Thursday, September 12, 2013

റഷ്യയുടെ മുന്‍കൈ

സിറിയക്കുമേല്‍ ഉരുണ്ടുകൂടിയ യുദ്ധമേഘങ്ങള്‍ ഒഴിഞ്ഞുപോകുന്നതിന്റെ സൂചനകളാണ് ഈ ദിവസങ്ങളില്‍ ഉണ്ടാകുന്നത് എന്നത് ശുഭോദര്‍ക്കമാണ്. കനത്തുവന്ന യുദ്ധാന്തരീക്ഷത്തില്‍ അയവുവരുത്തുന്നതിന് റഷ്യ എടുത്ത നയതന്ത്ര മുന്‍കൈ സ്വാഗതാര്‍ഹമാണ്. റഷ്യ മുന്നോട്ടുവയ്ക്കുന്ന ചര്‍ച്ചയുടെ ഫോര്‍മുല സ്വീകര്യമാവുമെങ്കില്‍ ഇനിയും യുദ്ധാന്തരീക്ഷത്തിന് അയവുവരും. ഈ വഴിക്കുള്ള നീക്കങ്ങള്‍ക്ക് ശക്തിപകരുകയാണ് ഈ ഘട്ടത്തില്‍ യുഎന്‍ രക്ഷാസമിതി ചെയ്യേണ്ടത്. അവരതു ചെയ്യുമെന്നു പ്രത്യാശിക്കുക.

വന്‍ രാസായുധശേഖരം തങ്ങളുടെ പക്കല്‍ ഇല്ലെന്നും രാസായുധം പ്രയോഗിച്ചിട്ടില്ലെന്നും ഉണ്ടെന്നുള്ളത് അമേരിക്കയുടെ കുപ്രചാരണം മാത്രമാണെന്നുമാണ് സിറിയ ആവര്‍ത്തിക്കുന്നത്. ഇസ്രയേലിനെ നേരിടാന്‍ വേണ്ട പരിമിതമായ യുദ്ധസജ്ജതയാണ് തങ്ങള്‍ നിലനിര്‍ത്തിയിട്ടുള്ളതെന്നും അവര്‍ പറയുന്നുണ്ട്. അതിനെ അവിശ്വസിക്കേണ്ട കാര്യമില്ല. ഇത്തരം കള്ള ആരോപണങ്ങള്‍ ഇറാഖിനെ ആക്രമിക്കുംമുമ്പ് അമേരിക്ക ഉയര്‍ത്തിയിരുന്നു എന്ന പശ്ചാത്തലത്തില്‍ സിറിയയുടെ നിലപാടിന് പ്രസക്തിയേറുന്നുണ്ടുതാനും.

വന്‍ രാസായുധശേഖരമില്ല എന്നതുകൊണ്ടുതന്നെ രാസായുധ നിര്‍വീര്യവല്‍ക്കരണം സംബന്ധിച്ച റഷ്യയുടെ നിര്‍ദേശത്തോട് വിയോജിക്കാന്‍ സിറിയക്ക് കാരണമേതുമില്ല. അതുകൊണ്ടുകൂടിയാവണം റഷ്യന്‍ നിര്‍ദേശത്തോട് "ഡമാസ്കസ്" അനുകൂലമായി പ്രതികരിച്ചത്. രാസായുധം കൈമാറുകയോ നിര്‍വീര്യവല്‍ക്കരിക്കുകയോ ചെയ്യുക എന്നതു സംബന്ധിച്ച് ചര്‍ച്ചനടത്താന്‍ വിസമ്മതമില്ല എന്ന ബാഷര്‍ അല്‍ അസദ് ഭരണത്തിന്റെ നിലപാടുതന്നെ അവരുടെ ഇതുവരെയുള്ള നിലപാടിന് വിശ്വാസ്യതയേറ്റുന്നുണ്ട്. വന്‍തോതില്‍ വിഷവാതക രാസായുധശേഖരം ഇല്ലായെങ്കില്‍, അതു കൈമാറണമെന്ന നിര്‍ദേശം ചര്‍ച്ചചെയ്യുന്നതുകൊണ്ട് സിറിയക്ക് ഒരു നഷ്ടവും വരാനില്ലല്ലോ. ഈ നിലപാട് സിറിയക്ക് അന്താരാഷ്ട്രരംഗത്ത് ധാര്‍മികമായ ഒരു മേല്‍ക്കൈ നേടിക്കൊടുത്തുവെന്നുവേണം പറയാന്‍. ഒപ്പം, യുദ്ധഭ്രാന്തുമായി നിന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ തന്ത്രങ്ങളെ ഇതു ദുര്‍ബലപ്പെടുത്തുന്നുമുണ്ട്.

അമേരിക്കയും മുഖം രക്ഷിച്ചെടുക്കാന്‍ വ്യഗ്രതപ്പെടുന്ന ഘട്ടമാണിത്. റഷ്യ, ചൈന, യുഎന്‍ രക്ഷാസമിതി എന്നിവയുടെ നിലപാടുകള്‍, അറബ്ലോകത്തിന്റെ നഷ്ടപ്പെടാനിടയുള്ള അനുകൂലമനോഭാവം, അമേരിക്കന്‍ കോണ്‍ഗ്രസില്‍നിന്ന് അത്രവേഗത്തില്‍ കിട്ടാനിടയില്ലാത്ത യുദ്ധാനുമതി, അമേരിക്കയില്‍ നടന്ന അഭിപ്രായവോട്ടെടുപ്പില്‍ 63 ശതമാനത്തോളംപേര്‍ യുദ്ധത്തിനെതിരായി അഭിപ്രായം പറഞ്ഞുവെന്ന വസ്തുത തുടങ്ങിയവയൊക്കെ എടുത്തുചാട്ടത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ബറാക് ഒബാമയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടായിരുന്നു. ഏതാണ്ട് യുദ്ധപ്രഖ്യാപനത്തിന്റെ വക്കിലെത്തിയിട്ട് പിന്‍വാങ്ങുന്നതിലെ നാണക്കേട് ഒഴിവാക്കാന്‍കൂടി സഹായകമാവുന്നുണ്ട് റഷ്യ എടുത്തിട്ടുള്ള നയതന്ത്രമുന്‍കൈ. സിറിയയെ ആക്രമിച്ചാലത് ഇന്നത്തെ നിലയില്‍ ആ മേഖലയില്‍മാത്രം ഒതുങ്ങില്ല. എണ്ണവിലയിലും ആഗോള സമ്പദ്ഘടനയിലുംവരെ അതു പ്രത്യാഘാതമുണ്ടാക്കും. പ്രതിസന്ധിയില്‍പെട്ടുഴലുന്ന അമേരിക്കന്‍ സമ്പദ്ഘടനയ്ക്ക് ഇറാഖിനു പിന്നാലെ സിറിയയില്‍കൂടി യുദ്ധച്ചെലവുണ്ടായാലത് താങ്ങാന്‍ എളുപ്പമല്ല. ഇക്കാര്യങ്ങളും പിന്തിരിയാന്‍ അമേരിക്കയെ പ്രേരിപ്പിക്കുന്നുണ്ട്.

ഒരര്‍ഥത്തില്‍ പ്രച്ഛന്നവേഷത്തില്‍ വന്ന ഒരു അനുഗ്രഹമാണ് ഒബാമയ്ക്കും ഈ റഷ്യന്‍ മുന്‍കൈ. സിറിയ ആക്രമിക്കപ്പെടുകയും ബാഷര്‍ അല്‍ അസദ് പുറത്താവുകയും ചെയ്യുന്നതോടെ വംശീയ കലാപങ്ങളുടെ തീച്ചൂളയിലേക്ക് എടുത്തെറിയപ്പെടുന്ന സിറിയ ഏതു വഴിക്കാവും നാളെ തിരിയുക എന്നു പറയുകവയ്യ. അലവി, സുന്നി തുടങ്ങി വിവിധ വംശീയതകള്‍ പരസ്പരപോരിലാണ്. സിറിയന്‍ വിമതരെ സഹായിക്കുന്ന സുന്നി രാഷ്ട്രങ്ങള്‍ ആഗ്രഹിക്കുന്ന നിലയിലുമല്ല കാര്യങ്ങള്‍ ചെന്നെത്തുക. ഭീകരരുടെ കൈപ്പിടിയിലേക്ക് സിറിയ ചെന്നുവീഴാം. സിറിയയില്‍നിന്ന് യുദ്ധം ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് കത്തിപ്പടരാം. ഇത്തരമൊരു സാഹചര്യത്തില്‍ ആക്രമണം ആപത്താണെന്ന് കരുതുന്നവര്‍ അമേരിക്കയില്‍തന്നെ ഒബാമയ്ക്കെതിരെ ശബ്ദമുയര്‍ത്തിത്തുടങ്ങിയിട്ടുണ്ട്. ആ ശബ്ദം ശക്തവുമാണ്.

സിറിയയില്‍ രാസായുധവും വിഷവാതകവും ഉണ്ടെങ്കില്‍ അത് നിര്‍വീര്യമാക്കാനുള്ള ചര്‍ച്ചകള്‍ സിറിയയെയും അമേരിക്കയെയും ഒരുപോലെ വിശ്വാസത്തിലെടുത്തു മുന്നോട്ടുകൊണ്ടുപോകാമെന്നതാണ് റഷ്യയുടെ ഫോര്‍മുല. ഇതു യുഎന്‍ രക്ഷാസമിതിയില്‍ ചര്‍ച്ചചെയ്യാന്‍ സമ്മതമാണെന്ന ഒബാമയുടെ നിലപാട് അവര്‍ ഇതുവരെ തുടര്‍ന്ന കാര്‍ക്കശ്യത്തില്‍ വരുന്ന അയവിനെ കുറിക്കുന്നു. ഒബാമ ഈ നിലപാട് പ്രഖ്യാപിച്ചത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണുമായും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഓളന്ദുമായും ചര്‍ച്ചചെയ്തശേഷമാണ്. ആ നിലയ്ക്ക് ഇക്കാര്യത്തില്‍ ഒബാമയുടെ വാക്കുകള്‍ അവരുടെ അഭിപ്രായത്തെക്കൂടി പ്രതിഫലിപ്പിക്കുന്നുണ്ട് എന്നുവേണം കാണാന്‍.

റഷ്യയുടെ നിര്‍ദേശത്തെ ഇന്ത്യയും ചൈനയും പിന്തുണച്ചുവെന്നതും സ്വാഗതാര്‍ഹമാണ്. പല ബ്രിക്സ് രാജ്യങ്ങളും ഇതിനൊപ്പമുണ്ട്. ആണവസജ്ജതയുള്ള ഇസ്രയേല്‍ ആക്രമിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന ഘട്ടത്തിലാണ് സിറിയ റഷ്യന്‍ നിര്‍ദേശത്തോട് സഹകരിക്കുന്നത് എന്നോര്‍ക്കണം. ആ നിലയ്ക്ക് ഇസ്രയേലിന്റെ മുമ്പില്‍ സിറിയയെ നിരായുധീകരിച്ച് നിര്‍ത്തുമ്പോള്‍ സിറിയയുടെ നിലനില്‍പ്പിനും അതിജീവനത്തിനും വേണ്ട എല്ലാ പിന്തുണയും എല്ലാ അര്‍ഥത്തിലും നല്‍കാന്‍ റഷ്യ ബാധ്യസ്ഥമാവുക കൂടി ചെയ്യുന്നുണ്ട്.

*
ദേശാഭിമാനി മുഖപ്രസംഗം 12 സെപ്തംബര്‍ 2013

No comments: