Thursday, September 26, 2013

അമേരിക്കയുടെ പിന്മാറ്റം - പ്രകാശ് കാരാട്ട്

ആഗസ്ത് 29ന് പ്രസിദ്ധീകരിച്ച ഈ കോളത്തില്‍ അമേരിക്ക സിറിയയെ ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ഞാന്‍ എഴുതുകയുണ്ടായി. സൈനികാക്രമണത്തിന് ഉത്തരവിടുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ പ്രഖ്യാപിച്ചിരുന്നു. ആക്രമണത്തിന് എല്ലാ തയ്യാറെടുപ്പും നടത്തിയെങ്കിലും അതുണ്ടായില്ല. ചരിത്രത്തില്‍ ആദ്യമായാണ് അമേരിക്കന്‍ പ്രസിഡന്റ് ആക്രമണം പ്രഖ്യാപിച്ചിട്ട് അതില്‍നിന്ന് പിന്മാറുന്നത്. എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്? ഇതിന്റെ പ്രാധാന്യം എന്ത്?

സിറിയയില്‍ സൈനികമായി ഇടപെടാന്‍ അമേരിക്ക കുറച്ചുകാലമായി ശ്രമിക്കുകയാണ്. സിറിയന്‍ സര്‍ക്കാര്‍ വിമതര്‍ക്കെതിരെ രാസായുധം പ്രയോഗിച്ചെന്ന് പറഞ്ഞാണ് അമേരിക്ക സൈനികാക്രമണം പ്രഖ്യാപിച്ചത്. ഒബാമയുടെ ഈ നീക്കത്തിന് ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും പിന്തുണയും ലഭിച്ചു. (ഇരു രാഷ്ട്രങ്ങളും നാറ്റോ സഖ്യാംഗങ്ങളാണ്) ബ്രിട്ടനും ഫ്രാന്‍സും പശ്ചിമേഷ്യയിലെ മുന്‍ കൊളോണിയല്‍ മേധാവികളാണ്. അതുകൊണ്ടുതന്നെ ഈ രണ്ട് രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ സിറിയക്കെതിരെയുള്ള ആക്രമണത്തില്‍ പങ്കുചേരാന്‍ അതീവതാല്‍പ്പര്യം കാട്ടുകയും ചെയ്തു.

എന്നാല്‍, സംഭവങ്ങള്‍ ഒരു ഘട്ടത്തില്‍ മറാന്‍തുടങ്ങി. സൈനികാക്രമണത്തിന് പാര്‍ലമെന്റിന്റെ അനുവാദംതേടാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ തീരുമാനിച്ചു. കാമറോണ്‍ ഇത് ചെയ്തത് ബ്രിട്ടനിലെ പൊതുവികാരം മറ്റൊരു ആക്രമണത്തിന് ശക്തമായി എതിരായതിനാലാണ്. ഇറാഖ് അധിനിവേശത്തില്‍ ജോര്‍ജ് ബുഷിനൊപ്പം അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണിബ്ലെയര്‍ ആവേശത്തോടെ പങ്കെടുത്തപ്പോഴും ജനവികാരം അതിനെതിരായിരുന്നു. ആഗസ്ത് 29ന് ബ്രിട്ടീഷ് പാര്‍ലമെന്റ് ചേര്‍ന്നപ്പോള്‍ സിറിയക്കെതിരെയുള്ള സൈനികാക്രമണത്തിന്റെ പ്രമേയം പരിഗണിച്ചെങ്കിലും പരാജയപ്പെട്ടു. പ്രമേയത്തിനെതിരെ പ്രതിപക്ഷ എംപിമാരോടൊപ്പം ഭരണപക്ഷ എംപിമാരും വോട്ട് ചെയ്തു. പ്രമേയം പരാജയപ്പെട്ടതോടെ ബ്രിട്ടന് ആക്രമണത്തില്‍ പങ്കെടുക്കാന്‍ കഴിയാതായി.

സൈനികാക്രമണത്തിന് എല്ലാ ഒരുക്കങ്ങളും തുടങ്ങിയ ബറാക് ഒബാമയും ഇതോടെ സൈനികനടപടിക്കായി അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അംഗീകാരം തേടുമെന്ന് പ്രഖ്യാപിച്ചു. ഭൂരിപക്ഷം അമേരിക്കക്കാരും രാജ്യം മറ്റൊരു യുദ്ധത്തില്‍ പങ്കാളിയാകുന്നതിന് എതിരാണെന്ന് അഭിപ്രായവോട്ടെടുപ്പുകളില്‍ തെളിഞ്ഞതോടെയാണ് ഇത്തരമൊരു പ്രഖ്യാപനത്തിന് ഒബാമ നിര്‍ബന്ധിതനായത്. പിന്തുണ ഉറപ്പാക്കാന്‍ ഒബാമ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും കോണ്‍ഗ്രസിലെ ഇരുസഭയിലും സൈനികനടപടിക്കെതിരെ ശക്തമായ പ്രതിഷേധം അലയടിക്കുന്നതായി അദ്ദേഹത്തിന് മനസ്സിലായി. അതിനിടയിലാണ് ജി-20 ഉച്ചകോടി റഷ്യയിലെ സെന്റ്പീറ്റേഴ്സ്ബര്‍ഗില്‍ ചേര്‍ന്നത്. ഒബാമയും ഈ ഉച്ചകോടിയില്‍ പങ്കെടുത്തു. ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനാണ് അമേരിക്കന്‍ സൈനിക ഇടപെടലിനെതിരെയുള്ള പ്രതിഷേധത്തിന് നേതൃത്വംനല്‍കിയത്. ജി-20 ലെ ഭൂരിപക്ഷം രാജ്യങ്ങളും തന്റെ നിലപാടിന് പിന്തുണ നല്‍കുന്നില്ലെന്ന് ഒബാമയ്ക്ക് മനസ്സിലായി. ഐക്യരാഷ്ട്രസംഘടനയുടെ അംഗീകാരമില്ലാതെ സൈനികനടപടി സ്വീകരിക്കരുതെന്ന് ബ്രിക്സ് രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും നിലപാടെടുത്തു. സൈനികനടപടിക്ക് യുഎന്‍ അനുമതി ലഭിക്കുക അസാധ്യമായിരുന്നു. കാരണം, സിറിയയില്‍ ഇടപെടണമെന്ന പാശ്ചാത്യശക്തികളുടെ രണ്ട് പ്രമേയങ്ങള്‍ യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ റഷ്യയും ചൈനയും കഴിഞ്ഞവര്‍ഷം വീറ്റോ ചെയ്തിരുന്നു.

രാസായുധം ഉപയോഗിച്ചെന്നുപറഞ്ഞ് സിറിയക്കെതിരെ സൈനികനടപടി ആവശ്യപ്പെട്ട് അറബ് ലീഗ് ഒരു പ്രമേയം പാസാക്കണമെന്ന് അമേരിക്ക ആഗ്രഹിച്ചു. എന്നാല്‍, അത്തരമൊരു പ്രമേയവും പാസാക്കപ്പെട്ടില്ല. ഈജിപ്ത്, ഇറാഖ്, അള്‍ജീരിയ, ലെബനണ്‍ എന്നീ രാജ്യങ്ങളുടെ എതിര്‍പ്പാണ് അതിനു കാരണം. ഈയൊരു ഘട്ടത്തിലാണ് സൈനികനടപടിക്ക് പിന്തുണ തേടി യൂറോപ്യന്‍ തലസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചുവരുന്ന അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍കെറി പല കാര്യങ്ങള്‍ പറയുന്നതിനിടയില്‍, സിറിയ ഒരാഴ്ചയ്ക്കകം രാസായുധങ്ങള്‍ അടിയറവയ്ക്കുന്നപക്ഷം സൈനികനടപടി ഒഴിവാക്കാമെന്ന് അഭിപ്രായപ്പെട്ടത്. ഉടന്‍തന്നെ, യുഎന്നിന് സമര്‍പ്പിക്കാന്‍ സിറിയയുടെ കൈവശമുള്ള ആയുധങ്ങളുടെ പട്ടിക നല്‍കാന്‍ റഷ്യ നിര്‍ദേശിക്കുമെന്ന് വിദേശമന്ത്രി സെര്‍ജി ലാവ്റോവ് പ്രഖ്യാപിച്ചു. സിറിയന്‍ സര്‍ക്കാരാകട്ടെ റഷ്യയുടെ നിര്‍ദേശം ഉടന്‍ അംഗീകരിക്കുകയും ചെയ്തു. ഈ നിര്‍ദേശം അംഗീകരിക്കപ്പെട്ടതോടെ അമേരിക്ക ഒറ്റപ്പെട്ടു. ഒബാമയ്ക്ക് ഈ നിര്‍ദേശം അംഗീകരിക്കുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നു. തീര്‍ത്തും അനുകൂലമായ സംഭവവികാസമാണിതെന്ന് പറഞ്ഞ ഒബാമ, സൈനികമായ തയ്യാറെടുപ്പുകള്‍ അവസാനിപ്പിച്ച് നയതന്ത്രത്തിന്റെ പാത സ്വീകരിക്കുകയാണെന്നും അറിയിച്ചു. ഉടന്‍ റഷ്യയുടെയും അമേരിക്കയുടെയും വിദേശമന്ത്രിമാര്‍ ജനീവയില്‍ യോഗംചേര്‍ന്ന് ഒരു കരാറിലെത്തി. സിറിയ രാസായുധങ്ങളുടെ പട്ടിക ഒരാഴ്ചയ്ക്കകം യുഎന്നിന് നല്‍കുകയും ചെയ്തു. സൈനികനടപടിയില്‍നിന്ന് അമേരിക്ക പിന്മാറിയത് അസാധാരണ സംഭവമാണ്. ഇതൊരു സുപ്രധാനഘട്ടമാണ്. സൈനികാക്രമണത്തിന് എല്ലാ സഖ്യശക്തികളെയും കൂടെനിര്‍ത്താന്‍ അമേരിക്കയ്ക്ക് കഴിയാതെവന്നു. മറ്റൊരു യുദ്ധം തുടങ്ങുന്നതിന് അമേരിക്കയിലെയും ബ്രിട്ടനിലെയും ജനവികാരം പൂര്‍ണമായും എതിരായിരുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റിലും അമേരിക്കന്‍ കോണ്‍ഗ്രസിലും ഉയര്‍ന്ന പ്രതിഷേധത്തില്‍ പ്രതിഫലിച്ചതും അതാണ്. സിറിയന്‍ സര്‍ക്കാര്‍ രാസായുധം ഉപയോഗിച്ചെന്ന അമേരിക്കയുടെ അവകാശവാദത്തിന് വേണ്ടത്ര വിശ്വാസ്യതയുണ്ടായിരുന്നില്ല. സിറിയന്‍ വിമതര്‍ എങ്ങനെയാണ് സരിന്‍ വാതകം ഉപയോഗിച്ചതെന്ന് റഷ്യ കാണിച്ചുകൊടുക്കുകയും ചെയ്തു. സരിന്‍ വാതകം ഉപയോഗിച്ചെന്ന് യുഎന്‍ പരിശോധകസംഘം സ്ഥിരീകരിച്ചെങ്കിലും ആരാണ് ഉപയോഗിച്ചതെന്ന് സ്ഥാപിക്കാനായില്ല. വിമതരാണ് ലിബിയയില്‍നിന്ന് ലഭിച്ചതെന്ന് കരുതാവുന്ന സരിന്‍ വാതകം ഉപയോഗിച്ചതെന്നതിന് ആവശ്യത്തിന് തെളിവുകളുമുണ്ട്. ഇത്തരം വാതകങ്ങള്‍ ലിബിയയിലും മറ്റും ഇസ്ലാമികസൈനികരുടെ കൈവശവുമെത്തിയിട്ടുണ്ട്. സിറിയയിലെ അസദ് സര്‍ക്കാരിനെതിരെ അമേരിക്കയും സഖ്യശക്തികളും പണവും ആയുധവും നല്‍കി ഇസ്ലാമിക തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നത് വലിയ വേവലാതിക്ക് കാരണമായിട്ടുണ്ട്. വിമതര്‍ വിജയിച്ചാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചാണ് ഏറെയും വേവലാതി. ആസൂത്രണംചെയ്ത ആക്രമണത്തില്‍നിന്ന് പിന്‍വാങ്ങിയത് അമേരിക്കന്‍ സാമ്രാജ്യത്വത്തിനേറ്റ തിരിച്ചടിയാണ്. ബഹുധ്രുവലോകത്തിനും രാഷ്ട്രങ്ങളുടെ പരമാധികാരസംരക്ഷണത്തിനും ഇത് ഗുണകരമാകും.

*
പ്രകാശ് കാരാട്ട് ദേശാഭിമാനി 26 സെപ്തംബര്‍ 2013

No comments: