Friday, September 27, 2013

കോടതി വിട്ടിട്ടും വിടാത്ത പത്രങ്ങള്‍

പോയവാരത്തില ഏറ്റവും ശ്രദ്ധേയവും മാധ്യമങ്ങളിലും രാഷ്ട്രീയരംഗത്തും ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ടതുമായ സംഭവവികാസം ഒഞ്ചിയത്തെ ചന്ദ്രശേഖരന്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 20 പേരെ കേസിന്റെ തുടര്‍ വിചാരണയില്‍നിന്ന് ഒഴിവാക്കി കുറ്റവിമുക്തരാക്കിയ കോഴിക്കോട്ടെ പ്രത്യേക കോടതി വിധിയാണ്. ഒരു കൊലപാതകക്കേസ് അന്വേഷണം സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ആയുധമായി ഉപയോഗിച്ചതിന്റെ സ്വാഭാവിക പരിണതിയാണ് ആ കോടതിവിധിയില്‍ കണ്ടത്.

എന്നാല്‍ ആ കേസിനെ സിപിഐ (എം) വിരുദ്ധ പ്രചരണത്തിനായി ഉപയോഗിക്കുന്നതില്‍ വല്ലാത്ത വിരുത് കാണിച്ച പത്രങ്ങള്‍ ഈ കോടതിവിധിയെ എങ്ങനെ അവതരിപ്പിച്ചു എന്ന് പരിശോധിക്കുന്നത് കൗതുകകരമായിരിക്കും.

11-ാം തീയതി (ബുധനാഴ്ച)യാണ് ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 20 പേരെ വെറുതെ വിട്ടുകൊണ്ട് കോടതി വിധി പ്രസ്താവിച്ചത്. എന്നാല്‍ "മലയാള മനോരമ" യുടെ 12-ാം തീയതിയിലെ ഒന്നാം പേജ് വേഗപ്പൂട്ടില്‍ തളച്ചിടപ്പെട്ടിരിക്കുകയാണ്. 11-ാം പേജില്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെ: ""ടി പി വധക്കേസ്: വിട്ടയച്ച ഇരുപതില്‍ 17 പേര്‍ക്കെതിരെയും നിസ്സാര വകുപ്പുകള്‍."" അതിന് നല്‍കിയ ഹൈലൈറ്റ് നോക്കൂ: ""മറ്റു തെളിവുകളുടെ പിന്‍ബലമില്ലാത്തതിനാല്‍ കൂറുമാറിയവരുടെ രഹസ്യമൊഴി അംഗീകരിക്കാനാവില്ലെന്ന് കോടതി"". ഒരു കാര്യം ഇതില്‍നിന്ന് വ്യക്തമാണ്. തല്ലിച്ചതച്ച് കുറെപ്പേരെ സാക്ഷികളാക്കി രഹസ്യമൊഴിയും അല്ലാത്ത മൊഴിയും രേഖപ്പെടുത്തി കെട്ടിച്ചമച്ചതാണ് ഈ കേസ്, ഏറ്റവും ചുരുങ്ങിയത് ഈ 20 പേരുടെ കാര്യത്തിലെങ്കിലും. മറ്റു തെളിവുകളുടെ കണികപോലും ലഭിക്കാതെയാണ് കേസ് ചാര്‍ജ്ചെയ്തിരിക്കുന്നത് എന്ന് കോടതിവിധിതന്നെ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെയാണ്, അതറിഞ്ഞുതന്നെയാണ് "മനോരമ" സംഭവത്തെ ഉള്‍പ്പേജില്‍ ഒതുക്കിയതും.

"മനോരമ"യുടെ "കാഴ്ചപ്പാട്" പേജില്‍ (പേജ് 10) വി ആര്‍ പ്രതാപ് എഴുതിയ, ""ടി പി കേസ്: കൂട്ടക്കൂറുമാറ്റത്തില്‍ ഒലിച്ചുപോയതു തെളിവുകള്‍"" എന്ന കുറിപ്പുകൂടി ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. അതിന് നല്‍കിയിട്ടുള്ള ഉപശീര്‍ഷകം (അതോ ഹൈലൈറ്റോ) ഇങ്ങനെ: ""പ്രതികളുടെ അയല്‍ക്കാരും സുഹൃത്തുക്കളും സാക്ഷികളായതിലെ ഉദ്ദേശ്യം പൊലീസിനു നേരത്തെ തിരിച്ചറിയാനായില്ല."" ഇതു വായിച്ചാല്‍ പെട്ടെന്ന് തോന്നുക, പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ടവരുടെ അയല്‍ക്കാരും സുഹൃത്തുക്കളും പൊലീസിനുമുന്നില്‍ ചെന്നുനിന്ന് "ഞങ്ങളെ സാക്ഷികളാക്കൂ" എന്ന് അഭ്യര്‍ത്ഥിക്കുകയും വരും വരായ്കകള്‍ ആലോചിക്കാതെ പൊലീസ് അവരെയെല്ലാം സാക്ഷികളാക്കുകയും ചെയ്തു എന്നാണ്. "മനോരമ" മാത്രമല്ല, മറ്റു "മുഖ്യധാരാ" പത്രങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും കോണ്‍ഗ്രസ് ഗ്രൂപ്പു രാഷ്ട്രീയത്തിലെ പോര്‍വിളികളിലും ഇതേ സംഗതിതന്നെയാണ് അല്ലറചില്ലറ വ്യത്യാസങ്ങളോടെ മുഴങ്ങി കേള്‍ക്കുന്നത്. എത്ര പരിഹാസ്യമായ വാദമാണിതെന്നറിയണമെങ്കില്‍, 2012 മെയ് 5 മുതലുള്ള മൂന്ന്-നാല് മാസക്കാലത്തെ "മനോരമ", "മാതൃഭൂമി" ആദിയായ പത്രങ്ങള്‍ ഒരു പുനര്‍ വായന നടത്തിയാല്‍ മതി. കേസന്വേഷണം നടത്തിയ പൊലീസുദ്യോഗസ്ഥരുടെ രാഷ്ട്രീയ വിശ്വാസം (കൃത്യമായി പറഞ്ഞാല്‍ പക്ഷപാതിത്വം) വരെ ആ വാര്‍ത്തകളില്‍ (സ്റ്റോറികളില്‍) കാണാം.

സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയമിച്ചതു സംബന്ധിച്ച റിപ്പോര്‍ട്ടില്‍ "മനോരമ" കൃത്യമായി പറയുന്നുണ്ട്, സിപിഐ (എം) ആഭിമുഖ്യമുള്ള പൊലീസുകാരെ ആരെയും ഈ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന്. പ്രത്യേകം തെരഞ്ഞെടുത്ത് നിയോഗിക്കപ്പെട്ട ഇടിയന്‍ പൊലീസുകാര്‍ സിപിഐ (എം) നേതാക്കളെയും പ്രവര്‍ത്തകരെയും അനുഭാവികളെയും വേട്ടിയാടി തല്ലിച്ചതച്ച് പ്രതിപട്ടികയിലും സാക്ഷിപട്ടികയിലും ഉള്‍പ്പെടുത്തി "മൊഴി" രേഖപ്പെടുത്തുകയാണുണ്ടായത്. കേസന്വേഷണം പൊലീസിന്റെ അജണ്ട ആയിരുന്നില്ല. സിപിഐ എമ്മിനെ കേസില്‍ കുടുക്കി തകര്‍ക്കലായിരുന്നു അജണ്ട. അവര്‍ നിയോഗിക്കപ്പെട്ടതുതന്നെ അതിനായിരുന്നു. കോണ്‍ഗ്രസ് നേതൃത്വവും ആര്‍എംപിയും മാധ്യമങ്ങളും സിപിഐ (എം) വേട്ടയ്ക്കുള്ള അവസരമായി അതിനെ ആഘോഷിക്കുകയായിരുന്നു എന്ന് പഴയ പത്രത്താളുകള്‍ നമ്മെ ബോധ്യപ്പെടുത്തും.

മെയ് 4ന് അര്‍ദ്ധരാത്രിയോടടുത്ത നേരത്താണ് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. പിറ്റേന്ന് വെളുപ്പിന് പുറത്തിറങ്ങിയ പത്രങ്ങളെല്ലാം ഒന്നുപോലെ സിപിഐ എമ്മിനെതിരെ വിരല്‍ചൂണ്ടുകയാണുണ്ടായത്. എന്തെങ്കിലും തെളിവന്റെ അടിസ്ഥാനത്തിലാണോ ഇത്? അല്ലല്ലോ. എന്താണ് സംഭവിച്ചതെന്നറിയും മുമ്പുതന്നെ ഡല്‍ഹിയില്‍നിന്നും തിരുവനന്തപുരത്തുനിന്നും മന്ത്രിപ്പടയും കോണ്‍ഗ്രസ് നേതൃനിരയും ഒഞ്ചിയത്തേക്ക് പായുകയായിരുന്നു! സിപിഐ എമ്മിനുമേല്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആരോപിച്ചുള്ള പ്രസ്താവനാ പ്രളയത്തിന്റെ അകമ്പടിയോടെ. ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തവിധം ആഭ്യന്തരമന്ത്രിയും കെപിസിസി പ്രസിഡന്റും പോസ്റ്റ്മോര്‍ട്ടം നടത്തുന്നിടത്തും ഇന്‍ക്വസ്റ്റ് തയ്യാറാക്കുന്നിടത്തും ഉന്നത പൊലീസുദ്യോഗസ്ഥരുടെ യോഗത്തില്‍പോലും പങ്കെടുത്ത വാര്‍ത്തകള്‍ക്കും മെയ് 6ന്റെ പത്രങ്ങള്‍ നോക്കിയാല്‍ മതി. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ കൊലപാതകം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് തോന്നുന്നില്ല എന്ന സംസ്ഥാന ഡിജിപിയുടെ പ്രസ്താവനയെ തിരുത്തി ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന വന്നതും ഡിജിപിയെ പുലഭ്യം പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ് - ആര്‍എംപി നേതൃത്വവും ചാനല്‍ ചര്‍ച്ചക്കാരും അണിനിരന്നതും ഓര്‍ക്കുക. ഇതില്‍നിന്ന് ഒരു കാര്യം പകല്‍പോലെ തെളിയുന്നു. സത്യസന്ധമായ അന്വേഷണം നടത്തി കൊലനടത്തിയവരെയും അതിനുപിന്നില്‍ ഗൂഢാലോചന നടത്തിയവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരലായിരുന്നില്ല അവരുടെ ലക്ഷ്യം. സിപിഐ എമ്മിനെ തകര്‍ക്കുക എന്ന ഒരൊറ്റ അജണ്ട മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. ആഭ്യന്തരമന്ത്രി നിയമസഭയില്‍തന്നെ പറഞ്ഞതാണല്ലോ പ്രതിപട്ടികയില്‍ ചേര്‍ക്കേണ്ടവരുടെ ലിസ്റ്റ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി തനിക്ക് തന്നിരുന്നുവെന്ന കാര്യം.

ഒരു കൊലപാതകക്കേസന്വേഷണത്തില്‍ നഗ്നമായ രാഷ്ട്രീയ ഇടപെടലിന്റെ ഇതിലും വലിയ ഉദാഹരണം വേറെ ആവശ്യമില്ലല്ലോ! ആ രാഷ്ട്രീയ ഇടപെടലിന് പൊലീസ് സര്‍വ്വസീമകളും ലംഘിച്ച്, വിധേയരായതായാണ് കേസന്വേഷണത്തിലുടനീളം കേരളം കണ്ടത്. കേസന്വേഷണകാലത്ത് പൊലീസിന്റെ അന്വേഷണമികവിനെയും ശാസ്ത്രീയമായ അന്വേഷണ രീതികളെയുംപറ്റി പറയാന്‍ ആയിരം നാവായിരുന്നല്ലോ പത്രങ്ങള്‍ക്കും ചാനല്‍ ചര്‍ച്ചക്കാര്‍ക്കും കോണ്‍ഗ്രസ് ഗ്രൂപ്പു നേതാക്കള്‍ക്കും ആര്‍എംപിക്കാര്‍ക്കും പിന്നെ കെ കെ രമയ്ക്കും. ഇപ്പോള്‍ എന്തേ അതെല്ലാം മറന്നുപോകുന്നു? ചന്ദ്രശേഖരന്റെ കൊലപാതകത്തെ സിപിഐ (എം) നേതൃത്വവുമായി ബന്ധിപ്പിക്കാനുള്ള വ്യഗ്രതയില്‍ കള്ളക്കഥകള്‍ ചമച്ച് അതിനനുസരിച്ച് പൊലീസ് ഭാഷ്യംകൂടി ചേര്‍ത്തപ്പോള്‍ കോടതിയില്‍ കേസ് നില്‍ക്കണമെങ്കില്‍ തെളിവുകള്‍ വേണം എന്ന കാര്യം ഇവര്‍ ഓര്‍ത്തുകാണില്ല. നമുക്ക് വീണ്ടും 12-ാം തീയതിയിലെ "മനോരമ" യുടെ "നിലപാട്" പേജിലെ പ്രതാപന്റെ കുറിപ്പിലേക്ക് മടങ്ങാം. നോക്കൂ: ""മുഖ്യ പ്രതികളെ ഒളിപ്പിച്ചവരെയും തെളിവ് നശിപ്പിച്ചവരെയും പല കേസിലും പ്രതിയാക്കാന്‍ പൊലീസ് മടിക്കുമ്പോള്‍, കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കില്ലാത്ത അവരെക്കൂടി പ്രതിപട്ടികയിലുള്‍പ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ടി പി കേസിലെ ആകെ പ്രതികളുടെ എണ്ണം 76 ആയത്. ""കണ്ണൂര്‍-കോഴിക്കോട് ജില്ലകളിലെ പരമാവധി സിപിഐ (എം) പ്രവര്‍ത്തകരെ കേസില്‍ കുടുക്കണമെന്ന രാഷ്ട്രീയ ദുഷ്ടലാക്കായിരുന്നു കേസന്വേഷത്തിലുടനീളം പ്രകടിപ്പിക്കപ്പെട്ടത്. "മനോരമ" ലേഖകന്റെ വാക്കുകളുടെ ശരിയായ അര്‍ഥവും ഇതുതന്നെയാണ്. അസാധാരണമായവിധം പ്രതിപട്ടികയുടെ എണ്ണം വര്‍ധിപ്പിച്ചത് കാരായി രാജനുള്‍പ്പെടെയുള്ള സിപിഐ (എം) നേതാക്കളെ എങ്ങനെയെങ്കിലും കേസില്‍പെടുത്തണമെന്ന നിര്‍ദ്ദേശംമൂലമായിരുന്നു.

സിബിഐ അന്വേഷിക്കുന്ന ഫസല്‍ വധക്കേസിലും ഇതുകാണാം. കൊലയാളികളെ കണ്ടെത്താനാവാത്ത സിബിഐ, ഗൂഢാലോചന നടത്തിയത് കാരായി രാജനും കാരായി ചന്ദ്രശേഖരനുമാണെന്ന് തീര്‍പ്പുകല്‍പിക്കുന്നിടത്തോളം എത്തിയിരിക്കുന്നു, കേസന്വേഷണത്തിലെ രാഷ്ട്രീയം. മനോരമയുടെ 11-ാം പേജിലെ റിപ്പോര്‍ട്ടിലെ ""നിസ്സാരവകുപ്പുകള്‍"" എന്ന പ്രയോഗം നോക്കൂ. പൊലീസ് മനഃപൂര്‍വ്വം നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് പ്രതിയാക്കപ്പെട്ടവരെ രക്ഷിക്കുകയായിരുന്നു എന്ന ധാരണ വായനക്കാരില്‍ ഉണ്ടാക്കലാണ് ആ പ്രയോഗത്തിന്റെ ലക്ഷ്യം.

"മാതൃഭൂമി"യും "മാധ്യമ"വും ഒന്നാംപേജില്‍തന്നെ സംഭവം സ്റ്റൈലായി അവതരിപ്പിച്ചിട്ടുണ്ട്. "മാതൃഭൂമി" ശീര്‍ഷകവും ഹൈലൈറ്റ്സും ഇങ്ങനെ: ""ടി പി വധക്കേസ്: കാരായി രാജനടക്കം 20 പ്രതികളെ വെറുതെവിട്ടു. വിട്ടയക്കുന്നവര്‍ക്കെതിരെ തെളിവുകളില്ലെന്ന് കോടതി. 36 പേര്‍ തുടര്‍ വിചാരണ നേരിടണം."" ഇനി "മാധ്യമം" നോക്കാം. ഒന്നാംപേജില്‍ 5 കോളം റിപ്പോര്‍ട്ട്: ""ടി പി വധം: കാരായി രാജനടക്കം 20 പ്രതികളെ വിട്ടയച്ചു."" ഈ രണ്ടു പത്രങ്ങളും തലവാചകത്തില്‍തന്നെ ""പ്രതികള്‍"" എന്ന് ചേര്‍ത്തതിലൂടെ വിട്ടയക്കപ്പെട്ടെങ്കിലും ഇവര്‍തന്നെയാണ് കൊലപാതകത്തിനോ അതിന് സഹായം നല്‍കിയതിനോ ഉത്തരവാദികള്‍ എന്ന് തറപ്പിച്ച് പറയുകയാണ്. "മാധ്യമം" ഒന്നാംപേജ് റിപ്പോര്‍ട്ടിനുപുറമെ 5-ാം പേജില്‍, രണ്ട് സ്റ്റോറികളുമുണ്ട്. അതില്‍ ഒന്ന് സികെഎ ജബ്ബാര്‍ വക: ""കണ്ണൂരിന് "പരിചിത"മായ വിധി. അതില്‍ നമുക്ക് ഇങ്ങനെ ചിലത് വായിക്കാം. ""ഐസ്ക്രീംകേസിന്റെയും പിന്നീടുണ്ടായ ലാവ്ലിന്‍ അഴിമതിക്കേസിന്റെയും പിന്നാമ്പുറങ്ങളിലെ "ഒത്തുകളി" വിവാദത്തിന്റെ തുടര്‍ച്ചയില്‍ ഈ കേസും ചെന്നുചേരുമെന്നാണ് പാര്‍ടി വിലയിരുത്തല്‍""

കര്‍ത്താവെ എന്തര്‍ത്ഥം എന്ന് മൂക്കത്ത് വിരല്‍വയ്ക്കുന്ന വായനക്കാരെ ജബ്ബാര്‍ സാറ് കുറ്റം പറയരുത്. ഏതു പാര്‍ടിയുടെ, എന്തു വിലയിരുത്തല്‍? അര്‍ത്ഥശൂന്യമായി വാചകങ്ങള്‍ പടച്ചുവിടുക. അതില്‍ പുകമറ സൃഷ്ടിക്കുക. ആകെക്കൂടി എന്തോ കുഴപ്പമുണ്ടെന്ന് ധാരണ പരത്തുക. അതൊക്കെയാണ് ഈ വരിയില്‍ ജബ്ബാറിക്ക നിര്‍വഹിക്കുന്ന ദൗത്യം.

സിപിഐ (എം) വിരോധത്തിന് എന്തെന്തു വഴികള്‍? നോക്കൂ, ജബ്ബാറിക്ക തുടര്‍ന്നുകൊണ്ടേയിരിക്കുന്നു- ""ടി പി വധക്കേസിലെ"" അന്തിമ വിധി എന്തായാലും അതിന്റേതായ രാഷ്ട്രീയ വ്യാഖ്യാനവും വിവാദവും ഇനി ഏറെയായിരിക്കും. "സോളാര്‍ വിവാദത്തില്‍നിന്ന് ശ്രദ്ധതിരിച്ചു വിടാവുന്ന പുതിയ തുരുത്താവണം ഈ വിധിയെന്നാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്"". വിധി ആ വിധത്തിലാകാന്‍ (യുഡിഎഫ് ആഗ്രഹപ്രകാരം) ചരടുവലി നടക്കുന്നുണ്ടെങ്കില്‍ അത് മാളോരെ കൃത്യമായി അറിയിക്കാനാണ് പത്ര ലേഖകര്‍ തയ്യാറാകേണ്ടത്. ഇവിടെ നടക്കുന്നത്, ""വിധി എന്തായാലും"" അതിനെ സിപിഐ എമ്മിനെതിരായ ചര്‍ച്ചയ്ക്ക് ഉപയോഗിക്കുക എന്ന തന്ത്രമാണ്. അതിനായി മുഖ്യധാരാ മാധ്യമങ്ങള്‍ മത്സരത്തിലുമാണ്.

വാല്‍ക്കഷ്ണം ""സര്‍ക്കാര്‍ സേവനം ഇനി മൊബൈലിലൂടെ"". തിരുവോണനാളില്‍ കേരളം കണികണ്ടുണര്‍ന്ന വാര്‍ത്ത. സര്‍ക്കാര്‍ സേവനം ആവശ്യമുള്ളവര്‍ ഇനി വേണ്ടതെന്തെന്ന് മൊബൈലിലൂടെ കുഞ്ഞൂഞ്ഞിനോട് ആവശ്യപ്പെടുക. ആയത് ഉടന്‍ മൊബൈലിലൂടെതന്നെ ലഭിക്കും! ഈ കുഞ്ഞൂഞ്ഞിന്റെ ഒരു പുത്തിയേ! അതിനാണല്ലോ ഉടന്‍ അതിയാന്‍ ഒരു മെബൈല്‍ കണക്ഷന്‍ അങ്ങെടുത്തത്.

തിരുവഞ്ചൂരിന്റെ സ്വകാര്യ ദുഃഖം

ആഭ്യന്തരന് വല്ലാത്ത ദുഃഖം, പക്ഷേല് ഇപ്പഴങ്ങ് തുറന്നുപറയാന്‍ പററുകേല. അത്രയ്ക്കും സ്വകാര്യമാണത്. അട്ടം പരതിയതിെന്‍റയും അടിയന്തിരാവസ്ഥയില് ചക്കാത്തിന് സ്രാവ്കറി കഴിച്ചേന്റെയുമെല്ലാം കഥ മാളോരോട് വിളിച്ചുപറയാനുണ്ടാകും. വില്യം ഫോക്നറുടെ ബോധധാര രീതിയിലായിരിക്കും വിശ്രമകാലത്ത് അദ്ദ്യം അത് രേഖപ്പെടുത്തുക. ഗോയ്ഥെയുടെ ""വെര്‍തറുടെ ദുഃഖങ്ങളും"" തോറ്റുപോകുമത്രെ തിരുവഞ്ചൂരാന്റെ ദുഃഖങ്ങള്‍.

"മനോരമ"യുടെ ആസ്ഥാനകാഥികന്‍ എം ടിയെയും ടി പത്മനാഭനെയും ജാഗ്രതപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ "വീരഭൂമി" 13ന് 7-ാം പേജില്‍ ""ചിലതൊക്കെ തുറന്നെഴുതാനുറച്ച് തിരുവഞ്ചൂര്‍"" എന്ന ശീര്‍ഷകത്തില്‍ ആ തുറന്നെഴുത്തിന്റെ ദിശ എന്തായിരിക്കണമെന്ന സൂചനയും നല്‍കുന്നു. ""ഇന്നോവ കാറില്‍നിന്ന് ലഭിച്ച ഒരു ഫോണ്‍ നമ്പര്‍ സംബന്ധിച്ചുള്ളതാകും ഈ തുറന്നെഴുത്തില്‍ കോളിളക്കമുണ്ടാക്കുന്നത്. പ്രമുഖ സിപിഐ (എം) നേതാവിന്റേതായിരുന്നു ആ നമ്പര്‍"". കൊള്ളാം മോനേ നിന്നിഷ്ടം, തള്ളാന്‍ പാടില്ലെന്നാലും എന്ന് തിരുവഞ്ചൂരാന്റെ മറുമൊഴി!

ഇവനെന്റെ പ്രിയ ഗണ്‍... മോന്‍...

നമ്മളെ കുഞ്ഞൂഞ്ഞിന്റെ കാര്യങ്ങള്‍ ബഹുവിചിത്രമാണേ. സര്‍വം സുതാര്യം. ഒന്നിനും ഒരു മറേമില്ല. ആര്‍ക്കും അതിയാന്റടുത്തങ്ങെത്താം. എപ്പോഴും. കാതില്‍ മന്ത്രിക്കാം. കൂടെ കൂടുന്നവര്‍ക്കെല്ലാം എന്തും കൊടുക്കും. അതിനാലക്കൊണ്ട്, അതിയാനെതിരെ അപവാദങ്ങള് പറേണതേ മഹാപാപം, പറേണവെന്‍റ തല പൊട്ടിപ്പോവത്തേ ഒള്ളൂ എന്ന് ചാനല്‍ ചര്‍ച്ചക്കാരും ചാര്‍ച്ചക്കാരും! ഡിജിപിയാണേലും, കേന്ദ്ര ആഭ്യന്തരനാണേലും, സര്‍ദാര്‍ജിയാണേലും, സോണിയാജി, രാഹുല്‍ജി ആദിയായവരാണേലും, നമ്മളെ സരിതാജിയാണേലും അതിയാനെ വിളിക്കണമെങ്കില്‍ അത് ഗണ്‍ മോന്‍, ജിക്കുമോന്‍, ജോപ്പന്‍ ആദിയായ ആടുതലികള്‍വഴിയേപറ്റുള്ളൂ. അതീ പഹയന്‍മാര്‍ പ്രതിപക്ഷം ആകെക്കൂടി ഒച്ചയിട്ട് ഇല്ലാതാക്കി. ഇനി അത്രേം ജനകീയം പറ്റൂല്ലാത്രെ! പാവങ്ങള്‍ ജോപ്പനും കോപ്പനും ഗണ്ണും ജിക്കും പുറത്ത്!

എന്നാലങ്ങനെ കൈവിടാനൊക്കൂല്ലല്ലോ. പ്രത്യേകിച്ചും ഗണ്‍മോനെ! അതല്ലിയോ അതിയാന്‍ ഹാരിസണ്‍ വനഭൂമി തട്ടുന്ന കേസില്‍ പോകേണ്ട എ ജി ദണ്ഡപാണി വക്കീലിനെ ദണ്ഡിപ്പിച്ച് ഗണ്ണിന്റെ (അപ്പോള്‍ അതും സ്വന്തംതന്നെ) ഭൂമി തട്ടിപ്പ് കേസില് അപ്പീലുമായി ഹൈക്കോടതീല് അയച്ചത്. ഇപ്പോള്‍ ഈ പാവം ഗണ്‍മോനെ കോഴിക്കോട്ടങ്ങാടീല് കുറെ കുണ്ടന്മാര് ചേര്‍ന്ന് പിടിച്ചുകെട്ടി പൊലീസിലേല്‍പിച്ചത്രേ! അവനെന്താ ഇപ്പോ വലിയ കുറ്റംചെയ്തേ! വേണ്ടപ്പെട്ട ഒരു പെണ്‍കൊച്ച് അന്യജാതിക്കാരന്റെ കൂടെ പണവും തട്ടി ഒളിച്ചോടിയാല്‍ അങ്ങ് വിട്ടുകൊടുക്കാന്‍ പറ്റുമോ? അവളെ ഇങ്ങ് പകലേ പകല്‍ പോയി പിടിച്ചോണ്ട് വരുന്നത് വലിയ അപരാധമാണല്ലോ! അതിന് ഇപ്പോ പറേണത് മാഫിയ, ഹവാല, ഗുണ്ട എന്നൊക്കെ! പോകാന്‍ പറ. അതൊന്നും ഇപ്പോ അന്വേഷിക്കണ്ടാന്ന് ഞമ്മളെ കുഞ്ഞൂഞ്ഞ്. അങ്ങനെ കണ്ട അണ്ടനും അടകോടനും പറേണത് കേട്ട് അന്വേഷിക്കാന്‍പോയാല് നാട്ടില് കൊള്ളാവുന്നവര്‍ക്ക് വല്ലതും പെഴച്ച് പോവാന്‍ പറ്റ്വോ?

സങ്കതി ഇങ്ങനേക്കെ ആയിരിക്കെ കോഴിക്കോട്ടങ്ങാടിലെ എടപാടിന് നമ്മളെ പത്രത്തിന് വലിയ തലേക്കെട്ടും ഒന്നാം പേജും കൊടുക്കാന്‍ പറ്റ്വോ? ഇല്ലേ, ഇല്ല! അതാണത്രേ വീരന്‍സാറിന്റെ പത്രോം ചെയ്തത്. കോട്ടയംകാരന്‍ തലേക്കെട്ട് ചെറുതെങ്കിലും ഒന്നാംപേജില്‍, ഇടംകൊടുത്തത്, മാപ്പാക്കണമെന്ന് പുതുപ്പള്ളില്‍ ചെന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചതായി അങ്ങാടീല് പിള്ളേര് പറയണ്!

*
 ഗൗരി ചിന്ത വാരിക 27 സെപ്തംബര്‍ 2013

No comments: