Wednesday, September 18, 2013

പോരാട്ട വഴികളിലെ ആശാന്‍

സെക്രട്ടറിയേറ്റ് ഉപരോധ സമരഭൂമിയില്‍  വെളിയം ഭാര്‍ഗവൻ എത്തിയപ്പോൾ
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഒരു മാസം മുമ്പ് പതിനായിരങ്ങള്‍ സെക്രട്ടറിയേറ്റ് ഉപരോധിച്ചപ്പോള്‍ ആ സമരഭൂമിയില്‍ ആവേശം പകരാനെത്തിയവരില്‍ വെളിയം ഭാര്‍ഗവനുണ്ടായിരുന്നു. അനാരോഗ്യത്തിനും അവശതയ്ക്കും അവധി നല്‍കി സമരഭൂമിയിലെത്തിയ ആശാന്‍ ആവേശമായി. ഈ സമരോന്മുഖതയായിരുന്നു വെളിയത്തിന്റെ മുഖമുദ്ര. അവസാനം നിമിഷം വരെ അദ്ദേഹം ആ പോരാട്ടവീര്യം നിലനിര്‍ത്തി.

വേദങ്ങളും ഉപനിഷത്തുക്കളും സ്വായത്തമാക്കി, സന്യാസമാണ് തന്റെ വഴിയെന്ന് ഉറപ്പിച്ച ഒരു കാലമുണ്ടായിരുന്നു ഭാര്‍ഗവന്. കാവിയുടുത്ത് തല മുണ്ഡനം ചെയ്ത് സന്യാസിയായി അലഞ്ഞു- മൂന്നുവര്‍ഷത്തോളം. എന്നാല്‍ സഞ്ചരിച്ച ഇടങ്ങളിലെല്ലാം കപടമുഖങ്ങളായിരുന്നു ആ പയ്യന് കണ്ടെത്താന്‍ കഴിഞ്ഞത്- അതോടെ തന്റെ പാത സന്യസമല്ലെന്ന തിരിച്ചറിവുണ്ടായി. ആ തിരിച്ചറിവാണ് ഭാര്‍ഗവനെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായ വെളിയം ഭാര്‍ഗവനാക്കി മാറ്റിയത്.

നാട്ടുകാര്‍ക്കിടയിലെ സഖാവും സഹപ്രവര്‍ത്തകര്‍ക്കിടയിലെ ആശാനുമായി അദ്ദേഹം ജീവിച്ചു. കര്‍ഷകര്‍ക്കും കര്‍ഷകതൊഴിലാളികള്‍ക്കും അടിയാളര്‍ക്കും ചൂഷിതര്‍ക്കും തന്നെ ആവശ്യമുണ്ടെന്ന് മനസിലാക്കിയപ്പോള്‍ കേരളത്തിന് ഒരു പോരാട്ടനായകനെ ലഭിക്കുകയായിരുന്നു. സമൂഹത്തിലെ അടിസ്ഥാന വര്‍ഗങ്ങളും തൊഴിലാളികളും മനുഷ്യരാണെന്ന് ബോധ്യപ്പെടുത്താനും അവര്‍ക്ക് സമൂഹത്തില്‍ തലയുയര്‍ത്തി ജീവിക്കാനുമുള്ള പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. അവരുടെ വേദനകള്‍ക്ക് ആശ്വാസമായി; പിന്നീടുള്ള പോരാട്ടം പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ളതായിരുന്നു. ലാളിത്യത്തിന്റെ നേതാവായി അദ്ദേഹം അറിയപ്പെട്ടു. ഒളിവിലും തെളിവിലുമായി അദ്ദേഹം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നയിച്ചു. വെളിയം ഭാര്‍ഗവന്‍ എന്ന പേര് പോരാട്ട ചരിത്രത്തിലെ ജ്വലിക്കുന്ന ഏടായി എഴുതിച്ചേര്‍ത്തു.

പോരാട്ടങ്ങളുടെ തീച്ചൂളയില്‍ വളര്‍ന്നു വന്ന വെളിയം ഭാര്‍ഗവന്റെ ജീവിതം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുവേണ്ടിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ടിയെ നിരോധിച്ചപ്പോള്‍ അതിന്റെ നേതൃസ്ഥാനത്തുനിന്ന് പാര്‍ടിക്കുവേണ്ടി പ്രവര്‍ത്തിച്ചു. ഒരുപാട് മര്‍ദനങ്ങള്‍ ഏറ്റുവാങ്ങി. കൊല്ലം എസ്എന്‍ കോളേജിലെ വിദ്യാഭ്യാസകാലഘട്ടമായിരുന്നു വെളിയം ഭാര്‍ഗവന്‍ എന്ന കമ്മ്യൂണിസ്റ്റ് നേതാവിനെ വളര്‍ത്തിയെടുത്തത്. എഐഎസ്എഫിന്റെ നേതാവായി. വിദ്യാര്‍ഥി പ്രസ്ഥാനത്തിലെ തീപ്പൊരിയായി മാറി. കൂട്ടിന് ഒ എന്‍ വിയും തിരുനല്ലൂരും തെങ്ങമവും ഒ മാധവനും പുതുശ്ശേരിയുമൊക്കെയുണ്ടായിരുന്നു. ഒട്ടനവധി പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി. പോരാട്ടങ്ങളുടെ അനുഭവങ്ങളും രാഷ്ട്രീയകാഴ്ചപ്പാടും ജനകീയ പ്രശ്നപരിഹാരത്തിലെ മികവും വെളിയത്തെ മികച്ച രാഷ്ട്രീയ നേതാവാക്കി. പഠനശേഷം ലഭിക്കുമായിരുന്ന ഉന്നത ഉദ്യോഗങ്ങള്‍ക്കു പിന്നാലെയല്ല വെളിയം പോയത്. പകരം ജീവിക്കാന്‍വേണ്ടി പോരടിക്കുന്നവന്റെ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനായിരുന്നു.

പൊലീസിന്റെ കൊടിയ മര്‍ദ്ദനങ്ങള്‍ക്കുമുന്നിലൊന്നും അദ്ദേഹം നട്ടെല്ലുവളച്ചില്ല. കേരളക്കരയാകെ പിടിച്ചുകുലുക്കിയ 54 ലെ ട്രാന്‍സ്പോര്‍ട്ട് സമരകാലത്ത് പൊലീസിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായി. കൊടിലുപയോഗിച്ച് മീശയും തലമുടിയും പിഴുതു. ഇടികൊണ്ടു നട്ടെല്ല് പൊട്ടി. വെളിയം തകര്‍ന്നില്ല. പൂര്‍വാധികം ശക്തിയോടെ അദ്ദേഹം പോരാട്ടം തുടര്‍ന്നു. . കേരളപ്പിറവിക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ചിറയിന്‍കീഴ് പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്ന് മത്സരിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നെങ്കിലും അദ്ദേഹം നിരസിക്കുകയാണ് ചെയ്തത്. ഒടുവില്‍ ചടയമംഗലം അസംബ്ലി മണ്ഡലത്തില്‍നിന്ന് മത്സരിക്കുവാന്‍ നിര്‍ബന്ധിതനായി. വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച അദ്ദേഹം 1960ല്‍ വീണ്ടും ചടയമംഗലത്തുനിന്നും നിയമസഭയിലെത്തി. അതിന് ശേഷം അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല.

57ലെ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണ വേളയില്‍ ഭരണപക്ഷത്തുനിന്ന് ആദ്യം പ്രസംഗിച്ചതും വെളിയമായിരുന്നു. ധനശാസ്ത്രത്തിലുള്ള വെളിയത്തിന്റെ പരിജ്ഞാനം വ്യക്തമാക്കുന്നതായിരുന്നു പ്രഭാഷണം. ചുരുങ്ങിയ കാലംകൊണ്ടുതന്നെ മികച്ച സാമാജികന്‍ എന്ന പേര് സമ്പാദിച്ചു. പറയാനുള്ളത് ആരുടേയും മുഖത്തു നോക്കി പറയാനുള്ള ആര്‍ജവം എന്നും കാണിച്ച വെളിയം പാര്‍ട്ടി കാര്യങ്ങളില്‍ കണിശക്കാരനും കമ്മിറ്റികളില്‍ കലാപകാരിയുമായിരുന്നു. ക്ഷോഭിക്കുന്ന പ്രകൃതത്തിലൂടെ തന്നെ സഹപ്രവര്‍ത്തകരുടെ പ്രിയ സഖാവായി.

പ്രക്ഷോഭ സമരങ്ങളില്‍ മികച്ച വാഗ്മിയും പ്രാസംഗികനുമായിരുന്ന അദ്ദേഹത്തിന്റെ സാന്നിധ്യം അണികളില്‍ ആവേശം സൃഷ്ടിച്ചു. പാര്‍ട്ടിയെയും ബഹുജന പ്രസ്ഥാനങ്ങളെയും കൂടുതല്‍ സമരോന്മുഖമാക്കി. തൊഴിലാളികളെയും കര്‍ഷകരെയും പാവപ്പെട്ടവരേയും മനുഷ്യരാക്കി മാറ്റാന്‍ കമ്മ്യൂണിസ്റ്റുകാര്‍ നടത്തുന്ന പോരാട്ടത്തിന്റെ വഴികളിലേയ്ക്കായിരുന്നു അദ്ദേഹത്തിന്റെ യാത്ര. രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളില്‍ ജനകീയവും നിശ്ചയദാര്‍ഢ്യവുമുള്ള നിലപാടുകള്‍ സ്വീകരിച്ചു.

*
ദേശാഭിമാനി

No comments: