Tuesday, September 24, 2013

യു എസ് ചാരനിരീക്ഷണം: സ്വാതന്ത്ര്യം, പരമാധികാരം, സ്വകാര്യത എന്നിവയിലുള്ള കടന്നുകയറ്റം

ഇന്ത്യയുടെ മേല്‍ യു എസും അവരുടെ ചാരസംഘടന ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ എസ് എ)യും നടത്തി വരുന്ന അതിഭീമമായ വിവരശേഖരണം രാജ്യത്തിന്റെയും ജനങ്ങളുടെയും സ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും പരമാധികാരത്തിനും നേരെയുള്ള അഭൂതപൂര്‍വമായ കടന്നുകയറ്റമാണ്. യു എസ് ചാരസംഘടന നടത്തി വരുന്ന വിവര ശേഖരണത്തിന്റെ വിശദമായ തെളിവുകളാണ് ഹിന്ദു ദിനപത്രം വഴി വിസില്‍ വിളിക്കാരന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ പുറത്തുവിട്ടിരിക്കുന്നത്. ബ്രിക്‌സ് രാജ്യങ്ങളില്‍ ഏറ്റവും കനത്ത നിരീക്ഷണത്തിന് വിധേയമാകുന്ന രാജ്യമാണ് ഇന്ത്യയെന്നും തെളിവുകള്‍ വ്യക്തമാക്കുന്നു. എന്‍ എസ് എ സമാഹരിച്ചിരിക്കുന്ന ലക്ഷക്കണക്കിന് കോടി രഹസ്യ വിവരങ്ങളില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാര്‍, പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍, രാജ്യസുരക്ഷ സംബന്ധിച്ച സ്ഥാപനങ്ങള്‍ എന്നിവയെ നിരന്തര നിരീക്ഷണത്തില്‍ നിലനിര്‍ത്താനും ദേശീയ തന്ത്രപ്രധാന ലക്ഷ്യങ്ങളെതന്നെ പരാജയപ്പെടുത്താനും യു എസ് സാമ്രാജ്യത്വത്തിന് കഴിയും. നേരിട്ടുള്ള സൈനിക, ചാര ഇടപെടലുകള്‍ കൂടാതെ തന്നെ ലോകമെമ്പാടും രാഷ്ട്രീയ, സാമ്പത്തിക, സൈനിക അട്ടിമറികള്‍ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യു എസ് അതിവിപുലമായ 'സിഗിന്റി' ന് (സിഗ്നല്‍ ഇന്റലിജന്‍സ്) രൂപം നല്‍കിയിരിക്കുന്നത്. ശത്രു-മിത്ര ഭേദമന്യേ എല്ലാ രാജ്യങ്ങളെയും യു എസ് സാമ്രാജ്യത്വം ഈ നിരീക്ഷണ വലയത്തില്‍ കൊണ്ടുവന്നിട്ടുണ്ടെന്നാണ് സ്‌നോഡന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത്. രാഷ്ട്രീയ, സൈനിക , സാമ്പത്തിക വിഷയങ്ങളില്‍ യു എസിന്റെ എക്കാലത്തെയും പങ്കാളികളായ യൂറോപ്പിലെ നാറ്റോ രാഷ്ട്രങ്ങള്‍ പോലും ആ നിരീക്ഷണ വലയത്തില്‍ ഉള്‍പ്പെട്ടിരുന്നുവെന്നത് പല യൂറോപ്യന്‍ രാജ്യങ്ങളിലും കോളിളക്കം സൃഷ്ടിച്ചിരുന്നു.

യു എസ് ചാര നിരീക്ഷണത്തിന് വിധേയമാകുന്ന രാജ്യങ്ങളില്‍ പ്രമുഖമാണ് ഇന്ത്യയും ചൈനയും റഷ്യയും ബ്രസിലും ദക്ഷിണാഫ്രിക്കയും ഉള്‍പ്പെട്ട ബ്രിക്‌സ് കൂട്ടായ്മ. ഈ രാജ്യങ്ങളില്‍ കഴിഞ്ഞ രണ്ടു ദശകങ്ങളായി യു എസ് ഉള്‍പ്പെട്ട വികസിത ഒന്നാം ലോക രാഷ്ട്രങ്ങളെ അമ്പരപ്പിക്കുന്ന സാമ്പത്തിക മുന്നേറ്റമാണ് കാഴ്ച വെക്കുന്നത്. അടുത്ത രണ്ട് ദശകങ്ങള്‍ക്കുള്ളില്‍ ഇന്ത്യയും ചൈനയും ലോക സമ്പദ്ഘടനയുടെ കേന്ദ്ര സ്ഥാനത്തേക്ക് ഉയര്‍ന്നുവരുമെന്ന് കരുതപ്പെടുന്നു. എണ്ണ, പ്രകൃതിവാതക സമ്പത്തിന്റെ കാര്യത്തില്‍ ലോക രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്ന വെനസ്വേലയെ തുടര്‍ന്ന് ബ്രസിലിലും വന്‍ നിക്ഷേപങ്ങള്‍ കണ്ടെത്തുകയുണ്ടായി. 2008 ല്‍ ആരംഭിച്ച സാമ്പത്തിക തകര്‍ച്ചയുടെ കരിനിഴലില്‍ നിന്നും ഇനിയും രക്ഷപ്പെടാന്‍ ക്ലേശിക്കുന്ന യു എസ് തങ്ങളുടെ ആഗോള നേതൃപദവി വെല്ലുവളിക്കപ്പെടുമെന്ന കടുത്ത ഉല്‍ക്കണ്ഠയിലാണ്. അതാണ് ലോകത്തെ ആകെ തങ്ങളുടെ നിരീക്ഷണ വലയത്തില്‍ കൊണ്ടുവരാനും അട്ടിമറികള്‍ സംഘടിപ്പിക്കാനും അവരെ നിര്‍ബന്ധിതരാക്കിയത്. ബ്രസിലിനു മേല്‍ നടത്തിയ നിരീക്ഷണവും ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിച്ച രീതിയും സാമ്രാജ്യത്വത്തിന്റെ ദുഷ്ടലാക്ക് സംശയരഹിതമായി തെളിയിക്കുന്നു. ബ്രസിലിന്റെ എണ്ണ, പ്രകൃതിവാതക നിക്ഷേപം, അവയുടെ ആഗോള ലേല നടപടികള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഇത്തരത്തില്‍ രാഷ്ട്രാന്തര നിയമങ്ങള്‍ ലംഘിച്ച് പ്രയോജനപ്പെടുത്താനുള്ള ശ്രമമാണ് കണ്ടെത്തി പരാജയപ്പെടുത്തിയത്.

ഇന്ത്യന്‍ ഭരണാധികാരിവര്‍ഗം യു എസ് ചാര നിരീക്ഷണത്തോട് അവലംബിക്കുന്ന നിസാരവല്‍ക്കരണ സമീപനം അപലപനീയവും ജനവഞ്ചനയും രാജ്യദ്രോഹപരവുമാണ്. രാജ്യസുരക്ഷയുള്‍പ്പെടെ ഏതാണ്ട് എല്ലാക്കാര്യങ്ങളിലും സ്വതന്ത്ര നിലപാട് സ്വീകരിച്ചിരുന്ന ഇന്ത്യ ഉദാരവല്‍ക്കരണ ആഗോള നയങ്ങളുടെ ഭാഗമായി അവ ഒന്നൊന്നായി ഉപേക്ഷിച്ചിരിക്കുന്നു. യു എസ് നേതൃത്വം നല്‍കുന്ന ഏകധ്രുവ ലോകത്തില്‍ അവരോടുള്ള വിധേയത്വത്തില്‍ ആത്മനിര്‍വൃതി കണ്ടെത്തുന്ന ഒരു ഭരണസംവിധാനമായി സോണിയ, മന്‍മോഹന്‍ ദ്വയങ്ങള്‍ നയിക്കുന്ന രണ്ടാം യു പി എ സര്‍ക്കാര്‍ അധപതിച്ചിരിക്കുന്നു. യു എസ് ആണവ സഹകരണ കരാറിന്റെ പേരിലാണ് ഇടതുപക്ഷം യു പി എ ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിക്കേണ്ടി വന്നത്. അതേ കരാറിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റ് രൂപം നല്‍കിയ നിയമത്തെ അട്ടിമറിക്കാനുള്ള പഴുതുകള്‍ കണ്ടെത്താനുള്ള അപഹാസ്യമായ ശ്രമമാണ് മന്‍മോഹന്‍ സര്‍ക്കാര്‍ നടത്തിവരുന്നത്. കോണ്‍ഗ്രസിന്റെയും രണ്ടാം യു പി എ സര്‍ക്കാരിന്റെയും നാണം കെട്ട ആ വിധേയത്വം തന്നെയാണ് ചാരനിരീക്ഷണത്തെ ശക്തമായി അപലപിക്കാനും രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ സ്വാതന്ത്ര്യവും വ്യക്തികളുടെ സ്വകാര്യതയും സംരക്ഷിക്കുന്നതില്‍ നിന്നും വിമുഖരാക്കുന്നത്. ജനങ്ങള്‍ ഇതിനെതിരെ ശക്തമായി രംഗത്ത് വരണം.

*
ജനയുഗം മുഖപ്രസംഗം

No comments: