Wednesday, September 11, 2013

സഹകരണ പ്രസ്ഥാനം നാളെയുടെ പ്രത്യാശ

ആഗോളവല്‍ക്കരണത്തിന്റെ കെടുതികളിലേക്ക് രാജ്യം വഴുതിനീങ്ങുന്ന കാഴ്ചയാണ് നാം കാണുന്നത്. രണ്ടു ദശാബ്ദങ്ങള്‍കൊണ്ട് ആഗോള കുത്തകകള്‍ക്ക് അവരുടേതായ "ഇക്കോണമിക് കൊളോണിയലിസം" നടപ്പാക്കാന്‍ പറ്റിയ സ്ഥിതിയിലേക്ക് നമ്മുടെ സമ്പദ് വ്യവസ്ഥ മാറിക്കഴിഞ്ഞു. കാര്‍ഷിക സംസ്കൃതിയിലൂന്നിയ നമ്മുടെ രാജ്യത്തിന്റെ വികസനദിശ നിര്‍ണയിച്ചതില്‍ ഭരണാധികാരികള്‍ക്ക് സംഭവിച്ച ബോധപൂര്‍വമായ പിഴവായേ ഈ ദുഃസ്ഥിതിയെ വിലയിരുത്താനാകൂ. നവ ഉദാരനയങ്ങള്‍ രാജ്യത്തിന്റെ അടിവേരുകള്‍ പിഴുതെറിയുമ്പോള്‍ കാഴ്ചക്കാരാകാന്‍ നമുക്കാവില്ല. പ്രതികരിക്കുകയും പ്രതിഷേധിക്കുകയും വേണം. അതിന് നമ്മുടെ കൈയിലുള്ള മഹാസംരംഭമാണ് സഹകരണപ്രസ്ഥാനം.

അമേരിക്കയില്‍ സാമ്പത്തികമാന്ദ്യത്തിന്റെ ദുരന്തം ഒട്ടും ഏശാത്ത ഒരേയൊരു പ്രസ്ഥാനം സഹകരണമേഖലയായിരുന്നു. സഹകരണപ്രസ്ഥാനത്തിന്റെ ആന്തരികമായ ശക്തിയെയാണ് ഇത് സൂചിപ്പിക്കുന്നത്. നമ്മുടെ രാജ്യത്തും സുശക്തമായ ഒരു സഹകരണ പ്രസ്ഥാനമുണ്ട്. കാര്‍ഷികമേഖലയുടെ നട്ടെല്ലായാണ് അത് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. വായ്പാ വിതരണത്തിലൂടെ, പാലുല്‍പ്പാദനത്തിലൂടെ, വളം, കാര്‍ഷിക യന്ത്രസാമഗ്രികള്‍ എന്നിവയുടെയും ഉല്‍പ്പാദനത്തിലൂടെ എന്നുവേണ്ട സാധാരണക്കാരന്റെ മുഴുവന്‍ ആവശ്യങ്ങളെയും സ്പര്‍ശിച്ച് ഈ പ്രസ്ഥാനം നമുക്ക് മുന്നിലുണ്ട്. സ്വാതന്ത്ര്യാനന്തരം നമ്മെ ഭരിച്ച ഭരണകര്‍ത്താക്കള്‍ക്ക് ഈ പ്രസ്ഥാനത്തെ മതിപ്പായിരുന്നു. എന്നാല്‍, ഇന്നത്തെ ഭരണനേതൃത്വം മറ്റാര്‍ക്കൊക്കെയോ വേണ്ടി ഈ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് പ്രകാശ് ബക്ഷി കമ്മിറ്റി റിപ്പോര്‍ട്ടും അതേത്തുടര്‍ന്ന് നബാര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാമകൃഷ്ണറാവു പുറപ്പെടുവിച്ച സഹകരണ ബാങ്കിങ് മാരണ സര്‍ക്കുലറും ചര്‍ച്ച ചെയ്യേണ്ടത്. പ്രാഥമിക കാര്‍ഷികസംഘങ്ങളെ ത്രിതല ബാങ്കിങ് രംഗത്തുനിന്ന് പൂര്‍ണമായി ഒഴിവാക്കുകയാണ് സര്‍ക്കുലറിന്റെ ലക്ഷ്യം. ഗ്രാമീണ കര്‍ഷകരെ വീണ്ടും കൊള്ളപ്പലിശക്കാരുടെ പിടിയിലേക്ക് വിടുകയാണ് ഇതിന്റെ ഫലം.

1991ന് ശേഷം ഗ്രാമീണമേഖലയില്‍ വട്ടിപ്പലിശക്കാരുടെ സ്വാധീനം വര്‍ധിച്ചുവരുന്നതായി റിസര്‍വ് ബാങ്കിന്റെ പുതിയ പഠനം വ്യക്തമാക്കുന്നു. കര്‍ഷകരുടെ വായ്പാ ആവശ്യങ്ങളെപ്പറ്റി പഠിക്കാന്‍ നിയുക്തമായ കമ്മിറ്റി 2010 ജൂണില്‍ കൃഷിമന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കര്‍ഷകര്‍ കൂടുതല്‍ കടംവാങ്ങുന്നത് നാടന്‍ പലിശക്കാരില്‍നിന്നാണെന്ന് വ്യക്തമാക്കുന്നു. ഇത്തരം കര്‍ഷകര്‍ക്ക് സര്‍ക്കാരിന്റെ ഒരാനുകൂല്യവും ലഭ്യമല്ല. ഇപ്പോള്‍, വായ്പ നല്‍കുന്നതും നിക്ഷേപം സ്വീകരിക്കുന്നതും ഉള്‍പ്പെടെയുള്ള എല്ലാ ബാങ്കിടപാടുകളില്‍നിന്നും പ്രാഥമിക സഹകരണസംഘങ്ങളെ വിലക്കുകയാണ്. കര്‍ഷകര്‍ക്കുള്ള കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ ജില്ലാബാങ്കില്‍നിന്ന് വാങ്ങി നല്‍കുന്ന ഇടനിലസ്ഥാപനമായി പ്രൈമറിബാങ്കുകളെ മാറ്റുകയാണ്. സംസ്ഥാന വിഷയമായ സഹകരണ ബാങ്കിങ് മേഖല കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി തുടര്‍ന്നുവരുന്ന രീതികള്‍ അപ്പാടെ അവസാനിപ്പിച്ച് നബാര്‍ഡിന്റെയും റിസര്‍വ് ബാങ്കിന്റെയും തിട്ടൂരങ്ങള്‍ക്ക് വിധേയമായിമാത്രം പ്രവര്‍ത്തിക്കണമെന്ന ഉത്തരവ് ജനാധിപത്യവിരുദ്ധവും ഭരണഘടനാ ലംഘനവുമാണെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഈ സര്‍ക്കുലര്‍ ഉടന്‍ നടപ്പാക്കണമെന്ന നബാര്‍ഡിന്റെ ഇടപെടലിനു പിന്നില്‍ നിഗൂഢതയുണ്ട്. ഈ സര്‍ക്കുലറിന് ബദലായി കേരള സര്‍ക്കാരിനുവേണ്ടി സഹകരണ സംഘം രജിസ്ട്രാര്‍ പുറപ്പെടുവിച്ച "നബാര്‍ഡ് ഉത്തരവ് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കണമെന്ന" സര്‍ക്കുലറിനെ അധിക്ഷേപിച്ച് കേരളത്തിന്റെ നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ നടത്തിയ പത്രസമ്മേളനം ഈ നിഗൂഢനീക്കത്തിന്റെ ഭാഗമാണ്. ഈ ഉത്തരവ് നടപ്പാക്കിയാല്‍ കേരളംപോലുള്ള സംസ്ഥാനത്ത് ഉണ്ടാകാന്‍ പോകുന്ന സാമ്പത്തിക-സാമൂഹ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നബാര്‍ഡിന്റെ പക്കല്‍ എന്ത് പോംവഴിയാണുള്ളത്? സഹകാരികളുടെ ചില സംശയങ്ങള്‍ക്ക് നബാര്‍ഡ് മറുപടി നല്‍കേണ്ടതുണ്ട്.

1. സംസ്ഥാന നിയമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക സഹകരണ ബാങ്കുകളോട് ഈ ഉത്തരവ് നടപ്പാക്കാന്‍ ആവശ്യപ്പെടാന്‍ നബാര്‍ഡിന് എന്താണ് അധികാരം?

2. വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി രൂപീകരിച്ച കേന്ദ്ര പാക്കേജിന്റെ ലക്ഷ്യം പ്രാഥമിക ബാങ്കുകളെ ശക്തിപ്പെടുത്തുക എന്നതായിരിക്കെ ഇവയുടെ ബാങ്കിങ് പ്രവര്‍ത്തനം നിര്‍ത്തണമെന്ന ഇപ്പോഴത്തെ ഉത്തരവിന്റെ യുക്തി എന്താണ്?

3. കേരളംപോലെ സഹകരണ ബാങ്കിങ് മേഖല ശക്തമായ സംസ്ഥാനത്ത് ഒരു സുപ്രഭാതത്തില്‍ ഇത്തരം തീരുമാനങ്ങള്‍ നടപ്പാക്കിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നബാര്‍ഡ് പഠനം നടത്തിയിട്ടുണ്ടോ?

4 ആര്‍ക്കുവേണ്ടിയാണ് സ്വദേശീയമായ ഈ സംവിധാനത്തെ തകര്‍ക്കുന്നത്?

5. ക്ഷിപ്രവേഗത്തില്‍ പ്രാഥമിക സഹകരണ ബാങ്കുകളുടെ ആസ്തി- ബാധ്യതകള്‍ ഏറ്റെടുത്ത് കുറ്റമറ്റരീതിയില്‍ ജില്ല-സംസ്ഥാന സഹകരണ ബാങ്കുകള്‍ക്ക് ബാങ്കിങ് പ്രവര്‍ത്തനം നടത്താനാകുമോ?

6. ആസ്തി- ബാധ്യതകള്‍ ഏറ്റെടുക്കുമ്പോള്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളുടെ നഷ്ടം ആര് ഏറ്റെടുക്കും?
7. കേരളത്തില്‍ ഏകദേശം 50,000 സ്ഥിരം ജീവനക്കാര്‍ പ്രാഥമിക ബാങ്കുകളില്‍ മികച്ച ശമ്പളത്തോടെയും പെന്‍ഷന്‍ ആനുകൂല്യങ്ങളോടെയും ജോലിചെയ്യുന്നുണ്ട്. ഇവരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ നബാര്‍ഡിന് കഴിയുമോ?

നബാര്‍ഡിലെയും റിസര്‍വ് ബാങ്കിലെയും മേലാളന്മാര്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട കേരളത്തിലെ സഹകരണ ബാങ്കിങ് പ്രസ്ഥാനമെന്നത് ജനകീയ പ്രസ്ഥാനമാണ്. സാമ്പത്തിക ഉള്‍പ്പെടുത്തല്‍  എന്ന പദം കേള്‍ക്കുന്നതിന് എത്രയോ കാലംമുമ്പുമുതല്‍ കേരളത്തിലെ സഹകരണ ബാങ്കുകള്‍ ഈ പ്രവൃത്തി ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. "കേരള മോഡല്‍ വികസനം" എന്നത് കേരളത്തിലെ സഹകരണ ബാങ്കുകളുടെകൂടെ സംഭാവനയാണ്. ഈ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ഏതൊരു നീക്കത്തെയും രാഷ്ട്രീയ ഭേദമെന്യേ കേരളജനത എതിര്‍ത്തുതോല്‍പ്പിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. രാജ്യം ഇപ്പോള്‍ അകപ്പെട്ട സാമ്പത്തിക ചക്രവ്യൂഹത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ഒരു മാര്‍ഗംകൂടിയാണ് സഹകരണമേഖല എന്ന് മനസ്സിലാക്കി ഈ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഭരണാധികാരികളില്‍നിന്ന് ഉണ്ടാകേണ്ടത്.

*
എം മെഹബൂബ് ദേശാഭിമാനി 12 സെപ്തംബര്‍ 2013

No comments: