Thursday, September 12, 2013

കുറ്റകൃത്യങ്ങളുടെ രാജകുമാരന്‍മാര്‍

സലിംരാജ് എന്ന പൊലീസുകാരന്‍ അടുത്തകാലം വരെ മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്നു. സംസ്ഥാന ഭരണനായകന്റെ സന്തതസഹചാരിയായ അയാള്‍ മുഖ്യമന്ത്രിക്ക് എത്രയും വേണ്ടപ്പെട്ടയാളാണെന്ന് ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ കേരളം കണ്ടു. മുഖ്യമന്ത്രിയുടെ മനഃസാക്ഷിസൂക്ഷിപ്പുകാരനെന്ന അനൗദ്യോഗിക പദവിയാണ് ഈ ഗണ്‍മാനെ അധികാരത്തിന്റെ അകത്തളങ്ങളില്‍ ശ്രദ്ധേയനാക്കിയത്. ജോപ്പന്‍ ജിക്കു ഡല്‍ഹിയിലെ പാവം പയ്യന്‍ എന്നിവര്‍ക്കൊപ്പം സലിംരാജും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കാര്യ നിര്‍വഹണത്തില്‍ പദവിയില്‍ക്കവിഞ്ഞ സ്വാധീനം ചെലുത്തിയവരാണ്. ഇവരില്‍ ആര്‍ ആരേക്കാള്‍ കൂടുതല്‍ സ്വാധീനം ചെല്ലുത്തിയെന്നു ഇപ്പോഴും വ്യക്തമല്ല. സംസ്ഥാനം കണ്ട ഏറ്റവും വലിയ സാമ്പത്തിക കുറ്റകൃത്യങ്ങളിലൊന്നായ സോളാര്‍ തട്ടിപ്പില്‍ ഇവര്‍ക്കെല്ലാം അനിഷേധ്യമായ പങ്കാണുള്ളത്. ആര്‍ക്കും മൂടിവയ്ക്കാന്‍ കഴിയാത്ത ഈ വസ്തുതകള്‍ സംസ്ഥാനഭരണത്തിന്റെ അത്യുന്നതങ്ങളില്‍ അഴിഞ്ഞാടിയ നെറികേടുകള്‍ എത്ര ഭീകരമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി. ഉദാരവല്‍കൃത സാമ്പത്തികനയം തുറന്നിട്ട അവസരങ്ങളുപയോഗപ്പെടുത്തിയ സാമ്പത്തിക കുറ്റവാളികള്‍ കാര്യസാധ്യത്തിനായി എന്തും ചെയ്യാന്‍ മടിക്കാത്തവരാണെന്ന് സോളാര്‍ തട്ടിപ്പ് കേരളത്തെ വീണ്ടും അറിയിച്ചു. ആ തട്ടിപ്പിന്റെ നാള്‍വഴികളില്‍ സെക്‌സും സ്റ്റണ്ടും കൊലയുമെല്ലാം ഉള്‍ച്ചേര്‍ന്നിരിക്കുന്നു. അതിന്റെ മാംസളമായ വശങ്ങളില്‍ മാത്രമായി സോളാര്‍ തട്ടിപ്പ് ഒതുങ്ങിത്തീരണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. ഈ തട്ടിപ്പില്‍ ഒഴുകിയ കറുത്തപണത്തിന്റെ കഥകളൊന്നും പുറത്തുവരാതിരിക്കാന്‍ അവര്‍ ഉത്സാഹിക്കുന്നുണ്ട്. ഈ ഇടപാടിന്റെ എല്ലാ ഉള്‍പ്പിരിവുകളിലും  ഉള്‍പ്പെട്ടയാളാണ് സലിം രാജ്. ആ സലിംരാജിനെയാണ് തള്ളക്കോഴി കോഴിക്കുഞ്ഞിനെയെന്നപോല്‍ മുഖ്യമന്ത്രി തന്റെ ചിറകിനടിയില്‍ സംരക്ഷിച്ചുപോന്നത്. ആ സംരക്ഷണവേലികളെല്ലാം ഉള്ളപ്പോള്‍ തന്നെയാണ് അയാള്‍ ഇപ്പോള്‍ തടവറയ്ക്കുള്ളിലായത്. തീര്‍ച്ചയായും മുഖ്യമന്ത്രി തനിക്കു ചുറ്റും കാപട്യപൂര്‍വം കെട്ടിപ്പൊക്കാന്‍ ശ്രമിച്ച സുതാര്യതാകോട്ടയ്ക്ക് ഏറ്റ മറ്റൊരു കനത്ത പ്രഹരമാണിത്.

ഒളിച്ചോടിയ ഒരു സ്ത്രീയേയും പുരുഷനേയും പിടികൂടാന്‍ എത്തിയപ്പോഴാണ് നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് സലിംരാജും കൂട്ടാളികളും കോഴിക്കോട് പൊലീസിന്റെ കസ്റ്റഡിയിലായത്. അയാളുടെ കൂടെ ഉണ്ടായിരുന്നത് നിരവധി കേസുകളില്‍ പ്രതികളായ ക്വട്ടേഷന്‍ സംഘമായിരുന്നു. അവരില്‍ ഒരാള്‍ 2007 ല്‍ കോട്ടഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത വിസാതട്ടിപ്പ് കേസിലെ പ്രതിയാണ്. സര്‍ക്കാരിനു പ്രിയംകരരായ ഈ വി ഐ പി പ്രതികളെ രക്ഷപ്പെടുത്താന്‍ പൊലീസ് ആഗ്രഹിച്ചെങ്കിലും ജനങ്ങളുടെ ജാഗ്രതമൂലം അതു നടന്നില്ല. സോളാര്‍ തട്ടിപ്പിലെ പ്രതികളെല്ലാം പൊലീസിന് ഇത്രയും ഉറ്റവരാകുന്നത് എന്തുകൊണ്ടാണ്? പൊലീസ് കസ്റ്റഡിയില്‍ സരിതനായരും ശാലുമേനോനും ബിജുരാധാകൃഷ്ണനും കിട്ടിയ ഉപചാരങ്ങളും പരിഗണനകളും എങ്ങനെയാണ് ന്യായീകരിക്കപ്പെടുക?
സലിംരാജ് നയിക്കുന്ന ക്വട്ടേഷന്‍ സംഘത്തിനുവേണ്ടി ഇന്നലെ കോഴിക്കോട് കോടതിയില്‍ സഹായഹസ്തം നീട്ടാനെത്തിയവരെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിയാമോ? 336 കോടിയുടെ ഹവാല ഇടപാട് കേസിലെ പ്രതിയാണ് അവരില്‍ പ്രധാനി. ഇത്തരം അധോലോക ശക്തികളുമായി അഭേദ്യമായ ബന്ധം പുലര്‍ത്തുന്ന ആളും അവരുടെ കറുത്തിരുണ്ട ഇടപാടുകളിലെ പങ്കാളികളുമായ ഒരു പൊലീസുകാരനോട് മുഖ്യമന്ത്രി പുലര്‍ത്തുന്ന സ്‌നേഹ പരിഗണനകള്‍ ആരുടെയും മുമ്പില്‍ ചോദ്യചിഹ്നമാണ്?

എറണാകുളം നഗരപ്രാന്തത്തില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമി ഇടപാടില്‍ സലിംരാജ് നടത്തിയ നിയമവിരുദ്ധ ഇടപെടലുകള്‍ ഇന്നു ഹൈക്കോടതിയിലാണ്. അയാളുടെ ഫോണ്‍വിളികളുടെ കാള്‍ലിസ്റ്റ് പരിശോധനയ്ക്ക് തടയിടാന്‍ സംസ്ഥാന ഗവണ്‍മെന്റ് എത്ര വീറോടെയാണ് പൊരുതിയത്! മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്റെ വ്യക്തിഗത കേസുകളില്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ എ ജിക്ക് എന്തുകാര്യമെന്നു ആരും ചോദിക്കും? അത്തരം ചോദ്യങ്ങള്‍ ഒന്നും കേള്‍ക്കാത്ത ഭാവത്തില്‍ എ ജി തന്നെയാണ് സലിം രാജിനുവേണ്ടി ഹാജരായതെന്നതില്‍ നിന്ന് ജനങ്ങള്‍ എന്താണ് അനുമാനിക്കേണ്ടത്? ഫോണ്‍ ചെയ്തതിന്റെ പേരില്‍ തന്റെ സ്റ്റാഫിലുള്ള ആരെയും ശിക്ഷിക്കില്ലെന്ന് തറപ്പിച്ചു പറഞ്ഞ മുഖ്യമന്ത്രി എന്തൊക്കെയോ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു. ആ ഫോണ്‍ കോളുകള്‍ ഞെട്ടിപ്പിക്കുന്ന പലതും അടങ്ങുന്നതാണെന്ന് ഇപ്പോള്‍ കൂടുതല്‍ വ്യക്തമാവുകയാണ്. ആ ഗണ്‍മാനെ സ്റ്റാഫില്‍ നിന്നും നീക്കം ചെയ്തു എന്നതാണ് മഹാകാര്യംപോലെ മുഖ്യമന്ത്രിയും കൂട്ടുകാരും പ്രചരിപ്പിക്കുന്നത്. നീക്കം ചെയ്യപ്പെട്ട ആ ഗണ്‍മാന് എജിയുടെ നിയമ പരിരക്ഷ ഉറപ്പാക്കിയപ്പോള്‍ മുഖ്യമന്ത്രി സര്‍ക്കാരിന്റെ നടപടിച്ചട്ടങ്ങളെയാണ് വെല്ലുവിളിച്ചത്. പൗരന്മാരുടെ സ്വത്തിനും ജീവനും പരിരക്ഷ ഉറപ്പാക്കേണ്ട മുഖ്യമന്ത്രി സലിംരാജിനെപ്പോലുള്ള തട്ടിപ്പ് ക്രിമിനലുകള്‍ക്കു സംരക്ഷണ കവചം തീര്‍ക്കുമ്പോള്‍ ഭരണഘടനയെയാണ് വഞ്ചിക്കുന്നത്.

ഇത്രയും സാഹസപ്പെട്ട് മുഖ്യമന്ത്രി സംരക്ഷിക്കുന്നത് ഒരധോലോക നായകനെയാണെന്ന അറിവ് കേരളത്തിലെ ജനങ്ങളെ ലജ്ജിപ്പിക്കുന്നു. ആ അധോലോക ക്രിമിനലിന് ഹവാലവീരന്മാരോടും അധോലോക നായകരോടും ഭൂമാഫിയയോടും ക്വട്ടേഷന്‍ തെമ്മാടികളോടും ഉള്ള ബന്ധത്തെ മുഖ്യമന്ത്രി കണ്ടില്ലെന്നു ഭാവിക്കുമ്പോള്‍ ആ ലജ്ജ രോഷമായി മാറുന്നു. കേരളത്തിലങ്ങോളമിങ്ങോളം വീശിയടിക്കുന്ന ആ രോഷ കൊടുങ്കാറ്റില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ല. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന മഹത്തായ പദവിയെക്കാള്‍ ഉമ്മന്‍ചാണ്ടി മഹത്തരമായി കാണുന്നത് കുറ്റകൃത്യങ്ങളുടെ രാജകുമാരന്മാരുടെ രക്ഷാകര്‍തൃത്വ പദവിയാണ്. അത്തരം ഒരു മുഖ്യമന്ത്രി കേരളത്തിന്റെ രാഷ്ട്രീയപ്രബുദ്ധതയ്ക്ക് തീരാ കളങ്കമുണ്ടാക്കുന്നു. അതിനാല്‍ മുഖ്യമന്ത്രി എത്രയും പെട്ടെന്ന് രാജിവയ്ക്കുന്നതാണ് അദ്ദേഹം ഇരിക്കുന്ന കസേരയുടെ മാന്യതയ്ക്കു നല്ലത്.

*
ജനയുഗം മുഖപ്രസംഗം

No comments: