Saturday, September 28, 2013

കല്യാണക്കത്തിലെ വര്‍ഗീയമുദ്രകള്‍

പണ്ടൊക്കെ വിവാഹത്തിന് കത്ത് ഉണ്ടായിരുന്നില്ല. ബന്ധുവീടുകളിലും അയല്‍വീടുകളിലും ചെന്നു പറയുകയായിരുന്നു. താംബൂല ചര്‍വണം പ്രായഭേദമെന്യേ സര്‍വസമ്മതമായിരുന്നതിനാല്‍ മംഗലം വിളിക്കാന്‍ പോകുന്നവര്‍ വെറ്റിലയും അടക്കയും പുകയിലയും മറ്റും കൊണ്ടു പോയി കാരണവര്‍ക്ക് കാഴ്ചവയ്ക്കുമായിരുന്നു.നമ്മള്‍ സൗകര്യങ്ങളിലേക്ക് കടന്നു ചെന്നപ്പോള്‍, നേരിട്ടുള്ള ക്ഷണം കുറഞ്ഞു. കത്തുകളും ഫോണ്‍വിളികളുമൊക്കെയായി അതു വികസിച്ചു.

ഇപ്പോഴാകട്ടെ, കാര്യമറിയിക്കുക എന്ന പ്രാഥമിക ധര്‍മ്മത്തില്‍ നിന്നും മാറി കല്യാണക്കത്തുകള്‍ ആര്‍ഭാടത്തിന്റെയും വര്‍ഗീയതയുടെയും മുദ്രകളായി മാറിയിരിക്കുന്നു.

ഒരു സായിപ്പും മദാമ്മയും കല്യാണത്തിന് വരാനില്ലെങ്കിലും കേരളീയര്‍ മാതൃഭാഷ ഉപേക്ഷിച്ച് ധ്വരഭാഷയില്‍ കല്യാണക്കത്തുകള്‍ അച്ചടിക്കുകയാണ്. ഇംഗ്ലീഷില്‍ അച്ചടിച്ച കല്യാണക്കത്തുകളുമായി ബന്ധുവീടുകളില്‍ ചെന്ന് മലയാളത്തില്‍ കാര്യമറിയിച്ച് മലയാളത്തില്‍തന്നെ ക്ഷണിക്കുന്ന കേരളീയ രക്ഷകര്‍ത്താക്കള്‍ വര്‍ത്തമാനകാലത്തെ സഞ്ചരിക്കുന്ന ഫലിതമാണ്.

കല്യാണകക്കത്തുകള്‍ വധൂവരന്മാരുടെയും രക്ഷകര്‍ത്താക്കളുടെയും ജാതിയും മതവും ബോധ്യപ്പെടുത്തുന്ന വര്‍ഗീയമുദ്രകളുടെ വാഹകരുമാകുന്നുണ്ട്. മതസൂചനയുള്ള ചില വാചകങ്ങള്‍ കത്തിന്റെ നെറ്റിയില്‍ത്തന്നെ അച്ചടിച്ചു വയ്ക്കും. അതുമല്ലെങ്കില്‍, ചിത്രങ്ങള്‍.

അധികം കത്തുകളിലും ഗണപതിയുടെ ചിത്രമാണ് കാണാറുള്ളത്. പെരുച്ചാഴി അറ്റാച്ച്ഡും അല്ലാത്തതും. ഗണപതിയുടെ ചിത്രം കല്ല്യാണക്കത്തില്‍ അച്ചടിക്കുന്നത് ഒരു വിരോധാഭാസമാണ്. കാരണം ഗണപതി കല്യാണമേ കഴിച്ചിട്ടില്ല.

മറ്റൊരുചിത്രം നാരായണഗുരുവിന്റേതാണ്. അദ്ദേഹത്തിനു വേണ്ടി കെട്ടിയെടുക്കപ്പെട്ട സ്ത്രീയെ ഓട്ടക്കണ്ണു കൊണ്ടുപോലും നാരായണ ഗുരു നോക്കിയില്ല. പാവം ആ സ്ത്രീ കണ്ണീരോടെ പിരിഞ്ഞു പോവുകയായിരുന്നല്ലൊ. വിജാതീയ ആദര്‍ശ വിവാഹങ്ങള്‍ക്ക് പച്ചക്കൊടി കാട്ടിയ സാമൂഹ്യ പരിഷ്‌കര്‍ത്താവായ ഗുരു സ്വജീവിതത്തില്‍ സ്ത്രീക്കു പ്രവേശനം നല്‍കിയില്ല.

മറ്റൊരു ചിത്രം മിത്തായ ശ്രീകൃഷ്ണന്റേതാണ്. മാതൃകാപരമായ ഒരു കുടുംബജീവിതം ആ കഥാപാത്രത്തിനുമില്ല. പതിനാറായിരത്തെട്ടു ഭാര്യമാരെന്നാണു കഥ. ഇനിയുമൊരു ചിത്രം ശ്രീരാമന്റേത്. ഗര്‍ഭിണിയായ സ്വന്തം ഭാര്യയെ കാട്ടിലുപേക്ഷിച്ച കഥാപാത്രമാണ്. ഈ ചിത്രങ്ങളൊന്നും തന്നെ സ്‌നേഹപൂര്‍ണമായ ഒരു ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് സ്വീകരിക്കാവുന്നതല്ല.

അടുത്തകാലത്ത് മനസില്‍ തട്ടിയ ലാളിത്യമുള്ള ഒരു കല്യാണക്കത്ത്. രാഷ്ട്രീയ നേതാവായ സി പി ജോണ്‍ അയച്ച് തന്നതാണ്. അദ്ദേഹത്തിന്റെ പുത്രിയെ ഒരു ഇംഗ്ലണ്ടുകാരന്‍ വിവാഹം ചെയ്യുന്ന കാര്യം അറിയിച്ചു കൊണ്ടുള്ള കത്ത് പച്ചമലയാളത്തിലായിരുന്നു. മറ്റൊരു കത്ത് കേരളയുക്തിവാദി സംഘം സെക്രട്ടറി രാജഗോപാല്‍ വാകത്താനം അയച്ചു തന്നതായിരുന്നു. അദ്ദേഹത്തിന്റെ പുത്രിയുടെ ആദര്‍ശ വിവാഹക്കാര്യം മലയാളത്തിലച്ചടിച്ചാണറിയിച്ചത്. സ്‌പെഷ്യല്‍ മാര്യേജ് നിയമമനുസരിച്ചാണ് വിവാഹം എന്ന കാര്യം കത്തില്‍ പ്രത്യേകം പറഞ്ഞിരുന്നു.

നോക്കൂ, ഒരു കത്തിന് അഞ്ഞൂറിലധികം രൂപ ചെലവാക്കുന്ന ദുരഭിമാനികളായ മലയാളികള്‍ക്കിടയിലാണ് ഈ മാതൃകാ വിവാഹക്കത്തുകള്‍ ഉണ്ടായത്. കനക, രജത ലിപികളില്‍ അച്ചടിച്ച കത്തുകള്‍, പഴമുറത്തിന്റെ വലുപ്പമുള്ള കല്യാണക്കത്തുകള്‍! മലയാളികളുടെ ഈ ആഡംബര, വര്‍ഗീയഭ്രമങ്ങള്‍ എന്നാണവസാനിക്കുക.

*
കുരീപ്പുഴ ശ്രീകുമാര്‍ ജനയുഗം

1 comment:

ബഷീർ said...

>>ഒരു സായിപ്പും മദാമ്മയും കല്യാണത്തിന് വരാനില്ലെങ്കിലും കേരളീയര്‍ മാതൃഭാഷ ഉപേക്ഷിച്ച് ധ്വരഭാഷയില്‍ കല്യാണക്കത്തുകള്‍ അച്ചടിക്കുകയാണ്. ഇംഗ്ലീഷില്‍ അച്ചടിച്ച കല്യാണക്കത്തുകളുമായി ബന്ധുവീടുകളില്‍ ചെന്ന് മലയാളത്തില്‍ കാര്യമറിയിച്ച് മലയാളത്തില്‍തന്നെ ക്ഷണിക്കുന്ന കേരളീയ രക്ഷകര്‍ത്താക്കള്‍ വര്‍ത്തമാനകാലത്തെ സഞ്ചരിക്കുന്ന ഫലിതമാണ്. <<

ശരിയാണ്..


>>ഗണപതിയുടെ ചിത്രം കല്ല്യാണക്കത്തില്‍ അച്ചടിക്കുന്നത് ഒരു വിരോധാഭാസമാണ്. കാരണം ഗണപതി കല്യാണമേ കഴിച്ചിട്ടില്ല.<<


ചിരിപ്പിച്ച് ചിന്തിപ്പിച്ചു..