Friday, September 6, 2013

കല്‍ക്കരികുംഭകോണം അന്വേഷണവും അട്ടിമറിക്കപ്പെടുന്നു

രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങള്‍ സൂക്ഷിച്ചുപയോഗിക്കണമെന്ന് കഴിഞ്ഞ ദിവസം ഉദ്ഘോഷിച്ചത് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അഹ്ലൂവാലിയയാണ്. തിരുവനന്തപുരം ജില്ലയിലെ പാലോട് നടന്ന ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു അഹ്ലുവാലിയ മാലോകരെ ഉപദേശിച്ചത്. എന്നാല്‍ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനെന്ന നിലയില്‍ പ്രകൃതിവിഭവങ്ങളുടെ വര്‍ധിച്ച സ്വകാര്യ ചൂഷണത്തിന് വഴിതുറന്ന വ്യക്തിയാണ് അഹ്ലുവാലിയ എന്ന കാര്യം മറക്കാന്‍ കഴിയില്ല. സ്പെക്ട്രമായാലും കല്‍ക്കരിയായാലും പ്രകൃതിവാതകമായാലും ഖനനം ചെയ്യുന്നതിന് സ്വകാര്യമേഖലയെ ഏല്‍പ്പിക്കുന്ന നയത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് അഹ്ലുവാലിയയും അദ്ദേഹത്തിന്റെ സംരക്ഷകനായ ഡോ. മന്‍മോഹന്‍സിങ്ങും. പ്രകൃതി വിഭവങ്ങള്‍ വര്‍ധിച്ച തോതില്‍ ചൂഷണം ചെയ്യാനും അതുവഴി സ്വകാര്യകോര്‍പറേറ്റുകള്‍ക്ക് കോടികളുടെ കൊള്ളലാഭം നേടാനും അവസരമൊരുക്കിയ നയം രൂപകല്‍പന ചെയ്ത വ്യക്തിയാണ് ഇപ്പോള്‍ പ്രകൃതിവിഭവങ്ങള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ഉപദേശിക്കുന്നത്.

രാജ്യം കണ്ട ഏറ്റവും വലിയ കൊള്ളയായിരുന്നു കല്‍ക്കരി ഖനനത്തിലുടെ നടന്നത്. അനധികൃതമായി കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് നല്‍കിയതു വഴി ഖജാനാവിന് 1.86 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് സിഎജി കണ്ടെത്തിയിരുന്നു. ഇപ്പോള്‍ നടപ്പിലാക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കാന്‍ പോലും ഇതിലും കറുഞ്ഞ തുകയേ വേണ്ടൂവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തന്നെ പറയുന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നെ കല്‍ക്കരി മന്ത്രിയായിരിക്കുമ്പോഴാണ് ഈ വന്‍ അഴിമതി നടന്നത്. ഗുണഭോക്താക്കളില്‍ ഏറെയും കോണ്‍ഗ്രസ് മന്ത്രിമാരും എംപിമാരും തന്നെയാണെന്ന കാര്യവും പുറത്തുവന്നു. കോണ്‍ഗ്രസ് എംപിമാരായ നവീന്‍ ജിന്‍ഡാല്‍, കോണ്‍ഗ്രസ് രാജ്യസഭാംഗം വിജയ് ദര്‍ദ, ഒന്നാം യുപിഎ സര്‍ക്കാരിലെ കോണ്‍ഗ്രസ് മന്ത്രി ദസരി നാരായണ റാവു, സുബോധ്കാന്ത് സഹായ് തുടങ്ങിയവരാണ് അനധികൃതമായി കല്‍ക്കരിപ്പാടങ്ങള്‍ നേടിയത്. സുപ്രീംകോടതി ഇടപെട്ടതുകൊണ്ടു മാത്രമാണ് ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായത്. എന്നാല്‍ ഈ അന്വേഷണവും അട്ടിമറിക്കുകയാണെന്ന് സുപ്രീംകോടതിയുടെ പരിശോധനാസമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കല്‍ക്കരിപ്പാടങ്ങള്‍ സംബന്ധിച്ച ഫയലുകള്‍ ലഭിക്കുന്നില്ലെന്ന അന്വേഷണ ഏജന്‍സിയായ സിബിഐയുടെ പരാതിയെ തുടര്‍ന്നാണ് അത് കണ്ടെത്താനായി പരിശോധനാസമിതിയെ സുപ്രിംകോടതി വെച്ചത്. എന്നാല്‍ ഫയലുകള്‍ കണ്ടെത്തുന്നതില്‍ ഈ സമിതിയും പരാജയപ്പെട്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്.

ഫയലുകള്‍ കാണാനില്ലെന്ന സര്‍ക്കാരിന്റെ വാദത്തിനു മുമ്പില്‍ സമിതിയും സിബിഐയും നിസ്സഹായരായി. മര്‍മപ്രധാനമായ തെളിവുകളുള്ള 253 ഫയലുകളാണ് കാണാതായത്. മന്‍മോഹന്‍സിങ് കല്‍ക്കരിവകുപ്പ് കൈയടക്കിവെച്ചുകൊണ്ട് ലൈസന്‍സ് വിതരണം നടത്തിയ ഘട്ടത്തിലേതു മാത്രമല്ല, അതിനുമുമ്പത്തെ ഘട്ടത്തിലെ ഫയലുകളും കാണാതാക്കപ്പെട്ടവയിലുണ്ട്. കൃത്യമായി പറഞ്ഞാല്‍ 1993 മുതല്‍ 2005 വരെയുള്ള ഫയലുകളാണ് കാണാതാക്കപ്പെട്ടത്. മുമ്പത്തെ കല്‍ക്കരിപ്പാട ലൈസന്‍സ് വിതരണ പ്രക്രിയ, അതിന്റെ മാനദണ്ഡങ്ങള്‍ എന്നിവകൂടി കോടതിക്ക് നിഷേധിക്കാനുദ്ദേശിച്ചാണ് മുമ്പത്തെ ഫയലുകളും മുക്കിയത്. നേരത്തത്തെ നടപടിക്രമങ്ങള്‍, മാനദണ്ഡങ്ങള്‍ എന്നിവ മന്‍മോഹന്‍സിങ്ങിന്റെ കല്‍ക്കരി വകുപ്പുഭരണകാലത്ത് എങ്ങനെ അട്ടിമറിക്കപ്പെട്ടുവെന്ന് കോടതി മനസിലാക്കാതിരിക്കണമെന്ന ഉദ്ദേശ്യമാണിതിനുപിന്നില്‍. 45 കല്‍ക്കരിപ്പാട ബ്ലോക്കു വിതരണം സംബന്ധിച്ച 150 ഫയലുകള്‍ മന്‍മോഹന്‍സിങ്ങിന്റെ കല്‍ക്കരിവകുപ്പ് ഭരണകാലത്തേതുതന്നെയാണ്. സിബിഐയുടെ 13 എഫ്ഐആറുകളുമായി ബന്ധപ്പെട്ട ഫയലുകളാണിവ. മഹാരാഷ്ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി വിജയ്ദര്‍ദക്ക് ബന്ദേര്‍ കല്‍ക്കരിപ്പാടം നല്‍കുന്നതിന് പ്രധാനമന്ത്രികാര്യാലയം നല്‍കിയ ശുപാര്‍ശകത്തും കാണാതായവയില്‍ പെടും. കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കുന്നതിനു ചേര്‍ന്ന സൂക്ഷ്മ പരിശോധനാസമിതി യോഗത്തിലെ ഫയലും അപ്രത്യക്ഷമായി. അന്വേഷണത്തെ അട്ടിമറിക്കാന്‍ യുപിഎ സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളിയാണ് ഈ ഫയല്‍ കാണാതാകല്‍ നാടകത്തിലൂടെ പുറത്തുവരുന്നത്. കേസ് തേച്ചുമാച്ചുകളയാനുള്ള തെളിവുനശിപ്പിക്കല്‍ പ്രക്രിയ ഭരണയന്ത്രമുപയോഗിച്ച് അവര്‍ ശക്തിപ്പെടുത്തുകയാണെന്ന് ഇത് വ്യക്തമാക്കുന്നു. ഫയല്‍ കാണാനില്ലാതാവുകയല്ല, മറിച്ച് ഫയല്‍ കാണാനില്ലാത്തവിധം പൂഴ്ത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. കല്‍ക്കരി, ഉരുക്ക്, ഊര്‍ജം, വ്യവസായം എന്നീ നാല് മന്ത്രാലയങ്ങളും ഫയല്‍കാണാനില്ലെന്ന് ഒരേസമയം പറയുകയായിരുന്നു. സിഎജിയുടെ കൈവശം ഈ ഫയല്‍ ഉണ്ടെന്നിരിക്കെ മന്ത്രാലയങ്ങള്‍ ബോധപൂര്‍വം ഫയല്‍ അപ്രത്യക്ഷമാക്കുകയായിരുന്നു. ഇത് കൃത്യമായും അന്വേഷണത്തിലിരിക്കുന്ന കേസിലെ തെളിവുനശിപ്പിക്കലാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെ താല്‍പ്പര്യത്താലല്ലാതെ ഈ ഫയലുകള്‍ മുങ്ങുകയില്ല. ഫയലുകള്‍, അഥവാ തെളിവുകള്‍ ഇല്ലാതായത് ശ്രദ്ധയില്‍പെട്ടിട്ടും തെളിവുനശിപ്പിക്കലിന് കേസെടുത്തില്ല എന്നതുതന്നെ രാഷ്ട്രീയനേതൃത്വത്തിന്റെ രക്ഷാകര്‍തൃത്വത്തിലാണ് ഈ നാടകം എന്നതിനുള്ള സ്ഥിരീകരണമാവുന്നുണ്ട്. 2012 ആഗസ്തില്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പറഞ്ഞത് കല്‍ക്കരിപ്പാടം നല്‍കിയ തീരുമാനത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും താന്‍ ഏറ്റെടുക്കുന്നുവെന്നാണ്. പ്രധാനമന്ത്രി ഉത്തരവാദിത്വം ഏറ്റെടുത്തേ പറ്റൂ. കാരണം അദ്ദേഹത്തിന്റെ നേരിട്ടുള്ള ചുമതലയിലായിരുന്നു അന്ന് കല്‍ക്കരി വകുപ്പ്. വേറെ ക്യാബിനറ്റ് മന്ത്രിമാര്‍ അതിനുണ്ടായിരുന്നില്ല. സഹമന്ത്രിമാര്‍ രണ്ടും കോണ്‍ഗ്രസില്‍ നിന്നുള്ളവരായിരുന്നു. ഉത്തരവാദിത്വം ഏറ്റെടുത്ത പ്രധാനമന്ത്രി തുടരെത്തുടരെ വന്ന തെളിവുകളാല്‍ പ്രതിസ്ഥാനത്തേക്ക് നീങ്ങുന്നതാണ് പിന്നീട് കണ്ടത്. കല്‍ക്കരിപ്പാടത്തിനായി അപേക്ഷിച്ചവരില്‍ പലരുടെയും അപേക്ഷ മുങ്ങിയതായി തെളിഞ്ഞു. അപേക്ഷ ഫയലില്‍ ഉണ്ടായിരുന്നിട്ടും പലരെയും ഒഴിവാക്കിയതായി തെളിഞ്ഞു. സമയത്ത് അപേക്ഷ നല്‍കാതിരുന്ന ചിലര്‍ക്ക് കൂട്ടമായി കല്‍ക്കരിപ്പാടം എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് അനുവദിച്ചതായും തെളിഞ്ഞു. ഇങ്ങനെ പ്രധാനമന്ത്രിക്കുതന്നെ കോടതിയില്‍ പ്രതിക്കൂട്ടില്‍ കയറേണ്ടിവരുമെന്ന നിലയായി.

സിബിഐയെ സ്വാധീനിച്ച് കേസ് തേച്ചുമാച്ചുകളയാന്‍ ശ്രമിച്ചപ്പോള്‍ കോടതി സിബിഐ അന്വേഷണം സ്വന്തം മേല്‍നോട്ടത്തിനു കീഴിലാക്കി. ഇതോടെ അസ്വസ്ഥമായ യുപിഎ നേതൃത്വം പ്രധാനമന്ത്രിയെ രക്ഷപ്പെടുത്താന്‍ തെളിവുനശീകരണ പ്രക്രിയയിലേര്‍പ്പെട്ടു. എത്രമേല്‍ ക്രമരഹിതവും നിയമവിരുദ്ധവും നടപടിക്രമലംഘനമുള്ളതുമായ പ്രക്രിയയിലൂടെയാണ് സ്വജനപക്ഷപാതവും അഴിമതിയും മാനദണ്ഡമാക്കി കല്‍ക്കരിപ്പാടങ്ങള്‍ വീതിച്ചുനല്‍കിയത് എന്നതിന്റെ തെളിവുകളാണ് ആ ഫയലുകളിലുള്ളത്. സിബിഐക്കും അതിലൂടെ കോടതിക്കും ഫയല്‍ നിഷേധിച്ച് തെളിവുകള്‍ പൂഴ്ത്തി രക്ഷപ്പെടാം എന്ന ചിന്തയാണ് ഇതിനുപിന്നിലുള്ളത്. ഫയല്‍ കാണാതായതിനെക്കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തിക്കുന്നതായും കല്‍ക്കരിപ്പാടം അനുവദിച്ചുകിട്ടിയവരെ ഉദ്യോഗസ്ഥര്‍ പോയിക്കണ്ട് പഴയ അപേക്ഷകള്‍ പുതുക്കി വാങ്ങിക്കാന്‍ നിര്‍ദേശിച്ചതായും പറയുന്നുണ്ട്.

തെളിവുനശിപ്പിക്കുന്നതിന് ഇതിനേക്കാള്‍ നല്ല ഒരു ശുപാര്‍ശയുണ്ടാവാനില്ല. 1,76,000 കോടി രൂപയുടെ 2ജി സ്പെക്ട്രം കുംഭകോണത്തിനുതൊട്ടുപിന്നാലെയാണ് 1.86 ലക്ഷം കോടിയുടെ കല്‍ക്കരിപ്പാട കുംഭകോണം പുറത്തുവന്നത്. 73 കല്‍ക്കരിപ്പാടങ്ങള്‍ 143 സ്വകാര്യകമ്പനികള്‍ക്ക് നല്‍കി സര്‍ക്കാരിന് വന്‍നഷ്ടവും കമ്പനികള്‍ക്ക് വന്‍ലാഭവും ഉണ്ടാക്കിക്കൊടുക്കുകയായിരുന്നു സര്‍ക്കാര്‍. കമ്പോളത്തില്‍ ടണ്ണിന് 2000 രൂപ വിലയുള്ള കല്‍ക്കരിക്ക് ഖജനാവിലേക്ക് 50 രൂപമാത്രം വാങ്ങി ഖനനാനുമതി നല്‍കുകയാണ് സര്‍ക്കാര്‍ചെയ്തത്. ജിന്‍ഡാല്‍, ടിസ്കോ, ടാറ്റ, എ സ്സാര്‍, ജിഎംആര്‍, ആര്‍സല്‍ മിത്തല്‍, ജെകെ സിമന്റ് എന്നീ വന്‍കിടകമ്പനികള്‍ക്കാണ്, 1973ല്‍ ഇന്ദിരാഗാന്ധി ഭരണം ദേശസാല്‍ക്കരിച്ച കല്‍ക്കരിഖനികള്‍, മന്‍മോഹന്‍സിങ് വീതിച്ചുനല്‍കിയത്. കുംഭകോണം നടത്തിയതിനുമാത്രമല്ല, അതിന്റെ തെളിവുനശിപ്പിച്ചതിനുകൂടി കേസ് നേരിടേണ്ടതുണ്ട് പ്രധാനമന്ത്രിയും മറ്റും.

*
വി ബി പരമേശ്വരന്‍ ചിന്ത വാരിക 06 സെപ്തംബര്‍ 2013

No comments: