Wednesday, September 4, 2013

ഇറാനില്‍നിന്ന് എണ്ണ വരുമ്പോള്‍

ഇന്ത്യയുടെ ഇന്ധനപ്രതിസന്ധിക്ക് ഏറ്റവും ഫലപ്രദമായ പരിഹാരമാര്‍ഗങ്ങളിലൊന്നായി ഇറാനില്‍നിന്നുള്ള വാതക പൈപ്പ്ലൈന്‍ പദ്ധതി നിര്‍ദേശിക്കപ്പെട്ടിരുന്നു. ഇന്ത്യയ്ക്ക് മാത്രമല്ല, പാകിസ്ഥാനും ബംഗ്ലാദേശിനും ചൈനയ്ക്കും ഗുണകരമാകുന്ന ആ പദ്ധതി ഉപേക്ഷിച്ചത് അമേരിക്കയുടെ സമ്മര്‍ദം കൊണ്ടാണ്. പ്രാവര്‍ത്തികമാകുന്ന തലത്തിലേക്ക് നടപടിക്രമങ്ങള്‍ എത്തിയപ്പോഴാണ്, അമേരിക്കയുമായുള്ള ആണവകരാറിന്റെ അദൃശ്യനിബന്ധനകളില്‍ കുരുങ്ങി യുപിഎ സര്‍ക്കാര്‍ വാതക പൈപ്പ്ലൈന്‍ പദ്ധതിയില്‍നിന്ന് നീതീകരണങ്ങളില്ലാതെ പിന്മാറിയത്. ഇറാനില്‍നിന്ന് ദ്രവീകൃത പ്രകൃതിവാതകം പാകിസ്ഥാന്‍വഴി പൈപ്പ് ലൈന്‍ സ്ഥാപിച്ച് ഇന്ത്യയിലെത്തിച്ചാല്‍, ഊര്‍ജലഭ്യതയും ഊര്‍ജസുരക്ഷിതത്വവും ഉറപ്പാക്കാനാകുന്നതിനുപുറമെ, കുറഞ്ഞ ചെലവില്‍ രാജ്യത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്യുമായിരുന്നു. ദീര്‍ഘകാലത്തേക്ക് ആ രംഗത്തെ ആശങ്കകള്‍ അകറ്റാമായിരുന്നു.

പൈപ്പ്ലൈന്‍ വേണ്ടെന്നുവച്ചതില്‍ ഒതുങ്ങുന്നില്ല ഊര്‍ജരംഗത്തെ യുപിഎ സര്‍ക്കാരിന്റെ സാമ്രാജ്യത്വദാസ്യം. അമേരിക്കയുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് ഇറാനില്‍നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതി വെട്ടിക്കുറച്ചത്. അതേ സര്‍ക്കാര്‍ ഇപ്പോള്‍ എണ്ണയ്ക്കായി ഇറാനെത്തന്നെ അഭയം തേടുകയാണ്. ഇറക്കുമതിക്ക് ചെലവഴിക്കേണ്ട ഡോളറിന്റെ ആവശ്യം കുറയ്ക്കാനായി ഇറാനില്‍നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതി വര്‍ധിപ്പിക്കാനാണ് പുതിയ തീരുമാനം. ഇന്ത്യന്‍ രൂപ നല്‍കി ഇറാനില്‍നിന്ന് ക്രൂഡോയില്‍ വാങ്ങാം; അതിലൂടെ വ്യാപാരകമ്മി കുറയ്ക്കാനും രൂപയുടെ നില മെച്ചപ്പെടുത്താനും കഴിയും എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്തുകൊണ്ട് ഈ വിവേകം നേരത്തെ ഉണ്ടായില്ല എന്ന ചോദ്യത്തിന് യുപിഎ നേതൃത്വം മറുപടി പറയേണ്ടതുണ്ട്. ഇറാനും എണ്ണയും ഇറക്കുമതിസാധ്യതയുമെല്ലാം നേരത്തെയും അവിടെ ഉണ്ടായിരുന്നു. ലാഭകരമായി ഇറക്കുമതി സാധ്യമാകുമെങ്കില്‍ ഇതുവരെ അത് ചെയ്യാതിരിക്കാനുള്ള കാരണമെന്താണ്?

രാജ്യത്തിന്റെയും ജനങ്ങളുടെയും ഉത്തമതാല്‍പ്പര്യങ്ങള്‍ തള്ളി അമേരിക്കന്‍ സമ്മര്‍ദത്തിന് എന്തിന് വഴങ്ങി? അമേരിക്കയുടെ എണ്ണരാഷ്ട്രീയം രഹസ്യമല്ല. എണ്ണസമ്പന്നമായ പശ്ചിമേഷ്യയില്‍ ഇസ്രയേലിനെ താങ്ങിനിര്‍ത്തുന്നതും ഇറാനും ഇറാഖിനും ലിബിയക്കും സിറിയക്കുംമേല്‍ കുതിരകയറുന്നതും ആ രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. ഇറാനുമായുള്ള ക്രൂഡോയില്‍ വ്യാപാരവും മറ്റ് വാണിജ്യ ഇടപാടുകളും വെട്ടിക്കുറയ്ക്കരുതെന്നും ശക്തിപ്പെടുത്തണമെന്നും സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പാര്‍ടികള്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടതാണ്. അതിനോട് മാന്യമായി പ്രതികരിക്കാന്‍പോലും മന്‍മോഹന്‍ പ്രഭൃതികള്‍ക്ക് സൗമനസ്യമുണ്ടായിട്ടില്ല. ഇറാനില്‍നിന്ന് അസംസ്കൃത എണ്ണ ഇറക്കുന്നതിലൂടെ ഈ വര്‍ഷംമാത്രം 850 കോടി ഡോളര്‍ ലാഭിക്കാമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. 1.10 കോടി ടണ്‍ ആണ് ഇങ്ങനെ ഇറക്കുന്നതത്രെ. ഇറാനില്‍നിന്നുള്ള എണ്ണ വെട്ടിക്കുറച്ച് ഇതര രാജ്യങ്ങളെ ആശ്രയിച്ചതാണ് വിദേശനാണയബാധ്യത വന്‍തോതില്‍ പെരുകിയതിനുള്ള കാരണങ്ങളില്‍ ഒന്ന് എന്ന് ഇപ്പോള്‍ സര്‍ക്കാര്‍തന്നെ സമ്മതിക്കുന്നു. 2010-11ല്‍ സൗദി കഴിഞ്ഞാല്‍ ഇറാനില്‍നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡോയില്‍ ഇറക്കുമതിചെയ്തത് എന്നും ഓര്‍ക്കണം. ഇവിടെയാണ്, യുപിഎ സര്‍ക്കാരിന്റെ നയവൈകല്യം വ്യക്തമാകുന്നത്. ജി-20 രാജ്യങ്ങളുടെ നേതാക്കള്‍ക്കിടയില്‍ താന്‍ ഗണ്യമായി ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണെന്നും, ആ തന്നെ കള്ളനെന്നു വിളിച്ചില്ലേ എന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് പാര്‍ലമെന്റില്‍ വിലപിക്കേണ്ടിവന്നതിന്റെ പശ്ചാത്തലവും ഇതുതന്നെയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ലോകത്ത് ലഭിക്കുന്ന അംഗീകാരത്തെയല്ല, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രാജ്യത്തിനകത്ത് നടപ്പാക്കുന്ന തെറ്റായ നടപടികളെയും നയങ്ങളെയുമാണ് പ്രതിപക്ഷം വിമര്‍ശിച്ചത്. ആ വിമര്‍ശത്തെ സര്‍ക്കാര്‍തന്നെ സാധൂകരിക്കുന്ന അനുഭവമാണ് ഇറാന്‍ എണ്ണയുടെ കാര്യത്തിലെങ്കിലും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. എന്നിട്ടും നയങ്ങള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

ധനകാര്യ-സാമ്പത്തികപ്രതിസന്ധിയുടെ ഭാരം ജനങ്ങള്‍ താങ്ങണമെന്ന മന്‍മോഹന്‍സിങ്ങിന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍ അതാണ് തെളിയിക്കുന്നത്. നവ ഉദാരവല്‍ക്കരണ നയങ്ങളും സാമ്രാജ്യത്വദാസ്യവും ജനങ്ങളുടെ ജീവിതത്തെയും രാജ്യത്തിന്റെ സാമ്പത്തിക നിലനില്‍പ്പിനെത്തന്നെയും സാരമായി ബാധിച്ചു എന്ന യാഥാര്‍ഥ്യം യുപിഎ നേതൃത്വം സമ്മതിക്കുന്നില്ല. പക്ഷേ, ഗത്യന്തരമില്ലാതെ ചില നടപടികള്‍ തിരുത്താന്‍ അവര്‍ നിര്‍ബന്ധിക്കപ്പെടുന്നു. അമേരിക്കന്‍ അജന്‍ഡ നടപ്പാക്കാനുള്ള ഏജന്റല്ല ഇന്ത്യയെന്ന് പറയാനുള്ള ചങ്കൂറ്റം അവര്‍ക്ക് അന്യമായിരിക്കുന്നു. രാജ്യത്ത് ശരിയായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍ ഉയര്‍ന്നുവരേണ്ടതിന്റെ ആവശ്യകതയ്ക്കാണ് ഈ അവസ്ഥ ഒരിക്കല്‍കൂടി അടിവരയിടുന്നത്.

*
ദേശാഭിമാനി മുഖപ്രസംഗം 04 സെപ്തംബര്‍ 2013

1 comment:

P.C.MADHURAJ said...

Iran is better than US; because Christian votes yu get by supporting US is nothing when compared to muslim vote we get by supporting Iran. http://nasthikanayadaivam.blogspot.in/2011/07/blog-post_27.html