Thursday, September 19, 2013

"ഒനാത്തപ്പാ...കുഡ്വയരാ..."

ടോഡി ഷാപ്പ് നമ്പ്ര 32-ലെ വിളമ്പുകാരന്‍ മാത്രമല്ല നാണുക്കുട്ടന്‍, മലയാള ഭാഷയോടൊപ്പം നീങ്ങിയ യുഗസഞ്ചാരി കൂടിയാണ്. നാണു ചരിത്രമാകുന്നു, ഭാഷാശാസ്ത്രമാകുന്നു, മലയാളത്തിന്റെ മുത്താകുന്നു!

ഈ മുത്തിന്റെ പ്രയാണം തുടങ്ങുന്നത് അച്ചടിയോടൊപ്പമാണ്. അച്ചടി മാധ്യമം സജീവമായതോടെ നാണുവിലെ ഭാഷാ പ്രേമിയുണര്‍ന്നു. ആറു പത്രങ്ങള്‍ ഷാപ്പില്‍ വരുത്തിയ ഒരു പുഷ്ക്കല കാലമുണ്ടായിരുന്നു പണ്ട്. ആറും തിന്നും നാണു, അതിരാവിലെ. അതോടെ അച്ചടിഭാഷ നാണുവില്‍ ആവേശിച്ചു തുടങ്ങി. പിന്നെ അങ്ങനെയായി സംസാരം. കുടിയന്മാര്‍ അമ്പരന്നു.

"നമ്മള്‍ തമ്മില്‍ കാണുവാന്‍ അവസരം ലഭിച്ചിട്ട് നാളുകള്‍ നീണ്ടുപോയപോലെ..." എന്ന് നാണു പരിചയം പുതുക്കിയതുകേട്ട് ഒരു കുടിയന്‍ പാനം റദ്ദാക്കി മാനം കാത്ത് തിരിച്ചുപോയി. നാണു വിട്ടുകൊടുത്തില്ല.

കുട്ടിയുടെ അസുഖം പറയാന്‍ ഡോക്ടറുടെയടുത്തെത്തി നാണു. ശേഷം ഇങ്ങനെ. "ഡോക്ടര്‍.... ഇതെന്റ മകന്‍ ശശാങ്കന്‍, വയസ്സ് എട്ട്. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നു.

ഇന്ന് രാവിലെ അതായത് ആറെ മുപ്പതിന് കുട്ടി ഉണരാതിരിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു. ഞാന്‍ ഉടനെ കാരണം അന്വേഷിച്ചു. അതിശക്തമായ തലവേദന എന്നായിരുന്നു അവന്റെ മറുപടി. ആശയം വ്യക്തമായിരുന്നില്ലെങ്കിലും ഞാന്‍ അത് ഊഹിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി മൂന്നുവട്ടം ഛര്‍ദിക്കുകയും ചെയ്തു. തളര്‍ച്ച കാണപ്പെട്ടതിനാല്‍ ഞാന്‍ അടിയന്തരമായി ഒരു ഗ്ലാസ് കഞ്ഞിവെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ ഉപ്പ് ലയിപ്പിച്ച് ചേര്‍ത്ത് കൊടുത്തു. കുട്ടി അല്‍പ്പാല്‍പ്പമായി അത് കഴിച്ചു. ശേഷമാണ് കുട്ടിക്ക് പനിയുണ്ടെന്നും എനിക്ക് വിശ്വാസയോഗ്യമായ തെളിവുകള്‍ ലഭിച്ചത്." ഡോക്ടര്‍ മരുന്ന് കുറിച്ചു. പക്ഷേ ഒരു സ്ഥലത്തും മരുന്ന് കിട്ടുന്നില്ല. അവസാനത്തെ കടയില്‍ നാണു ചോദിച്ചു. "എന്താ ഇത് എങ്ങും കിട്ടാത്തത്?" "ഇത് മരുന്നുകടയില്‍ കിട്ടില്ല" "പിന്നെ എവിടെ നിന്ന് കരഗതമാവും?" "കറണ്ടാപ്പീസീച്ചെല്ലണം" "ങേ...!" "110 കെ വി ലൈന്‍ കടത്തിവിടണമെന്നാണ് ഡോക്ടര്‍ എഴുതിയിരിക്കുന്നത്."

പക്ഷേ അതുകൊണ്ട് നാണു പിന്‍വാങ്ങിയില്ല. ഭാഷയോടുള്ള അടങ്ങാത്ത പ്രതിപത്തി തുടര്‍ന്നുകൊണ്ടേയിരുന്നു. ചിലപ്പോള്‍ തലക്കെട്ടിട്ടും നാണു സംസാരിച്ചിരുന്നു. "ബസ് മറിഞ്ഞ് പന്ത്രണ്ടു പേര്‍ മരിച്ചു", " ആ മരണം ആത്മഹത്യയല്ല" എന്ന മട്ടില്‍.

പറ്റിയാല്‍ ഒരു പ്രൂഫ് റീഡറെയും കൊണ്ടുനടക്കണമെന്നുണ്ടായിരുന്നു നാണുവിന്. കള്ളു വ്യവസായം പ്രതിസന്ധിയിലായതിനാല്‍ കഴിഞ്ഞില്ല. ഭാഷയെ ശുദ്ധീകരിക്കാനുള്ള ഒരു ശരാശരി കേരളീയന്റെ യത്നം സാമ്പത്തിക കുഴപ്പത്തില്‍ തകരുന്നു.

ഇപ്പോള്‍ കുറ്റിയറ്റു പോകുന്ന ഇനമാണ് നാണുക്കുട്ടന്‍. താലൂക്കില്‍ പോലും ഒരെണ്ണത്തിനെ കിട്ടാനില്ല. ഇത്തരക്കാരെ കണ്ടാലറിയാം. നിവര്‍ന്ന നടപ്പ്. കൈകള്‍ ക്രമത്തില്‍ വീശും. തല താഴ്ത്തില്ല. മുഖത്ത് പക്ഷേ ഗൗരവമില്ല. ശാന്തം. കണ്ടാല്‍ ഉടന്‍ രക്ഷപ്പെട്ടില്ലെങ്കില്‍ പിന്നെ ഫയര്‍ ഫോഴ്സുകാരെ വിളിക്കണം. നിന്ന നിലയില്‍ കത്തിപ്പോവും. കര്‍ത്താവ്, കര്‍മം, ക്രിയ കൃത്യമായിരിക്കും.

"ഞാന്‍ തിരുവനന്തപുരത്തേക്ക് പോകുന്നു. വഴിമധ്യേ കോട്ടയത്തു വെച്ച് സുഹൃത്ത് സിദ്ധാര്‍ഥനെ കണ്ടു. " തല്‍പുരുഷന്മാര്‍, പേരച്ചം, വിനയച്ചം എന്നിവരെല്ലാം രംഗത്തുണ്ടാവും. നാമവിശേഷണം, ക്രിയാ വിശേഷണം എന്നിവയെല്ലാം അതാത് സ്ഥലത്തുണ്ടാവും. ഇത്തരം വൈയാകരണന്മാരെ, അപശബ്ദശോധിനികളെ കണ്ടെത്തി പുരാവസ്തുവകുപ്പില്‍ ഏല്‍പ്പിച്ചാല്‍ നന്ന്. അച്ചടി മാധ്യമങ്ങളില്‍നിന്ന് ആഴ്ചപ്പതിപ്പുകളുടെ കാലം വന്നതോടെ നാണുവും മാറി. മലയാളം പ്രൊഫസര്‍മാര്‍ കൂട്ടത്തോടെ ആഴ്ചപ്പതിപ്പുകള്‍ വേട്ടയാടിത്തുടങ്ങി. വെട്ടുകിളി ശല്യം. ഉത്തരാധുനികത.

പണ്ഡിതന്മാര്‍ പണ്ഡിതന്മാരോട് സംസാരിക്കുന്ന കാലം. ഓണ്‍ലി അക്കാദമിക് ഇന്റലക്ച്വല്‍സ്. നോ പബ്ലിക് ഇന്റലക്ച്വല്‍സ്. നാണു പത്രം താഴെ വച്ചു. ആഴ്ചപ്പതിപ്പുകള്‍ കൈയിലെടുത്തു. ഒരു അക്കാദമിക്കായി സ്വയം തോന്നിയ കാലം.

ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും എന്നതിനു പകരം ഒരു വാചകത്തില്‍ ഒരു ദര്‍ശനം എങ്കിലും വേണമെന്ന് ശാഠ്യം. തത്വചിന്തയുടെ സുഗന്ധദ്രവ്യങ്ങള്‍ ഇറക്കുമതി ചെയ്യാത്ത ഒരു വാചകംപോലും പ്രത്യക്ഷപ്പെട്ടില്ല. ഭാഷയുടെ മേലധ്യക്ഷന്മാര്‍ നാണുവിനെ നയിച്ചു. കര്‍മണിപ്രയോഗം ഉറയൂരി. കുടിയന്മാര്‍ മൂക്കത്ത് സ്ഥിരമായി വിരല്‍വച്ച് പറഞ്ഞു.

"എന്തൊരു വിവരം. ഇത് മ്മട നാണുക്കുട്ടന്‍ തന്നേണാഡാ." അത്തരം സന്ദേഹങ്ങള്‍ക്ക് മീതെ ജ്ഞാനക്കാറ്റ് വീശി നാണു കടന്നുപോയി. ഒരിക്കല്‍ ഷാപ്പില്‍ വന്ന് ചാരായമുണ്ടോ എന്ന് ചോദിച്ച കുടിയനോട് നാണു പറഞ്ഞു. "ഏകമുഖമായ വില്‍പനസമുച്ചയത്തിനകത്ത് ബഹുമുഖസമീപനത്തിന്റെ അന്തര്‍ധാരകള്‍ ഉള്‍ക്കൊള്ളുന്ന സന്ദേഹങ്ങള്‍ നിലനില്‍ക്കുന്നതല്ല." കാന്താരി മുളക് കടിച്ച പോലെയായി കുടിയന്‍. പിന്നെ വികാരതീവ്രവാദിയായി അലറി. "..മ്മട നാണുക്കുട്ടന്‍ മഹാനാണ്‍ഡാ..." പച്ചക്കുപ്പിയിലെ കള്ള് തന്നെ വേണമെന്ന് പറയുന്നവരോട് നാണു പറഞ്ഞു.

"നിറങ്ങളുടെ ഭ്രമങ്ങള്‍ക്കകത്തെ ഉള്ളടക്കം സമീപനപരമായി സമാനതകളുള്ളതാണ്. പ്രശ്നം ഉള്‍ക്കൊള്ളപ്പെടലിന്റേതാണ്. ഇതാകട്ടെ ആശയപരിസരത്തിന്റെ വിശാലപരിപ്രേക്ഷ്യങ്ങള്‍ക്കകത്ത് ഉള്‍ച്ചേര്‍ന്നിരിക്കുന്നതും." അവിടംകൊണ്ട് നിര്‍ത്തിയില്ല നാണു. " വിഘടിത സമൂഹത്തിന്റെ വൈവിധ്യം നിറഞ്ഞ രുചി സംഘര്‍ഷങ്ങളെ സാംസ്കാരികമായി അടയാളപ്പെടുത്തുമ്പോള്‍ നമ്മുടേതായ അച്ചാറുകളുടെ സ്പേസ് അഥവാ ഇടം നഷ്ടപ്പെടുകയാണ്." ആഴ്ചപ്പതിപ്പുകാര്‍ ലേഖനം ചോദിച്ച് നാണുവിന്റെ വീട്ടുമുറ്റത്ത് ക്യൂ നിന്നു.

നാണു എഴുതിക്കരേറി. ഒറ്റച്ചേരുവ. തിത്തിത്താരതിത്തത്തൈ തിത്തൈതകതക തൈ.... കാണപ്പെടലിന്റെ, അറിയപ്പെടലിന്റെ, അടയാളപ്പെടുത്തലിന്റെ, തിരിച്ചറിയപ്പെടലുകളുടെ,കണ്ടെത്തപ്പെടലിന്റെ.... തിത്തൈ തകതകതൈ.... ആശയപരിസരത്തിന്റെ, വായിച്ചെടുക്കലിന്റെ, ബോധനിര്‍മാണത്തിന്റെ, അറിവുല്‍പ്പാദനത്തിന്റെ... തിത്തൈ തകതകതൈ.... നാണുപ്പണ്ഡിതനെ നാട്ടുകാര്‍ വണങ്ങി. വഴിയിലിറങ്ങിയപ്പോള്‍ ആബാലവൃദ്ധം വിളിച്ചു..."

നാണുപ്പണ്ഡിതാ..." പലചരക്കു കടയില്‍ തൂക്കിക്കൊടുക്കുന്നവനോട് നാണു പറഞ്ഞു. "ഒരു ബഹുസ്വരതയുടെ പരിച്ഛേദമായ ഈ വാണിജ്യമേല്‍ക്കൂരക്കകത്ത് ആച്ഛാദിതമായി കിടക്കപ്പെടേണ്ടി വന്ന ഏറ്റവും പുരാതനമായ ധാന്യസംസ്കൃതികളിലൊന്നിനെ നവീന സാമ്പത്തികശാസ്ത്രബോധത്തിന്റെ വ്യവഹാരരീതികളിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍ നാണയവ്യവസ്ഥ എന്നിലേല്‍പ്പിക്കുന്ന ആഘാതം എത്രയായിരിക്കും?"

സോഡ കണ്ണില്‍ തളിച്ചപ്പോഴാണ് പിന്നെ തൂക്കിക്കൊടുക്കുന്നവന്‍ എഴുന്നേറ്റത്. ആരോ ആശ്വസിപ്പിച്ചു. "ഡാ.. നീ പേടിച്ചു പോയാ?..അരിക്കെന്താ വെലേന്നാ നാണു ചോദിച്ചെ" ഇമ്മാതിരി ഡയലോഗിനും കാലക്ഷയം വന്നു തുടങ്ങി. ആഴ്ചപ്പതിപ്പില്‍ വന്ന മുഴുവന്‍ തേങ്ങകള്‍ പൊതിക്കാനാവാതെ വായനക്കാര്‍ നായ്പ്പരുവത്തില്‍ ഓരിയിട്ടു.

ദാ വരുന്നു ദൃശ്യമാധ്യമം. നാണു അതൊരെണ്ണം വാങ്ങി. ഭാഷ അതില്‍ അഴിഞ്ഞാടി. ഭാഷ ഫാഷന്‍ ഷോ ആയി. ഭാഷ വേഷം കെട്ടി, ആണായും പെണ്ണായും. ശുന്‍ദരികളും ശുന്‍ദരന്മാരും പൂക്കാവടിയും ഭസ്മക്കാവടിയും ആടി. "ഇത്തവണത്തെ ഒനാം സ്പെഷലായി ഞങ്ങള്‍ പ്രെസെന്റു ചെയ്യുന്ന പുതിയ പ്രോഗ്രാമാണ്... ഒനാത്തപ്പാ കുഡ്വയരാ.... കേക്കാവോ... യ്.. യ്യോ..കേട്ടിരിക്ക്ണൂ അല്ലേ.... കഷ്ടംണ്ട്ട്ടോ..ന്നാലും കേട്ടിരിക്ക്ണൂന്ന് പറഞ്ഞൂല്ലോ..."

"ഒനാത്തപ്പാ കുഡ്വയരാ റിയാലിറ്റി ഷോയിലേക്ക് എയ്റ്റ് പാര്‍ട്ടിസിപ്പന്റ്സാണ് ഫൈനല്‍ റൗണ്ടില്‍ എത്തിയിട്ടുള്ളത്.... ഇതില്‍ നിന്നാണ് നമ്മള്‍ കേരളത്തിന്റെ രിയല്‍ ഒനാത്തപ്പനെ ഫൈന്‍ഡ് ചെയ്യേണ്ടത്.... അതിനു മുമ്പ് ഒരു ഷോര്‍ട്ട് ബ്രേക്ക്." ബ്രേക്ക് പൊട്ടി, നാണുവിന്റെയും. നാക്കില്‍ കൊതിയൂറി. ഭാഷ നൃത്തമാടി. ശുന്‍ദരി വീണ്ടും വന്നു.

"നമ്മുടെ ഈ പ്രോഗ്രാം ഇന്ന് ഇനൗഗുറെയ്റ്റ് ചെയ്യുന്നത് ആരാണെന്ന് അരിയാവോ....?"

കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെയുള്ള കാണികള്‍ ഒന്നടങ്കം പറഞ്ഞു. "..ഇ...ല്‍...ലാ.." "യ്.. യ്യോ.. കഷ്ടംണ്ട്ട്ടോ.. ഗെസ്സ് ചെയ്യാവോ....?"

നാണുക്കുട്ടന്‍ ലേശം ആശയക്കുഴപ്പത്തിലായി. അതിനെന്താ ഇവിടെക്കാര്യം എന്ന മട്ടില്‍ ചിന്തിച്ചു. ഭാഷയില്‍ ഉണ്ടായ ഒരു ജ്ഞാനക്കുറവാണ് കാരണം. ഗെസ്സിനെ ഗ്യാസായി നാണു ഒന്ന് മാറ്റിച്ചിന്തിച്ചു പോയി. ശുന്‍ദരി വീണ്ടും ചോദിച്ചു. "കിറ്റിയോ...?"

പ്രേക്ഷകലക്ഷം അലറി. "കിറ്റിയില്ല..." റേറ്റിങ് ഉയര്‍ന്നുകൊണ്ടേയിരുന്നു. " എന്നാല്‍ ഞാന്‍ പറയറ്റെ..നമ്മുടെ ഫെയ്മസായ ഡിറക്റ്റര്‍.... കട്ടബൊമ്മനാണ് ഇന്ന് ഈ പ്രോഗ്രാം ഇനൗഗുറെയ്റ്റ് ചെയ്യുന്നത്... അതിനായി ഞാന്‍ കട്ടബൊമ്മന്‍സാറിനെ വേദിയിലേക്ക് ഇന്‍വൈറ്റ് ചെയ്യുന്നു...

കട്ടബൊമ്മന്‍ സര്‍.. പ്ലീസ്...

എല്ലാവരും കട്ടബൊമ്മന്‍ സാറിനൊരു ക്ലാപ് കൊടുത്തേ...." നാണു ക്ലാപ്പെടുക്കാന്‍ അകത്തേക്കു പോയി.

"ഇന്നത്തെ നമ്മുടെ ഈ പ്രോഗ്രാമിന് മൂന്ന് ജഡ്ജസാണ് ഉള്ളത്. ആദ്യം ശ്രീ പാതാളഭൈരവന്‍ സര്‍.... സര്‍ നമ്മുടെ ഈ ഒനാത്തപ്പാ കുഡ്വയരാ പെര്‍ഫോമന്‍സിനെക്കുരിച്ച് എന്താണ് സര്‍ പറയാനുള്ളത്? സര്‍ പ്ലീസ് സര്‍... "ഓണം.." എരുമയെ തൊണ്ടയിലൊതുക്കി പാതാള ഭൈരവന്‍ പറഞ്ഞു "

...കേരളീയരുടെ ദേശീയ ഉല്‍സവമാണ്...." പുതിയ അറിവുകളുടെ മുന്നില്‍ നാണു കുമ്പിട്ടു. "സര്‍... എത്ര മാര്‍ക്സ് സര്‍?" "ഒമ്പത്" "യ്.. യ്യോ.. പത്തില്‍ ഒമ്പത്...ഒനാത്തപ്പാ നല്ല മാര്‍ക്സാണ് കേട്ടോ.." "അടുത്തത് ശ്രീ കൃതവര്‍മന്‍ സര്‍.. ഫെയ്മസ് ഫാഷന്‍ ഡിസൈനറാണ് ശ്രീ കൃതവര്‍മന്‍ സര്‍.. സര്‍.. പ്ലീസ് സര്‍...." കൃതം തുടങ്ങി.

"റിയലി ഓണം എന്നു പറയുന്നത് ഫാഷനുകളുടേതാണ്... ശരിക്കും ഹാഫ് നേക്കഡ്നെസ് കൊണ്ട് ഈസ്തെറ്റിക് ട്രെന്റ് തന്നെ ക്രിയേറ്റ് ചെയ്യുകയായിരുന്നു മാവേലി...." അടുത്തതായി ഹിഡുംബി മാഡം..ഹിഡുംബി മാഡം പ്ലീസ്... "..

എന്റെയൊക്കെ ചെറുപ്പത്തില്‍ സോ മെനി ഫ്ളവേഴ്സൊണ്ടാവും വീട്ടു മുറ്റത്തൊക്കെ... ഞങ്ങള്‍ ഫ്രണ്ട്സൊക്കെ അത് പറിച്ച്... രാവിലെ തന്നെ. .ഇന്നത്തെ കുട്ടികള്‍ക്കതൊന്നും പറഞ്ഞാ മനസ്സിലാവില്ല... അന്ന് ഒരുതരം ചെറിയ പൂവുണ്ടല്ലോ....എന്താ അതിനെ പറയ്യാ...

നാണു പറഞ്ഞു. "കാക്കപ്പൂ"

"ഇക്സാറ്റ്ലി" "അപ്പോള്‍ നമ്മുടെ ഇന്നത്തെ പ്രോഗ്രാം ഒനാത്തപ്പാ കുഡ്വയരാ അവസാനിക്കുകയാണ്...."

നാണു നാരായമെടുത്തു. എഴുതിപ്പഠിച്ചു തുടങ്ങി...

"ഒനാത്തപ്പന്‍... ഒനാത്തപ്പന്‍..."

മലയാളം ശ്രേഷ്ഠമായി. നാണു എഴുത്തച്ഛനായി.

*
എം എം പൗലോസ് ദേശാഭിമാനി വാരിക 22 സെപ്തംബര്‍ 2013

4 comments:

ബഷീർ said...

സൂപ്പർ..പൊളിച്ചടുക്കി എന്ന് പറയാം

ഉദയപ്രഭന്‍ said...

സംഗതി കലക്കീട്ടോ.

Unknown said...

ഗംഭീരം.. പൊളിച്ച്

Noufal said...

കലക്കീട്ടോ