Wednesday, September 18, 2013

ഉമ്മന്‍ചാണ്ടി ഭരണത്തില്‍ കുറ്റവാളികള്‍ക്ക് സംരക്ഷണം

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ കൊടുംകുറ്റവാളികളെ സഹായിക്കാനും സംരക്ഷിക്കാനും സര്‍ക്കാര്‍ച്ചെലവില്‍ ആവശ്യമായ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുകഴിഞ്ഞു. കേരളത്തില്‍ അങ്ങോളമിങ്ങോളം തട്ടിപ്പും വെട്ടിപ്പും നടത്തിയ സരിത എസ് നായര്‍- ബിജു രാധാകൃഷ്ണന്‍ സംഘത്തിന് ഉമ്മന്‍ചാണ്ടിയില്‍നിന്ന് ലഭിച്ച സഹായം ഏതെല്ലാം തരത്തിലുള്ളതായിരുന്നു എന്ന് മാധ്യമങ്ങള്‍ പലതവണ വെളിപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം കോഴിക്കോട് ബൈപാസ് റോഡില്‍ പട്ടാപ്പകല്‍ അഴിഞ്ഞാടിയ സംഭവം കക്ഷിഭേദമെന്യേ എല്ലാവരുടെയും കണ്ണ് തുറക്കാന്‍ പര്യാപ്തമായതാണ്. സലിംരാജിനെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ പദവിയില്‍നിന്ന് ഒഴിവാക്കി എന്നാണ് പറയുന്നത്. പൊലീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ടുപോലും. ഫലത്തില്‍ സലിംരാജ് പഴയ സ്ഥാനങ്ങളില്‍ വര്‍ധിതവീര്യത്തോടെ തുടരുകയാണെന്നാണ് അനുഭവം നമ്മെ ബോധ്യപ്പെടുത്തുന്നത്.

മുഖ്യമന്ത്രിയുടെ അടുപ്പക്കാരന്‍ എന്ന സ്വാധീനവും ശേഷിയും അല്‍പ്പംപോലും ദുര്‍ബലപ്പെട്ടിട്ടില്ലെന്ന് കോഴിക്കോട്ടെ സംഭവം തെളിയിക്കുന്നു. ഓച്ചിറസ്വദേശി പ്രസന്നന്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ ഏഴുപേരടങ്ങിയ ക്വട്ടേഷന്‍സംഘം ഇന്നോവകാറില്‍ വന്ന് നടുറോഡില്‍ തടഞ്ഞുനിര്‍ത്തി പിടിച്ചിറക്കി മര്‍ദിക്കുന്നത് ജനങ്ങള്‍ കാണാനിടയായി. പ്രസന്നനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കൊക്കയിലെറിയാനാണ് ക്വട്ടേഷന്‍സംഘം ശ്രമിച്ചതെന്നുവേണം കരുതാന്‍. സലിംരാജാണ് ഇതിന് നേതൃത്വം നല്‍കിയത്. രംഗം കണ്ടുനിന്ന ചുറ്റപാടുമുള്ള ജനങ്ങള്‍ ഓടിക്കൂടി ക്വട്ടേഷന്‍സംഘത്തെ തടഞ്ഞുവച്ച് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലം എംഎല്‍എ പ്രദീപ് കുമാറും സംഭവസ്ഥലത്ത് ഓടിയെത്തി. പൊലീസ് സംഘം സ്ഥലത്തെത്തി കൊള്ളസംഘത്തെ അവര്‍ വന്ന ഇന്നോവകാറില്‍ സഞ്ചരിക്കാന്‍ അനുവദിക്കാനാണ് ശ്രമിച്ചത്. എന്നാല്‍, എംഎല്‍എയും നാട്ടുകാരും സമ്മര്‍ദം ചെലുത്തിയപ്പോഴായിരുന്നു ക്വട്ടേഷന്‍സംഘത്തെ കസ്റ്റഡിയിലെടുത്ത് പൊലീസ് ജീപ്പില്‍ കൊണ്ടുപോകാന്‍ പൊലീസ് അധികൃതര്‍ സന്നദ്ധമായത്. സലിംരാജ് പൊലീസുകാരനാണെന്ന് തന്റെ തിരിച്ചറിയല്‍കാര്‍ഡ് കാണിച്ച് ഭീഷണിപ്പെടുത്തി രക്ഷപ്പെടാനും ശ്രമിച്ചു. എന്നാല്‍, ജനങ്ങള്‍ വഴങ്ങിയില്ല. ഓച്ചിറ പൊലീസ് സ്റ്റേഷനില്‍നിന്ന് സലിംരാജിനും സംഘത്തിനും എല്ലാ സഹായവും ലഭിച്ചതായി മലയാള മനോരമ സെപ്തംബര്‍ 16ന് റിപ്പോര്‍ട്ട് ചെയ്തു. അതിന്റെ പ്രസക്തഭാഗം ഇവിടെ ഉദ്ധരിക്കാം.

""ഓച്ചിറ സ്വദേശി പ്രസന്നനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലീംരാജിനും സംഘത്തിനും സൈബര്‍സെല്ലിന്റെ സഹായം ലഭിച്ചത് ഓച്ചിറ പൊലീസില്‍ സ്റ്റേഷനില്‍ നിന്ന് തന്നെയാണെന്ന് സൂചന. പ്രസന്നന്റെ മൊബൈല്‍ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ മനസിലാക്കിയുള്ള വിവരങ്ങള്‍ സൈബര്‍സെല്‍ ഓച്ചിറ എസ്ഐക്ക് കൈമാറിയതായും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. എഫ്ഐആറിന്റെ പകര്‍പ്പിനൊപ്പം സൈബര്‍സെല്ലില്‍ നിന്ന് ലഭിച്ച ഈ വിവരങ്ങളും ശേഖരിച്ചാണ് സലീംരാജും സംഘവും കോഴിക്കോട്ടേക്ക് പുറപ്പെട്ടത്"". സസ്പെന്‍ഷനിലായിരുന്ന സലിംരാജ് തന്റെ തിരിച്ചറിയല്‍കാര്‍ഡ് ഉപയോഗിച്ചെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായും പൊലീസ് പറഞ്ഞെന്ന് ആ പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഒരു വ്യക്തിയെ പട്ടാപ്പകല്‍ നടുറോഡില്‍ ബഹുജനമധ്യത്തില്‍ കാറില്‍നിന്ന് ഇറക്കി മര്‍ദിക്കാന്‍ സലിംരാജിനും സംഘത്തിനും എങ്ങനെയാണ് ധൈര്യമുണ്ടായത്? മുഖ്യമന്ത്രിയുമായുള്ള അടുപ്പംമാത്രമാണ് കുറ്റകൃത്യം നിര്‍വഹിക്കാനും പൊലീസില്‍നിന്നുപോലും സഹായം ലഭിക്കാനും ഇടവരുത്തിയതെന്ന് വ്യക്തം. സലിംരാജിനും ക്വട്ടേഷന്‍സംഘത്തിനും ജാമ്യം ലഭിക്കാന്‍ സമീപിച്ചപ്പോള്‍ കോടതി നിരീക്ഷിച്ചതും ശ്രദ്ധേയമാണ്. ക്വട്ടേഷന്‍സംഘം നിയമം കൈയിലെടുക്കാനാണ് ശ്രമിച്ചതെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് കോടതി പറഞ്ഞത്. പ്രസന്നന്റെയും ഒപ്പം ഒളിച്ചോടിയ വീട്ടമ്മയുടെയും ചെയ്തിയുടെ ന്യായാന്യായത്തിലേക്ക് ഞങ്ങളിപ്പോള്‍ കടക്കുന്നില്ല. അത് നീതിന്യായ കോടതിയുടെ തീരുമാനത്തിനു വിടാം. എന്നാല്‍, കുറ്റവാളികള്‍ക്ക് നേതൃത്വം നല്‍കിയ ആള്‍ മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാനും വിശ്വസ്തനും ആയത് അവഗണിക്കാന്‍ കഴിയുന്ന കാര്യമല്ല. സലിംരാജിന്റെ സംഘത്തില്‍പെട്ടവരില്‍ രണ്ടുപേര്‍ യൂത്ത് കോണ്‍ഗ്രസിന്റെ അറിയപ്പെടുന്ന നേതാക്കളാണ്. മറ്റു രണ്ടുപേര്‍ തീവ്രവാദബന്ധമുള്ളവരാണ്. മറ്റൊരാള്‍ പിടികിട്ടാപ്പുള്ളിയും. സലിംരാജിന്റെ തീവ്രവാദബന്ധം അന്വേഷിക്കുന്നതുപോലും തടയാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.

മുഖ്യമന്ത്രിയുടെ സ്വന്തക്കാരായ ഡല്‍ഹിയിലെ തോമസ് കുരുവിള, സ്റ്റാഫ് അംഗങ്ങളായ ജോപ്പന്‍, ജിക്കുമോന്‍, ഗിരീഷ്, മുന്‍ പിആര്‍ഡി ഡയറക്ടര്‍, സാമ്പത്തിക ഉപദേഷ്ടാവ് എന്നിവരെല്ലാം ഒരേതരക്കാരായത് യാദൃച്ഛിക സംഭവമാണെന്നു കരുതാന്‍വയ്യ. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെപ്പോലും അറിയിക്കാതെ സ്വന്തംനിലയില്‍ തനിക്ക് വിശ്വസ്തരെന്നു തോന്നിയവരെ സ്റ്റാഫ് അംഗങ്ങളായി നിയമിക്കുകയായിരുന്നു മുഖ്യമന്ത്രി. അതുകൊണ്ടുതന്നെ ഈ കുറ്റകൃത്യങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ മുഖ്യമന്ത്രിക്കാകില്ല, കുറ്റവാളികളുമായുള്ള മുഖ്യമന്ത്രിയുടെ കൂട്ടുകെട്ടാണ് ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത്. ഇതിന്റെ ഭാഗമാണ്, ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോള്‍ സരിത എസ് നായര്‍ക്കും ബിജു രാധാകൃഷ്ണനും സര്‍ക്കാര്‍ അതിഥിമന്ദിരത്തില്‍ മൂന്നുമണിക്കൂര്‍ ചെലവഴിക്കാന്‍ സൗകര്യം ലഭിക്കാനിടയായത്. ഉമ്മന്‍ചാണ്ടി ഭരണത്തില്‍ കുറ്റവാളികള്‍ക്ക് വിഐപി പരിഗണന ലഭിക്കുന്നു എന്നതിന്റെ മറ്റൊരു തെളിവാണിത്.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്കസേരയില്‍ തുടരുന്നിടത്തോളംകാലം ജനങ്ങള്‍ക്ക് നീതിലഭിക്കില്ലെന്നും കുറ്റവാളികള്‍ക്കാണ് എല്ലാ സഹായവും ലഭിക്കുക എന്നും വ്യക്തമായിക്കഴിഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ പൊതുപരിപാടി തടയുന്നതിനുള്ള എല്‍ഡിഎഫ് സംസ്ഥാനകമ്മിറ്റിയുടെ തീരുമാനം 100 ശതമാനം ശരിയാണെന്ന് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ച് തെളിയിക്കുന്നു.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: