Friday, September 6, 2013

അയോധ്യ: വര്‍ഗീയശക്തികള്‍ അടങ്ങിയിരിക്കില്ല

അയോധ്യയെയും അതുവഴി രാജ്യത്തെയാകെയും ഇരുപത് വര്‍ഷം പിന്നിലേക്ക് കൊണ്ടുപോകാനുള്ള സംഘപരിവാറിന്റെ ശ്രമം താല്‍ക്കാലികമായി പരാജയപ്പെട്ടു. അശോക് സിംഗാളിനും പ്രവീണ്‍ തൊഗാഡിയക്കും പണ്ടേപ്പോലെ പല്ലുകള്‍ക്ക് മൂര്‍ച്ചയില്ല. 1992ല്‍ വര്‍ഗീയ ധ്രുവീകരണത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരുകളായിരുന്നു ഉത്തര്‍പ്രദേശിലും കേന്ദ്രത്തിലും. എന്നാല്‍ 2013ല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ടയ്ക്കു നേരെ ശക്തമായ നടപടിയെടുത്തു. ചൗരാസി പരിക്രമമെന്ന പേരില്‍ അയോധ്യ ഉള്‍ക്കൊള്ളുന്ന ഫൈസാബാദ് ജില്ലയിലും സമീപത്തുള്ള അഞ്ച് ജില്ലകളിലും വര്‍ഗീയമായി തീകൊളുത്താനുള്ള ശ്രമങ്ങള്‍ താല്‍ക്കാലികമായി തടയപ്പെട്ടു. ആശ്വസിക്കാം. പക്ഷേ ജാഗ്രത നഷ്ടപ്പെട്ടാല്‍ ഉത്തര്‍പ്രദേശിനെയും ഇന്ത്യയെയാകെയും അവര്‍ വീണ്ടും വര്‍ഗീയതയുടെ കൊയ്ത്തുപാടമാക്കും.

1990ല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച് അദ്വാനിയുടെ നേതൃത്വത്തില്‍ രഥയാത്ര നടത്തിക്കൊണ്ടാണ് 1991ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കിയത്. 1990 സെപ്തംബര്‍ 25ന് ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച രഥയാത്ര രാജ്യത്തിന്റെ തെക്കും കിഴക്കുമൊക്കെ സഞ്ചരിച്ച് ബിഹാറിലെത്തിയപ്പോള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവിന്റെ നിര്‍ദ്ദേശപ്രകാരം ഒക്ടോബര്‍ 23ന് സമസ്തിപ്പൂരില്‍ വെച്ച് അദ്വാനിയെ അറസ്റ്റുചെയ്തു. പ്രധാനമന്ത്രിയായിരുന്ന വി പി സിങ്ങും രഥയാത്ര തടയുന്നതില്‍ ശക്തമായ നിലപാടെടുത്തു. ഉത്തര്‍പ്രദേശില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന മുലായംസിങ് യാദവും ഉത്തര്‍പ്രദേശിലെത്തിയാല്‍ രഥയാത്രയെ തടയാന്‍ തയ്യാറായിരുന്നു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ ബിജെപിക്കുണ്ടായിരുന്ന ശക്തമായ എതിര്‍പ്പും രഥയാത്ര തടയാന്‍ വി പി സിങ് കൂട്ടുനിന്നതുമാണ് വി പി സിങ് മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്. പിന്നീട് രാജീവ്ഗാന്ധിയുടെ മരണത്തെത്തുടര്‍ന്ന് നീട്ടിവെച്ച 1991ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ സീറ്റ് നേടുകയും പി വി നരസിംഹറാവു പ്രധാനമന്ത്രിയാവുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ 1991 ജൂണില്‍ ബിജെപി നേതാവ് കല്യാണ്‍സിങ് മുഖ്യമന്ത്രിയായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കര്‍സേവയ്ക്കായി അയോധ്യയിലെത്തിയ ബിജെപി-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്യുന്ന സ്വാഗതസംഘത്തിന്റെ കണ്‍വീനറെപ്പോലെയാണ് മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍സിങ് പ്രവര്‍ത്തിച്ചത്. ഭരണഘടനയെയും സത്യപ്രതിജ്ഞാ വാചകങ്ങളെയും കാറ്റില്‍പ്പറത്തി കല്യാണ്‍സിങ് ബാബറി മസ്ജിദ് തകര്‍ക്കലിന്റെ പ്രധാന കാര്‍മ്മികനായി മാറി. ഡല്‍ഹിയിലിരുന്ന് നിഷ്ക്രിയത കൊണ്ട് പ്രധാനമന്ത്രി നരസിംഹറാവുവും അതിന് കൂട്ടുനിന്നു. അങ്ങനെയാണ് 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ ഹൈന്ദവ വര്‍ഗീയവാദികള്‍ തകര്‍ത്തിട്ടത്.

ഇന്ത്യയുടെ മതനിരപേക്ഷതയ്ക്കേറ്റ ഏറ്റവും വലിയ മുറിവുകളിലൊന്നായി അത് മാറി. 1984ലെ രണ്ട് സീറ്റില്‍ നിന്ന് 1991ല്‍ 120 സീറ്റിലേക്ക് ബിജെപി വളര്‍ന്നപ്പോള്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള സംഭാവന 85ല്‍ 51 സീറ്റുകളായിരുന്നു. ദേശീയരാഷ്ട്രീയത്തില്‍ ഇപ്പോഴും ഉത്തര്‍പ്രദേശില്‍ നിന്നുള്ള 80 ലോക്സഭാ സീറ്റുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. പരമാവധി സീറ്റുകള്‍ ഉത്തര്‍പ്രദേശില്‍ നിന്ന് നേടുകയെന്നത് കോണ്‍ഗ്രസിനും ബിജെപിക്കും പ്രധാന ലക്ഷ്യമാണ്. 1980ല്‍ ബിജെപി രൂപീകരിച്ചതു മുതല്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്താനുള്ള അവരുടെ ശ്രമങ്ങള്‍ ആരംഭിച്ചു. ബിജെപിക്കു മുന്നില്‍ അതിനുള്ള ഏറ്റവും എളുപ്പമുള്ളതും അവര്‍ക്ക് അറിയാവുന്നതുമായ മാര്‍ഗം ജനങ്ങളെ വര്‍ഗീയമായി ധ്രുവീകരിക്കുകയെന്നതാണ്. എണ്‍പതുകളില്‍ പല ഘട്ടങ്ങളിലായി ഇക്കാര്യത്തില്‍ അവര്‍ വിജയിച്ചു. ഷാബാനു കേസിലെ വിധിയെത്തുടര്‍ന്ന് മുസ്ലിം മതമൗലികവാദികള്‍ക്ക് അനുകൂലമായ നിലപാടെടുത്ത പ്രധാനമന്ത്രി രാജീവ്ഗാന്ധി സംഘപരിവാറിന്റെ വിമര്‍ശനത്തെ മയപ്പെടുത്താനും ഹൈന്ദവ വര്‍ഗീയതയെ പ്രീണിപ്പിക്കാനും വേണ്ടി 1986ല്‍ ബാബറി മസ്ജിദിന്റെ വാതിലുകള്‍ തുറന്നുകൊടുക്കാന്‍ ഒത്താശ ചെയ്തു. 1949 മുതല്‍ തര്‍ക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ബാബറി മസ്ജിദില്‍ വിഗ്രഹപൂജ നടത്താനുള്ള വഴിയാണ് ഹൈന്ദവ വര്‍ഗീയവാദികള്‍ക്ക് തുറന്നുകിട്ടിയത്. അതില്‍പ്പിടിച്ചാണ് ബിജെപിയും സംഘപരിവാറും രാജ്യത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാനുള്ള ഏറ്റവും വലിയ യുദ്ധസന്നാഹം നടത്തി ബാബറി മസ്ജിദ് തകര്‍ത്തത്.

1992ലെ ബാബറി മസ്ജിദ് തകര്‍ക്കലിനു ശേഷം ബിജെപിയും സംഘപരിവാറും രാജ്യത്താകെ തുടര്‍ച്ചയായി നടത്തിവന്ന വര്‍ഗീയകലാപങ്ങള്‍ക്കും ധ്രുവീകരണത്തിനും അവര്‍ക്ക് പ്രതിഫലം കിട്ടി. 1998 മുതല്‍ 2004 വരെ കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലെത്തി. 2002ല്‍ ഗുജറാത്തില്‍ നടന്ന വംശഹത്യക്ക് കുടപിടിക്കാന്‍ കഴിഞ്ഞു. മുംബൈയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും മുസ്ലിങ്ങളെ കൂട്ടക്കുരുതി ചെയ്തു. വര്‍ഗീയസംഘര്‍ഷങ്ങള്‍ വ്യാപിച്ചു. ഈ ഘട്ടത്തിലാണ് രാജ്യത്തെ മതനിരപേക്ഷ-ജനാധിപത്യ ശക്തികള്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ ഏറ്റവും വലിയ രാഷ്ട്രീയ വിട്ടുവീഴ്ചക്ക് തയ്യാറായത്. നയപരമായും രാഷ്ട്രീയമായും തങ്ങള്‍ ഏറ്റവും ശക്തിയായി എതിര്‍ക്കുന്ന കോണ്‍ഗ്രസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇടതു പാര്‍ടികള്‍ പിന്തുണച്ചു. അത് വലിയൊരു രാഷ്ട്രീയ ത്യാഗമായിരുന്നു. രാജ്യത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പും മതസൗഹാര്‍ദ്ദവും മാത്രമായിരുന്നു ഇടതുപക്ഷത്തെ ആ നിലപാടിന് പ്രേരിപ്പിച്ചത്. 2004ല്‍ അധികാരത്തില്‍ വന്ന ഒന്നാം യുപിഎ സര്‍ക്കാരിനെ നിര്‍ണ്ണായകമായി സ്വാധീനിക്കാന്‍ കഴിഞ്ഞ ഇടതുപക്ഷത്തിന് തൊഴിലുറപ്പു പദ്ധതി, ആദിവാസി - വനാവകാശ നിയമം, വിവരാവകാശ നിയമം തുടങ്ങി അഭിമാനകരമായ നിരവധി പരിപാടികള്‍ക്ക് ശക്തമായ പ്രചോദനവും പിന്തുണയും നല്‍കാന്‍ കഴിഞ്ഞു. ഇത്തരത്തിലാണ് ബിജെപിക്ക് ജനങ്ങളിലുണ്ടായിരുന്ന അവഗണിക്കാനാവാത്ത സ്വാധീനവും അവരുടെ വര്‍ഗീയ ധ്രുവീകരണ നീക്കങ്ങളും ദുര്‍ബലമാക്കാന്‍ കഴിഞ്ഞത്.

എന്നാല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ്, ജനദ്രോഹങ്ങളിലാണ് പുതിയ റെക്കോഡുകള്‍ സൃഷ്ടിച്ചത്. അസംതൃപ്തരായ ജനങ്ങളെ വര്‍ഗപരമായി സംഘടിപ്പിക്കാന്‍ ഇടതുപക്ഷം ശ്രമിക്കുമ്പോള്‍ അസംതൃപ്തിയെ വര്‍ഗീയമായി മുതലെടുക്കാനാണ് ബിജെപി-സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നത്. അതിന്റെ ഫലമായാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ വര്‍ഗീയകലാപങ്ങള്‍ വീണ്ടും തുടങ്ങിയിരിക്കുന്നത്. എന്നാല്‍ പണ്ടേപ്പോലെ വര്‍ഗീയകലാപങ്ങള്‍ ആളിക്കത്തിച്ച് പടര്‍ത്താന്‍ സംഘപരിവാറിന് കഴിയുന്നില്ല. അയോധ്യയില്‍ ചൗരാസി പരിക്രമയുടെ പേരിലുള്ള വര്‍ഗീയപ്രചരണത്തിന് വിശ്വഹിന്ദു പരിഷത്തും മറ്റ് സംഘപരിവാര്‍ സംഘടനകളും കൂടി തീരുമാനമെടുത്തതും ശ്രമം നടത്തിയതും അതിന്റെ ഭാഗമായാണ്. എന്നാല്‍ ഉത്തര്‍പ്രദേശിലെ അഖിലേഷ് യാദവ് സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. വര്‍ഗീയത പടര്‍ത്താനുള്ള ശ്രമങ്ങളെ ഒരു സര്‍ക്കാര്‍ എങ്ങനെയാണ് ചെറുക്കേണ്ടത് എന്നതിന് മാതൃകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കാട്ടിത്തന്നത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചുള്ള പ്രചരണങ്ങള്‍ക്കൊപ്പം ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ 18 വര്‍ഗീയകലാപങ്ങള്‍ നടത്താനും സംഘപരിവാറിന് കഴിഞ്ഞു. വളരെ നിസ്സാരമായ പ്രാദേശിക പ്രശ്നങ്ങളില്‍ കയറിപ്പിടിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കുകയായിരുന്നു. ഈ ഘട്ടങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ ജാഗ്രത കാട്ടിയില്ല. പിന്നീട് ചൗരാസി പരിക്രമ നടത്തുമെന്ന് പ്രഖ്യാപിക്കുകയും അതിനു പിന്നിലുള്ള വലിയ ലക്ഷ്യങ്ങള്‍ വ്യക്തമാവുകയും ചെയ്തതോടെയാണ് യുപി സര്‍ക്കാര്‍ ഉണര്‍ന്നത്. ആഗസ്ത് 15നു ശേഷം അയോധ്യയിലേക്കുള്ള വഴികളിലെല്ലാം ശക്തമായ പൊലീസ് സംവിധാനം ഏര്‍പ്പെടുത്തി. അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് ജില്ലയിലും സമീപ ജില്ലകളായ ബരാബങ്കി, ഗോണ്ട, അംബേദ്കര്‍നഗര്‍, ബസ്തി, ബറീച്ച് എന്നിവയിലും ശക്തമായ പൊലീസ് ബന്തവസ് ഏര്‍പ്പെടുത്തി. ഏകദേശം അര ലക്ഷത്തോളം പൊലീസുകാരെയാണ് നിയോഗിച്ചത്.

ചൗരാസി പരിക്രമ അയോധ്യയില്‍ നിന്ന് ആഗസ്ത് 25ന് ആരംഭിച്ച് ഈ ജില്ലകളില്‍ സഞ്ചരിച്ച് സെപ്തംബര്‍ 12ന് അവസാനിപ്പിക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ യാത്രയ്ക്ക് യുപി സര്‍ക്കാര്‍ അനുവാദം നല്‍കിയില്ല. അയോധ്യയിലും ഫൈസാബാദിലും നിരോധനാജ്ഞ ഏര്‍പ്പെടുത്തുകയും ചെയ്തു. വിശ്വഹിന്ദു പരിഷത്ത് നേതാക്കളായ അശോക് സിംഗാളിനെയും പ്രവീണ്‍ തൊഗാഡിയയേയും രണ്ടായിരത്തോളം വരുന്ന വിശ്വഹിന്ദു പ്രവര്‍ത്തകരെയും, പരിക്രമയ്ക്ക് എത്തുന്നതിനു മുമ്പുതന്നെ പൊലീസ് അറസ്റ്റുചെയ്തു. ആഗ്ര, കാണ്‍പൂര്‍, അലഹബാദ്, ബസ്തി, ജോണ്‍പൂര്‍, ഫത്തേപ്പൂര്‍ എന്നിവിടങ്ങളിലും മുന്‍കരുതല്‍ അറസ്റ്റു നടന്നു. വര്‍ഗീയതിമിരം ബാധിച്ച് അക്രമത്തിന്റെയും വെറുപ്പിന്റെയും ഭാഷയില്‍ മാത്രം പ്രസംഗിച്ചിരുന്ന തൊഗാഡിയ, തങ്ങളുടെ സമരം തീര്‍ത്തും സമാധാനപരമായിരിക്കുമെന്ന് പ്രസംഗിച്ചതും കൗതുകമായി. അയോധ്യ യാത്രയെന്ന പേരില്‍ വലിയ കോലാഹലമൊക്കെയുണ്ടാക്കിയെങ്കിലും മല പോലെ വന്നത് എലി പോലെ പോയി. ആപത്തൊഴിഞ്ഞിട്ടില്ല. ബിജെപിക്ക് ഹൈന്ദവ വര്‍ഗീയത ഉയര്‍ത്തിക്കാട്ടുകയല്ലാതെ 2014ലെ തെരഞ്ഞെടുപ്പില്‍ മറ്റൊരു വഴിയുമില്ല. രാജ്യത്തെ സാമ്പത്തികമായി തകര്‍ത്ത് തരിപ്പണമാക്കിയ യുപിഎ സര്‍ക്കാരിന്റെ നയ പരിപാടികളോട് ജനങ്ങള്‍ക്കാകെ ശക്തമായ രോഷമുണ്ടെങ്കിലും ബിജെപിക്ക് തരിമ്പു പോലും എതിര്‍പ്പില്ല.

ഇന്ത്യന്‍ ജനതയുടെയും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെയും ആരോഗ്യകരമായ മുന്നോട്ടുപോക്കിനുള്ള ഒരു ബദല്‍ നിര്‍ദ്ദേശവും ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. പകരം ഈ തെരഞ്ഞെടുപ്പില്‍ അവര്‍ മുന്നോട്ടുവെക്കുന്നത് ഹൈന്ദവ വര്‍ഗീയതയുടെ രാഷ്ട്രീയമാണ്. നരേന്ദ്ര മോഡിയെ പ്രചാരണ വിഭാഗത്തിന്റെ തലവനാക്കിയ ബിജെപി തീരുമാനം വളരെ വ്യക്തമായ സൂചനകളാണ് നല്‍കിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ രാഷ്ട്രീയതന്ത്രം എന്തായിരിക്കുമെന്ന് മോഡിയുടെ ആധിപത്യം സൂചിപ്പിച്ചു. ഉത്തര്‍പ്രദേശിനെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ മോഡിയുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യന്‍ അമിത് ഷായെ നിയോഗിച്ചു. ഗുജറാത്ത് വംശഹത്യാ പരിപാടികള്‍ ആസൂത്രണം ചെയ്ത് "വിജയകരമായി" നടപ്പാക്കിയതിന്റെ റെക്കോഡാണ് അമിത്ഷായെ നരേന്ദ്ര മോഡിക്ക് ഏറ്റവും പ്രിയപ്പെട്ടവനാക്കുന്നത്. ഉത്തര്‍പ്രദേശില്‍ പരമാവധി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുക, അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ കാര്യം പറഞ്ഞ് രാജ്യത്താകെ നേട്ടമുണ്ടാക്കാന്‍ കഴിയുമോ എന്ന് നോക്കുക; ഇതാണ് ബിജെപിയുടെ പദ്ധതി.

കര്‍ണ്ണാടകത്തില്‍ ബിജെപിയുടെ കഥ കഴിഞ്ഞതോടെ ദക്ഷിണേന്ത്യയില്‍ അവര്‍ക്ക് തീരെ പ്രതീക്ഷയില്ലാതായി. ഉത്തരേന്ത്യയില്‍ നിന്ന് പരമാവധി സീറ്റ് സമാഹരിക്കുകയെന്നതാണ് ബിജെപിയുടെ പരിപാടി. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഭൂരിപക്ഷം സീറ്റുകള്‍ നേടുക, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഹിമാചല്‍പ്രദേശ്, ബിഹാര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ മെച്ചപ്പെട്ട പ്രകടനം നടത്തുക, മഹാരാഷ്ട്രയില്‍ ശിവസേനയുമായും പഞ്ചാബില്‍ അകാലിദളുമായും ചേര്‍ന്ന് എന്‍ഡിഎ സംവിധാനത്തിന് പരമാവധി സീറ്റ് നേടുക എന്നിവയാണ് ബിജെപി ലക്ഷ്യമാക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവചനക്കാര്‍ ബിജെപിയെ ഏറെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. ഈ വ്യാമോഹത്തില്‍ സീറ്റ് നേടാനായി കയ്യിലുള്ള ഏക ആയുധമായ വര്‍ഗീയത എടുത്തുപയോഗിക്കുകയാണ് ബിജെപി. അതിന് കുടപിടിക്കുകയാണ് സംഘപരിവാര്‍. തെരഞ്ഞെടുപ്പിനു മുമ്പുള്ള നാളുകളെ ഈ വര്‍ഗീയ അജണ്ട ഉപയോഗിച്ചുള്ള പരമാവധി ധ്രുവീകരണത്തിനായി അവര്‍ ഉപയോഗിക്കും. കോണ്‍ഗ്രസിന് ഇതൊരു തലവേദനയേയല്ല. മതനിരപേക്ഷതയും ജനാധിപത്യവും ദുര്‍ബലമാകരുതെന്ന് ആഗ്രഹിക്കുന്ന രാഷ്ട്രീയ പാര്‍ടികളുടെയും ജനങ്ങളുടെയും ചുമതലയാണ് ഈ വര്‍ഗീയവല്‍ക്കരണത്തെ ചെറുക്കല്‍.

*
വി ജയിന്‍ ചിന്ത വാരിക 06 സെപ്തംബര്‍ 2013

No comments: