Thursday, September 26, 2013

പുയ്യാപ്ല വേണ്ട; പുസ്തകം മതി

ഇന്ന് കേരളത്തിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള കലാലയങ്ങളില്‍ മുസ്ലിം ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളാണ് പഠിക്കുന്നത്. മത്സരപരീക്ഷകളില്‍ ഒന്നാമതെത്തുന്നവരിലും സര്‍വകലാശാല റാങ്ക്ജേതാക്കളിലും നല്ലൊരു പങ്ക് മുസ്ലിം പെണ്‍കുട്ടികളാണ്. പതിറ്റാണ്ടുകള്‍ക്കുമുമ്പ് സ്വപ്നം കാണാന്‍പോലും കഴിയാത്ത ഈ മുന്നേറ്റത്തിന് അവരെ പ്രാപ്തരാക്കിയത് സമുദായത്തിനകത്തും സമൂഹത്തിലും നടന്ന നവോത്ഥാനമുന്നേറ്റങ്ങളാണ്. ഉന്നതവിദ്യാഭ്യാസം നേടാനും സ്വന്തമായി തൊഴിലെടുക്കാനും മുസ്ലിം പെണ്‍കുട്ടികള്‍ തയ്യാറായതോടെ സാധ്യമായത് സ്ത്രീമുന്നേറ്റം മാത്രമല്ല, സമുദായത്തിന്റെയാകെ മുന്നേറ്റമായിരുന്നു. അനാചാരങ്ങളില്‍നിന്നും അറബിക്കല്യാണംപോലുള്ള കെടുതികളില്‍നിന്നും അവരെ എല്ലാക്കാലവും രക്ഷിച്ചത് മതസംഘടനകളായിരുന്നില്ല. മറിച്ച് അവര്‍ക്ക് ലഭിച്ച വിദ്യാഭ്യാസമായിരുന്നു.

1978ലെ ശൈശവവിവാഹ നിയന്ത്രണനിയമം, 2006ലെ ശൈശവവിവാഹ നിരോധനനിയമം തുടങ്ങിയ നിയമങ്ങള്‍ നിലവിലുള്ള രാജ്യമാണ് ഇന്ത്യ. ജീവിക്കുന്ന രാജ്യത്തിലെ നിയമസംവിധാനങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്നാണ് വിശ്വാസിസമൂഹത്തോട് മുസ്ലിം പണ്ഡിതന്മാര്‍ പറഞ്ഞതും പഠിപ്പിച്ചതും. 1978ലെയും 2006ലെയും നിയമങ്ങള്‍ പാസായി ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞ്, ഇപ്പോള്‍ അതിനെതിരെ മതത്തിന്റെ വാളോങ്ങുന്നത് വര്‍ഗീയധ്രുവീകരണത്തിനുവേണ്ടിയാണ്. ഇന്ത്യയില്‍ 18 വയസ്സിനുതാഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം നിരോധിച്ചിട്ടുണ്ട്. 18 വയസ്സിനുതാഴെയുള്ള പെണ്‍കുട്ടിയുമായി ഉഭയകക്ഷിസമ്മതപ്രകാരമുള്ള ലൈംഗികബന്ധംപോലും ബലാത്സംഗത്തിന്റെ പരിധിയില്‍വരുമെന്ന് നിയമം നിഷ്കര്‍ഷിക്കുന്നു. ചുരുക്കത്തില്‍ 18ല്‍ താഴെയുള്ള മുസ്ലിം പെണ്‍കുട്ടികളെ ബലാത്സംഗംചെയ്യാനുള്ള അനുമതിക്കായാണ് സമുദായസംഘടനകള്‍ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

പതിനെട്ട് വയസ്സ് തികയുന്ന പ്രഭാതത്തില്‍ പ്രായപൂര്‍ത്തി കൈവരുമെന്നല്ല നിയമങ്ങള്‍ പറയുന്നത്. 18 വയസ്സ് തികയുമ്പോഴേക്കും സ്വന്തമായി തീരുമാനമെടുക്കാനും അഭിപ്രായങ്ങള്‍ പറയാനുമുള്ള ധൈര്യവും സാമൂഹ്യബോധവും ബൗദ്ധികവും മാനസികവും ശാരീരികവുമായ പക്വതയും കുട്ടിക്ക് ലഭിക്കുന്നു. സ്വന്തം വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും പറയാനുള്ള സ്വാതന്ത്യം നിയമവും മതവും അവള്‍ക്ക് നല്‍കുന്നുണ്ട്.

തനിക്കിഷ്ടമില്ലാത്ത വിവാഹം നടത്തിയതില്‍ പ്രതിഷേധമുള്ള മദീനയിലെ അന്‍സാരി സമൂഹത്തിലെ ഒരു പെണ്‍കുട്ടി പരാതിയുമായി നബിയെ സമീപിച്ചു. കന്യകയായ പെണ്‍കുട്ടിയെ വിവാഹം ചെയ്തയക്കുമ്പോള്‍ അവളുടെ സമ്മതമാണ് ആദ്യം ചോദിക്കേണ്ടത് എന്നായിരുന്നു പ്രവാചകന്റെ മറുപടി. മറ്റൊരു സാഹചര്യത്തില്‍, പെണ്‍കുട്ടികളുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് സ്ത്രീകളുമായി കൂടിയാലോചിച്ചുവേണമെന്നും പ്രവാചകന്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ കോളേജുകളില്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 4040 പെണ്‍കുട്ടികളില്‍ 4004 കുട്ടികളും 18ല്‍ താഴെയുള്ള വിവാഹത്തെ എതിര്‍ത്ത് വോട്ടുചെയ്തു. മുസ്ലിം പെണ്‍കുട്ടികളുടെ ഈ പ്രതികരണത്തില്‍നിന്നെങ്കിലും പാഠംപഠിക്കാന്‍ സമുദായനേതാക്കള്‍ തയ്യാറാകണം. 2013 ജൂണ്‍ 14ന് തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറാക്കിയുള്ള സര്‍ക്കുലര്‍ കൈയബദ്ധമാണെന്നും ഉദ്യോഗസ്ഥനിര്‍ദേശം മാത്രമായിരുന്നുവെന്നുമുള്ള വകുപ്പുമന്ത്രിയുടെയും മുസ്ലിംലീഗിന്റെയും വാദങ്ങളുടെ മുനയൊടിക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍.

വര്‍ഗീയധ്രുവീകരണം ലക്ഷ്യമാക്കിയുള്ള മുസ്ലിംലീഗിന്റെ കുടിലനീക്കങ്ങളുടെ ആദ്യപരീക്ഷണമായിരുന്നു മുനീറിയന്‍ സര്‍ക്കുലര്‍. വിവാഹപ്രായം കുറയ്ക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ വിലപേശി ആവശ്യങ്ങള്‍ നേടാന്‍ രൂപീകരിച്ച മുസ്ലിം വ്യക്തിനിയമ സംരക്ഷണസമിതിയുടെ കണ്‍വീനര്‍ മുസ്ലിംലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി മായിന്‍ഹാജിയാണ്. 16 വയസ്സിലെ വിവാഹങ്ങള്‍ വിദ്യാഭ്യാസത്തെ ദോഷമായി ബാധിക്കില്ലെന്ന ന്യായവാദവുമായി വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബും രംഗത്തെത്തിയിട്ടുണ്ട്. സാമുദായിക നേതാക്കളുടെ ഈ തീരുമാനത്തിനെതിരെ എംഎസ്എഫും യൂത്ത് ലീഗുമടക്കമുള്ള വിദ്യാര്‍ഥി- യുവജനസംഘടനകള്‍ പരസ്യമായി പ്രതിഷേധമറിയിച്ചു. അങ്ങനെ, മുസ്ലിങ്ങളായ യുവാക്കളും വിദ്യാര്‍ഥികളും കുരുന്നുബാലികമാരുടെ ജീവിതം തകര്‍ക്കുന്ന ശൈശവവിവാഹങ്ങള്‍ തങ്ങള്‍ക്ക് വേണ്ടെന്ന് വ്യക്തമാക്കി. പിന്നെ ആര്‍ക്കുവേണ്ടിയാണ് ഇവര്‍ 18 തികയാത്ത പെണ്‍കുട്ടികളെ വിവാഹംചെയ്യാന്‍ നിര്‍ബന്ധിക്കുന്നത്? പട്ടിണിക്കുടിലിലെ കുരുന്നുബാലികമാരെ പടുകിഴവന്‍ സമ്പന്നപ്രമാണിമാരുടെ പട്ടുമെത്തകളിലെത്തിക്കാനുള്ള നെറികെട്ട നീക്കംതന്നെയാണിത്. കുരുന്നുപെണ്‍കുട്ടികളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തല്ലിയുടയ്ക്കാന്‍മാത്രമെന്തേ ഇവര്‍ക്കിത്ര ഉത്സാഹം.

കോഴിക്കോട് സിയാസ്ക യത്തീംഖാന അധികൃതര്‍ പ്ലസ്ടുവിന് 70 ശതമാനം മാര്‍ക്ക് നേടിയ മിടുക്കിയായ പതിനാറുകാരിയെ അറബിക്ക് കാഴ്ചവച്ചപ്പോള്‍, ആ പെണ്‍കുട്ടിക്കുവേണ്ടി വ്യക്തിനിയമവും ശരിഅത്തുമായി രംഗത്തുവന്ന ഒരു സമുദായസംഘടനയെയും കേരളം കണ്ടിട്ടില്ല. പെണ്‍കുട്ടിക്ക് മഹറായി വരന്‍ പണം നല്‍കണമെന്നും സ്ത്രീധനം ഹറാമാണെന്നും പഠിപ്പിക്കുന്ന മതത്തിനുകീഴില്‍ സ്ത്രീധനം കൊടുക്കാനില്ലാതെ നിക്കാഹ് കഴിക്കാനാകാതെ വീട്ടില്‍ തളച്ചിടേണ്ടിവരുന്ന പെണ്‍കൊടികളെ ഈ സമുദായനേതാക്കള്‍ കാണുന്നില്ലേ? ഇളംപ്രായത്തില്‍ വിവാഹിതയായി മധുവിധു കഴിയുമ്പോള്‍ മൊഴിചൊല്ലി വീടിന്റെ മൂലയില്‍ കണ്ണീരുമായി കഴിയാന്‍ വിധിക്കപ്പെട്ട പെണ്‍മക്കളെ ഇനിയും നിങ്ങള്‍ കാണാതിരുന്നുകൂടാ.

സുപ്രീംകോടതിയെ സമീപിച്ചാല്‍ തള്ളിപ്പോകുമെന്നുറപ്പുള്ള ആവശ്യവുമായി ഇറങ്ങിത്തിരിച്ചതിനുപിന്നില്‍ ചില ഗൂഢമായ കാരണങ്ങള്‍കൂടിയുണ്ട്. മുസ്ലിം മതംപോലൊരു സംഘടിതമതത്തില്‍ സാമുദായികനേതാക്കളുടെ അഭിപ്രായത്തിന് വലിയ വിലകല്‍പ്പിക്കുന്നവരാണ് വിശ്വാസികള്‍. കോഴിക്കോട്ടെ അറബിക്കല്യാണത്തെതുടര്‍ന്നും സര്‍ക്കാര്‍ സര്‍ക്കുലറിനെതുടര്‍ന്നും സാമൂഹ്യമായി വലിയ പ്രതിരോധം ബാലവിവാഹങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ വിഷയത്തില്‍ സുപ്രീംകോടതി എന്തുതന്നെ തീര്‍പ്പുകല്‍പ്പിച്ചാലും, ശൈശവവിവാഹം നല്ലതാണെന്ന ധാരണ വിശ്വാസികള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ ഈ വിവാദത്തിലൂടെ അവര്‍ ശ്രമിക്കുന്നു. നിയമങ്ങളെയും സര്‍ക്കാര്‍സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി ഇനിയും മതത്തിന്റെ മറയ്ക്കുള്ളില്‍ ശൈശവവിവാഹങ്ങളെ സംരക്ഷിച്ചുനിര്‍ത്താമെന്ന ഉറപ്പാണ് ഇവര്‍ ബാലവിവാഹം നടത്തുന്നവര്‍ക്ക് നല്‍കുന്നത്. പുതിയ മുനീറിയന്‍ സര്‍ക്കുലറുകളിലൂടെ അവയ്ക്ക് നിയമപരിരക്ഷ ഉറപ്പുവരുത്താമെന്ന വാഗ്ദാനമാണ് മുസ്ലിംലീഗ് ശൈശവവിവാഹത്തിന്റെ വക്താക്കള്‍ക്കുമുമ്പില്‍ വയ്ക്കുന്നത്.

ഉന്നതവിദ്യാഭ്യാസവും ഉയര്‍ന്ന സാമൂഹ്യജീവിതവും സ്വപ്നം കാണുന്ന പ്രിയപ്പെട്ട കൂട്ടുകാരികളുടെ ജീവിതത്തെ, കാമാര്‍ത്തരുടെ ആസക്തികള്‍ക്കുമുമ്പില്‍ അടിയറവയ്ക്കാന്‍ കേരളത്തിലെ കുട്ടികളുടെ സമൂഹം അനുവദിക്കില്ല. ഇളംമാംസത്തിന്റെ കച്ചവടത്തിനുള്ള അനുമതിക്കായി നിയമപീഠത്തിന്റെ പടികളെത്ര ചവിട്ടിയാലും, പ്രതിരോധത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും കവചംതീര്‍ത്ത് പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ പ്രബുദ്ധകേരളം ഒറ്റക്കെട്ടായി മുന്നോട്ടുവരും. "പതിനാറില്‍ വേണ്ടത് വിവാഹമല്ല, വിദ്യാഭ്യാസമാണ്" എന്ന് വിശ്വാസിസമൂഹവും പൊതുസമൂഹവും ഒരൊറ്റ ശബ്ദത്തില്‍ പ്രഖ്യാപിക്കണം. അതാകട്ടെ, ഈ സ്ത്രീവിരുദ്ധര്‍ക്കുള്ള സാംസ്കാരികകേരളത്തിന്റെ മറുപടി.

*
പി ജെ അഭിജിത് (ബാലസംഘം സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍) ദേശാഭിമാനി

No comments: