Thursday, September 5, 2013

കേരളം വീണ്ടും ട്രഷറി സ്തംഭനത്തിലേയ്ക്ക്

സംസ്ഥാനത്തിന് വായ്പയെടുക്കാന്‍ കേന്ദ്രത്തിന്റെ അനുവാദം വേണം. 2013-14 ധനകാര്യ വര്‍ഷത്തില്‍ കടപ്പത്രമിറക്കി 10500 കോടി രൂപ കമ്പോളത്തില്‍ നിന്ന് വായ്പയെടുക്കാനാണ് കേന്ദ്രം അനുവദിച്ചത്. മറ്റൊരു 2000 കോടി രൂപ, പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം, ചെറുകിട സമ്പാദ്യ നിക്ഷേപങ്ങള്‍, പബ്ലിക് അക്കൗണ്ടിലെ മറ്റു മിച്ചം തുടങ്ങിയവ വഴിയെല്ലാം സമാഹരിക്കാനും അനുവദിച്ചിട്ടുണ്ട്. സാധാരണഗതിയില്‍ സര്‍ക്കാര്‍ ചെലവിന്റെ 70 ശതമാനവും ധനകാര്യവര്‍ഷത്തിന്റെ രണ്ടാം പകുതിയിലാണ് ഉണ്ടാവുക. അതുകൊണ്ട് സംസ്ഥാനത്തിന് അനുവദിക്കുന്ന വായ്പയെടുക്കുക ധനകാര്യവര്‍ഷത്തിന്റെ രണ്ടാം പകുതിയിലാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അവസാനത്തെ മൂന്നു വര്‍ഷവും ആദ്യഗഡു വായ്പയെടുത്തത് ഓണത്തിനാണ്. എന്നാല്‍ നടപ്പുവര്‍ഷം എല്ലാം തലകീഴായി മറിഞ്ഞു. ഓണത്തിനു മുമ്പു തന്നെ 6500 കോടി രൂപ കടപ്പത്രമിറക്കി വായ്പയെടുത്തു കഴിഞ്ഞു. ബാക്കിയിനി ഈയിനത്തില്‍ 4000 കോടിയേ വായ്പയെടുക്കാനാവൂ. അതില്‍ 1100 കോടി രൂപ ഓണത്തിന് വായ്പയെടുക്കുകയാണ്. ബാക്കി 2900 കോടി രൂപ കമ്പോള വായ്പയിനത്തിലുണ്ടാകും.

ചെറുകിട സമ്പാദ്യം, പ്രോവിഡന്റ് ഫണ്ട് എന്നിവയില്‍ നിന്ന് എത്ര കോടി ഇതിനകം ചെലവാക്കി എന്നറിയില്ല. അവയൊന്നും ഇതുവരെ തൊട്ടിട്ടില്ല എന്ന് അനുമാനിച്ചാല്‍പോലും അടുത്ത 6 മാസത്തേയ്ക്ക് 4900 കോടി രൂപയാണുളളത്. എന്നുവെച്ചാല്‍ കേരളത്തിന് അനുവദിച്ച മൊത്തം വായ്പയുടെ ഏറിയാല്‍ 40 ശതമാനം വായ്പയാണ് ബാക്കിയുളളത്. ചെലവിന്റെ 70 ശതമാനം വരാനിരിക്കുന്നതേയുളളൂ. അതുകൊണ്ട് മാര്‍ച്ച് ആകുമ്പോഴേയ്ക്കും ഓവര്‍ഡ്രാഫ്റ്റും ട്രഷറി നിയന്ത്രണവുമെല്ലാം അനിവാര്യമായി മാറും. മറ്റൊരു രീതിയിലും വരാന്‍പോകുന്ന പ്രതിസന്ധിയെ വ്യക്തമാക്കാം. സംസ്ഥാന പദ്ധതിയുടെ 10.79 ശതമാനം മാത്രമാണ് ജൂണ്‍ അവസാനം വരെ ചെലവഴിച്ചിട്ടുളളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിയുടേത് 5.4 ശതമാനവും. പദ്ധതിയുടെ 90 ശതമാനവും ചെലവാക്കാനിരിക്കുന്നതേയുളളൂ. ഇതിനുളള പണം എവിടെ നിന്ന്? റവന്യൂ വരുമാനത്തില്‍ നിന്ന് റവന്യൂ ചെലവെല്ലാം കഴിച്ച് പദ്ധതിയ്ക്കു വേണ്ടി മിച്ചം വെയ്ക്കാന്‍ കേരളത്തിനൊന്നും ഉണ്ടാവാറില്ല. അതുകൊണ്ട് കേരളത്തിന്റെ പദ്ധതി പൂര്‍ണമായും വായ്പയെ അടിസ്ഥാനമാക്കിയാണ് നടത്തുന്നത്. വായ്പയുടെ 70 ശതമാനവും ചെലവഴിച്ചു തീര്‍ത്തിട്ടുണ്ടെങ്കില്‍ പിന്നെ പദ്ധതിയ്ക്കെങ്ങനെയാണ് പണം കണ്ടെത്തുക?

സംശയം വേണ്ട, കേരളം അതീവഗൗരവമായ ധനകാര്യ പ്രതിസന്ധിയിലേയ്ക്കു നീങ്ങുകയാണ്. ഈ സാഹചര്യമാണ് ട്രഷറി നിയന്ത്രണം വീണ്ടും അനിവാര്യമാക്കുന്നത്. കര്‍ശനമായ ചെലവു നിയന്ത്രണ സര്‍ക്കുലര്‍ ധനകാര്യവകുപ്പ് ഇറക്കി കഴിഞ്ഞു. തീരുമാനിച്ച പോസ്റ്റുകള്‍ക്ക് അംഗീകാരം തല്‍ക്കാലമില്ല എന്ന നിലപാടാണ് ധനവകുപ്പിന്. പുതിയ നിയമനങ്ങളൊന്നും പാടില്ലത്രേ. ചെലവു നിയന്ത്രണത്തിന് പണ്ട് ഏര്‍പ്പെടുത്തിയിരുന്ന മാര്‍ഗനിര്‍ദേശങ്ങളെല്ലാം പുതിയ സര്‍ക്കുലറില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. തിരുവോണം 16-ാം തീയതി ആണെങ്കിലും സെപ്തംബറില്‍ രണ്ടു ശമ്പളം ഉണ്ടാവില്ലെന്നു വ്യക്തമായി. കരാറുകാര്‍ക്ക് 4-ാം മാസം മുതലുളള തുക കുടിശ്ശികയാണ്. ട്രഷറി ഇപ്പോള്‍ത്തന്നെ വെയ്സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സിലാണ്. ഈ സ്ഥിതിവിശേഷത്തിന് ഉത്തരവാദി ആരെന്ന തര്‍ക്കത്തിലാണ് ധനമന്ത്രി കെ. എം. മാണിയും വൈദ്യുതി ട്രാന്‍സ്പോര്‍ട്ട് മന്ത്രി ആര്യാടന്‍ മുഹമ്മദും. പ്രതിസന്ധിയുണ്ട് എന്ന് രണ്ടുപേരും സമ്മതിച്ചിട്ടുണ്ട്. ധനമന്ത്രിയെ മാത്രം കുറ്റം പറയില്ല. ബജറ്റില്‍ പറഞ്ഞത് അട്ടത്തു വെച്ചിട്ട് തോന്നിയതു പോലെ ചെലവു നടത്താന്‍ തീരുമാനിക്കുന്ന മുഖ്യമന്ത്രിയും കാബിനറ്റും ഇന്നത്തെ സ്ഥിതിവിശേഷത്തിന് ഉത്തരവാദികളാണ്. പക്ഷേ, ധനമന്ത്രിയ്ക്കും ധനവകുപ്പിനുമുളള പങ്ക് ആര്‍ക്കും നിഷേധിക്കാനുമാവില്ല. ഈ സ്ഥിതിവിശേഷത്തിനു മുഖ്യകാരണം റവന്യൂ വരുമാനത്തില്‍ ഉണ്ടായ കുത്തനെയുളള ഇടിവാണ്. ലോട്ടറി ഒഴികെ എല്ലാ ഇനങ്ങളിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനം കുറഞ്ഞിരിക്കുകയാണ്.

ധനകാര്യ വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 2012-13ലും 2013-14ലും ഉണ്ടായ നികുതിവരുമാനം താഴെ കൊടുക്കുന്നു. ഇനം 2012-13 2013-14 വ്യത്യാസം (കോടിരൂപയില്‍) വാണിജ്യനികുതി 6100 5822 -4.6 % എക്സൈസ് 548 495 -9.7 % രജിസ്ട്രേഷന്‍ 764 653 -14.5 % വാഹന നികുതി 590 491 -16.8 % ആകെ 8002 7461 -6.8% സംസ്ഥാന ബജറ്റില്‍ 15-17% നികുതി വര്‍ദ്ധന പ്രതീക്ഷിച്ച സ്ഥാനത്താണ് നികുതി വരുമാനം ഏതാണ്ട് 7% കുറഞ്ഞിരിക്കുന്നത്. ഇതുതന്നെ വാറ്റ് നികുതി നിരക്ക് ഗണ്യമായി ഉയര്‍ത്തിയതിനു ശേഷമാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഉണ്ടായിരുന്ന 4% നികുതി നിരക്ക് 5%മായും 12.5 ശതമാന നിരക്ക് 14.5 ശതമാനമായും ഉയര്‍ത്തിയിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഈ നിരക്കുവര്‍ദ്ധന കൂടി ഉണ്ടായിരുന്നില്ലെങ്കില്‍ വാറ്റ് നികുതി വരുമാനം മൂന്നിലൊന്നെങ്കിലും കുറഞ്ഞേനെ. രജിസ്ട്രേഷന്‍ വരുമാനം കുറയാന്‍ കാരണം നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വേണ്ടി സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചതാണ്. നിയമസഭാ ബജറ്റ് ചര്‍ച്ചാവേളയില്‍ ഇതിന്റെ ഫലമായി നികുതിവരുമാനം കുത്തനെ ഇടിയും എന്നു ചൂണ്ടിക്കാണിച്ചതാണ്. പ്രതിപക്ഷം സാധാരണഗതിയില്‍ നികുതി നിരക്കു കൂടുതല്‍ കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്യേണ്ടത്. വന്‍കിടക്കാരുടെ ഭാഗാധാരങ്ങള്‍ക്കുപോലും 1000 രൂപ പരമാവധി നല്‍കിയാല്‍ മതി എന്നത് വന്‍കിടക്കാരെ സഹായിക്കാന്‍ വേണ്ടിയാണെന്ന് പ്രതിപക്ഷം കൃത്യമായി ചൂണ്ടിക്കാണിച്ചു. പത്തുസെന്റുകാരുടെ പേരു പറഞ്ഞായിരുന്നു ഈ ഭേദഗതി. ഇരുപതും അമ്പതും സെന്റുകാരെ ചൂണ്ടിക്കാണിച്ചായിരുന്നു ഈ ഭേദഗതി. എങ്കില്‍ ഈ നാമമത്രായ ഫീസ് ഈടാക്കുന്ന സമ്പ്രദായം ഈ പാവപ്പെട്ടവരിലേയ്ക്കു മാത്രമായി ചുരുക്കുന്നതല്ലേ ശരി എന്ന ചോദ്യത്തിനു മറുപടിയുണ്ടായില്ല. എക്സൈസ് നികുതി കുറഞ്ഞത് മദ്യഉപഭോഗം കുറഞ്ഞതുകൊണ്ടാണ് എന്നാണ് ഇപ്പോഴത്തെ വ്യാഖ്യാനം. ദൗര്‍ഭാഗ്യവശാല്‍ കേരളത്തില്‍ മദ്യത്തിന്റെ ഉപഭോഗം കുറഞ്ഞതിന് ഒരു സൂചനയുമില്ല. ബാറുകളുടെ എണ്ണം കൂടുകയാണ്.

സെക്കന്‍ഡ്സുകളും വ്യാജമദ്യവും വ്യാപിച്ചതാണ് എക്സൈസ് നികുതി കുറയാന്‍ കാരണം. മോട്ടോര്‍ വാഹനങ്ങള്‍ ഇപ്പോള്‍ അന്യസംസ്ഥാനങ്ങളിലാണ് കൂടുതല്‍ രജിസ്റ്റര്‍ ചെയ്യുന്നത്. അതുകൊണ്ടാണ് ഇതിന്റെ വരുമാനം കുറഞ്ഞിട്ടുളളത്. നികുതിപിരിവു സംവിധാനത്തിന്റെ തകര്‍ച്ചയുടെ സൂചനയാണ് വരുമാന ഇടിവ്. (ഒന്ന്), 2013 ആദ്യപാദത്തില്‍ 6640 കച്ചവടക്കാര്‍ നികുതി റിട്ടേണുകള്‍ നല്‍കിയില്ല. നല്‍കിയവരില്‍ 29584 പേരുടെ നികുതി റിട്ടേണുകളുടെ പരിശോധന ഇനിയും പൂര്‍ത്തീകരിക്കാനുണ്ട്. പരിശോധനയിലൂടെ അധികമായി നേടിയ നികുതി വരുമാനം 0.13 ശതമാനം മാത്രമാണ്. (രണ്ട്), നികുതി റിട്ടേണുകളുടെ മേല്‍പ്പറഞ്ഞ സ്ക്രൂട്ടണി കഴിഞ്ഞാല്‍ നികുതിവെട്ടിപ്പു തടയാനുളള പ്രധാനമാര്‍ഗം ഓഡിറ്റു വിസിറ്റാണ്. പ്രഥമദൃഷ്ട്യാ സംശയമുളള കടക്കാരുടെ കടയില്‍ പോയി കണക്കുകള്‍ പരിശോധിക്കണം. 2013 ഏപ്രില്‍, മെയ് മാസങ്ങളില്‍ 1356 കടക്കാരെ പരിശോധിക്കാനായിരുന്നു ടാര്‍ജെറ്റ്. പരിശോധിച്ചതാകട്ടെ, 163 കേസുകള്‍ മാത്രമാണ്. ടാര്‍ജെറ്റിന്റെ 12 ശതമാനം മാത്രം. ഇതില്‍ അസെസ്മെന്റ് പൂര്‍ത്തിയാക്കിയത് 13 കേസുകളിലാണ്. അധികമായി കിട്ടിയ നികുതി 44.6 രൂപ എന്ന എമണ്ടന്‍ തുകയും. (മൂന്ന്), അസെസ്മെന്റ് പ്രകാരം നികുതി അടയ്ക്കാത്തവരില്‍ നിന്ന് റവന്യൂ റിക്കവറി പ്രകാരം നടപടി സ്വീകരിച്ച് നികുതി വസൂലാക്കണം. റവന്യൂ റിക്കവറി നടത്തേണ്ടത് കളക്ടര്‍മാരാണ്. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന സ്റ്റേയാണ് റവന്യൂ റിക്കവറിയ്ക്കുളള ഏറ്റവും വലിയ പ്രതിബന്ധം. കോടതി സ്റ്റേകള്‍ നീക്കുന്നതിന് ഇപ്പോള്‍ ശുഷ്കാന്തിയില്ല. കളക്ടര്‍മാര്‍ക്കു പുറമെ നികുതി വകുപ്പിനു തന്നെ നേരിട്ട് കുടിശ്ശിക പിരിക്കാം. 31-05-2013ല്‍ ഇത്തരം പിരിക്കാവുന്ന കുടിശ്ശിക 214 കോടി 70 ലക്ഷം രൂപയാണ്. പിരിച്ചതാകട്ടെ 1087 രൂപ 28 പൈസയാണ്. (നാല്) കഴിഞ്ഞ വര്‍ഷം ആദ്യത്തെ രണ്ടു മാസം 716134 വാഹനങ്ങള്‍ ചെക്ക് പോസ്റ്റുകളില്‍ പരിശോധിച്ചു. ഈ വര്‍ഷമാകട്ടെ, 691980 വാഹനങ്ങളേ പരിശോധിച്ചിട്ടുളളൂ. 24154 എണ്ണത്തിന്റെ കുറവ്. ഈ പരിശോധനയില്‍ കഴിഞ്ഞ വര്‍ഷം 9667 കുറ്റകൃത്യങ്ങള്‍ കണ്ടുപിടിച്ചു. ഈ വര്‍ഷം ഇത് 8413 ആണ്. 1254ന്റെ കുറവ്. ഇതിന്റെ ഫലമായി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചെക്ക്പോസ്റ്റില്‍ ഈടാക്കിയ സെക്യൂരിറ്റി ഡെപ്പോസിറ്റില്‍ 3.54 ലക്ഷം രൂപ കുറവുണ്ടായി. ഇതിനെല്ലാം ഉപരി നികുതി വെട്ടിപ്പും അഴിമതിയും സാര്‍വത്രികമായിരിക്കുകയാണ്.

പ്രധാനപ്പെട്ട എല്ലാ ഇനങ്ങളിലും നികുതി വരുമാനം ഇടിഞ്ഞിട്ടുണ്ട്. ഇതിനു കാരണം സാമ്പത്തിക മാന്ദ്യമാണ് എന്നാണ് വ്യാഖ്യാനം. എന്നാല്‍ കേരളത്തില്‍ രൂപയുടെ മൂല്യമിടിവിന്റെ ഭാഗമായ സാമ്പത്തികമാന്ദ്യം ഇതുവരെ തുടങ്ങിയിട്ടില്ല. രൂപയുടെ വിലയിടിഞ്ഞതിന്റെ ഫലമായി വിദേശത്തു നിന്ന് നമ്മുടെ സംസ്ഥാനത്തേയ്ക്ക് വലിയ തോതില്‍ ഗള്‍ഫ് പണം ഒഴുകുകയാണ്. അതിന്റെ ഫലമായി ബാങ്കിലെ ഡെപ്പോസിറ്റുകള്‍ മാത്രമല്ല, നാട്ടിലെ ഉപഭോക്തൃ ചെലവും ഉയര്‍ന്നിട്ടുണ്ട്. നികുതി കുറയേണ്ട യാതൊരു കാര്യവുമില്ല. നികുതി കുറയാനുളളതിന്റെ യഥാര്‍ത്ഥ കാരണം ഭരണമില്ലാത്തതാണ്. ഒരു മാസം ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രി തര്‍ക്കത്തില്‍ പോയി. പിന്നെ രണ്ടുമാസം സോളാര്‍ കേസ്. എന്തു ഭരണമാണ് കഴിഞ്ഞ മൂന്നു മാസം കേരളത്തില്‍ നടന്നത്? ഒന്നു നടന്നു - അഴിമതി. പ്രാദേശിക നികുതി ഓഫീസുകളിലും ചെക്ക്പോസ്റ്റുകളിലും രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകള്‍ സര്‍വസാധാരണമാണ്. ഇവരുടെ ഇംഗിതത്തിനു നില്‍ക്കാത്ത ഉദ്യോഗസ്ഥര്‍ തലങ്ങും വിലങ്ങും സ്ഥലം മാറ്റപ്പെടുന്നു. ഒരുദാഹരണം പറയാം. എത്രയോ വര്‍ഷമായി കേരളത്തിലെ ഒരു പ്രധാന വരുമാനമാര്‍ഗമാണ് കോഴിയിറച്ചിക്കു മേലുളള നികുതി. വാറ്റു സമ്പ്രദായം വന്നപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ ഈ നികുതി നിര്‍ത്തലാക്കപ്പെട്ടു. പക്ഷേ, കേരളത്തില്‍ ഈ നികുതി നാട്ടുനടപ്പുപോലെ അംഗീകരിക്കപ്പെട്ടിട്ടുളളതിനാല്‍ തുടരുകയും ചെയ്തു. മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലാത്തതുകൊണ്ട് ഇവിടെ പാടില്ല എന്നു പറയുന്നതില്‍ യുക്തിയില്ല. മറ്റു സംസ്ഥാനങ്ങളിലില്ലാത്ത സ്കൂളും ആശുപത്രിയുമൊക്കെ കേരളത്തിലുണ്ടല്ലോ. ഇതു കച്ചവടക്കാരെ പീഡിപ്പിക്കുന്നു എന്നു പറയുന്നതിലും അര്‍ത്ഥമില്ല. കാരണം ഉപഭോക്താക്കളാണ് നികുതി നല്‍കുന്നത്. കേരളത്തിലാകട്ടെ എത്രയോ പതിറ്റാണ്ടായി ഈ നികുതി അംഗീകരിച്ചിട്ടുമുണ്ട്. ഈ നികുതി ഈടാക്കുന്നതിന് സൗകര്യമുണ്ട്. കേരളത്തിലേക്കുളള ഇറച്ചിക്കോഴി മുഴുവന്‍ തമിഴ്നാട്ടില്‍ നിന്നാണ് വരുന്നത്. അതുകൊണ്ട് ചെക്ക്പോസ്റ്റുകളില്‍ വെച്ചുതന്നെ ഇവയെല്ലാം പിരിക്കാം. ഇതിനെ മറികടക്കാന്‍ ചില വന്‍കിട കമ്പനികള്‍ കേരളത്തില്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് സബ്കോണ്‍ട്രാക്ട് കൊടുക്കാന്‍ തുടങ്ങി. കോഴിയും തീറ്റയുമെല്ലാം അവര്‍ തന്നെ നല്‍കും. കോഴിയെ കൊണ്ടുപോവുകയും ചെയ്യും. വളര്‍ത്തിയതിന് ഒരു കമ്മിഷന്‍ കൃഷിക്കാര്‍ക്കു കൊടുക്കും. രണ്ടു രീതിയിലാണ് നികുതി വെട്ടിപ്പു നടത്തുക. ചെക്ക്പോസ്റ്റിലെ അഴിമതിപ്പഴുതിലൂടെ നികുതി കൊടുക്കാതെ കേരളത്തിലേയ്ക്കു കൊണ്ടുവരാം. കേരളത്തിലെ മേല്‍പ്പറഞ്ഞ ഫാമുകളില്‍ നിന്ന് നികുതി വെട്ടിച്ച് കോഴി വില്‍ക്കാം. ഇത്തരത്തില്‍ വലിയതോതില്‍ നികുതി വെട്ടിപ്പു നടത്തിയ ഒരു കമ്പനിയെ കഴിഞ്ഞ വര്‍ഷം പിടിച്ചു. 40 രൂപ വിലയ്ക്ക് കോഴിയിറച്ചി വില്‍ക്കുന്നു എന്നായിരുന്നു അവരുടെ കണക്ക്. കേന്ദ്ര ആദായനികുതി വകുപ്പും വാണിജ്യനികുതി വകുപ്പും സംയുക്തമായാണ് ഈ ഓപ്പറേഷന്‍ നടത്തിയത്. 32 കോടി രൂപ പിഴ വിധിച്ചു. പെനാല്‍റ്റിയായി മറ്റൊരു 32 കോടിയും. അങ്ങനെ 64 കോടി രൂപ. 64 കോടിരൂപയുടെ നികുതിവെട്ടിപ്പു കണ്ടുപിടിച്ച ഉദ്യോഗസ്ഥനു പാരിതോഷികം നല്‍കുകയല്ല സര്‍ക്കാര്‍ ചെയ്തത്. അതിനുപകരം അയാളെ ഓര്‍ഡര്‍ ഇറക്കിയ ദിവസം ആദ്യം പത്തനംതിട്ടയ്ക്കു തട്ടി. അവിടെനിന്ന് കാസര്‍കോട്ട്. അവിടെ കോഴിക്കാരുടെ പരാതി വന്നപ്പോള്‍ ഇപ്പോള്‍ വയനാട്ടില്‍. ഈ കേസിന് രസകരമായ ഒരനുബന്ധമുണ്ട്.

കമ്പനി സ്റ്റേയ്ക്കായി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാകട്ടെ, സ്റ്റേ കൊടുക്കാതെ ഏതാനും കോടി രൂപ മുന്‍കൂറായി കെട്ടിവെയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ കമ്പനി അപ്പീല്‍പോയി. പക്ഷേ, അപ്പോഴേയ്ക്കും മുന്‍കൂറായി നല്‍കിയ ഡ്രാഫ്റ്റ് തിരികെ നല്‍കാന്‍ റവന്യൂ മന്ത്രിയുടെ വാക്കാല്‍ നിര്‍ദേശം തഹസീല്‍ദാര്‍ക്കു കിട്ടി. വാണിജ്യവകുപ്പുദ്യോഗസ്ഥര്‍ ഈ നീക്കത്തെ എതിര്‍ത്തു. റവന്യൂ മന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് ഡ്രാഫ്റ്റ് തിരിച്ചു നല്‍കുന്നുവെന്ന് തഹസീല്‍ദാര്‍ രേഖാമൂലം നല്‍കി. ഈ കത്ത് ടെലിവിഷനില്‍ വന്നതോടെ ആകെ പുകിലായി. ഡിവിഷന്‍ ബെഞ്ച് കമ്പനിയുടെ അപ്പീല്‍ തളളി. ഇപ്പോള്‍ കേസ് സുപ്രിംകോടതിയിലാണ്. കേസ് ഇങ്ങനെ നടക്കുമ്പോള്‍ കോഴിയുടെ മേലുളള നികുതിയേ ഇല്ലാതാക്കാനുളള പരിശ്രമമാണ് നടക്കുന്നത്. ഇതിനു വേണ്ടി വലിയ തോതിലുളള പിരിവു നടക്കുന്നു എന്നത് അങ്ങാടിപ്പാട്ടാണ്.

നികുതി നിരക്കു സംബന്ധിച്ച് തര്‍ക്കം നടക്കവെയാണ് നികുതിവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ കോഴിയിറച്ചിയുടെ തറവില പുതുക്കി നിശ്ചയിച്ചത്. 70 രൂപയില്‍ നിന്ന് 95 രൂപയായി തറവില ഉയര്‍ത്തി. സ്വാഭാവികമായി ഇതിനെതിരെ ശക്തമായ പ്രതികരണമുണ്ടായി. കോഴിക്കച്ചവടക്കാര്‍ സമരത്തിന് നോട്ടീസ് നല്‍കാന്‍ പോകുന്നു എന്നാണു കേള്‍ക്കുന്നത്. ഓണക്കാലത്ത് കേരളത്തിലേക്കുളള കോഴിയിറച്ചിയുടെ വരവു നില്‍ക്കും. സമരം തീര്‍ക്കാനുളള ഒത്തുതീര്‍പ്പെന്ന നിലയില്‍ ഇന്നുളള 14.5 ശതമാനം നികുതി നിരക്ക് അഞ്ചായി കുറയ്ക്കാനാണ് നീക്കം. എങ്ങനെയിരിക്കുന്നു കഥ?

നികുതിയിളവു നല്‍കണമെങ്കില്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി നിയമസഭയില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണം. അതല്ലാതെ ബജറ്റിനു പുറത്ത് ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ നികുതിയിളവുകള്‍ നല്‍കുന്നത് അംഗീകരിക്കാനാവില്ല. ഒരു കേസ് മാത്രമാണ് ഞാനിവിടെ വിശദീകരിച്ചത്. ഇതുപോലെ പലതുമുണ്ട്. അനധികൃതമായ സ്റ്റേകളും രാഷ്ട്രീയ ഇടപെടലുകളും മൂലം നികുതി വരുമാനം കുറഞ്ഞതും ഗൗരവമായി പരിശോധിക്കേണ്ടതാണ്. റവന്യൂ ചെലവുകള്‍ കുത്തഴിഞ്ഞതും പ്രതിസന്ധിയ്ക്കു കാരണമാണ്. ഇതിനുത്തരവാദിത്വം ആര്യാടന്റെ വകുപ്പുകളായ ട്രാന്‍സ്പോര്‍ട്ടിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും മേല്‍ കെട്ടിവെയ്ക്കാനാണ് ധനമന്ത്രി ശ്രമിക്കുന്നത്. ഈ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പണം അനുവദിക്കണമെന്ന കാര്യത്തില്‍ നിയമസഭയില്‍ അഭിപ്രായ സമന്വയം ഉണ്ടായിരുന്നു. എന്നിട്ടും ആവശ്യമായ പണം വകയിരുത്താന്‍ കഴിയാതെ പോയത് യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ മുന്‍ഗണനകള്‍ മൂലമാണ്.

ധൂര്‍ത്തും വകതിരിവില്ലാത്ത അധികചെലവും കൂടി കേരളത്തില്‍ റവന്യൂ കമ്മി വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്. ധനകാര്യകമ്മിഷന്റെ തീര്‍പ്പുപ്രകാരം കേരളം അടുത്ത വര്‍ഷം റവന്യൂ കമ്മി ഇല്ലാതാക്കേണ്ടതാണ്. നടപ്പുവര്‍ഷത്തിലും റവന്യൂകമ്മിയ്ക്ക് ടാര്‍ജറ്റ് ഉണ്ട്. ഇതെല്ലാം തകിടം മറിയാന്‍ പോവുകയാണ്. ഇതിന്റെ ഫലമായി ധനകാര്യ കമ്മിഷന്റെ പ്രത്യേക ധനസഹായങ്ങളെല്ലാം കേരളത്തിന് നഷ്ടപ്പെടും. കഴിഞ്ഞ സര്‍ക്കാര്‍ കേരളത്തിന്റെ ധനസ്ഥിതി തകര്‍ത്തുവെന്ന ആരോപണവുമായി ഈ സര്‍ക്കാര്‍ അധികാരമേറ്റയുടനെ ധവളപത്രം പുറപ്പെടുവിച്ചിരുന്നു. ഇത് ശരിയല്ല എന്ന് കാര്യവിവരമുളളവരെല്ലാം ചൂണ്ടിക്കാണിച്ചതാണ്. യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യരണ്ടു വര്‍ഷങ്ങളില്‍ ധനപ്രതിസന്ധിയില്ല എന്ന നിലപാടാണ് ഞാനെടുത്തുവന്നത്. എന്നാല്‍ ഇന്ന് സ്ഥിതിഗതികളാകെ തകിടം മറിഞ്ഞിരിക്കുന്നു. വരുമാനമിടിഞ്ഞതും ചെലവേറിയതും കേരളത്തെ അതിവേഗത്തില്‍ അഭിശപ്തമായ പഴയ ധനകാര്യസ്ഥിതിയിലേയ്ക്കു തളളിവിടുകയാണ്.

*
ഡോ. ടി എം തോമസ് ഐസക് chintha weekly 06 September 2013

No comments: