Saturday, September 28, 2013

കാപട്യവും ഇരട്ടത്താപ്പും

സെപ്തംബര്‍ 24ന് യുഎന്‍ പ്രതിനിധിസഭയില്‍ ബറാക് ഒബാമ ചെയ്ത പ്രസംഗം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു; സിറിയക്കെതിരെയുള്ള ആക്രമണഭീഷണി പിന്‍വലിച്ചശേഷമുള്ള പ്രസംഗമെന്നനിലയില്‍. അമേരിക്കയുടെ പശ്ചിമേഷ്യന്‍നയത്തിന്റെ പ്രഖ്യാപനവുമായി ആ പ്രസംഗം. ""സിറിയയെ സംബന്ധിച്ചിടത്തോളം ഒരു പ്രാരംഭബിന്ദുവെന്ന നിലയില്‍ അന്താരാഷ്ട്രസമൂഹം രാസായുധനിരോധനം കര്‍ശനമായി നടപ്പിലാക്കണം."" ഒബാമ തുടര്‍ന്നു: ""ഇനി ആവശ്യം ശക്തമായ രക്ഷാസമിതി പ്രമേയമാണ്. അസദ് സര്‍ക്കാര്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും, അതില്ലെങ്കില്‍ പ്രത്യാഘാതങ്ങളുണ്ടെന്ന് തീരുമാനിക്കാനും"". എന്തായിരിക്കും, അഥവാ എന്തായിരിക്കണം ഈ പ്രത്യാഘാതങ്ങള്‍?

ജനീവയില്‍ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവും അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ജോണ്‍ കെറിയും തമ്മില്‍ സിറിയയിലെ രാസായുധങ്ങള്‍ സംബന്ധിച്ചുണ്ടാക്കിയ വ്യവസ്ഥകള്‍ സിറിയ അംഗീകരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. പക്ഷേ, അതിനപ്പുറം പ്രസിഡന്റ് ഒബാമ രക്ഷാസമിതിയില്‍നിന്ന് തേടുന്നത് സിറിയക്കെതിരെ സൈനികനടപടിക്കുള്ള അധികാരവും അനുമതിയുമാണ്. രാസായുധത്തെപ്പറ്റിയുള്ള വ്യവസ്ഥകള്‍ സിറിയ പാലിച്ചില്ലെങ്കില്‍, യുഎന്‍ ചാര്‍ട്ടര്‍ VII-ാം അധ്യായം അനുസരിച്ചുള്ള നടപടി സ്വീകരിക്കാമെന്ന് പ്രമേയത്തില്‍ ഉള്‍പ്പെടുത്താനാണ് അമേരിക്ക ശ്രമിക്കുന്നത്. ഈ നടപടിയില്‍ സൈനികനടപടിയും ഉള്‍പ്പെടുന്നു. സിറിയ വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍, പാലിച്ചില്ലെന്ന് അമേരിക്കയ്ക്ക് തോന്നിയാല്‍, സൈനിക നടപടിയെടുക്കാന്‍ അമേരിക്കയ്ക്ക് അധികാരമുണ്ടെന്ന വ്യാഖ്യാനമായിരിക്കും പ്രമേയത്തിന് അമേരിക്ക നല്‍കുക. ഈ വ്യാഖ്യാനം അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമായിരിക്കുമെന്നാണ് റഷ്യന്‍ നിലപാട്. സിറിയ വ്യവസ്ഥകള്‍ ലംഘിച്ചാല്‍, രക്ഷാസമിതി വീണ്ടും കൂടിയേ നടപടികളെപ്പറ്റി തീരുമാനിക്കാന്‍ കഴിയൂവെന്നര്‍ഥം. ഇതൊഴിവാക്കാനാണ് അമേരിക്കയുടെ ശ്രമം. പ്രമേയത്തിന്റെ ആധാരം, അസദ് സര്‍ക്കാരാണ് ഡമാസ്കസിനു സമീപം ആഗസ്ത് 21ന് രാസായുധപ്രയോഗം "നടത്തി"യെന്നതാണ്. യുഎന്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് അത് തെളിയിക്കുന്നുവെന്ന് ഒബാമ യുഎന്‍ പ്രസംഗത്തില്‍ പ്രസ്താവിച്ചു. അതായത്, പ്രമേയത്തില്‍ സിറിയയെ അപലപിക്കണമെന്നര്‍ഥം. ഇതിനെയും റഷ്യ എതിര്‍ക്കുന്നു. ആരാണ് രാസായുധം പ്രയോഗിച്ചതെന്ന് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. രാസായുധം ഉപയോഗിച്ചത് പ്രതിപക്ഷസേനകളാണെന്നും അതിന് പുതിയ തെളിവുകള്‍ സിറിയ നല്‍കിയിട്ടുണ്ടെന്നും റഷ്യന്‍ നേതാക്കള്‍ പ്രസ്താവിച്ചു. അമേരിക്ക ആഗ്രഹിക്കുംവിധമുള്ള പ്രമേയം രക്ഷാസമിതിയിലുണ്ടാകില്ല. സൈനികമായി എവിടെയും ഇടപെടാനുള്ള സാമ്രാജ്യത്വ "അവകാശം" ഒബാമ പ്രസംഗത്തില്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. ""ഈ മേഖലയില്‍ നമ്മുടെ കാതലായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നമ്മുടെ ശക്തിയുടെ എല്ലാ ഘടകങ്ങളും- സൈനികശക്തി ഉള്‍പ്പെടെ- നാം ഉപയോഗിക്കും"". അവസാനമായി ഒബാമയ്ക്ക് പറയാനുണ്ടായിരുന്നത് ""വന്‍വിനാശായുധങ്ങളുടെ (weapons of mass destructions) വികസനമോ ഉപയോഗമോ നാം അനുവദിക്കുകയില്ലെ""ന്നായിരുന്നു. ""സിറിയയുടെ രാസായുധപ്രയോഗം നമ്മുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി കരുതുന്നതോടൊപ്പം ഈ പ്രദേശത്ത് ഒരു ആണവപ്പന്തയത്തിന് തിരികൊളുത്താവുന്ന ആണവായുധ വികസനത്തെയും നാം തിരസ്കരിക്കുന്നു"". സമാധാനത്തിന് നൊബേല്‍സമ്മാനം നേടിയ അമേരിക്കന്‍ പ്രസിഡന്റ് പശ്ചിമേഷ്യയില്‍ രാസായുധവും ആണവായുധവും ഇല്ലാതാക്കാന്‍ പ്രതിജ്ഞാബദ്ധനാണെങ്കില്‍ അത് തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. എന്നാല്‍, കാപട്യവും ഇരട്ടത്താപ്പുമാണ് ഈ വിഷയത്തില്‍ ഒബാമയ്ക്കുള്ളത്. സിറിയക്കും ഇറാനുമെതിരെയുള്ള നടപടിക്കപ്പുറം, പശ്ചിമേഷ്യയിലെ രാസായുധങ്ങളും ആണവായുധങ്ങളും നശിപ്പിക്കാന്‍ ഒബാമ തയ്യാറാണോ? ഇല്ലെന്നാണ് വ്യക്തമായ ഉത്തരം.

പശ്ചിമേഷ്യയില്‍ ആണവായുധമുള്ള ഏകരാജ്യം ഇസ്രയേലാണ്. ഇസ്രയേലിന് രാസായുധശേഖരവും ജൈവായുധശേഖരവുമുണ്ട്. 1983ല്‍ ഇസ്രയേല്‍ രാസായുധ ഉടമ്പടിയില്‍ ഒപ്പുവച്ചു. എന്നാല്‍, ഉടമ്പടിക്ക് അംഗീകാരം നല്‍കാന്‍ തയ്യാറായില്ല. ശത്രുരാജ്യങ്ങളാണ് ചുറ്റും എന്നായിരുന്നു ഇസ്രയേലിന്റെ വാദം. 1993ല്‍ യുഎസ് കോണ്‍ഗ്രസിന്റെ "വന്‍വിനാശായുധ വ്യാപന വിലയിരുത്തല്‍ (weapons of mass destruction proliferation assessment)" സമിതി ഇസ്രയേലിന് രാസായുധശക്തിയുണ്ടെന്ന് റിപ്പോര്‍ട്ടുചെയ്തു. 1972ലെ ജൈവായുധ നിരോധന ഉടമ്പടിയില്‍ ഇസ്രയേല്‍ ഒപ്പുവച്ചിട്ടില്ല. പശ്ചിമേഷ്യയിലെ രാസായുധ നിരോധനത്തെപ്പറ്റി വാചാലനാകുന്ന ഒബാമ, ആ പ്രദേശത്ത് സാമ്രാജ്യത്വത്തിന്റെ സ്വന്തം പ്രതിനിധിയായ ഇസ്രയേലിന്റെ കാര്യത്തില്‍ മൗനംപാലിക്കുന്നു. ഇതിലും കൂടുതല്‍ ഗൗരവമര്‍ഹിക്കുന്നതാണ് ഇസ്രയേലിന്റെ ആണവായുധശേഖരം. ഇസ്രയേലിന്റെ സ്ഥാപനം മുതല്‍തന്നെ ആണവായുധ വികസനത്തിന് അവര്‍ ശ്രമം തുടങ്ങി. ഈ ശ്രമത്തിന് ബ്രിട്ടന്റെയും അമേരിക്കയുടെയും സഹായമുണ്ടായിരുന്നതായി അനുമാനിക്കപ്പെടുന്നു. 1967ലെ അറബി- ഇസ്രയേല്‍ യുദ്ധമായപ്പോഴേക്കും ഇസ്രയേല്‍ ഒരു അപ്രഖ്യാപിത ആണവായുധ രാഷ്ട്രമായിക്കഴിഞ്ഞു. യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങള്‍ കഴിഞ്ഞാല്‍ ആദ്യം ആണവായുധം നിര്‍മിച്ചത് ഇസ്രയേലാണ്. ഇപ്പോള്‍ ഇസ്രയേലിന്റെ കൂട്ടാളിയായ ഇന്ത്യയുടെ ആണവ സാങ്കേതികവിദ്യയേക്കാള്‍ വളരെ മുമ്പിലാണ് അവരുടെത്. 200നും 400നും ഇടയ്ക്ക് ആണവായുധങ്ങള്‍ ഇസ്രയേലിനുള്ളതായി അനുമാനിക്കപ്പെടുന്നു. ഇസ്രയേല്‍ ആണവനിര്‍വ്യാപന ഉടമ്പടി (Non-proliferation Treaty) യില്‍ ഒപ്പിട്ടിട്ടില്ല. ആണവായുധം ഉണ്ടെന്നു സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യാതിരിക്കുകയെന്നതാണ് ഇസ്രയേലിന്റെ നയം. ആണവായുധത്തെപ്പറ്റി പറയുന്നത് ഇസ്രയേലില്‍ രാജ്യദ്രോഹകുറ്റമാണ്. ഇസ്രയേലിന്റെ ആണവരഹസ്യത്തിന്റെ സൂക്ഷിപ്പുകാരന്‍ അമേരിക്കയാണ്. ദശകങ്ങളായി നിലനില്‍ക്കുന്ന ഒരു ഔദ്യോഗിക ധാരണയനുസരിച്ച് അമേരിക്ക ഇസ്രയേലിന്റെ ആണവായുധങ്ങളെപ്പറ്റി പരാമര്‍ശിക്കുകയില്ലായിരുന്നു. മൂന്നുനാലുവര്‍ഷങ്ങളായി ഇതിന് മാറ്റമുള്ളതായി തോന്നുന്നു. ആണവായുധമുള്ള രാഷ്ട്രമായി ഇസ്രയേലിനെ പരിഗണിക്കുന്ന ചില യുഎന്‍ രേഖകളെ അമേരിക്ക എതിര്‍ത്തിട്ടില്ല. എന്നാല്‍, ഇസ്രയേലിന്റെ ആണവായുധങ്ങള്‍ക്കെതിരെയുള്ള ഏത് നീക്കത്തെയും അമേരിക്ക പ്രതിരോധിക്കുന്നു. ""ആണവവിമുക്ത പശ്ചിമേഷ്യ"" എന്ന യുഎന്‍ പദ്ധതി രൂപമെടുത്തിട്ട് ദശകങ്ങളായി. അതിന് വ്യക്തമായ നടപടി നിര്‍ദേശിച്ചത് 2010ല്‍ കൂടിയ "ആണവനിര്‍വ്യാപന ഉടമ്പടി അവലോകന സമ്മേളനത്തി"ലാണ്. ആദ്യപടിയായി നിര്‍ദേശിച്ചത് രക്ഷാസമിതിയുടെ സ്ഥിരാംഗങ്ങളും യുഎന്‍ സെക്രട്ടറി ജനറലും ചേര്‍ന്ന് വിളിച്ചുകൂട്ടുന്ന, എല്ലാ പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളും ക്ഷണിക്കപ്പെടുന്ന ഒരു അന്താരാഷ്ട്ര സമ്മേളനമാണ്. 2012 ഡിസംബറില്‍ ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കിയില്‍ സമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്നതാണ്. നവംബര്‍ മൂന്നാംവാരത്തില്‍ സമ്മേളനം അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി അമേരിക്ക ഏകപക്ഷീയമായി പ്രഖ്യാപിച്ചു. സമ്മേളനത്തില്‍ പങ്കെടുക്കുകയില്ലെന്നു പറഞ്ഞ ഇസ്രയേല്‍തന്നെയായിരിക്കും സമ്മേളനത്തിലെ പ്രതിക്കൂട്ടിലെന്ന് അമേരിക്കയ്ക്ക് അറിയാം. ആണവനിര്‍വ്യാപനം തടയാനുള്ള ശ്രമത്തെയാണ് ഇസ്രായേലിനെ രക്ഷിക്കാനായി, ലോകത്തെ ആണവവിമുക്തമാക്കുമെന്നു പ്രഖ്യാപിച്ച ഒബാമ തുരങ്കംവച്ചത്.

അറബി രാഷ്ട്രങ്ങളില്‍ ഇത് വലിയ പ്രതിഷേധത്തിനു കാരണമായി. ആണവവിമുക്ത മേഖലയല്ല, സമാധാനമാണ് പശ്ചിമേഷ്യയില്‍ ആദ്യം വേണ്ടതെന്നാണ് ഇസ്രയേലിന്റെ വാദം. ഇസ്രയേലിന്റെ ആണവായുധങ്ങള്‍തന്നെയാണ് പശ്ചിമേഷ്യയില്‍ സമാധാനത്തിനുള്ള പ്രധാന വിലങ്ങുതടിയെന്ന് അറബി നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. ആണവായുധപന്തയത്തിന് തിരികൊളുത്തുന്ന ആണവായുധ വികാസത്തെ തിരസ്കരിക്കുന്നെന്ന് പ്രസംഗത്തില്‍ പറഞ്ഞ ഒബാമ എന്നേ തിരികൊളുത്തിയ ഇസ്രയേലിന്റെ ആണവായുധങ്ങളെപ്പറ്റി ഒന്നും പറഞ്ഞില്ല, പറയുകയുമില്ല. അമേരിക്കയ്ക്ക് പശ്ചിമേഷ്യയിലുള്ള കാതലായ താല്‍പ്പര്യങ്ങളിലൊന്ന് ഇസ്രയേലാണ്. ആ ഇസ്രയേലിന് ആണവായുധങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് അമേരിക്കയുടെ നിലപാട്.

*
നൈനാന്‍ കോശി ദേശാഭിമാനി 28 സെപ്തംബര്‍ 2013

No comments: