Saturday, September 28, 2013

സൂക്ഷിക്കുക; മാരീചന്‍ (മോഡി) വരവായി

ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഉദയാസ്തമനങ്ങളുടെ ചരിത്രം ഇന്ത്യ കൂടുതല്‍ ശ്രദ്ധയോടെ വായിക്കാന്‍ നേരമായിരിക്കുന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്രമോഡിയെ സംഘപരിവാര്‍ കണ്ടെത്തിയത് കേവലമായ ഒരു രാഷ്ട്രീയ നടപടിയല്ല. പ്രക്ഷുബ്ധമായ ജീവിതയാഥാര്‍ഥ്യങ്ങളുടെ മുമ്പില്‍ ഇന്ത്യന്‍ ഫാസിസം കൈക്കൊള്ളാന്‍ പോകുന്ന നിലപാടിന്റെയും നടപടികളുടെയും മറയില്ലാത്ത സൂചനയാണ് ആ തീരുമാനം. 'രാഷ്ട്രത്തിന്റെ മതം' അംഗീകരിച്ചുകൊണ്ടു ജീവിക്കുന്നവര്‍ക്കുമാത്രമേ ഇവിടെ പൗരന്മാരായി ജീവിക്കാനവകാശമുള്ളു എന്ന ഗോള്‍വാള്‍ക്കര്‍ ദര്‍ശനത്തിന്റെ മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ട നേതാവാണ് നരേന്ദ്രമോഡി. അല്ലാത്തവര്‍ക്ക് വോട്ടവകാശംപോലും ഇല്ലാതെ വേണമെങ്കില്‍ ഇവിടെ കഴിഞ്ഞുകൂടാമെന്നു പറയാനുള്ള ഔദാര്യമെങ്കിലും ഗോള്‍വാള്‍ക്കര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഗോള്‍വാള്‍ക്കറില്‍ നിന്നും മോഡിയിലേയ്ക്ക് ഇന്ത്യന്‍ ഫാസിസം വളര്‍ന്നപ്പോള്‍ മതന്യൂനപക്ഷങ്ങളുടെ നിലനില്‍ക്കാനുള്ള അവകാശംപോലും നിഷേധിക്കാനുള്ള ഭീകരമായ ഔദ്ധത്യം അവരുടെ മുഖമുദ്രയായി.

സംഘപരിവാറിലെ നിഗൂഢശക്തികള്‍ക്കു പങ്കുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ഗോധ്ര സംഭവത്തിന്റെ പേരില്‍ ഗുജറാത്തില്‍ നടമാടിയ ന്യൂനപക്ഷവേട്ടയുടെ നേതാവാണ് നരേന്ദ്രമോഡി. അവിടത്തെ തെരുവുകളില്‍ ഭൂരിപക്ഷ വര്‍ഗീയ തീവ്രവാദികള്‍ ഫണം വിരിച്ചാടിയപ്പോള്‍ അവരുടെ വികാര ബഹിര്‍ഗമനത്തിന് അവസരമൊരുക്കണമെന്ന് പൊലീസ് സേനയോട് കല്‍പ്പിച്ച മുഖ്യമന്ത്രിയാണ് അദ്ദേഹം. വംശഹത്യയുടെ തീരാകളങ്കത്തിന്റെ മുദ്രയും പേറിയാണ് നരേന്ദ്രമോഡി ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കു കണ്ണെറിയുന്നത്. ഇറ്റലിയിലും ജര്‍മനിയിലും മുസോളിനിയും ഹിറ്റ്‌ലറും പ്രയോഗിച്ച തന്ത്രങ്ങളുടെ പരിഷ്‌ക്കരിച്ച പതിപ്പുമായാണ് നരേന്ദ്രമോഡി അവരുടെ തത്വശാസ്ത്രത്തിന്റെ സ്വയംസേവകനായി നിലകൊള്ളുന്നത്. ശൂലമുനയില്‍ പിടഞ്ഞുമരിച്ച ഗര്‍ഭസ്ഥശിശുവിന്റെയും ഫാസിസ്റ്റ് അഴിഞ്ഞാട്ടത്തിനുമുമ്പില്‍ മുറിവേറ്റുമരിച്ച നിരപരാധികളുടെയും വ്യാജ ഏറ്റുമുട്ടലില്‍ പിടഞ്ഞുവീണ നിഷ്‌കളങ്കതയുടെയും ചോരയ്ക്ക് ഉത്തരം പറയേണ്ട ഭരണനായകനാണ് അദ്ദേഹം. മോഡിയുടെ ഫീല്‍ഡുമാര്‍ഷല്‍മാര്‍ പറഞ്ഞത് അവര്‍ ഉത്തരവുകള്‍ നടപ്പിലാക്കുക മാത്രമായിരുന്നുവെന്നാണ്. ഹിറ്റ്‌ലര്‍ക്കു അസൂയതോന്നിപ്പിക്കുന്ന ഭീകരമനസുമായി ആ ഉത്തരവുകളെല്ലാം നല്‍കിയ ഫാസിസ്റ്റ് സര്‍വസൈന്യാധിപനാരാണെന്നും അവര്‍ പറഞ്ഞു. സംഘ്പരിവാര്‍ തങ്ങളുടെ രാഷ്ട്രീയ പടയോട്ടത്തിന്റെ അമരത്തു നിര്‍ത്താന്‍ കണ്ടെത്തിയത് ആ പടനായകനെത്തന്നെ. അതിന്റെ അര്‍ഥം ഉള്‍ക്കൊള്ളാന്‍ ഇന്ത്യയുടെ മതേതര മനസിന് തീര്‍ച്ചയായും കഴിയും.

ഹിറ്റ്‌ലറുടെ പ്രചാരണ തന്ത്രങ്ങളും കൗശലങ്ങളും സ്വായത്തമാക്കുന്നതില്‍ നരേന്ദ്രമോഡിക്കുള്ള പ്രാവീണ്യം തന്നെയാണ് അദ്വാനിയെപ്പോലും വെട്ടിവീഴ്ത്താന്‍ അദ്ദേഹത്തിനു തുണയായത്. ആ തന്ത്രങ്ങളുടെ പരീക്ഷണശാലയായി മോഡി കേരളത്തെ തെരഞ്ഞെടുത്തുവോ? കേരളീയ നവോത്ഥാനത്തിന്റെ കൊടുങ്കാറ്റഴിച്ചുവിട്ട ശ്രീനാരായണ ചിന്തയുടെ പവിത്രഭൂമിയായ ശിവഗിരിയില്‍ തന്നെ എതിരേല്‍ക്കാന്‍ ആളുകളെ കിട്ടുമെന്ന് ആ കൗശലക്കാരന്‍ തെളിയിച്ചു. ഓണത്തിന് മലയാളത്തില്‍ ആശംസനേരാനും ആ ആശംസ എല്ലാ മാധ്യമങ്ങളിലും വാര്‍ത്തയാക്കാനും ഗുജറാത്തില്‍ ഇരുന്നുകൊണ്ട് അദ്ദേഹം വിജയിച്ചപ്പോള്‍ ഗീബല്‍സിന്റെ പ്രചാരണ സാമര്‍ഥ്യം ഇന്ത്യയില്‍ പുനര്‍ജനിക്കുകയായിരുന്നു. ഏറ്റവുമൊടുവില്‍ മാതാ അമൃതാനന്ദമയിയുടെ അറുപതാം ജന്മദിനാഘോഷങ്ങളിലെ താരമായപ്പോള്‍ മോഡി പറയാതെ പറഞ്ഞത് മുഖംമുടിയിട്ട പരിവാര്‍ രാഷ്ട്രീയത്തിന്റെ മനഃശാസ്ത്ര യുദ്ധത്തിന്റെ അടവുനയങ്ങള്‍ തന്നെയാണ്.

അമൃതപുരിയിലെ പ്രസംഗത്തിലും ഗുജറാത്തിയിലെഴുതിയ മലയാളം വാക്കുകള്‍ ഉച്ചരിച്ചുകൊണ്ട് അവിടെ കൂടിയവരെ അത്ഭുതപ്പെടുത്താന്‍ മോഡിക്കു കഴിഞ്ഞുവത്രെ. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തെക്കുറിച്ചും അവയുടെ ഭാവിയെക്കുറിച്ചും അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളാണ് രാജ്യത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തേണ്ടത്. അടിമത്വനുകങ്ങളെ വലിച്ചെറിയാന്‍ ഈ മഹത്തായ നാട് നടത്തിയ പോരാട്ടങ്ങളെക്കുറിച്ച് പറയാന്‍ സംഘപരിവാറിന്റെ ഈ സ്വയം സേവകന് എന്തര്‍ഹതയാണുള്ളത്? 'ഭിന്നിപ്പിക്കാനും ഭരിക്കാനും' തന്ത്രങ്ങള്‍ മെനഞ്ഞ കൊളോണിയല്‍ യജമാനന്മാര്‍ക്കുവേണ്ടി ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പിന്റെ വിത്തുവിതച്ച സംഘടനയാണ് രാഷ്ട്രീയ സ്വയംസേവക്‌സംഘ്. യജമാന ഭക്തിയോടുകൂടി ബ്രിട്ടീഷ് മേധാവികളെ പ്രീണിപ്പിക്കാനും ഭക്തിയുടെ മറവില്‍ ജനങ്ങളെ സ്വാതന്ത്ര്യ പോരാട്ടങ്ങളില്‍ നിന്നു അകറ്റാനുമാണ് ആര്‍ എസ് എസ് ശ്രമിച്ചുപോന്നത്. ആ ചരിത്രമെല്ലാം മൂടിവെച്ച് ആദ്ധ്യാത്മികതയുടെ മാലാഖ ചമഞ്ഞ് അദ്ദേഹം സ്വാതന്ത്ര്യത്തെക്കുറിച്ചും പുരോഗതിയെക്കുറിച്ചുമുള്ള വര്‍ത്തമാനം പറയുമ്പോള്‍ ഇന്ത്യയുടെ ചരിത്രമാണു നാണിച്ചുപോകുന്നത്. ആ പ്രസംഗത്തിലെവിടെയും സ്വാതന്ത്ര്യ സമരത്തിന്റെ വൈവിധ്യങ്ങളെക്കുറിച്ച് മോഡി പറഞ്ഞില്ല. അത് അറിയാനുള്ള ചരിത്രബോധം അദ്ദേഹത്തിനുണ്ടെന്നു ആരും പ്രതീക്ഷിക്കുന്നുമില്ല. കഥയറിയാത്ത പലരും പാടി പുകഴ്ത്തുന്ന മോഡിയുടെ പ്രസംഗം ഈ നാടിന്റെ വിശ്വാസ വൈവിധ്യങ്ങളെക്കുറിച്ചും മൗനം പാലിക്കുകയായിരുന്നു. മതേതരത്വം എന്ന വാക്ക് അതില്‍ എവിടെയും കടന്നുവന്നില്ല. യാദൃശ്ചികമല്ല അത്. മതേതരത്വം എന്ന മഹത്തായ മൂല്യവും ആശയവും തന്നെയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനു കരുത്തേകിയ ഒരു ഘടകമെന്ന് മോഡിക്കറിയാം. ഇന്ത്യയുടെ ഭാവിയുടെ ഗ്യാരന്റിയും അതുതന്നെ. 'ഹിന്ദു രാഷ്ട്രം'  ലക്ഷ്യമാക്കുന്ന സംഘപരിവാറിന് മതേതര ആശയങ്ങളെ ഭയമാണ്. അതിനോടു വൈരാഗ്യവും പകയുമാണ്. നരേന്ദ്രമോഡിയുടെ പ്രസംഗത്തിന്റെ വരികള്‍ക്കിടയില്‍ തെളിഞ്ഞു കാണുന്നത് ആ ഭയവും വൈരാഗ്യവും പകയും തന്നെയാണ്. അതിന്റെയെല്ലാം ആള്‍രൂപമായ ഒരാള്‍ കൗശലത്തിന്റെ കുതിരപ്പുറത്തേറി രാജ്യത്തിന്റെ കണ്ണുകെട്ടാന്‍ വരുമ്പോള്‍ നാടിന്റെ നീതിബോധത്തോടു മുഴുവനായി ഞങ്ങള്‍ പറയുന്നു: സൂക്ഷിക്കുക, മാരീചന്‍ വരവായി!

*
ജനയുഗം മുഖപ്രസംഗം

No comments: