Monday, September 2, 2013

പാട്ടിന്റെ പേരിൽ

പാട്ടിന്റെ മൂന്ന് ചേര്‍പ്പുകളായ രചന, ഈണം, ശബ്ദം എന്നിവയില്‍ ഏതിനാണ് പ്രാമുഖ്യം എന്നത് തര്‍ക്കവിഷയമാണ്. എങ്കിലും ഈ മൂന്ന് ശാഖകളും ഒന്നായിച്ചേര്‍ന്നാലേ പാട്ടാകൂ. എന്നാല്‍, റോയല്‍റ്റി പ്രശ്നത്തില്‍ പാട്ടിന്റെ മേഖലയില്‍നിന്ന് ഇപ്പോള്‍ പാട്ടായിക്കൊണ്ടിരിക്കുന്നത് ഭിന്നതയുടെ വര്‍ത്തമാനമാണ്

പാട്ടിന്റെ മൂന്ന് ചേര്‍പ്പുകളായ രചന, ഈണം, ശബ്ദം എന്നിവയില്‍ ഏതിനാണ് പ്രാമുഖ്യം എന്നത് തര്‍ക്കവിഷയമാണ്. മനസ്സില്‍ ആണ്ടിറങ്ങുന്ന രചനയിലൂടെ കാലാതിവര്‍ത്തിയായി തീര്‍ന്ന ഗാനങ്ങള്‍ ഏറെയാണ്. സംഗീതത്തിന്റെ മാസ്മരികത പടര്‍ത്തി ചരിത്രമായ പാട്ടുകളും ഏറെ. ശബ്ദത്തിന്റെ മാന്ത്രികത ഇതരശാഖകളെ നിഷ്പ്രഭമാക്കിയ കഥകളും ഏറെ. എങ്കിലും ഈ മൂന്ന് ശാഖകളും ഒന്നായി ചേര്‍ന്നാലേ പാട്ടാകൂ. എന്നാല്‍, റോയല്‍റ്റി പ്രശ്നത്തില്‍ പാട്ടിന്റെ മേഖലയില്‍നിന്ന് ഇപ്പോള്‍ പാട്ടായിക്കൊണ്ടിരിക്കുന്നത് ഭിന്നതയുടെ വര്‍ത്തമാനമാണ്. "ആത്മവിദ്യാലയമേ" എന്ന പാട്ടിലെ "പത്ത് ലഭിച്ചാല്‍ നൂറിന് ദാഹം" എന്ന വരികളെ ഓര്‍മപ്പെടുത്തി ആ വഴക്കിന് ഇങ്ങ് കൊച്ചുകേരളത്തിലും ശക്തിയേറുകയാണ്.

കേരളത്തില്‍ സംഗീതമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒറ്റ സംഘടന വേണമെന്ന് ആഗ്രഹിച്ചവര്‍ ഒട്ടേറെയാണ്. എന്നാല്‍, ഇവരെ നിരാശപ്പെടുത്തിയാണ് ഗായകര്‍ ഒറ്റയ്ക്ക് സംഘടിച്ചത്. ഇന്‍ഡ്യന്‍ സിംഗേഴ്സ് റൈറ്റ്സ് അസോസിയേഷന്‍ (ഇസ്ര) എന്ന സംഘടന ആദ്യം പ്രഖ്യാപിച്ചതാകട്ടെ റോയല്‍റ്റി തങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നായിരുന്നു. ഇപ്പോള്‍ റോയല്‍റ്റി പിരിക്കുന്ന ഇന്‍ഡ്യന്‍ പെര്‍ഫോമേഴ്്സ് റൈറ്റ്സ് സൊസൈറ്റി (ഐപിആര്‍എസ്) മാതൃകയില്‍ ഗായകര്‍ക്കായി റോയല്‍റ്റി സ്വരൂപിക്കുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. സെപ്തംബര്‍ അഞ്ചിന് മുംബൈയില്‍ ചേരുന്ന സംഘടനയുടെ ജനറല്‍ ബോഡി യോഗം ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം കൈക്കൊള്ളും

. എന്നാല്‍, ഈ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെതന്നെ കേരളത്തിലെ സിനിമാസംഗീത സംവിധായകര്‍ കഴിഞ്ഞ ദിവസം ഫെഫ്കയ്ക്ക് കീഴില്‍ സംഘടിച്ച് ഫെഫ്ക മ്യൂസിക് ഡയറക്ടേഴ്സ് യൂണിയനും രൂപീകരിച്ചു. അങ്ങനെ ഒന്നിന് പകരം രണ്ട് സംഘടനകളാണ് പിറവി കൊണ്ടത്. പാട്ടിന്റെ പിതൃത്വവും മാതൃത്വവും രചയിതാക്കള്‍ക്കും സംഗീതസംവിധായകര്‍ക്കും മാത്രം അവകാശപ്പെട്ടതാണെന്നും ഇവര്‍ തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഗായകരുടെ കുത്തക പുത്തന്‍ കാലത്ത് നടപ്പില്ലെന്നും ഇവര്‍ തുറന്നടിച്ചപ്പോള്‍ അതുവരെ കേള്‍ക്കാത്ത ഇരുണ്ട സംഗീതമാണ് ഇപ്പോള്‍ ഉയര്‍ന്നുതുടങ്ങിയത്. പാട്ടിന്റെ ബൗദ്ധികതയ്ക്ക് അവകാശം എഴുത്തുകാര്‍ക്കും സംവിധായകര്‍ക്കും മാത്രമുള്ളതാണ്. ഇവര്‍ മാറിയാല്‍ പാട്ട് തന്നെ മാറും. എന്നാല്‍, ഗായകര്‍ മാറിയാല്‍ പാട്ടിന് ഒരു ചുക്കും സംഭവിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

എന്നാല്‍, തങ്ങള്‍ റോയല്‍റ്റി അവകാശപ്പെടുന്നതല്ലെന്നും ഇത് സംബന്ധിച്ച നിയമഭേദഗതി തങ്ങള്‍ക്ക് അത് ലഭ്യമാക്കുന്നതാണെന്നും ഗായകര്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ മുന്നില്‍ നില്‍ക്കുന്ന ഗായകന്‍ ജി വേണുഗോപാല്‍ പറയുന്നു. നിയമത്തെ കുറിച്ച് മനസ്സിലാക്കാതെയാണ് ഇക്കാര്യത്തില്‍ ഗായകരുടെ മേല്‍ ആരോപണം ഉന്നയിക്കാന്‍ പലരും തയ്യാറാകുന്നതെന്ന് വേണുഗോപാല്‍ പറയുന്നു. ഐപിആര്‍എസില്‍ത്തന്നെ ഗായകര്‍ക്കും റോയല്‍റ്റി വേണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നതാണ്. ലതയുടെയും മുഹമ്മദ് റഫിയുടെയും നേതൃത്വത്തില്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കുന്നതിനും നീക്കമുണ്ടായി. മതപരമായി തനിക്ക് ഇതിനോട് യോജിക്കാനാകില്ലെന്ന് റഫി വ്യക്തമാക്കിയതോടെയാണ് അന്ന് ആ നീക്കം പൊളിഞ്ഞത്. എന്നാല്‍, ഐപിആര്‍എസിന്റെ വക്താവ് തന്നെയായ രാജ്യസഭാംഗം ജാവേദ് അക്തറാണ് ഇപ്പോള്‍ കോപ്പി റൈറ്റ്സ് ആക്ടില്‍ ഗായകര്‍ക്കും പങ്കാളിത്തം വേണമെന്ന് വാദിച്ചത്. ഇതേ തുടര്‍ന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് സുഷമ സ്വരാജും ഇതിനോട് യോജിക്കുകയായിരുന്നു. നിയമഭേദഗതി 2012 ജൂണ്‍ 23ന് നിലവില്‍ വരികയും ചെയ്തു. ഇതിന്റെപേരില്‍ ഇപ്പോള്‍ വിമര്‍ശം ഉന്നയിക്കുന്നത് ഖേദകരമാണെന്നും വേണുഗോപാല്‍ പറഞ്ഞു.

എന്നാല്‍, നിയമഭേദഗതിയില്‍ ഗായകര്‍ക്ക് അവകാശം രേഖപ്പെടുത്തിയിട്ടില്ലെന്ന് സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാഷ് പറഞ്ഞു. ഒരു മര്യാദയുമില്ലാത്ത പ്രവൃത്തിയാണ് ഇക്കാര്യത്തില്‍ ഗായകരില്‍നിന്ന് ഉണ്ടായിട്ടുള്ളത്. റോയല്‍റ്റിക്ക് ഇവര്‍ക്ക് അണുപോലും യോഗ്യതയില്ല. വിദേശരാജ്യങ്ങളിലും മറ്റും നടക്കുന്ന സംഗീത പരിപാടികളിലൂടെ ലക്ഷങ്ങളാണ് ഗായകര്‍ സ്വന്തമാക്കുന്നത്. സ്വന്തമായി എഴുതിയ രണ്ട് വരികള്‍ പാട്ടാക്കാന്‍ കൊതിച്ചെത്തുന്ന നിര്‍ധനരില്‍നിന്നുപോലും മനഃസാക്ഷിയില്ലാതെ പ്രതിഫലം വാങ്ങുന്നവരാണ് ഗായകര്‍. കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ ഒരു ഹോട്ടല്‍ നടത്തുന്നയാള്‍ക്കുണ്ടായ അനുഭവം ഇതാണ്. അയാളുടെ എട്ട് പാട്ടുകള്‍ ഒരു പ്രതിഫലവും വാങ്ങാതെ ഞാന്‍ ഈണമിട്ട് നല്‍കി. എന്നാല്‍, കേരളത്തിലെ പ്രമുഖ ഗായകന്‍ അതില്‍ രണ്ട് പാട്ട് പാടിയതിന് വാങ്ങിയത് 15,000 രൂപയാണ്. പാട്ടിന്റെ പിന്നാലെ നടക്കുന്നതിനാല്‍ കുടുംബത്തില്‍നിന്ന് എതിര്‍പ്പ് നേരിടുന്ന ഒരു പാവത്തിനോടാണ് ഇത് കാണിച്ചതെന്ന് ഓര്‍ക്കണം. ഇത്തരം മനഃസാക്ഷിയില്ലാത്തവരാണ് പല ഗായകരും. ഇവര്‍ ഇപ്പോള്‍ റോയല്‍റ്റിക്കായി അവകാശം ഉന്നയിക്കുന്നതിന് പിന്നിലും ഈ മനഃസ്ഥിതിയാണ്. റോയല്‍റ്റി വേണമെങ്കില്‍ സ്വന്തമായി കവിത എഴുതുകയോ ഈണം കൊടുത്ത് പാട്ട് ഒരുക്കുകയോ ആണ് ഇവര്‍ ചെയ്യേണ്ടതെന്നും വിദ്യാധരന്‍ മാഷ് വ്യക്തമാക്കി.

ഏറെക്കുറെ ഇതോട് ചേരുന്ന അഭിപ്രായമാണ് ഗാനരചയിതാവ് റഫീഖ് അഹമ്മദും പങ്കുവച്ചത്. റോയല്‍റ്റി നിയമത്തിന്റെ നൂലാമാലകള്‍ വ്യക്തമല്ലെങ്കിലും പാട്ടിന്റെ സ്രഷ്ടാക്കള്‍ രചയിതാവും ഈണമിട്ടവരും തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. പാട്ടിന് മേല്‍ ബൗദ്ധികമായ അവകാശം ഉന്നയിക്കാന്‍ ഗായകര്‍ക്ക് കഴിയില്ല. അതുകൊണ്ട് തന്നെ റോയല്‍റ്റിയുടെ പരിധിയില്‍ ഇവരെ ഉള്‍പ്പെടുത്താനുമാകില്ല. ഐപിആര്‍എസില്‍നിന്ന് രചയിതാക്കള്‍ക്ക് ഏറെ തുക ലഭിക്കുന്നെന്ന അവകാശവാദം തെറ്റാണെന്നും റഫീഖ് അഹമ്മദ് വ്യക്തമാക്കി. പലപ്പോഴും രചയിതാക്കള്‍ക്ക് രണ്ടാം പരിഗണനയേ ലഭിക്കാറുള്ളൂ. രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ തനിക്കുള്‍പ്പെടെ റോയല്‍റ്റി നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ട്. പാട്ടിന്റെ സിഡിയിറങ്ങിയാല്‍ അതിന്റെ കവര്‍ പോലും ഐപിആര്‍എസിന് മുന്നില്‍ ഹാജരാക്കേണ്ടതുണ്ട്. എന്നാല്‍, സിഡി ഇറങ്ങുന്നത് പോലും രചയിതാക്കള്‍ പലപ്പോഴും അറിയാറില്ല. ഇക്കാര്യത്തില്‍ രണ്ടാംപന്തിക്കാരായാണ് തങ്ങള്‍ കണക്കാക്കപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതേസമയം ഗായകര്‍ റോയല്‍റ്റി ആവശ്യപ്പെട്ടതിന്റെപേരില്‍ പ്രചരിപ്പിക്കുന്ന പലകാര്യങ്ങളും വസ്തുതാവിരുദ്ധമാണെന്ന് വേണുഗോപാല്‍ പറയുന്നു. ഒരു പാട്ടിന് പത്ത് രൂപ പിരിക്കാന്‍ തീരുമാനിച്ചു എന്ന നിലയ്ക്കുള്ള വാര്‍ത്തയും അടിസ്ഥാനരഹിതമാണ്. ഇതുസംബന്ധിച്ച ഒരു താരിഫും ഇനിയും തയ്യാറായിട്ടില്ല.

അതേസമയം വന്‍ നഗരങ്ങളില്‍ ഐപിആര്‍എസ് കൃത്യമായ വ്യവസ്ഥയോടെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംഗീതപരിപാടികള്‍ നടക്കുന്ന ഹാളുകളില്‍ ഐപിആര്‍എസ് സംഘമെത്തി കൃത്യമായ വിലയിരുത്തല്‍ നടത്തി തുക ഈടാക്കുന്നുണ്ട്. 8000 മുതല്‍ 12,000 രൂപ വരെ ഇവര്‍ പിരിച്ചെടുക്കാറുണ്ട്. പബ്ലിക് ഡാന്‍സ് ബാറുകള്‍, ഹോട്ടലുകള്‍, പാട്ട് വയ്ക്കുന്ന കല്യാണഹാളുകള്‍ എന്നിവിടങ്ങളിലും ഐപിആര്‍എസ് സംഘം പിരിവെടുക്കുന്നു. ഇതിന് തുല്യമായ പ്രവര്‍ത്തനം നടത്താന്‍ ഇസ്രയ്ക്കും ബാധ്യതയുണ്ട്. മൊബൈല്‍ റിങ്ടോണില്‍ ഉപയോഗിക്കുന്ന പാട്ടിന് പോലും ഗായകര്‍ക്ക് റോയല്‍റ്റിക്ക് അവകാശമുണ്ട്. ഓരോ ഗായകര്‍ക്കും മുന്‍ഗണനയും പരിഗണനയും ലഭിക്കുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ അവരുടെ സൃഷ്ടികളായ പാട്ടിനും അവര്‍ക്ക് റോയല്‍റ്റിക്ക് അവകാശമുണ്ടെന്നും വേണുഗോപാല്‍ പറയുന്നു. സംഘടനയ്ക്ക് വേണ്ടി ഇത്രയേറെ വാദിക്കുമ്പോഴും വേണുഗോപാലിന്റെ വ്യക്തിപരമായ അഭിപ്രായം മറ്റൊന്നാണ്. അത് പിന്നാലെ പറയാം.

ബൗദ്ധികസ്വത്തിന് നല്‍കുന്ന റോയല്‍റ്റി എങ്ങനെയാണ് ഗായകര്‍ക്ക് അവകാശപ്പെടാനാകുകയെന്നാണ് ഇതിന് മറുപടിയെന്നോണം യുവ സംഗീതസംവിധായകന്‍ ബിജിപാല്‍ ചോദിക്കുന്നത്. അവശ കലാകാരന്മാരെ സഹായിക്കുന്നതിന് ഗാനമേളകളിലെ വരുമാനത്തില്‍നിന്ന് അഞ്ചോ, മൂന്നോ ശതമാനം തുക ലെവിയായി നല്‍കണമെന്ന ആവശ്യത്തോട് പോലും സഹകരിക്കാതിരുന്നവരാണ് ഗായകര്‍. അന്നൊന്നും ഒരു യൂണിയന്റെ ആവശ്യം ഉണ്ടെന്നുപോലും തോന്നാതിരുന്ന ഇവര്‍ ഇപ്പോള്‍ രചയിതാക്കളുടെയും സംഗീതസംവിധായകരുടെയും ആനുകൂല്യത്തില്‍നിന്നാണ് കൈയിട്ട് വാരാന്‍ ഒരുങ്ങുന്നത്. ഇതിലൂടെ തെരുവ് യുദ്ധമല്ല, നിലപാടാണ് സംഗീതസംവിധായകരും രചയിതാക്കളുമൊക്കെ വ്യക്തമാക്കുന്നത്. അധികം വൈകാതെ പ്രമുഖ രചയിതാക്കളും തങ്ങള്‍ക്കൊപ്പം ചേരുമെന്നും ബിജിപാല്‍ പറഞ്ഞു.ഗാനരചയിതാക്കളുമായി യോജിച്ചുള്ള സംഘടനയെ കുറിച്ചും ആലോചനയുണ്ടെന്നും ബിജിപാല്‍ പറഞ്ഞു.

എന്നാല്‍, പാട്ടിന്റെ റോയല്‍റ്റിക്കായി ശബ്ദമുയര്‍ത്തുന്ന ഗായകര്‍ തങ്ങളുടെ പ്രൊഫഷനോട് കാട്ടുന്ന ആത്മാര്‍ഥത പരിശോധിക്കപ്പെടേണ്ടതാണെന്ന് പേര് വെളിപ്പെടുത്തരുതെന്ന് വ്യക്തമാക്കി ഒരു പ്രമുഖ സംഗീതസംവിധായകന്‍ പറഞ്ഞു. മെലോഡൈം എന്ന സോഫ്ട്വെയര്‍ ഇല്ലെങ്കില്‍ പല ഗായകരുടെയും പൂച്ച് പുറത്തുവരും. അത്രയേറെ ശ്രുതിഭംഗമാണ് പലരുടെയും ആലാപനത്തിലുള്ളത്. വാസ്തവത്തില്‍ മെലോഡൈം ഇവര്‍ക്ക് രക്ഷാകവചമാണ് ഒരുക്കുന്നത്. മുന്‍പൊക്കെ ഒരാഴ്ചയോളം പാട്ട് പാടി പഠിച്ചാണ് റെക്കോഡിങ്ങിന് വരുന്നത്. എന്നാല്‍, ഇപ്പോള്‍ മെലോഡൈമില്‍ ശരിയാക്കുമല്ലോ എന്ന് പറയാന്‍ പലര്‍ക്കും ഒരു മടിയുമില്ല. 75 ശതമാനം ഗായകരുടെയും സ്ഥിതിയിതാണ്. ശേഷിക്കുന്ന 25 ശതമാനം മാത്രമാണ് പ്രൊഫഷനോട് പ്രതിബദ്ധത പുലര്‍ത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യത്തില്‍ വേറിട്ട അഭിപ്രായം കേട്ടത് വയലാര്‍ ശരത് ചന്ദ്രവര്‍മയില്‍നിന്നാണ്. റോയല്‍റ്റി തുക തുല്യമായി പങ്കുവയ്ക്കുക എന്ന ആശയമാണ് ശരത് പങ്കുവച്ചത്. സാധാരണ മനുഷ്യര്‍ക്കിടയില്‍ പാട്ട് നിലനില്‍ക്കണമെങ്കില്‍ അതിന് രചനാമൂല്യം ഏറേണ്ടതുണ്ട്. ഇക്കാര്യത്തില്‍ പ്രാധാന്യം രചയിതാവിന് തന്നെയാണ്. പാട്ട് ഒരുക്കുന്നതില്‍ അധ്വാനം കൂടുതല്‍ സംഗീത സംവിധായകനാണ്. അതുകൊണ്ട് ഈ വിഭാഗങ്ങളുടെ പരിഗണന ഗായകര്‍ക്ക് അവകാശപ്പെടാനാകില്ല. മാത്രമല്ല, പാട്ട് പിറന്നതിന് ശേഷം ഗാനമേളകളിലൂടെയും മറ്റും ഗായകര്‍ ഒട്ടേറെ പണം സമ്പാദിക്കുന്നു. രചയിതാവിനും സംഗീതസംവിധായകനുമൊന്നും ഇതുകൊണ്ടുള്ള നേട്ടം ലഭിക്കുന്നില്ല. വാസ്തവത്തില്‍ ഒരു പെന്‍ഷന്‍ പോലെയാണ് റോയല്‍റ്റി തുക കൊണ്ടുള്ള ഉപകാരം. ഇങ്ങനെയൊക്കെയാണെങ്കിലും മൂന്ന് വിഭാഗവും ചേര്‍ന്നാലേ പാട്ട് സമ്പൂര്‍ണമാകൂ. ഈ സാഹചര്യത്തില്‍ റോയല്‍റ്റി തുക തുല്യമായി വീതിക്കുന്നതായിരിക്കും നല്ലതെന്നാണ് ശരത്തിന്റെ അഭിപ്രായം.

എന്നാല്‍, വ്യക്തിപരമായി തനിക്ക് റോയല്‍റ്റിയോട് യോജിപ്പ് ഇല്ലെന്ന് ജി വേണുഗോപാല്‍ പറയുന്നു. വിക്കിപീഡിയയില്‍ വിവരങ്ങള്‍ ലഭിക്കുന്നതുപോലെ സംഗീതം സൗജന്യമായിത്തന്നെ ലഭിക്കേണ്ടതാണ്. വെള്ളത്തിന് കരം കൊടുക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ല. അതുപോലെയാണ് സംഗീതവും. അത് സൗജന്യമായിത്തന്നെ ലഭ്യമാകുന്നതാണ് ഏറെ നല്ലതെന്നും വേണുഗോപാല്‍ വ്യക്തമാക്കുന്നു.

ഈ സംവാദത്തില്‍ ഇവരാരും ഉയര്‍ത്താതിരുന്ന ഒരു ചോദ്യം ശ്രോതാവിനെ കുറിച്ചുള്ളതാണ്. പാട്ട് സൃഷ്ടിക്കുന്നവര്‍ക്കും പാട്ട് പാടുന്നവര്‍ക്കും റോയല്‍റ്റി ആകാമെങ്കില്‍ ചില പാട്ടുകള്‍ കേള്‍ക്കേണ്ടിവരുന്ന ശ്രോതാക്കൾക്കും റോയല്‍റ്റി നല്കേണ്ടതില്ലേ എന്ന ചോദ്യം.

*
ഷഫീഖ് അമരാവതി ദേശാഭിമാനി

No comments: