Friday, September 20, 2013

വര്‍ത്തമാനകാലത്തെ ജനാധിപത്യവും മാധ്യമവും

എന്താണ് ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന് സംഭവിക്കുന്നത്? എങ്ങനെയാണ് മാധ്യമം ജനാധിപത്യത്തിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നത്? മാധ്യമത്തിന്റെ സ്വഭാവം, രൂപം, ഉള്ളടക്കം എന്നിവകളില്‍ സമീപകാലത്ത് വന്ന മാറ്റങ്ങള്‍ എന്തൊക്കെ? ഇവ പരിശോധിക്കേണ്ട വിഷയങ്ങളാണ്. ജനാധിപത്യസംവിധാനം തുടര്‍ച്ചയായി നിലകൊള്ളുന്നുവെന്നത് ഇന്ത്യയുടെ പ്രധാന സവിശേഷതയാണ്. പാകിസ്ഥാനില്‍ ആദ്യമായി ഇപ്പോഴാണ് ഒരു സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നത്. പട്ടാളവിപ്ലവമോ മറ്റെന്തെങ്കിലും അട്ടിമറിയോ ഭരണത്തിന് അന്ത്യംകുറിക്കാറാണ് പതിവ്. ഇന്ത്യയില്‍ 1975-77 കാലത്തുമാത്രമാണ് ഏകാധിപത്യഭരണത്തിന് വഴങ്ങേണ്ടിവന്നത്. ഇപ്പോഴത്തെ അനിശ്ചിതാവസ്ഥയെ 1920കള്‍ക്കുശേഷം ജര്‍മനിയിലുണ്ടായ അവസ്ഥയോടാണ് എന്‍ റാം താരതമ്യംചെയ്യുന്നത്. ഹിറ്റ്ലര്‍ വരുന്നതിനുമുമ്പുള്ള ജര്‍മനിയുടെ അവസ്ഥ. താരതമ്യം എത്രത്തോളം ശരിയാണെന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ കണ്ടേക്കാം. പക്ഷേ, നമ്മുടെ ജനാധിപത്യത്തിന്റെ സ്വഭാവത്തില്‍ എന്തുമാറ്റം വരുന്നു, പാര്‍ലമെന്റിന്റെ ഇന്നത്തെ ഘടന എന്താണ്? ആരാണ് പാര്‍ലമെന്റില്‍ എത്തുന്നത്? പാര്‍ലമെന്റിന്റെ അധികാരങ്ങളില്‍ എന്തുമാറ്റം വരുന്നു? എന്നിവ പ്രധാന ചോദ്യങ്ങളാണ്.

ഇലക്ഷന്‍ വാച്ചിന്റെ ഒടുവിലത്തെ കണക്കനുസരിച്ച് ഈ ലോക്സഭയിലുള്ളത് 306 കോടീശ്വരന്മാരാണ്. കഴിഞ്ഞ പാര്‍ലമെന്റിനേക്കാള്‍ കോടീശ്വരന്മാരുടെ എണ്ണത്തില്‍ നൂറുശതമാനം വര്‍ധന. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അഞ്ചുകോടിയിലേറെ ആസ്തിയുള്ളവരില്‍ 32 ശതമാനംപേരും വിജയിച്ചു. 50 ലക്ഷത്തിനും അഞ്ചുകോടിക്കും ഇടയില്‍ ആസ്തിയുണ്ടായിരുന്നവരില്‍ 18.6 ശതമാനമാണ് ജയിച്ചത്. പത്തുലക്ഷത്തിനുമുകളിലുള്ളവരില്‍ 2.3 ശതമാനം സഭയില്‍ എത്തി. അതിനുതാഴെയുള്ളവരോ? വെറും 0.4 ശതമാനംമാത്രം. ഇതാണ് ഞെട്ടിപ്പിക്കുന്ന കണക്ക്. നിങ്ങള്‍ എത്രമാത്രം സമ്പന്നനാണോ അത്രയും നിങ്ങളുടെ വിജയസാധ്യത വര്‍ധിക്കുന്നു. ഇപ്പോള്‍ നടന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള അനൗദ്യോഗികകണക്കുകള്‍ സൂചിപ്പിക്കുന്നത്, ഒരു നിയമസഭാഭമണ്ഡലത്തില്‍ നൂറുമുതല്‍ 200 കോടിവരെ സ്ഥാനാര്‍ഥികള്‍ ചെലവഴിച്ചെന്നാണ്. പാര്‍ലമെന്റെന്നത് സാധാരണക്കാര്‍ക്ക് പ്രാപ്യമല്ലെന്നാണ് തെരഞ്ഞെടുപ്പുകണക്കുകള്‍ വ്യക്തമാക്കുന്നത്. കേന്ദ്രമന്ത്രിമാരില്‍ അഞ്ചുകോടിക്കപ്പുറം സ്വത്തുള്ളവരാണ് 23 പേരും. പത്തുലക്ഷത്തിനുതാഴെ സ്വത്തുള്ള ഒരാള്‍മാത്രമേയുള്ളൂ. സ്വാതന്ത്ര്യത്തിനുശേഷം ജനിച്ച ഒരു പ്രധാനമന്ത്രി ഇതുവരെ നമുക്കുണ്ടായിട്ടില്ല.

പാര്‍ലമെന്റാണല്ലോ ജനാധിപത്യത്തിന്റെ കസ്റ്റോഡിയന്‍. ഈ പാര്‍ലമെന്റിന്റെ അധികാരത്തില്‍ എന്തുമാറ്റം സംഭവിക്കുന്നുവെന്നതാണ് ഏറ്റവും ഉല്‍ക്കണ്ഠയുണ്ടാക്കുന്നത്. പാര്‍ലമെന്റിനെക്കുറിച്ച് പറയുമ്പോള്‍ മാധ്യമങ്ങളും മറ്റും എപ്പോഴും ചര്‍ച്ചചെയ്യുന്ന ഒരു കാര്യം പാര്‍ലമെന്റ് സമ്മേളിക്കുന്നത് എത്ര സമയമാണ് എന്നതിനെക്കുറിച്ചാണ്. ഇതേവരെയുള്ളതില്‍ ഏറ്റവും കുറച്ച് സമ്മേളിച്ച പാര്‍ലമെന്റാണ് ഇപ്പോഴത്തേത് എന്നത് ശരിയാണ്. രാജ്യസഭ എന്നത് ഏറ്റവും ഗൗരവമേറിയ ചര്‍ച്ച നടക്കുന്ന വേദിയാണെന്നാണ് ധാരണ. രാജ്യസഭ സമ്മേളിക്കുന്നതും വളരെ കുറവാണെന്ന് മാധ്യമറിപ്പോര്‍ട്ടുകളില്‍ കാണുന്നു. എന്നാല്‍, പാര്‍ലമെന്ററി ജനാധിപത്യം നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളി നയപരമായ തീരുമാനങ്ങളില്‍ പാര്‍ലമെന്റിന്റെ പങ്ക് കുറഞ്ഞുവരുന്നു എന്നതാണ്.
തൊണ്ണൂറുകള്‍ക്കുമുമ്പ് ബജറ്റ് അവതരണസന്ദര്‍ഭത്തില്‍ ജനം ശ്രദ്ധിച്ചിരുന്നത്, പെട്രോളിനോ പാചകവാതകത്തിനോ വില കൂടുമോ നികുതി കൂടുമോ എന്നൊക്കെയായിരുന്നു. ഇപ്പോഴതെല്ലാം മാറി. ഇതൊന്നും പാര്‍ലമെന്റിന്റെ പരിഗണനയിലേക്ക് വരുന്നേയില്ല. ആദ്യം പലതും എക്സിക്യൂട്ടീവിലേക്ക് മാറി, പിന്നെ കമ്പനികളിലേക്ക് മാറി. റെയില്‍വേ ബജറ്റ് വരുമ്പോള്‍ ചാര്‍ജ് കൂടുമോ ചരക്കുകൂലി കൂടുമോ എന്നൊക്കെയായിരുന്നു ആശങ്കകള്‍. ഇതും ഇപ്പോള്‍ പാര്‍ലമെന്റില്‍ വരുന്നില്ല. എല്ലാറ്റിനും റഗുലേറ്ററി ബോര്‍ഡുകളായി. അവരാണ് എല്ലാം നിശ്ചയിക്കുന്നത്. ആകെ അവശേഷിക്കുന്നത് നികുതിഘടനയില്‍ എന്തുമാറ്റമുണ്ടാകും എന്നതാണ്. ചരക്ക് സേവന നികുതി വരുന്നതോടെ ഇക്കാര്യത്തിലും പാര്‍ലമെന്റിനുള്ള പങ്ക് കുറയും. ഇതിനായി രൂപീകരിക്കുന്ന സമിതിയാണ് ചരക്കുനികുതിയും സേവനനികുതിയും സംബന്ധിച്ച നിര്‍ദേശങ്ങള്‍ രൂപീകരിക്കുന്നത്. നയപരമായ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുന്നതാകട്ടെ പാര്‍ലമെന്റ് അറിയാതെ അതിന് പുറത്തും. പാര്‍ലമെന്റിന്റെ നിയമനിര്‍മാണ അധികാരവും അട്ടിമറിക്കപ്പെടുന്നു. നമ്മുടെയെല്ലാം ജീവിതത്തില്‍ ഒഴിവാക്കാനാകാത്ത ഒന്നായിരിക്കുന്നു ആധാര്‍. ആധാറിന് ഒരു നിയമത്തിന്റെയും പിന്‍ബലമില്ല. ആധാറിന് പിന്‍ബലമാകേണ്ടിയിരുന്നത് യുഐഡി ബില്ലാണ്. പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് അയച്ച ബില്ലാണ്. ഈ നിയമം തള്ളിക്കളയേണ്ട ഒന്നാണെന്നമട്ടിലുള്ള നിര്‍ദേശമാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി നല്‍കിയത്. എന്നാല്‍, അതിനുശേഷം ഇതുവരെയും ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കായി അവതരിപ്പിച്ചില്ല. ആധാര്‍ പ്രായോഗികമാവുകയും ചെയ്തു.

പാര്‍ലമെന്റിന്റെ രണ്ട് സഭകള്‍ ഒരു നിയമം പാസാക്കിയാല്‍ അത് ഇന്ത്യയിലെ പൗരന്മാര്‍ക്കെല്ലാം ബാധകമാണ്. എന്നാല്‍, പാസാക്കിയ നിയമത്തെ അട്ടിമറിക്കുന്ന കാഴ്ച നമുക്കിന്ന് ഇന്ത്യയില്‍ കാണാം. പൂര്‍വകാലപ്രാബല്യമുള്ള നികുതിസംവിധാനം പ്രണബ് മുഖര്‍ജിയുടെ അവസാനത്തെ ബജറ്റില്‍ അവതരിപ്പിക്കുകയും സഭ ഏകകണ്ഠമായി പാസാക്കുകയും ചെയ്തു. വോഡാഫോണിന് ബാധകമായ ഒരു നികുതിക്കുവേണ്ടിയാണ് അത് നിര്‍ദേശിക്കപ്പെട്ടത്. എന്നാല്‍, പി ചിദംബരം ധനമന്ത്രിയായപ്പോള്‍ നികുതിവിദഗ്ധന്‍ പാര്‍ഥസാരഥി ഷോമിനെ ഇത് പരിശോധിക്കുന്നതിനായി ചുമതലപ്പെടുത്തി. അപ്പം ചുടുന്ന വേഗത്തില്‍ മൂന്നാഴ്ചകൊണ്ട് അദ്ദേഹം റിപ്പോര്‍ട്ട് നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ നിയമം മൂന്നുവര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ തീരുമാനമായി. ഏകകണ്ഠമായി പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ നിയമത്തെ ഒരു വിദഗ്ധന്റെ റിപ്പോര്‍ട്ടിന്റെ ബലത്തില്‍ നടപ്പാക്കാതിരിക്കാന്‍ കഴിയുന്നു. ജനാധിപത്യത്തിന്റെ അന്തസ്സത്ത ദുര്‍ബലമായിക്കൊണ്ടിരിക്കുന്നതിന്റെ ഉദാഹരണമാണിത്.

ഈ കാലഘട്ടത്തിലെ ജനാധിപത്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ കടന്നുവരുന്ന ഒരു വാക്കാണ് ക്രോണി ക്യാപ്പിറ്റലിസം. ചങ്ങാത്ത മുതലാളിത്തം എന്നു മലയാളത്തില്‍ പറയാം. ചങ്ങാത്ത മുതലാളിത്തമെന്നത് രാഷ്ട്രീയനേതൃത്വവും ബ്യൂറോക്രസിയും കോര്‍പറേറ്റുകളും ചേരുന്ന അവിശുദ്ധ കൂട്ടുകെട്ടാണ്. ഇതാണ് തീരുമാനങ്ങളെ പ്രധാനമായും സ്വാധീനിക്കുന്നത്. ഇന്ത്യയുടെ സവിശേഷത ഈ ചങ്ങാതിമാര്‍ക്കിടയില്‍ മാധ്യമംകൂടി ഉണ്ടെന്നതാണ്. ക്ലാസിക്കല്‍ ക്രോണി ക്യാപ്പിറ്റലിസത്തില്‍ മാധ്യമമൊഴിച്ചുള്ള മറ്റു മൂന്നു പങ്കാളികളേ ഉള്ളൂ. ഇന്ത്യന്‍ സാഹചര്യത്തിലാണ് മോഡേണ്‍ ക്രോണി ക്യാപ്പിറ്റലിസത്തില്‍ മാധ്യമങ്ങള്‍ കടന്നുവരുന്നത്. ക്രോണി ക്യാപ്പിറ്റലിസത്തിന്റെ ഒരു പ്രത്യേകത ഇതിലെ പങ്കാളികള്‍ അവരുടെ സ്വന്തം റോളുകളില്‍മാത്രം നില്‍ക്കുന്നില്ല എന്നതാണ്. ഓരോരുത്തരും അവരുടെ പരിധി കടക്കുന്നു. രാഷ്ട്രീയക്കാര്‍ കോര്‍പറേറ്റാകുന്നു, മാധ്യമം നടത്തുന്നു, മാധ്യമക്കാര്‍ രാഷ്ട്രീയക്കാരാകുന്നു, കോര്‍പറേറ്റുകള്‍ രാഷ്ട്രീയക്കാരുമാകുന്നു. ബ്യൂറോക്രസിയും ഇതിലെല്ലാം കടന്നുകയറുന്നു. രാഷ്ട്രീയപാര്‍ടികളുടെ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ ഒന്നുകില്‍ കോര്‍പറേറ്റുകള്‍ അല്ലെങ്കില്‍ ബ്യൂറോക്രാറ്റുകള്‍ കടന്നുകയറുന്നു. റോളുകള്‍ അങ്ങോട്ടുമിങ്ങോട്ടും മാറുകയാണ്.

നാലാംതൂണിന്റെ ഒരു സവിശേഷത മറ്റു തൂണുകളില്‍നിന്ന് വ്യത്യസ്തമായി ഇത് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ്. ഇത് സര്‍ക്കാരിന്റെ തൂണല്ല, ചില സൗജന്യങ്ങള്‍ അനുഭവിക്കുന്നുണ്ടാകാം. പക്ഷേ, സര്‍ക്കാരിന്റെ ചെലവിലോ നിയന്ത്രണത്തിലോ അല്ല ഇത് പ്രവര്‍ത്തിക്കുന്നത്. ഈ കാലഘട്ടത്തില്‍ മാധ്യമത്തിന്റെ രൂപം, ഉള്ളടക്കം, സാങ്കേതികവിദ്യ, ദൗത്യം തുടങ്ങിയ എല്ലാറ്റിലും മാറ്റംവന്നിരിക്കുന്നു. പ്രിന്റ് മീഡിയ, വിഷ്വല്‍ മീഡിയ എന്നുള്ളതിന്റെ വ്യത്യാസങ്ങള്‍ മാറുകയാണ്. ലോകത്തിലെ ഏറ്റവും വലിയ മാധ്യമം ഇപ്പോള്‍ മൊബൈല്‍ഫോണ്‍ ആണ്. മൊബൈല്‍ഫോണില്‍ എല്ലാ മാധ്യമവുമുണ്ട്. പത്രം വായിക്കാം, ടെലിവിഷന്‍ കാണാം, റേഡിയോ കേള്‍ക്കാം, സോഷ്യല്‍ മീഡിയയില്‍ ഇടപെടാം, സിനിമയും കാണാം. അച്ചടിക്കാതെതന്നെ അച്ചടിമാധ്യമം മൊബൈല്‍ഫോണില്‍ വായിക്കാമെന്നത് വലിയ വിപ്ലവംതന്നെയാണ്. ട്രായിയുടെ കണക്കുപ്രകാരം ഇന്ത്യയില്‍ 90 കോടി മൊബൈല്‍ഫോണാണുള്ളത്. 60 കോടിയില്‍ കുറയില്ല ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം. ഈ 60 കോടിയില്‍ 30 കോടി ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ളവയാണ്. ഇന്ത്യയിലെ മൊത്തം പത്രങ്ങള്‍ എത്തുന്നത് 37 കോടി ആളുകളില്‍മാത്രമാണ്. മാധ്യമത്തിന്റെ ഈ സ്വഭാവമാറ്റം വിശാലമായ സ്വാതന്ത്ര്യത്തിലേക്ക് നയിക്കേണ്ടതാണ്. പക്ഷേ, ഇത് മാധ്യമകേന്ദ്രീകരണത്തിലേക്ക് നയിക്കുന്നു.

II

കാലം ആവശ്യപ്പെടുന്ന ബദല്‍

ബെന്‍ഗഡിക്യാന്‍ രചിച്ച മീഡിയ മോണോപ്പളി എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിറങ്ങിയിട്ടുണ്ട്. 1983 ലാണ് ആദ്യ പതിപ്പിറങ്ങുന്നത്. അതില്‍ പറയുന്നത് അമേരിക്കയിലെ മാധ്യമരംഗത്തെ നിയന്ത്രിക്കുന്നത്50 കോര്‍പറേറ്റുകള്‍ ആണെന്നാണ്. 2003 ലെ കണക്കാണ് ഒടുവിലത്തെ പതിപ്പില്‍ സൂചിപ്പിക്കുന്നത്. അതനുസരിച്ച് അമേരിക്കന്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് അഞ്ചുകുത്തകകളാണ്. 50 ല്‍ നിന്ന് ഉടമകളുടെ എണ്ണം 20 വര്‍ഷംകൊണ്ട് അഞ്ചിലേക്ക് മാറി. വല്ലാത്ത കേന്ദ്രീകരണമാണിത്. ഇന്ത്യയില്‍ 86000 പത്രങ്ങളും നൂറുകണക്കിന് ചാനലുകളും റേഡിയോസ്റ്റേഷനുകളുമെല്ലാം ഉണ്ടെങ്കിലും ഇതിന്റെയെല്ലാം ഉടമസ്ഥരുടെ എണ്ണം നൂറില്‍ താഴെയാണ്.

ജനാധിപത്യത്തില്‍ അപകടകരമായ ഒന്നായി മാറുന്നു മാധ്യമങ്ങളും. കേന്ദ്രീകരണത്തില്‍ മൂന്നുമാനങ്ങളുണ്ട്. തിരശ്ചീനം, ലംബം, വികര്‍ണം എന്നിങ്ങനെയാണ് മാധ്യമകുത്തകകളുടെ രൂപം. അച്ചടിമാധ്യമം അച്ചടിമാധ്യമവുമായി ചേരുന്നതാണ് തിരശ്ചീനം. ടെലിവിഷന്‍ രംഗത്തുള്ള സ്ഥാപനം വിതരണത്തിലേക്കോ നിര്‍മാണത്തിലേക്കോ കടക്കുമ്പോള്‍ അത് ലംബമാകും. അച്ചടി മാധ്യമവും ചാനലും ടെലികോമും ഇന്റര്‍നെറ്റ് വിതരണവുമെല്ലാം ഒരേ കമ്പനി നടത്തുമ്പോള്‍ അത് വികര്‍ണാവസ്ഥയിലുള്ള വളര്‍ച്ചയാണ്.

സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഇത് പരിശോധിക്കുന്നത് ടിവി 18 ല്‍ റിലയന്‍സ് ഓഹരി കൈയടക്കുമ്പോഴാണ്. നമുക്ക് ഉടനെ മനസിലാകുന്നു, ഇ നാട് ടിവി റിലയന്‍സിന്റേതാണ്, ഇ കോമേഴ്സ് റിലയന്‍സിന്റേതാണ്, ഇന്റര്‍നെറ്റ് മേഖല റിലയന്‍സിന്റെ കൈയിലാണ്, ടെലികോം മേഖലയില്‍ ഇന്റര്‍നെറ്റ് ഉണ്ട്. ഇത് ജനാധിപത്യത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് എന്ന് സെബി ട്രായിയോട് പറയുകയാണ്. വികസിത ജനാധിപത്യരാജ്യങ്ങളില്‍പ്പോലും ഇങ്ങനെ അനുവദിക്കുന്നില്ല. ഈ ക്രോസ് ഓണര്‍ഷിപ് എന്നുള്ളത് അഭിപ്രായ രൂപീകരണത്തിന്റെ എല്ലാ തലങ്ങളെയും വല്ലാതെ കേന്ദ്രീകരിക്കുന്നു എന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. വൈവിധ്യത്തിനുനേരെയുള്ള വെല്ലുവിളി എന്നാണ് ക്രോസ് ഓണര്‍ഷിപ്പിനെ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി വിശേഷിപ്പിക്കുന്നത്.

മാധ്യമരംഗത്തെ മറ്റൊരു ഗൗരവമേറിയ അപചയമാണ് പ്രൈവറ്റ് ട്രീറ്റികള്‍-സ്വകാര്യ ഉടമ്പടികള്‍. ഇന്ത്യയുടെ ഒന്നാമത്തെ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റില്‍ പ്രൈവറ്റ് ട്രീറ്റി എന്നൊരു വിഭാഗം കാണാം. പ്രൈവറ്റ് ട്രീറ്റി എന്നത് മാധ്യമവും സ്വകാര്യകമ്പനികളും തമ്മിലുള്ള സ്വകാര്യ ഉടമ്പടികളാണ്. ഇതിലൂടെ ബ്രാന്‍ഡ് പ്രൊമോഷനാണ് മാധ്യമം നിര്‍വഹിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് 220ല്‍ അധികം കമ്പനികളില്‍ ഓഹരിയുണ്ട്. അവയെക്കുറിച്ചൊന്നും നെഗറ്റീവ് വാര്‍ത്തകള്‍ ആ പത്രത്തില്‍ വരില്ല. പണമൊന്നും കൊടുക്കാതെ മാധ്യമത്തിന് സ്വകാര്യക്കമ്പനിയില്‍ ഓഹരി കിട്ടുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം സ്ഥാപനങ്ങളില്‍ ഓഹരിയുള്ള മാധ്യമം ടൈംസ് ഓഫ് ഇന്ത്യയാണ്. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി നേരത്തെ പെയ്ഡ് ന്യൂസ് എന്തെന്ന് പരിശോധിക്കുകയുണ്ടായി. ക്രോസ് മീഡിയ ഓണര്‍ഷിപ്, പ്രൈവറ്റ് ട്രീറ്റി, പെയ്ഡ് ന്യൂസ് ഈ മൂന്നിനെയും ആഴത്തില്‍ പരിശോധിക്കുന്നതാണ് റിപ്പോര്‍ട്ട്. ചില സ്ഥാപനങ്ങളെ പത്രം വല്ലാതെ പര്‍വതീകരിക്കുന്നു. അതോടെ അതിന്റെ ഓഹരി വില ഉയരുന്നു. ആളുകള്‍ അങ്ങോട്ട് ചാടുന്നു. ഇതിന്റെ ലാഭം മാധ്യമത്തിന് കിട്ടുന്നു. ഇങ്ങനെ ധാര്‍മികത ഇല്ലാത്ത, മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്ന ഒന്നാണ് സ്വകാര്യ ഉടമ്പടികള്‍. ജനാധിപത്യത്തില്‍ അപകടമുണ്ടാക്കുന്ന മറ്റൊന്നാണ് പെയ്ഡ് ന്യൂസ്. പ്രൈവറ്റ് ട്രീറ്റി വാണിജ്യവ്യവസായ മണ്ഡലത്തെ ബാധിക്കുന്നു, പെയ്ഡ് ന്യൂസ് രാഷ്ട്രീയ മണ്ഡലത്തെയും. ഹരിയാന, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകളിലാണ് പെയ്ഡ് ന്യൂസ് ഏറ്റവും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടത്. ഒരു സ്ഥാനാര്‍ഥി മത്സരിക്കുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ചാനല്‍ ഉള്‍പ്പെടെ താരിഫ് കാര്‍ഡ് കൊടുക്കുകയാണ്. നിങ്ങള്‍ നോമിനേഷന്‍ കൊടുക്കുന്ന വാര്‍ത്ത വരണമോ അതിന് ഇത്ര രൂപ തരണം. ഒപ്പം ചിത്രം കൊടുക്കണമോ തുക ഉയരും. റേഡിയോവിലും ചാനലിലും പത്രത്തിലും ഒന്നിച്ച് കൊടുക്കണമോ; ഇത്ര തുക, കുറച്ച് റിഡക്ഷനുണ്ട്. പെയ്ഡ് ന്യൂസ് സംബന്ധിച്ച പ്രസ് കൗണ്‍സിലിന്റെ പ്രസിദ്ധീകരിക്കാത്ത റിപ്പോര്‍ട്ടില്‍ ഏതൊക്കെ ചാനലുകളാണ് ഇങ്ങനെ താരിഫ് നല്‍കിയതെന്ന് പറയുന്നുണ്ട്. പണം നല്‍കാത്ത സ്ഥാനാര്‍ഥി മത്സരിക്കുന്നുണ്ട് എന്ന് വോട്ടര്‍മാര്‍ അറിയണമെന്നുതന്നെയില്ല. ഏറ്റവും ഒടുവില്‍ നിയമസഭഭതെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തില്‍ പരാതികളുടെ അടിസ്ഥാനത്തില്‍ പ്രസ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് പ്രത്യേകം പരിശോധിച്ചു. ഇരുനൂറിലധികം പെയ്ഡ്ന്യൂസ് സംഭവങ്ങളാണ് കൗണ്‍സിലിന്റെ സംസ്ഥാന വിഭാഗം കണ്ടെത്തിയത്. ജില്ലാതലത്തില്‍ വേറെയും. എങ്ങനെയാണ് ഈ പ്രശ്നത്തെ മറികടക്കേണ്ടത് എന്നത് സംബന്ധിച്ച് പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. പ്രസ് കൗണ്‍സിലിന്റെ അധികാരമമൊന്നുമില്ലാത്ത അവസ്ഥയെക്കുറിച്ച് പറയുന്നുണ്ട്. സെല്‍ഫ് റഗുലേറ്ററി മെക്കാനിസം എന്നാണ് ദൃശ്യമാധ്യമങ്ങളുടെ നിയന്ത്രണസംവിധാനത്തെ വിശേഷിപ്പിക്കുന്നത്. സ്റ്റാന്‍ഡിങ് കമ്മിറ്റി ഇതിനെ ഐ വാഷ് എന്നും. കണ്ണില്‍ പൊടിയിടല്‍!

മാധ്യമത്തിന്റെ ദൗത്യത്തില്‍ വരുന്ന മാറ്റമാണ് ശ്രദ്ധിക്കേണ്ടത്. ബ്രാന്‍ഡ് പ്രൊമോട്ട് ചെയ്യുന്നതിലാണ് മാധ്യമങ്ങള്‍ കേന്ദ്രീകരിക്കുന്നത്. ആവശ്യത്തിനൊത്ത് ചരക്ക് ഉല്‍പ്പാദിപ്പിക്കുക എന്ന മുന്‍കാലങ്ങളിലെ രീതി മാറി. ആവശ്യം ആദ്യം ഉല്‍പ്പാദിപ്പിക്കുക പിന്നെ അതിനൊത്ത് ചരക്ക് ഉല്‍പ്പാദിപ്പിക്കുക. വളരെ പ്രശസ്തമായ ബ്രാന്‍ഡ് അതിന്റെ മുഴുവന്‍ ജീവനക്കാര്‍ക്കും ഒരു വര്‍ഷം നല്‍കുന്ന പ്രതിഫലത്തേക്കാള്‍ കൂടുതലാണ് സ്ഥാപനം അതിന്റെ ബ്രാന്‍ഡ് അംബാസഡര്‍ക്ക് നല്‍കുന്ന പ്രതിഫലം എന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ നവോമി ക്ലീന്‍ വെളിപ്പെടുത്തുകയുണ്ടായി. ബ്രാന്‍ഡ് മെയ്ക്കിങ്ങില്‍ പ്രധാനപ്പെട്ട ദൗത്യം മാധ്യമങ്ങള്‍ വഹിക്കുന്നുണ്ട്. ജനങ്ങളുടെ അഭിപ്രായത്തെ മറച്ചുവയ്ക്കാനുള്ള പ്രയോഗങ്ങള്‍ മാധ്യമങ്ങള്‍ നിര്‍മിക്കുന്നു. തെറ്റായി ഉപയോഗിക്കുന്ന രണ്ട് പ്രയോഗങ്ങളാണ് ഗ്രോത്ത്, ഡവലപ്പ്മെന്റ് എന്നിവ. വളര്‍ച്ചയും വികസനവും. ഗ്രോത്ത്, ഡവലപ്മെന്റല്ല യഥാര്‍ഥത്തില്‍ എന്ന് അധികം പഠിപ്പിക്കുന്നില്ല. ഇ എം എസ് 1992 ലെ മത്തായി മാഞ്ഞൂരാന്‍ പ്രഭാഷണത്തില്‍ ഈ പ്രശ്നം ഉന്നയിക്കുന്നുണ്ട്. എന്താണ് യഥാര്‍ഥത്തില്‍ വികസനം? മാധ്യമങ്ങള്‍ എല്ലായ്പ്പോഴും ജിഡിപിയെക്കുറിച്ച് പറയും. നമ്മുടെയെല്ലാം പ്രസംഗത്തിലും ജിഡിപി കടന്നുവരും. ജോസഫ് സ്റ്റിഗ്സിറ്റ്സും അമര്‍ത്യാസെന്നും ജീന്‍ പോള്‍ ഫിറ്റോസ്സിയും ചേര്‍ന്നെഴുതിയ മിസ്മെഷറിങ് ഔര്‍ ലൈവ്സ് എന്ന പുസ്തകത്തില്‍ എന്തുകൊണ്ട് ജിഡിപി ഒരു സൂചകമല്ലെന്ന് സ്ഥാപിക്കുന്നു. നമ്മുടെ നാട്ടില്‍ മാധ്യമങ്ങള്‍ വളര്‍ച്ച, വികസനം ഒരേ അര്‍ഥത്തിലാണ് അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ 52 ശതമാനം സ്വത്തും കൈയടക്കിയിരിക്കുന്നത് സമ്പന്നരായ പത്ത് ശതമാനം പേരാണ്. ദരിദ്ര പത്ത് ശതമാനത്തിന്റെ കൈയിലുള്ളത് 0.2 ശതമാനമാണ്. ഇതാണ് അസമത്വത്തിന്റെ ഭീകരമായ ചിത്രം. ഇതിനെ വളര്‍ച്ച എന്ന് വേണമെങ്കില്‍ പറയാം, പക്ഷേ,വികസനം എന്ന് വിളിക്കാന്‍ പറ്റില്ല. മാധ്യമം എന്നതുതന്നെ ഒരു കോര്‍പറേറ്റ് എന്റിറ്റിയാണ്. അല്ലാത്ത മാധ്യമങ്ങള്‍ ഇല്ലെന്നല്ല. പക്ഷേ, അവ ചെറുതാണ്. ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നതിനേക്കാള്‍ അതൊരു കോര്‍പറേറ്റ് എന്റിറ്റിയാണ് എന്നതാണ് പ്രധാനം. ഇന്ത്യയിലെ ഭൂരിപക്ഷം മാധ്യമങ്ങളുടെയും സ്ഥിതി ഇതാണ്. അപ്പോള്‍ ഈ മാധ്യമങ്ങള്‍തന്നെയല്ലേ ശക്തമായി പല പ്രശ്നങ്ങളും ഉന്നയിക്കുന്നത് എന്ന ചോദ്യമുയരാം.

ഹസാരെ സമരം ഉയര്‍ത്തിക്കൊണ്ടുവന്നത് ടൈംസ് ഓഫ് ഇന്ത്യയുടെ ചാനലാണ്. ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളെ, സമ്മര്‍ദങ്ങളെ തുറന്നുവിട്ട് പൊട്ടിത്തെറി ഒഴിവാക്കാനുള്ള സേഫ്റ്റി വാല്‍വുകളായി ഇത്തരം പ്രക്ഷോഭങ്ങളെ മാധ്യമങ്ങള്‍ ഉപയോഗിച്ചു എന്നതും ചരിത്രം. മുഖ്യധാരയില്‍നിന്ന് മാറിനില്‍ക്കാന്‍ ആഗ്രഹിക്കുന്ന മാധ്യമങ്ങള്‍ ഉണ്ട്. നവമാധ്യമങ്ങളില്ലേ എന്ന ചോദ്യവുമുണ്ട്. വാള്‍സ്ട്രീറ്റ് ഓക്കുപ്പേഷന്റെ വിവരങ്ങള്‍ മുഴുവന്‍ എന്തുകൊണ്ട് തെരയല്‍ യന്ത്രത്തിലൂടെ കിട്ടുന്നില്ല എന്ന് ചോദിച്ചപ്പോള്‍ സാങ്കേതികപ്രശ്നമെന്നാണ് യാഹു വിശദീകരിച്ചത്. ന്യൂ മീഡിയ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്റെ ആധുനിക രൂപമാകുമെന്നും ജനാധിപത്യത്തിന്റെ യഥാര്‍ഥ രൂപമായി പരിവര്‍ത്തനപ്പെടുത്താമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും ആ പ്രതീക്ഷയും വ്യാമോഹമാകാം എന്നതിന്റെ അനുഭവസൂചനകള്‍ നമുക്ക് ലഭിക്കുന്നുണ്ട്. സാങ്കേതികവിദ്യയും ഇനിയും പുതിയ സാധ്യതകള്‍ തുറന്നിട്ടു എന്നുവരാം. പുതിയ സാധ്യതകള്‍ അന്വേഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ജനാധിപത്യത്തില്‍ വന്ന മാറ്റത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുന്ന ഉപകരണമായി മാധ്യമം മാറിയിരിക്കുന്നു.

ലൂയി അല്‍ത്തൂസര്‍ ഭരണകൂട ഉപകരണങ്ങളെ രണ്ടായി തരം തിരിക്കുകയുണ്ടായി. അടിച്ചമര്‍ത്തുന്ന ഭരണകൂട ഉപകരണങ്ങളും പ്രത്യയശാസ്ത്ര ഭരണകൂട ഉപകരണങ്ങളും. അല്‍ത്തൂസര്‍ മാധ്യമത്തെ പ്രത്യയശാസ്ത്ര ഭരണകൂട ഉപകരണങ്ങളുടെ പട്ടികയിലാണ് പെടുത്തിയത്. മാധ്യമം നമ്മള്‍ അറിയാതെ നമ്മുടെ സമ്മതി നിര്‍മിക്കുന്ന ഒരു ഉപകരണമാണ് എന്ന് അല്‍ത്തൂസര്‍ പറഞ്ഞെങ്കില്‍ ഇന്നത്തെ ജനാധിപത്യത്തിന്റെ സവിശേഷമായ ഘട്ടത്തില്‍ അതൊരു കോര്‍പറേറ്റ് എന്റിറ്റി ആയി മാറുന്നു, ഒരു പ്രത്യയശാസ്ത്ര ഉപകരണമായി മാറുന്നു. ഈ തിരിച്ചറിയലില്‍ നിന്ന് ഒരു ബദല്‍ മാധ്യമ സാധ്യത എന്താണ് എന്ന അന്വേഷണമാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്നത്. വിമര്‍ശങ്ങളുണ്ടാകാമെങ്കിലും ഇന്ത്യന്‍ പാര്‍ലമെന്ററി സമ്പ്രദായത്തിന് ഏറെ പുരോഗമനപരമായ വശങ്ങളുണ്ട്. ഇതിനെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ മാധ്യമങ്ങളും പ്രധാനപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ജനാധിപത്യത്തിന്റെയും മാധ്യമത്തിന്റെയും ശരിയായ വീണ്ടെടുക്കലും ഒരു സമരമാണ്.

*
പി രാജീവ് (കേരള പ്രസ് അക്കാദമിയില്‍ നടത്തിയ മത്തായി മാഞ്ഞൂരാന്‍ സ്മാരക പ്രഭാഷണത്തിന്റെ സംക്ഷിപ്തരൂപം)

ദേശാഭിമാനി

No comments: