Monday, September 23, 2013

കെഎസ്ആര്‍ടിസിയെ സംരക്ഷിക്കണം

വന്‍കിട ഉപയോക്താക്കള്‍ എന്നനിലയില്‍ ദേശസാല്‍കൃത ട്രാന്‍സ്പോര്‍ട്ട് സ്ഥാപനങ്ങള്‍ ഡീസല്‍ വിലയില്‍ ഒരുവിധ സബ്സിഡിക്കും അര്‍ഹരല്ലെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇടക്കാലവിധിയിലൂടെ സുപ്രീംകോടതി ശരിവച്ചിരിക്കുന്നു. ഈ വിധി രാജ്യത്തെ മുഴുവന്‍ ട്രാന്‍സ്പോര്‍ട്ട് സ്ഥാപനങ്ങളെയും കടുത്ത പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. വന്‍കിട ഉപയോക്താക്കളെ പൂര്‍ണമായും ഡീസല്‍ സബ്സിഡിയില്‍നിന്ന് ഒഴിവാക്കാനും മറ്റു ഉപയോക്താക്കള്‍ക്ക് സബ്സിഡി പൂര്‍ണമായി ഒഴിവാക്കുന്നതുവരെ പ്രതിമാസം അമ്പതു പൈസയുടെ വര്‍ധന വരുത്താനുമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. വന്‍കിട ഉപയോക്താക്കളുടെ പട്ടികയില്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകളും റെയില്‍വേയും ഉള്‍പ്പെട്ടു. ഈ തീരുമാനത്തിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ ചെന്നൈ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തതോടെയാണ് സൂപ്രീംകോടതി വിധിക്കാധാരമായ നിയമനടപടിക്ക് തുടക്കം കുറിച്ചത്.

നിര്‍ദിഷ്ട സുപ്രീം കോടതിവിധി ഡീസലിന് സബ്സിഡി ലഭിക്കാനുള്ള ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകളുടെ അര്‍ഹത ചോദ്യംചെയ്യുന്നില്ല. വന്‍കിട ഉപയോക്താക്കള്‍ക്ക് സബ്സിഡി നിര്‍ത്തലാക്കിയുള്ള ഉത്തരവ് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാകയാല്‍ അതില്‍ ഇടപെടാനാകില്ലെന്നാണ് കോടതി നിരീക്ഷിക്കുന്നത്. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ആര്‍ടിസികളുടെ നഷ്ടം നികത്താന്‍ ഇതരമാര്‍ഗം തേടാവുന്നതാണെന്നും കോടതി നിര്‍ദേശിക്കുന്നു. യാത്രാനിരക്കു വര്‍ധന, യാത്രസൗജന്യങ്ങള്‍ പിന്‍വലിക്കല്‍, മിസ്മാനേജ്മെന്റ് അവസാനിപ്പിക്കല്‍ തുടങ്ങിയവയാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയ ഇതരമാര്‍ഗങ്ങള്‍. ഇവ എത്രത്തോളം പ്രായോഗികമാണ് എന്നതിനെയും തകര്‍ച്ചയെ നേരിടുന്ന ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകളുടെ സംരക്ഷണത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എത്രത്തോളം ആത്മാര്‍ഥമായ സമീപനം സ്വീകരിക്കും എന്നതിനെയും ആശ്രയിച്ചാണ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകളുടെ ഭാവി നിലകൊള്ളുന്നത്. ഡീസലിന് അധികവില നല്‍കേണ്ടിവരുന്ന പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ എന്തുമാര്‍ഗം എന്നതാണ് പ്രസക്തമായ ചോദ്യം. തമിഴ്നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആര്‍ടിസികള്‍ക്ക് സംസ്ഥാന സര്‍ക്കാരുകളാണ് ബസ് വാങ്ങി നല്‍കുന്നത്. ഓരോ വര്‍ഷവും എത്ര ബസ് പുറത്തിറക്കണമെന്ന മുന്‍കൂര്‍ ധാരണയും അതിനനുസൃതമായ ആസൂത്രണവും ആ സംസ്ഥാനങ്ങളിലുണ്ടാകുന്നു. സ്വന്തം വരുമാനത്തില്‍നിന്നോ കടംവാങ്ങിയോ ബസുകള്‍ക്ക് തുക കണ്ടെത്തേണ്ട ദൗര്‍ഭാഗ്യം ആ സംസ്ഥാനങ്ങളിലെ ആര്‍ടിസികള്‍ക്കില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മൂലധനവിഹിതം നിഷേധിച്ചതിനെത്തുടര്‍ന്ന് മൂലധനത്തിനായി അമിത പലിശയ്ക്ക് കെടിഡിഎഫ്സി, ഹഡ്കോ, എല്‍ഐസി തുടങ്ങിയ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവന്നതാണ് കെഎസ്ആര്‍ടിസിയുടെ കടഭാരം വര്‍ധിക്കാന്‍ കാരണമായത്. ഇതുമൂലം വലിയൊരു തുക മുതലും പലിശയും ചേര്‍ത്ത് കടം തിരിച്ചടവിനായി വിനിയോഗിക്കേണ്ടിവരുന്നു.

പെന്‍ഷന്‍ നല്‍കുന്നത് കോര്‍പറേഷന്റെ തനതുഫണ്ടില്‍നിന്നാണ്. രാജസ്ഥാന്‍, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ നേരിട്ടാണ് പെന്‍ഷന്‍ നല്‍കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ പിഎഫ് പെന്‍ഷനാണ് നിലവിലുള്ളത്. 1984ല്‍ കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ നടപ്പാക്കിയത് സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനമെന്ന നിലയിലാണ്. പെന്‍ഷന്‍ സര്‍ക്കാര്‍ നല്‍കുകയോ അതിനായി പ്രത്യേക ഫണ്ടുണ്ടാക്കുകയോ ചെയ്യണമെന്ന് അന്നുതന്നെ അസോസിയേഷന്‍ (സിഐടിയു) ആവശ്യപ്പെട്ടിരുന്നു. അതു ചെവിക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം പ്രസക്തമാകുന്നത് ഇപ്പോഴുള്ളതുപോലെയുള്ള സാമ്പത്തിക സാഹചര്യങ്ങളിലാണ്.

കെഎസ്ആര്‍ടിസി നല്‍കുന്ന യാത്രാസൗജന്യങ്ങളാണ് ഹൈക്കോടതിയുടെ പരാമര്‍ശവിധേയമായ മറ്റൊരു വിഷയം. യാത്രാസൗജന്യം നല്‍കുന്നത് സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ്. മറ്റു സംസ്ഥാനങ്ങളില്‍ ഇങ്ങനെ വരുന്ന തുക ആര്‍ടിസികള്‍ക്ക് സര്‍ക്കാര്‍ മടക്കി നല്‍കുകയാണ് പതിവ്. കേരളത്തില്‍ അങ്ങനെ ചെയ്യുന്നില്ല. കേരളത്തിലെ സവിശേഷ സാമൂഹ്യസാഹചര്യങ്ങളില്‍ യാത്രാ സൗജന്യം നിഷേധിക്കാനും കഴിയില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അനുകൂല തീരുമാനമുണ്ടാകേണ്ടതുണ്ട്. യാത്രാനിരക്ക് വര്‍ധിപ്പിച്ച് നഷ്ടം നികത്താമെന്ന സുപ്രീംകോടതിയുടെ നിഗമനം പ്രായോഗികമല്ല. കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ അധികമാണെന്ന കണ്ടെത്തലും സാമാന്യയുക്തിക്കു നിരക്കുന്നതല്ല. യാത്രക്കാരുടെ എണ്ണം, ബസ് സ്റ്റോപ്പുകള്‍, റോഡുകളുടെ അവസ്ഥ, വാഹനങ്ങളുടെ സാന്ദ്രത, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ എന്നിവ പരിഗണിച്ചാണ് ജീവനക്കാരുടെ എണ്ണം തീരുമാനിക്കുന്നത്. അപ്രകാരമൊരു പരിശോധന നടത്തിയാല്‍ ജീവനക്കാര്‍ അധികമല്ലെന്നു കാണാന്‍ പ്രയാസമില്ല.

കെഎസ്ആര്‍ടിസിയിലെ മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത സര്‍ക്കാരിന്റെ സ്ഥാപനത്തോടുള്ള സമീപനത്തെ ആശ്രയിച്ചാണിരിക്കുന്നത്. നിയമപരമായി സ്വയംഭരണാധികാരമുള്ള സ്ഥാപനമാണെങ്കിലും ഒരു സര്‍ക്കാര്‍ വകുപ്പെന്ന രീതിയിലാണ് കെഎസ്ആര്‍ടിസി പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ കെടുകാര്യസ്ഥത ഒഴിവാകണമെങ്കില്‍ സര്‍ക്കാരിന്റെ സമീപനം ക്രിയാത്മകമാകേണ്ടതുണ്ട്. 2006- 11 കാലഘട്ടത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒട്ടൊക്കെ ഫലപ്രദമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാന്‍, നഷ്ടത്തിലോടുന്ന സര്‍വീസുകള്‍ നിര്‍ത്തലാക്കണമെന്ന വാദഗതി ചിലര്‍ ഉയര്‍ത്തുന്നുണ്ട്. ഇത് സ്ഥാപനത്തിന്റെ സമ്പൂര്‍ണ തകര്‍ച്ചയ്ക്കാണ് വഴിവയ്ക്കുക. മാത്രമല്ല, ഗ്രാമീണജനതയുടെ യാത്രചെയ്യാനുള്ള അവകാശം മറന്നുകൊണ്ടുള്ള സമീപനം സ്വീകരിക്കാന്‍ കെഎസ്ആര്‍ടിസിപോലുള്ള സ്ഥാപനത്തിന് കഴിയുകയുമില്ല. ഏഴായിരത്തിലധികം രൂപയില്‍ കുറവ് പ്രതിദിന വരുമാനമുള്ള 2003 ഷെഡ്യൂളാണ് ഇപ്പോഴുള്ളത്. ശാസ്ത്രീയമായി പുനഃക്രമീകരിച്ചാല്‍ അതില്‍ ഭൂരിഭാഗവും ലാഭകരമാക്കാന്‍ കഴിയും. കെഎസ്ആര്‍ടിസിയില്‍ ഇപ്പോഴുണ്ടായിട്ടുള്ള പ്രതിസന്ധി ഡീസല്‍ വിലയിലെ സബ്സിഡി ഇല്ലാതായതുമൂലംമാത്രം ഉണ്ടായതല്ല. ഡീസലിന് അധികവില നല്‍കേണ്ടിവരുന്നത് പ്രതിസന്ധി മൂര്‍ച്ഛിപ്പിച്ചുവെന്നുമാത്രം. ഡീസലിന് അധികവില നല്‍കേണ്ടിവരുന്നത് ഒഴിവാക്കുകയോ അതുമൂലമുണ്ടാകുന്ന അധികബാധ്യത വഹിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയോ വേണം. സ്ഥാപനത്തിന്റെ വികസനം ഉറപ്പു വരുത്തക്കരീതിയില്‍ സമയബന്ധിതമായി പുതിയ ബസുകള്‍ പുറത്തിറക്കാനുള്ള നടപടി സ്വീകരിക്കുകയും അതിനാവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കുകയും വേണം. കെഎസ്ആര്‍ടിസിയുടെ കടബാധ്യത ഒഴിവാക്കാനുള്ള അടിയന്തര നടപടിയും സ്വീകരിക്കണം. കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിയും പരിഹാരമാര്‍ഗങ്ങളും സംബന്ധിച്ച് വിശദമായ രേഖ കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) സര്‍ക്കാരിനും മാനേജ്മെന്റിനും സമര്‍പ്പിച്ചിട്ടുണ്ട്. ട്രേഡ് യൂണിയനുകളുമായി കൂടിയാലോചിച്ച് അത് നടപ്പാക്കാനുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ അമാന്തം കാട്ടിക്കൂടാ.

കെഎസ്ആര്‍ടിസിയില്‍ ഇപ്പോഴുണ്ടായിട്ടുള്ള രൂക്ഷമായ പ്രതിസന്ധിക്കാധാരമായ എല്ലാ വിഷയങ്ങളെക്കുറിച്ചും ലേഖനത്തില്‍ പ്രതിപാദിച്ചിട്ടില്ല. സുപ്രീംകോടതി പരാമര്‍ശിച്ച വിഷയങ്ങളെക്കുറിച്ചുമാത്രമേ സൂചിപ്പിച്ചിട്ടുള്ളൂ. ഒരുകാര്യം വ്യക്തമാണ്. നമ്മുടെ രാജ്യം പിന്തുടരുന്ന വികലമായ സാമ്പത്തിക നയത്തിന്റെ പ്രതിഫലനമാണ് കെഎസ്ആര്‍ടിസിയിലും കാണുന്നത്. 1988 ല്‍ നടപ്പാക്കിയ മോട്ടോര്‍ വാഹന ഭേദഗതി നിയമവും പ്രസ്തുത നിയമത്തില്‍ ഇപ്പോള്‍ വരുത്താന്‍ നിര്‍ദേശിച്ചിട്ടുള്ള ഭേദഗതിയും ദേശസാല്‍കൃത റൂട്ടുകളെ സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ നയവും നിര്‍ദേശവുമെല്ലാംതന്നെ ആര്‍ടിസികളുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്നവയായിരുന്നു. അതിനെതിരായ നിരന്തരമായ പ്രക്ഷോഭമാണ് കെഎസ്ആര്‍ടിസിയെ നിലനിര്‍ത്തുന്നത്.

സുപ്രീംകോടതിയില്‍ ഉള്‍പ്പെടെ വിവിധ കോടതികളില്‍ നീണ്ടുനിന്ന നിയമയുദ്ധവും വേണ്ടിവന്നു. റോഡ് ഗതാഗതമേഖലയില്‍ ആര്‍ടിസികള്‍മാത്രം ഡീസലിന് കൊള്ളവില നല്‍കണമെന്ന തീരുമാനവും അത് ശരിവയ്ക്കുന്ന കോടതിവിധിയും കെഎസ്ആര്‍ടിസിയെ സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് നയിക്കും. ഇത് കേരളത്തിലെ സാമൂഹ്യരംഗത്ത് ഗുരുതരമായ പ്രത്യാഘാതമാണ് ഉണ്ടാക്കുക. കെഎസ്ആര്‍ടിസിയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഴുവന്‍ തൊഴിലാളികളെയും ഐക്യപ്പെടുത്തി ബഹുജനങ്ങളുടെ സഹകരണത്തോടെ അതിശക്തമായ ചെറുത്തുനില്‍പ്പ് പുനരാരംഭിക്കുകയല്ലാതെ മാര്‍ഗമില്ല. അതിനാവശ്യമായ ചര്‍ച്ചയും തീരുമാനങ്ങളും 23,24,25 തീയതികളില്‍ കോട്ടയത്ത് നടക്കുന്ന കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിലുണ്ടാകും.

*
കെ കെ ദിവാകരന്‍ (ഓള്‍ ഇന്ത്യാ റോഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

ദേശാഭിമാനി 23 സെപ്തംബര്‍ 2013

No comments: