Tuesday, September 10, 2013

പെണ്‍വേട്ട

സംഘടിതവും അസംഘടിരുമായ എല്ലാ മതസ്ഥാപനങ്ങളുടേയും ഒരു പൊതുശത്രുവാണ് സ്ത്രീ. അടങ്ങിയൊതുങ്ങി മറക്കുടക്കുള്ളിലോ, പര്‍ദയ്ക്കുള്ളിലോ കഴിഞ്ഞില്ലെങ്കില്‍ ക്രൂരമായി നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടേണ്ടവള്‍. വാസവദത്ത തൊട്ട് ഡല്‍ഹിയില്‍ ക്രൂരമായ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിവരെ. ഇങ്ങനെ പുരുഷനാല്‍ നര്‍വചിക്കപ്പെടുന്ന മതസ്ഥാപനങ്ങളുടെ സാമൂഹിക മനശാസ്ത്രം കാലപുരിക്കയച്ച ആത്മാക്കള്‍ ഒരുപാടുണ്ട് ചരിത്രത്തില്‍. ഈ ഗണത്തില്‍ ഒടുവിലെഴുതപ്പെട്ട പേര് സുഷ്മിത ബാനര്‍ജി എന്ന 49 കാരിയുടേതാണ്.

സുഷ്മിത, ഒരു സാധാരണ സ്ത്രീക്കു കഴിയുംവിധം മനുഷ്യവിരുദ്ധമായ മതസമീപനങ്ങളെ വെല്ലുവിളിച്ച ഒരു ധീരവനിതയാണ്. പുറത്ത് വിപ്ലവവും ഉള്ളില്‍ മതയാഥാസ്തികത്വവും പറ്റിച്ചു ചേര്‍ത്ത് ജീവിക്കുന്ന ബംഗാളി ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടി. വിവാഹം ചെയ്തത് ജന്‍ബാസ് ഖാനെന്ന അഫ്ഘാന്‍ ബിസിനസുകാരനെ. 1994 ല്‍ അമേരിക്കയുടെ കാര്‍മികത്വത്തില്‍ അവരോധിതമായ താലിബാനെന്ന തെമ്മാടികളുടെയും മതഭ്രാന്തന്മാരുടെയും ഭരണകൂടം സ്ത്രീകള്‍ക്ക് സര്‍വ്വവിധ സ്വാതന്ത്ര്യങ്ങളും നിഷേധിച്ചപ്പോള്‍ അവിടേയും സുഷ്മിത ചെറുത്തുനിന്നു. ഒടുവില്‍ രക്ഷപ്പെട്ടു നാട്ടിലെത്തി. തുടര്‍ന്ന് അവരെഴുതിയ അനുഭവകഥയാണ് 'എസ്‌കെപ് ഫ്രം താലിബാന്‍' എന്ന ബോളിവുഡ് സിനിമയായത്. ഈ സിനിമ ആഗോളവ്യാപകമായി തന്നെ മതഭ്രാന്തന്മാരുടെ സ്ത്രീവിരുദ്ധ സമീപനങ്ങളെ പച്ചയായി ആവിഷ്‌ക്കരിച്ച ഒരു സെല്ലുലോയ്ഡ് പ്രതീകമായി വാഴ്ത്തപ്പെട്ടു.

എന്നാല്‍ സുഷ്മിതയ്ക്ക് താലിബാനില്‍ നിന്നും രക്ഷയുണ്ടായില്ല എന്നതാണ് വാസ്തവം. ഉച്ചിവെച്ച കൈകൊണ്ടുതന്നെ അമേരിക്ക താലിബാന് ഉദകക്രിയ നടത്തിയെന്നവകാശപ്പെട്ടപ്പോള്‍ സുഷ്മിത അഫ്ഗാനിസ്ഥാനിലേയ്ക്കു തിരിച്ചുപോയി. എന്നാല്‍ അവിടുത്തെ അവസ്ഥ മറ്റൊന്നായിരുന്നു. താലിബാന്‍ ഇന്നും അതിശക്തമായ രാഷ്ട്രീയ സാന്നിധ്യവും അംഗീകരിക്കപ്പെട്ട സാമൂഹിക ബോധവും മതദര്‍ശനവുമാണ് അവിടെ. ഈ സാഹചര്യത്തില്‍ അഫ്ഗാനിലെ സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുവാന്‍ സുഷ്മിത തീരുമാനിച്ചുറച്ചപ്പോള്‍ താലിബാന്റെ കുടിപ്പകയുടെ കനലുകള്‍ വീണ്ടും ആളിക്കത്തി. ഒടുവില്‍ 25 ഓളം വെടിയുണ്ടകള്‍ കൊണ്ടാണ് അവര്‍ തങ്ങളുടെ രക്തദാഹത്തിന് ശമനം വരുത്തിയത്.

ഇവിടെ സുഷ്മിത പല യാഥാര്‍ഥ്യങ്ങളിലേയ്ക്കുള്ള ചോരപുരണ്ട ഒരു സൂചികയായി മാറുകയാണ്. ഒന്നാമതായി കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാവില്ല എന്ന ചരിത്രത്തിന്റെ മൂലമന്ത്രം സുഷ്മിതയിലൂടെ ലോകം വീണ്ടും തിരിച്ചറിയുന്നു. അല്ലായിരുന്നുവെങ്കില്‍ മലാലയുടേയും തന്റെ തന്നെയും അനുഭവങ്ങള്‍ അടങ്ങിയൊതുങ്ങി സതീസാവിത്രിയായി കഴിഞ്ഞു കൂടുവാന്‍ സുഷ്മിതയെ പ്രേരിപ്പിക്കുമായിരുന്നു.

രണ്ടാമതായി മതത്തിന്റെ സ്ത്രീവിരുദ്ധത ഒരിക്കല്‍ക്കൂടി മറനീക്കി പുറത്ത് വരുന്നു. കാരണം എല്ലാമതങ്ങളിലും സ്ത്രീ ഒരു രണ്ടാംതരം മനുഷ്യനായാണ് ആത്യന്തികമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഇതുകൊണ്ടാണ് മാംഗ്ലൂരിലെ ശ്രീരാമ സേനയാണെങ്കിലും താലിബാനാണെങ്കിലുമെല്ലാം തങ്ങള്‍ ചെയ്തുകൂട്ടുന്ന വൃത്തികേടുകള്‍ക്ക് മതത്തിന്റെ പേരുപറയുന്നത്. അതായത് തീയില്ലാതെ പുകയുണ്ടാകില്ല എന്നു വാസ്തവം. എന്തൊക്കെ തന്നെ ഉത്തരാധുനിക സിദ്ധാന്തങ്ങള്‍ പറഞ്ഞ് വ്യാഖ്യാനിച്ചാലും ഈ വസ്തുത മുഴച്ചുതന്നെ നില്‍ക്കും.

*
മുഹമ്മദ് ഫക്രുദ്ദീന്‍ അലി ജനയുഗം

No comments: