Thursday, September 26, 2013

രണ്ടു വിടവാങ്ങലുകള്‍

അംഗങ്ങളും മുന്‍അംഗങ്ങളും മരിച്ചാല്‍ പ്രത്യേകമായ അനുശോചനപ്രമേയം അവതരിപ്പിക്കുന്ന പതിവ് പാര്‍ലമെന്റിനുണ്ട്. രാജ്യം ആദരിക്കുന്ന വ്യക്തികളുടെ വിയോഗത്തിലും പ്രകൃതി ദുരന്തങ്ങളും വന്‍ അപകടങ്ങളുണ്ടാകുമ്പോഴും സഭ ആദരാഞ്ജലി അര്‍പ്പിക്കും. അത്തരം ഗണത്തിലൊന്നും പെടാത്ത ഒരു വ്യക്തിയുടെ വിയോഗത്തില്‍ കുറച്ചുദിവസം മുമ്പ് രാജ്യസഭ അനുശോചന പ്രമേയം അവതരിപ്പിച്ചു. അംഗങ്ങള്‍ ശക്തമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സാധാരണക്രമം മാറ്റാന്‍ ചെയര്‍മാന്‍ തീരുമാനിക്കുകയായിരുന്നു. മഹാരാഷ്ട്രയില്‍ വെടിയേറ്റു കൊല്ലപ്പെട്ട സാമൂഹ്യപ്രവര്‍ത്തകന്‍ നരേന്ദ്ര ധബോല്‍ക്കറെയാണ് സഭ അനുസ്മരിച്ചത്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെയുള്ള പോരാട്ടത്തിനാണ് നരേന്ദ്ര ധബോല്‍ക്കര്‍ ജീവിതം സമര്‍പ്പിച്ചത്. തനിക്കുനേരെ ആരൊക്കെയോ വെടിയുണ്ടകള്‍ കരുതിവച്ചിട്ടുണ്ടെന്ന കാര്യത്തില്‍ അദ്ദേഹത്തിന് ഒട്ടും സംശയമുണ്ടായിരുന്നില്ല. എന്നാല്‍, അത്തരം ഭീഷണികളെ അദ്ദേഹം ചിരിച്ചുതള്ളി. തന്റെ ജീവന്‍ നഷ്ടപ്പെടുന്നതുകൊണ്ട് എന്തെങ്കിലും ഗുണം സമൂഹത്തിന് ഉണ്ടാകുമെങ്കില്‍ അത് നന്നായിരിക്കുമെന്ന് പല അഭിമുഖങ്ങളിലും ധബോല്‍ക്കര്‍ എടുത്തുപറഞ്ഞു. ഒടുവില്‍ അതുതന്നെ സംഭവിക്കുകയും ചെയ്തു.

ധബോല്‍ക്കറുടെ തൊഴില്‍ ഡോക്ടറുടേതായിരുന്നു. രോഗികളെ ചികിത്സിക്കുന്നതിനിടയിലാണ് സമൂഹത്തിന്റെ രോഗത്തെയാണ് ചികിത്സിച്ച് മാറ്റേണ്ടതെന്ന തിരിച്ചറിവിലേക്ക് എത്തിയത്. തന്റെ രോഗികളില്‍ പലര്‍ക്കും ചികിത്സയേക്കാള്‍ വിശ്വാസം അനാചാരങ്ങളിലും ആഭിചാരക്രിയകളിലുമാണെന്ന് ധബോല്‍ക്കര്‍ മനസ്സിലാക്കി. അത് തിരുത്തുന്നതിന് ഒറ്റപ്പെട്ട ശ്രമങ്ങള്‍കൊണ്ട് മാത്രം കഴിയില്ലെന്ന് മനസിലാക്കിയ അദ്ദേഹം പ്രത്യേകം സംഘടന രൂപീകരിച്ചു. അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി. ഈ സംഘടന മഹാരാഷ്ട്രയില്‍ വലിയ ചലനങ്ങളുണ്ടാക്കി. ലോകത്ത് ആദ്യമായി അന്ധവിശ്വാസ ങ്ങള്‍ക്കെതിരായ നിയമനിര്‍മാണം നടത്തുന്നതിനായി വലിയ സമ്മര്‍ദമാണ് ധബോല്‍ക്കറും സഹപ്രവര്‍ത്തകരും നടത്തിയത്. ബില്ലിന്റെ കരട് തയ്യാറാക്കി അവതരിപ്പിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ബന്ധിതമായി. എന്നാല്‍, ശിവസേനയും ബിജെപിയും ശക്തമായ എതിര്‍പ്പാണ് ഉയര്‍ത്തിയത്.

പുറത്ത് സന്താര്‍ പ്രഭാതും ഹിന്ദുജനജാഗ്രതാ സമിതിയും ധബോല്‍ക്കറുടെ ജീവന് ഭീഷണി ഉയര്‍ത്തി. ഇതിനെ തുടര്‍ന്ന് ബില്‍ പാസാക്കുന്ന നടപടിയില്‍നിന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ തല്‍ക്കാലത്തേക്ക് പിന്‍വാങ്ങി. ഇപ്പോള്‍, ധബോല്‍ക്കറുടെ വധത്തോടെ ചിത്രം മാറിയിരിക്കുകയാണ്. ജീവിച്ചിരുന്ന ധബോല്‍ക്കറേക്കാളും ശക്തനായി കൊല്ലപ്പെട്ട ധബോല്‍ക്കര്‍. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും ഈ നിയമം ഓര്‍ഡിനന്‍സായി ഇറക്കണമെന്ന സമ്മര്‍ദം ശക്തമായി. കൊല്ലപ്പെ ട്ടവന്റെ ത്യാഗത്തില്‍നിന്നും ഉയര്‍ന്നുവന്ന കൊടുങ്കാറ്റിനുമുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനു കഴിഞ്ഞില്ല. അമാനുഷ പ്രവര്‍ത്തനങ്ങള്‍ അവകാശപ്പെട്ട് ജനങ്ങളെ വഞ്ചിക്കുന്നവര്‍ക്കെതിരെ കനത്ത ശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ സര്‍ക്കാരിനു തീരുമാനിക്കേണ്ടിവന്നു. മലയാളിയായ യുക്തിവാദി എ ടി കോവൂരിന്റെ പല വഴികളും ധബോല്‍ക്കറും പിന്തുടര്‍ന്നു. ആള്‍ദൈവങ്ങളുടെ അത്ഭുതചെയ്തികളെ വെല്ലുവിളിക്കുകയായിരുന്നു അതില്‍ പ്രധാനം. ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തുള്ള വെല്ലുവിളികള്‍ സ്വീകരിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. സാധാരണ യുക്തിവാദ ത്തില്‍നിന്നും വ്യത്യസ്തമായി മതവിശ്വാസത്തിനും ദൈവവിശ്വാസത്തിനും ധബോല്‍ക്കര്‍ എതിരുനിന്നില്ല. ആള്‍ദൈവങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം.

ആഗോളവല്‍ക്കരണകാലം അസ്വസ്ഥതകള്‍ ശക്തിപ്പെടുത്തുന്ന വസ്തുനിഷ്ഠ സാഹചര്യത്തെയാണ് രൂപപ്പെടുത്തുന്നത്. ഇന്‍സ്റ്റന്റ് പരിഹാര മാര്‍ഗങ്ങളാണ് ആളുകളും തേടുന്നത്. അങ്ങനെയാണ് വിശ്വാസം ഏറ്റവും വലിയ ദുരുപയോഗത്തിന് ഇരയാകുന്നത്. ഏറ്റവുമധികം വാണിജ്യവല്‍ക്കരിക്കപ്പെട്ടയൊന്നായി അത് മാറി. ഈ പ്രവണതയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി വന്ന പല ആള്‍ദൈവങ്ങളും തുറന്നു കാട്ടപ്പെട്ടെങ്കിലും സ്ഥിതി വലിയ മാറ്റമില്ലാതെ തുടരുന്നു. ലൈംഗിക അപവാദത്തില്‍പ്പെട്ട ആള്‍ദൈവത്തെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട ഡല്‍ഹിയിലെ ജന്ദര്‍മന്ദിറില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് സ്ത്രീകള്‍ ഉള്‍പ്പെട്ട വന്‍ ജനാവലി അന്ധഭക്തിയുടെ ആഴം പുറത്തുകൊണ്ടുവരുന്നതാണ്.

ശരിയായ വിദ്യാഭ്യാസം ഇത്തരം ചിന്തകളില്‍നിന്നും വിമുക്തമാകുന്നതിന് സഹായിക്കേണ്ടതാണ്. എന്നാല്‍, നമ്മുടെ വിദ്യാഭ്യാസസമ്പ്രദായം അതിനു സഹായിക്കുന്നതല്ല. നല്ല സ്കൂളുകള്‍ എല്ലായിടത്തും സ്ഥാപിച്ചാല്‍ പിന്നെ ജയിലുകള്‍ ആവശ്യമില്ലെന്ന് ഫിദല്‍ കാസ്ട്രോ ഒരിക്കല്‍ സൂചിപ്പിക്കുകയുണ്ടായി. അത്തരം ചിന്തകള്‍ വച്ചുപുലര്‍ത്തുകയും അതിനായി ജീവിതം സമര്‍പ്പിക്കുകയുംചെയ്ത വ്യക്തിത്വത്തിനുടമയാണ് കഴിഞ്ഞ ദിവസം അന്തരിച്ച വിനോദ് റെയ്ന. ഡല്‍ഹി സര്‍വകലാശാലയില്‍നിന്നും ഫിസിക്സിലാണ് റെയ്ന ഡോക്ടറേറ്റ് നേടിയത്. പിന്നീട് ബദല്‍ വിദ്യാഭ്യാസപ്രവര്‍ത്തന ങ്ങളില്‍ കേന്ദ്രീകരിച്ചു. എല്ലാ സര്‍ക്കാര്‍ സ്കൂളുകളും കേന്ദ്രീയ വിദ്യാലയങ്ങളെപ്പോലെ സൗകര്യങ്ങള്‍ ഉള്ളതായിരിക്കണമെന്നതായിരുന്നു റെയ്നയുടെ അഭിപ്രായം. എന്നാല്‍, യാഥാര്‍ഥ്യം ഇതില്‍നിന്നും വളരെ അകലെയാണ്.

വിദ്യാഭ്യാസാവകാശനിയമവും ഈ അവസ്ഥക്ക് വലിയ മാറ്റമുണ്ടാക്കിയില്ല. വിദ്യാഭ്യാസ അവകാശനിയമ ത്തിന്റെ പ്രധാനശില്‍പ്പികളില്‍ ഒരാളായാണ് വിനോദ് റെയ്ന അറിയപ്പെടുന്നത്. ഇടതുപക്ഷം പിന്തുണച്ച ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഈ നിയമം ചര്‍ച്ചക്ക് വരുന്നത്. അതിന്റെ കരട് തയ്യാറാക്കുന്നതിലും മറ്റും നിസ്തുലമായ പങ്കാണ് റെയ്ന നിര്‍വഹിച്ചത്. എന്നാല്‍, നിയമത്തിന്റെ പ്രയോഗത്തില്‍ അദ്ദേഹം തൃപ്തനായിരുന്നില്ല. ആവശ്യത്തിന് ഫണ്ട് അനുവദിക്കുന്നതിലും പശ്ചാത്ത ലസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ലെന്ന പരാതി പലഘട്ടങ്ങളിലും റെയ്ന ഉയര്‍ത്തിയിരുന്നു.

ബദല്‍ വിദ്യാഭ്യാസപദ്ധതി സ്വയം നടപ്പിലാക്കി മാതൃക സൃഷ്ടിക്കുന്നതിന് കഴിഞ്ഞ വ്യക്തിത്വം കൂടിയായിരുന്നു റെയ്നയുടേത്. അദ്ദേഹം സ്ഥാപിച്ച ഏകലവ്യ സ്കൂളുകള്‍ പുതിയ മാതൃകയാണ് സംഭാവന ചെയ്തത്. കേരളത്തില്‍ പലപ്പോഴും റെയ്നയുടെ സാന്നിധ്യമുണ്ടായിരുന്നു. വിദ്യാഭ്യാസരംഗത്ത് കേരളം നേടിയ പുരോഗതിയെ റെയ്ന ആവേശപൂര്‍വം പിന്തുടര്‍ന്നു. ഇനിയുമേറെ സംഭാവനകള്‍ ചെയ്യാന്‍ കഴിയുമായിരുന്ന പ്രായത്തിലാണ് റെയ്നയും വിടവാങ്ങിയത്. രണ്ടുപേരുടെ വഴികളും വ്യത്യസ്തമായിരുന്നു, അവസാനവും. എങ്കിലും കോര്‍ത്തിണക്കുന്ന ഒരു ചരട് എവിടെയോ ഉണ്ടായിരുന്നു. അതുകൊണ്ട് ഓര്‍മപ്പെടുത്തല്‍ ഒന്നിച്ചാകട്ടെയെന്ന് കരുതിയെന്നു മാത്രം.

*
പി രാജീവ് ദേശാഭിമാനി വാരിക

No comments: