Wednesday, September 18, 2013

സമര്‍പ്പിത തേജസ്സ്

കേരളീയസമൂഹത്തെ പുരോഗമനപരമായി വളര്‍ത്തുന്നതില്‍ നിസ്തുലമായ പങ്കുവഹിച്ച അതുല്യ കമ്യൂണിസ്റ്റ് നേതാവായിരുന്നു വെളിയം ഭാര്‍ഗവന്‍. ഒരു പരിഷ്കൃത മനുഷ്യസമൂഹമായി കേരളത്തെ മാറ്റിത്തീര്‍ത്തതില്‍ നവോത്ഥാന പ്രസ്ഥാനങ്ങളും പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനവും നിര്‍ണായക പങ്കുവഹിച്ചു. ഈ പ്രവണതയെ പില്‍ക്കാലത്ത് ശക്തിപ്പെടുത്താന്‍ യത്നിച്ച നേതാക്കളില്‍ പ്രധാനിയായിരുന്നു വെളിയം. സിപിഐ സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ പതിനാലുവര്‍ഷത്തോളം പ്രവര്‍ത്തിച്ച അദ്ദേഹം ആ കാലയളവിലും അതിനുശേഷവും ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ശക്തിപ്പെടുത്താന്‍ കാട്ടിയ ജാഗ്രതാപൂര്‍ണവും സമര്‍പ്പിതവുമായ ചുവടുവയ്പുകള്‍ ഒരിക്കലും മറക്കാനാവാത്തതാണ്.

വേദസംഹിതകളെയും ഉപനിഷത്തുക്കളെയും പഠിച്ച് സന്യാസിയായി ജീവിതം തുടങ്ങിയ അദ്ദേഹം മനുഷ്യസമൂഹത്തിന്റെ മാറ്റത്തിന് കമ്യൂണിസമാണ് പോംവഴിയെന്ന് മനസിലാക്കിയാണ് വിദ്യാര്‍ഥിയായിരിക്കെത്തന്നെ കമ്യൂണിസ്റ്റുകാരനായത്. കാവിയുടുത്ത് തല മുണ്ഡനംചെയ്ത് മൂന്നുവര്‍ഷത്തോളം സന്യാസിയായി അലഞ്ഞതിന്റെ അനുഭവങ്ങള്‍ ചില ഘട്ടങ്ങളില്‍ അദ്ദേഹം സ്വകാര്യമായി പങ്കുവച്ചിട്ടുണ്ട്. സത്യസന്ധതയോടും ആത്മാര്‍ഥതയോടും അര്‍പ്പണബുദ്ധിയോടുംകൂടിയാണ് കമ്യൂണിസ്റ്റ് രാഷ്ട്രീയത്തെ സേവിച്ചത്. ഏറ്റെടുക്കുന്ന ദൗത്യം കളങ്കമില്ലാത്ത സമര്‍പ്പണമാകണമെന്നതില്‍ നല്ല നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ശക്തിപ്പെടുത്തുന്നതിലും അതിലെ പ്രവര്‍ത്തകര്‍ തമ്മിലുള്ള മാനസിക ഐക്യം വളര്‍ത്തുന്നതിലും പല ഘട്ടങ്ങളിലും ധീരമായ ശബ്ദമായി വെളിയം മാറി. വാക്കുകള്‍ക്ക് ദാരിദ്ര്യമില്ലാത്ത പ്രാസംഗികനായിരുന്നു അദ്ദേഹം. 90കളിലെ കരുണാകര സര്‍ക്കാരിന്റെ കാലത്ത് എ കെ ജി സെന്ററിനുനേരെ പൊലീസ് വെടിവയ്പ് നടന്നപ്പോള്‍ വെളിയം നടത്തിയ ആവേശോജ്വലമായ പ്രസംഗങ്ങള്‍, ജനവിരുദ്ധ പൊലീസ് നയം നടപ്പാക്കുന്ന ഭരണാധികാരികള്‍ക്ക് എക്കാലത്തേക്കുമുള്ള മുന്നറിയിപ്പായിരുന്നു.

1954ല്‍ ട്രാന്‍സ്പോര്‍ട്ട് സമരത്തില്‍ പങ്കെടുത്തതിന് ക്രൂരമായ പൊലീസ് മര്‍ദനത്തിനിരയാവുകയും ലോക്കപ്പ് മുറിയില്‍വച്ച് പകുതി മീശ കൊടില്‍കൊണ്ട് പൊലീസ് പറിച്ചെടുത്തതിന്റെയും വേദനാജനകമായ തന്റെ അനുഭവങ്ങളടക്കം വിവരിച്ചുകൊണ്ടായിരുന്നു അന്നത്തെ പ്രസംഗം. ഐക്യമുന്നണിയെ സംബന്ധിച്ച മാര്‍ക്സിസം-ലെനിനിസത്തിന്റെ കാഴ്ചപ്പാടും അത് നടപ്പാക്കുന്നതില്‍ പിന്തുടരേണ്ട പ്രവൃത്തിവശത്തെപ്പറ്റിയും ഗ്രാഹ്യമുണ്ടായിരുന്നു അദ്ദേഹത്തിന്. ശത്രുക്കളുടെ കടന്നാക്രമണങ്ങളെ നേരിടുന്നതിനും ബഹുജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും എല്‍ഡിഎഫിനെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അധികാരത്തിലിരുന്നപ്പോഴും പ്രതിപക്ഷത്തായിരിക്കുമ്പോഴും എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുകയെന്ന ദൗത്യം വിജയകരമാക്കാന്‍ അക്ഷീണമായി പ്രവര്‍ത്തിച്ചു. ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ സെക്രട്ടറിയറ്റ് ഉപരോധസമരത്തില്‍ അനാരോഗ്യംപോലും കണക്കാക്കാതെ വെളിയം പങ്കെടുത്തത് ഏറ്റവും ശ്രദ്ധേയമാണ്. ആറുപതിറ്റാണ്ടിലെ പൊതുജീവിതത്തിനിടയില്‍ അദ്ദേഹവുമായി ഞങ്ങള്‍ക്ക് ഇണങ്ങിയും പിണങ്ങിയും കഴിയേണ്ടിവന്നിട്ടുണ്ട്. സിപിഐയുടെ ഭട്ടിണ്ടാ കോണ്‍ഗ്രസിനെ തുടര്‍ന്ന് കേരളത്തില്‍ സിപിഐ എം സിപിഐ കക്ഷികള്‍ ഉള്‍പ്പെട്ട ഇടതുപക്ഷജനാധിപത്യമുന്നണി രൂപപ്പെട്ടു. ഇതിന് ശേഷമുള്ള ഘട്ടത്തില്‍ ചില സന്ദര്‍ഭങ്ങളില്‍ ചില അഭിപ്രായ ഭേദഗതികള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, അതെല്ലാം മുന്നണിക്കുള്ളില്‍നിന്ന് വേഗംപരിഹരിക്കുന്നതിന് അദ്ദേഹവും സമയോചിതമായി ഇടപ്പെട്ടിരുന്നു. ഞങ്ങള്‍ അവസാനം വേദി പങ്കിട്ടത് ഓണത്തിന് മുമ്പായി കെ പങ്കജാക്ഷന്‍ അനുസമരണ സമ്മേളനത്തിലായിരുന്നു.

പാര്‍ലമെന്ററി രാഷ്ട്രീയത്തിലെ മികവ് ഒന്നാം കേരളനിയമസഭയിലെ അംഗമെന്ന നിലയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ദരിദ്രരുടെ മോചനമെന്ന കമ്യൂണിസ്റ്റ് ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ പാര്‍ലമെന്ററി രാഷ്ട്രീയമെന്നതുപോലെതന്നെ പാര്‍ലമെന്റേതര രാഷ്ട്രീയവും പരമപ്രധാനമാണെന്ന് അദ്ദേഹം കണ്ടു. ഒരു വിജ്ഞാന അന്വേഷിയായിരുന്നു വെളിയമെന്നത് അദ്ദേഹത്തെ അടുത്തുകാണുകയും സംസാരിക്കുകയും ചെയ്യുന്ന ഘട്ടങ്ങളില്‍ പലപ്പോഴും ബോധ്യപ്പെട്ടിരുന്നു. എല്ലാ അര്‍ഥത്തിലും ഒരു സമര്‍പ്പിത കമ്യൂണിസ്റ്റ് തേജസ്സായിരുന്നു വെളിയം. അദ്ദേഹത്തിന്റെ വേര്‍പാട് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പൊതുവിലും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യപ്രസ്ഥാനത്തിന് വിശേഷിച്ചും വലിയ നഷ്ടമാണ്. നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

പിണറായി വിജയന്‍

ഇടതുപക്ഷപ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവ്

വെളിയം ഭാര്‍ഗവന്റെ നിര്യാണത്തോടെ കമ്യൂണിസ്റ്റ്-ഇടതുപക്ഷപ്രസ്ഥാനത്തിന് ശക്തനായ ഒരു നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്. കേരളത്തിലെ കമ്യൂണിസ്റ്റ്- ഇടതുപക്ഷപ്രസ്ഥാനത്തിനു മാത്രമല്ല, ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും നികത്താനാവാത്ത നഷ്ടമാണ് വെളിയത്തിന്റെ വേര്‍പാടിലൂടെ ഉണ്ടായിരിക്കുന്നത്. സ്വാതന്ത്ര്യസമരസേനാനി, കറകളഞ്ഞ കമ്യൂണിസ്റ്റ് നേതാവ്, ശ്രദ്ധേയനായ നിയമസഭാ സമാജികന്‍, മികച്ച പ്രഭാഷകന്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നിലകളില്‍ നിറഞ്ഞുനില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ വ്യക്തിത്വം. മാര്‍ക്സിസം- ലെനിനിസം എന്ന തത്വശാസ്ത്രത്തിനൊപ്പം ഭാരതീയ പുരാണങ്ങളും ഉപനിഷത്തുകളുമൊക്കെ പണ്ഡിതോചിതമായ രീതിയില്‍ സ്വായത്തമാക്കിയ അപൂര്‍വം കമ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളായിരുന്നു വെളിയം.

മനുഷ്യനെക്കുറിച്ചും സമൂഹത്തെക്കുറിച്ചുമൊക്കെയുള്ള ചിന്തകളില്‍ അപരനെപ്പറ്റിയുള്ള ആശങ്കകളാണ് അദ്ദേഹത്തെ ചെറുപ്പംതൊട്ടേ അലട്ടിയത്. അതിനുള്ള പരിഹാരമാര്‍ഗം എന്ന നിലയിലാണ് സന്യാസത്തിന്റെ വഴി ആദ്യം അദ്ദേഹം തെരഞ്ഞെടുത്തത്. എന്നാല്‍, ചുരുങ്ങിയ കാലംകൊണ്ടുതന്നെ തന്റെ വഴി ആത്മീയതയുടേതല്ലെന്ന് തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവാണ് വെളിയത്തെ കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെ ചോരയും കണ്ണീരും നിറഞ്ഞ വഴികളിലേക്ക് എത്തിച്ചത്. വിദ്യാര്‍ഥി ഫെഡറേഷന്റെ പ്രവര്‍ത്തകനായി തുടങ്ങിയ അദ്ദേഹത്തിന്റെ പൊതുജീവിതം ഒടുവില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെയും ഇടതുപക്ഷപ്രസ്ഥാനത്തിന്റെയും അമരക്കാരില്‍ ഒരാളാക്കി അദ്ദേഹത്തെ ഉയര്‍ത്തി. ആറരപ്പതിറ്റാണ്ടോളം നീണ്ട സാര്‍ഥകമായ പൊതുജീവിതത്തിന് ഉടമയാണ് അദ്ദേഹം. സ്വാതന്ത്ര്യസമരസേനാനി, കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകന്‍ എന്നീ നിലയില്‍ ഏറെ ക്ലേശകരമായ സാഹചര്യങ്ങളിലൂടെയായിരുന്നു അദ്ദേഹം കടന്നുപോയത്. ശത്രുവര്‍ഗ രാഷ്ട്രീയക്കാരുടെയും ഭരണവര്‍ഗത്തിന്റെയും പൊലീസിന്റെയും ഗുണ്ടകളുടേയുമൊക്കെ ഭീഷണികളും മര്‍ദനങ്ങളും ഏറ്റുവാങ്ങേണ്ടിവന്ന ഘട്ടമായിരുന്നു വെളിയം ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റുകാര്‍ പൊതുരംഗത്തേക്കു വന്ന കാലം. നാടിന്റെ സ്വാതന്ത്ര്യവും പൗരരുടെ ജനാധിപത്യാവകാശങ്ങളും നേടിയെടുക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പോരാട്ടങ്ങളില്‍ സ്വയം സമര്‍പ്പിക്കുകയാണ് അന്നത്തെ കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകര്‍ ചെയ്തത്. ആ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങള്‍ക്കായി വെളിയവും സ്വയം സമര്‍പ്പിക്കുകയായിരുന്നു. എണ്ണമറ്റ പ്രക്ഷോഭങ്ങള്‍, തൊഴിലാളി സംഘടനാ സമരങ്ങള്‍ എന്നിവയ്ക്കൊക്കെ വെളിയത്തിലെ കമ്യൂണിസ്റ്റുകാരന്‍ ധീരമായ നേതൃത്വം നല്‍കി.

1954 ലെ ട്രാന്‍സ്പോര്‍ട്ട് സമരകാലത്ത് വെളിയം നേരിട്ട മര്‍ദനം അതിഭീകരമായിരുന്നു. പക്ഷേ, മൃഗീയ മര്‍ദനമുറകള്‍ക്കൊന്നും വെളിയം ഭാര്‍ഗവനിലെ കമ്യൂണിസ്റ്റ് ധീരത ചോര്‍ത്തിക്കളയാന്‍ കഴിഞ്ഞില്ല. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം. നിയമസഭാ സമാജികന്‍ എന്ന നിലയില്‍ വെളിയം നടത്തിയിട്ടുള്ള സേവനങ്ങളും ശ്രദ്ധേയമാണ്. നിലപാടുകളില്‍ കര്‍ക്കശക്കാരനായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ സംസാരവും ഇടപെടലുമൊക്കെ സരളസുന്ദരമായിരുന്നു. ഇതാണ് വെളിയത്തെ പാര്‍ടി പ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും ആശാനാക്കി മാറ്റിയത്. കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതിനൊപ്പം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ശക്തിപ്പെടുത്തുന്നതിലും വെളിയം വഹിച്ച പങ്ക് നിസ്തുലമാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ യോജിച്ച പോരാട്ടങ്ങള്‍ക്കും ശക്തമായ ഇടപെടലിനും വെളിയം നല്‍കിയ സംഭാവനകളും ശ്രദ്ധേയമാണ്.

വി എസ് അച്യുതാനന്ദന്‍

*
ദേശാഭിമാനി

No comments: