Tuesday, September 3, 2013

അനുഭവങ്ങളുടെ കരുത്തുമായി മുന്നോട്ട്

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷെന്‍റ പത്താം ദേശീയ സമ്മേളനം 2013 നവംബറില്‍ ബീഹാറിലെ ബുദ്ധഗയയില്‍വെച്ച് നടക്കും. ഇതോടനുബന്ധിച്ചുള്ള സംസ്ഥാന സമ്മേളനമാണ് ആഗസ്ത് 9 മുതല്‍ 12 വരെ കോട്ടയം ജില്ലയില്‍വെച്ച് നടന്നത്. അക്ഷരാര്‍ത്ഥത്തില്‍ അക്ഷരനഗരിയെ ആവേശം കൊള്ളിച്ച സമ്മേളനമാണ് നടന്നത്. ജനാധിപത്യത്തിനും സമത്വത്തിനും സ്ത്രീ വിമോചനത്തിനും വേണ്ടി പോരാടി എണ്ണിയാലൊടുങ്ങാത്ത യാതനകള്‍ അനുഭവിക്കേണ്ടിവന്ന നൂറുകണക്കിന് ധീരവനിതകളുടെ പിന്‍മുറക്കാരായി പോരാട്ടവീര്യം ഏറ്റുവാങ്ങാന്‍ ആയിരങ്ങള്‍ കോട്ടയത്ത് ഒത്തുചേര്‍ന്നു. കര്‍ക്കിടകത്തിന്റെ കലിയേയും കനത്ത വെള്ളപ്പൊക്കത്തേയും അതിജീവിച്ചുകൊണ്ട് സമ്മേളനം വിജയിപ്പിക്കാനുള്ള ദൃഢനിശ്ചയമെടുക്കുകയായിരുന്നു കോട്ടയത്തുകാര്‍. 14 ജില്ലകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 551 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. കേരളത്തില്‍ 46 ലക്ഷം സ്ത്രീകള്‍ മഹിളാ അസോസിയേഷനില്‍ അംഗങ്ങളായിട്ടുണ്ട്.

1943ല്‍ ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരായ ചെറുത്തുനില്‍പ് പ്രസ്ഥാനമായി രൂപംകൊണ്ട കേരള മഹിളാ സംഘത്തില്‍നിന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനിലേക്കുള്ള പ്രയാണം സംഭവബഹുലവും സമരോജ്ജ്വലവുമായ ഏടുകളാണ്. മുപ്പതുകളിലും നാല്‍പതുകളിലും കേരളത്തില്‍ നിലനിന്ന ജന്മി - നാടുവാഴി വാഴ്ചയുടെ തിക്തഫലങ്ങള്‍ ഏറ്റവും കൂടുതലായി അനുഭവിച്ചത് സ്ത്രീസമൂഹമായിരുന്നു എന്നത് പ്രത്യേകം പറയേണ്ടതില്ല. ഭൂമിയ്ക്കുടയവരായ തമ്പുരാക്കന്മാര്‍ മണ്ണിനോടൊപ്പം കുടിയാന്മാരുടെ കുടുംബത്തിലെ സ്ത്രീകളെയും സ്വകാര്യസ്വത്തായാണ് കണക്കാക്കിയത്. അവരുടെ അവഹേളനങ്ങള്‍ക്ക് പാത്രമായി എരിഞ്ഞൊടുങ്ങുന്നതിനുപകരം പ്രതിരോധത്തിന്റെ തീപ്പന്തങ്ങള്‍ ഉയര്‍ത്താന്‍ സ്ത്രീകള്‍ തീരുമാനിച്ചു. മാറുമറയ്ക്കാനുള്ള അവകാശത്തിന്, വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിന്, വോട്ടു ചെയ്യാനുള്ള അവകാശത്തിന്, സ്ത്രീ പദവി ഉറപ്പാക്കുന്നതിന് നിരവധി പോരാട്ടങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്. ഒടുവില്‍ കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയുമെല്ലാം അവകാശപ്പോരാട്ടത്തോടൊപ്പം സ്ത്രീകളുടെ പോരാട്ടങ്ങള്‍ക്കും ഫലമുണ്ടായി. 1957ല്‍ അധികാരത്തില്‍വന്ന കമ്യൂണിസ്റ്റ് ഗവണ്‍മെന്‍റ് ജന്മിമാരുടെ അധികാര ദുര്‍വിനിയോഗം തടഞ്ഞതോടെ മനുഷ്യര്‍ അടിമനുകം പൊട്ടിച്ചെറിഞ്ഞു. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം ക്രമേണ ലഭ്യമായി. ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തില്‍നിന്ന് മോചിതമായെങ്കിലും ഇന്ത്യയുടെ പുതിയ ഭരണാധികാരികള്‍ ജനതയുടെ താല്‍പര്യം മുഖവിലക്കെടുത്തില്ല. മുതലാളിത്ത വികസന പാത പിന്തുടര്‍ന്ന ഇന്ത്യന്‍ ഭരണാധികാരികള്‍ ജനങ്ങള്‍ക്ക് സമ്മാനിച്ചത് വിലക്കയറ്റവും തൊഴിലില്ലായ്മയും മറ്റ് ജീവിത ദുരിതങ്ങളുമായിരുന്നു. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ജന്മിത്തവും നിലനിന്നു. ജാതി പഞ്ചായത്തുകളും മറ്റുമായി ഭരണഘടനാവിരുദ്ധ അധികാരസ്ഥാപനങ്ങള്‍ നിലനിന്നിട്ടും കേന്ദ്ര ഭരണാധികാരികള്‍ അവക്കെതിരെ ചെറുവിരലനക്കിയില്ല.

ഫ്യൂഡല്‍ - സാമ്രാജ്യത്വ ഭരണനയങ്ങള്‍ പിന്തുടരുന്ന ഗവണ്‍മെന്‍റിനെതിരെ ഇന്ത്യയിലുടനീളം സ്ത്രീകള്‍ സംഘടിക്കാന്‍ തുടങ്ങി. 1968ല്‍ കേരളത്തില്‍ സംസ്ഥാനതലത്തില്‍ കേരള മഹിളാ ഫെഡറേഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. പിന്നീട് 1981ല്‍ മദിരാശിയില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള സ്ത്രീകള്‍ ഒത്തുചേര്‍ന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ രൂപീകരിച്ചു. ഇന്ന് ഇന്ത്യയില്‍ ഒന്നേകാല്‍ കോടി അംഗങ്ങളുള്ള സംഘടനയാണ് എഐഡിഡബ്ല്യുഎ. ഇന്ത്യന്‍ ഭരണാധികാരികളുടെ സ്ത്രീവിരുദ്ധതക്കെതിരെ സന്ധിയില്ലാത്ത സമരമാണ് മഹിളാ അസോസിയേഷന്‍ നടത്തുന്നത്. കോട്ടയത്ത് നടന്ന സമ്മേളനം എന്നെന്നും ആവേശത്തോടെ ഓര്‍മിക്കാന്‍ കഴിയുന്ന അനുഭവമാക്കി മാറ്റാന്‍ സംഘടനയ്ക്കും സംഘാടക സമിതിക്കും കഴിഞ്ഞു. ജൂണ്‍ മാസത്തില്‍ നടന്ന സംഘാടകസമിതി രൂപീകരണം തന്നെ പങ്കാളിത്തം കൊണ്ട് ആവേശകരമായിരുന്നു. തുടര്‍ന്ന് ജൂണ്‍, ജൂലൈ മാസങ്ങളിലായി എല്ലാ ജില്ലകളിലും അനുബന്ധ പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി.

വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍, നിയമവാഴ്ചയുടെ തകര്‍ച്ച, കടുത്ത വിലക്കയറ്റം, ഭരണാധികാരികളുടെ അഴിമതി, വര്‍ഗ്ഗീയ - ഭീകരവാദം ഉയര്‍ത്തുന്ന വെല്ലുവിളികള്‍, അന്ധവിശ്വാസങ്ങളുടെ വ്യാപനം, മദ്യാസക്തി തുടങ്ങിയ വിവിധ വിഷയങ്ങളെ അധികരിച്ചായിരുന്നു സെമിനാറുകള്‍. കനത്ത മഴയത്തും സെമിനാറുകളില്‍ വമ്പിച്ച പങ്കാളിത്തമുണ്ടായി. കലാസാഹിത്യ മല്‍സരങ്ങള്‍, കലാ സാംസ്കാരിക പരിപാടികള്‍ എന്നിവയും ഉന്നത നിലവാരം പുലര്‍ത്തുന്നവയായി. സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സ. സുധാസുന്ദര്‍രാമന്‍ നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. സ്വാതന്ത്ര്യത്തിന്റെ 66-ാം വര്‍ഷത്തിലും ഇന്ത്യന്‍ സ്ത്രീസമൂഹം അനുഭവിക്കേണ്ടിവരുന്ന ജീവിത ദുരിതങ്ങള്‍ ഭരണാധികാരികളുടെ സൃഷ്ടിയാണെന്ന് സുധ ചൂണ്ടിക്കാട്ടി. പുതിയ ഭക്ഷ്യസുരക്ഷാ ബില്ലുപോലും കടുത്ത വഞ്ചനയാണെന്നും യഥാര്‍ത്ഥത്തില്‍ ഭക്ഷ്യസുരക്ഷ തകര്‍ക്കാനുള്ള നീക്കമാണെന്നും സുധ വിശദീകരിച്ചു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍പെടുന്ന സ്ത്രീകളുടെ ജീവിതപ്രശ്നങ്ങള്‍ പ്രത്യേകം സൂചിപ്പിച്ചുകൊണ്ട് അവ ഏറ്റെടുക്കുന്നതിന് സംഘടനയെ പ്രാപ്തമാക്കുന്നത് എങ്ങനെ എന്നതായിരുന്നു സ. സുഭാഷിണി അലി പ്രതിനിധി സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ ഉള്ളടക്കം. യൂണിറ്റ് തലത്തിലടക്കം സംഘടന ശക്തമാക്കുന്നതിന് ആവേശം പ്രതിനിധികള്‍ക്ക് ലഭ്യമാക്കിയ പ്രസംഗമായിരുന്നു അത്. പൊതുസമ്മേളനം ഉദ്ഘാടനംചെയ്തുകൊണ്ട് ആനുകാലിക രാഷ്ട്രീയ പ്രശ്നങ്ങള്‍ സ. ബൃന്ദാകാരാട്ട് വിശദീകരിച്ചു. ഇന്ത്യന്‍ ഭരണാധികാരികളുടെ അഴിമതിക്കഥകള്‍ അവര്‍ വസ്തുനിഷ്ഠമായി വിശദീകരിച്ചു. കേരളത്തില്‍ സോളാര്‍ അഴിമതിക്കേസിലെ പ്രതി സരിതാനായര്‍ മുന്‍ എല്‍ഡിഎഫ് ഭരണകാലത്ത് ജയിലഴികള്‍ക്കകത്തായിരുന്നു എന്നും എന്നാല്‍ യുഡിഎഫ് ഭരണത്തില്‍ സരിതയുടെ സ്ഥാനം മുഖ്യമന്ത്രിയുടെ ചെവിക്കരികിലാണെന്നും ബൃന്ദ സൂചിപ്പിച്ചപ്പോള്‍ കേരളത്തിന് ഇത് അപമാനമായെന്ന് പതിനായിരങ്ങള്‍ വിളിച്ചു പറഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ജില്ലയുടെ പല ഭാഗങ്ങളും വെള്ളം കയറി ഒറ്റപ്പെട്ടുപോയിരുന്നു എങ്കിലും പതിനായിരത്തിലേറെ സ്ത്രീകള്‍ സമ്മേളന നഗരിയിലേക്ക് ഒഴുകി എത്തിയിരുന്നു.

കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിനുശേഷമുള്ള മൂന്ന് വര്‍ഷക്കാലം മഹിളാ അസോസിയേഷന്‍ കേരളത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തത്. വിശ്രമമില്ലാത്ത പോരാട്ടത്തിന്റെ ദിനങ്ങളായിരുന്നു അത്. കേന്ദ്ര - സംസ്ഥാന ഗവണ്‍മെന്‍റുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി സ്ത്രീകള്‍ക്ക് പ്രതികരിക്കേണ്ടതായി വന്നു. മുന്‍ എല്‍ഡിഎഫ് ഗവണ്‍മെന്‍റ് സ്ത്രീസുരക്ഷയ്ക്കും സ്ത്രീപദവി ഉറപ്പാക്കുന്നതിനുംവേണ്ടി നടപ്പിലാക്കിയ ജന്‍ഡര്‍ ബജറ്റ്, ജന്‍ഡര്‍ ഓഡിറ്റിങ്, കുടുംബശ്രീക്കുള്ള സഹായ പദ്ധതികള്‍, പെന്‍ഷനുകള്‍ തുടങ്ങിയ ക്ഷേമപദ്ധതികളെല്ലാം യുഡിഎഫ് ഗവണ്‍മെന്‍റ് വന്നപ്പോള്‍ അട്ടിമറിക്കപ്പെട്ടു. വിലക്കയറ്റത്തിനും ഭക്ഷ്യസുരക്ഷ അട്ടിമറിക്കുന്നതിനും എതിരെ പോരാടുന്നതോടൊപ്പം വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങളെ ചെറുത്തുനില്‍ക്കേണ്ടതായും വന്നു. ഭക്ഷ്യസുരക്ഷാ ബില്ലിലെ അപാകതകള്‍ പരിഹരിക്കുക, റേഷന്‍ സബ്സിഡി പുനഃസ്ഥാപിക്കുക, സബ്സിഡി പണമായി നല്‍കാനുള്ള തീരുമാനം പിന്‍വലിക്കുക, പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധന പിന്‍വലിക്കുക, പാചകവാതക - മണ്ണെണ്ണ സബ്സിഡി പുനഃസ്ഥാപിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് നിരവധി തവണ റേഷന്‍ കടകള്‍ക്ക് മുന്നില്‍ സമരം, കളക്ട്രേറ്റിലേക്ക് ജീവന്‍രക്ഷാമാര്‍ച്ച്, എഫ്സിഐ ഗോഡൗണ്‍ മാര്‍ച്ച്, സെക്രട്ടറിയേറ്റിനുമുന്നില്‍ ഉപവാസം തുടങ്ങിയ സമരങ്ങള്‍ നടത്തി. വമ്പിച്ച സ്ത്രീ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു ഈ സമരങ്ങള്‍. ഗവണ്‍മെന്‍റ് ബജറ്റുകളിലെ ജനവിരുദ്ധതക്കെതിരെ ശക്തമായ പ്രതികരണമുണ്ടാക്കി. കുടിവെള്ളം സ്വകാര്യവല്‍ക്കരിക്കുന്നതിനും ഇ എം എസ് ഭവനപദ്ധതി അട്ടിമറിക്കുന്നതിനുമെതിരെ സ്ത്രീകളെ അണിനിരത്തി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടി.

വനിതാ സംവരണബില്‍ പാസ്സാക്കുന്നതിന് അഭിപ്രായ രൂപീകരണം നടത്തി. സ്ത്രീകള്‍ക്കുനേരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ നിതാന്ത ജാഗ്രതയോടെ പോരാട്ടങ്ങള്‍ സംഘടിപ്പിച്ചു. സൂര്യനെല്ലി കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ സുപ്രീംകോടതിയില്‍ സംഘടന ഇടപെട്ടു. അനുകൂലമായ കോടതിയുടെ അഭിപ്രായ പ്രകടനം പ്രവര്‍ത്തകരില്‍ ആവേശമുണ്ടാക്കി. പി ജെ കുര്യനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംനേരെ അതിക്രമങ്ങള്‍ പെരുകുമ്പോള്‍ ഗവണ്‍മെന്‍റ് നിസ്സംഗത പാലിക്കുന്നതിനെതിരെ നിയമസഭാ മാര്‍ച്ച് നടത്തി. ട്രെയിനില്‍ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ റെയില്‍വെ സ്റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിച്ചു. ഡിജിപിയെ കണ്ട് നിര്‍ദേശങ്ങള്‍ സമര്‍പിച്ചു. കേന്ദ്ര റെയില്‍വെ വകുപ്പിന് പരാതി സമര്‍പ്പിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ വില്ലേജ് തലത്തില്‍ "സ്ത്രീസുരക്ഷാസേന" രൂപീകരണം ആരംഭിച്ചു. "സ്ത്രീസുരക്ഷ നാടിെന്‍റ സുരക്ഷ" എന്ന ക്യാമ്പയിന്‍ സംസ്ഥാന വ്യാപകമായി നടത്തി. ഡല്‍ഹി സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. ജ. ബസന്തിന്റെയും കെ സുധാകരന്‍ എംപിയുടെയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണം നടത്തി. സംസ്ഥാനത്തിന്റെ വിവിധ കോണുകളില്‍ നടന്ന അതിക്രമങ്ങളില്‍, ഇരിട്ടിയില്‍ ബംഗാളി പെണ്‍കുട്ടിക്കും തിരൂരില്‍ നാടോടി ബാലികയ്ക്കും നേരെയുണ്ടായ അതിക്രമങ്ങളടക്കം, മഹിളാ പ്രവര്‍ത്തകര്‍ ഇടപെട്ട് കേസന്വേഷണം ത്വരിതപ്പെടുത്തി. ആക്രമിക്കപ്പെട്ടവര്‍ക്ക് ചികില്‍സയ്ക്കും മറ്റുമുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കി. ഗണേഷ്കുമാറിന്റെ ഗാര്‍ഹികപീഡനവും സോളാര്‍ അഴിമതിക്കേസുമടക്കമുള്ള നിരവധി പ്രശ്നങ്ങളില്‍ മഹിളാ പ്രവര്‍ത്തകര്‍ നിയമനടപടി ആവശ്യപ്പെട്ട് സമരം നടത്തി. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് "ഭൂമിക്കായ് സ്ത്രീശക്തി" എന്ന ക്യാമ്പയിന്‍ സംഘടിപ്പിച്ച് പതിനായിരക്കണക്കിന് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. പരിസര ശുചീകരണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.

ജൂണ്‍ 1ന് കുട്ടികളുടെ അവകാശത്തിനുള്ള പോരാട്ടം സംഘടിപ്പിച്ചു. മാര്‍ച്ച് 8ന് സാര്‍വദേശീയ മഹിളാ ദിനത്തില്‍ പതിനായിരക്കണക്കിന് സ്ത്രീകള്‍ അണിനിരന്ന അവകാശ പ്രഖ്യാപന റാലി സംഘടിപ്പിച്ചു. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യാസക്തിക്കെതിരെ ഡിവൈഎഫ്ഐ, എസ്എഫ്ഐ സംഘടനകളുമായി ചേര്‍ന്ന് തുടര്‍പരിപാടികള്‍ക്ക് തുടക്കമിട്ടു. യൂണിറ്റ്തലത്തിലടക്കം ഈ പരിപാടി വ്യാപിപ്പിക്കേണ്ടതുണ്ട്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായി നടത്തുന്ന പ്രചരണ പരിപാടികളും തുടരേണ്ടതുണ്ട്. ഡിസംബര്‍ 10ന് മനുഷ്യാവകാശ ദിനത്തില്‍ സംഘടിപ്പിച്ച അവകാശപ്പോരാട്ടങ്ങളും പ്രസക്തമായിരുന്നു. നിയമപോരാട്ടങ്ങള്‍ക്ക് കരുത്തുപകരുംവിധം സുശീലാഗോപാലന്‍ സ്മാരക സ്ത്രീപദവി - നിയമപഠന കേന്ദ്രം (ടഏഘട) രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മാധ്യമരംഗത്തെ ഇടപെടല്‍ ശക്തമാക്കുന്നതിന് മാധ്യമ മോണിറ്ററിങ് സെല്ലും രൂപീകരിച്ചിട്ടുണ്ട്. ആദിവാസി സബ്കമ്മിറ്റി രൂപീകരിച്ചുകൊണ്ട് ഈ മേഖലയിലെ ഇടപെടലുകളും ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മൈസൂര്‍ കല്യാണം, ശിശുവിവാഹം, സ്ത്രീധനം തുടങ്ങിയ സാമൂഹ്യ വിപത്തുകള്‍ക്കെതിരെയും പോരാട്ടം തുടരുമെന്ന് സമ്മേളനം പ്രതിജ്ഞ ചെയ്തു.

കഴിഞ്ഞ മൂന്നുവര്‍ഷക്കാലം നടത്തിയ സാമൂഹ്യ ഇടപെടലുകളില്‍ ചിലതു മാത്രമാണ് സൂചിപ്പിച്ചത്. സമ്മേളന റിപ്പോര്‍ട്ടില്‍ വിശദമായി കാര്യങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്. ഭാവി കടമകളില്‍ മേല്‍പറഞ്ഞ കാര്യങ്ങളെല്ലാം സൂചിപ്പിച്ചിട്ടുണ്ട്. സ്ത്രീകളുടെ പ്രതികരണശേഷിയും പ്രതിരോധശേഷിയും വളര്‍ത്തിയെടുത്ത് മുന്നേറാന്‍ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കൂടുതല്‍ ശക്തമായി തയ്യാറാവുകയാണ്. ജനാധിപത്യ വിശ്വാസികളായ ജനങ്ങളുടെ പിന്തുണ ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

*
കെ കെ ശൈലജ ചിന്ത വാരിക

No comments: