണാന്‍ വന്നപ്പോഴും മറ്റ് പല അവസരങ്ങളിലും കാട്ടിയ സമീപനം മഹാക്രൂരമായിരുന്നു. മൂത്തമകന്‍ വിദേശത്ത് പോകുന്നവേളയില്‍ അവനുമായി ജയിലില്‍ കാണാനെത്തിയപ്പോള്‍ അനുമതി നിഷേധിച്ചു. വൈകിട്ട് നാലുമണിക്കാണ് അവര്‍ കാണാന്‍ വന്നത്. എന്നാല്‍ എംഎല്‍എയെ കാണാന്‍ അനുവദിക്കും, മകനെ വിടില്ല എന്ന വാശിയിലായിരുന്നു ജയില്‍ സൂപ്രണ്ട്. ജനപ്രതിനിധിയോട് കാട്ടേണ്ട മര്യാദ ലംഘിച്ച് ആ്രകോശിക്കയായിരുന്നു സൂപ്രണ്ട്. ഒടുവില്‍ നീതിനിഷേധത്തിനെതിരെ കുത്തിയിരുപ്പ് സമരം നടത്തുമെന്ന് ലതിക പ്രഖ്യാപിച്ചതോടെ ഉന്നതര്‍ ഇടപെട്ടാണ് മകന് സന്ദര്‍ശനാനുമതി നല്‍കിയത്. ശാരീരികമായി പീഡിപ്പിച്ചില്ലെന്നേയുള്ളൂ. മാനസികമായി എല്ലാവിധത്തിലും തകര്‍ക്കാനും തളര്‍ത്താനും നീക്കമുണ്ടായി. ജയിലില്‍നിന്ന് പുറത്തുപോകുമ്പോള്‍ വിചാരണ തടവുകാരെ കാണാന്‍ ബന്ധുക്കളെ അനുവദിക്കാറുണ്ട്. എന്നാല്‍ മെഡി. കോളേജില്‍ ഡോക്ടറെ കാണാന്‍ പോയപ്പോള്‍ ലതിക എന്നെ കണ്ടത് വലിയ വിവാദമാക്കി. ഇത്തരം സന്ദര്‍ഭങ്ങളില്‍ തടവുകാര്‍ക്ക് ചായ വാങ്ങിക്കൊടുക്കാന്‍ ജയിലില്‍നിന്ന് തുക അനുവദിക്കുന്നുണ്ട്. ഇതനുസരിച്ചാണ് ചായ കഴിച്ചത്. അതിന്റെ പേരില്‍ ചായ വാങ്ങിക്കൊടുത്തെന്ന് കുറ്റം ചുമത്തി മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. കേരളം കണ്ട വന്‍ തട്ടിപ്പുകാരി സരിതക്ക് എല്ലാ സൗകര്യങ്ങളും, പൊതുപ്രവര്‍ത്തകര്‍ക്ക് നിയമാനുസൃത സ്വാതന്ത്ര്യങ്ങളുമില്ലാത്തവിധമുള്ള ഇരട്ടനീതിയാണ് സര്‍ക്കാരും ഉന്നത ഉദ്യോഗസ്ഥരും നടപ്പാക്കിയത്. എന്തിനെന്നെ പീഡിപ്പിച്ചു. ഇതിന് അധികാരികള്‍ മറുപടി പറയണ്ടേ. അറസ്റ്റ്ചെയ്യുമ്പോഴും ശേഷം ചോദ്യംചെയ്യല്‍വേളയിലുമെല്ലാം പൊലീസിനോട് പറഞ്ഞതാണ് അറിവില്ലാത്ത, പങ്കില്ലാത്ത കാര്യമാണിതെന്ന്. അതൊന്നും മാനിക്കാതെ കഥകള്‍ പ്രചരിപ്പിച്ചു. 19 മാസം, 573 ദിവസം എന്നെ തടവിലിട്ടു. ഇവര്‍ ചുമത്തിയ എല്ലാകുറ്റവും തള്ളി ഇപ്പോള്‍ കോടതി വിട്ടു.

19 മാസം ജയിലിലടച്ചതിന്, നാട്ടില്‍നിന്ന്, നാട്ടുകാരില്‍നിന്ന് എന്നെ മാറ്റി നിര്‍ത്തിയതിന്, ഇല്ലാക്കഥകളും തെറ്റായ വാര്‍ത്തകളും പ്രചരിപ്പിച്ചതിന് ആര് മറുപടി പറയും. എന്റെ പത്തൊമ്പതുമാസം ആരു തിരിച്ചുതരും. നിരപരാധിത്വം തെളിയിക്കപ്പെട്ടിരിക്കുന്നു ഇപ്പോള്‍. എന്നിട്ടും കോലാഹലമടങ്ങിയിട്ടില്ല. മാധ്യമവിചാരണകളും തുടരുന്നു. വടകര പ്രത്യേകാന്വേഷകസംഘത്തിന്റെ കീഴിലുണ്ടായിരുന്ന ക്യാമ്പിലെ 12 ദിവസം, അത് 12 വര്‍ഷമായാണ് അനുഭവപ്പെട്ടത്. എന്നാല്‍ ജയിലില്‍ കൊലക്കേസിന്റെ ഗൂഢാലോചനയില്‍ തടവിലായിട്ടും നാട്ടുകാരില്‍നിന്നുണ്ടായ പ്രതികരണം ആവേശം പകര്‍ന്നതാണ്. ആദിവാസികളടക്കം സ്നേഹത്തോടെ കണ്ണീരണിഞ്ഞ് കാണാനെത്തി. വ്യത്യസ്ത രാഷ്ട്രീയ നേതാക്കള്‍ വന്നു. അതില്‍ കോണ്‍ഗ്രസ് നേതാക്കളുണ്ട്, മുസ്ലിംലീഗിന്റെയും ബിജെപിയുടേതുമുണ്ട്. അവര്‍ക്കൊക്കെ എന്നെ, എന്റെ പൊതുജീവിതം അറിയാമായിരുന്നു. അക്ബര്‍ കക്കട്ടിലടക്കം ഒട്ടേറെ എഴുത്തുകാരും സാംസ്കാരികപ്രവര്‍ത്തകരും വന്നു. ഡോക്ടര്‍മാര്‍, അഭിഭാഷകര്‍ എല്ലാം. കമ്പിവലക്കുള്ളില്‍ എന്നെ കണ്ട് കണ്ണീരണിഞ്ഞവരുണ്ട്, വടകര താഴെഅങ്ങാടിയില്‍ നിന്നെത്തിയ ഒരു ഉമ്മ കാട്ടിയ സ്നേഹവായ്പ് മറക്കാനാവില്ല. അവര്‍ എന്റെ രക്ഷക്കായി എന്തോ മന്ത്രിച്ചൂതാന്‍ ശ്രമിച്ചു. തടഞ്ഞപ്പോള്‍ കണ്ണീരോടെയാണ് പോയത്. ഇക്കാലത്ത് ജയിലിലുണ്ടായിരുന്ന ചെറിയ ചെറിയ കേസുകളിലെത്തിയവരുമായി പരിചയവും ബന്ധവുമുണ്ടായി. അങ്ങനെ പരിചയപ്പെട്ട പതിനഞ്ചോളംപേര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങി ഇപ്പോള്‍ നമ്മുടെ അനുഭാവികളായി. പാര്‍ടിയുമായി ബന്ധപ്പെട്ട് ഇവര്‍ പല സ്ഥലത്തുമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നുത്. ജയിലില്‍വെച്ച് പാര്‍ടിയെക്കുറിച്ച് അവരെ ധരിപ്പിക്കാനും പ്രവര്‍ത്തനം മനസ്സിലാക്കിക്കാന്‍ സാധിച്ചതിനാലുമാണിത്. പത്രങ്ങളും പുസ്തകങ്ങളുമെത്തിച്ചു തന്ന് സ്നേഹസൗഹൃദം പ്രകടിപ്പിച്ചവരുണ്ട്. ഈ അഞ്ഞൂറ്റി എഴുപത്തിമൂന്ന് ദിവസം മറ്റൊരുതരത്തില്‍ ജീവിതത്തില്‍ നല്ല ഓര്‍മയാണ്. അത് ധാരാളം വായിക്കാനായെന്ന സന്തോഷമാണ്. ജയിലില്‍ നല്ലൊരു ലൈബ്രറിയുണ്ട്. അത് ഞാന്‍ പരമാവധി പ്രയോജനപ്പെടുത്തി. ടോള്‍സ്റ്റോയിയുടെ, ചെക്കോവിന്റെ ലോക ക്ലാസിക് കൃതികള്‍ വീണ്ടും വായിക്കാനായി. ഇ എം എസ്, എ കെ ജി, സുന്ദരയ്യ, വിഷ്ണുഭാരതീയന്‍ എന്നിവരുടെയെല്ലാം ആത്മകഥകളുടെ രണ്ടാം വായനയ്ക്കവസരമുണ്ടായി. റോസാ ലക്സംബര്‍ഗിനെപ്പോലുള്ള വിശ്വവിപ്ലവകാരികളുടെ രചന പരിചയപ്പെടാനുമായി. എം എന്‍ ഗോവിന്ദന്‍നായര്‍, പി കെ വി, കെ പി കേശവമേനോന്‍ ഇവരുടെ ആത്മകഥകള്‍ നല്ല അനുഭവമാണ് സമ്മാനിച്ചത്. മാക്സിം ഗോര്‍ക്കിയുടെ അമ്മ വീണ്ടും വായിക്കാനായതും മറക്കാനാവില്ല. ഉണ്ണിരാജ, എന്‍ ഇ ബാലറാം, കെ ദാമോദരന്‍ എന്നിവരുടെ കൃതികള്‍ ധാരാളം ലഭിച്ചു. തകഴിയുടെ ധാരാളം കൃതികള്‍ വായിച്ചു. എം മുകുന്ദന്റെ പുലയപ്പാട്ടും പി വത്സലയുടെ ചാവേറുമെല്ലാം വായിച്ചു. ദേശാഭിമാനി പത്രം കൃത്യമായി കിട്ടിയത് ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് മാനേജര്‍ എ കെ പത്മനാഭന്‍ കാട്ടിയ പ്രത്യേക താല്‍പ്പര്യത്തിലായിരുന്നു. അതുപോലെ പുസ്തകങ്ങള്‍ എത്തിച്ചുതരാന്‍ ശ്രദ്ധകാണിച്ച സഖാക്കളുണ്ട്. ചന്ദ്രശേഖരന്റെ വധത്തില്‍ പാര്‍ടിക്ക് ഒരു ബന്ധവും പങ്കുമില്ലെന്ന് സിപിഐ എമ്മിന്റെ എല്ലാ തലത്തിലുമുള്ളവര്‍ തുടക്കത്തിലേ പറഞ്ഞതാണ്.

ഞാന്‍ കൊലപാതകം അറിയുന്നത് മുസ്ലിംലീഗിന്റെ നേതാവ് ബങ്കളത്ത് മുഹമ്മദ് (നാദാപുരം) വിളിച്ചറിയിച്ചപ്പോഴാണ്്. ആ സമയത്ത് ഞാനും ഭാര്യ കെ കെ ലതിക എംഎല്‍എയും ഒന്നിച്ചുണ്ടായിരുന്നു. കുറ്റ്യാടിക്ക് പോകുകയായിരുന്നു ഞങ്ങള്‍. ഐഎഎസ് കിട്ടിയ ഞങ്ങളുടെ നാട്ടിലെ മിടുക്കിയായ പെണ്‍കുട്ടി, കുറ്റ്യാടിയിലെ അഥീനാ മുഹമ്മദിനെ (ഇപ്പോള്‍ കണ്ണൂര്‍ സബ്കലക്ടര്‍) അനുമോദിക്കാനായി ഒന്നിച്ചു പോകുകയായിരുന്നു ഞങ്ങള്‍. ആ വീട്ടിനടുത്തെത്തിയപ്പോഴാണ് ബങ്കളം വിളിച്ച് കാര്യം പറയുന്നത്. ആ വീട്ടിലെത്തിയപ്പോള്‍ അനുമോദനത്തിന്റെയും അഭിനന്ദനത്തിന്റെയും മൂഡ് പോയിരുന്നു. എഴുത്തുകാരനും സുഹൃത്തും നാട്ടുകാരനുമായ അക്ബര്‍ കക്കട്ടിലും ഭാര്യ ജമീലയുമുണ്ടായിരുന്നവിടെ. ആ കുട്ടി തന്ന ലഡു കഴിക്കാനാവാത്ത അവസ്ഥയിലായിരുന്നു ഞാനും അക്ബറും. വല്ലാതെ വേദനിച്ചു. ഞാന്‍ ഉടന്‍ പാര്‍ടി ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണനുമായി ബന്ധപ്പെട്ടു. ടിപിയും വാര്‍ത്തയറിഞ്ഞ ഞെട്ടലിലായിരുന്നു. പാര്‍ടിക്കറിയാത്ത വധത്തെ ശക്തമായി അപലപിച്ച് ദുഃഖംരേഖപ്പെടുത്തി. അതെല്ലാം അങ്ങേയറ്റം ആത്മാര്‍ഥതയോടെയും സത്യസന്ധതയിലുമാണ് നിര്‍വഹിച്ചത്. എന്നാല്‍ ആ നിമിഷം മുതല്‍ കോണ്‍ഗ്രസ് നേതാക്കളും മാധ്യമങ്ങളും മന്ത്രിമാരും എല്ലാം പാര്‍ടിക്കെതിരായി പ്രചാരണമാരംഭിച്ചിരുന്നു. അറസ്റ്റിന് മുമ്പ് തന്നെ ചില മാധ്യമങ്ങള്‍പേര് പറയാതെ തൊട്ടുകാണിക്കുംവിധം ഊഹങ്ങളും അപവാദങ്ങളും എനിക്കെതിരെ നിരത്തി. ജനമനസ്സില്‍ സംശയം സൃഷ്ടിച്ചു. ഉയര്‍ന്നതലത്തില്‍ ഗൂഢാലോചനയെന്ന കഥ നിരന്തരം അഴിച്ചുവിട്ടു. ജയില്‍വാസം എന്നെ വേദനിപ്പിച്ചില്ല. എന്നാല്‍ മാധ്യമവേട്ട എന്നെ വേദനിപ്പിച്ചു. ഞാന്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ്പ്രസിഡന്റുമായിരുന്നപ്പോള്‍ സഹപ്രവര്‍ത്തകനാണ് ചന്ദ്രശേഖരന്‍. വ്യക്തിപരമായി നല്ല ബന്ധമായിരുന്നു. അതൊന്നും പരിഗണിക്കാതെയാണ് ഹീനപ്രചാരണം സംഘടിപ്പിച്ചത്. 1976-ല്‍ പാര്‍ടിമെമ്പറായി. കുറേവര്‍ഷം അധ്യാപകനായിരുന്നു.

*
സിപിഐ എം പ്രവര്‍ത്തകരെ വേട്ടയാടുന്നതിന്റെ ഭാഗമായി കള്ളക്കേസുകളും ഭരണകൂട ഭീകരതയും ആദ്യമല്ല. അത്തരം കേസുകള്‍ അതിജീവിച്ചാണ് പ്രസ്ഥാനം വളര്‍ന്നതും മുന്നേറിയതും. ഇത്തരം നിരവധി കേസുകള്‍ കോടതികളില്‍ തകര്‍ന്നടിഞ്ഞതുമാണ്. രാഷ്ട്രീയപകയോടെ കള്ളത്തെളിവുകളുണ്ടാക്കി നിരപരാധികളായ സിപിഐ എം പ്രവര്‍ത്തകര്‍ ശിക്ഷിക്കപ്പെട്ടു. എന്നാല്‍ മറ്റു കേസുകളില്‍ സത്യസന്ധമായ അന്വേഷണം വന്നപ്പോള്‍ സിപിഐ എം പ്രവര്‍ത്തകരെ ശിക്ഷിച്ചതടക്കം തെറ്റാണെന്ന് വെളിപ്പെട്ടു. ഗുരുവായൂരിലെ തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ കൊലപാതകത്തിന് പൊലീസ് കേസെടുത്തു നിരപരാധികളെ കോടതി ശിക്ഷിച്ചശേഷം യഥാര്‍ഥ പ്രതികളെ പിന്നീട് തിരിച്ചറിയുകയായിരുന്നു. പ്രതികളെന്ന് പൊലിസ് ആരോപിച്ച മുതുവട്ടൂര്‍ സ്വദേശികളായ വാകയില്‍ ഗോപിയുടെ മകന്‍ ബിജി(40), തൈക്കാട് വീട്ടില്‍ മാധവന്റെ മകന്‍ ടി എം ബാബുരാജ്(43), മുതുവട്ടൂര്‍ രായംമരക്കാര്‍ വീട്ടില്‍ റഫീക്ക്(39), കല്ലിങ്ങല്‍ പറമ്പില്‍ പരേതനായ ഹരിദാസന്‍ എന്നിവര്‍ക്കാണ് പൊലീസ് ഗൂഢാലോചനയെതുടര്‍ന്ന് ശിക്ഷ ലഭിച്ചത്. പിന്നീട് തീവ്രവാദ സ്ക്വാഡിന്റെ അന്വേഷണത്തെ തുടര്‍ന്ന് പിടിയിലായ തീവ്രവാദ സംഘടനയായ ജമുയത്തിന്‍ ഹിസാനിയയാണ് കൊല നടത്തിയതെന്ന് കണ്ടെത്തി. എന്നാല്‍ സിപിഐ എം പ്രവര്‍ത്തകര്‍ ഈ കേസില്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തുമ്പോഴേക്കും പൊലീസിന്റെ ക്രൂരമായ മര്‍ദനത്തിനിരയായി ക്ഷയവും മഞ്ഞപ്പിത്തവും ബാധിച്ച് നാലാം പ്രതിയായ ഹരിദാസന്‍ മരണമടഞ്ഞു.

1994 ഡിസംബര്‍ നാലിന് പുലര്‍ച്ചയാണ് നാടിനെ നടുക്കിയ കൊലപാതകം നടക്കുന്നത്. സിപിഐ എംകാരാണ് പ്രതികളെന്നായിരുന്നു പതിവുപോലെ പത്രങ്ങളും കോണ്‍ഗ്രസ്സ് നേതാക്കളും ആരോപിച്ചത്. ഇതിന് തലേദിവസം ഗുരുവായൂര്‍ സ്വദേശി കെണിമംഗലം ജോയിയെ ക്രിമിനലുകള്‍ വെട്ടിയിരുന്നു. ഇതിന് പ്രതികാരമായി നടത്തിയ കൊലപാതകമാണെന്നും കോണ്‍ഗ്രസ്സും പൊലിസും പ്രചരിപ്പിക്കുകയും ചെയ്തു. അങ്ങനെ സിപിഐ എം പ്രവര്‍ത്തകരായിരുന്ന ബിജിയും ബാബുരാജും അനുഭാവികളായ ഹരിദാസനും റഫീക്കും കോണ്‍ഗ്രസ്സിലെ തിരുത്തല്‍വാദികളായിരുന്ന ജെയിസണ്‍, ജെയിംസ്, പ്രത്യേക രാഷ്ട്രീയമില്ലാതിരുന്ന ഷെമീര്‍, അബൂബക്കര്‍, സുബ്രഹ്മണ്യന്‍ എന്നിവര്‍ പ്രതികളായി മാറി. തൃശൂര്‍ സെഷന്‍സ് കോടതി ബിജി, ബാബുരാജ്, റഫീക്ക്, ഹരിദാസന്‍ എന്നിവരെ ശിക്ഷിച്ചു. വിവിധ വകുപ്പുകളിലായി 33 വര്‍ഷത്തേക്കായിരുന്നു ശിക്ഷ. ഇവര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെയാണ് ടി പി സെന്‍കുമാറിന്റെ നേതൃത്വത്തില്‍ തീരദേശ തീവ്രവാദ വിരുദ്ധ സ്ക്വാഡ് രൂപീകരിച്ച് പല കേസുകളിലെയും പ്രതികളെ പിടികൂടിത്തുടങ്ങിയത്. തുടര്‍ന്ന് വാടാനപ്പിള്ളി സ്വദേശി സന്തോഷ്, കൈപ്പമംഗലം ചളിങ്ങാട് രാജീവ്, കൊല്ലങ്കോട് താമി വധക്കേസുകളിലെയും നോമ്പുകാലത്ത് തുറന്ന് പ്രവര്‍ത്തിച്ച സിനിമാ തിയറ്ററുകള്‍ കത്തിച്ച കേസിലെ പ്രതികളായ ജമുയത്തൂല്‍ ഹിസാനിയ എന്ന തീവ്രവാദ സംഘടനയിലെ അംഗങ്ങളെയും പിടികൂടുന്നത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നായിരുന്നു സുനില്‍ വധത്തിനു പിന്നിലും ഇവരാണെന്ന് പൊലീസ് കണ്ടെത്തുന്നത്. സുനിലിന്റെ ബന്ധുക്കളെയും സാക്ഷികളെയും കാണിച്ച് ഇക്കാര്യം സ്ഥിരീകരിച്ച പൊലീസ് പിന്നീട്, ശിക്ഷ അനുഭവിക്കുന്നവരല്ല പ്രതികളെന്ന് പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും നിരപരാധികളായ നാല് യുവാക്കള്‍ അനുഭവിച്ച കൊടിയ പീഡനങ്ങള്‍ക്കും കഷ്ടതകള്‍ക്കും കൈയും കണക്കുമില്ലായിരുന്നു.

*
തുടര്‍ച്ചയായ ഭീഷണികളിലും സമ്മര്‍ദത്തിലും പതറാതെയാണ് പി മോഹനന്‍ അന്വേഷണത്തെ, നിയമനടപടികളെ അതിജീവിച്ചത്. വടകര പ്രത്യേകാന്വേഷണസംഘത്തിന്റെ ചോദ്യംചെയ്യല്‍ നേരിട്ട 12 ദിവസം 12 വര്‍ഷമായാണ് അനുഭവപ്പെട്ടതെന്ന് പി മോഹനന്റെ വാക്കുകളിലുണ്ട്. എത്ര കഠിനവും പ്രാകൃതവുമാണ് പൊലീസിന്റെ രീതികളെന്നതിന്റെ തെളിവാണിത്. കേരളത്തിലെ ഏറ്റവും വലിയ ജനകീയപ്രസ്ഥാനത്തിനും അതിന്റെ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നേരെ രാഷ്ട്രീയ പകയുടെയും വെറുപ്പിന്റെയും ആയുധമായി പൊലീസിനെയും അധികാരത്തെയും നിര്‍ലജ്ജം ഉപയോഗിച്ചവരോര്‍ക്കേണ്ടതൊന്ന് മാത്രം. കാലം എല്ലാറ്റിനും സാക്ഷിയാണ്. ഈ അവഹേളനത്തിന്, അപമാനത്തിന്, അപവാദങ്ങള്‍ക്ക് ചരിത്രം മാപ്പുതരില്ല.

*
പി മോഹനന്‍/പി വി ജീജോ ദേശാഭിമാനി വാരിക

Friday, February 7, 2014

സിബിഐ അന്വേഷണം: പ്രീതിപ്പെടുത്തേണ്ടത് ആരെ?

മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞചെയ്യുന്നത് ഭീതിയോ പ്രീതിയോ കൂടാതെ ഭരണഘടനാചുമതല നിറവേറ്റും എന്നാണ്. ഈ സത്യവാചകത്തിന് നേര്‍വിരുദ്ധമായ നിലയിലാണ് കേരളത്തിലെ യുഡിഎഫ് മന്ത്രിസഭ ഇപ്പോള്‍ കാര്യങ്ങള്‍ നീക്കുന്നത്. ഇതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് ടി പി ചന്ദ്രശേഖരന്‍ കേസിലെ ഇപ്പോഴത്തെ നീക്കങ്ങള്‍.

ആരെങ്കിലും നിരാഹാരം കിടന്നാല്‍ അതിന്റെ പേരില്‍ നടത്താനുള്ളതാണോ സിബിഐ അന്വേഷണം? കേരളത്തില്‍ ഒട്ടനവധിവധക്കേസുകള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ ഓരോന്നിന്റെയുംപേരില്‍ ഓരോകൂട്ടര്‍ വന്ന് സെക്രട്ടറിയറ്റിനുമുമ്പില്‍ നിരാഹാരം കിടക്കുന്നുവെന്നുവയ്ക്കുക. എല്ലാ കേസുകളും സിബിഐക്കു വിടുമോ? ഈ ഒരു കേസില്‍മാത്രം എന്തുകൊണ്ടാണ് യുഡിഎഫ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇത്രയേറെ താല്‍പ്പര്യം? ഭയമോ പ്രീതിയോ മാനദണ്ഡമാക്കാതെ ഭരണം നിര്‍വഹിക്കുമെന്ന് പ്രതിജ്ഞചെയ്തവര്‍ ഭയക്കുകയും ഭയപ്പെടുത്താന്‍ ശ്രമിക്കുകയുമാണ്; പ്രീതിനേടാനും പ്രീതിപ്പെടുത്താനും ശ്രമിക്കുകയുമാണ്. ഭയക്കുന്നത് തങ്ങളുടെ ഭരണ ദുഷ്ചെയ്തികള്‍ക്കെതിരെ ഉയരുന്ന ജനരോഷത്തെ. ആ ഭയത്തില്‍നിന്നാണ് ഭയപ്പെടുത്താനുള്ള നീക്കമുണ്ടാവുന്നത്. ഭയപ്പെടുത്താന്‍ നോക്കുന്നത് ആ ജനരോഷത്തിന്റെ ചാമ്പ്യന്മാരായി നില്‍ക്കുന്ന പ്രതിപക്ഷത്തെ, പ്രത്യേകിച്ച് ഇടതുപക്ഷത്തെ നേതാക്കളെ. പ്രീതിപ്പെടുത്താന്‍ നോക്കുന്നത് സിപിഐഎമ്മിനെ ഏത് വിധേനയും തകര്‍ക്കണമെന്ന ആഗ്രഹത്തില്‍ കവിഞ്ഞ ഒരു രാഷ്ട്രീയവും ഇല്ലാത്ത ഒഞ്ചിയത്തെ ഒരു സംഘത്തെ. അവരെ പ്രീതിപ്പെടുത്തി രാഷ്ട്രീയമായി കേരളത്തിലാകെ ഉപയോഗിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാമെന്ന് ഇവര്‍ ധരിക്കുന്നു. അധികാരത്തെ ഇതിനുള്ള ഉപകരണമായി മാറ്റുന്നു. ഭരണഘടനയ്ക്കുമുമ്പിലെന്നല്ല, ജനവികാരത്തിനുമുമ്പിലും ഈ കാപട്യം വിലപ്പോവില്ല.

ടി പി ചന്ദ്രശേഖരന്‍വധം ഇവരുടെ ചൊല്‍പ്പടിക്കുനില്‍ക്കുന്ന പൊലീസിനെക്കൊണ്ടുതന്നെ അന്വേഷിപ്പിച്ചതാണ്. രാഷ്ട്രീയമായ ഇടപെടലില്‍ ഏതാണ്ട് നൂറോളംപേരെ ഈ കേസില്‍ കുരുക്കിയിടുന്നതരത്തിലുള്ള ഒരു ചാര്‍ജ്ഷീറ്റ് പൊലീസ് തയ്യാറാക്കി. വിചാരണ നടന്നു. പൊലീസ് കുരുക്കിയ മഹാഭൂരിപക്ഷംപേരെയും കോടതി നിരപരാധികളെന്നുകണ്ട് വിട്ടയച്ചു. അന്വേഷണപ്രക്രിയയുടെ ഏതെങ്കിലും ഘട്ടത്തില്‍ അന്വേഷണത്തില്‍ അപര്യാപ്തതയുണ്ടെന്നു തോന്നിയിരുന്നെങ്കില്‍ ഇവര്‍ക്കിത് സിബിഐക്ക് വിടാമായിരുന്നു. എന്നാല്‍, അപ്പോഴൊക്കെ ആഭ്യന്തരമന്ത്രിയും സര്‍ക്കാരും പറഞ്ഞുകൊണ്ടിരുന്നത് അന്വേഷണം തൃപ്തികരമായി പൂര്‍ത്തിയാവുന്നു എന്നാണ്. പൂര്‍ത്തിയായശേഷമോ കുറ്റപത്രം സമര്‍പ്പിച്ചവേളയിലോ ഇവര്‍ക്ക് അതൃപ്തി തോന്നിയില്ല. സിബിഐ അന്വേഷണം നടത്തേണ്ടതുണ്ടെന്നു തോന്നിയില്ല. പിന്നീട് എപ്പോഴാണിത് തോന്നിയത്? രാഷ്ട്രീയ വൈരനിര്യാതനബുദ്ധിയോടെ പൊലീസിനെക്കൊണ്ട് ഒട്ടേറെ സിപിഐ എം നേതാക്കളെ കെണിയിലാക്കിച്ച കാപട്യം കോടതിവിധിയിലൂടെ പൊളിഞ്ഞപ്പോള്‍. കെട്ടിപ്പൊക്കിയ കള്ളക്കഥ ചീട്ടുകൊട്ടാരംപോലെ കോടതി മുമ്പാകെ തകര്‍ന്നുവീണ് സിപിഐ എം കുറ്റവിമുക്തമായപ്പോള്‍. അപ്പോഴാണ് വിധിവരെ വന്നുകഴിഞ്ഞ കേസ് സിബിഐക്ക് വിടാമെന്ന ആലോചനയിലേക്ക് കെ കെ രമയും കോണ്‍ഗ്രസ് നേതാക്കളും കടന്നത്.

വിധിവന്ന കേസ് ഇനി സിബിഐക്കു വിടുന്നത് നിയമപരമായി സാധുവായ കാര്യമല്ല. അതിനപ്പുറം വിലപ്പെട്ട സമയം ഇതിനായി നീക്കിവച്ച കോടതിയെയും വിധി പറഞ്ഞ ജഡ്ജിയെയും അപഹസിക്കലാണുതാനും. സിബിഐക്ക് വിടേണ്ടതാണീ കേസ് എന്നുതോന്നിയിരുന്നെങ്കില്‍ എന്തിന് കോടതിയെയും ജഡ്ജിയെയുംകൊണ്ട് ഇങ്ങനെയൊരു വിഡ്ഢിവേഷം കെട്ടിച്ചു? ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ചോര്‍ത്തിക്കളയാന്‍ ഭരണഘടനതൊട്ട് സത്യപ്രതിജ്ഞയെടുത്തിട്ടുള്ളവര്‍തന്നെ ശ്രമിക്കുന്നു എന്നല്ലേ ഇതില്‍നിന്ന് മനസിലാക്കേണ്ടത്. കോടതി തങ്ങള്‍ കല്‍പ്പിക്കുംപോലെ വിധി പറഞ്ഞാല്‍ കോടതി വിധിയെ മാനിക്കും. തങ്ങളുടെ കല്‍പ്പനപ്രകാരമല്ല വിധിയെങ്കില്‍ കേന്ദ്ര പൊലീസിനെക്കൊണ്ട് ആ വിധി അസ്ഥിരപ്പെടുത്താന്‍ നോക്കും. ഇതല്ലേ നിലപാട്? കോടതിക്കുമേലെയാണോ സിബിഐ?

വഴിവിട്ട് എന്തെല്ലാം കാര്യങ്ങളാണ് ഇവര്‍ ചെയ്യുന്നത്? ഏറെ വൈകി രമയില്‍നിന്ന് ഒരു പരാതി എഴുതി വാങ്ങി മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്യുക. സിബിഐക്കു കേസ് റഫര്‍ ചെയ്യാനുള്ള ക്യാബിനറ്റ് നോട്ട് ആദ്യമേ തയ്യാറാക്കിവയ്ക്കുക. അക്കാര്യം രമയെ അറിയിച്ച് ക്യാബിനറ്റിന്റെ യോഗത്തിന് രണ്ടുനാള്‍മുമ്പ് അവരെക്കൊണ്ട് നിരാഹാരം അനുഷ്ഠിപ്പിക്കുക. ഇങ്ങനെ തിരക്കഥ പുരോഗമിക്കുമ്പോഴാണ് ഒരു നിയമസാങ്കേതിക പ്രശ്നം മുമ്പില്‍ വരുന്നത്. കോടതി വിധി പറഞ്ഞ കേസുമായി ബന്ധപ്പെട്ട് മറ്റൊരു കേസ് ഉണ്ടാക്കിയാല്‍തന്നെ പ്രാഥമിക അന്വേഷണമെങ്കിലും ഇവിടത്തെ പൊലീസ് നടത്തിയതിന്റെ റിപ്പോര്‍ട്ടുണ്ടായാലേ സിബിഐ പരിഗണനയ്ക്കുപോലും എടുക്കാനിടയുള്ളൂ എന്നതാണത്. ഉടനെ, ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക ടീമിനെ വളരെ വൈകി നിയോഗിച്ചു. എന്താണ് ഈ ടീമിന്റെ പണി? സിബിഐ അന്വേഷിക്കാന്‍മാത്രം കഴമ്പുള്ളതാണ് ഈ കേസ് എന്നു വരുത്തുന്ന ഒരു അടിത്തറ കൃത്രിമമായി ഉണ്ടാക്കുക എന്നതുതന്നെ.

പ്രത്യേക ടീം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് അതിന്റെ അടിസ്ഥാനത്തില്‍ സിബിഐക്ക് വിടുകയല്ല, മറിച്ച് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ രാഷ്ട്രീയമായി തീരുമാനിച്ചിട്ട് അതിനുതക്കവിധത്തിലുള്ള ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കിത്തരാന്‍ പ്രത്യേക പൊലീസ് ടീമിനോട് ആവശ്യപ്പെടുക. കാളയ്ക്കുമുമ്പില്‍ വണ്ടിയെ കെട്ടുക എന്ന രീതി! സിപിഐ എമ്മിന്റെ കുറെ നേതാക്കളെക്കൂടി കുരുക്കിയിട്ട് കേസ് തീര്‍ന്നുപോകാതെ കത്തിച്ചുനിര്‍ത്തി രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിക്കലാണിത്. പൊലീസിനെ ഇതുപോലെ നികൃഷ്ടമായി രാഷ്ട്രീയ വൈരനിര്യാതനത്തിനുപയോഗിച്ച ദൃഷ്ടാന്തങ്ങള്‍ അധികമില്ല. ഈ പ്രക്രിയയില്‍ എന്തെല്ലാം കോമാളിവേഷങ്ങളാണ് യുഡിഎഫും അതിന്റെ മന്ത്രിമാരും എടുത്തണിയുന്നത്? രാഷ്ട്രീയമായി യുഡിഎഫിന് വേണ്ടിതന്നെയുള്ളതാണെങ്കിലും സാങ്കേതികമായി നോക്കിയാല്‍ സര്‍ക്കാരില്‍നിന്ന് നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് രമയുടെ സമരം. ആ സമരത്തെ സമരപ്പന്തലില്‍ചെന്ന് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍തന്നെ അഭിവാദ്യംചെയ്യുന്നത് കേരളം കണ്ടു. ഒരു കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെടുമ്പോള്‍ കേരളപൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ല എന്നു കൂടിയാണല്ലോ അര്‍ഥമാക്കുന്നത്. കേരള പൊലീസ് ഈ കേസ് അന്വേഷിച്ചപ്പോള്‍ അതിനു ചുക്കാന്‍ പിടിച്ചയാളാണു തിരുവഞ്ചൂര്‍. അദ്ദേഹം സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തെ അഭിവാദ്യംചെയ്യുന്നു എന്നു പറഞ്ഞാല്‍, തന്റെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ തനിക്കുതന്നെ വിശ്വാസമില്ല എന്നു പ്രഖ്യാപിക്കലല്ലേ അത്? ഇതില്‍ കവിഞ്ഞ ഒരു കോമാളിവേഷം കേരളത്തില്‍ അരങ്ങേറിയിട്ടുണ്ടോ?

ആര്‍എംപി എന്നു സ്വയം വിളിക്കുന്ന ചിലയാളുകള്‍ ഒരു ആവശ്യം ഉന്നയിക്കുന്നു. ആ ആവശ്യം വരുമ്പോള്‍ അതുയര്‍ത്തുന്ന സാങ്കേതിക പ്രശ്നം മുന്‍നിര്‍ത്തി മന്ത്രിസഭായോഗംപോലും യുഡിഎഫ് മാറ്റിവയ്ക്കുന്നു. മന്ത്രിസഭയ്ക്ക് മുന്നില്‍ വേറെയും അജന്‍ഡകളില്ലേ? അതൊന്നും പരിഗണിക്കേണ്ടതില്ലേ? അതോ മന്ത്രിസഭയ്ക്ക് സിബിഐ പ്രശ്നം മാത്രമേ ചര്‍ച്ചചെയ്യാനുള്ളോ? ആ പ്രശ്നം ചര്‍ച്ചയ്ക്കെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ മന്ത്രിസഭായോഗമേ വേണ്ട എന്ന നിലയിലായോ?- കോമാളിത്തത്തിന്റെ മറ്റൊരു ദൃഷ്ടാന്തമാണിത്. ഏതായാലും ഒരു കാര്യം പറയട്ടെ, രാഷ്ട്രീയവൈരനിര്യാതനത്തിനുള്ള ആയുധമായി അധികാരത്തെ ദുരുപയോഗിക്കുന്നവര്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാവും ഒടുവില്‍ ചെന്നുവീഴുക. ചരിത്രം എത്രയോ തവണ അക്കാര്യം തെളിയിച്ചിരിക്കുന്നു.

*
ദേശാഭിമാനി മുഖപ്രസംഗം

Thursday, January 23, 2014

തകര്‍ന്നത് ഭരണകൂട ഗൂഢാലോചന

എഴുപത്താറു പേരെ പ്രതിചേര്‍ത്ത് തുടങ്ങിയ കേസ് പന്ത്രണ്ടുപേര്‍ക്ക് ശിക്ഷ വിധിക്കുന്നതിലാണ് അവസാനിക്കുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വന്ന വിധി, സിപിഐ എം എന്ന പ്രസ്ഥാനത്തിന് ചരമക്കുറിപ്പെഴുതാന്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി നിരന്തരം ശ്രമിക്കുന്ന വലതുപക്ഷ രാഷ്ട്രീയത്തെ നൈരാശ്യത്തിലാഴ്ത്തുന്നതാണ്. ചന്ദ്രശേഖരന്റെ ദാരുണമായ കൊലപാതകവുമായി സിപിഐ എമ്മിനെ ബന്ധിപ്പിക്കാന്‍ 2012 മെയ് നാലുമുതല്‍ ഈ നിമിഷംവരെ നടത്തിയ ശ്രമങ്ങള്‍ അമ്പരപ്പിക്കുന്നതാണ് എന്ന് പറയാതെവയ്യ. ഭരണകൂടത്തിന്റെ സകല സാധ്യതകളും അതിനായി ദുരുപയോഗിക്കപ്പെട്ടു. വലതുപക്ഷ മാധ്യമങ്ങള്‍ സ്വയം പടയണി തീര്‍ത്ത് സിപിഐ എം വേട്ടയ്ക്കിറങ്ങി. കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതി ബുധനാഴ്ച കാലത്ത് വിധി പറഞ്ഞപ്പോഴും മാധ്യമങ്ങള്‍ ആ ശ്രമത്തില്‍നിന്ന് പിന്മാറിയില്ല. സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റംഗം പി മോഹനന്‍ "കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി" എന്ന തെറ്റായ വാര്‍ത്തയാണ് ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ടത്. മോഹനന്‍ കുറ്റക്കാരനായാല്‍ സിപിഐ എമ്മും കുറ്റംചെയ്തു എന്ന സിദ്ധാന്തവും നിമിഷവേഗത്തില്‍ വന്നു. എന്നാല്‍, വിധിയുടെ ആദ്യഭാഗത്തുതന്നെ, പി മോഹനനെയും സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം കെ കെ കൃഷ്ണനെയും ജ്യോതിബാബു എന്ന പ്രവര്‍ത്തകനെയും കുറ്റക്കാരല്ലെന്നു കണ്ട് വിട്ടയക്കുന്നു എന്നാണുള്ളത്. അതു പുറത്തുവന്നതോടെയാണ്, സിപിഐ എമ്മിനെ കടന്നാക്രമിക്കാനുള്ള ആയുധം വീണുകിട്ടിയെന്ന അമിതാഹ്ലാദത്തോടെ കച്ചമുറുക്കി പ്രകടനം തുടങ്ങിയ മാധ്യമങ്ങളുടെ മുഖം മ്ലാനമായത്.

ഓര്‍ക്കാട്ടേരിയില്‍ പടയങ്കണ്ടി രവീന്ദ്രന്റെ പൂക്കടയിലെ "ഗൂഢാലോചന"യും അതില്‍ പി മോഹനനും കെ കെ കൃഷ്ണനുമടക്കം "പങ്കെടുത്തു" എന്നതുമായിരുന്നു കൊലപാതകത്തെ സിപിഐ എമ്മിനുമേല്‍ വച്ചുകെട്ടാന്‍ പൊലീസ് സൃഷ്ടിച്ച ആക്ഷേപം. അത്തരമൊരു ഗൂഢാലോചനയുമില്ല, അതിലെ പങ്കാളിത്തവുമില്ല. കേസന്വേഷണം പുരോഗമിച്ച ഘട്ടത്തില്‍ പൊലീസ് തലവന്‍ പരസ്യമായി പ്രതികരിച്ചത്, അത് രാഷ്ട്രീയ കൊലപാതകമല്ല എന്നാണ്. അന്ന്, അതില്‍ രാഷ്ട്രീയം കൊണ്ടുവരാനും സിപിഐ എം നേതാക്കളെ വേട്ടയാടാനും ലജ്ജയില്ലാതെ മുന്നില്‍നിന്നത് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അവരുടെ സേവകരായ മാധ്യമങ്ങളുമാണ്. അന്വേഷണഘട്ടത്തിലും വിചാരണാവേളയിലും എന്തിന്, വിധി പറയാനിരിക്കെയും സങ്കല്‍പ്പ കഥകളവതരിപ്പിക്കാനും സിപിഐ എമ്മിനെ പ്രതിസ്ഥാനത്തുനിര്‍ത്താനും മത്സരബുദ്ധിയോടെയുള്ള ഇടപെടലാണുണ്ടായത്. പാര്‍ടി ഓഫീസില്‍ ഗൂഢാലോചന നടന്നു എന്ന കഥ സൃഷ്ടിച്ചു. പി മോഹനനെ അദ്ദേഹത്തിന്റെ പത്നി കണ്ടതുപോലും മഹാപരാധമായി ചിത്രീകരിച്ച് വിവാദമുണ്ടാക്കി. അത്തരം അഭ്യാസങ്ങളെയാകെ വൃഥാവിലാക്കിയാണ്, സിപിഐ എമ്മിന് ഈ കൊലപാതകവുമായി ഒരു ബന്ധവുമില്ല എന്ന് അസന്ദിഗ്ധമായി തെളിയിക്കുന്ന വിധി വന്നിരിക്കുന്നത്.

കുറ്റപത്രത്തില്‍ പ്രതിചേര്‍ത്ത രണ്ടുപേരെ പിടികൂടിയിട്ടില്ല. വേറെ രണ്ടുപേരെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതിനു മുമ്പുതന്നെ തെളിവില്ലെന്നുകണ്ട് കോടതി ഒഴിവാക്കി. കേസ് ഏതുവിധേനയും സിപിഐ എമ്മിനുമേല്‍ ചാരാനാണ്, സംസ്ഥാന കമ്മിറ്റി അംഗം കെ കെ രാഗേഷ് ഉള്‍പ്പെടെ 15 പേരെ പ്രതിചേര്‍ത്തത്. അവരുടെ വിചാരണ ഹൈക്കോടതി സ്റ്റേചെയ്തു. സാക്ഷിമൊഴികളോ തെളിവോ ഇല്ലാത്ത 20 പേരെ പിന്നീട് വെറുതെ വിട്ടു. അതില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം കാരായി രാജന്‍ ഉള്‍പ്പെടുന്നു. അതിനും പുറമെയാണ് ഇപ്പോള്‍ അവശേഷിച്ച മുപ്പത്താറില്‍ പന്ത്രണ്ടുപേരെമാത്രം കുറ്റക്കാരെന്നു കണ്ടെത്തിയത്. ഇതിനര്‍ഥം അറുപത്തിനാലുപേര്‍ക്കെതിരെ ചുമത്തിയ കുറ്റം തെറ്റായിരുന്നു എന്നാണ്; നേര്‍വഴിക്കല്ലാതെ, നിയമപരമായല്ലാതെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ടിക്കെതിരെ ഉപയോഗിക്കാന്‍ ഈ കൊലക്കേസിനെ ആയുധമാക്കി എന്നാണ്. കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികള്‍ക്കുവേണ്ടി മേല്‍ക്കോടതികളെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേസ് നടത്തിപ്പിലെ ഭരണകക്ഷി രാഷ്ട്രീയ താല്‍പ്പര്യം, വിധിയോട് പ്രതികരിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ രാഷ്ട്രീയ പ്രസംഗത്തിലുള്‍പ്പെടെ തെളിഞ്ഞുനിന്നു എന്നതും വിസ്മരിക്കാനാവില്ല. ഒരു കുറ്റകൃത്യമുണ്ടായാല്‍, നെരേ ചൊവ്വെ അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിനുപകരം രാഷ്ട്രീയ പകയുടെ വൃത്തികെട്ട വഴിയിലൂടെ സഞ്ചരിച്ചാല്‍ അനുഭവം എന്താകുമെന്ന് വലതുപക്ഷ ശക്തികളെയാകെ ബോധ്യപ്പെടുത്തുന്നതാണ് ഈ വിധി. പൊലീസ് കെട്ടിച്ചമച്ച ചില തെളിവുകളും സാക്ഷിമൊഴികളുമെങ്കിലും പ്രതികള്‍ക്കെതിരെ ഉപയോഗിക്കാനായി എന്നാണ് പ്രോസിക്യൂട്ടറുടെ വാക്കുകളില്‍നിന്ന് വ്യക്തമാകുന്നത്. തന്നെക്കൊണ്ട് വെള്ളക്കടലാസില്‍ ഒപ്പിടീക്കാന്‍ പൊലീസ് ശ്രമിച്ചു എന്നും ഭാര്യയെ കേസില്‍ കുടുക്കുമെന്ന് ഭീഷണിമുഴക്കിയെന്നും പി മോഹനന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സിപിഐ എമ്മിന്റെ പ്രധാന നേതാവിനോട് ഇതായിരുന്നു സമീപനമെങ്കില്‍ മറ്റു പ്രതികളെയും സാക്ഷികളെയും എങ്ങനെയെല്ലാം പൊലീസ് കൈകാര്യം ചെയ്തിട്ടുണ്ടാകും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. അടിയന്തരാവസ്ഥയെപ്പോലും നാണിപ്പിക്കുന്ന ഭീകരതയാണ് ഈ കേസിന്റെ പേരില്‍ സിപിഐ എമ്മിനുനേരെ പ്രയോഗിച്ചത്. അത്തരം നീചകൃത്യങ്ങള്‍ക്ക് ഏതാനും മാധ്യമങ്ങള്‍ മറപിടിക്കുകയും സഹായം നല്‍കുകയുംചെയ്തു എന്നതും ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

കോടതി വിട്ടാലും "പ്രതികളെ വെട്ടി വെട്ടി കൊല്ലണം" എന്ന ആര്‍എംപിക്കാരന്റെ ജല്‍പ്പനംപോലും മടിയില്ലാതെ സംപ്രേഷണംചെയ്ത മാധ്യമങ്ങള്‍, തങ്ങള്‍ ഒന്നരക്കൊല്ലം നടത്തിയ അമിതാധ്വാനത്തിന്റെ ഫലമെന്ത് എന്ന് സ്വയം വിലയിരുത്തുമെന്നു കരുതട്ടെ. അന്വേഷണം പൂര്‍ത്തിയാക്കി വിചാരണ നടത്തി വിധി പറഞ്ഞ കേസില്‍ സിബിഐയെ കൊണ്ടുവരും എന്നൊക്കെ വീണ്ടും വീണ്ടും പറയുന്നവരും, ഈ കേസുമായി ബന്ധപ്പെടുത്തി നിരന്തരം വിവാദമുയര്‍ത്തിയ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും കോണ്‍ഗ്രസ് നേതൃത്വവും ഉത്തരം പറയേണ്ടത്, അനാവശ്യമായി ഇത്രയും കാലം പീഡിപ്പിച്ച നിരപരാധികളോടാണ്; അവരുടെ കുടുംബാംഗങ്ങളോടാണ്; ആക്രമിച്ച് തകര്‍ക്കാമെന്നു കരുതിയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടാണ്. തുടക്കംമുതലേ സിപിഐ എം സ്വീകരിച്ച നിലപാട് ശരിവയ്ക്കുന്ന ഈ വിധിന്യായംകൊണ്ടെങ്കിലും നിങ്ങളുടെ കണ്ണുതുറക്കുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. എന്നാല്‍, ജനങ്ങളെ ഇനിയും പറ്റിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല എന്ന് ഉറപ്പ്.

*
ദേശാഭിമാനി മുഖപ്രസംഗം

വര്‍ഗവഞ്ചകര്‍ ഓര്‍ത്തെടുക്കാന്‍

സി എച്ച് അശോകന്‍ ജയിലില്‍ പോയശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയത് ചുവന്ന കൊടിയില്‍ പുതപ്പിച്ച മൃതദേഹമായിട്ടാണ്. രോഗം മൂര്‍ച്ഛിച്ച് മരണത്തിനു കീഴടങ്ങിയില്ലെങ്കില്‍, ഇന്ന് വിട്ടയക്കപ്പെട്ടവരുടെ കൂട്ടത്തില്‍ അശോകനും ഉണ്ടാകുമായിരുന്നു. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട് 20-ാം ദിവസം, 2012 മെയ് 24നാണ് അശോകനെ പൊലീസ് അറസ്റ്റുചെയ്തത്. കൊലപാതകസമയത്ത് കൊല്ലത്ത് എന്‍ജിഒ യൂണിയന്‍ സമ്മേളനത്തിലായിരുന്നു അശോകന്‍. സിപിഐ എം ഒഞ്ചിയം ഏരിയ സെക്രട്ടറിയായിരുന്ന അദ്ദേഹം കൊലപാതക വിവരമറിഞ്ഞ് നാട്ടിലെത്തി. അവിടെ ആര്‍എംപി- പൊലീസ് താണ്ഡവം അരങ്ങേറുന്നു. പ്രവര്‍ത്തകര്‍ക്ക് ആശ്വാസവുമായി നില്‍ക്കുമ്പോഴാണ് ആ ജനനേതാവിനെ പൊലീസ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്.

പിന്നെ ജയില്‍വാസം. ജാമ്യം ലഭിച്ചശേഷം എറണാകുളത്തും കോഴിക്കോട്ടുമായി, പിറന്ന നാട്ടിലും വളര്‍ന്ന വീട്ടിലും കയറാനാകാതെ ജീവിതം. ആരോഗ്യപ്രശ്നങ്ങള്‍ അശോകന് ശ്രദ്ധിക്കാനായില്ല. ഒടുവില്‍ രോഗം മൂര്‍ധന്യത്തിലെത്തിയപ്പോള്‍മാത്രം തിരിച്ചറിഞ്ഞു- പിന്നെ അതിവേഗം മരണത്തിലേക്ക്. ജീവിതത്തിന്റെ അവസാന നാളുകളിലും കള്ളക്കേസും നീതിനിഷേധവും സഹിച്ച് ഒടുവില്‍ ഒഞ്ചിയത്തിന്റെ മണ്ണിലേക്ക് അന്ത്യയാത്ര. ആ അശോകനെ അവസാനമായി കാണാന്‍ ജയിലില്‍നിന്ന് പൊലീസ് അകമ്പടിയോടെയാണ് പി മോഹനന്‍ എത്തിയത്. വികാരനിര്‍ഭരമായ വിടവാങ്ങല്‍. ഇന്ന് മോഹനനും സ്വതന്ത്രനായിരിക്കുന്നു. ഭരണകൂട- മാധ്യമ ഭീകരത ഒരാളെ കൊന്നുകളഞ്ഞെങ്കില്‍, അപരനെ ഒന്നരവര്‍ഷത്തെ ക്രൂരപീഡനത്തിനാണ് ഇരയാക്കിയത്.

2012 ജൂണ്‍ 30ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ: ""പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് താന്‍ ടി പി ചന്ദ്രശേഖരനെ വധിക്കാനുള്ള പദ്ധതിയില്‍ പങ്കാളിയായതെന്ന് വെള്ളിയാഴ്ച അറസ്റ്റിലായ സിപിഎം കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ് അംഗം പി. മോഹനന്‍ വെളിപ്പെടുത്തി. എ.ഐ.ജി. അനൂപ് കുരുവിള ജോണ്‍ നേതൃത്വം നല്‍കിയ പ്രത്യേക അന്വേഷണസംഘം പി.കെ. കുഞ്ഞനന്തന്റെ മുന്നില്‍ നിര്‍ത്തി ചോദ്യം ചെയ്തപ്പോഴാണ് അദ്ദേഹം കാര്യങ്ങള്‍ പറഞ്ഞുതുടങ്ങിയത്"." പി മോഹനനെ സിനിമയിലെന്നപോലെ വാഹനത്തെ പിന്തുടര്‍ന്ന് റോഡില്‍ തടഞ്ഞാണ് പൊലീസ് പിടികൂടിയത്. ആ നിമിഷംമുതല്‍ മോഹനന്‍ "കുറ്റം സമ്മതിച്ചു" എന്ന പ്രചാരണം. അതുവച്ച് സിപിഐ എം ബന്ധം സ്ഥാപിക്കാനുള്ള പരിശ്രമം.

പടയങ്കണ്ടി രവീന്ദ്രന്‍ പൊലീസിനോട്, ""സാറേ പറ്റിപ്പോയി"" എന്ന് കൈകൂപ്പി വിലപിച്ച് കുറ്റം സമ്മതിച്ചു എന്നാണ് നിഷ്പക്ഷതയുടെ കുപ്പായമിട്ട മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ആ രവീന്ദ്രനും ഇന്ന് കുറ്റവാളിയല്ല. മുതിര്‍ന്ന കമ്യൂണിസ്റ്റ് പ്രവര്‍ത്തകനാണ് കെ കെ കൃഷ്ണന്‍. സിപിഐ എം ഏരിയ കമ്മിറ്റി അംഗം. അദ്ദേഹത്തോട് ആര്‍എംപിക്ക് വിരോധമുണ്ടായിപ്പോയി- പൊലീസ് പ്രതിചേര്‍ത്തു. ആര്‍എംപി ചൂണ്ടിക്കാട്ടുക, മാധ്യമങ്ങള്‍ വാര്‍ത്തയെഴുതുക, പൊലീസ് കേസില്‍പ്പെടുത്തുക- ഈ രീതിയാണരങ്ങേറിയത്. പിടികൂടിയവര്‍ക്കു നേരെയുള്ള പീഡനം സങ്കല്‍പ്പത്തിനതീതമായിരുന്നു. തറയിലിരുത്തി, വൃഷണത്തില്‍ ബൂട്ടുകൊണ്ടമര്‍ത്തി ഞെരിച്ചുകൊണ്ട് തന്റെ മുന്നിലിട്ട് നടന്ന ചോദ്യംചെയ്യല്‍ സി എച്ച് അശോകന്‍ അവസാനനാളുകളില്‍ വിവരിച്ചിരുന്നു. കണ്ടുനില്‍ക്കുന്നവരെപ്പോലും മോഹാലസ്യത്തില്‍ വീഴ്ത്തുന്ന മര്‍ദനം. പൊലീസിന്റെ തിരക്കഥയ്ക്കനുസരിച്ച് മൊഴി നല്‍കണം- ആവശ്യം അതാണ്.

അകത്ത് ക്രൂര പീഡനമരങ്ങേറുമ്പോള്‍, പുറത്ത് മാധ്യമങ്ങളിലൂടെ കുറ്റസമ്മത വാര്‍ത്തകളും പശ്ചാത്താപ മൊഴികളും പ്രചരിച്ചു. സിപിഐ എമ്മിനെമാത്രം ലക്ഷ്യമിട്ടുള്ള വാര്‍ത്തകളുടെ പിന്‍ബലത്തില്‍ 76 പ്രതികളുള്ള കേസ് രൂപംകൊണ്ടു. ഒഞ്ചിയത്തും പരിസരത്തും ഒതുങ്ങിനില്‍ക്കുന്ന കൂട്ടമാണ് ആര്‍എംപി. അവര്‍, ആ കൊച്ചുപ്രദേശത്ത് ഭീകരവാഴ്ച നടത്തി. ഒഞ്ചിയം രക്തസാക്ഷികളുടെയും ആരാധ്യനായ കമ്യൂണിസ്റ്റ് നേതാവ് കേളു എട്ടന്റെയും സ്മാരകങ്ങള്‍ തച്ചുടയ്ക്കാനും ചെങ്കൊടിക്ക് തീകൊടുക്കാനും ആ പൊട്ടക്കിണര്‍ "വിപ്ലവകാരി" മടിച്ചുനിന്നില്ല. എല്ലാം പ്രോത്സാഹിപ്പിക്കാന്‍ മാര്‍ക്സിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ സന്നാഹങ്ങള്‍. രാജ്യം കണ്ട ഏറ്റവും വലിയ കൊലപാതകമായി ചന്ദ്രശേഖരന്‍വധത്തെ അവര്‍ മാറ്റി- സിപിഐ എമ്മിനെതിരെ ഉപയോഗിക്കാനുള്ള ഒറ്റ താല്‍പ്പര്യത്തില്‍. സംസ്ഥാന മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമടക്കമുള്ള മഹാനേതാക്കള്‍ ഒഞ്ചിയത്ത് പതിവുകാരായി. കേസന്വേഷണം അവര്‍ നയിച്ചു. നീതിയും നിയമപാലനവും മാര്‍ക്സിസ്റ്റ് വിരുദ്ധര്‍ ഏറ്റെടുത്തു. സിപിഐ എം ക്ഷമയുടെ അതിര്‍ത്തിയില്‍ പിടിച്ചുനിന്നു. അടി വാങ്ങിയതേയുള്ളൂ- തിരിച്ചടിച്ചില്ല. ആര്‍എംപിക്കാരന്‍ പൊലീസ് സഹായത്തോടെ പാര്‍ടി ഓഫീസുകളും സ്മാരകങ്ങളും തച്ചുടച്ചപ്പോഴും കത്തിച്ചപ്പോഴും സഹിച്ചുനിന്നതേയുള്ളൂ. ഒഞ്ചിയത്തെ കിണറുകളില്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ഇ എം എസ് ഗ്രന്ഥങ്ങളും തള്ളിക്കൊണ്ട് "യഥാര്‍ഥ വിപ്ലവപ്രവര്‍ത്തനം" ആര്‍എംപി തുടര്‍ന്നു. സി എച്ച് അശോകന്റെ ശവസംസ്കാരം കഴിഞ്ഞ് തിരിച്ചുപോയവരെ ആക്രമിച്ചപ്പോഴും അതേ നാണയത്തില്‍ മറുപടി നല്‍കാനല്ല- നാട്ടില്‍ സംഘര്‍ഷമുണ്ടാകാതിരിക്കാനാണ് സിപിഐ എം യത്നിച്ചത്. ആര്‍എംപിയുടെ പിഗ്മി നേതാക്കള്‍ മൈക്കിനുമുന്നില്‍ സമുന്നത നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിച്ചപ്പോഴും വെല്ലുവിളിച്ചപ്പോഴും ക്ഷമതന്നെയായിരുന്നു മറുപടി. ആ ക്ഷമ ദൗര്‍ബല്യമായിക്കണ്ട്, ഒരു വൃദ്ധനെ ആവേശത്തള്ളിച്ചയിലാക്കി, സിപിഐ എമ്മിന്റെ സമുന്നത നേതാവിനെ വകവരുത്താന്‍ പറഞ്ഞുവിടുന്നിടംവരെ അഹന്ത വളര്‍ന്നു. എന്തിനും കുടപിടിച്ച മാധ്യമങ്ങളും വരുതിയില്‍നിന്ന പൊലീസും ആര്‍എംപിയുടെ രക്ഷകരായി. സിപിഐ എമ്മിനെതിരായ അക്രമങ്ങള്‍ തങ്ങളുടെ ശക്തിയാണെന്ന് തെറ്റിദ്ധരിച്ച ആര്‍എംപി, തങ്ങള്‍ വലിയൊരു രാഷ്ട്രീയ പാര്‍ടിയാണെന്നുവരെ സ്വപ്നം കാണാന്‍ തുടങ്ങി.

കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പരിശോധനയ്ക്ക് കൊണ്ടുപോയ മോഹനന്‍ പുറത്തെ റസ്റ്റോറന്റില്‍ ചായകുടിക്കാനെത്തിയപ്പോള്‍ ഭാര്യ കെ കെ ലതിക കാണാന്‍ ചെന്നത് ഒരുപക്ഷേ, അരീക്കോട് ഇരട്ടക്കൊലക്കേസിനേക്കാള്‍ പ്രാധാന്യം നല്‍കിയാണ് മാധ്യങ്ങള്‍ ആഘോഷിച്ചത്. എംഎല്‍എയ്ക്ക് ജയിലില്‍ ചെന്ന് ഏതു തടവുകാരനെയും കാണാമെന്നിരിക്കെ, "ഹോട്ടലിലെ സംഗമം" മനുഷ്യന്റെ യുക്തിബോധത്തെ വെല്ലുവിളിച്ച് വാര്‍ത്താപ്രാധാന്യം നേടി; വിവാദമായി. കെ കെ ലതികയ്ക്ക് ഒരു സ്ത്രീയെന്ന പരിഗണനപോലും നല്‍കിയില്ല. ആ ലതിക ഇന്ന് പറയുന്നു- ""ഒന്നരക്കൊല്ലമല്ല, പാര്‍ടിക്കുവേണ്ടി ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കാനും തയ്യാറാണ്"" എന്ന്. ധീരയായ കമ്യൂണിസ്റ്റിന്റെ ആ വാക്കുകളാണ് ഇന്ന് വിപ്ലവമണ്ണിന്റെ ശബ്ദം. ഒരു കൊലക്കേസിന്റെ മറവില്‍ മഹാപ്രസ്ഥാനത്തെ നാമാവശേഷമാക്കാമെന്ന അഹന്തയ്ക്ക് ഈ വിധിയോടെ കനത്ത തിരിച്ചടിയാണേറ്റത്. അടുത്ത ഊഴം ജനങ്ങളുടേതാണ്. ഇന്നലെവരെ ആടിയ കപടനാടകങ്ങളെ പൊളിച്ചടുക്കാനുള്ള ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളിലൂടെ അവരത് തെളിയിക്കും- അതാണ് ജയില്‍മോചിതരായ പ്രിയ സഖാക്കളെ ഹൃദയംകൊണ്ട് വരവേറ്റ് അവര്‍ പ്രഖാപിച്ചത്.

ഒന്നും മറക്കാനുള്ളതല്ല. നാടിനുവേണ്ടി രക്തസാക്ഷിത്വംവരിച്ച ധീര കമ്യൂണിസ്റ്റുകളുടെ മണ്ണാണ് ഒഞ്ചിയം. ഭരണകൂടവേട്ടയ്ക്കു മുന്നില്‍ നെഞ്ചുറപ്പോടെ മരണംവരെ ചെങ്കൊടി ഉയര്‍ത്തിപ്പിടിച്ച സി എച്ച് അശോകന്റെ ജന്മനാടാണത്. പ്രത്യയശാസ്ത്രസ്ഥൈര്യത്തോടെയും വര്‍ഗബോധത്തോടെയും തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന പ്രസ്ഥാനത്തിന് ഒഞ്ചിയത്തിന്റെ ധീരപൈതൃകത്തിന്റെ കൊടി കൂടുതല്‍ ഉയരത്തില്‍ പാറിക്കാനുള്ള നിയോഗമാണ് ഇനി ഏറ്റെടുക്കാനുള്ളത്. ഒറ്റുകാരുടെയും വര്‍ഗവഞ്ചകരുടെയും താല്‍ക്കാലിക വിജയങ്ങളില്‍ മങ്ങിപ്പോയ ഒഞ്ചിയത്തിന്റെ ചൈതന്യത്തിന് വീണ്ടും വിപ്ലവത്തിന്റെ തിളക്കം നല്‍കാന്‍ സിപിഐ എമ്മിന് ലഭിക്കുന്ന കരുത്താണ്, പാര്‍ടി നിലപാടുകളുടെ ഈ വിജയം. ഭരണകൂടവേട്ടയില്‍ തകര്‍ക്കാനാകാത്തതാണ് സിപിഐ എം എന്ന യാഥാര്‍ഥ്യം കണ്ണുള്ളവര്‍ കാണട്ടെ.

*
പി എം മനോജ് ദേശാഭിമാനി

ഗൂഢാലോചനയുടെ രാഷ്ട്രീയം

പൊതുജീവിതത്തില്‍നിന്ന് കമ്യൂണിസ്റ്റുകാരെ വര്‍ഷങ്ങളോളം പിടിച്ചുമാറ്റിനിര്‍ത്താനുള്ള ആയുധമെന്ന് ഗൂഢാലോചനാ കേസുകളെ വിശേഷിപ്പിച്ചത് പ്രൊഫ. ഹാരോള്‍ഡ് ലാസ്കിയാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ സ്ഥാനംപിടിച്ച മീററ്റ് ഗൂഢാലോചന കേസ് മുന്‍നിര്‍ത്തിയാണ് പ്രൊഫ. ലാസ്കി, ആ കേസിനെ സാക്സോവാന്‍സെറ്റി വിചാരണയടക്കമുള്ളവയുമായി താരതമ്യപ്പെടുത്തി ശ്രദ്ധേയമായ ഈ പരാമര്‍ശം നടത്തിയത്.

സജീവമായി സമൂഹത്തില്‍ ഇടപെടുന്ന കമ്യൂണിസ്റ്റുകാരെ സമൂഹത്തില്‍നിന്ന് ദീര്‍ഘകാലത്തേക്ക് അടര്‍ത്തിമാറ്റാനും കമ്യൂണിസ്റ്റ്പ്രസ്ഥാനത്തെതന്നെ അപകീര്‍ത്തിപ്പെടുത്താനുമുള്ള ഈ ആയുധം ഇന്ത്യയില്‍ ആദ്യമായി പ്രയോഗിച്ചത് പെഷവാര്‍ ഗൂഢാലോചന കേസിലൂടെ ബ്രിട്ടീഷ് സാമ്രാജ്യത്വമാണ്. ആ പ്രക്രിയ കാണ്‍പൂര്‍ ഗൂഢാലോചന കേസിലൂടെ, മീററ്റ് ഗൂഢാലോചന കേസിലൂടെ, ലാഹോര്‍ ഗൂഢാലോചന കേസിലൂടെ തുടര്‍ന്നുവന്നു. ആ ശൃംഖലയിലെ ഏറ്റവും പുതിയ കണ്ണിയാണ് ടി പി വധ ഗൂഢാലോചന കേസ്. അന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വം. ഇന്ന് യുഡിഎഫ് സര്‍ക്കാര്‍. ഇതേ വ്യത്യാസമുള്ളൂ.

ഗൂഢാലോചനാവകുപ്പ് അധികാരികള്‍ക്ക് വലിയ സൗകര്യമൊരുക്കിക്കൊടുക്കുന്നുണ്ട്. അവര്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയ പ്രതിയോഗിയിലേക്ക് കേസിനെ കൃത്രിമമായി വലിച്ചെത്തിക്കാം എന്നതാണത്. പ്രതി ഫോണ്‍ചെയ്ത ആള്‍ ആര്‍ക്കാണോ ഫോണ്‍ ചെയ്തത് അയാളിലേക്ക്. പിന്നീട് ആ ആള്‍ ഫോണ്‍ചെയ്ത ആളിലേക്ക്. ഇങ്ങനെ വലിച്ചുനീട്ടിക്കൊണ്ടുപോയി വേണമെങ്കില്‍ ഇപ്പോള്‍ ഈ ലേഖനം വായിക്കുന്ന ബഹുമാനപ്പെട്ട വായനക്കാരാ നിങ്ങളിലേക്ക് വേണമെങ്കിലും എത്തിക്കാം. ഇതാണ് ഈ വകുപ്പിന്റെ പ്രത്യേകത. ആദ്യം കൊലക്കേസായി തുടങ്ങിയതിലേക്ക് പിന്നീട് ഗൂഢാലോചനവകുപ്പ് ചേര്‍ത്തത് ടി പി ചന്ദ്രശേഖരന്‍ വധക്കേസിന് ഇല്ലാത്ത രാഷ്ട്രീയമാനം ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ്; ചില രാഷ്ട്രീയ പ്രതിയോഗികളെ അതില്‍ കുരുക്കി പൊതുസമൂഹത്തിലെ പ്രവര്‍ത്തനങ്ങളില്‍നിന്ന് ദീര്‍ഘകാലത്തേക്ക് അടര്‍ത്തിമാറ്റാനാണ്. ആ വഴിക്കാണ് സിപിഐ എം നേതാവ് പി മോഹനനിലേക്കുവരെ കേസ് എത്തിച്ചത്. പക്ഷേ, അത്തരം വഴികള്‍ നീതിന്യായപരിശോധനയെ അതിജീവിക്കില്ല. ബുധനാഴ്ചത്തെ കോടതിവിധിയില്‍ കണ്ടതും അതുതന്നെയാണ്. ഇന്ത്യയിലെ തൊഴിലാളിവര്‍ഗ വിപ്ലവപ്രസ്ഥാനത്തെ പിഴുതെറിയാന്‍ ഉദ്ദേശിച്ച് അതിന്റെ പ്രാരംഭഘട്ടത്തില്‍ത്തന്നെ രൂപപ്പെടുത്തപ്പെട്ട കാണ്‍പൂര്‍ ഗൂഢാലോചന കേസ് ഇത്തരം വഴികളിലൂടെ കൊണ്ടെത്തിച്ചത് ആരിലേക്കൊക്കെയാണെന്നോ? കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ദേശീയ നേതാക്കളായിരുന്ന മുസഫര്‍ അഹമ്മദിലേക്കും എസ് എ ഡാങ്കയിലേക്കും ഒക്കെവരെ. മീററ്റ് ഗൂഢാലോചന കേസാകട്ടെ, എസ് വി ഘാട്ടെ, പി സി ജോഷി, മുസഫര്‍ അഹമ്മദ് എന്നീ അഖിലേന്ത്യാ നേതാക്കളില്‍വരെയെത്തി. ഇവിടെയും അങ്ങനെയുള്ള ചില ഗൂഢോദ്ദേശ്യങ്ങള്‍ കേസില്‍ ഗൂഢാലോചനക്കുറ്റം ചേര്‍ക്കുമ്പോള്‍ യുഡിഎഫ് സര്‍ക്കാരിന് ഇല്ലാതിരുന്നില്ല. പൊളിറ്റ് ബ്യൂറോയിലേക്കുവരെ ഗൂഢാലോചനയുടെ കണ്ണി നീട്ടിക്കൊണ്ടുപോകാനുള്ള ചിലരുടെ മോഹം ചാനല്‍ചര്‍ച്ചകളിലൂടെ പുറത്തുവരാതിരുന്നുമില്ല. പക്ഷേ, അത് നടന്നില്ല. ഇത് കേരളമാണ് എന്നതുകൊണ്ടുമാത്രം. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോയി സിപിഐ എമ്മിനെ കരിനിഴലില്‍ നിര്‍ത്താമെന്ന ചിന്തയുമുണ്ടായിരുന്നു. ജുഡീഷ്യറിയുടെ ജാഗ്രതകൊണ്ട് അതും നടന്നില്ല.

ലോകചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം നീട്ടിക്കൊണ്ടുപോയ കുറ്റവിചാരണ മീററ്റ് ഗൂഢാലോചന കേസിലായിരുന്നു. വിചാരണതന്നെ നാലരവര്‍ഷം. തെളിവുകള്‍ 25 വാല്യം. സാക്ഷികള്‍ 320 പേര്‍. മീററ്റ് ഗൂഢാലോചന കേസിലെപ്പോലെ ഇവിടെയും കമ്യൂണിസ്റ്റുകാരെ കരിനിഴലില്‍ നിര്‍ത്തി രാഷ്ട്രീയലാഭമുണ്ടാക്കാന്‍ തക്കവിധം കാലതാമസംവരുത്താന്‍ തീവ്രശ്രമം നടന്നു. കേസില്‍ കോടതി വിധിപറയാനിരുന്ന ഘട്ടത്തില്‍പ്പോലും സിബിഐ അന്വേഷണം എന്നും മറ്റുമുള്ള മുറവിളികള്‍ ആ വഴിക്കുള്ളതായിരുന്നു. പക്ഷേ, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനു കീഴിലെ ഗൂഢാലോചന കേസുകളിലെപ്പോലെ യുഡിഎഫിനു കീഴിലെ ഗൂഢാലോചന കേസുകള്‍ വിജയിക്കുന്നില്ല. കാണ്‍പൂര്‍ ഗൂഢാലോചന കേസില്‍ മുസഫര്‍ അഹമ്മദ്, എസ് എ ഡാങ്കേ, ഷൗഖത് ഉസ്മാനി, നളിനി ദാസ്ഗുപ്ത എന്നീ പ്രമുഖര്‍ക്കുപോലും നാലുവര്‍ഷത്തെ കഠിനതടവ് ശിക്ഷ നല്‍കപ്പെട്ടുവല്ലോ. അന്ന് കോടതി ബ്രിട്ടന്റേതായിരുന്നു. ഇന്ന് കോടതി യുഡിഎഫിന്റേതല്ല. ഗൂഢാലോചന കേസുകള്‍ ചമയ്ക്കുമ്പോള്‍ ഈ വ്യത്യാസം യുഡിഎഫ് ഓര്‍മിക്കണം. പെഷവാര്‍ ഗൂഢാലോചന കേസ് എന്നേ പറയുന്നുള്ളൂവെങ്കിലും അഞ്ച് വ്യത്യസ്ത ഗൂഢാലോചന കേസുകളുടെ സമന്വയമായിരുന്നു അത്.

കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവുമായി പരിചയിച്ച മുജാഹിദുകളെ തകര്‍ക്കാനുള്ളതായിരുന്നു അത്. നാട്ടില്‍ തിരിച്ചുവന്ന് കമ്യൂണിസം പ്രചരിപ്പിക്കുന്നത് തടയാനുള്ളത്. ഗദ്ദര്‍ പാര്‍ടിയെ തകര്‍ത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കുള്ള വഴി ഇല്ലായ്മചെയ്യാനുള്ളതായിരുന്നു ലാഹോര്‍ ഗൂഢാലോചന കേസ്. പിറവിയുടെ ഘട്ടത്തില്‍തന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഞെരിച്ചമര്‍ത്താനുള്ളതായിരുന്നു കാണ്‍പൂര്‍-മീററ്റ് ഗൂഢാലോചന കേസുകള്‍. യുഡിഎഫ് സര്‍ക്കാര്‍ ആ സാമ്രാജ്യത്വ ഗൂഢനീക്കങ്ങളില്‍നിന്നാണ് പ്രചോദനമുള്‍ക്കൊള്ളുന്നത്. പക്ഷേ, ആ പ്രക്രിയയില്‍ അവര്‍ യുക്തിക്കുപോലും അവധി കൊടുക്കുന്നു. യുക്തിക്ക് അല്‍പ്പമെങ്കിലും വിലകല്‍പ്പിച്ചിരുന്നെങ്കില്‍ നൂറോളം പേരുള്‍പ്പെട്ട ഗൂഢാലോചന എന്ന സിദ്ധാന്തം അവര്‍ അവതരിപ്പിക്കുമായിരുന്നില്ലല്ലോ. ആദ്യം നൂറോളം പേരായിരുന്നു. പിന്നീടാണ് 76ലേക്ക് ചുരുങ്ങിയത്. ഇത്രയേറെ പേര്‍ ഒരിടത്തിരുന്ന് ആസൂത്രണംചെയ്താല്‍, അതെങ്ങനെ ഗൂഢാലോചനായോഗമാകും? പൊതുയോഗം എന്നല്ലേ അതിനെ പറയാനാകൂ. പ്രോസിക്യൂഷന്‍ കള്ളക്കഥ മെനയുന്ന വ്യഗ്രതയില്‍ ഈ യുക്തിയില്ലായ്മ ശ്രദ്ധിച്ചിരിക്കില്ല. നിര്‍ഭാഗ്യകരവും വ്യക്തിവിരോധത്തിന്റെ തലത്തിനപ്പുറത്ത് ഒന്നിലേക്കും എത്താത്തതുമായ ഒന്നായിരുന്നു ടി പി ചന്ദ്രശേഖരന്‍ വധം. എന്നാല്‍, അത് കേരളത്തെ ഇന്നുകാണുന്ന കേരളമാക്കി മാറ്റിത്തീര്‍ക്കുന്നതില്‍ നടുനായകത്വമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കുന്നതിനുള്ള ആയുധമായി ഉപയോഗിക്കപ്പെട്ടു.

സര്‍ദാര്‍ ഗോപാലകൃഷ്ണന്‍, കുഞ്ഞാലി, അഴീക്കോടന്‍ രാഘവന്‍... ഇങ്ങനെ നിരവധി പ്രമുഖരായ നേതാക്കള്‍ കൊലചെയ്യപ്പെട്ട മറ്റൊരു രാഷ്ട്രീയപാര്‍ടി കേരളത്തിലില്ല. എന്നിട്ടും കൊലചെയ്യപ്പെട്ട നേതാക്കളുടെ പാര്‍ടിയെ കൊലപാതകം നടത്തുന്ന പാര്‍ടിയായി ചിത്രീകരിച്ചു. കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ പുരോഗതിക്ക് വലിയ സംഭാവനകള്‍ നല്‍കിയ ഒരു മഹാപ്രസ്ഥാനത്തെ അതിന് ഒരു പങ്കുമില്ലാത്ത ഒരു ഒറ്റപ്പെട്ട കൊലപാതകത്തിന്റെ പേരില്‍ തകര്‍ക്കാന്‍ ശ്രമിക്കരുതെന്നു പറഞ്ഞ സാംസ്കാരികപ്രവര്‍ത്തകര്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തുന്ന നിലപോലും കേരളത്തിന്റെ സാമൂഹ്യജീവിതത്തിലെ ചില മണ്ഡലങ്ങളില്‍ ഉണ്ടായി. എന്തിനായിരുന്നു സംഘടിതമായ ഈ ആക്രമണങ്ങള്‍? ആരൊക്കെയായിരുന്നു ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍? സിപിഐ എം ചെയ്തതല്ല ഈ കൊലപാതകം എന്നത് ജുഡീഷ്യറിതന്നെ അതിന്റെ വിധിയിലൂടെ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളം ഇക്കാര്യം വീണ്ടും ഒരിക്കല്‍കൂടി ആലോചിക്കേണ്ടതുണ്ട്. 1957ലെയും "67ലെയും ഭരണംകൊണ്ട് നഷ്ടംവന്ന ഭൂപ്രഭുക്കന്മാര്‍, കേരളത്തിലേക്ക് കടന്നുകയറാന്‍ വെമ്പിനില്‍ക്കുന്ന കോര്‍പറേറ്റുകള്‍, ജനാധിപത്യം സ്ഥാപിക്കപ്പെട്ടതിലൂടെ സ്ഥാനംനഷ്ടപ്പെട്ട വരേണ്യവര്‍ഗ നേതാക്കന്മാര്‍, ഭരണം ചൊല്‍പ്പടിക്കു കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന സമുദായപ്രമാണിമാര്‍, ഇന്ത്യന്‍ഭരണം തങ്ങളുടെ കല്‍പ്പനപ്രകാരമാകണമെന്നു ശഠിക്കുന്ന സാമ്രാജ്യത്വത്തിന്റെ ദല്ലാളന്മാര്‍... ഇവരൊക്കെ ഇവിടത്തെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തില്‍ ഒരുമിച്ചു. കമ്യൂണിസ്റ്റ് വിരോധം ഏക രാഷ്ട്രീയ അജന്‍ഡയാക്കിയ യുഡിഎഫ് സര്‍ക്കാരിന്റെ ഗൂഢപ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ ഇവരാകെ അണിനിരന്നു. ഇവര്‍ക്കു മുന്നേറാനുള്ള ആശയാന്തരീക്ഷം മൂലധനപിന്‍ബലത്തിലുള്ള ദൃശ്യ-അച്ചടിമാധ്യമങ്ങള്‍ ഒരുക്കിക്കൊടുത്തു. സര്‍ സി പിയുടെ ചോറ്റുപട്ടാളത്തിനെതിരെ നെഞ്ചുവിരിച്ച് പൊരുതിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. സാമുദായികമായ ഉച്ചനീചത്വങ്ങള്‍ക്കെതിരായ പോരാട്ടങ്ങളില്‍ പരിമിതപ്പെട്ടുനിന്ന നവോത്ഥാനപ്രസ്ഥാനത്തെ സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ ഉള്ളടക്കം നല്‍കി മുന്നോട്ടുകൊണ്ടുപോയത് ഈ പ്രസ്ഥാനമാണ്. കോണ്‍ഗ്രസുപോലും രാജാവിനെ നിലനിര്‍ത്തിക്കൊണ്ടുള്ള പരിമിതമായ ജനാധിപത്യക്രമം മതി എന്ന് സമ്മതിച്ചിടത്ത്, രാജാവിനെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള നിരുപാധികമായ ജനാധിപത്യം വേണം എന്ന മുദ്രാവാക്യമുയര്‍ത്തിയത് ഈ പ്രസ്ഥാനമാണ്. അമിതാധികാര സ്വേച്ഛാധിപത്യം പരിമിത ജനാധിപത്യസ്വാതന്ത്ര്യംകൂടി അപകടപ്പെടുത്താന്‍ പോകുന്നു എന്നും സാമ്പത്തിക പരമാധികാരത്തിനുനേര്‍ക്കുള്ള ആക്രമണം രാഷ്ട്രീയ പരമാധികാരത്തെക്കൂടി തകര്‍ക്കാന്‍ പോകുന്നു എന്നും വര്‍ഗീയതയുടെ ഫാസിസ്റ്റ് ഘോരാന്ധകാരം ഇന്ത്യയെ വിഴുങ്ങാന്‍ ഒരുങ്ങിനില്‍ക്കുന്നു എന്നും മുന്നറിയിപ്പ് നല്‍കിയത് ഈ പ്രസ്ഥാനമാണ്. അത്തരത്തിലുള്ള ഒരു പ്രസ്ഥാനം തകര്‍ന്നു കാണണമെന്ന് വര്‍ഗീയതയുടെമുതല്‍ സാമ്രാജ്യത്വത്തിന്റെവരെ ശക്തികള്‍ ആഗ്രഹിക്കുന്നു. ആ ആഗ്രഹങ്ങളുടെ കൂട്ടായ നീക്കമാണ് വ്യക്തിവിരോധം മുന്‍നിര്‍ത്തിയുണ്ടായ ഒരു കൊലപാതകത്തെ സിപിഐ എം വിരുദ്ധ അപസ്മാരബാധയാക്കി വളര്‍ത്തിയെടുക്കാന്‍ നോക്കിയത്; അനവധി രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായിട്ടുള്ള കേരളത്തില്‍ രാഷ്ട്രീയമേ ഇല്ലാത്ത ഒരു കൊലപാതകത്തെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടി കമ്യൂണിസ്റ്റ് വിരുദ്ധത പടര്‍ത്താനുള്ള ആയുധമാക്കി ദുരുപയോഗിച്ചത്. കേരളം ഇത് തിരിച്ചറിയുകയാണ് ഇപ്പോള്‍. ചാനല്‍ചര്‍ച്ചകളിലൂടെ മാത്രം ജീവിക്കുന്ന പാര്‍ടികളില്‍നിന്ന് വ്യത്യസ്തമായി ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ ഏറ്റെടുത്ത് സമരമുഖങ്ങളില്‍ ജ്വലിക്കുന്ന ഏക പ്രസ്ഥാനമാണ് ഇടതുപക്ഷം. സാമ്രാജ്യത്വ അധിനിവേശങ്ങള്‍ക്കെതിരെ ഇന്ത്യന്‍ രാഷ്ട്രീയത്തിലുയരുന്ന ഏകാന്ത ശബ്ദമാണതിന്റേത്. ആ ഇടതുപക്ഷത്തെ തകര്‍ക്കാനുള്ള നീക്കങ്ങളെ ജാഗ്രതയോടെ കാണേണ്ടതുണ്ട്.

*
പ്രഭാവര്‍മ ദേശാഭിമാനി

Friday, September 27, 2013

കോടതി വിട്ടിട്ടും വിടാത്ത പത്രങ്ങള്‍

പോയവാരത്തില ഏറ്റവും ശ്രദ്ധേയവും മാധ്യമങ്ങളിലും രാഷ്ട്രീയരംഗത്തും ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ടതുമായ സംഭവവികാസം ഒഞ്ചിയത്തെ ചന്ദ്രശേഖരന്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 20 പേരെ കേസിന്റെ തുടര്‍ വിചാരണയില്‍നിന്ന് ഒഴിവാക്കി കുറ്റവിമുക്തരാക്കിയ കോഴിക്കോട്ടെ പ്രത്യേക കോടതി വിധിയാണ്. ഒരു കൊലപാതകക്കേസ് അന്വേഷണം സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ആയുധമായി ഉപയോഗിച്ചതിന്റെ സ്വാഭാവിക പരിണതിയാണ് ആ കോടതിവിധിയില്‍ കണ്ടത്.

എന്നാല്‍ ആ കേസിനെ സിപിഐ (എം) വിരുദ്ധ പ്രചരണത്തിനായി ഉപയോഗിക്കുന്നതില്‍ വല്ലാത്ത വിരുത് കാണിച്ച പത്രങ്ങള്‍ ഈ കോടതിവിധിയെ എങ്ങനെ അവതരിപ്പിച്ചു എന്ന് പരിശോധിക്കുന്നത് കൗതുകകരമായിരിക്കും.

11-ാം തീയതി (ബുധനാഴ്ച)യാണ് ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 20 പേരെ വെറുതെ വിട്ടുകൊണ്ട് കോടതി വിധി പ്രസ്താവിച്ചത്. എന്നാല്‍ "മലയാള മനോരമ" യുടെ 12-ാം തീയതിയിലെ ഒന്നാം പേജ് വേഗപ്പൂട്ടില്‍ തളച്ചിടപ്പെട്ടിരിക്കുകയാണ്. 11-ാം പേജില്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെ: ""ടി പി വധക്കേസ്: വിട്ടയച്ച ഇരുപതില്‍ 17 പേര്‍ക്കെതിരെയും നിസ്സാര വകുപ്പുകള്‍."" അതിന് നല്‍കിയ ഹൈലൈറ്റ് നോക്കൂ: ""മറ്റു തെളിവുകളുടെ പിന്‍ബലമില്ലാത്തതിനാല്‍ കൂറുമാറിയവരുടെ രഹസ്യമൊഴി അംഗീകരിക്കാനാവില്ലെന്ന് കോടതി"". ഒരു കാര്യം ഇതില്‍നിന്ന് വ്യക്തമാണ്. തല്ലിച്ചതച്ച് കുറെപ്പേരെ സാക്ഷികളാക്കി രഹസ്യമൊഴിയും അല്ലാത്ത മൊഴിയും രേഖപ്പെടുത്തി കെട്ടിച്ചമച്ചതാണ് ഈ കേസ്, ഏറ്റവും ചുരുങ്ങിയത് ഈ 20 പേരുടെ കാര്യത്തിലെങ്കിലും. മറ്റു തെളിവുകളുടെ കണികപോലും ലഭിക്കാതെയാണ് കേസ് ചാര്‍ജ്ചെയ്തിരിക്കുന്നത് എന്ന് കോടതിവിധിതന്നെ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെയാണ്, അതറിഞ്ഞുതന്നെയാണ് "മനോരമ" സംഭവത്തെ ഉള്‍പ്പേജില്‍ ഒതുക്കിയതും.

"മനോരമ"യുടെ "കാഴ്ചപ്പാട്" പേജില്‍ (പേജ് 10) വി ആര്‍ പ്രതാപ് എഴുതിയ, ""ടി പി കേസ്: കൂട്ടക്കൂറുമാറ്റത്തില്‍ ഒലിച്ചുപോയതു തെളിവുകള്‍"" എന്ന കുറിപ്പുകൂടി ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. അതിന് നല്‍കിയിട്ടുള്ള ഉപശീര്‍ഷകം (അതോ ഹൈലൈറ്റോ) ഇങ്ങനെ: ""പ്രതികളുടെ അയല്‍ക്കാരും സുഹൃത്തുക്കളും സാക്ഷികളായതിലെ ഉദ്ദേശ്യം പൊലീസിനു നേരത്തെ തിരിച്ചറിയാനായില്ല."" ഇതു വായിച്ചാല്‍ പെട്ടെന്ന് തോന്നുക, പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ടവരുടെ അയല്‍ക്കാരും സുഹൃത്തുക്കളും പൊലീസിനുമുന്നില്‍ ചെന്നുനിന്ന് "ഞങ്ങളെ സാക്ഷികളാക്കൂ" എന്ന് അഭ്യര്‍ത്ഥിക്കുകയും വരും വരായ്കകള്‍ ആലോചിക്കാതെ പൊലീസ് അവരെയെല്ലാം സാക്ഷികളാക്കുകയും ചെയ്തു എന്നാണ്. "മനോരമ" മാത്രമല്ല, മറ്റു "മുഖ്യധാരാ" പത്രങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും കോണ്‍ഗ്രസ് ഗ്രൂപ്പു രാഷ്ട്രീയത്തിലെ പോര്‍വിളികളിലും ഇതേ സംഗതിതന്നെയാണ് അല്ലറചില്ലറ വ്യത്യാസങ്ങളോടെ മുഴങ്ങി കേള്‍ക്കുന്നത്. എത്ര പരിഹാസ്യമായ വാദമാണിതെന്നറിയണമെങ്കില്‍, 2012 മെയ് 5 മുതലുള്ള മൂന്ന്-നാല് മാസക്കാലത്തെ "മനോരമ", "മാതൃഭൂമി" ആദിയായ പത്രങ്ങള്‍ ഒരു പുനര്‍ വായന നടത്തിയാല്‍ മതി. കേസന്വേഷണം നടത്തിയ പൊലീസുദ്യോഗസ്ഥരുടെ രാഷ്ട്രീയ വിശ്വാസം (കൃത്യമായി പറഞ്ഞാല്‍ പക്ഷപാതിത്വം) വരെ ആ വാര്‍ത്തകളില്‍ (സ്റ്റോറികളില്‍) കാണാം.

സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയമിച്ചതു സംബന്ധിച്ച റിപ്പോര്‍ട്ടില്‍ "മനോരമ" കൃത്യമായി പറയുന്നുണ്ട്, സിപിഐ (എം) ആഭിമുഖ്യമുള്ള പൊലീസുകാരെ ആരെയും ഈ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന്. പ്രത്യേകം തെരഞ്ഞെടുത്ത് നിയോഗിക്കപ്പെട്ട ഇടിയന്‍ പൊലീസുകാര്‍ സിപിഐ (എം) നേതാക്കളെയും പ്രവര്‍ത്തകരെയും അനുഭാവികളെയും വേട്ടിയാടി തല്ലിച്ചതച്ച് പ്രതിപട്ടികയിലും സാക്ഷിപട്ടികയിലും ഉള്‍പ്പെടുത്തി "മൊഴി" രേഖപ്പെടുത്തുകയാണുണ്ടായത്. കേസന്വേഷണം പൊലീസിന്റെ അജണ്ട ആയിരുന്നില്ല. സിപിഐ എമ്മിനെ കേസില്‍ കുടുക്കി തകര്‍ക്കലായിരുന്നു അജണ്ട. അവര്‍ നിയോഗിക്കപ്പെട്ടതുതന്നെ അതിനായിരുന്നു. കോണ്‍ഗ്രസ് നേതൃത്വവും ആര്‍എംപിയും മാധ്യമങ്ങളും സിപിഐ (എം) വേട്ടയ്ക്കുള്ള അവസരമായി അതിനെ ആഘോഷിക്കുകയായിരുന്നു എന്ന് പഴയ പത്രത്താളുകള്‍ നമ്മെ ബോധ്യപ്പെടുത്തും.

മെയ് 4ന് അര്‍ദ്ധരാത്രിയോടടുത്ത നേരത്താണ് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. പിറ്റേന്ന് വെളുപ്പിന് പുറത്തിറങ്ങിയ പത്രങ്ങളെല്ലാം ഒന്നുപോലെ സിപിഐ എമ്മിനെതിരെ വിരല്‍ചൂണ്ടുകയാണുണ്ടായത്. എന്തെങ്കിലും തെളിവന്റെ അടിസ്ഥാനത്തിലാണോ ഇത്? അല്ലല്ലോ. എന്താണ് സംഭവിച്ചതെന്നറിയും മുമ്പുതന്നെ ഡല്‍ഹിയില്‍നിന്നും തിരുവനന്തപുരത്തുനിന്നും മന്ത്രിപ്പടയും കോണ്‍ഗ്രസ് നേതൃനിരയും ഒഞ്ചിയത്തേക്ക് പായുകയായിരുന്നു! സിപിഐ എമ്മിനുമേല്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആരോപിച്ചുള്ള പ്രസ്താവനാ പ്രളയത്തിന്റെ അകമ്പടിയോടെ. ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തവിധം ആഭ്യന്തരമന്ത്രിയും കെപിസിസി പ്രസിഡന്റും പോസ്റ്റ്മോര്‍ട്ടം നടത്തുന്നിടത്തും ഇന്‍ക്വസ്റ്റ് തയ്യാറാക്കുന്നിടത്തും ഉന്നത പൊലീസുദ്യോഗസ്ഥരുടെ യോഗത്തില്‍പോലും പങ്കെടുത്ത വാര്‍ത്തകള്‍ക്കും മെയ് 6ന്റെ പത്രങ്ങള്‍ നോക്കിയാല്‍ മതി. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ കൊലപാതകം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് തോന്നുന്നില്ല എന്ന സംസ്ഥാന ഡിജിപിയുടെ പ്രസ്താവനയെ തിരുത്തി ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന വന്നതും ഡിജിപിയെ പുലഭ്യം പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ് - ആര്‍എംപി നേതൃത്വവും ചാനല്‍ ചര്‍ച്ചക്കാരും അണിനിരന്നതും ഓര്‍ക്കുക. ഇതില്‍നിന്ന് ഒരു കാര്യം പകല്‍പോലെ തെളിയുന്നു. സത്യസന്ധമായ അന്വേഷണം നടത്തി കൊലനടത്തിയവരെയും അതിനുപിന്നില്‍ ഗൂഢാലോചന നടത്തിയവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരലായിരുന്നില്ല അവരുടെ ലക്ഷ്യം. സിപിഐ എമ്മിനെ തകര്‍ക്കുക എന്ന ഒരൊറ്റ അജണ്ട മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. ആഭ്യന്തരമന്ത്രി നിയമസഭയില്‍തന്നെ പറഞ്ഞതാണല്ലോ പ്രതിപട്ടികയില്‍ ചേര്‍ക്കേണ്ടവരുടെ ലിസ്റ്റ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി തനിക്ക് തന്നിരുന്നുവെന്ന കാര്യം.

ഒരു കൊലപാതകക്കേസന്വേഷണത്തില്‍ നഗ്നമായ രാഷ്ട്രീയ ഇടപെടലിന്റെ ഇതിലും വലിയ ഉദാഹരണം വേറെ ആവശ്യമില്ലല്ലോ! ആ രാഷ്ട്രീയ ഇടപെടലിന് പൊലീസ് സര്‍വ്വസീമകളും ലംഘിച്ച്, വിധേയരായതായാണ് കേസന്വേഷണത്തിലുടനീളം കേരളം കണ്ടത്. കേസന്വേഷണകാലത്ത് പൊലീസിന്റെ അന്വേഷണമികവിനെയും ശാസ്ത്രീയമായ അന്വേഷണ രീതികളെയുംപറ്റി പറയാന്‍ ആയിരം നാവായിരുന്നല്ലോ പത്രങ്ങള്‍ക്കും ചാനല്‍ ചര്‍ച്ചക്കാര്‍ക്കും കോണ്‍ഗ്രസ് ഗ്രൂപ്പു നേതാക്കള്‍ക്കും ആര്‍എംപിക്കാര്‍ക്കും പിന്നെ കെ കെ രമയ്ക്കും. ഇപ്പോള്‍ എന്തേ അതെല്ലാം മറന്നുപോകുന്നു? ചന്ദ്രശേഖരന്റെ കൊലപാതകത്തെ സിപിഐ (എം) നേതൃത്വവുമായി ബന്ധിപ്പിക്കാനുള്ള വ്യഗ്രതയില്‍ കള്ളക്കഥകള്‍ ചമച്ച് അതിനനുസരിച്ച് പൊലീസ് ഭാഷ്യംകൂടി ചേര്‍ത്തപ്പോള്‍ കോടതിയില്‍ കേസ് നില്‍ക്കണമെങ്കില്‍ തെളിവുകള്‍ വേണം എന്ന കാര്യം ഇവര്‍ ഓര്‍ത്തുകാണില്ല. നമുക്ക് വീണ്ടും 12-ാം തീയതിയിലെ "മനോരമ" യുടെ "നിലപാട്" പേജിലെ പ്രതാപന്റെ കുറിപ്പിലേക്ക് മടങ്ങാം. നോക്കൂ: ""മുഖ്യ പ്രതികളെ ഒളിപ്പിച്ചവരെയും തെളിവ് നശിപ്പിച്ചവരെയും പല കേസിലും പ്രതിയാക്കാന്‍ പൊലീസ് മടിക്കുമ്പോള്‍, കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കില്ലാത്ത അവരെക്കൂടി പ്രതിപട്ടികയിലുള്‍പ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ടി പി കേസിലെ ആകെ പ്രതികളുടെ എണ്ണം 76 ആയത്. ""കണ്ണൂര്‍-കോഴിക്കോട് ജില്ലകളിലെ പരമാവധി സിപിഐ (എം) പ്രവര്‍ത്തകരെ കേസില്‍ കുടുക്കണമെന്ന രാഷ്ട്രീയ ദുഷ്ടലാക്കായിരുന്നു കേസന്വേഷത്തിലുടനീളം പ്രകടിപ്പിക്കപ്പെട്ടത്. "മനോരമ" ലേഖകന്റെ വാക്കുകളുടെ ശരിയായ അര്‍ഥവും ഇതുതന്നെയാണ്. അസാധാരണമായവിധം പ്രതിപട്ടികയുടെ എണ്ണം വര്‍ധിപ്പിച്ചത് കാരായി രാജനുള്‍പ്പെടെയുള്ള സിപിഐ (എം) നേതാക്കളെ എങ്ങനെയെങ്കിലും കേസില്‍പെടുത്തണമെന്ന നിര്‍ദ്ദേശംമൂലമായിരുന്നു.

സിബിഐ അന്വേഷിക്കുന്ന ഫസല്‍ വധക്കേസിലും ഇതുകാണാം. കൊലയാളികളെ കണ്ടെത്താനാവാത്ത സിബിഐ, ഗൂഢാലോചന നടത്തിയത് കാരായി രാജനും കാരായി ചന്ദ്രശേഖരനുമാണെന്ന് തീര്‍പ്പുകല്‍പിക്കുന്നിടത്തോളം എത്തിയിരിക്കുന്നു, കേസന്വേഷണത്തിലെ രാഷ്ട്രീയം. മനോരമയുടെ 11-ാം പേജിലെ റിപ്പോര്‍ട്ടിലെ ""നിസ്സാരവകുപ്പുകള്‍"" എന്ന പ്രയോഗം നോക്കൂ. പൊലീസ് മനഃപൂര്‍വ്വം നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് പ്രതിയാക്കപ്പെട്ടവരെ രക്ഷിക്കുകയായിരുന്നു എന്ന ധാരണ വായനക്കാരില്‍ ഉണ്ടാക്കലാണ് ആ പ്രയോഗത്തിന്റെ ലക്ഷ്യം.

"മാതൃഭൂമി"യും "മാധ്യമ"വും ഒന്നാംപേജില്‍തന്നെ സംഭവം സ്റ്റൈലായി അവതരിപ്പിച്ചിട്ടുണ്ട്. "മാതൃഭൂമി" ശീര്‍ഷകവും ഹൈലൈറ്റ്സും ഇങ്ങനെ: ""ടി പി വധക്കേസ്: കാരായി രാജനടക്കം 20 പ്രതികളെ വെറുതെവിട്ടു. വിട്ടയക്കുന്നവര്‍ക്കെതിരെ തെളിവുകളില്ലെന്ന് കോടതി. 36 പേര്‍ തുടര്‍ വിചാരണ നേരിടണം."" ഇനി "മാധ്യമം" നോക്കാം. ഒന്നാംപേജില്‍ 5 കോളം റിപ്പോര്‍ട്ട്: ""ടി പി വധം: കാരായി രാജനടക്കം 20 പ്രതികളെ വിട്ടയച്ചു."" ഈ രണ്ടു പത്രങ്ങളും തലവാചകത്തില്‍തന്നെ ""പ്രതികള്‍"" എന്ന് ചേര്‍ത്തതിലൂടെ വിട്ടയക്കപ്പെട്ടെങ്കിലും ഇവര്‍തന്നെയാണ് കൊലപാതകത്തിനോ അതിന് സഹായം നല്‍കിയതിനോ ഉത്തരവാദികള്‍ എന്ന് തറപ്പിച്ച് പറയുകയാണ്. "മാധ്യമം" ഒന്നാംപേജ് റിപ്പോര്‍ട്ടിനുപുറമെ 5-ാം പേജില്‍, രണ്ട് സ്റ്റോറികളുമുണ്ട്. അതില്‍ ഒന്ന് സികെഎ ജബ്ബാര്‍ വക: ""കണ്ണൂരിന് "പരിചിത"മായ വിധി. അതില്‍ നമുക്ക് ഇങ്ങനെ ചിലത് വായിക്കാം. ""ഐസ്ക്രീംകേസിന്റെയും പിന്നീടുണ്ടായ ലാവ്ലിന്‍ അഴിമതിക്കേസിന്റെയും പിന്നാമ്പുറങ്ങളിലെ "ഒത്തുകളി" വിവാദത്തിന്റെ തുടര്‍ച്ചയില്‍ ഈ കേസും ചെന്നുചേരുമെന്നാണ് പാര്‍ടി വിലയിരുത്തല്‍""

കര്‍ത്താവെ എന്തര്‍ത്ഥം എന്ന് മൂക്കത്ത് വിരല്‍വയ്ക്കുന്ന വായനക്കാരെ ജബ്ബാര്‍ സാറ് കുറ്റം പറയരുത്. ഏതു പാര്‍ടിയുടെ, എന്തു വിലയിരുത്തല്‍? അര്‍ത്ഥശൂന്യമായി വാചകങ്ങള്‍ പടച്ചുവിടുക. അതില്‍ പുകമറ സൃഷ്ടിക്കുക. ആകെക്കൂടി എന്തോ കുഴപ്പമുണ്ടെന്ന് ധാരണ പരത്തുക. അതൊക്കെയാണ് ഈ വരിയില്‍ ജബ്ബാറിക്ക നിര്‍വഹിക്കുന്ന ദൗത്യം.

സിപിഐ (എം) വിരോധത്തിന് എന്തെന്തു വഴികള്‍? നോക്കൂ, ജബ്ബാറിക്ക തുടര്‍ന്നുകൊണ്ടേയിരിക്കുന്നു- ""ടി പി വധക്കേസിലെ"" അന്തിമ വിധി എന്തായാലും അതിന്റേതായ രാഷ്ട്രീയ വ്യാഖ്യാനവും വിവാദവും ഇനി ഏറെയായിരിക്കും. "സോളാര്‍ വിവാദത്തില്‍നിന്ന് ശ്രദ്ധതിരിച്ചു വിടാവുന്ന പുതിയ തുരുത്താവണം ഈ വിധിയെന്നാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്"". വിധി ആ വിധത്തിലാകാന്‍ (യുഡിഎഫ് ആഗ്രഹപ്രകാരം) ചരടുവലി നടക്കുന്നുണ്ടെങ്കില്‍ അത് മാളോരെ കൃത്യമായി അറിയിക്കാനാണ് പത്ര ലേഖകര്‍ തയ്യാറാകേണ്ടത്. ഇവിടെ നടക്കുന്നത്, ""വിധി എന്തായാലും"" അതിനെ സിപിഐ എമ്മിനെതിരായ ചര്‍ച്ചയ്ക്ക് ഉപയോഗിക്കുക എന്ന തന്ത്രമാണ്. അതിനായി മുഖ്യധാരാ മാധ്യമങ്ങള്‍ മത്സരത്തിലുമാണ്.

വാല്‍ക്കഷ്ണം ""സര്‍ക്കാര്‍ സേവനം ഇനി മൊബൈലിലൂടെ"". തിരുവോണനാളില്‍ കേരളം കണികണ്ടുണര്‍ന്ന വാര്‍ത്ത. സര്‍ക്കാര്‍ സേവനം ആവശ്യമുള്ളവര്‍ ഇനി വേണ്ടതെന്തെന്ന് മൊബൈലിലൂടെ കുഞ്ഞൂഞ്ഞിനോട് ആവശ്യപ്പെടുക. ആയത് ഉടന്‍ മൊബൈലിലൂടെതന്നെ ലഭിക്കും! ഈ കുഞ്ഞൂഞ്ഞിന്റെ ഒരു പുത്തിയേ! അതിനാണല്ലോ ഉടന്‍ അതിയാന്‍ ഒരു മെബൈല്‍ കണക്ഷന്‍ അങ്ങെടുത്തത്.

തിരുവഞ്ചൂരിന്റെ സ്വകാര്യ ദുഃഖം

ആഭ്യന്തരന് വല്ലാത്ത ദുഃഖം, പക്ഷേല് ഇപ്പഴങ്ങ് തുറന്നുപറയാന്‍ പററുകേല. അത്രയ്ക്കും സ്വകാര്യമാണത്. അട്ടം പരതിയതിെന്‍റയും അടിയന്തിരാവസ്ഥയില് ചക്കാത്തിന് സ്രാവ്കറി കഴിച്ചേന്റെയുമെല്ലാം കഥ മാളോരോട് വിളിച്ചുപറയാനുണ്ടാകും. വില്യം ഫോക്നറുടെ ബോധധാര രീതിയിലായിരിക്കും വിശ്രമകാലത്ത് അദ്ദ്യം അത് രേഖപ്പെടുത്തുക. ഗോയ്ഥെയുടെ ""വെര്‍തറുടെ ദുഃഖങ്ങളും"" തോറ്റുപോകുമത്രെ തിരുവഞ്ചൂരാന്റെ ദുഃഖങ്ങള്‍.

"മനോരമ"യുടെ ആസ്ഥാനകാഥികന്‍ എം ടിയെയും ടി പത്മനാഭനെയും ജാഗ്രതപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ "വീരഭൂമി" 13ന് 7-ാം പേജില്‍ ""ചിലതൊക്കെ തുറന്നെഴുതാനുറച്ച് തിരുവഞ്ചൂര്‍"" എന്ന ശീര്‍ഷകത്തില്‍ ആ തുറന്നെഴുത്തിന്റെ ദിശ എന്തായിരിക്കണമെന്ന സൂചനയും നല്‍കുന്നു. ""ഇന്നോവ കാറില്‍നിന്ന് ലഭിച്ച ഒരു ഫോണ്‍ നമ്പര്‍ സംബന്ധിച്ചുള്ളതാകും ഈ തുറന്നെഴുത്തില്‍ കോളിളക്കമുണ്ടാക്കുന്നത്. പ്രമുഖ സിപിഐ (എം) നേതാവിന്റേതായിരുന്നു ആ നമ്പര്‍"". കൊള്ളാം മോനേ നിന്നിഷ്ടം, തള്ളാന്‍ പാടില്ലെന്നാലും എന്ന് തിരുവഞ്ചൂരാന്റെ മറുമൊഴി!

ഇവനെന്റെ പ്രിയ ഗണ്‍... മോന്‍...

നമ്മളെ കുഞ്ഞൂഞ്ഞിന്റെ കാര്യങ്ങള്‍ ബഹുവിചിത്രമാണേ. സര്‍വം സുതാര്യം. ഒന്നിനും ഒരു മറേമില്ല. ആര്‍ക്കും അതിയാന്റടുത്തങ്ങെത്താം. എപ്പോഴും. കാതില്‍ മന്ത്രിക്കാം. കൂടെ കൂടുന്നവര്‍ക്കെല്ലാം എന്തും കൊടുക്കും. അതിനാലക്കൊണ്ട്, അതിയാനെതിരെ അപവാദങ്ങള് പറേണതേ മഹാപാപം, പറേണവെന്‍റ തല പൊട്ടിപ്പോവത്തേ ഒള്ളൂ എന്ന് ചാനല്‍ ചര്‍ച്ചക്കാരും ചാര്‍ച്ചക്കാരും! ഡിജിപിയാണേലും, കേന്ദ്ര ആഭ്യന്തരനാണേലും, സര്‍ദാര്‍ജിയാണേലും, സോണിയാജി, രാഹുല്‍ജി ആദിയായവരാണേലും, നമ്മളെ സരിതാജിയാണേലും അതിയാനെ വിളിക്കണമെങ്കില്‍ അത് ഗണ്‍ മോന്‍, ജിക്കുമോന്‍, ജോപ്പന്‍ ആദിയായ ആടുതലികള്‍വഴിയേപറ്റുള്ളൂ. അതീ പഹയന്‍മാര്‍ പ്രതിപക്ഷം ആകെക്കൂടി ഒച്ചയിട്ട് ഇല്ലാതാക്കി. ഇനി അത്രേം ജനകീയം പറ്റൂല്ലാത്രെ! പാവങ്ങള്‍ ജോപ്പനും കോപ്പനും ഗണ്ണും ജിക്കും പുറത്ത്!

എന്നാലങ്ങനെ കൈവിടാനൊക്കൂല്ലല്ലോ. പ്രത്യേകിച്ചും ഗണ്‍മോനെ! അതല്ലിയോ അതിയാന്‍ ഹാരിസണ്‍ വനഭൂമി തട്ടുന്ന കേസില്‍ പോകേണ്ട എ ജി ദണ്ഡപാണി വക്കീലിനെ ദണ്ഡിപ്പിച്ച് ഗണ്ണിന്റെ (അപ്പോള്‍ അതും സ്വന്തംതന്നെ) ഭൂമി തട്ടിപ്പ് കേസില് അപ്പീലുമായി ഹൈക്കോടതീല് അയച്ചത്. ഇപ്പോള്‍ ഈ പാവം ഗണ്‍മോനെ കോഴിക്കോട്ടങ്ങാടീല് കുറെ കുണ്ടന്മാര് ചേര്‍ന്ന് പിടിച്ചുകെട്ടി പൊലീസിലേല്‍പിച്ചത്രേ! അവനെന്താ ഇപ്പോ വലിയ കുറ്റംചെയ്തേ! വേണ്ടപ്പെട്ട ഒരു പെണ്‍കൊച്ച് അന്യജാതിക്കാരന്റെ കൂടെ പണവും തട്ടി ഒളിച്ചോടിയാല്‍ അങ്ങ് വിട്ടുകൊടുക്കാന്‍ പറ്റുമോ? അവളെ ഇങ്ങ് പകലേ പകല്‍ പോയി പിടിച്ചോണ്ട് വരുന്നത് വലിയ അപരാധമാണല്ലോ! അതിന് ഇപ്പോ പറേണത് മാഫിയ, ഹവാല, ഗുണ്ട എന്നൊക്കെ! പോകാന്‍ പറ. അതൊന്നും ഇപ്പോ അന്വേഷിക്കണ്ടാന്ന് ഞമ്മളെ കുഞ്ഞൂഞ്ഞ്. അങ്ങനെ കണ്ട അണ്ടനും അടകോടനും പറേണത് കേട്ട് അന്വേഷിക്കാന്‍പോയാല് നാട്ടില് കൊള്ളാവുന്നവര്‍ക്ക് വല്ലതും പെഴച്ച് പോവാന്‍ പറ്റ്വോ?

സങ്കതി ഇങ്ങനേക്കെ ആയിരിക്കെ കോഴിക്കോട്ടങ്ങാടിലെ എടപാടിന് നമ്മളെ പത്രത്തിന് വലിയ തലേക്കെട്ടും ഒന്നാം പേജും കൊടുക്കാന്‍ പറ്റ്വോ? ഇല്ലേ, ഇല്ല! അതാണത്രേ വീരന്‍സാറിന്റെ പത്രോം ചെയ്തത്. കോട്ടയംകാരന്‍ തലേക്കെട്ട് ചെറുതെങ്കിലും ഒന്നാംപേജില്‍, ഇടംകൊടുത്തത്, മാപ്പാക്കണമെന്ന് പുതുപ്പള്ളില്‍ ചെന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചതായി അങ്ങാടീല് പിള്ളേര് പറയണ്!

*
 ഗൗരി ചിന്ത വാരിക 27 സെപ്തംബര്‍ 2013

Friday, July 19, 2013

അകാലത്തില്‍ പൊലിഞ്ഞ ഒഞ്ചിയത്തിെന്‍റ രക്തതാരകം

ജൂലൈ 5ന് രാത്രി സി എച്ച് അശോകന്‍ അന്തരിച്ചു. തീരെ അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടത്. അശോകന്‍ മരണത്തോട് അടുത്തുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹവുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നവര്‍ കുറച്ച് ചില ദിവസങ്ങള്‍ക്കു മുന്‍പാണെങ്കിലും അറിഞ്ഞിരുന്നു. എന്നാലും ആ ദുഃഖവാര്‍ത്ത താങ്ങാവുന്നതിലും വലിയ വേദനയാണ് അശോകനെ അടുത്തറിയുന്ന ആരിലും സൃഷ്ടിച്ചിട്ടുള്ളത്. ജൂണ്‍ 20നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അശോകന് കാന്‍സര്‍ രോഗം ബാധിച്ചിരിക്കുന്നതായി കണ്ടെത്തിയത്. കൂടുതല്‍ വിദഗ്ദ്ധ പരിശോധനയ്ക്കും ചികില്‍സയ്ക്കുമായാണ് തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്‍ററിലേക്ക് കൊണ്ടുവന്നത്. രോഗം പരമാവധി മൂര്‍ഛിച്ചിരിക്കുന്നതായാണ് അവിടെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. രോഗം സ്ഥിരീകരിക്കപ്പെട്ട് 15-ാം ദിവസം ആ വിലപ്പെട്ട ജീവന്‍ എന്നെന്നേയ്ക്കുമായി അസ്തമിച്ചു.

ജൂലൈ 3ന് അവസാനമായി അദ്ദേഹത്തെ കാണുമ്പോഴും ഇത്ര പെട്ടെന്ന് അന്ത്യം സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അത്ര ആത്മവിശ്വാസത്തോടെയാണ് അശോകന്‍ അന്നും സംസാരിച്ചത്. അന്തരിക്കുമ്പോള്‍ അശോകന് 61 വയസ്സ് മാത്രമേ ആയിരുന്നുള്ളൂ. ഒഞ്ചിയത്ത് പഴയ സോഷ്യലിസ്റ്റ് പാര്‍ടിയുടെ വിദ്യാര്‍ത്ഥി രംഗത്തെ പ്രവര്‍ത്തകനായാണ് അദ്ദേഹം പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. അടിയന്തരാവസ്ഥ കാലത്ത് കുറച്ചുനാള്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയേണ്ടതായിവന്ന അശോകന്‍, 1977ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. 2007ല്‍ നികുതി വകുപ്പില്‍ ഇന്‍സ്പെക്ടര്‍ തസ്തികയില്‍നിന്നാണ് അദ്ദേഹം സര്‍വീസില്‍നിന്ന് വിരമിച്ചത്. സര്‍ക്കാര്‍ സര്‍വീസില്‍ വന്നശേഷം എന്‍ജിഒ യൂണിയെന്‍റ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം അതിവേഗം അതിെന്‍റ മുന്നണിപ്പോരാളികളില്‍ ഒരാളാവുകയാണുണ്ടായത്. യൂണിയെന്‍റ വടകര ബ്രാഞ്ച് സെക്രട്ടറി, കോഴിക്കോട് ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളില്‍നിന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി വരെ എത്തിയ അശോകന്‍ ഈ നിലകളിലെല്ലാം തെന്‍റ അസാമാന്യമായ സംഘടനാപാടവം തെളിയിക്കുകയുണ്ടായി. ജീവനക്കാരുടെ ഐക്യപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും ഒരു സമര സംഘടന എന്ന നിലയില്‍ എന്‍ജിഒ യൂണിയനെ ഉയര്‍ത്തുന്നതിലും സി എച്ച് അശോകെന്‍റ പങ്ക് അവഗണിക്കാനാവാത്തതാണ്. സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും സമര സംഘടനയായ എഫ്എസ്ഇടിഒയുടെ ജനറല്‍ സെക്രട്ടറിയായും സംസ്ഥാന ജീവനക്കാരുടെ അഖിലേന്ത്യാ ഫെഡറേഷെന്‍റ സെക്രട്ടറിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച അദ്ദേഹം ഇവിടങ്ങളിലെല്ലാം തെന്‍റ വ്യക്തിമുദ്ര പതിപ്പിക്കുകയുണ്ടായി.

2002 ഫെബ്രുവരിയിലെ 32 ദിവസം നീണ്ട സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ഐതിഹാസികമായ പണിമുടക്കിന് നേതൃത്വം നല്‍കിയ സമരസമിതിയുടെ ജനറല്‍ കണ്‍വീനര്‍ എന്ന നിലയില്‍ അശോകന്‍ മികവുറ്റ സംഘടനാശേഷിയാണ് പ്രകടിപ്പിച്ചത്. വിവിധ ചേരികളിലായിനിന്ന സംഘടനകളെ ഒരുമിപ്പിക്കുകയും ഒന്നിച്ച് മുന്നോട്ടുകൊണ്ടു പോവുകയും ചെയ്തതില്‍ സി എച്ച് അശോകന്‍ വലിയ പങ്കാണ് വഹിച്ചത്. ആരോടും പിണങ്ങാതെയും പരുഷമായി സംസാരിക്കാതെയും സൗമ്യഭാവത്തില്‍ ഇടപഴകിയിരുന്ന അശോകെന്‍റ സവിശേഷമായ പെരുമാറ്റവും എല്ലാപേരോടും കൂടിയാലോചിച്ച് തീരുമാനങ്ങളെടുക്കാന്‍ അദ്ദേഹം പ്രകടിപ്പിച്ച സന്നദ്ധതയും ആ സമരത്തില്‍ എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചണിനിരത്തുന്നതില്‍ വലിയ പങ്കു വഹിച്ചു എന്നത് അവിസ്മരണീയമാണ്. ദീര്‍ഘകാലത്തെ സിവില്‍ സര്‍വീസ് രംഗത്തെ സംഘടനാപരമായ അനുഭവ പാരമ്പര്യവുമായാണ് സര്‍വീസില്‍നിന്ന് വിരമിച്ചശേഷം പൊതുരാഷ്ട്രീയരംഗത്ത് അശോകന്‍ എത്തിയത്. സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാര്‍ടി ഇരുപതാം കോണ്‍ഗ്രസ്സിനു മുന്നോടിയായി നടന്ന ഒഞ്ചിയം ഏരിയാ സമ്മേളനത്തില്‍ ഏരിയ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ആ രംഗത്തും തെന്‍റ സംഘടനാപാടവവും സൗമ്യമായ പെരുമാറ്റവും കൊണ്ട് ജനങ്ങളെ പ്രസ്ഥാനത്തോട് അടുപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് അദ്ദേഹത്തെ രാഷ്ട്രീയ എതിരാളികളുടെ കണ്ണിലെ കരടാക്കി മാറ്റി. 2012 മെയ് മാസത്തില്‍ കേരള എന്‍ജിഒ യൂണിയെന്‍റ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം കൊല്ലത്ത് എത്തിയപ്പോഴാണ് ഒഞ്ചിയത്ത് ആര്‍എംപി നേതാവ് കൊല്ലപ്പെട്ടത്. അശോകനെ അറിയുന്ന ആര്‍ക്കും സംശയത്തിെന്‍റ കണികപോലും ഉണ്ടാവില്ല ഇത്തരമൊരു കൊലപാതകവുമായി അദ്ദേഹത്തിന് വിദൂരമായെങ്കിലും ബന്ധമുണ്ടെന്ന്. കൊലപാതകത്തിെന്‍റയും തുടര്‍ന്ന് വിരുദ്ധന്മാര്‍ സിപിഐ എമ്മിനെതിരെ അക്രമം അഴിച്ചുവിട്ടതിെന്‍റയും (അശോകെന്‍റ വീടും തകര്‍ക്കപ്പെട്ടിരുന്നു) വാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് സമ്മേളനം നടന്നുകൊണ്ടിരിക്കവെ തന്നെ തിരക്കിട്ട് അദ്ദേഹം ഒഞ്ചിയത്തേക്ക് മടങ്ങിയത് തന്റെ അസാന്നിധ്യം സഖാക്കളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തിയേക്കും എന്ന ചിന്തയാലാണ്. ആ കൊലപാതകവുമായി ഒരു വിധത്തിലും ബന്ധമില്ലാതിരുന്ന അശോകനെ ഗൂഢാലോചനക്കുറ്റം ചുമത്തി കള്ളക്കേസില്‍ കുടുക്കിയത് സിപിഐ എം സംഘടനാ സംവിധാനവുമായും പാര്‍ടിയുടെ ഉയര്‍ന്ന നേതൃത്വവുമായും ഈ കേസിനെ ബന്ധപ്പെടുത്തി പാര്‍ടിയെയാകെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഒഞ്ചിയം കേസില്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി നിരവധി സിപിഐ എം നേതാക്കളുടെ പട്ടിക നല്‍കിയിരുന്നുവെന്ന സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ നിയമസഭയിലെ വെളിപ്പെടുത്തല്‍ തന്നെ അത് സ്ഥിരീകരിക്കുന്നു.

അശോകനെ കേസുമായി ബന്ധപ്പെടുത്തുന്ന വ്യക്തമായ തെളിവൊന്നും ഹാജരാക്കാന്‍ പൊലീസിനു കഴിഞ്ഞില്ല എന്ന വിമര്‍ശനത്തോടെയാണ് ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. എങ്കിലും ആദ്യഘട്ടത്തില്‍ കോഴിക്കോട് ജില്ലയിലും പിന്നീട് ഒഞ്ചിയം പ്രദേശത്തും അദ്ദേഹത്തിന് പ്രവേശനം അനുവദിച്ചിരുന്നില്ല. 2012 മെയ് 17ന് പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തിയ അശോകന് പിന്നീട് തെന്‍റ വീട്ടില്‍ ജീവനോടെ തിരിച്ചെത്താനായില്ല. മാസങ്ങള്‍ നീണ്ട ജയില്‍വാസവും ശാരീരികവും മാനസികവുമായ പീഡനങ്ങളും ജീവിതക്രമത്തിെന്‍റ താളം തെറ്റലും മാനസിക സംഘര്‍ഷങ്ങളുമാണ് അദ്ദേഹത്തെ രോഗബാധിതനാക്കിയത്. അതാണ് അദ്ദേഹത്തിെന്‍റ അകാല ദേഹവിയോഗത്തിനിടയാക്കിയത്. ആ രീതിയില്‍ സി എച്ച് അശോകന്‍ യുഡിഎഫിെന്‍റ ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയായി എക്കാലവും സ്മരിക്കപ്പെടും.

മരണത്തോട് അടുത്തുകൊണ്ടിരുന്നപ്പോഴും അദ്ദേഹത്തിെന്‍റ ചിന്ത നാടിനെയും നാട്ടുകാരെയും പ്രസ്ഥാനത്തെയും കുറിച്ചായിരുന്നു. ചികില്‍സ കഴിഞ്ഞ് എത്രയും വേഗം നാട്ടില്‍ തിരിച്ചെത്തി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനെക്കുറിച്ചായിരുന്നു അവസാന നിമിഷങ്ങളിലും അദ്ദേഹം സംസാരിച്ചത്. സംശയമില്ല, സഖാവ് അശോകന്‍ ഒഞ്ചിയത്തെ വിപ്ലവ മണ്ണില്‍ ജ്വലിച്ചുയര്‍ന്ന രക്തനക്ഷത്രം തന്നെയാണ്. അകാലത്തില്‍ അത് പൊലിഞ്ഞുപോയെങ്കിലും ആ ധീരസ്മരണ എക്കാലത്തും ജനമനസ്സുകളില്‍ നിറഞ്ഞുനില്‍ക്കും. ആ ധീരസഖാവിനെ കുറിച്ചുള്ള കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മകള്‍ക്കുമുന്നില്‍ ഒരുപിടി രക്തപുഷ്പങ്ങള്‍. പ്രിയ സഖാവെ, ലാല്‍സലാം.

*
ജി വിജയകുമാര്‍ ചിന്ത വാരിക

Friday, July 12, 2013

പട്ടിക നല്‍കി പ്രതികളാക്കല്‍

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് വിചാരണ അവസാനഘട്ടത്തിലാണ്. ആ കേസ് സിപിഐ എമ്മിനെ ആക്രമിക്കാനും തച്ചുതകര്‍ക്കാനുമുള്ള ആയുധമാക്കി യുഡിഎഫ് സര്‍ക്കാരും അതിനെ നയിക്കുന്ന കോണ്‍ഗ്രസും തുടക്കംമുതല്‍ മാറ്റി. സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെട്ടയാളാണ് ചന്ദ്രശേഖരന്‍ എന്ന ഒറ്റന്യായത്തില്‍, കൊലപാതകക്കുറ്റം പാര്‍ടിക്കുമേല്‍ അടിച്ചേല്‍പ്പിക്കാനും ഉന്നതരായ നേതാക്കളെയുള്‍പ്പെടെ കേസില്‍ കുടുക്കാനും അമ്പരപ്പിക്കുന്ന ശ്രമങ്ങളുണ്ടായി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉള്‍പ്പെടുത്താന്‍ ഒരുതരത്തിലും സാധ്യമാകാതെ വന്നപ്പോഴാണ് സിപിഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനെ മറ്റൊരു കേസില്‍പെടുത്തി ജയിലിലടച്ചത്. പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന ആലോചനായോഗത്തിന് ഗൂഢാലോചനയുടെ നിറംനല്‍കി സംസ്ഥാന നേതാക്കളെ ഉള്‍പ്പെടുത്താനും നോക്കി. അതിനായി പലവഴികളിലൂടെ സഞ്ചരിച്ചു. സിപിഐ എം നേതാക്കളെയും പ്രവര്‍ത്തകരെയും പ്രതിചേര്‍ക്കാന്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ളവര്‍ ഇടപെട്ടു എന്ന സംശയം അന്നുതന്നെ പാര്‍ടി ശക്തമായി ഉന്നയിച്ചു. ഇന്നിതാ, ആ സംശയം നൂറുശതമാനം ശരിയായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍തന്നെ നിയമസഭയില്‍ വെളിപ്പെടുത്തുന്നു. അതിനെതിരെ പ്രകോപനവുമായി മുല്ലപ്പള്ളി ഇറങ്ങുന്നു. തിരുവഞ്ചൂര്‍ പത്രസമ്മേളനം വിളിച്ച് മറുപടി പറയുന്നു.

പ്രതികളാക്കാന്‍ സിപിഐ എം നേതാക്കളുടെ പേരുകള്‍ മുല്ലപ്പള്ളി തന്നു എന്നാണ് തിരുവഞ്ചൂര്‍ നിയമസഭയില്‍ പറഞ്ഞത്. അത് സഭാരേഖയിലുണ്ട്. ദൃശ്യങ്ങള്‍ ചാനലുകളിലൂടെ പലവട്ടം ജനങ്ങള്‍ കണ്ടു. അതിനുമേല്‍ ഇനി എന്ത് അഭ്യാസം നടത്തിയാലും തിരുവഞ്ചൂരിന് പിന്മാറാനാകില്ല. മുല്ലപ്പള്ളിയുടെ അഭ്യര്‍ഥന പരിഗണിച്ച് ആ പരാമര്‍ശങ്ങള്‍ സഭാരേഖയില്‍നിന്ന് സ്പീക്കര്‍ ഒഴിവാക്കിയാലും കാര്യമില്ല. ആരുടെയൊക്കെ പേരുകളാണ് മുല്ലപ്പള്ളി കൊടുത്തത്, ആരെയൊക്ക കള്ളത്തെളിവുണ്ടാക്കി ഉള്‍പ്പെടുത്താനാണ് ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്, എന്തൊക്കെ കൃത്രിമങ്ങളാണ് കേസില്‍ നടത്തിയത് എന്ന് തിരുവഞ്ചൂര്‍ എണ്ണിയെണ്ണിപ്പറഞ്ഞേ തീരൂ. സംസ്ഥാന മന്ത്രിയും കേന്ദ്രമന്ത്രിയും തമ്മിലുള്ള സൗന്ദര്യപ്പിണക്കമോ ഗ്രൂപ്പുവഴക്കോ ആയി തള്ളിക്കളയേണ്ട പ്രശ്നമല്ലിത്. നാട്ടിലെ നിയമവ്യവസ്ഥയോടും നീതിപാലനത്തോടുമുള്ള അധികാര ഗര്‍വിന്റെ വെല്ലുവിളിയാണിത്. സിപിഐ എം നേതാക്കളെ കേസില്‍ കുടുക്കാനുള്ള അഭിനിവേശം പരസ്യപ്രസ്താവനകളിലൂടെ മുല്ലപ്പള്ളി രാമചന്ദ്രന്‍ പലവട്ടം പ്രകടിപ്പിച്ചിട്ടുണ്ട്. വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ ആര്‍എംപി പിന്തുണ ഉറപ്പാക്കാനും സിപിഐ എമ്മിനെ ക്ഷീണിപ്പിക്കാനും അതിലൂടെ അടുത്തവട്ടം വിജയിക്കാനുമുള്ള തന്ത്രംമാത്രമല്ല അത്. ഉള്ളിലുറഞ്ഞ കടുത്ത കമ്യൂണിസ്റ്റ് വിരോധത്തിന്റെ പ്രകടനവുമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി സ്വന്തം പാര്‍ടിയില്‍തന്നെയുള്ള സംസ്ഥാനമന്ത്രിമാരോട് പത്രപ്രസ്താവനയിലൂടെ സംവദിക്കേണ്ടതില്ല. പറയാനുള്ളത് നേരെ ചൊവ്വേ പറഞ്ഞാല്‍ മതിയാകും. കേന്ദ്രമന്ത്രിയുടെ അത്തരം നിര്‍ദേശങ്ങള്‍ യഥേഷ്ടം പ്രവഹിച്ചതിന് പുറമെയാണ് കേസ് ഏതുവഴിക്ക് പോകണം; ആരെല്ലാം പ്രതികളാകണം എന്ന പരസ്യപ്രസ്താവനകളും വന്നത്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇതില്‍നിന്ന് ഭിന്നമായ നിലപാടല്ല സ്വീകരിച്ചത്. ചന്ദ്രശേഖരന്റെ കുടുംബത്തെ പലതവണ നേരില്‍ സന്ദര്‍ശിച്ചും ബന്ധപ്പെട്ടും കേസ് ഏതുവഴിക്ക് പോകണമെന്ന ഉപദേശം സ്വീകരിച്ച് പൊലീസ് സംഘത്തെ നയിക്കുകയാണ് ആഭ്യന്തരമന്ത്രി ചെയ്തത്. ഇടപെടലിന്റെ കടുപ്പത്തില്‍മാത്രമേ തിരുവഞ്ചൂരും മുല്ലപ്പള്ളിയും തമ്മില്‍ വ്യത്യാസമുള്ളൂ. ഒരേ പാര്‍ടിയില്‍പെട്ട കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ കേസിന്റെ പേരില്‍ പരസ്യ യുദ്ധത്തിനിറങ്ങിയതില്‍നിന്നുതന്നെ അവര്‍ക്ക് അതിലുള്ള അമിത താല്‍പ്പര്യവും അധികാരത്തിന്റെ സാധ്യതകള്‍ എത്രമാത്രം അതിനായി ദുരുപയോഗിച്ചിട്ടുണ്ടാകുമെന്ന സൂചനയും വ്യക്തമാകുന്നു. രാഷ്ട്രീയനേട്ടത്തിനായി അധികാരം ദുര്‍വിനിയോഗംചെയ്തു എന്നാണ് സംശയാതീതമായി തെളിഞ്ഞിരിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ കമ്യൂണിസ്റ്റ് വേട്ടയുടെ പാരമ്പര്യമുള്ള ചോമ്പാല്‍ സ്വദേശിയായ സാധാരണ കോണ്‍ഗ്രസുകാരനല്ല- രാജ്യം ഭരിക്കുന്ന മന്ത്രിയാണ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി എന്ന പദവി, സംസ്ഥാന പൊലീസിനെ ഭീഷണിപ്പെടുത്താനും തെറ്റായ ദിശയിലേക്ക് നയിക്കാനും അദ്ദേഹം ഉപയോഗിച്ചിരിക്കുന്നു. അതിന് സാക്ഷി പറയുന്നത് സംസ്ഥാന ആഭ്യന്തരമന്ത്രിതന്നെ.

പറഞ്ഞതില്‍നിന്ന് തലയൂരാനും സഭാരേഖയില്‍നിന്ന് മാറ്റി കൂടുതല്‍ ചര്‍ച്ച ഒഴിവാക്കാനുമല്ല, നടന്ന കാര്യങ്ങള്‍ ജനങ്ങളോട് തുറന്നുപറയാനാണ് ഈ മന്ത്രിമാര്‍ തയ്യാറാകേണ്ടത്. മുല്ലപ്പള്ളി നല്‍കിയ സിപിഐ എം നേതാക്കളുടെ പേര് വെളിപ്പെടുത്താനുള്ള രാഷ്ട്രീയവും ധാര്‍മികവുമായ ബാധ്യത തിരുവഞ്ചൂരിനുണ്ട്. "വന്‍ സ്രാവുകള്‍" എന്ന് പലതവണ പറഞ്ഞത് ആരെയൊക്കെക്കുറിച്ചാണ്? ഏതൊക്കെ തലത്തിലാണ് പ്രതിചേര്‍ക്കാനുള്ളവരുടെ പട്ടിക തീരുമാനിച്ചത്? മുല്ലപ്പള്ളി രാമചന്ദ്രനല്ലാതെ മറ്റാരൊക്കെ കേസില്‍ ഇടപെട്ടു? പൊലീസ് തലവനെപ്പോലും പരസ്യമായി തിരുത്തി കേസില്‍ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനുണ്ടായ പ്രേരണ എവിടെനിന്നായിരുന്നു- ഇതൊക്കെ ജനങ്ങള്‍ അറിയണം.

രാഷ്ട്രീയ ശത്രുത തീര്‍ക്കാന്‍ ആരെയും കേസില്‍പെടുത്താനും പീഡിപ്പിക്കാനും അവഹേളിക്കാനും ശ്രമിക്കുന്ന പാരമ്പര്യത്തിനുടമകളായ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍, പൊലീസ് കൈയിലുണ്ടെന്ന അഹന്തയില്‍ കാട്ടിയ പേക്കൂത്താണ് ചന്ദ്രശേഖരന്‍ വധക്കേസന്വേഷണത്തില്‍ നിറഞ്ഞുകണ്ടത്. ആ രണ്ടുപേരും ഇപ്പോള്‍ മുഖാമുഖം നിന്ന് പരസ്പരം കുറ്റപ്പെടുത്തുമ്പോള്‍, ജനങ്ങള്‍ വിഡ്ഢിച്ചിരി ചിരിച്ച് ഒഴിഞ്ഞുമാറുമെന്ന് കരുതരുത്. ഇത്തരം നികൃഷ്ട രാഷ്ട്രീയ ജന്മങ്ങള്‍ക്ക് ജനങ്ങള്‍ ചുട്ടമറുപടി കൊടുത്ത പാരമ്പര്യംമാത്രമേ കേരളചരിത്രത്തിലുള്ളൂ.

*
ദേശാഭിമാനി മുഖപ്രസംഗം

Sunday, July 7, 2013

സര്‍വീസ് രംഗത്തുനിന്ന് ജനനേതാവിലേക്ക്

കേരളത്തിലെ എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകര്‍ക്ക് മറക്കാനാവാത്ത സംഭാവന നല്‍കിയ സഖാവാണ് സി എച്ച് അശോകന്‍. അകാലത്തില്‍ അപ്രതീക്ഷിതമായിരുന്നു അശോകന്റെ വേര്‍പാട്. ഇ പത്മനാഭനെയും ടി കെ ബാലനെയുംപോലെ കര്‍മരംഗത്തില്‍ വ്യത്യസ്തവും വേറിട്ടതുമായ നിലപാടും ശൈലിയും സ്വീകരിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെയാകെ നേതാവായി ഉയര്‍ന്നു സി എച്ച്. സഖാവും ഞാനും എന്‍ജിഒ യൂണിയന്‍ നേതൃനിരയിലേക്ക് വരുന്നത് ഏകദേശം ഒരേ കാലയളവിലാണ്. ഞാന്‍ കൊല്ലം ജില്ലാസെക്രട്ടറിയായി ഏറെ താമസിയാതെ അശോകന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായി. അശോകന്‍ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിയറ്റിലെത്തി. സംസ്ഥാന സെക്രട്ടറിമാരിലൊരാളായി, പ്രവര്‍ത്തനമണ്ഡലം വിപുലമായി. തുടര്‍ന്നാണ് ജനറല്‍സെക്രട്ടറിയാകുന്നത്. അന്ന് ഞാന്‍ പ്രസിഡന്റായിരുന്നു.

2000 മുതല്‍ നാലുവര്‍ഷം ഒന്നിച്ച് യൂണിയനെ നയിച്ചു. ജനറല്‍ സെക്രട്ടറിയായതോടെ അശോകന്‍ തട്ടകം തലസ്ഥാനമായ തിരുവനന്തപുരത്താക്കി. യൂണിയന് ഒരു വേറിട്ടമുഖം, പൊതുസമൂഹവുമായി കൂടുതല്‍ അടുത്തും ഇറങ്ങിച്ചെന്നുമുള്ള പ്രവര്‍ത്തനങ്ങള്‍ ഇവ ആവിഷകരിക്കുന്നത് ഇക്കാലത്താണ്. സഖാവിന്റെ നിര്‍ദേശങ്ങളും കണിശമായ അഭിപ്രായങ്ങളും അതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സംഘടനാകമ്മിറ്റിയിലും സമരമുഖത്തും തീരുമാനങ്ങള്‍ കണിശമായി നടപ്പാക്കാന്‍ സാധിച്ചു. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കാനും അത് ഉള്‍ക്കൊണ്ട് തീരുമാനങ്ങള്‍ നടപ്പാക്കാനും അശോകന്‍ കാട്ടിയ മിടുക്ക് എല്ലാവരും ആദരവോടെയാണ് ഓര്‍ക്കുക. മറ്റു ബഹുജനസംഘടനകള്‍ വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് മുമ്പ് അത്തരമൊരു ഇടപെടല്‍ നടത്തിയതിന്റെ ചരിത്രം എന്‍ജിഒ യൂണിയനുള്ളതാണ്. അത് നായനാര്‍ സര്‍ക്കാരിന്റെ കാലത്തായിരുന്നു.

സാംസ്കാരികരംഗത്തും സാമൂഹ്യജീവിതത്തിലും പുതിയ വെളിച്ചം പകരുക എന്ന ലക്ഷ്യവുമായി അന്ന് സര്‍ക്കാര്‍ മാനവീയം പദ്ധതി ആവിഷ്കരിച്ചിരുന്നു. യുഡിഎഫ് അത് ധൂര്‍ത്തും അഴിമതിയുമാണെന്നാക്ഷേപിച്ചു. അന്നാണ് മാനവീയത്തിന്റെ ഭാഗമായി വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത യൂണിയന്‍ പ്രഖ്യാപിക്കുന്നത്. അത്തരമൊരു പ്രഖ്യാപനത്തിന് പിന്നിലെ ചാലകശക്തി അശോകനായിരുന്നു. രണ്ടുലക്ഷം തൊഴിലവസരമാണ് ഞങ്ങള്‍ വാഗ്ദാനം ചെയ്തത്. ആദ്യത്തെ പദ്ധതി നടപ്പാക്കിയത് അശോകന്റെ ഗ്രാമമായ ഒഞ്ചിയത്തായിരുന്നു. ജലവിതരണപദ്ധതിയാണ് അവിടെ ജീവനക്കാര്‍ സന്നദ്ധസേവനത്തിലൂടെ പൂര്‍ത്തീകരിച്ചത്. നാല് ദിവസം 200 എന്‍ജിഒ സഖാക്കളുടെ അധ്വാനത്തില്‍ ഒഞ്ചിയത്തെ കോളനിവാസികള്‍ക്ക് കുടിവെള്ളമെത്തിച്ചു. തുടര്‍ന്ന് ആശുപത്രികളില്‍ കൂട്ടിരിപ്പ് കേന്ദ്രം, വിശ്രമമുറി, ബസ്കാത്തിരിപ്പ്കേന്ദ്രം, കുളം ശുചീകരണം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന കര്‍മപദ്ധതികള്‍ ഏറ്റെടുത്തു. എന്‍ജിഒ യൂണിയന്റെ മുഖംമാറ്റുന്ന ഒരു പ്രവര്‍ത്തനത്തിനാണ് അന്ന് സഖാവ് നേതൃത്വം കൊടുത്തത്.

കേരളത്തിലെ എന്‍ജിഒമാര്‍ക്ക് മറക്കാനാവാത്ത പ്രക്ഷോഭമാണ് 1973-ലെ 54 ദിവസത്തെ പണിമുടക്ക്. അതുകഴിഞ്ഞാല്‍ പിന്നീടുണ്ടായ തീവ്രവും ആവേശകരവുമായ പണിമുടക്ക് 2002-ല്‍ എ കെ ആന്റണിഭരണത്തില്‍ അരങ്ങേറിയതാണ്. ഭരണ-പ്രതിപക്ഷവ്യത്യാസമില്ലാതെ എല്ലാ ജീവനക്കാരും അധ്യാപകരും യുഡിഎഫ് സര്‍ക്കാരിന്റെ നയത്തിനെതിരെ സമരത്തിനിറങ്ങി. സര്‍ക്കാര്‍ സര്‍വീസും വിദ്യാഭ്യാസമേഖലയും 32 ദിവസം പൂര്‍ണമായി നിശ്ചലമായി. ചരിത്രം തിരുത്തിയ അന്നത്തെ പണിമുടക്കിന്റെ സമരസമിതി കണ്‍വീനര്‍ സി എച്ചായിരുന്നു. അശോകന്റെ സംഘടനാശേഷിയും കാര്യക്ഷമതയും അക്കാലത്ത് സര്‍വശക്തിയിലും തിളങ്ങി.

തന്റെ പരിമിതികളും സാധ്യതയും നന്നായി തിരിച്ചറിഞ്ഞ് പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചുവെന്നതാണ് സഖാവിന്റെ വിജയം. ഏതു പ്രശ്നമായാലും കൂടിയാലോചിച്ചും കൂട്ടായും തീരുമാനമെടുക്കുക എന്ന ശൈലി സമര്‍ഥമായി പ്രയോഗിച്ചു വിജയം കൈവരിച്ചു. എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകര്‍ മാത്രമല്ല എതിര്‍സംഘടനാപ്രവര്‍ത്തകരും അംഗീകരിച്ചതും ഇഷ്ടപ്പെട്ടിരുന്നതുമായിരുന്നു സഖാവിന്റെ ശൈലി. അത്തരമൊരാളെ കൊലക്കേസില്‍ പ്രതിചേര്‍ത്ത് തളര്‍ത്താമെന്നാണ് കരുതിയത്. കേസില്‍ തളരാതെയും പതറാതെയും തല ഉയര്‍ത്തിപ്പിടിച്ചാണ് സഖാവ് യാത്രയായത്്. അശോകനെ അറിയുന്ന ഏതൊരു സംഘടനാപ്രവര്‍ത്തകനിലും ഈ അഭിമാനകരമായ ഓര്‍മ നിലനില്‍ക്കും. ദേശീയതലത്തില്‍ സംഘടനാപ്രവര്‍ത്തകനായി, എഫ്എസ്ഇടിഒ, എഐഎസ്ജിഇഎഫ് പ്രവര്‍ത്തനങ്ങളുമായി വിവിധ സംസ്ഥാനങ്ങളില്‍ സഖാവ് നല്ല ഇടപെടല്‍ നടത്തി. ക്യൂബ, ശ്രീലങ്ക തുടങ്ങി നിരവധി വിദേശരാജ്യങ്ങളില്‍ പോകാനും അവസരമുണ്ടായി. ഇതെല്ലാം അന്നുതന്നെ ആ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ അംഗീകാരമായിരുന്നു.

സഖാവിന്റെ കുടുംബവുമായും എന്‍ജിഒ യൂണിയന്‍ നേതൃനിരയിലുണ്ടായിരുന്ന എല്ലാവര്‍ക്കും അടുത്ത ബന്ധമായിരുന്നു. കോഴിക്കോട്ടോ വടകരയിലോ സംഘടനാപ്രവര്‍ത്തനത്തിനെത്തുന്ന ആര്‍ക്കും അശോകന്റെ ഒഞ്ചിയത്തെ വീട്ടില്‍ താമസവും ഭക്ഷണവും ഊഷ്മളമായ ആതിഥ്യവും ലഭിച്ചിരുന്നു. രണ്ട് പതിറ്റാണ്ട് യൂണിയന്റെ പ്രവര്‍ത്തകരായും ചുമതലക്കാരായും തികഞ്ഞ ആത്മബന്ധത്തോടെ പരാതിയും പരിഭവവുമില്ലാതെ ഞങ്ങള്‍ പ്രവര്‍ത്തിച്ചു. അതില്‍ അശോകന്റെ പങ്ക് വലുതാണ്. എന്‍ജിഒ യൂണിയന്റെ ദീപശിഖാങ്കിത പതാകയേന്തിയ സഖാവ് നാടിന്റെ ഹൃദയരക്തത്താല്‍ തുടിക്കുന്ന കൊടിയേന്തി പൊതുരംഗത്തെത്തി. വിപ്ലവഭൂമിയായ ഒഞ്ചിയത്ത് പാര്‍ടിയുടെ നേതൃനിരയിലുമെത്തി. ഒഞ്ചിയത്തിന്, കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിന് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയുമായിരുന്ന സഖാവാണ് നമ്മെ വിട്ടുപിരിഞ്ഞത്. വേദനയുണ്ട്, സങ്കടവും. പ്രിയസഖാവേ വിട..ലാല്‍സലാം.

*
കെ വരദരാജന്‍ ദേശാഭിമാനി

Tuesday, April 23, 2013

ബന്ധം ആര്‍എംപി ഉന്നതര്‍ക്ക്

ആദ്യ ഭാഗം - ഒഞ്ചിയത്ത് സംഭവിക്കുന്നത്

രണ്ടാം ഭാഗം - ആര്‍.എം.പി എന്ന ട്രോജന്‍ കുതിര

മൂന്നാം ഭാഗം - ക്രിമിനലുകളുടെ താവളം

നാലാം ഭാഗം - വെറുപ്പിന്റെ പ്രചാരകര്‍

അഞ്ചാം ഭാഗം - മാസങ്ങള്‍ നീണ്ട ആസൂത്രണം

സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരായ വധോദ്യമത്തെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് ആവശ്യപ്പെടേണ്ടിവന്നത് ഏപ്രില്‍ ഇരുപതിനാണ്. വധോദ്യമം നടന്ന് രണ്ടരയാഴ്ചയ്ക്കുശേഷം. ഇത്രയും ദിവസം നടന്ന അന്വേഷണം ഗൗരവപൂര്‍വമല്ല എന്ന കുറ്റസമ്മതം അതിലുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കേണ്ട വിഭാഗത്തില്‍ പൊലീസ് പെടുത്തിയ രാഷ്ട്രീയനേതാവാണ് പിണറായി വിജയന്‍. വിവിഐപിയായി പരിഗണിക്കുന്ന അദ്ദേഹത്തിന്റെ ജീവനുനേരെ ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പൊലീസ് ആസ്ഥാനത്ത് കെട്ടിക്കിടപ്പുണ്ട്. ഒരാള്‍ ആയുധവുമായി പിണറായിയെ വിടാതെ പിന്തുടര്‍ന്നതായി തെളിഞ്ഞു; പിടിക്കപ്പെട്ടു. അയാളുടെ നീക്കങ്ങള്‍ മുന്‍കൂട്ടി കാണാനോ തടയാനോ പൊലീസിന് കഴിഞ്ഞില്ല. യാദൃച്ഛികമായി ആയുധങ്ങള്‍ ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് പിടികൂടി പൊലീസിലേല്‍പ്പിച്ചത്.

അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും പൊലീസ് സ്വന്തമായി ഒന്നും കണ്ടെത്തിയിട്ടില്ല. കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ സഞ്ചരിച്ച വഴികള്‍, കൂടെ ഒരു യുവാവുണ്ടായിരുന്നു എന്നത്, താമസിച്ച ഹോട്ടല്‍, അവിടത്തെ ക്യാമറ, തോക്കിനായി അലഞ്ഞ സ്ഥലങ്ങള്‍- ഇവയെല്ലാം കണ്ടെത്തിയതും പൊലീസിനെ അറിയിച്ചതും നാട്ടുകാരാണ്; പാര്‍ടി പ്രവര്‍ത്തകരാണ്. ആരെങ്കിലും വിവരം നല്‍കിയാല്‍ മനസ്സില്ലാ മനസ്സോടെ അന്വേഷണ പ്രഹസനവുമായി പൊലീസ് ചെല്ലുന്നു. ശാസ്ത്രീയ രീതികളില്ല. പ്രതിയില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാന്‍ താല്‍പ്പര്യമില്ല.

കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുമായി ആര്‍എംപിയുടെ ഒരുന്നത നേതാവും ഈയിടെ സജീവമായ ഒരു "ആത്മീയ" നേതാവും ഫോണിലൂടെയും നേരിട്ടും സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. അത് തെളിയിക്കുന്ന ടെലിഫോണ്‍ രേഖകളും മറ്റുചില തെളിവുകളും അന്വേഷകര്‍ക്ക് ലഭിച്ചിട്ടുമുണ്ട്. ആ വിവരം മനസിലാക്കിയപ്പോഴാണ് ആര്‍എംപി നേതൃത്വത്തിന്റെ സമനില തെറ്റിയത്. പരിഭ്രമംമൂത്ത് വിഷുത്തലേന്ന് "സ്തൂപം ആക്രമണം" പ്ലാന്‍ചെയ്തതും അതിന്റെ തുടര്‍ച്ചതന്നെ. വധോദ്യമത്തോട് ആര്‍എംപി നേതൃത്വം ദുര്‍ബലമായാണ് പ്രതികരിച്ചത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. നമ്പ്യാര്‍ പിടിക്കപ്പെട്ടയുടനെ പരന്ന "മനോരോഗ കെട്ടുകഥ" മാത്രമായിരുന്നു എന്‍ വേണുവിന്റെ പ്രതികരണത്തിനടിസ്ഥാനം. കേസ് തെളിഞ്ഞാലുണ്ടാകുന്ന പ്രശ്നത്തിന്റെ ഗൗരവം ആദ്യം മുതല്‍ മനസ്സിലാക്കിയ കക്ഷി ആര്‍എംപിയാണ്. കൊല്ലിക്കാന്‍ തീരുമാനിച്ച് ആളെ വിട്ടതിന്റെ തെളിവുകള്‍ പുറത്തുവന്നാല്‍, പൊട്ടക്കിണര്‍ വിപ്ലവത്തിന് അകാല അന്ത്യം സംഭവിക്കുമെന്ന് അവര്‍ക്ക് നന്നായറിയാം. രക്ഷപ്പെടാന്‍ പുതിയ നാടകങ്ങള്‍ വേണം. അതിന് ആഭ്യന്തര വകുപ്പിന്റെ സഹായം വേണം.

വള്ളിക്കാട് റോഡരികിലുള്ള ടി പി ചന്ദ്രശേഖരന്‍ സ്തൂപം തകര്‍ക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ് മാത്രമാണ് അതിന്റെ പൊലീസ് കാവല്‍ പിന്‍വലിച്ചത്. അവിടെ പൊലീസിന്റെ ബസും പത്തുപേര്‍ വീതം അടങ്ങുന്ന എംഎസ്പി സംഘവും ക്യാമ്പ് ചെയ്തിരുന്നതാണ്. മെയ് നാലിന് ആര്‍എംപി നേതൃത്വത്തില്‍ ചന്ദ്രശേഖരന്‍ ദിനാചരണം നടക്കാനിരിക്കെ എന്തിന് പൊടുന്നനെ ആ കാവല്‍ അവസാനിപ്പിച്ചു എന്നതിനുത്തരം ഇതുവരെ ആരും പറഞ്ഞിട്ടില്ല. അരമണിക്കൂര്‍ ഇടവിട്ട് വള്ളിക്കാട് വഴി പട്രോളിങ് നടത്തുന്നതിന് എസ്ഐമാരുടെ നേതൃത്വത്തില്‍ മൂന്ന് ജീപ്പുകള്‍ ക്രമീകരിച്ചിരുന്നതുമാണ്. സ്തൂപം തകര്‍ക്കുന്ന സമയത്ത് അരമണിക്കൂറിടവിട്ട പൊലീസ് പട്രോളിങ് നടന്നില്ല. മൂന്നു ജീപ്പുകളും ആ പ്രത്യേക സമയത്ത് തകരാറിലായത്രെ. ആരാണ് സ്തൂപം കേടുവരുത്തിയതെന്ന് അന്വേഷിക്കുന്നതിനു പകരം രണ്ട് സിപിഐ എം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് വാര്‍ത്ത സൃഷ്ടിക്കുകയും മാധ്യമങ്ങള്‍ക്ക് സിപിഐ എം വിരുദ്ധ പ്രചാരണത്തിന് അവസരം നല്‍കുകയുമാണ് പൊലീസ് ചെയ്തത്. പിന്നെ പ്രതിഷേധപ്രകടനം, സിപിഐ എം ഓഫീസുകള്‍ക്കുനേരെ ആക്രമണം.

സിമന്റ്പൈപ്പില്‍ മണല്‍നിറച്ച് മണ്ണില്‍ കുത്തിവച്ച താല്‍ക്കാലിക സ്തൂപത്തിന്റെ മകുടമാണ് തകര്‍ത്തത്. പരിസരത്തുള്ള ആര്‍എംപി ബോര്‍ഡുകളും ചന്ദ്രശേഖരന്റെ ചിത്രവുമെല്ലാം ഭദ്രം. പിറ്റേന്ന് പുലരുമ്പോള്‍, പൊലീസ് ശാസ്ത്രീയമായി അന്വേഷിച്ച് പ്രതികളെ പിടിക്കാനുള്ള അവസരം ഇല്ലാതാക്കി പുതിയ സ്തൂപത്തിന്റെ നിര്‍മാണം. കലക്ടര്‍ വിലക്കിയ പണി തുടരാന്‍ പൊലീസ് കാവല്‍. കെ കെ രമയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനും തുടര്‍ന്നുണ്ടായ അക്രമങ്ങള്‍ക്കുമെല്ലാം പ്രകടമായിത്തന്നെ നാടകത്തിന്റെ ഭാവം. എങ്ങനെയും വാര്‍ത്ത സൃഷ്ടിക്കാനുള്ള വാശി. എല്ലാം ചേര്‍ത്തുവായിച്ചാല്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ക്കുപിന്നില്‍ ആര്‍എംപിയാണെന്ന് പകല്‍പോലെ വ്യക്തം. അതു പുറത്തുവരരുതെന്ന് ആര്‍എംപിക്കും ആ വഴിക്ക് അന്വേഷണം എത്തരുതെന്ന് ആഭ്യന്തരവകുപ്പിനും നിര്‍ബന്ധമുണ്ട്.

ക്രൈംബ്രാഞ്ച് അന്വേഷണം കണ്ണൂര്‍ ആസ്ഥാനമാക്കിയാണ് നടക്കുന്നത്. എഡിജിപി വിന്‍സന്റ് എം പോള്‍ തിങ്കളാഴ്ച കണ്ണൂരിലെത്തി പുരോഗതി അവലോകനംചെയ്തു. നമ്പ്യാര്‍ പിടിക്കപ്പെട്ടയുടനെ പൊലീസ് കാണിച്ച അനാസ്ഥയും അലംഭാവവുമാണ് കേസിലെ യാഥാര്‍ഥ്യങ്ങള്‍ പുറത്തുവരാന്‍ തുടക്കംമുതല്‍ തടസ്സമായത്. കസ്റ്റഡിയില്‍ കിട്ടിയ നമ്പ്യാരില്‍നിന്ന് കൂട്ടാളിയെക്കുറിച്ചുള്ള വിവരംപോലും ശേഖരിക്കാന്‍ തയ്യാറാകാതിരുന്നതും അന്വേഷണത്തിലെ സുപ്രധാന ദൗര്‍ബല്യമാണ്. ആര്‍എംപിയെ പോറ്റി വളര്‍ത്താനും അതിന്റെ കുറ്റവാളിമുഖം മറച്ചുവയ്ക്കാനും ഏറ്റവുമധികം താല്‍പ്പര്യപ്പെടുന്നത് ആഭ്യന്തരമന്ത്രിതന്നെയാണ്.

ജുഡീഷ്യറിയെ ലക്ഷ്യമിട്ടുപോലും പ്രസ്താവനകളിറക്കി ആര്‍എംപിക്ക് സേവചെയ്യുന്ന മന്ത്രി കേസന്വേഷണത്തില്‍ നേരിട്ടിടപെടുന്നു. അതാണ് "പൊട്ടക്കിണറ്റിലെ വിപ്ലവത്തവളകള്‍ക്ക്" ആവേശവും പ്രതീക്ഷയും. സിപിഐ എം പ്രവര്‍ത്തകരുടെ സംയമനം, തെറ്റിദ്ധരിച്ച് പാര്‍ടിയില്‍നിന്ന് അകന്നുനില്‍ക്കുന്നവരെ തിരിച്ചുകൊണ്ടുവരാനുള്ള താല്‍പ്പര്യം, പൊലീസിന്റെ അടിമ മനോഭാവം, കണക്കില്ലാതെ വരുന്ന പണം, മുല്ലപ്പള്ളി രാമചന്ദ്രന്റെ രക്ഷാകര്‍തൃത്വം, യുഡിഎഫ് സര്‍ക്കാരിന്റെ നിരുപാധിക പിന്തുണ, ആര്‍എംപി അക്രമങ്ങള്‍ക്കുനേരെ കണ്ണടച്ചുപിടിച്ച മാധ്യമങ്ങള്‍- ഇത്രയുമാണ് ഇന്ന് ഒഞ്ചിയം മേഖലയിലെ ആര്‍എംപിയുടെ "മൂലധനം".

പേടികൊണ്ടാണ് പലരും ആര്‍എംപി വിടാത്തത്- എന്തിനും മടിക്കാത്ത ക്രിമിനലുകളോടും കള്ളക്കേസുകളോടുമുള്ള പേടി. പൊലീസും മാധ്യമങ്ങളും കൂടെയുള്ളതിന്റെ നെഗളിപ്പൊഴിച്ചാല്‍, പൊങ്ങച്ചമടിക്കുന്ന ഇരട്ടച്ചങ്കൊന്നും ആര്‍എംപിക്കില്ല. ഫേസ് ബുക്കില്‍ ആര്‍എംപിക്കെതിരെ കമന്റുചെയ്ത മകനെ ഇപ്പോള്‍ "വിട്ടുതരണ"മെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം നെല്ലാച്ചേരിയിലെ സുന്ദരന്‍മാസ്റ്ററുടെ വീട് അര്‍ധരാത്രിയോടടുപ്പിച്ച് ആര്‍എംപി സംഘം വളഞ്ഞത്. ഒരു കല്യാണവീട്ടില്‍ തമ്പടിച്ച് മദ്യപിച്ച് ലക്കുകെട്ടശേഷമുള്ള "യഥാര്‍ഥ രാഷ്ട്രീയ പ്രവര്‍ത്തനം" അതായിരുന്നു. ഒരു നേതാവും കുറെ ഉപഗ്രഹങ്ങളും. അക്കൂട്ടത്തില്‍ കൂടുതലും ഒരു രാഷ്ട്രീയവുമില്ലാത്തവര്‍. രാത്രി വീടുവളഞ്ഞ അക്രമിസംഘത്തിലെ പ്രധാനികള്‍ പൊലീസെത്തിയപ്പോള്‍ മുങ്ങി. പൊലീസാകട്ടെ എല്ലാവരെയും "സമാധാനിപ്പിച്ചു വിട്ടു". പൊലീസിനെ ആക്രമിച്ച അഞ്ച് ആര്‍എംപി പ്രവര്‍ത്തകരെ കഴിഞ്ഞദിവസം മറ്റു മാര്‍ഗമില്ലാതെ അറസ്റ്റ് ചെയ്യേണ്ടിവന്നു. മുട്ടുങ്ങുല്‍ ജിബിന്‍ ബാലന്‍, ഒഞ്ചിയം ചന്തോളി ശ്രീകാന്ത്, പാറയുള്ള പറമ്പത്ത് രജീഷ്, പരവന്‍കണ്ടി സുനില്‍, ഓര്‍ക്കാട്ടേരി ചിറയില്‍ ബാബു എന്നിവരെ. അഞ്ചുപേരെയും തിങ്കളാഴ്ച വടകര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് റിമാന്‍ഡ് ചെയ്തു.

കോടതി പരിസരത്ത് പ്രതികളുടെ പടമെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ നേരിട്ടത് ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് ജയരാജന്റെ നേതൃത്വത്തിലുള്ള ആര്‍എംപി ക്രിമിനല്‍ സംഘമാണ്. പടം കൊടുത്താല്‍ തലകാണില്ല എന്ന് മാധ്യമ സംഘത്തോട് പരസ്യമായ ഭീഷണി. അതിനും സാക്ഷി പൊലീസ് തന്നെ. തല്‍ക്കാലം സര്‍ക്കാരിന്റെയും വലതുപക്ഷത്തിന്റെയും പിന്തുണ ആര്‍എംപിക്കുണ്ട്. നാളെ നിഷ്പ്രയോജനമെന്നു വരുമ്പോള്‍ ആ പിന്തുണ ഇല്ലാതാകും. പിന്നത്തെ വിപ്ലവത്തിന് മാര്‍ക്സിസ്റ്റ് വിരുദ്ധവേദി കോണ്‍ഗ്രസോ ആര്‍എസ്എസോ എന്‍ഡിഎഫോ ആകും.

അങ്ങോട്ടുള്ള വഴിയിലെ സഞ്ചാരത്തിനിടയില്‍ കാട്ടിയ പരാക്രമങ്ങളിലൊന്ന്, സിപിഐ എം സംസ്ഥാന സെക്രട്ടറിയെ വകവരുത്താനുള്ളതാകുമ്പോള്‍ പൊട്ടക്കിണറ്റിന് പുറത്തും അതിന് ഗൗരവം വരുന്നു. സത്യം പുറത്തുകൊണ്ടുവരാനും ഗൂഢാലോചകരെ നിയമത്തിനു മുന്നില്‍ നിര്‍ത്താനും തയ്യാറാകാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുമ്പോള്‍ ആ ഗൗരവം ഒന്നുകൂടി വര്‍ധിക്കുകയാണ്. ആര്‍എംപിയെയും അതിന്റെ വഷളന്‍ രാഷ്ട്രീയത്തെയും തുറന്നുകാട്ടി ഒറ്റപ്പെടുത്തേണ്ടതിന്റെ ആവശ്യകത ആവര്‍ത്തിച്ചു തെളിയിക്കുന്നതാകും പിണറായി വധോദ്യമക്കേസില്‍ പുറത്തുവരാനിരിക്കുന്ന ഓരോ തെളിവുകളും. (അവസാനിച്ചു)

*
പി എം മനോജ് ദേശാഭിമാനി 23 ഏപ്രില്‍ 2013